(രചന: J. K)
“”” അപ്പേട്ടാ ആദി വന്നിട്ടുണ്ട്…..””
പാടത്ത് എന്തൊക്കെയോ ജോലികൾ കഴിഞ്ഞ്, വന്നതാണ് പ്രഭാകരൻ എന്ന നാട്ടുകാരുടെ അപ്പേട്ടൻ… ആൾക്ക് പതിനൊന്നു മണിയാവുമ്പോൾ പൊടിയരിട്ട ഒരു കഞ്ഞി നിർബന്ധമാണ് രാവിലെ ചായക്ക് പലഹാരം അധികം കഴിക്കുക പതിവില്ല ഒരു ദോശയോ ഒരു ഇഡലിയോ മറ്റോ കഴിച്ചാൽ ആയി..
അതുകൊണ്ടുതന്നെ ശ്രീപ്രിയ കണ്ടറിഞ്ഞ് പൊടിയരി കഞ്ഞിക്ക് പപ്പടം ചുട്ടുവയ്ക്കും അത് വളരെ പ്രിയപ്പെട്ടതാണ്…
“” എങ്ങന്യാ അപ്പേട്ടൻ ഈ പൊടിയരി കഞ്ഞി ഈ പപ്പടം ചുട്ടതും കൂട്ടി കഴിക്കണേ പനി വരുമ്പോൾ കൂടി എനിക്ക് ഇത് കഴിക്കുന്നത് ഒട്ടും ഇഷ്ടമില്ല… “”
“” ഇതിന്റെ സ്വാദ് നിനക്കറിയില്ലടീ “”
എന്നും പറഞ്ഞ് ഒരു പ്ലാവില കോരി തരും അത് വായിൽ വാങ്ങുമ്പോൾ പറഞ്ഞത് സത്യമാണെന്ന് തോന്നും…. അതേ വല്ലാത്ത രുചിയാണ് അതിന്..
നേരിട്ട് കഴിക്കുമ്പോൾ ഇല്ല അപ്പേട്ടൻ എങ്ങനെ കോരി വായിൽ വച്ച് തരുമ്പോൾ..
അതുകൊണ്ടുതന്നെ കഞ്ഞി കുടിക്കാനായി വരുന്നതും കാത്തിരിക്കുക പതിവാണ് ഇന്ന് അതിന് തൊട്ടുമുമ്പാണ് ആദി കേറിവന്നത് അപ്പേട്ടന്റെ അനിയത്തി….
അറിയാമായിരുന്നു അവൾ നല്ല കാര്യത്തിന് അല്ല വന്നത് എന്ന് ഒരിക്കൽ പോലും ഒരു നന്ദിയും ആ മനുഷ്യനോട് കാണിക്കാത്ത ഒരുവൾ…
അവളുടെ കാര്യങ്ങൾ അമ്മ പോലും അല്ലായിരുന്നു നോക്കിയിരുന്നത് എല്ലാം അപ്പേട്ടൻ ആയിരുന്നു എന്നിട്ടും അവൾക്ക് ആളോട് ഇങ്ങനെ എങ്ങനെ പെരുമാറാൻ കഴിയുന്നു എന്നത് എനിക്ക് അത്ഭുതമായിരുന്നു…
എങ്കിലും ഇന്നേവരെ അദ്ദേഹത്തെ എതിർത്ത് ഞാനൊന്നും പറഞ്ഞിട്ടില്ല വെറുതെ ആ മനസ്സ് ഞാനായിട്ട് കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതി..
ഞങ്ങൾക്ക് വിവാഹം കഴിഞ്ഞിട്ട് കുറെ നാൾ കുഞ്ഞുങ്ങളിൽ ആയിരുന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞതും അതാണ് നമുക്ക് ആദി ഉണ്ടല്ലോ എന്ന്…
പക്ഷേ അങ്ങനെയൊരു ആശ്വാസം വെറുതെയാണെന്ന് എനിക്ക് കുറച്ചുനാൾ കൊണ്ട് തന്നെ മനസ്സിലായിരുന്നു…
കഞ്ഞി കുടിക്കാൻ എത്തിയ ആളോട് ആദി വന്നിട്ടുണ്ട് എന്ന് പറഞ്ഞതും ആ മുഖം മങ്ങുന്നത് കണ്ടു…
ഒരുകാലത്ത് ആ മനുഷ്യൻ ജീവിച്ചത് തന്നെ അവൾക്ക് വേണ്ടിയാണ്… എന്നിട്ട് അവൾ തിരിച്ചു കൊടുത്തത് അദ്ദേഹത്തിന് ഇപ്പോഴും സഹിക്കാൻ കഴിഞ്ഞിട്ടില്ല..
