തനിക്ക് ഡിവോഴ്സ് വേണമോ, പൊള്ളി അടർന്നത് പോലെ ഞാൻ ഒന്നു പിടഞ്ഞു..

രുദ്രദുർഗ
(രചന: Uthara Harishankar)

അവിടേക്കല്ല ദാ ആ വളവിനപ്പുറമൊരു കുന്നുണ്ട് അവിടേക്ക് പോകാം .
രുദ്രനെൻ്റെ കൈകൾ കവർന്നു,

മെല്ലെ……കുപ്പിവളകൾ ഉടയും ഒരു വല്ലായ്മയോടെ ഞാനെൻ്റെ കൈകൾ വലിച്ചെടുത്തു…., പക്ഷേ അതിനു മുന്നേ കൈയ്യിലെ രുദ്രാക്ഷത്തിൻ്റെ മണികളിലൊന്നിൽ രക്ഷ കെട്ടിയിരിക്കുന്ന ചുവന്ന ചരട് കുരുങ്ങി

ഞങ്ങളുടെ കൈകൾ വായുവിൽ അങ്ങനെ ഉയർന്നു പൊങ്ങി, പേരക്കനിറച്ച ചൂരൽ കൊട്ടുമായി വന്ന മൂക്കുത്തി ധരിച്ചയാ സ്ത്രീ അതു കണ്ട് നിരാശയോടെ ഞങ്ങളെ കടന്ന് പോയി

കൊയ്യാ പളം വേണമാ, ഫിഫ്റ്റി റുപ്പീസ് പോതുമേ.. അവരുടെ സ്വരമകന്നു പോയി….

ഭസ്മത്തിൻ്റെയും പനിനീരിൻ്റെയും ഗന്ധം തളം കെട്ടിക്കിടക്കുന്ന നീണ്ട വഴിയിൽ വീശുന്ന കാറ്റിന് കർപ്പൂരത്തിൻ്റെ വാസനയും ചൂടുമായിരുന്നു

പക്ഷേ രുദ്രൻ്റെ തഴമ്പ് വീണ കൈകളുടെ ആലസ്യത്തിൽ എൻ്റെ വിരലുകൾ ഊർന്ന് പോവുകയും എൻ്റെ കുപ്പിവളകൾ ഇടിവളയിലും

രുദ്രാക്ഷത്തിൻ്റെ മണികളിലും ഉരസുന്ന നേർത്ത ശബ്ദം ആസ്വദിച്ചിരുന്ന എനിക്ക് അവിടെ ആകെ ആര്യവേപ്പിൻ്റെ ഗന്ധമാണ് നിറഞ്ഞ് നിന്നിരുന്നത്…..

പാറക്കൂട്ടത്തിൻ്റെ നടുവിലെ അവസാനിക്കാത്ത പടിക്കെട്ടുകൾക്ക് മുന്നിൽ ഞാനാകേ അന്ധാളിച്ചു നിന്നു…

കിഴക്ക് നിന്ന് ഉദിച്ചു വരുന്ന സൂര്യരശ്മികളെ തടഞ്ഞ് ആ പാറമല ഉയർന്ന് നിന്നു. നിറഞ്ഞ പാത്രത്തിൽ തുളുമ്പി വീഴുന്ന വെള്ളത്തുള്ളികളെ എനിക്ക് ഓർമ്മ വന്നു…. ഒരു നിമിഷം പതറിയ ചിന്തകളെ തിരികെ വിളിച്ചു

മറ്റൊരു അവസരത്തിലായിരുന്നു എങ്കിൽ ഞാനെന്നേ ഒരക്ഷരം ഉരിയാടാൻ അനുവദിക്കാതേ ഒരു കഥയോ കവിതയോ കുറിക്കുന്ന തിരക്കിലേക്ക് കടത്തി വിടുമായിരുന്നു

ഈ യാത്രയും അത്തരത്തിലൊരു മോചനമാണ്

രുദ്രാക്ഷയെന്ന എഴുത്തുകാരിയിൽ നിന്നും രുദ്രൻ്റെ ദുർഗ്ഗയാകാനുള്ള യാത്ര..

