എനിക്ക് വയ്യ ഇങ്ങനെ ജിത്തേട്ടനെ പറ്റിച്ചു കൊണ്ട് ജീവിക്കാൻ, ഇന്നേവരെ ഏട്ടനറിയാത്ത ഒരു..

ഭാര്യയുടെ ആത്മഹത്യാ കുറിപ്പ്
(രചന: Neji Najla)

തീവ്രപരിചരണ വിഭാഗത്തിലേക്ക് അതിവേഗം മാറ്റുന്നതിനിടയിലാണ് അനുവിന്റെ നൈറ്റിയുടെ പോക്കറ്റിൽ നിന്ന്  ആ വെള്ളക്കടലാസ് നിലത്ത് വീണത്. ജിത്തു അതെടുത്ത് കസേരയിൽ തളർച്ചയോടെ ഇരുന്നു.

അനുവിന്റെ കൈ കൊണ്ട് എഴുതിയ ഒരു കത്തായിരുന്നു അത്‌. ജിത്തുവിന്റെ കണ്ണുകൾ അവളുടെ വരികളിലൂടെ നീങ്ങവേ.. അക്ഷരങ്ങൾ കാണാത്ത വിധം കണ്ണീരുവന്നു മൂടി.

ജിത്തേട്ടാ.. എനിക്ക് വയ്യ ഇങ്ങനെ ജിത്തേട്ടനെ പറ്റിച്ചു കൊണ്ട് ജീവിക്കാൻ. ഇന്നേവരെ ഏട്ടനറിയാത്ത ഒരു രഹസ്യവും എന്നിലുണ്ടായിട്ടില്ല.. പക്ഷേ ഏട്ടനോട് പങ്കുവെക്കാനാവാത്ത ഒരു വേദന എന്നിൽ നീറി നിറയാൻ തുടങ്ങീട്ട് നാളുകളായി…

എനിക്ക് ഒരാളെ ഇഷ്ടമായി.. ഏട്ടാ.. ഞാനറിയാതെ.. എപ്പഴും അയാൾടെ മുഖം മനസ്സിൽ വന്നോണ്ടിരിക്ക്യാ..

എത്രമറക്കാൻ ശ്രമിച്ചാലും കഴിയാതെ.. ഏട്ടനറിയോ.. ഏട്ടൻ അടുത്തേക്ക് വരുമ്പോഴൊക്കെ അയാൾടെ മുഖായിരുന്നു മനസ്സിൽ..എനിക്കെന്താ പറ്റീന്ന് അറിയണില്ല.

ഏട്ടനുറങ്ങുമ്പോഴൊക്കെ ഏട്ടന്റെ കാലു പിടിച്ച് ഞാനൊത്തിരി കരഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ഏറെ നേരവും ഏട്ടന്റെ കാൽചുവട്ടിൽ തന്നെ ആയിരുന്നു ഞാൻ. അമ്മയുടെ ഉറക്കഗുളിക ലിസ്റ്റുമായി ചെന്ന് പല ഷോപ്പുകളിൽ നിന്നും വാങ്ങിയ ഗുളികകൾ ഏട്ടനുറങ്ങിയപ്പോ ഞാനെടുത്ത് കഴിച്ചു.

ഇനി എന്റെ ഏട്ടനെ വഞ്ചിച്ച് മറ്റൊരാളെ മനസ്സിലിട്ട് ജീവിക്കാനാവാത്തോണ്ടും അയാളെ മറക്കാൻ പറ്റാത്തോണ്ടും.. അനു പോവുന്നു.

ജിത്തുവിന്റെ ശരീരം ഒന്നാകെ വിയർക്കാനും വിറക്കാനും തുടങ്ങി. കേവലം ഒരാളോടു ഇഷ്ടം തോന്നിയതിന്റെ പേരിൽ തന്നെ വഞ്ചിക്കുകയാണെന്ന് ചിന്തിച്ചു ജീവൻ പോലും വേണ്ടെന്ന് വച്ച തന്റെ അനുവിന്റെ സ്നേഹത്തിനു മുമ്പിൽ  ജീത്തുവെന്ന ഞാൻ എത്രയോ ചെറുതാവുന്നു എന്ന് അവനു തോന്നി

വിറക്കുന്ന കൈകൾ കൊണ്ട് അവൻ അവന്റെ മൊബൈൽ എടുത്ത് മെസഞ്ചറിലേയും വാട്ട്സാപ്പിലെയും ഒരുപാട് നമ്പറുകൾ ബ്ലോക്ക് ആക്കുകയും ഡെലീറ്റ് ആക്കുകയും ചെയ്തു കൊണ്ടിരുന്നു.

അനുവറിയാതെ രഹസ്യമായി വെറുതെ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന ഒരുപാട് പെൺസുഹൃത്തുക്കൾ ജിത്തുവിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു.

