ഇന്ന് മുതൽ ഞാൻ നിന്റെ  ടീച്ചറമ്മയല്ല അമ്മയാണ് അങ്ങനെ വിളിച്ചാൽ മതി, പിന്നേ നിനക്കൊരു..

ടീച്ചറമ്മ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

ഡെയ്സി ടീച്ചർ സ്റ്റാഫ്‌ റൂമിൽ കിടന്ന ന്യൂസ്‌ പേപ്പർ എടുത്തു മറിച്ചു നോക്കി…. അതിൽ തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ  ഫോട്ടോയും കൂടെ ഇങ്ങനെ ഒരു വാർത്തയും…..

സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു… മലയാളിയായ ശ്രീജിത്തിന് അഞ്ചാം റാങ്ക്.. ടീച്ചർ കണ്ണു നീർ തുടച്ചു… ഇത് സംതൃപ്തിയുടെ കണ്ണുനീരാണ്. കാരണം അവനിന്നു എന്റെ ശിഷ്യൻ മാത്രമല്ല എന്റെ മകൻ കൂടിയാണ് എന്റെ കുട്ടികളുടെ ഏട്ടൻ കൂടിയാണ്.

ഒരു അദ്ധ്യാപിക എന്നതിലുപരി ഒരു അമ്മ
എന്ന നിലയിയിലും  തന്റെ കടമ നിറവേറ്റാൻ കഴിഞ്ഞുവല്ലോ എന്നതിൽ അഭിമാനവും തോന്നിയ നിമിഷങ്ങൾ..

കണ്ണു നീർ തുടച്ചുകൊണ്ട് ടീച്ചർ ഒരു നിമിഷം തന്റെ
ഓർമ്മകളിലേക്ക് കടന്നു പോയി..

പത്തു വർഷങ്ങൾക്ക് മുമ്പ് ഡെയ്സി ടീച്ചർ ആ സ്കൂളിൽ ജോലിയിൽ പ്രവേശിച്ച  സമയം.. ടീച്ചറിന് പത്താം ക്ലാസ്സിന്റെ ചുമതലയായിരുന്നു…..

അത്ര എളുപ്പമായിരുന്നില്ല ആ സ്കൂളിലെ മുതിർന്നവരും അത്യാവശ്യം കുരുത്തക്കേടുകളുമുള്ള ആ കുട്ടികളേ മെരുക്കിയെടുക്കൽ.. കുട്ടികളുടെ പഠനകാര്യത്തിൽ കർക്കശയായിരുന്നു ടീച്ചർ എന്നാൽ കുട്ടികളേ തല്ലുന്ന സ്വഭാവക്കാരിയായിരുന്നില്ല..

തെറ്റുകൾ കണ്ടാൽ  സ്നേഹത്തോടെ ഉപദേശിയ്ക്കും, ശാസിയ്ക്കും.. കൂടി പോയാൽ ചെവിയ്ക്ക് ഒന്ന് പിടിച്ചു തിരുമ്മും അത്ര തന്നേ.. കുട്ടികളുമായി പെട്ടെന്ന് അടുക്കുന്ന
സ്വഭാവം അവർക്ക് ഒരമ്മയുടെ
സ്നേഹം പകർന്നു നൽകുന്ന ടീച്ചർ

ടീച്ചറിന്റെ ഈ സ്വഭാവം കൊണ്ടാവാം
കുട്ടികൾ പെട്ടെന്ന് ടീച്ചറിനോട് അടുക്കുകയും നല്ല അനുസരണ ശീലമുള്ളവരായി മാറുകയും ചെയ്തു… അധികം താമസിയ്ക്കാതെ കുട്ടികൾക്കിടയിൽ ടീച്ചർക്ക് ഒരു പേര് വീണു…

കുട്ടികൾ അവരുടേ ഡെയ്സി ടീച്ചറേ സ്നേഹത്തോടെ വിളിച്ചു ടീച്ചറമ്മേയെന്ന്… ടീച്ചർക്കും ആ വിളി ഏറെ സന്തോഷം നൽകിയിരുന്നു….

