ഒരിക്കൽ ഇവരുടെ സ്ഥാനത്തു ഞാനും നിന്നിട്ടുണ്ട് ആരു… ഒരിക്കലും ഭിക്ഷയ്ക്ക് വേണ്ടിയല്ല. എന്നെകൊണ്ട് പറ്റുന്നത് പോലെ..

ഇന്നലെകൾ
(രചന: വൈഗ ലക്ഷ്മി)

കോളേജ് വരാന്തയിൽ സമറിനെ കാത്തിരിക്കുമ്പോൾ ആര്യയുടെ മനസ്സിൽ അവൻ ഇനി എന്താണ് പറയാൻ പോകുന്നതെന്ന ചിന്തയായിരുന്നു….

ഇന്നലെ കോളേജിലെ ക്ലാസ്സ്‌ അല്പം നേരത്തേ കഴിഞ്ഞു. അവനുമായി കുറച്ചു സമയം ഒരുമിച്ച് ചിലവിടാൻ നല്ല സമാധാനപരമായ സ്ഥലത്തേക്ക് പോകാൻ വേണ്ടിയാണ് മെട്രോ സ്റ്റേഷനിലേക്ക് നടന്നത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു കുട്ടി വന്നു കാലിൽ പിടിച്ചു എന്തെങ്കിലും കൊടുക്കാൻ പറഞ്ഞത്. ഒരു തെരുവ് കുട്ടി വന്നു കാലിൽ പിടിച്ചപ്പോൾ വല്ലാതെ ദേഷ്യം വന്നു. കാൽ വലിച്ചു കുടയുമ്പോൾ ആ മോൻ ദൂരെക്ക് തെറിച്ചു വീഴുമെന്നോ, തല മുറിയുമെന്നോ സ്വപ്നത്തിൽ പോലും കരുതിയില്ല.

അവന് മരുന്ന് കൊടുക്കാനും, ആഹാരം വാങ്ങി കൊടുക്കാനുമെല്ലാം സമറിനു വല്ലാത്തൊരു ആവേശമായിരുന്നു. തന്റെ ഭാഗത്താണ് തെറ്റെങ്കിലും അവന്റെ പ്രവൃത്തി ആ സമയം അംഗീകരിക്കാൻ കഴിഞ്ഞില്ല. അത് കാരണമാണ് ദേഷ്യപ്പെട്ടത്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ സമർ ആ സ്ഥലത്ത് വെച്ചു പൊട്ടി തെറിച്ചു…

“”ജീവിതത്തിൽ എന്തും ആഗ്രഹിക്കുമ്പോൾ മുന്നിൽ വന്നു പഠിച്ച നിനക്കൊന്നും ഇവരുടെ ജീവിതത്തെ കുറിച്ചു അറിയില്ല. അല്ലെങ്കിലും നീയൊന്നും അത് അറിയാൻ ശ്രമിച്ചിട്ടുമില്ലല്ലോ…. ഒരിക്കലെങ്കിലും, ഈ കുഞ്ഞിന്റെ സ്ഥാനത്തു നീ നിന്നെ തന്നെ ഒന്ന് സങ്കല്പിച്ചു നോക്ക് ആര്യാ… ഒരിക്കലും ഇങ്ങനെ നീ ചെയ്യില്ല.

ചെയ്തത് തെറ്റായി പോയെന്ന് ഒരു തവണയെങ്കിലും നീ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്ര ദേഷ്യം വരില്ല. പക്ഷെ തെറ്റിനെയും ന്യായികരിക്കാൻ നീ കണ്ട് പിടിക്കുന്ന വാദങ്ങൾ.. ഇനിയും നീയിങ്ങനെ എന്റെ മുന്നിൽ നിന്നാൽ ഏറ്റവുമടുത്ത സുഹൃത്തെന്നോ, ഒരു പെൺകുട്ടിയെന്ന പരിഗണനയോ ഞാൻ തന്നെന്നു വരില്ല… ഒന്ന് പോയ്‌ തരുമോ പ്ലീസ്…?????””

