ആദ്യരാത്രി വന്നണഞ്ഞു. ഇവിടെയും ഉണ്ടാകുമോ കൂട്ടുകാരുടെ വേലത്തരം വല്ലതും? അവൾ സംശയത്തോടെ..

മാറ്റം
രചന: Vijay Lalitwilloli Sathya

“മോളെ ആ ഫ്രീക്കൻ പയ്യൻ ആളത്ര ശരിയല്ല.. ”

ഓഫീസിൽ നിന്നും വന്ന അച്ഛൻ ബാഗ് അമ്മയുടെ കൈയിൽ കൊടുക്കുന്നതിനിടയിൽ മകൾ ശരണ്യയെ നോക്കി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ച ആ പയ്യനും കൂട്ടരും ശരണ്യയെ പെണ്ണുകാണാനായി വന്നിരുന്നു.

അവനെ ശരണ്യയ്ക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. സുന്ദരനും സുമുഖനും ആണ്. കൂടാതെ ഐ ടി കമ്പനിയിൽ ഉയർന്ന ജോബ്. കട്ട താടി, ബുള്ളറ്റ് ഇതൊക്കെ അവളെ പയ്യനിലേക്ക് അടുപ്പിച്ചു.

പിന്നെ വിവരം അറിയിക്കാമെന്ന് അച്ഛൻ പറഞ്ഞപ്പോൾ. പോസ്റ്റാഫീസ് കുറെ ദൂരെയാണ്, പോസ്റ്റ്മാൻ ലീവിലാണ് അതുകൊണ്ട് കത്തയക്കല്ലേ എന്ന ആ കമന്റ്‌ അച്ഛനെ പൊട്ടിച്ചിരിച്ചു.

ആളു കേമനാണെന്നു അച്ഛൻ അന്ന് പറഞ്ഞതാണ്. ഇപ്പോൾ അന്വേഷണം നടത്തി വന്നപ്പോൾ അഭിപ്രായം നേരെ അട്ടിമറഞ്ഞിരിക്കുന്നു.

“എന്താ കാര്യം..? ”

അമ്മ ചോദിച്ചു.

“എടീ അവൻ സ്ഥിര വെള്ളമടിയാണത്രെ.. ഓഫീസിൽ നിന്നും വന്നാൽ പിന്നെ കൂട്ടുകാരുടെ കൂടെ കറങ്ങി നടന്നു വെള്ളമടിയും മറ്റതുമാണ് എന്ന അറിയാൻ കഴിഞ്ഞേ.. ”

“അയ്യോ കഷ്ടം ! കാണാൻ നല്ലൊരു പയ്യനാനായിരുന്നു. മോൾക്ക് ഏറെ ഇഷ്ടണ്ടായിരുന്നു”

“അതേടി … ഇവിടെ വന്നുള്ള സംസാരവും പെരുമാറ്റവും കണ്ടപ്പോൾ ഞാനും അങ്ങനെതന്നെയാ അവനെക്കുറിച്ചു കരുതിയത്. പറഞ്ഞിട്ടെന്താ കാര്യം. അണ്ടിയോടടുക്കുമ്പോൾ അല്ലെ മാങ്ങയുടെ പുളി അറിയൂ….”

ഇതൊക്കെ കേട്ടു ശരണ്യ ഒട്ടും കുലുങ്ങിയില്ല.

“ഒന്ന് പോ അപ്പാ..അമ്മയെ കെട്ടുന്ന നേരത്തു അപ്പൻ മാസ്സ് വെള്ളമടിയാണന്നല്ലേ അമ്മ പറഞ്ഞെ.. ”

ശരണ്യ മുഖം താഴ്ത്തി കുഞ്ഞുങ്ങൾ പറയുന്ന പോലെ ചുണ്ട് കോട്ടി താഴോട്ട് നോക്കി പറഞ്ഞു.

“ആ അത് അമ്മ ചുമ്മാ പറയുന്നതല്ലേ…മോളൂ ” അച്ഛൻ മോളോട് പറഞ്ഞു.