ഒരു മുഴുക്കുടിയൻ ആയിരുന്നു അവരുടെ അച്ഛൻ അമ്മയെ എപ്പോഴും ഉപദ്രവിക്കുക പതിവായിരുന്നു കുഞ്ഞായിരുന്നപ്പോൾ തന്നെ അത് കണ്ടു വളർന്നതാണ് അപ്പേട്ടൻ..
അച്ഛനെ തടയാൻ ചെല്ലുമ്പോൾ ഒക്കെ ഏട്ടനെയും അയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു അതുകൊണ്ട് അമ്മ അപ്പേട്ടനെ തടയാൻ സമ്മതിക്കില്ല എല്ലാം മൗനമായി സഹിക്കും….
ഒരിക്കൽപോലും അച്ഛൻ ചേർത്തു പിടിച്ചിട്ടില്ല അപ്പേട്ടനെ… അച്ഛന്റെ സ്നേഹമൊക്കെ ഒരു സ്വപ്നമായിരുന്നു ആൾക്ക്..
അങ്ങനെ അപ്പേട്ടൻ പത്താം ക്ലാസിൽ എത്തിയപ്പോൾ ആണ് അമ്മ ഗർഭിണിയാണ് എന്ന് അറിയുന്നത്…
അപ്പേട്ടനെ ഓർത്തായിരുന്നു അമ്മയ്ക്ക് ആദി മുഴുവൻ ഈ കാര്യം അപ്പേട്ടൻ എങ്ങനെ എടുക്കും എന്ന് എല്ലാവരും അറിയുമ്പോൾ കളിയാക്കലുകൾ സഹിക്കേണ്ടിവരുന്നത് കൂടുതലും അപ്പേട്ടൻ ആകുമല്ലോ..
അപ്പേട്ടന് പക്ഷേ വളരെയധികം സന്തോഷമായിരുന്നു തനിക്ക് കൂട്ടായി ഒരാൾ കൂടി വരാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ..
ഒരു ഏട്ടൻ ആയിട്ടല്ല അച്ഛനായിട്ടാണ് ആ കുഞ്ഞിനെ അദ്ദേഹം സ്നേഹിച്ചത്..
ഏറെ വൈകാതെ അച്ഛനും കൂടി മരിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ അപ്പേട്ടൻ ആ കുഞ്ഞിന് അച്ഛനാവുകയായിരുന്നു…
അവളുടെ എല്ലാ ചെറിയ കുറുമ്പുകളും അപ്പേട്ടൻ നടത്തി കൊടുത്തു അവൾ എന്തുവേണമെന്ന് പറഞ്ഞാലും അതെല്ലാം വാങ്ങിക്കൊടുത്തു അവളെ പൊന്നുപോലെയായിരുന്നു കൊണ്ട് നടന്നത് ഇതിനിടയിൽ സ്വന്തം ജീവിതം പോലും മറന്നു…
വിവാഹ കാര്യം അമ്മ എടുത്തിടുമ്പോൾ പിന്നെ ആവട്ടെ എന്നായിരുന്നു മറുപടി…
ഒടുവിൽ അമ്മ തന്നെയാണ് അപ്പേട്ടനെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്…
തന്നെ പെണ്ണുകാണാൻ വന്നപ്പോഴും ചോദിച്ചത് അതായിരുന്നു എന്റെ ആദി മോളെ സ്വന്തം കുഞ്ഞിനെ പോലെ നോക്കാൻ കഴിയുമോ എന്ന്..
എനിക്ക് അസൂയ തോന്നിയിരുന്നു അവരുടെ ആ സ്നേഹം കണ്ട് ഇത്രമേൽ അനിയത്തിയെ സ്നേഹിക്കുന്ന ഒരു ഏട്ടനെ കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യം തന്നെയാണ്..
