എന്നാൽ ഒരു നുള്ള് പൊന്നുകൊണ്ട് ഒരു താലി വാങ്ങി കഴുത്തിൽ കെട്ടി താ എനിക്ക് അത് മതി..

(രചന: Vidhun Chowalloor)

ഡാ…. അമ്മയ്ക്ക് വയ്യ… നിനക്ക് ഇവിടം വരെ ഒന്ന് വരാൻ പറ്റോ… എനിക്ക് കയ്യും കാലും വിറച്ചിട്ട് അനങ്ങാൻ പറ്റുന്നില്ല. ഒന്ന് വേഗം വാ പ്ലീസ്…

ഫോൺ കട്ട് ചെയ്തു സമയം നോക്കിയപ്പോൾ പുലർച്ചെ രണ്ടു മണി ഷർട്ട് എടുത്തിട്ട് വണ്ടിയുമായി ഇറങ്ങി…

കൂട്ടുകാരനെ വിളിക്കാം അല്ലാതെ വണ്ടി കിട്ടാൻ വേറെ വഴിയില്ല കാർ ഉള്ളത് അവന്റെ അടുത്താണ് ആദ്യം ഇച്ചിരി ബഹളമുണ്ടാക്കി എങ്കിലും കാര്യം പറഞ്ഞപ്പോൾ കൂടെ വന്നു…

പുതിയ വാടകവീട് ആയതുകൊണ്ട് ചുറ്റുവട്ടവുമായി വലിയ പരിചയമില്ല പ്രിയക്ക് സമയം കളയാതെ അമ്മയെ എടുത്തു വണ്ടിയിൽ കയറ്റി ഞാൻ മുന്നിൽ ബൈക്കിൽ തന്നെ ആശുപത്രി പിടിച്ചു…….

ബ്ലോക്ക് ഉണ്ട് ഒരു സർജറി വേണ്ടി വരും…. പരിശോധിച്ച ഡോക്ടർ വന്നു  കാര്യം പറഞ്ഞു

എന്നും എന്നെ നോക്കി പുഞ്ചിരിക്കുന്ന മുഖം
കലങ്ങിമറിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ
എന്തോ സങ്കടം തോന്നി…….

അവളെ പിടിച്ചു കസേരയിലിരുത്തി അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല താനിങ്ങനെ കരയാതിരിക്ക്……

ഞാൻ ഡോക്ടറെ പോയി കണ്ടു.. തല കറങ്ങുന്ന പോലെ എനിക്ക് തോന്നി. സർജറിക്ക് വേണ്ട പണമാണ് പ്രശ്നം

അമ്പതിനായിരം രൂപ എന്നൊക്കെ പറയുമ്പോൾ
അതും എന്നെപ്പോലെയുള്ള ആളുടെ അടുത്ത്
കയ്യും കാലും പിടിച്ച് ഡോക്ടറെ കൊണ്ട് സർജറി വരെ സമ്മതിപ്പിച്ചു പക്ഷേ കാലത്ത് കാശ് അടയ്ക്കണം അങ്ങനെ ഒരു ഇളവ് ഡോക്ടർ ചെയ്തതെന്നു…..

പേടിക്കണ്ട ഞാൻ ഉണ്ട് എന്ന് പ്രിയേ പറഞ്ഞ് സമാധാനിപ്പിച്ചപ്പോൾ എനിക്കിനി ആരുണ്ട് എന്ന ടെൻഷനിലായിരുന്നു ഞാൻ……

ഓടിക്കിതച്ച്  കാലത്ത് അവളെ കണ്ടപ്പോൾ ബില്ല് അവളുടെ കയ്യിൽ കൊടുത്തു പറഞ്ഞു ഞാൻ അടച്ചിട്ടുണ്ട്…..

അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ……

ഇല്ല… എന്ന് ചെറുതായി  മൂളി എന്റെ നെഞ്ചോട് ചാരി ഒന്ന് കരഞ്ഞു…..

എന്താടോ ഇത്.. അമ്മയെ ഒറ്റയ്ക്ക് എങ്ങനെ നീ എടുക്കേണ്ട എന്റെ കൂടിയാണ്…..

Mm. എന്നെ ഒന്നു വീട്ടിൽ വിടുമോ അമ്മയുടെ ഡ്രസ്സ് എടുക്കണം…..

അപ്പോൾ അവിടെ ആരാ…. അമ്മേ നോക്കാൻ…

ഇപ്പോൾ ആരെയും ഇവിടെ നിൽക്കാൻ സമ്മതിക്കില്ല വാർഡിലേക്ക് മാറ്റുമ്പോഴും ഡ്രസ്സ് മായി വരാം……. അതാ…

ന്ന വാ ഞാൻ കൊണ്ടു വിടാം…..

അവളെയും കൂട്ടി പാർക്കിങ്ങും  കഴിഞ്ഞു നടക്കുന്ന കണ്ടപ്പോൾ എന്നെ ഒന്നു നോക്കി നടത്തം ബസ്റ്റോപ്പിൽ എത്തിയപ്പോൾ നോട്ടത്തിന്റെ  കുത്ത് എനിക്ക് മനസ്സിലായി.

വണ്ടി എവിടെ.. ഞാനതിൽ പോകാം എന്നാ പറഞ്ഞത് അല്ലാതെ ബെസ്റ്റ് ഓഫ് ലേക്കുള്ള വഴി അറിയാഞ്ഞിട്ടല്ല…. മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞ വാക്കുകൾക്ക് പുഞ്ചിരിച്ചുകൊണ്ട് ഞാൻ നിന്നു…

വണ്ടി പഞ്ചറായി…. ഷോപ്പിൽ കൊടുത്തു അതാണ്…..

എന്നാൽ ഞാൻ പോയിട്ട് വരാം. നീ വീട്ടിൽ പൊയ്ക്കോ ഇന്നലെ രാത്രി തൊട്ടേ ഇവിടെ അല്ലേ അമ്മ അന്വേഷിക്കും പറയാതെ വന്നതല്ലേ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം……

ആ… ദേ ബസ് വരുന്നുണ്ട്…. വീട്ടിലെത്തിയാൽ  വിളിക്കണം…..

വിളിക്കാം……. അവളൊന്നു ചിരിച്ചു മുഖം ഒന്ന് തെളിഞ്ഞു പോലെ എനിക്ക് തോന്നി…

വീട്ടിൽ കയറി കോളിംഗ് ബെല്ലടിച്ചു…..

ആരാ…….

ഞാനാ… അമ്മയുടെ പുന്നാര പുത്രൻ…..

പാതിരാത്രി ഇറങ്ങിപ്പോയത് ആണ് എന്തിനാ വന്നത്… വാതിൽ തുറന്നു അമ്മ കണ്ണുതുറപ്പിച്ചു

അത് പിന്നെ.. പ്രിയയുടെ അമ്മയ്ക്ക് വയ്യ…… ഹോസ്പിറ്റലിൽ കൊണ്ടുപോയി… അവരവിടെ പുതിയത് ആയതുകൊണ്ട് ചുറ്റുവട്ടവുമായി  പരിചയമില്ല അതാ

കുഴപ്പമൊന്നുമില്ലല്ലോ അല്ലേ… അല്ല നിന്റെ വണ്ടി എവിടെ….?????

അത് ഞാൻ വിറ്റു… അമ്മയുടെ മുഖത്ത് ഞാൻ നോക്കിയില്ല മൂപ്പരുടെ കയ്യിൽ കിടന്ന ഒരു വള ഇപ്പോഴും പണയത്തിലാണ് കാരണം എന്റെ വണ്ടി തന്നെ അത്രയ്ക്ക് വാശി പിടിച്ചു വാങ്ങിയതാണ്…..

ഒന്നും മിണ്ടാതെ അമ്മ അകത്തേക്ക് തന്നെ നടന്നു ദേഷ്യവും സങ്കടവും വന്നാൽ അടുക്കളയിലെ സ്റ്റീൽ പാത്രങ്ങളോടാണ് അമ്മയ്ക്ക് സംസാരം മുത്തൻ  ചെക്കനെ തല്ലിയാൽ അത് അമ്മയ്ക്കാണ് നാണക്കേട് എന്നാണ് അമ്മയുടെ പക്ഷം…..

ഞാൻ പിന്നാലെ തന്നെ വിട്ടു.. പക്ഷേ മൂപ്പര് കൂളായി തന്നെ നിൽക്കുന്നു…

എങ്ങനെയ അമ്മേ ഞാനവരോട് കാശ് ചോദിക്കുക  ഒരു പെൺകുട്ടി അല്ലേ അത് ഇന്ന് കരയുക അല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്ന കണ്ടപ്പോൾ എന്തോ.. അമ്മയോട് ചോദിക്കണമായിരുന്നു…. തെറ്റാണ്…….

അമ്മ ചിരിച്ചു…. നല്ലത് അല്ലേ ചെയ്തത് അതെങ്ങനെ തെറ്റാവുന്നത് പണമുള്ളവർ ഒരുപാടുണ്ടാവും പക്ഷേ സഹായിക്കാനുള്ള മനസ്സ് അത്രപേർക്ക് ഉണ്ടാവില്ല  നിനക്ക് അത് ഉണ്ടെങ്കിൽ അത് നല്ലത് തന്നെയാണ്…….

പിന്നെ കാതിനു കുറച്ചു സമാധാനം കിട്ടും ഇനി
ആ കുടു കുടു ശബ്ദം ഉണ്ടാവില്ല ഇനി… നീ വന്നു ഭക്ഷണം കഴിക്ക്…. ന്നിട്ട് പറമ്പിൽ നിന്ന് ഒരു വാഴയിലയും പൊട്ടിച്ചു കൊണ്ടുവാ ആ കുട്ടിയും ഒന്നും കഴിച്ചു കാണില്ല ഞാൻ പൊതിഞ്ഞു തരാം  നീ കൊണ്ടുപോയി കൊടുക്ക്…….

പൊതിച്ചോറുമായി ഹോസ്പിറ്റലിലേക്ക് വിട്ടു
വലിയ കുഴപ്പം ഒന്നും ഇല്ലാത്തതുകൊണ്ട്
വാർഡിലേക്ക് മാറ്റി എന്നാണ് അറിഞ്ഞത്
പേര് തപ്പിപ്പിടിച്ച് വാർഡിൽ എത്തി

നീ ഭക്ഷണം കഴിച്ചായിരുന്നോ… അമ്മ ചോറ് തന്നു വിട്ടിട്ടുണ്ട് കഴിച്ചോ……

ആ പൊതിക്ക് പകരം മറ്റൊരു ചെറിയ പൊതി
എനിക്ക് നേരെ അവൾ നീട്ടി കടലാസിൽ എന്തോ പൊതിഞ്ഞ് വച്ചിരിക്കുന്നു ഞാനൊന്ന് തുറന്നു നോക്കി ഒരു മാലയും വളയും…..

എല്ലാവരുടെയും കണ്ണ് ഞങ്ങളിൽ ആയതുകൊണ്ട് ഞാൻ പ്രിയയെ പുറത്തേക്ക് വിളിച്ചു വരാന്തയിൽ നിർത്തി ചോദിച്ചു

എന്താടോ ഇത്……

എന്റെ മാലയും വളയും ആണ് വിറ്റോ…….

ഓഹോ.. അപ്പോൾ ഞാൻ നിനക്ക് അന്യൻ ആയോ…

പിന്നെ എന്തിനാ എന്നോട് കള്ളം പറഞ്ഞത്

എന്ത് കള്ളം…..?????