“അല്ലെ…അല്ല. അമ്മ നാഴികയ്ക്ക് നാൽപതു വട്ടം അച്ഛനെ നേരെയാക്കിയെടുത്ത വീര കഥ പറയാറുണ്ടല്ലോ. ”

അച്ഛൻ കുടുങ്ങി. മകൾ കട്ടയ്ക്ക് തന്നെ. ആണായിട്ടും പെണ്ണായിട്ടും അവർക്ക് ശരണ്യമാത്രമേ മകളായുള്ളു. കൊഞ്ചി വഷളാക്കിയതിനാൽ സംസാരവും ഇങ്ങനെ തന്നെ. അച്ഛനോട് വളരെ ഫ്രണ്ട്‌ലി ആണ് എന്നും അവളുടെ സംസാരം.

ഫെമിനിസ്റ്റ് ഒന്നുമല്ല എങ്കിലും വട്ട കണ്ണടയൊക്കെ വെച്ച് ഒരു ബോൾഡ് ഗേളിന്റെ തലയെടുപ്പോടെയുള്ള അവളുടെ ചന്തം എല്ലാർക്കും ഇഷ്ടമാണ്.ഡിഗ്രിയും കംപ്യൂട്ടറും കഴിഞ്ഞു ഇപ്പോൾ ജോലിക്ക് പല അപേക്ഷയുംകൊടുത്ത് കാത്തിരുന്നു മടുത്തിരിക്കുകയാണ് വിട്ടിൽ.കൂടാതെ പാഷൻ, സിനിമ കമ്പം മുതലായവ ഇവൾക്കുമുണ്ട്.

അപ്പോഴാണ് കെട്ടിച്ചയക്കാമെന്നു വെച്ചത്. ബ്രോക്കർ ദാമുവിനോട് നല്ല പയ്യന്മാരുണ്ടെങ്കിൽ ഒന്ന് ആലോചിക്കണം എന്നു പറഞ്ഞിരുന്നു ആ അച്ഛൻ. ദാമു ചിലവ് കാശൊപ്പിക്കാനെന്നോണം
കുറെ പേരെ കൊണ്ട് വന്നു അതൊന്നും അവൾക്ക്‌ അത്ര പിടിച്ചില്ല.

പക്ഷെ ഈ പയ്യനെ കണ്ടപ്പോൾ തൊട്ടു ഒരിളക്കമാണ്. നേരെ ആവുന്നെങ്കിൽ ആവട്ടെ എന്നു കരുതിയാണ് അങ്ങോട്ട്‌ ആലോചിച്ചത്.അന്വേഷിച്ചപ്പോൾ ഇതു ഇങ്ങനെയും ആയി.വിവരങ്ങൾ അറിഞ്ഞതോടെ അയാൾ മനസിൽ നിന്നും അവന്റെ പേര് വെട്ടി. പക്ഷെ ശരണ്യയ്ക്ക് എന്തോ അതൊന്നും കേട്ട സീരിയസ് ഇല്ല.

“എനിക്കു അരുണിനെ മതി അപ്പാ… ”

അരുൺ അതാണവന്റെ പേര്.

ഷർട്ടുരുകയായിരുന്ന അപ്പന്റെ ഷർട്ടിന്റെ ബട്ടൺ ഊരാൻ സഹായിച്ചു കൊണ്ടവൾ കെഞ്ചി.
പുത്രി വാത്സല്യത്തിന് മുന്നിൽ ആ അപ്പൻ കൂപ്പുകുത്തി വീണു.

” നീ ഇത് എന്നാ ഭാവിച്ചാ മോളെ.. വെള്ളമടിച്ചവൻ പള്ളേല് തൊഴിക്കും.. പിന്നെ ചെള്ളയ്ക്കടിക്കും..രണ്ടാം നാൾ നീയിവിടെ വരേണ്ടി വരും. ”

എങ്ങനെയൊക്കെ പിടിച്ചു എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“ഇല്ല അപ്പാ അവനെ ഞാൻ ഇടിച്ചു ശരിയാക്കും. ഇക്കാര്യത്തിൽ അമ്മയാണെന്റെ ഗുരു ”

“ങേ..”