അതിനിടയിലാണ് ഒരു കുട്ടി ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പേര്   ശ്രീജിത്ത്‌.. കൂട്ടുകാരും അധ്യാപകരും അവനേ ശ്രീയെന്ന് വിളിച്ചിരുന്നു….. പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിലും പലപ്പോഴും ക്ലാസ്സിൽ അവൻ എത്താറില്ലായിരുന്നു.. വരുന്ന ദിവസങ്ങളിലോ ഏറെ വൈകിയിരുന്നു….

അധികം സംസാരിയ്ക്കാത്ത പ്രകൃതം.. അതായിരുന്നു ശ്രീജിത്ത്‌.. ഒരു ദിവസം പതിവുപോലെ അവൻ ക്ലാസ്സിലെത്തിയപ്പോൾ…

ശ്രീജിത്ത്‌ താൻ ഇവിടേ വരൂ… അവൻ മടിച്ചു മടിച്ചു എന്റെ അടുത്തു വന്നു… ശ്രീജിത്ത്‌ മറ്റുള്ള എല്ലാ കുട്ടികളും ക്ലാസ്സിൽ വന്നിട്ടും താൻ മാത്രമെന്താണ് വരാൻ വൈകിയത്…

അവൻ മറുപടി നൽകിയില്ല…

നോക്കൂ ശ്രീജിത്ത്‌ ഞാൻ ഈ ക്ലാസ്സ്‌ ടീച്ചറാണ് എന്റെ കുട്ടികളെല്ലാം മികച്ച മാർക്ക്‌ നേടി വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിയ്ക്കുന്നത് അതിനായിട്ടാണ് കഷ്ടപ്പെടുന്നതും….

അതിനിടയിൽ താൻ ഇങ്ങനെ ഉഴപ്പിയും തോന്നുമ്പോൾ ക്ലാസ്സിൽ വരുന്നതും
ഇടയ്ക്ക് വരാതിരിയ്ക്കുന്നതും ഒട്ടും ശരിയല്ല……

നോക്കൂ ശ്രീജിത്ത്‌ ഇത്തവണ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയാണ് നിങ്ങൾ ഓരോരുത്തരും നേരിടാൻ പോകുന്നത്…

ഇതിൽ മികവ് തെളിയിച്ചാൽ മാത്രമേ നിങ്ങൾക്ക് മറ്റുള്ള പരീക്ഷകളിൽ മുന്നേറാൻ പറ്റൂ.. പൊതു  പരീക്ഷയ്ക്ക് ഇനി നാലുമാസം മാത്രമേ ബാക്കിയുള്ളൂ ഇനിയെങ്കിലും നീ മുടങ്ങാതെ ക്ലാസ്സിൽ വരണം… നിനക്ക് മനസ്സിലായോ..

അവൻ തലകുലുക്കുക മാത്രം ചെയ്തു… അന്ന് ഉച്ചക്ക് ശേഷവും പതിവുപോലെ അവനേ ക്ലാസ്സിൽ കണ്ടില്ല… എനിയ്ക്കെന്തോ വിഷമം തോന്നി ഇനി ഞാൻ രാവിലെ അങ്ങനെയെല്ലാം പറഞ്ഞത് അവന് വിഷമമായിട്ടുണ്ടാകുമോ.. പലതരം ചിന്തകൾ മനസ്സിൽ നിറഞ്ഞു….

വൈകുന്നേരം സ്കൂളിൽ നിന്നും
വീട്ടിലേയ്ക്ക് പുറപ്പെടുമ്പോളും മനസ്സിൽ മുഴുവനും അവനായിരുന്നു……

എന്താകാം ആ കുട്ടിയിങ്ങനെ..?