പെട്ടെന്നുള്ള സമറിന്റെ പെരുമാറ്റത്തിൽ സങ്കടം തോന്നിയിരുനെങ്കിലും, അവന്റ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ പതിയെ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് നടന്നു… ഒരു പിൻവിളി പ്രതീക്ഷിച്ചിരുനെങ്കിലും അതുണ്ടായില്ല…. പക്ഷെ രാത്രിയിൽ ഒരു മെസ്സേജ് മാത്രം… ഇന്ന് കോളേജിൽ സ്ഥിരം മീറ്റിംഗ് സ്ഥലത്ത് കാണണമെന്ന്… സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവൻ ഒഴിഞ്ഞു മാറി….

ചിന്തകൾ പലവഴി പോയപ്പോഴേക്കും കണ്ടു കൈയിലൊരു ബുക്കും, ബാഗുമായി സമർ നടന്നു വരുന്നത്. അവനെ നോക്കാൻ ഒരു മടിയുണ്ടായിരുനെങ്കിലും, ഇന്നലെ നടന്നത് ഒന്നും തന്നെ ഓർമയില്ലെന്ന രീതിയിലുള്ള അവന്റെ പ്രതികരണം കണ്ടതും അറിയാതെ നെറ്റി ചുളിഞ്ഞു…

“”ഇന്ന് നീ ക്ലാസ്സിൽ കയറിയില്ലേ????””

വന്നയുടനെ ചെക്കന്റെ ചോദ്യം കേട്ടതും ദേഷ്യം വന്നെങ്കിലും, എല്ലാം ക്ഷമിച്ചു. കാരണം ഇവിടെ ആവിശ്യം തന്റെയാണെല്ലോ…

“”കയറിയില്ല….””

“”ഹ്മ്മ്… നമുക്ക് വെറുതെയൊന്നു പുറത്ത് പോയാലോ??? നിന്റെ ഫേവരിറ്റ് സ്ഥലത്ത് തന്നെ പോകാം… ലോധി ഗാർഡൻസ്….””

“”ഹ്മ്മ്… ഓക്കേ….””

കൂടുതലൊന്നും പറയാതെ അവന്റെ കൂടെ നടക്കുമ്പോൾ എന്താണ് അവന്റെയുള്ളില്ലെന്ന് എത്രയാലോചിച്ചിട്ടും മനസിലായില്ല…

മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രയിൽ, റോഡിൽ കുറെ കുട്ടികളെ കണ്ടപ്പോൾ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ഓർമ വന്നു. പക്ഷെ എന്ത് കൊണ്ടോ കുറ്റബോധം തോന്നിയില്ല… കാരണം അങ്ങനെ തോന്നേണ്ട കാര്യമില്ലല്ലോ. ഏതോ അനാഥ പിള്ളേർ… എന്തിനു അവർക്ക് വേണ്ടി താൻ കണ്ണീർ പൊഴിക്കണം?????

“”ഒരിക്കൽ ഇവരുടെ സ്ഥാനത്തു ഞാനും നിന്നിട്ടുണ്ട് ആരു… ഒരിക്കലും ഭിക്ഷയ്ക്ക് വേണ്ടിയല്ല. എന്നെകൊണ്ട് പറ്റുന്നത് പോലെ അച്ഛനൊരു താങ്ങാകാൻ… കഴിഞ്ഞ ദിവസം നീ ചെയ്യ്തത് പോലെ പലരും ചെയ്തിട്ടുണ്ട്. തകരുന്ന നിമിഷങ്ങളിൽ താങ്ങാകാൻ ആരുമില്ലായിരുന്നു.