അപ്പൻ ശരിക്കും വീണു…പരുങ്ങി.

“ചുമ്മാതല്ല പണ്ടുള്ളോർ പറഞ്ഞത്. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു.. അനുഭവിക്കാൻ തയ്യാറാണെങ്കിൽ അനുഭവിച്ചോ.. അല്ലെ രമണി ”

അച്ഛൻ അമ്മയെ നോക്കി തന്റെ നിലപാടിൽ മാറ്റം വരുത്തി പറഞ്ഞപ്പോൾ തൊട്ട് ശരണ്യ വളരെ ഹാപ്പിയായി.

“അവൾക്കതാണ് വിധിച്ചതെങ്കിൽ അത് തന്നെ നടക്കട്ടെ.. ”

അമ്മയും സപ്പോർട്ടടിച്ചപ്പോൾ സന്തോഷത്തിന്റെ മധുരം ഇരട്ടിയായി.

പിന്നീട് എല്ലാം തകൃതിയിൽ നടന്നു. എൻഗേജ് കഴിഞ്ഞു നിയുക്ത വധൂവരന്മാർ ഫോൺ വിളി തുടങ്ങി. അതിലൂടെ ഒരുപാട് അവർ തമ്മിൽ അടുത്തു. പുള്ളിക്കാരനെ കുറിച്ചറിഞ്ഞ കാര്യങ്ങൾ ഇത്തിരി സത്യമാണെന്നു അവൻ സമ്മതിച്ചു. വെള്ളമടി. അതുണ്ട്. വല്ലപ്പോഴും. കൂട്ടുകാർ നിർബന്ധിച്ചാൽ മാത്രം. കൂട്ടുകാരാണെങ്കിൽ എന്നും നിര്ബന്ധിക്കുമെന്നു മാത്രം. അത്രേ ഉള്ളൂ. പ്രശ്നം.

“ഇതിനു മാത്രം വെള്ളമടിയിൽ എന്താടാ ഉള്ളത്.. ”

ഒരു ദിനം സംസാരിക്കുമ്പോൾ അവൾ ചോദിച്ചു.

“അത് കുടിക്കണം അപ്പോഴേ അറിയൂ… ”

“ശരി കുടിച്ച് കളയാം.. ”

“ങേ… ”

അവൻ ഞെട്ടി..

“എപ്പോൾ? ”

“ആദ്യരാത്രി ”

അന്ന് തന്നെ വേണോ? ‘

“വേണമോനെ… വേണം അന്ന് തന്നെ…വേണം. ”

“ശരി ”

“ഞാൻ പറയുന്ന പോലെ… അതായത് ആദ്യരാത്രി നമ്മൾ ബുള്ളറ്റെടുത്തു രാത്രി 12 മണിയാകുമ്പോൾ ഇറങ്ങണം. രാത്രി ഓൺ ഉള്ള അവന്തിക പബ്ബിൽ പോകുന്നു വെള്ളമടിക്കുന്നു. ”

“അയ്യോ… വീട്ടിൽ കൊണ്ട് വന്നു കുടിക്കാം ”

അവൻ പറഞ്ഞു.

“ഏയ്യ് അത് പറ്റില്ല. പബ്ബിൽ തന്നെ പോവണം.”

അവൾ കണ്ടിഷൻ വെച്ച്.

വിവാഹ സുദിനമെത്തി. വിവാഹം കേമമായി പട്ടണത്തിലെ പ്രമുഖ കല്യാണ മണ്ഡത്തിൽ വെച്ച് നടന്നു.താലി കെട്ടുമ്പോൾ തൊട്ടു തുടങ്ങിയതാണ് കൂട്ടുകാരുടെ അലമ്പ് പരിപാടി.