ഒപ്പം രാധ ടീച്ചറുമുണ്ടായിരുന്നു…

ഞങ്ങൾക്ക് കായൽ കര വഴി വേണം വീട്ടിലേയ്ക്ക് പോകുവാൻ… വൈകുന്നേരം അവിടേ തിരക്കാണ്. മത്സ്യം പിടിക്കാൻ വരുന്ന തൊഴിലാളികളാണ്  ഏറെയും…..

എന്താ  ഡെയ്സി ടീച്ചറേ മുഖത്തൊരു വിഷമം?

ഒന്നുമില്ല ടീച്ചറേ..

പെട്ടെന്നാണ് ഞാൻ ആ കാഴ്ച കാണുന്നത്.. വഞ്ചിയിൽ നിന്നും എടുത്തു വെച്ച മീൻകുട്ട തലയിലേറ്റി കരയിൽ കിടക്കുന്ന ചെറിയ വണ്ടിയിലേക്ക് അടുപ്പിക്കുന്ന ശ്രീജിത്ത്‌….

രാധ ടീച്ചറേ അത് നമ്മുടെ ശ്രീജിത്ത്‌ അല്ലേ..?

അതേ ടീച്ചറേ ശ്രീജിത്ത്‌ തന്നേ..

അവൻ എന്നും ഇവിടേ വരും ചുമടെടുക്കും… മറ്റു ജോലികളും ചെയ്യും അങ്ങിനെയാണ് അവനും അമ്മുമ്മയും ജീവിയ്ക്കുന്നത്… ഇതിനിടയിലാണ് അവന്റെ പഠനം..

ടീച്ചർ എന്തൊക്കെയാണ് പറയുന്നത് ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല അതറിയാതെ ഞാൻ ഇന്നവനെ ഒരുപാട് ശകാരിച്ചു…

അപ്പോൾ അതാണ് ഡെയ്സി ടീച്ചറിന്റെ ഈ വിഷമത്തിനു കാരണം…

അതേ ടീച്ചർ ഇപ്പോൾ അവന്റെ കഥകൂടി അറിഞ്ഞപ്പോൾ ശരിക്കും വിഷമമായി.. പാവം കുട്ടി.. അതേ ടീച്ചർ അവന്റെ ജീവിതം
വളരേ ദയനീയമാണ്…

എനിക്ക് അവനേ കുഞ്ഞ് നാൾ മുതൽ അറിയാം ഞാൻ ഈ സ്കൂളിൽ ജോലിക്ക് വന്നിട്ട് പന്ത്രണ്ടു വർഷം കഴിഞ്ഞു.. അന്ന് മുതൽ കാണുന്നതാണ് ശ്രീയെ…

അമ്മയുടെ കൈയ്യും പിടിച്ചു സ്കൂളിന്റെ പടിവാതിൽ ആദ്യമായി കടന്നു വരുന്ന അവന്റെ മുഖം ഇന്നും മനസ്സിലുണ്ട്.. നന്നായി പഠിക്കുന്ന, കൂട്ടുകാരുമായി കളിയും ചിരിയുമായി ഓടി നടന്നിരുന്ന  മിടുക്കൻ പയ്യനായിരുന്നു അവൻ…

പിന്നേ എന്താണ്‌ അവന് പറ്റിയത്..?

അച്ഛനും, അമ്മയും, അമ്മുമ്മയുമടങ്ങിയതായിരുന്നു
അവന്റെ കുടുംബം…. അച്ഛൻ ഒരു മ ദ്യ പാനിയായിരുന്നു.. അമ്മയായിരുന്നു അവനെല്ലാം.. ഒരു ദിവസം അവൻ എന്റെ അടുത്ത് വന്നു പറഞ്ഞു….