ആ കൂട്ടത്തിൽ ചേരാൻ എനിക്കും കൊതിയായി അതുകൊണ്ടാണ് പ്രായത്തിൽ ഇത്രയും വ്യത്യാസമുണ്ടായിരുന്നത് പോലും ഈ വിവാഹത്തിന് സമ്മതമാണ് എന്ന് ഞാൻ അറിയിച്ചത്…
വിവാഹം കഴിഞ്ഞതോടെ മനസ്സിലായിരുന്നു എത്രത്തോളം അവളുടെ കാര്യങ്ങൾ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് എന്ന് അത് കഴിഞ്ഞ് എനിക്ക് പോലും ആ വീട്ടിൽ സ്ഥാനം ഉണ്ടായിരുന്നുള്ളൂ…
അമ്മ കൂടി പോയതോടുകൂടി അവളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയായി ആൾക്ക്… അവൾക്കുവേണ്ടി എന്തൊക്കെ ചെയ്താലും അദ്ദേഹത്തിന് മതിയാവില്ലായിരുന്നു..
സമ്പാദിക്കുന്ന പണം മുഴുവൻ അവൾക്കായാണ് ചെലവാക്കിയത് അവൾക്ക് വേണ്ടി അവളുടെ വിവാഹത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് അവൾക്കുള്ള സ്വർണവും വിവാഹത്തിനുള്ള പണവും എല്ലാം അദ്ദേഹം കൂട്ടി വച്ചിരുന്നു…
എന്നിട്ടും അപ്പോൾ പരിചയപ്പെട്ട ഒരുത്തനുവേണ്ടി അവൾ അപ്പേട്ടനെ തള്ളി പറഞ്ഞപ്പോൾ ആ മനസ്സ് എന്തുമാത്രം തകർന്നിട്ടുണ്ടാവും എന്ന് എനിക്കറിയാമായിരുന്നു… ചേർത്തു നിർത്തി ആളെ ഈ വിധത്തിൽ ശരിയാക്കിയെടുത്തത് ഞാനാണ്..
എന്നിട്ട് പിന്നീട് എല്ലാവരും കൂടി പറഞ്ഞപ്പോൾ അപ്പേട്ടൻ മാപ്പ് കൊടുക്കാൻ തയ്യാറായിരുന്നു…
മാപ്പുകൊടുത്ത അവളെയും അവൾ തെരഞ്ഞു കണ്ടു പിടിച്ച അവളുടെ ഭർത്താവിനെയും വീട്ടിലേക്ക് കയറ്റി.
അവൾക്ക് വേണ്ടി എടുത്തു വച്ച സ്വർണവും പണവും എല്ലാം അവൾക്ക് തന്നെ കൊടുത്തു…
അത് വാങ്ങിപ്പോയി ഇപ്പൊ വന്നിരിക്കുന്നത് ഈ വീടിന്റെയും സ്ഥലത്തിന്റെയും പാതി അവകാശം അവൾക്ക് വേണമെന്ന് പറഞ്ഞിട്ടാണ്…
ഇതൊക്കെ അച്ഛന്റെയും അമ്മയുടെയും സ്വത്തുക്കളാണ്. ഇതിൽ അവൾക്ക് കൂടി അവകാശമുണ്ട് എനിക്ക് ഒരു നിമിഷം അവളോട് തോന്നിയ വെറുപ്പ് ഭയങ്കരമായിരുന്നു..
കാരണം ഇത്രയും അവൾക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവിച്ച ആ മനുഷ്യനെ ഒരു വിലയും കൽപ്പിക്കാതെ സ്വത്തിനു വേണ്ടി മാത്രം ഇങ്ങോട്ട് വന്നവളെ എനിക്കെന്തോ വല്ലാതെ അങ്ങ് വെറുത്തു പോയി…
വന്നപാടെ അവൾ പറഞ്ഞത് അതായിരുന്നു സ്വത്തിന്റെ കാര്യം. പക്ഷേ അപ്പേട്ടൻ വന്നപ്പോൾ ഞാൻ അത് ആദ്യമേ പറയാൻ നിന്നില്ല കാരണം എനിക്ക് അറിയാമായിരുന്നു ഇപ്പോഴും ആ മനസ്സിൽ അവളെ കഴിഞ്ഞ വേറെ ആർക്കും സ്ഥാനമുള്ളൂ എന്ന് ഒരിക്കൽ പോലും അവളാ മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്ന് തോന്നുന്നു മുതലെടുപ്പ് മാത്രം…
അവൾ ആയിട്ട് തന്നെ പറഞ്ഞോട്ടെ എന്ന് വിചാരിച്ചു..