ഫോം സ്പ്രൈ, വർണ്ണ പേപ്പർ, കസവു ഗൺ ഇവയൊക്കെ പൊട്ടിച്ചു ആകെ വധൂവരന്മാരെ അവർ കൊല്ലാകൊല ചെയ്തു.
ശേഷം വീട്ടിലേക്ക് ചെല്ലാൻ നേരം പുകിലാണ്. വീട്ടിലേക്കുള്ള വഴിമധ്യേ വാഹനങ്ങൾ ഒഴിവാക്കിച്ചു. നടത്തം.

ഇങ്ങനെയുള്ള നടത്തം. കാവടി എടുപ്പിച്ചു അവര് മുട്ടുന്ന താളത്തിനു തുള്ളി ഒരു മാതിരി പാണ്ടിക്കല്യാണം പോലെ പയ്യനും ശരണ്യയും തുള്ളി ഊപ്പാട് ഇളകി.ശരണ്യ തുള്ളുന്നതിനു ഇടയിൽ അപ്പനെ കണ്ടു.അനുഭവിക്ക്‌ എന്ന അർത്ഥത്തിൽ അപ്പൻ അവളെ ദയനീയമായി നോക്കി. അവളതു കണ്ടില്ലെന്നു നടിച്ചു തുള്ളി. ഇതിനൊക്കെ ഞാൻ കാണിച്ച് തരാമെടാ എന്ന അർത്ഥത്തിൽ അവൾ പയ്യനെയും കൂട്ടുകാരെയും നോക്കി ചിരിച്ചു.

ആദ്യരാത്രി വന്നണഞ്ഞു.

“ഇവിടെയും ഉണ്ടാകുമോ കൂട്ടുകാരുടെ വേലത്തരം വല്ലതും? ”

അവൾ സംശയത്തോടെ ബെഡ് റൂമിൽ കയറുമ്പോൾ അരുണിനോട് ചോദിച്ചു.

“ഇതിനകത്ത് ഇന്ന് വൈകിട്ടേത്തതോട് കൂടി അവർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്”

“പറയാൻ പറ്റില്ല തന്റെയല്ലേ ഫ്രണ്ട്സ്. എയർ ഹോൾസിൽ കൂടി വെള്ളം ചീറ്റിക്കുകയോ , തീയിടുകയോ ചെയ്തേക്കാം. വല്ല പാമ്പോ പഴുതാരയെയോ ബെഡിനടിയിൽ വെച്ചിട്ടുണ്ടാകുമോ എന്തോ… ”

“ശരണ്യ ധൈര്യമായിക്ക് അങ്ങനെയൊന്നുമിനിയുണ്ടാവില്ല.

“ഏതായാലും ഇന്ന് രാത്രിയോടെ മോൻ കൂട്ടുകാരോടൊത്തുള്ള കലാപരിപാടിയൊക്കെ അങ്ങ് മറന്നേരൂ. അതിനുള്ള മരുന്നൊക്കെ എന്റെ കൈയിൽ ഉണ്ട്.. ”

“മരുന്നോ എന്നാടി നീ പറയുന്നേ.. ”

“ആ… അത് വിട് നമുക്ക് കിടക്കാം… വാക്ക് പറഞ്ഞത് പ്രകാരം 12മണിയാകുമ്പോൾ പബ്ബിൽ പോകാനുള്ളതാണ് മറക്കല്ലേ.. ”

ഹമ്മോ പണ്ടാരക്കാലി മറന്നിട്ടില്ലെ ഇത് അന്ന് താമസിനു പറഞ്ഞതാണെന്ന വിചാരിച്ചത്. സമയമാകുമ്പോൾ പിന്മാറുമെന്നു കരുതി.
ഇതിപ്പോൾ കട്ടയ്ക്ക് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണല്ലോ..
ലൈറ്റ് ഓഫ്‌ ചെയ്തു കട്ടിലിലേക്ക് മറിഞ്ഞു രണ്ടുപേരും.