ടീച്ചറേ എനിക്ക് ഉടനേ ഒരു അനിയത്തിക്കുട്ടി വരുമെന്ന്.. അന്നവന്റെ മുഖത്ത് സന്തോഷത്തിനു അതിരില്ലായിരുന്നു… പക്ഷെ ദൈവം വേറെയൊന്നാണ് വിധിച്ചത്. പ്രസവത്തോടെ അമ്മയും കുഞ്ഞും മരിച്ചു പോയി.. അതോടെ അവനാകെ തകർന്നു പോയി…

അതും കൂടാതെ അവന്റെ അച്ഛൻ അവനേ ഉപേക്ഷിച്ചു ദൂരെയെങ്ങോ പോയി…. പിന്നേ അവനെല്ലാം അവന്റെ അമ്മൂമ്മയായിരുന്നു…. അവർ വീട്ട് ജോലികളും മറ്റും ചെയ്തു അവനേ പഠിപ്പിച്ചു..

കഴിഞ്ഞ വർഷം അവർ കിടപ്പിലായി അന്ന് തുടങ്ങിയതാണ്  അവന്റെ കഷ്ടപ്പാട്…. ഒരു ദിവസം ഞാൻ അവനേ ഈ ജോലിയിൽ നിന്നും
പിന്തിരിപ്പിക്കാൻ നോക്കിയതാണ്.. അപ്പോൾ അവൻ പറഞ്ഞ വാക്കുകൾ എന്നേ വല്ലാതെ അമ്പരിപ്പിച്ചു….

ടീച്ചറെ എനിക്ക് നന്നായി പഠിക്കണം ജോലി നേടണം.. പിന്നേ ഇത്രയും നാൾ എന്നേ പഠിപ്പിച്ചത് എന്റെ അമ്മൂമ്മയാണ്. അതുകൊണ്ട് അമ്മൂമ്മയ്ക്ക് മരുന്ന് വാങ്ങി കൊടുക്കണം നന്നായി നോക്കണം  അത് കൊണ്ട് എനിക്ക് ഈ ജോലി ചെയ്തേ പറ്റൂ… അത്രയും ഉറച്ചതായിരുന്നു അവന്റെ തീരുമാനം….

ടീച്ചർ പറഞ്ഞതൊക്കെ ശരിയാണ് അവന്റെ കഥകൾ കേട്ടപ്പോൾ എനിക്കും അവനോട് ഇഷ്ടം കൂടിയതേയുള്ളൂ.. എന്നാലും നമ്മൾ അധ്യാപകർക്ക് ഒരു ഉത്തരവാദിത്വമില്ലേ ടീച്ചർ നന്നായി പഠിക്കുന്ന ഒരു കുട്ടി അവനേ ഉയരങ്ങളിൽ എത്തിയ്ക്കുക എന്നത് നമ്മുടെ കടമയല്ലേ..

ഡെയ്സി ടീച്ചർ പറഞ്ഞത് ശരിയാണ്…. വളരേ കുറച്ചു നാളത്തെ അടുപ്പമേ എനിക്കവനോടുളളൂ ടീച്ചർ എന്നാലും നമ്മുടെ സ്കൂളിന്റെ റാങ്ക് പ്രതീക്ഷയാണ് ശ്രീജിത്ത്‌ ഈ രീതിയിൽ പോയാൽ അവന് മുന്നേറാൻ പറ്റില്ല…..

അതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും ടീച്ചർ……?

അവന്റെ അമ്മുമ്മയ്ക്ക് നല്ലൊരു ചികിത്സ കൊടുക്കാൻ പറ്റിയാൽ അവന്റെ
പ്രശ്നങ്ങൾ പകുതി തീരില്ലേ ടീച്ചർ.. നാളെ നമുക്ക് പി ടി എ മീറ്റിംഗ് ഉണ്ടല്ലോ അവിടെ ഇത് ചർച്ച ചെയ്യാം…. എന്തെങ്കിലും സഹായം എല്ലാവരും കൂടി വിചാരിച്ചാൽ അവന് ചെയ്യാൻ പറ്റുമല്ലോ..

തീർച്ചയായും ഞാൻ ഇത്  ഡെയ്സി ടീച്ചറോട് പറയണമെന്ന് കരുതിയതാണ് പക്ഷെ
നാളെ ടീച്ചർ തന്നേ ഇത് അവതരിപ്പിക്കണം..