വണ്ടി വർക്ക്ഷോപ്പിൽ ആണ് പറഞ്ഞത്
അതെന്തിനാ വിറ്റത്……

അതാണോ കാര്യം.. പിന്നെ ആവശ്യങ്ങൾ നടക്കാൻ… നീ ഇത് വെച്ചോ ആകെ ഉള്ളത് ഒരു നുള്ള്  പൊന്നാണ് അതുകൂടി ഇല്ലെങ്കിൽ……

അങ്ങനെയാണോ എന്നാൽ ഒരു നുള്ള് പൊന്നുകൊണ്ട് ഒരു താലി വാങ്ങി കഴുത്തിൽ കെട്ടി താ എനിക്ക് അത് മതി പിന്നെ വണ്ടിയുടെ ശബ്ദം പിന്നിൽ ഉണ്ടെങ്കിൽ മുന്നോട്ട് നടക്കാൻ എനിക്ക് നല്ല ധൈര്യമാണ്…

ധൈര്യം കൂടെ തന്നെയുണ്ട് പിന്നിലല്ല ഒപ്പം തന്നെ
അതുകൊണ്ട് ഇത് നിന്റെ കയ്യിലും കഴുത്തിലും കിടക്കുന്നത് തന്നെയാണ് അതിന്റെ ഭംഗി
ആ അവളുടെ കയ്യിൽ വച്ചു കൊണ്ടുതുകൊണ്ട് പറഞ്ഞു… പോയി ഭക്ഷണം കഴിച്ചോ അമ്മായിഅമ്മ സ്പെഷ്യൽ ഉണ്ട് അതിൽ……

പിന്നെ  വണ്ടി വിറ്റത് നിന്നോട് ആരാ പറഞ്ഞത്..

ഞാൻ കണ്ടു വർഷോപ്പിൽ അല്ല സെയിലിൽ  വണ്ടി ഇട്ടിരിക്കുന്നത് ബസിൽ പോവുമ്പോൾ..

അത്യാവശ്യം ആയതുകൊണ്ട് അടുത്തുള്ള കടയിൽ തന്നെ വിൽക്കേണ്ടി വന്നു…..

അതിങ്ങനെ ഒരു പണി തരും എന്ന് കരുതിയില്ല
പിന്നെ കോളേജിൽ പഠിക്കുമ്പോൾ തൊട്ട് തന്നെ ഞാൻ അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു..

ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ പ്രാരാബ്ധത്തിൽ കഥ പറഞ്ഞ ഒരു പെണ്ണ്
അമ്മയാണ് വലുത് എന്ന് പറഞ്ഞു മുഖം തിരിച്ച ഒരാൾ .ഇഷ്ട്ടം ആ അമ്മയോട് തന്നെ നേരിട്ട് പറഞ്ഞപ്പോൾ പുഞ്ചിരിച്ച പെണ്ണ്…..

എടോ കണ്ണ് തുടക്ക്….. മുഹൂർത്തത്തിന് സമയമായി പോവണ്ടേ…. ഞാൻ പ്രിയയെ തട്ടിവിളിച്ചു…..

അമ്മ…. അവള് ഫോട്ടോയിൽ നോക്കി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു……

വലതുകാൽ വെച്ച്  കയറി വരുന്ന സ്വപ്നങ്ങൾക്ക്  പിന്നിൽ  ഒരമ്മയോ അച്ഛനോ ഉണ്ടാവും അവരുടെ വിയർപ്പിലും അധ്വാനത്തിനും ഉരുകിയൊലിച്ച ആ ലോഹത്തിനും പറയാനുണ്ടാവും ചില കഥകൾ

മനസ്സിലാക്കി സ്നേഹിക്കുന്നവർക്ക് ആ ഇത്തിരിപൊന്ന് തന്നെ ധാരാളമാണ് കാരണം അവരുടെ ഇഷ്ടം ആ പൊന്നിനോട് ആവില്ല
എന്നതാണ് സത്യം…..

സ്വത്തിനും പണത്തിനും വേണ്ടിയുള്ള കൊലപാതകങ്ങളും  പ്രണയവുമെല്ലാം
കെട്ടുകഥകളായി പൊടിപിടിച്ചു കിടക്കുന്ന ഒരു കാലം വരട്ടെ …..

Leave a Reply

Your email address will not be published. Required fields are marked *