എനിക്ക് പഠിക്കണം, പഠിച്ചു വലിയ നിലയിലെത്തണം, അച്ഛനെ സഹായിക്കണമെന്ന ലക്ഷ്യമല്ലാതെ…. ഇന്നലെ ആ മോനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്നെ തന്നെ ഓർത്തു. അതാണ്‌ നിന്നോട് ദേഷ്യപ്പെട്ടത്. സോറി…””

പെട്ടെന്ന് സമാധാനമായി സമർ പറഞ്ഞതും, ആര്യ അവനെ കാര്യം മനസിലാകാതെ നോക്കി. കാരണം, ഇന്നലെ ഒന്ന് പറഞ്ഞു രണ്ടിന് തന്നോട് ദേഷ്യപ്പെട്ടവനല്ല ഇപ്പോൾ ഇത്രയധികം സമാധാനത്തോടെ നിൽക്കുന്നത്….

വൈകുന്നേരമായതു കൊണ്ട് തന്നെ മെട്രോയിൽ നല്ല തിരക്കാണ്. സാഹചര്യം മനസ്സിലാക്കി ആര്യ ലേഡീസ് കമ്പാർട്മെന്റിലും സമർ ജനറൽ കമ്പാർട്മെന്റിലുമായിരുന്നു കയറിയത്. അവിടെ നിന്നും അവർ നേരെ പോയത് ലോധി ഗാർഡനിലേക്കാണ്. സമാധാനത്തോടെ സംസാരിക്കാൻ അതിലും നല്ല സ്ഥലമില്ലെന്ന് അവന് തോന്നി…

“”എന്താ ആര്യ??? നിനക്കെന്നോട് ഒന്നും തന്നെ ചോദിക്കാനില്ലേ??? വന്നപ്പോൾ മുതൽ ഈ നിശബ്ദത???””

എപ്പോഴും എന്തെങ്കിലും സംസാരിക്കുന്നവളുടെ ഈ മൗനം എന്ത് കൊണ്ടോ അവനിൽ അസ്വസ്ഥതയുണ്ടാക്കി…

“”ഞാൻ പ്രത്യേകിച്ച് എന്ത് ചോദിക്കാൻ??? ഇന്നലെ എന്നോട് നീ ദേഷ്യപ്പെട്ടു… ഇന്ന് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്ന വഴിയിൽ എന്തൊക്കെയോ പറഞ്ഞു.. ശരിക്കും ഞാൻ എന്താ പറയേണ്ടത്???””

“”അത് പ്രത്യേകിച്ച് മനസിലാക്കാൻ ഒന്നുമില്ല ടി…എന്റെ ജീവിതമാണ് ഞാൻ നിന്നോട് പറഞ്ഞത്….””

ആര്യയിൽ നിന്നും മറുപടിയൊന്നുമില്ലെന്ന് കണ്ടതും, സമർ അവളോട് അവന്റെ ജീവിതം പറയാൻ തുടങ്ങി…

“”നീ ഈ കാണുന്നത് മാത്രമല്ല പെണ്ണെ സമർവീർ… നിനക്കറിയാത്ത, ആരോടും പറയാൻ ഞാൻ താല്പര്യപ്പെടാത്ത ഒരു സമറുണ്ട്. എന്റെ അച്ഛൻ ഒരു റിക്ഷാക്കാരനാണ്. ഈ ഡൽഹിയിൽ സൈക്കിൾ ചവിട്ടുന്നൊരാൾക്ക് ഒരു ദിവസം എത്ര രൂപ കിട്ടുമെന്ന് നിനക്ക് ചിന്തിക്കാമല്ലോ…

വീട്ടിൽ അമ്മയും ഞാനും രണ്ടനിയന്മാരും. ദിവസവും അച്ഛൻ കൊണ്ട് വരുന്നത് ഞങ്ങൾക്ക് അരി വാങ്ങാൻ പോലും തികയില്ല. ചില ദിവസം ഈ റിക്ഷാക്കാർ തമ്മിൽ വഴക്കിടും. അങ്ങനെയുള്ളപ്പോൾ സൈക്കിൾനു എന്തെങ്കിലും കുഴപ്പം പറ്റിയാൽ പിന്നീട് രണ്ട് ദിവസത്തേക്ക് ഞങ്ങൾ പട്ടിണിയാണ്.

പഠിക്കണമെന്നുള്ള ആഗ്രഹം കാരണം സർക്കാർ സ്കൂളിൽ ചേർന്നു. കൈയിൽ ഒന്നുമില്ലെങ്കിലും അച്ഛന്റെ സ്വപ്നമായിരുന്നു ഞങ്ങളെ നന്നായി നോക്കണമെന്ന്. ഒരു പരിധി വരെ ആ പാവം മനുഷ്യൻ അതിന് ശ്രമിച്ചിട്ടുമുണ്ട്.

അങ്ങനെയുള്ളപ്പോഴാണ് ഒരു ഡിസംബറിൽ ടൈഫോയ്ഡ് വന്നു അച്ഛൻ പോയത്.. അസുഖമറിയാൻ വൈകി. അറിഞ്ഞപ്പോഴേക്കും ആൾ ഞങ്ങളെ വിട്ടു പോയിരുന്നു. വെറും പത്തു വയസായിരുന്നു എന്റെ പ്രായം…. അത് വരെ വീടിന്റെ പുറത്തെ ലോകം എന്താണെന്ന് പോലുമറിയാത്ത അമ്മ, ഞങ്ങൾക്ക് വേണ്ടി വീടുകളിൽ പണിയ്ക്ക് പോയി തുടങ്ങി. അനിയന്മാർക്ക് ഏഴു വയസും രണ്ട് വയസും മാത്രം…

അമ്മയെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് തോന്നി. അടുത്ത വീട്ടിലെ ചേട്ടന് ഒരു സ്റ്റേഷനറി കടയുണ്ടായിരുന്നു. ചേട്ടൻ ഞാൻ കാര്യം പറഞ്ഞപ്പോൾ കുറച്ചു കുറഞ്ഞ പേനയെടുത്തു തന്നിട്ട് പറഞ്ഞു ഇത് വിൽക്കാൻ.

എന്തോ അത് നിരസിക്കാൻ തോന്നിയില്ല. ഞാനും അനിയനും ആ പേനയും കൊണ്ട് പലരുടെയും മുന്നിൽ പോയി. കൈയിൽ കുഞ്ഞനും കാണും. പക്ഷെ പലരുടെയും പ്രതികരണം നിനക്ക് ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു…

ഒരു തവണ ഞാൻ കള്ളനാണെന്ന് കരുതി ഒരാൾ പിടിച്ചു തള്ളി, തല തറയിലിടിച്ചു എത്ര മാത്രം ചോര പോയെന്നറിയുമോ നിനക്ക്??? പക്ഷെ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല. കാരണം അവൻ തെരുവിന്റെ കുട്ടിയാണല്ലോ… പക്ഷെ പിന്മാറാൻ ഞാനും തയ്യാറല്ലായിരുന്നു. കാരണം എനിക്കും ജീവിക്കണം…. എന്റെ അനിയന്മാരെ പൊന്ന് പോലെ നോക്കണം… വാശിയാരുന്നു അത്…

കുറച്ചു കൂടെ വളർന്നപ്പോൾ ഹോട്ടലിൽ പണിയ്ക്ക് പോയി. അവിടെ പിന്നെ പറയേണ്ടല്ലോ. ഓർഡർ ചെയ്ത സാധനം മുന്നിൽ കൊടുക്കാൻ അല്പം താമസിച്ചാൽ പോലും പലതും പറയുന്നവർ… എല്ലാം കണ്ടിട്ടും കാണാത്തത് പോലെ നടിച്ചു. ഒരുപാട് സങ്കടം വരുമ്പോൾ വീട്ടിലുള്ളവരെ മനസിലാലോചിക്കും കിട്ടുന്ന പൈസയിൽ നിന്നും ചെറിയൊരു ഭാഗം എല്ലാ ദിവസവും സൂക്ഷിക്കും.