ഞാൻ പറഞ്ഞോളാം…

“സമയം ഒരുപാട് ആയി ടീച്ചറേ നമുക്ക് പോകാം നമ്മളെ ഒരുമിച്ചു ഇവിടേ കണ്ടാൽ അവന് വിഷമമാകും..

പിറ്റേ ദിവസം സ്റ്റാഫ്‌ റൂമിൽ ഇരിയ്ക്കുമ്പോളാണ് ക്ലാസ്സിലെ ഗൗരി ഓടിക്കിതച്ചു വന്നത്..

എന്താ കുട്ടി എന്ത് പറ്റി..?

അത് ടീച്ചറേ ശ്രീജിത്തിന്റെ അമ്മൂമ്മ
മരിച്ചു പോയി…. ഞാൻ സ്കൂളിലേയ്ക്ക് വരുന്നത്
അവന്റെ വീടിനു മുമ്പിലൂടെയാണ്…. ആ വാർത്ത കേട്ടതും ഞാൻ എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു പോയി.. പാവം കുട്ടി ആകെയുള്ള ആശ്രയവും അവന് നഷ്ടമായിരിയ്ക്കുന്നു..

കുട്ടികളും അധ്യാപകരുമായി അവന്റെ വീട്ടിൽ എത്തിയപ്പോളാണ് ഞാൻ ആ വീടിന്റെ അവസ്ഥ കാണുന്നത്.. ദ്രവിച്ചു വീഴാറായ ഒരു ഓലക്കുടിൽ.

അതിനുള്ളിൽ നിലത്തു കിടത്തിയിരിയ്ക്കുന്ന അമ്മുമ്മയ്ക്ക് അരികിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ…. ചുറ്റും കൂടി നിന്നവർ ആരും അവന്റെ ബന്ധുക്കളായിരുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.. അവരുടെ കണ്ണുകളിൽ സഹതാപം മാത്രമായിരുന്നു….

ഇടയ്ക്ക് തലയുയർത്തി ആൾക്കൂട്ടത്തിലേക്ക് നോക്കുന്ന അവന്റെ കണ്ണുകളിൽ ഒറ്റപ്പെടലിന്റെ വേദന ഞാൻ അറിഞ്ഞു….

ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും മടങ്ങിയപ്പോൾ ഞാൻ അവനേ അടുത്തു വിളിച്ചു.. ശ്രീ നീ ഇവിടെ അടച്ചു പൂട്ടിയിരിയ്ക്കണ്ടാ മോൻ നാളെ മുതൽ സ്കൂളിൽ പോരേ മനസ്സിന് ഒരു സന്തോഷമുണ്ടാവും.. ഞങ്ങളൊക്കെയില്ലേ അവിടേ.. അവൻ തലയാട്ടി… പക്ഷെ പിറ്റേന്ന് അവനേ സ്കൂളിൽ കണ്ടില്ല കായൽക്കരയിലും കണ്ടില്ല.

ഞാൻ രാധ ടീച്ചറെയും കൂട്ടി അവന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു… പടി കടക്കുമ്പോൾ തന്നേ കണ്ടു അമ്മുമ്മയുടെ കുഴിമാടത്തിനരികിൽ നിൽക്കുന്ന അവനേ…. ശ്രീജിത്ത്‌… ഞാൻ വിളിച്ചു.. ഞങ്ങളെ കണ്ടതും അവൻ ഓടി അരികിൽ വന്നു….  ശ്രീജിത്ത്‌ നീയെന്താ ഇന്ന് ക്ലാസ്സിൽ വരാതിരുന്നത് ഞാൻ ഇന്നലെ പറഞ്ഞിട്ട് പോയതല്ലേ. ഇങ്ങനെയിവിടെ  ഇരുന്നാൽ നിന്റെ പഠനം മുടങ്ങില്ലേ മോനേ…

അത് ടീച്ചർ.. ഞാൻ മനപ്പൂർവം അല്ല..