മണി 12ആയ ഉടനെ രണ്ടു പേരും ബുള്ളറ്റ് എടുത്ത് ഇറങ്ങി. ശരണ്യ അരുണിനെ കെട്ടിപിടിച്ചു ബുള്ളറ്റിൽ ഇരുന്നു. റോഡിലൂടെ ബുള്ളറ്റിൽ നഗരത്തിന്റെ രാത്രി കാഴ്ച ആസ്വദിച്ചു അങ്ങനെ നീങ്ങുകയാണ്.

“എടാ… നിന്റെ കൂട്ടുകാരെ വിളിക്കൂ.. അവർക്ക് നമുക്ക് ട്രീറ്റ് കൊടുക്കാം.”

“വേണ്ടെടി ഇന്ന് നമ്മൾ മാത്രം മതി. ”

“മതിയെങ്കിൽ മതി. ”

“നിനക്ക് ഒറ്റയ്ക്ക്
താങ്ങാൻ പറ്റുമോ.. “.
“എന്ത് ”
“ഏയ്യ് ഒന്നുമില്ല എന്നാലും വരേണ്ടിവരും അവന്മാർക്ക് ”

അവൾ ശബ്‌ദം താഴ്ത്തി പറഞ്ഞത് അവൻ കേട്ടില്ല.

പബ്ബിൽ കയറി.അരുൺ ശരണ്യയ്ക്ക് ഒരു പെഗ് പറഞ്ഞു.
അവൾ ഒരിറക്ക് ഇറക്കി. “അയ്യേ സ്പിരിറ്റ്‌.. എന്നാടാ ഇതു.. ”

“പിന്നെ മദ്യം എന്ന് പറഞ്ഞാൽ എന്താ… ”

“എന്നാൽ പിന്നെ നീയടിക്കെടാ.. ”

അവൾ അവനെ നിര്ബന്ധിപിച്ചു. നിര്ബന്ധിപ്പിച്ചാൽ പിന്നെ അവൻ അടിക്കും. അവനും ഓർഡർ ചെയ്തു.. രണ്ടു പേരും കുടി തുടങ്ങി.
ശരണ്യ ഏതാണ്ട് പൂസാകാൻ തുടങ്ങി. അരുണിന്റെ കപ്പാസിറ്റി അനുസരിച്ചു അവൻ കഴിച്ചു.

“എന്നാൽ പോവട തെണ്ടി.. ”

“ങേ തെണ്ടിയോ.. ”

അരുൺ പരുങ്ങി..

“ശരി പോവാം ”

അവൾ കുടിച്ച് കിറുങ്ങിയിരിക്കുന്നത് കണ്ടപ്പോൾ വേറൊരു കുടിയൻ അവളെ നോക്കി മറ്റവനോട് എന്തോ പറഞ്ഞത് അവൾ കണ്ടു.

“എന്നാടാ.. %$# മോനെ നോക്കി പറയുന്നത്”

അവര് ഇവളെ മൈൻഡ് ചെയ്യാതെ വേറേന്തോ പറയുന്നത് പോലെ അഭിനയിച്ചു കൊണ്ട്
തടി കയിച്ചലാക്കി.
പോവാം അരുൺ ബിൽ പേ ചെയ്തു അവളെയും കൂട്ടി ഇറങ്ങി.

ബുള്ളറ്റ് ഓടിക്കുമ്പോൾ അരുൺ ഓർത്തു..പുലിമടയിൽ ആണല്ലോ താൻ തലയിട്ടിരിക്കുന്നത് … ഈശ്വര ഇവൾ എന്നാ ഭാവിച്ചാ അരുൺ ആകെ വല്ലാണ്ടായി. വേഗം അവളെയും വഹിച്ചു വീട്ടിലേക്ക് വെച്ച് പിടിച്ചു. ബുള്ളറ്റ് ഏകദേശം ടൗൺ റോഡിൽ കൂടി നീങ്ങവേ പോലീസ് സംഘം കൈകാട്ടി. അവര് ബുള്ളറ്റ് നിർത്തി.

“കുടിച്ചിട്ടുണ്ടോ ഡാ ”

മുതിർന്ന പോലീസുകാരൻ ചോദിച്ചു.