ജിത്തുവിന്റെ നെഞ്ച് പൊട്ടിപ്പോകുന്ന പോലെയും തല പെരുക്കുന്ന പോലെയും അവനനുഭവപ്പെട്ടു.

ദിവസങ്ങളോളം അബോധാവസ്ഥയിൽ തന്നെ കിടന്ന അനുവിന്റെ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

അത്ഭുതമെന്ന് പറഞ്ഞായിരുന്നു ഡോക്ടർ അനുവിന്റെ കേസ് കൈകാര്യം ചെയ്തത്. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ കണ്ടെന്ന് ഡോക്ടർ ജിത്തുവിന്റെ ചുമലിൽ തട്ടി പറഞ്ഞു.

ഇന്റ്ൻസീവ് കെയർ യൂണിറ്റിനു മുമ്പിൽ രാപകലറിയാതെ ഊണും ഉറക്കവുമില്ലാതെ പ്രാർത്ഥനകളുമായി തന്നെ ജിത്തു  കഴിഞ്ഞു കൂടി. ദിവസങ്ങൾ മാസങ്ങളായിക്കൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം അനുവിനെ പ്രത്യേകം കെയർ വേണമെന്ന് നിർദ്ദേശിച്ച് റൂമിലേക്ക് മാറ്റി.

“ഇപ്പോ എങ്ങനെയുണ്ട് അനുപമ ”  ഡോക്റ്റർ അനുവിന്റെ കയ്യിൽ തട്ടി വിളിച്ച് ചോദിച്ചു.

“ഓക്കെ ആണ് ഡോക്റ്റർ”

“ഇനി ഇത്തരം വിഡ്ഡിത്തം കാണിക്കരുത്.. ജീവിതത്തിനും മരരണത്തിനുമിടക്കുള്ള ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…?
അങ്ങനെയൊരവസ്ഥയിലേക്കായിരുന്നു താൻ നീങ്ങിക്കൊണ്ടിരുന്നത്.. പിന്നെ ദാ.. ഇയാൾടെ പ്രാർത്ഥന കൊണ്ടായിരിക്കും രക്ഷപ്പെട്ടത്.”

ഡോക്റ്റർ ജിത്തുവിനെ ചൂണ്ടിക്കൊണ്ടാണ് അവസാന വാക്കുകൾ പൂരിപ്പിച്ചത്

“ഒക്കെ ടെയ്ക്ക് കെയർ ഒരാഴ്ച കൂടി റെസ്റ്റ് ഇവിടെ പിന്നെ വീട്ടിൽ പോകാം” ഡോക്റ്റർ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.

ജിത്തു അനുവിന്റെ അടുത്ത് വന്നിരുന്നു. അവളുടെ തളർന്ന കണ്ണുകളിൽ ഉമ്മ വച്ചു. അവളുടെ കൈകൾ നെഞ്ചിലേക്ക് ചേർത്ത് അമർത്തിപ്പിടിച്ചു.

“അനൂ….. “

“ഏട്ടാ…”

“ഏട്ടനോടൊരു വാക്ക് പറയായിരുന്നില്ലേ…? എന്തായാലും ഏട്ടൻ മോളോട് ക്ഷമിക്കില്ലേ… പിന്നെന്തിനാ..?”

“ഏട്ടൻ ക്ഷമിക്കില്ലാന്ന് ഓർത്തല്ല ഞാനത് മറച്ച് വെച്ചത് “

“പിന്നെ “

“എന്റേട്ടനതു കേട്ടാ സഹിക്കില്ലെന്നോർത്താ “

അനുവിന്റെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി.

“അനൂട്ടീ… “

“ഏട്ടാ… “

“എന്തിനാ ന്നെ ഇങ്ങനെ സ്നേഹിക്കണെ”

”എന്റെ ഏട്ടനല്ലേ… ” അനു ജിത്തുവിന്റെ ചുമലിലേക്ക് ചാഞ്ഞു കിടന്നു.

“അനു… ഞാനൊരു കാര്യം ചോദിച്ചാ പറയോ…?”

“ഉം… ചോദിക്കേട്ടാ..”

“ആരായിരുന്നു ആ ആൾ”

“അത്…”

അനുവിന് മറുപടി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. ജിത്തു അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു.

“പറയെടാ “

” അത്….അമ്മയുടെ ഓപ്പറേഷനു വേണ്ടി ഹോസ്പിറ്റലിൽ നിന്നില്ലേ കുറേ ദിവസം.. അന്ന് പരിചയത്തിലായ ഒരാളാ… ഏട്ടനറിയണ്ടാവും… അയാളും അയാൾടെ ഉമ്മയെക്കൊണ്ട് വന്നതായിരുന്നു.