ശ്രീജിത്ത്‌ നീയിനി ഒന്നും പറയേണ്ടാ ഞങ്ങൾ ഒരു തീരുമാനം എടുത്താണ് ഇങ്ങോട്ട് വന്നത്… ഞാൻ നിന്നേ എന്റെ വീട്ടിലേയ്ക്ക് കൊണ്ടു പോകുവാണ് നീയിനി അവിടേ നിന്നും  പഠിച്ചാൽ മതി…

അതേ ശ്രീ നിന്നേ കൂടെക്കൂട്ടാനാണ് ഡെയ്സി ടീച്ചർ വന്നത്….

ഞാൻ ഈ വീട് വിട്ടിട്ട് എങ്ങോട്ടുമില്ല ടീച്ചർ… അത് പറഞ്ഞാൽ പറ്റില്ല ശ്രീ ഞാൻ നിന്റെ ക്ലാസ്സ്‌ ടീച്ചറാണ്..

എനിക്ക് ഒരു കടമയുണ്ട് നിന്നെ ഇവിടേ വിട്ടേച്ചു പോകാൻ സാധിയ്ക്കില്ല വാശി പിടിയ്ക്കാതെ നീ പോയി ബുക്കും, പുസ്തകങ്ങളും എടുത്തു വാ…. നീ കേട്ടിട്ടില്ലേ ശ്രീ കുട്ടികൾ എന്നേ ടീച്ചറമ്മ എന്ന് വിളിക്കുന്നത്‌ . ഇന്ന് മുതൽ ഞാൻ നിന്റെ  ടീച്ചറമ്മയല്ല അമ്മയാണ്.. അങ്ങനെ വിളിച്ചാൽ മതി.. പിന്നേ നിനക്കൊരു അനിയത്തിക്കുട്ടി ഇല്ലാത്ത വിഷമമില്ലേ

ശ്രീ എന്റെ ഇച്ചായൻ നേരത്തെ ഞങ്ങളെ വിട്ടു പോയതാണ് എനിയ്ക്ക് രണ്ട് പെൺകുട്ടികളുണ്ട്
കൂടെ ഒരു അമ്മച്ചിയും അവരെല്ലാം ഇനി
നിന്റേതു കൂടിയാണ്…. അവരെല്ലാം നിന്നേ കാത്തിരിക്കുവാണ്..

ചെല്ലൂ ശ്രീ നിന്റെ ടീച്ചറമ്മ സ്നേഹത്തോടെ വിളിക്കുവല്ലേ..

ഒടുവിൽ അവനുമായി ആ പടിയിറങ്ങുമ്പോൾ ഞാൻ പറഞ്ഞു.. ശ്രീ നീ പഠിച്ചു വലിയ ജോലി വാങ്ങിയിട്ട് ഈ കുടിലിന്റെ സ്ഥാനത്ത് ഒരു വലിയ വീട് വെയ്ക്കണം..

അതു കേട്ടതും അവന്റെ മുഖത്ത്
ചിരി വിടർന്നു.. അങ്ങനെ ഏറെ സന്തോഷത്തോടെ
അവനേ ഞാൻ എന്റെ വീട്ടിലേയ്ക്ക് കൂട്ടി.. അധികം താമസിയ്ക്കാതെ അവൻ എന്റെ മകനായി, അമ്മച്ചിയുടെ കൊച്ചുമോനായി, കുട്ടികളുടെ ഏട്ടനായി.. പ്രതീക്ഷിയ്ക്കാതെ രണ്ടു അനിയത്തിക്കുട്ടികളെ കിട്ടിയ സന്തോഷത്തിലായിരുന്നു അവൻ…

പുസ്തകങ്ങളും, പുത്തനുടുപ്പുകളും,
ഒന്നിനും ഒരു കുറവും അവന് വരുത്തിയില്ല
പഠിച്ച ക്ലാസ്സുകളിലെല്ലാം മികച്ച  റാങ്കോടെ
അവൻ വിജയം കരസ്ഥമാക്കി.. ഇന്നിപ്പോൾ അവനും ഞാനും ഏറെ ആഗ്രഹിച്ച ഉയരങ്ങളിൽ അവൻ എത്തിയിരിയ്ക്കുന്നു…..

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഡെയ്സി ടീച്ചർ ഉണർന്നത്..

അമ്മേ ഞാനാണു ആൻ…

അമ്മ ഇത് വരേ പുറപ്പെട്ടില്ലേ ഏട്ടനും ഞങ്ങളും ഒരുപാട് നേരമായി കാത്തിരിക്കുന്നു…..

ദാ ഉടനെ എത്താം മോളേ..

അവർക്ക് രണ്ട് പേർക്കും ( ആൻ & ആൻസി )
ഇന്ന് ലോകം വെട്ടിപ്പിടിച്ച പോലെയാണ്.. അവരുടെ ഏട്ടന്റെ വിജയം ആഘോഷിയ്ക്കാൻ അവർ കാത്തിരിയ്ക്കുകയാണ്.. ഞാൻ വീടിന്റെ പടി കടന്നു പൂമുഖത്തു എത്തിയപ്പോൾ വീടാകെ അലങ്കരിച്ചിട്ടുണ്ട്.. ഇതെന്താ കുട്ടികളേ ഇത്രയും അലങ്കാരങ്ങൾ.

അതേ അമ്മേ ഇന്നിവിടെ രണ്ടു ആഘോഷങ്ങളാണ്.. ഒന്ന് ഏട്ടന്റെ വിജയം.. ഒപ്പം അമ്മയുടെ പിറന്നാളും.. ആ സസ്പെൻസ് പൊട്ടിച്ചത് ഏട്ടനാണ് എല്ലാ ഒരുക്കങ്ങളും കഴിഞ്ഞാണ് ഞങ്ങൾ കൂടി അറിയുന്നത്.. എന്റെ കണ്ണുകളിൽ അറിയാതെ നനവ് പടർന്നു..

ഇതെന്താണമ്മേ ഇന്ന് സന്തോഷിയ്ക്കേണ്ട ദിവസമല്ലേ… അമ്മ വന്നു കേക്ക് മുറിയ്ക്കൂ.. ഒരു ചെറു മധുരം പകുത്തു അവന്റെ നാവിൽ വെച്ചു കൊടുത്തു…

ഇത് നിന്റെ അമ്മയുടെ പിറന്നാൾ മധുരം… പകരം അവനും ഒരു ചെറു മധുരം നാവിൽ വെച്ചുകൊണ്ട് പറഞ്ഞു..

ഇതെന്റെയമ്മയ്ക്കുള്ള പിറന്നാൾ മധുരവും ഒപ്പമെന്റെ വിജയമധുരവും.. നീയാണ് ഈ അമ്മയ്ക്ക് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമ്മാനവും പിറന്നാൾ മധുരവും … ഒപ്പം ഈ വിജയം മോന്റെ അമ്മയ്ക്കും അമ്മുമ്മയ്ക്കും കൂടി അവകാശപ്പെട്ടതാണ് അത് മറന്നു കൂടാ…

ഒരിയ്ക്കലും മറക്കില്ല അമ്മേ..

ഇത് കൊണ്ട് നിന്റെ അമ്മയുടെ ഉത്തരവാദിത്വവും തീരുന്നില്ല നിനക്കായ്‌ ഒരുവളേ കണ്ടെത്തണം ഉടനേ..അതും എന്റെ കടമയാണ്..

അതിനു മുമ്പേ എന്റെ ഈ കാന്താരികൾക്കു രണ്ടു പേരേ കണ്ടെത്തണം അത് എന്റെ കടമയാണ്… അല്ലേ അമ്മേ…. അതേ മോനേ… എല്ലാവരിലും ചിരി പടർന്നു….

Leave a Reply

Your email address will not be published. Required fields are marked *