“ഉണ്ട് സാർ കുടിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും കുടിച്ചിട്ടുണ്ട്. ”

ശരണ്യ വെട്ടിത്തുറന്നു അഭിമാനപൂർവം പറഞ്ഞു.

പണി കിട്ടി. അരുണിന് മനസിലായി.

“എങ്കിൽ ഇതിൽ ഊത്.. ”

ഒരു പോലീസുകാരൻ ബ്രീത് അനലൈസർ അരുണിന് നേരെ കാണിച്ച് കൊണ്ട് പറഞ്ഞു.
അരുൺ ഊതി. ബീപ് ശബ്‌ദം മുഴങ്ങി.

“അവൻ മാത്രമല്ല സാർ ഞാനും കുടിച്ചിട്ടുണ്ട്. ഞാനും ഊതാം… ”

എന്നിട്ട് വേഗം പോലീസുകാരന്റെ കൈയിൽ ഇരിക്കുന്ന മെഷിനിൽ ഊതി.
പോലീസ്കാരൻ മണം ഏറ്റ് കറങ്ങിപോയി. എന്നിട്ട് ഇങ്ങനെ ആത്മഗതം ചെയ്തു.

‘എന്റമ്മോ വലിയ ബീപ് ഇതേതോ മുന്തിയ ഇനമാ.. ‘

“മദ്യപിച്ചു വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് അറിയില്ലേയെടാ തനിക്കു.? ”

പോലീസ് കാരൻ അരുണിനോട് തട്ടിക്കയറി.

“സാർ അവൻ കുറ്റക്കാരനല്ല. ഞാൻ പറഞ്ഞിട്ടാണ് അവൻ കുടിച്ചത്. ”

“ആരു പറഞ്ഞിട്ടായാലും വെള്ളമടിച്ചവാഹനമോടിക്കുന്നത് കുറ്റകൃത്യമാണ്. ഫൈൻ അടക്കണം. ”

“അത് പറ്റില്ല സാർ… മദ്യപിച്ചു വാഹനമോടിക്കേണ്ട എന്ന് നിയമം പറയാൻ കാരണമെന്ത് എന്ന് സാറിനറിയുമോ.. ”

“വല്ല ആക്ടിസിഡന്റ് ഉണ്ടാകുന്നതിനാണ്.. “.
പോലീസ് കാരൻ പറഞ്ഞു.
“അങ്ങനെ വഴിക് വാ.. ഇത്രേം നേരം കുണ്ടു കുഴിയുള്ള റോഡിലൂടെയാണ് ഞങ്ങൾ ഈ വണ്ടിയും കൊണ്ട് വന്നത്. അപ്പോൾ വീണിട്ടിലല്ലോ.. ആക്സിഡന്റും ഉണ്ടായിട്ടില്ല. മാത്രമല്ല ഇവിടന്നു അങ്ങോട്ട് വീടെത്തും വരെ ഇനി നല്ല റോഡാണ്. അപ്പോൾ വീഴുകയും ഇല്ല.. അപ്പോൾ പിന്നെന്തിന് ഞങ്ങൾ ഫൈൻ അടക്കണം.. ”

അവൾ എന്തോ ളാറ്റ് ന്യായം പറഞ്ഞു.
പോലീസ്കാരന് ചിരി വന്നു.

“ശരണ്യ നമുക്ക് ഫൈൻ അടച്ചു പോകാം ”

“നീ മിണ്ടല്ലേ പട്ടി… ”

അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു. ഹമ്മേ ഇവൾ ഭയങ്കരി ആണല്ലോ.
പോലീസിനോട് പറയുന്നത്
വികടത്തരം ആണ്. തന്നോട് തെറിയും.