എപ്പോഴാണ് ഒരു അത്യാവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. മരുന്ന് വാങ്ങാൻ പൈസയില്ലാതായത് കൊണ്ടാണ് ഞങ്ങൾക്ക് അച്ഛനെ നഷ്ടമായത്. ഇനി ഒരിക്കൽ കൂടെ അങ്ങനെയൊരവസ്ഥയെനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു…

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ കുട്ടികൾക്കു ട്യൂഷനെടുക്കാൻ തുടങ്ങി. രാവിലെ മുതൽ ഉച്ച വരെ സ്കൂളിൽ പോകും, അതിനു ശേഷം ട്യൂഷൻ… രാത്രിയിൽ ഒരു ഭയ്യായുടെ കൂടെ ആളുടെ ഉന്തുവണ്ടിയിൽ ജോലിയ്ക്ക് പോകും.. പാത്രം കഴുകണം, ആളുകൾക്ക് ഭക്ഷണമെടുത്തു കൊടുക്കണം.

ഇതൊക്കെയായിരുന്നു ജോലികൾ. അമ്മയും ഞാനും ജോലിയ്ക്ക് പോകുന്ന സമയം അനിയന്മാർ വീട്ടിലിരിക്കും. കൈയിൽ ചെറുതായി പൈസ വരാൻ തുടങ്ങിയപ്പോൾ എന്ത് കൊണ്ടോ അവരെ കഷ്ടപ്പെടുത്താൻ തോന്നിയില്ല….

ദാ ഇന്ന് നിന്റെ മുന്നിലിരിക്കുമ്പോഴും ഞാൻ ഈ ജോലികളൊക്കെ തന്നെ ചെയ്യുന്നുണ്ട്. എന്റെ കുടുംബം ഞാൻ നോക്കുന്നത് അത്രത്തോളം കഷ്ടപ്പെട്ടിട്ടാണ്. നിനക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം…

ഇന്നലെ നീ ആ മോനെ അങ്ങനെ ചെയ്തപ്പോൾ, എനിക്ക് എന്തോ അത് ഞാനാണെന്ന് തോന്നി. ഒരുപക്ഷെ എന്നെ പോലെ തന്നെ കുടുംബം നോക്കാൻ നടക്കുന്ന കുഞ്ഞായിരിക്കില്ലേ അവനും??? എന്നെ പ്രതീക്ഷിച്ചു എന്റെ അനിയന്മാരിരിക്കുന്നത് പോലെ അവന്റെ വീട്ടിലും കാണില്ലേ ഒരു കുഞ്ഞനിയൻ???

ഒരിക്കലും നിന്നോട് മോശമായി പെരുമാറണമെന്ന് കരുതിയതല്ല. പക്ഷെ പറ്റിപ്പോയി… ക്ഷമിക്കടി നീയെന്നോട്… നിന്റെ സാമല്ലേ… “”

ഒരു പുഞ്ചിരിയോടെയാണ് അവൻ പറഞ്ഞു നിർത്തിയതെങ്കിലും, ആര്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇത്രനാളും തന്റെ കൂടെ നടന്നവൻ, ഇത്രയധികം വിഷമങ്ങൾ സഹിച്ചിരുന്നുവെന്ന് അവൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഒന്നും സംസാരിക്കാതെ, അവന്റെ തോളിലേക്ക് ചായുമ്പോൾ ഒരു കൈകൊണ്ട് അവൻ അവളെ ചേർത്തു പിടിച്ചിരുന്നു. ഒരുപക്ഷെ വാക്കുകളെക്കാൾ വാചാലമായിരുന്നു ആ നിമിഷം അവരുടെ മൗനം….

നാം അനുഭവിക്കാത്ത കഥകളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്. ബെന്യാമിൻ പറഞ്ഞ വാക്കുകൾ… തെരുവ് കുട്ടികളെന്നും പറഞ്ഞു, നമ്മൾ തള്ളി കളയുന്നവർക്കും കാണും ഇത് പോലെ ഒരായിരം കഥ പറയാൻ….! സമറിനെ പോലെ എത്രപേർ… ആര്യയെ പോലെയും…. പക്ഷെ അതൊന്നും നമ്മൾ അറിയാറില്ലെന്ന് മാത്രം….