ഇതാണടോ ഇഡുംബൻ മല, പാർത്ഥത് കൃഷ്ണനെന്ന പോലെ ദണ്ഡായുധപാണിക്ക് ഇഡുംബൻ, പഴനിമലയും, ഇഡുംബൻമലയും…

പിന്നെയും എന്തെക്കെയോ പറഞ്ഞു ഞാനപ്പോൾ രുദ്രൻ ഊരിയിട്ടിരിക്കുന്ന കെട്ടുവെള്ളം കണക്കുള്ള ചെരുപ്പുകൾക്കുള്ളിലേക്ക് എൻ്റെ ചെരുപ്പുകൾ വയ്ക്കുന്ന ബദ്ധപ്പാടിലായിരുന്നു

ഓരോ പടികളും കയറും തോറും എൻ്റെ ശ്വാസം നേർത്ത് കിതപ്പ് ഉയർന്ന് തുടങ്ങിയിരുന്നു,

ദുർഗ്ഗാ…

മ്മ്,

നീണ്ട പടിക്കെട്ടുകളിലേക്ക് നോക്കി ഞാൻ മെല്ലെയൊന്ന് മൂളി…, നമുക്കീ പടവിൽ അൽപ്പം നേരമിരിക്കാം എന്നിട്ട് മല കയറാം, മിഴികളുയർത്തി ഞാൻ ചോദിച്ചു

മറുപടി കാക്കാതെ അരഭിത്തിൽ ചാരി സാരിയിൽ അഴുക്ക് പുരളാതിരിക്കാൻ ഒരു കാല് പിണച്ചു മടക്കി വച്ച് ഞാനൊരു പടിയിൽ ഇരുന്നു

എനിക്കു തൊട്ടു മുകളിലെ പടവുകളിൽ ഇരു കൈ മുട്ടുകളും പടവിൽ കുത്തി, കാലുകൾ നീട്ടി ആകാശത്തേക്ക് മിഴികൾ ഊന്നി രുദ്രനും,

ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി,

ഞങ്ങളുടെ ശ്വാസനിശ്വാസങ്ങൾ മാത്രമേ അവിടുത്തെ കാറ്റിൽ കലർന്നിരുന്നൊള്ളൂ

ഒരു നൂറ് മീറ്ററിനപ്പുറം ഒഴുകുന്ന ജനസാഗരം ഒരു നിമിഷത്തിൽ നൂറ് കണക്കിനാളുകൾ പഴനിമല കയറുന്നു, ഒരു പക്ഷേ ഒരു വർഷത്തിലാകും അത്രയും കാൽപ്പാടുകൾ ഇഡും ബൻ മലയിൽ പതിക്കൂ…., രുദ്രൻ വിദൂരതയിലേക്ക് മിഴികൾ നട്ട് പറഞ്ഞു

പിന്നെ പടിയിൽ കിടക്കുന്നെൻ്റെ മുടി കുടഞ്ഞ് ഇടത്തേ തോളിലൂടെ മുന്നിലേക്കിട്ടു, മുടിയിലെ പിച്ചി പൂവ് ഒന്നൂടെ അനക്കി വച്ചപ്പോൾ നെറുകയിൽ നിന്നും ഒരു നുള്ള് കുങ്കുമം മൂക്കിൻ തുമ്പിലേക്ക് അടർന്ന് വീണു…

“നമുക്കിടയിൽ വിഷയ ദാരിദ്രം കടന്ന് വന്നിരിക്കുന്നു”

മുന്നിലെ പാറകുട്ടത്തിലെ വിള്ളലിൽ പൊടിച്ചു വരുന്ന രണ്ടിലകൾ പൊട്ടി വന്നയാ ചെടിയെ നോക്കി ഞാൻ പറഞ്ഞു

ഡോ….

ആം

തനിക്ക്… തനിക്ക് ഡിവോഴ്സ് വേണമോ?

പൊള്ളി അടർന്നത് പോലെ ഞാൻ ഒന്നു പിടഞ്ഞു

നോ… വരണ്ട ഹൃദയത്തിൽ നിന്നും രണ്ട് വാക്കുകൾ മാത്രമേ പുറത്തു വന്നൊള്ളൂ,

രണ്ട് നാഴികയെടുത്തു, മിഴിച്ച കണ്ണുകൾ കൂമ്പി, ശ്വാസം നേർത്ത്, ശരീരത്തിൻ്റെ വിറവൽ മാറാൻ… വിരലുകൾ തമ്മിൽ ഉരസാതെ എന്നാൽ ചേർന്ന് ചേർന്ന് ഞങ്ങളിരുവരുമാ പടിക്കെട്ടുകൾ കയറി…

സത്യത്തിൽ, കാലുകൾ രുദ്രനെ പിൻതുടരുകയും എൻ്റെ ഹൃദയം മറ്റെവിടേക്കോ യാത്ര പുറപ്പെടാനൊരുങ്ങുകയുമായിരുന്നു…..