“സാർ ഫൈൻ അടക്കാം എഴുതിക്കൊള്ളു.. ”

“പാടില്ല.. അരുൺ പാടില്ല. ഒരു രൂപ കൊടുക്കേണ്ട അരുൺ…”

അവൾ അരുണിനെ തടഞ്ഞു.
അവൾ മദ്യം തലയ്ക്കു പിടിച്ചു അതെ സ്വബോധം നശിച്ച മട്ടിലായി. ഈ അവസ്ഥയിൽ അവൾ ഇനിയും സീൻ ഉണ്ടാക്കും. എത്രയും പെട്ടെന്ന് അവളെയും കൊണ്ട് ഇവിടന്നു പോയെ പറ്റൂ.

“അരുൺ ഇവറ്റകൾക്ക് ഒരു രൂപ ഫൈൻ കൊടുത്ത് ഇവിടന്നു പോവണ്ട.. എനിക്കു ഇവിടെ ഇരുന്നാൽ മതി. ”

എന്നും പറഞ്ഞു അവൾ റോഡിൽ ഇരുന്നു. മദ്യം ശരീരത്തിൽ ആകെ പിടിച്ച മട്ടുണ്ട് അവൾക്ക്.

പോലീസുകാരുടെ ആറ്റിറ്റ്യൂഡ് മാറി.
അപ്പോഴേക്കും വനിതാ പോലീസുകാരെത്തി. അവർ അവളുടെ അടുത്തെത്തി.
അവർ അവളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ അവൾ പ്രതിരോധിക്കാൻ തുടങ്ങി. അവർ ബലം പ്രയോഗിച്ചു അവളെയും അവനെയും കൊണ്ട് സ്റ്റേഷനിൽ എത്തിച്ചു..

തന്റെ കൈയീന്ന് പോയി കാര്യങ്ങൾ എന്ന് അരുണിന് മനസിലായി. ഇതേയാലും തന്റെ വീട്ടുകാരെ വിളിച്ചിട്ട് കാര്യം പറയുന്നത് ഉചിതമല്ല. ഫ്രണ്ട്സിൽ അർജുനനെ വിളിച്ചു കാര്യം പറഞ്ഞു. അവർ പാഞ്ഞെത്തി. അപ്പോൾ ഒരു പോലീസുകാരൻ അർജുനനെ ചൂണ്ടി പറഞ്ഞു ഇവനും ടീമുമാണ് കഴിഞ്ഞാഴ്ച തീയേറ്ററിൽ അലമ്പുണ്ടാക്കി മുങ്ങിക്കളഞ്ഞത്.

“പിടിച്ചകത്തിടാഡോ ”
എസ് ഐ പറഞ്ഞതനുസരിച് അവരെ ലോക്കപ്പ് ചെയ്തു. ഉള്ളിൽ നിന്നും നിലവിളി ഉയർന്നു. “.
അപ്പോൾ ശരണ്യ പുലമ്പുകയാണ്
“ഇടിക്കണം അവരെ സാറെ രാവിലെ എന്റെ സാരി മുഴുവൻ നാശമാക്കുകയും. കാവടി എടുത്തു തുള്ളിക്കുകയും ചെയ്ത ടീമാണ് വെറുതെ വിടരുത് ഒരെണ്ണത്തിനെയും.. അവൾ സന്തോഷം കൊണ്ട് കൈകൊട്ടി ചിരിച്ചു.

“കഷ്ടം ”

അരുൺ അതുകണ്ടു സ്വയം പറഞ്ഞു

എല്ലാം വരുത്തി വെച്ചത് ശരണ്യയുടെ പിടിവാശിയാണ്. അവളുടെ അപ്പനെ വിളിച്ചു കാര്യം പറയാം അവൻ തീരുമാനിച്ചു.
അപ്പൻ എത്തി. കാര്യങ്ങൾ അരുണിനോട് ചോദിച്ചു മനസിലാക്കി. ശരണ്യ തയ്ക്കടികൊണ്ട കോഴിയെ പോലെ തല താഴ്ത്തിയിരിക്കുകയാണ് സ്റ്റേഷനിൽ. ഇടയ്ക്ക് എന്തോ പുലമ്പുന്നുണ്ട്.