ഹോസ്പിറ്റലിൽ നിന്ന് ഏട്ടൻ പോരുമ്പോഴൊക്കെ അമ്മയ്ക്ക് വേണ്ട മരുന്നൊക്കെ അയാൾടെ ഉമ്മാക്ക് മരുന്ന് കൊണ്ടുവരുന്ന കൂട്ടത്തിൽ കൊണ്ടുവന്ന് തന്നിരുന്നത് അയാളാ… ഡോക്റ്റർ ചീട്ട് തന്ന് പോവുമ്പോഴേക്കും അയാൾ എത്തുമായിരുന്നു. ജിഷാദ്… എന്നാണയാളുടെ പേര്.”

“ഓ… “

“ജിഷാ എന്ന് സേവ് ചെയ്ത ഒരു നമ്പർ എന്റെ വാട്ട്സപ്കോൺടാക്റ്റിൽ കണ്ടിട്ട് ഏട്ടൻ ചോദിച്ചപ്പോ ഫ്രണ്ട് ആണെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞ്  മാറീര്ന്നു ഏട്ടനോർക്ക്ണ് ണ്ടോ”

“ഇല്ല.. അനു..എനിക്കൊരോർമ്മയും വര്ണില്ല ജിഷാദ് ആരാണെന്ന്…? ഒരു കഷണ്ടി ഒക്കെയുള്ള ആളാണോ”

“കഷണ്ടി.. ഓർക്കുന്നില്ല ഏട്ടാ “

“കണ്ണട വച്ചിരുന്നോ അനൂ”

അനു ആലോചിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

“അതും ഓർമ്മയില്ല”

“മൂക്കിനു മുകളിൽ നെറ്റിയിലായി പൊട്ടു പോലൊരു മറുക് ഉള്ള… “

“അറിയില്ല… ഏട്ടാ ഓർക്കുന്നില്ല”

“പിന്നെ നിനക്കെന്താ അറിയാ അനു… അയാളെ പറ്റി ?”

“അയാൾക്കേയ്.. നല്ല കട്ടിയുള്ള വട്ടത്താടിണ്ടായിരുന്നു ഏട്ടാ…” അനു പെട്ടന്ന് മറുപടി പറഞ്ഞു.

അത് പറഞ്ഞപ്പോൾ അനുവിന്റെ ക്ഷീണിച്ച കണ്ണുകൾ തിളങ്ങുകയും മുഖം വിടരുകയും ചെയ്തത് ജിത്തു കണ്ടു..

“അനൂട്ടീ.. അപ്പോ അതാല്ലേ…. കാര്യം… നീ പറഞ്ഞ ആ ജിഷാദ് ന്റെ ഫ്രണ്ടാടി പെട്ടിക്കാളി… ഞാൻ പറഞ്ഞ് ഏൽപ്പിച്ചിട്ടായിരുന്നു ജിഷാദ് അന്ന് മരുന്ന് വാങ്ങാനൊക്കെ സഹായിച്ചത്. അവന് കണ്ണടയുണ്ട് കഷണ്ടിയുണ്ട് മുറുകുമുണ്ട്…. പിന്നെ നീ പറഞ്ഞ താടിയുമുണ്ട്… നല്ല കട്ടത്താടി..

നീ കണ്ടത് അത് മാത്രം…. ഇപ്പോ ഡോക്റ്റർടെ കൂടെ ഉണ്ടായിരുന്നതും അവനായിരുന്നു.. പക്ഷേ ക്ലീൻ ഷേവിൽ…  നീ തിരിച്ചറിഞ്ഞില്ല ഒന്ന് നോക്കിയത് പോലൂല്ല… ഞാൻ അതറിയാൻ വേണ്ടി അവനെ വിളിച്ചു വരുത്തിതാ…. “

അനു അത്ഭുതം കൊണ്ട് വിടർന്ന കണ്ണകളുമായി ജിത്തുവിന്റെ മുഖത്തേക്ക് നോക്കി. ജിത്തു ചിരിച്ചു കൊണ്ട് തുടർന്നു.

“എന്റെ പൊന്നോ….  താടി വെക്ക്  ഏട്ടാന്ന് പറഞ്ഞ് പുറകെ നടന്നപ്പോ ഇത്രേം കരുതീല… ഇനി ഏട്ടൻ ക്ലീൻ ഷേവ് നിർത്തിട്ടോ… മരിക്കണവരെ ഞാൻ താടി വടിക്കണ പ്രശ്നല്ല.. “

ജിത്തു ഉറക്കെചിരിച്ചു കൊണ്ട് അനുവിനെ പൊക്കിയെടുത്തു…

രണ്ട് മാസമായി ഹോസ്പിറ്റലിൽ നിന്ന് ഷേവ് ചെയ്യാൻ മറന്ന ജിത്തുവിന്റെ താടിയിലേക്ക് അവൾ വിരലുകൾ പൂഴ്ത്തി അമർത്തി വലിച്ച് ചേർത്ത് പിടിച്ച് കൊച്ചു കുട്ടിയെ പോലെ പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *