ഞാൻ ഓഫീസിൽ നിന്നും ചെല്ലുമ്പോൾ ശ്രീമതി വാതിൽക്കലുണ്ട്, മുഖം വീർപ്പിച്ചു കൊണ്ട്..

ഫ്രീക്കത്തി ഭാര്യ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

“വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ വീട്ടിൽ ആളനക്കമില്ല….. എന്നും വാതുൽക്കൽ കാത്തു നിൽക്കുന്ന ശ്രീമതിയേ അവിടെയെങ്ങും കാണാനില്ല… ഇവളിതെവിടെ പോയി…

ഒരു മുൻകരുതൽ എന്ന നിലയിൽ
വണ്ടി വെയ്ക്കുന്ന ഷെഡിൽ നോക്ക. ഭാഗ്യം ബുള്ളറ്റ് അവിടെയുണ്ട്… ഞാനാണെങ്കിൽ ഇപ്പോൾ ദൂരെ ജോലിയായത് കൊണ്ട് ബുള്ളറ്റ് എടുക്കാതെ ട്രെയിനിലാണ് പോകുന്നത്..

എന്റെ കെട്ട്യോള് ആളൊരു മുതലാണ്….. ബുള്ളറ്റ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ അവളുടെ  ഒരാഗ്രഹമല്ലേ എന്ന് കരുതി പഠിപ്പിച്ചതാണ്. ….
അതിപ്പോൾ പാരയായി… അമ്മയുടെ കണ്ണ് തെറ്റിയാൽ ബുള്ളറ്റും എടുത്തുകൊണ്ടിറങ്ങും….

കുറച്ചു നാൾ മുമ്പേ ഒരു ദിവസം രാവിലേ എഴുന്നേറ്റപ്പോൾ ബുള്ളറ്റ് കാണുന്നില്ല…. കൂടെ എന്റെ കെട്ട്യോളെയും… അമ്മ അറിഞ്ഞാൽ കുഴപ്പമാകും… ഞാൻ പതിയെ അവളേയും തിരക്കി പുറത്തിറങ്ങിയപ്പോൾ ദാ വരുന്നു ഒരു ജീൻസും ടീ ഷർട്ടുമിട്ട് ഫ്രീക്കായി വണ്ടിയുമോടിച്ചു …

ഡീ പോത്തേ നീ ഇത്രയും രാവിലേ എങ്ങോട്ടാണ് പോയത്.. നിനക്കൊന്നു പറഞ്ഞിട്ട് പൊയ്ക്കൂടേ..

അത് പിന്നേ ഏട്ടാ ഇന്നലേ രാത്രിയിലാണ് എനിക്ക് ബുള്ളറ്റിൽ ചുമ്മാ ഒന്ന് കറങ്ങണമെന്നു തോന്നിയത്.. പിന്നേ ഒന്നുമാലോചിച്ചില്ല രാവിലേ
തന്നേ വണ്ടിയുമെടുത്തു ഇറങ്ങി..

എന്നാലും നിനക്കൊന്നു പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ..?

നല്ല കഥ പറഞ്ഞാൽ നിങ്ങൾ സമ്മതിയ്ക്കുമോ മനുഷ്യാ.. അതാ പറയാതിരുന്നത്..

എത്ര നാളായി ഞാൻ ഇതൊന്നു ഓടിക്കാൻ ചോദിയ്ക്കുന്നു തന്നോ ഇല്ലല്ലോ അപ്പോൾ സഹിച്ചോ..

ഇതാണ്‌ സ്വഭാവം… ഇത് അവളുടെ ഒരു സ്വഭാവം മാത്രമാണ് ഇനിയുമുണ്ട് ഒരുപാടു..

ഫ്രീക്ക് എന്നാൽ ഒന്നൊന്നര ഫ്രീക്ക് പെണ്ണ്.. എന്നാലും ഇവളിതെവിടെ പോയി എന്തായാലും  അകത്തു ചെന്ന് നോക്കാം.. അകത്തു മുറിയിൽ ചെന്നിട്ടും അവളേ കണ്ടില്ല… നേരെ അടുക്കളയിൽ ചെന്നു…

അമ്മേ എവിടെ അവള്…

ആര് നിന്റെ ഭാര്യയോ…?

അതേ ..

അവള് വല്ല മാവിന്റെയും പേരയുടെയും മണ്ടയിൽ കാണും… അതല്ലേ ശീലം…

ആഹാ അപ്പോൾ ഇന്നും കയറിയോ പെണ്ണ്… മരത്തിൽ…

കേറിയോന്നോ…

അടുക്കളയിൽ ഞാൻ ജോലി ചെയ്യുന്നതിനിടയിൽ തെക്കേ പറമ്പിൽ എന്തോ വീഴുന്നത് കേട്ടു…

ചക്കയാകും എന്നാണ് കരുതിയത്… ചെന്നപ്പോളാണ്.. കണ്ടത്.. ബാക്കി പറയാതെ അമ്മ ചിരിച്ചു…

എന്താണ് അമ്മേ പറഞ്ഞോളൂ..

അവിടേ കണ്ട കാഴ്ച രസമുണ്ടായിരുന്നു.. ദാ കിടക്കുന്നു നിന്റെ ഭാര്യ ആ ചളിക്കുഴിയിൽ.. “ഭാഗ്യത്തിന് അതിൽ വീണത് കൊണ്ടൊന്നും പറ്റിയില്ല.

ഇങ്ങനെയും ഒരു പെണ്ണ് അസ്സൽ മരം കേറി തന്നേ.. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല…  അമ്മ ഇടയ്ക്ക് വഴക്ക് പറയണം… അല്ലെങ്കിൽ പെണ്ണിന് അഹങ്കാരം കൂടും..

ഞാൻ എന്ത് പറയാനാണ് മോനേ അവള് കൊച്ചു കുട്ടിയല്ലേ കൂടാതെ അമ്മയില്ലാതെ വളർന്നവൾ… അത് കൊണ്ട് ഞാൻ എന്തെങ്കിലും പറഞ്ഞാൽ വിഷമമാകും പാവം അവൾ ഇങ്ങനെ കളിച്ചു നടക്കട്ടേ.. പിന്നേ അടുക്കളയിൽ എല്ലാ സഹായവും ചെയ്തു തരും പിന്നെന്താ  …

അമ്മയുടെ ഈ സപ്പോർട്ട് കാരണമാ പെണ്ണ് കിടന്നു നെഗളിക്കുന്നതു..

സാരമില്ല മോനേ നീ അവളേ വഴക്കൊന്നും പറയണ്ടാ   …

ഇല്ലമ്മേ.. എന്നിട്ട് എന്തിയേ മരം കേറി…

ദാ കുളിമുറിയിൽ കയറിയിട്ടുണ്ട്.. പറഞ്ഞു തീരും മുമ്പേ കുളി കഴിഞ്ഞു തോർത്തും തലയിൽ കെട്ടി അവൾ പുറത്ത് വന്നു..

ആ ഏട്ടൻ വന്നോ…

നീ എവിടായിരുന്നു.. എന്താ ഇപ്പോൾ ഒരു കുളി…

എന്റേയും അമ്മയുടേയും മുഖം കണ്ടപ്പോൾ തന്നേ അവൾക്ക് മനസ്സിലായി ഞാൻ എല്ലാമറിഞ്ഞുവെന്നു..

സോറി ഏട്ടാ പേരയ്ക്ക പഴുത്തു കിടക്കുന്നതു കണ്ടപ്പോൾ എനിയ്ക്കൊരു കൊതി അത് തിന്നാൻ.. പിന്നേ ഒന്നുമാലോചിച്ചില്ല അങ്ങോട്ട്‌ വലിഞ്ഞു കയറി.. പക്ഷേ പിടിച്ച കമ്പിൽ നിന്നും പിടി വിട്ടു താഴേക്കു പോന്നു…

നന്നായി  . എന്നിട്ട് പേരയ്ക്ക കിട്ടിയോ…

പിന്നേ അത് ഞാൻ കൈക്കലാക്കി അല്ലെങ്കിൽ നാളെ അണ്ണാനോ വാവലോ കൊണ്ട് പോകുമായിരുന്നു…

ഡീ പോത്തേ ഇപ്പോൾ ഈ പേരയ്ക്കയൊക്കെ തിന്നുന്നത് സൂക്ഷിച്ചു വേണം ഒരു തരം പകർച്ചവ്യാധിയുള്ള സമയമാണ്…

ഏയ്യ് ഏട്ടൻ പേടിക്കണ്ടാ ഞാൻ കടിച്ച പഴങ്ങൾ ഒന്നും തിന്നാറില്ല.. പിന്നേ എന്നേ ഇതൊന്നും ബാധിയ്ക്കില്ല…

അതെനിക്കറിയാം നീയും അവയുടെ വർഗ്ഗത്തിൽ പെട്ടതല്ലേ…

ഏട്ടാ കളിയാക്കാതെ…

ദാ ഇതാണ്‌ അവളുടെ രണ്ടാമത്തെ സ്വഭാവം… .

അസ്സൽ മരം കേറി. തെങ്ങ് ഒഴിച്ച് ഏത് മരത്തിലും വലിഞ്ഞു കയറും.. മാവിലും പ്ലാവിലും എല്ലാം അവളുടെ കാല്പാടുകൾ പതിഞ്ഞിട്ടുണ്ട്    …

തെങ്ങിൽ കയറാൻ അവസരം കിട്ടിയാൽ അവളതിനും തയ്യാറാകും.. എന്തിനാ കൂടുതൽ പറയുന്നത്  പെണ്ണ് കാണാൻ ചെന്നപ്പോളും ഇവളെ ആദ്യം കണ്ടത് മരത്തിന്റെ മുകളിൽ വെച്ചാണ്…  ഇനിയുമുണ്ട് പെണ്ണിന്റെ കുരുത്തക്കേടുകൾ….

കഴിഞ്ഞ ന്യൂ ഇയർ കൂട്ടുകാരുമായി  ആഘോഷിയ്ക്കാൻ ഞാൻ വാങ്ങി വെച്ച ബിയർ ഒറ്റയിരിപ്പിനു രണ്ട് കുപ്പി വലിച്ചു കേറ്റി എന്റെ ദേഹത്ത് തന്നേ സാധിച്ചു തന്നവളാണ്..

അന്ന് ബാത്‌റൂമിൽ ഇട്ടു നേരം വെളുക്കുവോളം വലിച്ചിട്ടാണ് ബോധം വന്നത്… എന്തോ ഭാഗ്യത്തിന് അമ്മ അന്നിവിടെ ഇല്ലായിരുന്നു ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് തന്നേ പണി ആയേനെ.. ഇനി ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഇവളുടെ മരം കേറ്റം നിർത്തണം വഴി എന്റെ കൈയ്യിലുണ്ട്… ഞാൻ തീരുമാനമെടുത്തു

അന്ന് രാത്രിയിൽ ഞാൻ അവളോട്‌ പറഞ്ഞു..

ശരിയാക്കി തരാമെടി…. പോത്തേ…

ഞാൻ നിന്റെ മരം കേറ്റം നിർത്തി തരാം..

നടന്നത് തന്നേ.

നടക്കുമെടി കാണാല്ലോ..

നമുക്ക് കാണാം… ന്നാൽ..

അങ്ങനെ രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം വൈകുന്നേരം.. ഞാൻ ഓഫീസിൽ നിന്നും ചെല്ലുമ്പോൾ ശ്രീമതി വാതിൽക്കലുണ്ട്… മുഖം വീർപ്പിച്ചു കൊണ്ട്..

എന്ത് പറ്റി എന്റെ ശ്രീമതിയ്ക്കു…

വേണ്ടാ ഏട്ടൻ ന്നോട് ഒന്നും മിണ്ടണ്ട… ന്നോട് ഇത് വേണ്ടായിരുന്നു.

എന്താടി കാര്യം…

അമ്മേ ഇവളെന്താ ഇങ്ങനെയൊക്കെ പറയുന്നത്     ….

ആഹ് എനിക്കറിയില്ല നീ തന്നേ ചോദിച്ചോ അമ്മ കൈയ്യൊഴിഞ്ഞു…

എന്താടി പെണ്ണേ കാര്യം.. നീ പറയുന്നുണ്ടോ എന്നേ  ദേഷ്യം പിടിപ്പിക്കാതെ…

ഓഹ് അപ്പോൾ നിങ്ങൾക്ക് ദേഷ്യം വന്നീല്ലേ ഓരോന്നും ഒപ്പിച്ചു വെച്ചിട്ട് ദേഷ്യം കാണിച്ചാൽ മതിയല്ലോ…

ഞാൻ എന്ത് കാണിച്ചെന്നാണ്…

ഒന്നുമറിയില്ല പാവം എന്റെ മരം കേറ്റം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല…. ഇനി ഉടനെയെങ്ങും നിക്ക് മരം കയറേണ്ട.. ഡോക്ടറെ പോയി കണ്ടിരുന്നു നിങ്ങളുടെ ആഗ്രഹം സാധിച്ചു.. പാവം ഞാൻ..

അതാണോ കാര്യം ഞാൻ നിന്നോട് പറഞ്ഞതല്ലേ നിന്റെ മരം കേറ്റം നിർത്തുമെന്ന് അപ്പോൾ വെല്ലുവിളിച്ചു . ഇനി എങ്ങനെ മരം കേറും…. കുറഞ്ഞത് പത്തു മാസം കഴിയണം…

പിന്നേ ഇതിനൊന്നും പുറത്തെങ്ങും പോകണ്ട
മോളേ എന്റെ കൈയ്യിൽ തന്നേ മരുന്നുണ്ട്.. നീ മനസ്സിലാക്കിക്കോ..

ദുഷ്ട.. എന്നാലും ഇതു കടന്ന് പോയി…

സാരമില്ല മോളു .. കല്യാണം കഴിഞ്ഞാൽ ഇതൊക്കെ സാധാരണമല്ലേ.. നമുക്ക് കുറച്ചു നാൾ മരം കേറ്റം നിർത്താം എന്നിട്ട് നമ്മുടെ കുഞ്ഞിനായി കാത്തിരിയ്ക്കാം..

അവൻ വന്നിട്ട് നീ അവനേയും വേണേൽ മരത്തില് കയറ്റി പഠിപ്പിച്ചോ..

ഇനിയും നിനക്ക് പിണക്കമുണ്ടോ…

പിണക്കമൊന്നുമില്ല എന്നാലും ആ പ്ലാവിൽ ചക്കയും മാങ്ങയുമെല്ലാം വിളഞ്ഞു കിടക്കുന്നതു കാണുമ്പോൾ ഒരു വിഷമം… ഇനി എങ്ങനെ അതൊക്കെ തിന്നും..

മര്യാദക്ക് അതൊക്കെ ഇനി നിങ്ങള് കയറി പറിച്ചു തരണം.. അതേ നിങ്ങള് തന്നേ എല്ലാം ഒപ്പിച്ചു വെച്ചിട്ട് കൈയ്യൊഴിയാൻ നോക്കേണ്ടാ.. പറയുന്നത് അനുസരിച്ചോ അതാണ് നല്ലത്..

ഇല്ലെങ്കിലോ..?

ഇല്ലെങ്കിൽ പിന്നേ ഞാൻ തന്നേ വലിഞ്ഞു കയറും.  വേണോ അത്..

എന്റെ ചക്കരെ ശ്രീമതി ചതിയ്ക്കല്ലേ.. ഞാൻ തന്നേ കയറിക്കോളാം…. എന്തായാലും അവനവൻ ചെയ്യുന്നതിന് അവനവൻ തന്നേ അനുഭവിക്കണം… അങ്ങനെ ഞാനും ഒരു മരം കേറിയായി എന്റെ ഫ്രീക്ക് പെണ്ണിന് വേണ്ടി..

Leave a Reply

Your email address will not be published. Required fields are marked *