” സാർ കേസ് അപകടമൊന്നുമില്ലാത്തതിനാൽ കേസ് ചാർജ് ചെയ്തിട്ടില്ല.. രാത്രി ആയതു കൊണ്ട് മീഡിയയ്‌ക്കൊന്നും കിട്ടിയിട്ടില്ല വേഗം മോളെയും കൂട്ടി പൊയ്ക്കൊള്ളൂ. അവരുടെ ഫസ്റ്റ് നൈറ്റ് കൂടി അല്ലെ ഇന്ന്… “എസ് ഐ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എങ്ങനെ നന്ദി പറയണമെന്നറിയില്ല സർ”

ശരണ്യയുടെ അച്ഛൻ എസ് ഐ ക്ക്‌ കൈകൂപ്പി നന്ദി അറിയിച്ചു.

എസ് ഐ ക്ക്‌ ശരണ്യയുടെ അപ്പനെ അറിയാം. തഹസിൽദർ ഓഫീസിൽ വർക്ക്‌ ചെയുന്ന ആളാണെന്നു എസ് ഐ മനസിലാക്കിയിരുന്നു.

പിറ്റേന്ന് വളരെ വൈകിയാണ് മധുവിധു രാത്രി കഴിഞ്ഞു നവവധൂവരന്മാർ ഉണർന്നത്

അരുൺ പുറത്ത് പോയപ്പോൾ ശരണ്യ കൂട്ടുകാരിയെ വിളിച്ചു.

“ഇന്നലെ രാത്രി തന്നെ നിന്റെ ഏട്ടൻ സപ്ലയർ ആയിട്ടുള്ള അവന്തിക ബാറിൽ പോയെടി. ആദ്യത്തെ പെഗ് എങ്ങനെയും കഴിക്കേണ്ടി വന്നു. അത് അപ്പന്റെ കുപ്പിയുടെ അടപ്പിൽ ഒഴിച്ച് രുചി നോക്കിയ എക്സ്പീരിയൻസ് വെച്ച് അഡ്ജസ്റ്റ് ചെയ്തു. പിന്നെ എനിക്കു ഒഴിച്ച് തന്നത് മുഴുവനും നമ്മൾi പ്ലാൻ ചെയ്തതനുസരിച്ചു കട്ടൻചായ ആയിരുന്നു. പൂസായിട്ടുള്ള അഭിനയവും കലക്കി.

ഇനി അവൻ ജീവിതത്തിൽ മദ്യപിക്കില്ലെന്നു വാക്ക് തന്നിട്ടാ കിടന്നുറങ്ങിയത്. അവന്റെ ഫ്രണ്ട്സും ഇനി പേടിച്ചു അവന്റെ കൂടെ കമ്പനിക്ക് വരില്ല. അവർക്ക് ലോക്കപ്പിൽ നിന്നും ശരിക്കിനും കിട്ടി. അവൻ ഒരു ഐസ്ക്രീം കഴിച്ചാൽ അത് എനിക്ക് വേണം.. ഒരു മിഠായി കഴിക്കുകയാണെങ്കിൽ അതിന്റെ പകുതി.. വെള്ളമടിക്കാൻ പോവുകയാണെങ്കിൽ ഞാനും പോകും.. അതാണ് കണ്ടീഷൻ…!

ശരണ്യ ആരാ മോൾ. അവനെ വരച്ച വരയിൽ നിർത്താൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ….. ”

നോട്ട് : അവിടന്ന് ഇന്ന് വരെ കുഞ്ഞു കുട്ടികളുമായി നല്ല ചെക്കനായി കഴിയുകയാണ് അരുൺ.

ഇടയ്ക്ക് കാലുപിടിപ്പിക്കണം എന്ന് തോന്നുമ്പോൾ ശരണ്യ പബ്ബിൽ പോകാമെന്നു പറയും. അത് കേൾക്കുമ്പോൾ അരുൺ വേഗം അവളുടെ കാല് പിടിക്കും. ഇത്രേ ഉള്ളൂ നമ്മുടെ ഫ്രീക്കന്മാർ.