അതൊരു കുഭമാസമായിരുന്നു, കൊയ്തൊഴിഞ്ഞ പാടവരമ്പിലൂടെ തേവര് പറയെടുപ്പും കഴിഞ്ഞ് മടങ്ങുന്നു,

ശിവരാത്രി മഹോൽത്സവമാണ്, അതിനിടയിൽ എന്നോ ഒരു ദിനം തീർത്ഥം വാങ്ങി തിരിഞ്ഞ് നടന്നപ്പോളാണ് എനിക്കു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു ഒന്നു കാണണം അത്യാവശ്യമാണ്,

അത്രയും പറഞ്ഞ് കക്ഷി നടന്നകന്നു, തോന്നല്ലോ സത്യമോ?

മുത്തശ്ശിയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി

പ്രദക്ഷിണ വഴിയിലെ തിടപ്പള്ളക്കപ്പുറമുള്ള ഒഴിഞ്ഞ കോണിൽ വച്ചാണ് രുദ്രൻ വിവാഹക്കാര്യം സൂചിപ്പിക്കുന്നത്,

കോളേജിലെ പ്രസംഗ ച്ചൂടിൽ തിളച്ചു നടന്ന എനിക്കാകട്ടെ അതത്ര രസിച്ചില്ല്യ, ഓ വിവാഹമൊക്കെ ബുദ്ധിമുട്ടാണ്, എങ്ങനെയാ അത്രയും നാളൊക്കെ ഒരാളെ സഹിക്ക? വിട്ട് വീഴ്ച്ചകൾ…….

പറഞ്ഞ് നാക്ക് വളയ്ക്കും മുന്നേ, മുഖത്ത് ശക്തമായ ഒരടി കിട്ടി

ഉത്സവപ്പറമ്പിലെ കുട്ടി കൂട്ടമാണ്, ഒരു നേര്യതുടുത്ത ഉണ്ണി വന്ന് പാവാടത്തുമ്പിൽ തട്ടി കിടക്കുന്ന പന്തെടുത്തു ചിരിച്ചോണ്ട് ഓടി…, അവന്റെ നിഷ്കളങ്കമായ ചിരിയിൽ വേദന മറന്നു

പക്ഷെ അടുത്ത ഞൊടിയിയിൽ തന്നെ മുതികിനൊരു അടി കിട്ടി…കയ്യിലെ കളിപ്പാട്ടം ഒരു കുട്ടി വലിച്ചെറിഞ്ഞതാണ്, തന്നെ അല്ല നിർത്താത്ത കരച്ചിലും,

അതിനു മുന്നേ നടന്ന ന്തോ ഒന്നു കക്ഷിക്ക്‌ ഇഷ്ട്ടപ്പെട്ടു കാണില്ല അതാകും, കീറി പൊളിച്ചുള്ള അലർച്ചയാണ്

ആ രണ്ടാൾക്കും ഒന്നു പൊട്ടിച്ചാലോ ദുർഗ…രുദ്രനൊട്ടു ഗൗരവത്തോടെ മീശ പിരിച്ച് താടി തടവി എന്നോട് ചോദിച്ചു, കുസൃതിച്ചിരി ഒളിപ്പിച്ചൊരു ഗൗരവം.

വേദന കൊണ്ടു കണ്ണ് നീറി കണ്ണീരു ഉരുണ്ടു കൂടി, ഒരക്ഷരം മിണ്ടാൻ പറ്റുമോ കുഞ്ഞല്ലേ? ചിലമ്പി ച്ചു കൊണ്ടു ഞാൻ പറഞ്ഞു…… അങ്ങനെ ആറാട്ടിനു മുന്നേ കല്യാണം ഉറപ്പിച്ചു, മേടമാസത്തിലേക്കാണ്…

പ്രണയിച്ച ആളെ തന്നെ താലിയുടെ അവകാശിയാവുക, ഏറ്റവും ഭാഗ്യം തന്നെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു

സമയമായപ്പോൾ ഒത്ത ബന്ധം താനേ വരുന്നേ ഏതോ അമ്മായിയാണ്

മൂന്ന് മാസത്തെ കാലയളവിൽ ഒരു കുടുംബിനിയായി….. ഏറ്റവും മുഷിപ്പ് തോന്നിയ പരുപാടി വിരുന്ന് പാർക്കലായിരുന്നു

കരനാഥൻ ആനപ്പുറത്ത് പറയെടുത്ത് നടക്കുമ്പോലെ ഓരോ വീടുകളിൽ കയറി ശാപ്പാട് അടിക്ക,

ഓ വല്ലാത്ത അവസ്ഥയായിരുന്നു,

നിരത്തി വച്ചിരിക്കുന്ന കൂട്ടാൻ്റെ എണ്ണം ഒരു വല്ലാത്ത ബാധ്യത തന്നെയായിരുന്നു

അന്നെൻ്റെ ഏറ്റവും വല്യ ആഗ്രഹം സ്വല്പം പച്ച ചോറ് കഴിക്കുകയെന്നതായിരുന്നു…. ജോലിയുടെ ഭാഗമായി നഗരത്തിലേക്ക് താമസം മാറി

ഏറെ അലഞ്ഞിട്ടും ഒരു ചെറ്യ വീട് തരപ്പെട്ടില്ല, കോൺക്രീറ്റ് മലകൾക്കിടയിൽ തിരിച്ചിട്ടൊരു സ്ഥാനത്ത് ഇരുനില കെട്ടിടം, കാറിന് വന്നിറങ്ങുമ്പോൾ രുദ്രൻ പറഞ്ഞു ഇതാണി നി “നമ്മുടെ വീട്”

രണ്ട് ദിവസം കൊണ്ട് ആ വീടെന്നെ മടുപ്പിച്ചു, ഭിത്തിയിൽ ഒരാണി സ്ഥാനം തെറ്റി അടിക്കാൻ കഴിയാത്ത.. കിഴക്കോട്ടോ വടക്കോട്ടോ സ്ഥാനം മാറ്റാൻ കഴിയാത്ത ആ തേക്കിൻ്റെ മേശയും

ജനൽ പാളി തുറന്നാൽ കാണുന്ന അടഞ്ഞ ജനലുകൾ……. ഉറഞ്ഞ കാഴ്ച്ചകൾ മാത്രം

ഒരു കാറ്റടിച്ച് ജനലുകൾ കൊട്ടി അടയപ്പെടുകയോ, കാറ്റിൽ നാല് വളവുകൾക്കപ്പുറമുള്ള ഇത്തിമരത്തിൻ്റെ ഇലകൾ മുറ്റത്ത് വന്ന് കരീല മെത്ത തീർക്കണമെന്ന നിലയിലേക്ക് മോഹങ്ങൾ ചുരുങ്ങിപ്പോയിരുന്നു

പുതുമോടി പൊലിഞ്ഞ് തുടങ്ങിയതോടെ ഞങ്ങളിലെ പ്രണയവും ക്ലാവ് പിടിച്ചു….

തിളക്കം മങ്ങി നേർത്ത നീലച്ച പച്ചപ്പ് ഹൃദയത്തിൽ ചായം പൂശിത്തുടങ്ങി

അന്നൊരു ബുധനാഴ്ച്ചയായിരുന്നു,

തുറന്നിട്ട ജനാലിലൂടെ മതിലിന് മുകളിൽ ഇരയെ പിടിക്കുന്നൊരു ചേരയെ നോക്കി നിന്ന ഉച്ച നേരത്താണ് രുദ്രൻ ഒരു വെള്ള ക്യാൻവാസിൽ പകർത്തിയ ചായാചിത്രം കണ്ണിൽപ്പെട്ടത്

പുരികകൊടിക്ക് താഴെ അഗാധമായൊരു ഗർത്തം, ചിത്രത്തിന് ജീവൻ കൊടുത്തിട്ടില്ല

ആദ്യം അതു കണ്ട് ഞാനൊന്ന് രസിച്ചു, ഒരേ കാഴ്ച്ചകളിലും നല്ലത് ഇരുട്ടാണ്,

ഞൊടിയിൽ ഒരു ഹൃദയഭാരം അനുഭവപ്പെട്ടു ചെറു ബ്രഷ് എടുത്ത് കുന്നു കുനെ കൃഷ്ണമണി വരച്ചു,

ഏയ് വികാസം പോരാ,

രുദ്രൻ എപ്പോഴും പറയാറുണ്ട്

“നേത്രം സർവ്വതാൽ പ്രധാനം”,

പക്ഷേ അവസാനം മിനുക്കു പണികളിൽപ്പെട്ട് ഞാനാ ചിത്രത്തിൻ്റെ ജീവനെടുത്തു…… മൂന്ന് ദിവസത്തെ പ്രയത്നം വെറും മൂന്ന് നാഴിക കൊണ്ട് ചായം മറഞ്ഞ് വീണൊരു ക്യാൻവാസായി രൂപ മാറ്റം സംഭവിച്ച് കഴിഞ്ഞിരുന്നു…..

അന്നു മുതൽ അരുതുകളുടെ കൂട്ടത്തിലേക്ക് ആ മുറിയുടെ വാതിൽപ്പഴുതും കൂട്ടിച്ചേർക്കപ്പെട്ടു

അതായിരുന്നു തുടക്കം,

പിന്നീട് പിന്നീട് സ്വയം വിലക്ക്കൾ ഏറി…,

ജിലേബിക്ക് മഞ്ഞ നിറത്തിനായി ക്യാരറ്റ് ജ്യൂസിന് പകരം മഞ്ഞൾപ്പൊടി വാരിയിട്ട അന്ന്

കണ്ട കിണ്ട എണ്ണകൾ തേച്ച് മുടി കളയരുതെന്ന് എന്നെ ശാസിച്ചയാൾ കഴുത്തൊപ്പം എത്തിയ താടിക്ക് കട്ടി വയ്ക്കാൻ ബ്രീഡ് ഓയിൽ വാങ്ങിച്ചയന്ന്

ചീപ്പിൽ കെട്ടി നിന്ന മുടിയിഴയും കണ്ണാടിയിലെ ഷേവിംഗ് ക്രീമിൻ്റെ പാടും തമ്മിൽ കൂട്ടിമുട്ടിയ അന്ന്……..

അത്രമേൽ പ്രിയപ്പെട്ടതിൽ നിന്നും അപരിചിതരിലേക്കുള്ള യാത്ര കുറിക്കുകയായിരുന്നു. വിശേഷങ്ങൾ പങ്കു വയ്ക്കുക എന്നതിൽ നിന്നും വാക്കുകളുടെ ഔദാര്യം എന്ന് ഉപമിക്കാനാവുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങൾ

അരമണിക്കൂർ മറ്റോ വീട്ടിലേക്ക് നീളുന്ന ഫോൺ കോളിലേക്ക് എൻ്റെ ഊർജ്ജസ്വലത ചുരുങ്ങിപ്പോയിരുന്നു

ഉള്ളിൽ തിങ്ങി വിങ്ങുന്ന വാക്കുകളെ ഉടച്ച് വാർക്കുമ്പോൾ മനോഹരമായ ഒരു നാല് വരി കുറിക്കപ്പെടുകയും എൻ്റെ ഹൃദയം തണുക്കയും ചെയ്തിരുന്നു

ചിലപ്പോഴെല്ലാം അതൊരു കഥയോട് ഉപമിക്കാവുന്ന, അക്ഷരങ്ങളുടെ ഒഴുക്കുമായിരുന്നു…….

മറ്റൊരു വശത്ത് എഴുത്തെനിക്കൊരു മറയായിരുന്നു, ചിത്രരചനയിൽ മുഴങ്ങുമ്പോൾ ഒരക്ഷരം ഉരിയാടാതെ, മുദ്രകളിലൂടെ സംവദിക്കുന്ന രുദ്രനോട് ചെറ്യ പരിഭവത്തിൽ കലർന്ന പ്രതികാരം ചെയ്യാനുള്ള മറ…

ഇനിയുമാ മൂടുപടം അഴിച്ചില്ലെങ്കിൽ

“ഓർമ്മയുണ്ടോ?”

“സുഖമല്ലേ?”

എന്ന രണ്ടു ചോദ്യങ്ങളാൽ

ഇടവഴിയിലെവിടെയോ

എന്നെങ്കിലും,

തമ്മിൽ കുരുങ്ങാതെ തെന്നി മാറിപ്പോകുന്ന വേളകളിൽ ഒരു വരണ്ട ചിരിയിലേക്ക് ഒതുങ്ങുന്ന
ഒരുവരിലേക്ക് ചുരുങ്ങി പോയേക്കും

അവസാനത്തെ പടി ചവിട്ടുമ്പോഴും ഒരു തീരുമാനത്തിലെത്താതെ മനസ്സ് ചോദ്യശരങ്ങളാൽ നിറഞ്ഞിരുന്നു

കണ്ണടച്ചു തൊഴുമ്പോഴും ക്രൂരമായ ആനന്ദം കണ്ടെത്താനാണ് മനസ്സ് മന്ത്രിച്ചത്

ചന്ദനം തൊട്ടു തരാൻ വരുമ്പോൾ ഒഴിഞ്ഞു മാറുക

എന്നാൽ ഞൊടിയിടയിൽ തന്നെ ആ ചിന്തയെന്നെ വരിഞ്ഞു മുറുക്കി പശ്ചാതാപത്തിൻ്റെ പഴുകുഴിയിൽ തള്ളിയിട്ടു

നേട്ടത്തിനും നഷ്ട്ടത്തിനും ഇടയിലെയാ നോവിൽ കുരുങ്ങി ഉള്ള് വെറുതെ ഉരുകിയൊലിച്ചു…..

ചിന്തകളിൽ, ചേർത്തു നിർത്താൻ വെമ്പുന്ന രുദ്രൻ്റെ കൈകളെ തട്ടി മാറ്റി പുച്ഛത്തോടെ വെട്ടിത്തിരിഞ്ഞ് നടക്കാൻ പ്രേരിപ്പിക്കുമ്പോൾ

ഹൃദയം, ആ വിരൽത്തുമ്പിൽ കൊരുത്ത് മഞ്ഞ് തുള്ളി പുണരുന്ന തൃത്താവിനെയും, വരിക്കപ്ലാവിലെ വിഷു പക്ഷിയേയും, തൃക്കതേവരുടെ താമരക്കുളവും വലം വയ്ക്കാൻ മോഹിച്ചു…….

ശൂന്യമായ ഒരു മനസ്സാരെങ്കിലും കടം നൽകിയിരുന്നെങ്കിൽ എന്നു ഞാൻ അതിയായി ആഗ്രഹിച്ചു

കൺ മുന്നിലെ ചെങ്കുത്തായ പാറക്കൂട്ടത്തിൽ തട്ടി സൂര്യ രശ്മി കണ്ണുകളെ മഞ്ഞളിപ്പിച്ചു, അകലെ തീപ്പെട്ടി കൂട്ടുകൾ നിരത്തി വച്ചതു പോലെ കെട്ടിടങ്ങൾ നിരനിരയായി അപ്രത്യക്ഷമായത് പോലെ

ഞാനും അത്തരത്തിൽ മിന്നി മറഞ്ഞിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു…….

തൊട്ടപ്പുറം മാറി മഞ്ഞ പൂക്കൾ വിരിയിച്ച് ഇതളുകൾ പൊഴിച്ച് കാറ്റിലാടി നിൽക്കുന്ന മരച്ചുവട്ടിലെ പടവിൽ ഇരിക്കുന്നുണ്ടായിരുന്നു

രുദ്രൻ എനിക്ക് വേർപിരിയാനാവാത്ത ഒരാളാണ്

പനിച്ചൂടിലെ ഒരിറുക്ക് ചൂട് കഞ്ഞി പോലെ

അല്ലെങ്കിൽ

നെയ്യ്പ്പായസത്തിലെ നാളികേര കൊത്ത് പോലെ

ഒന്നിറുകെ പുണർന്നാലോ ഒരു പുഞ്ചിരിയാലോ ഒരു ചെറു വാക്കിനാലോ തീർക്കേണ്ട പരിഭവത്തെ ഊതിപ്പെരുപ്പിച്ച് വട്ട് ചിന്തകളാക്കി കൊണ്ടു നടന്ന എന്നോട് തന്നെ ഇപ്പോഴെനിക്ക് പുച്ഛം തോന്നി

രുദ്രനപ്പോളും ആ പടവിൽ ഇരുന്ന് കൊഴിഞ്ഞ് വീണ ഇതളുകൾ കൈക്കുമ്പിൽ ഇട്ട് അമ്മാനമാടുകയായിരുന്നു

അല്ല ഏട്ടൻ്റെ ഉദ്ദേശമെന്താണ്, ഒരു മനുഷ്യജീവി പോലും ഇല്ലാത്തിടത്തോട്ട് വിളിച്ചിട്ടാണോ ഇക്കാര്യമൊക്കെ പറയുന്നത്

നമുക്കേ ഒന്നു കറങ്ങാം, അങ്ങനെ പ്പോയീ പ്പോയീ ഒരു ദുനിയാവില് ചെല്ലുമ്പോൾ വല്ല ചൊങ്കൻ ചെക്കനെ കിട്ടിയാൽ അപ്പോൾ തന്നെ ഡിവോഴ്സ് തരാം

അതുവരെ ഇങ്ങനെ പോകട്ടെ, കൈയ്യിലെ പൂവിതളുകൾ ഇതളുകൾ പടവിൽ അടക്കി വച്ചു..

Leave a Reply

Your email address will not be published. Required fields are marked *