അതിന് അവൾക്ക് എത്ര മടിയൊന്നും ഉണ്ടായിരുന്നില്ല അപ്പേട്ടനോട് അവൾ കാര്യം അവതരിപ്പിച്ചു…
അവരുടെ കാര്യം ഇത്തിരി പരുങ്ങലിൽ ആണ് അതുകൊണ്ടുതന്നെ അവൾക്ക് അവളുടെ ഷെയർ ഇപ്പോ കിട്ടണം എന്നൊക്കെ….
ആകെ തകർന്നു നിൽക്കുന്ന ആളെ കാണേണ്ടി വരും എന്ന് വിചാരിച്ച എനിക്ക് തെറ്റിപ്പോയി. പെട്ടന്ന് ഉറക്കെ ജീവിക്കുന്നത് കേട്ട് ഞാൻ ഞെട്ടി നോക്കി….
“””നിനക്ക് എന്തിന്റെ ഷെയറാണ് തരണം എന്ന് പറയുന്നത് ഈ വീടിന്റെയോ അതോ ഈ സ്ഥലത്തിന്റെയോ രണ്ടാണെങ്കിലും അത് എന്റെ അധ്വാനത്തിന്റെ ഫലമാണ്..
നിനക്ക് ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല നമ്മുടെ അച്ഛൻ മരിക്കുമ്പോഴേക്കും എല്ലാ വസ്തുക്കളും അദ്ദേഹം ബാങ്കിൽ പണയം വെച്ചിരുന്നു അത് ജപ്തിയും ആയി…. പിന്നെ ഈ വീട് വെച്ചതും ഈ സ്ഥലം വാങ്ങിയതും എല്ലാം എന്റെ അധ്വാനത്തിന്റെ ഫലമായിട്ടാണ് ഇത് പരമ്പരാഗത സ്വത്തല്ല… ഇതിൽനിന്ന് നിനക്ക് ഷെയർ തരണമെന്ന് ഒരു കോടതിയും പറയില്ല…
നിന്നെ വളർത്തിയത് വലുതാക്കിയത് നിനക്ക് വേണ്ടി ഓരോ രൂപ എടുത്തുവച്ച് നിന്റെ വിവാഹത്തിന് അത്രയും സ്വർണം ഞാൻ ഉണ്ടാക്കി വച്ചത് എല്ലാം നിനക്ക് ഞാൻ തന്ന എന്റെ ഔദാര്യമാണ്… നിനക്ക് അതിന്റെ വിലയറിയില്ല… അറിയാനും കഴിയില്ല, എന്ന് എനിക്ക് മനസ്സിലായി അതുകൊണ്ട് ഇനിയും ഇവിടെ നിന്ന് ഇതുപോലെ ചെലച്ചാൽ ഞാൻ വെറുതെ കേട്ട് നിൽക്കും എന്ന് വിചാരിക്കരുത്…””
അത് പറഞ്ഞ അകത്തേക്ക് പോകുന്ന ആളെ അത്ഭുതത്തോടെ ഞാൻ നോക്കി ഇങ്ങനെയൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല…
ആകെ അപമാനിതയായി ആദി ഇനി ആ പടി ചവിട്ടില്ല എന്ന് പറഞ്ഞു അവിടെനിന്ന് ഇറങ്ങി..
ഞാൻ വേഗം അപ്പേട്ടന്റെ അരികിൽ പോയി നോക്കി..
“”സങ്കടം ഉണ്ടോ??””
എന്ന് ചോദിച്ചപ്പോൾ ഒട്ടും ഇല്ല എന്ന് പറഞ്ഞു…
എടാ നമ്മൾ എന്തു മറ്റുള്ളവർക്ക് കൊടുക്കുമ്പോഴും അവർ അതിന് അർഹരാണോ എന്നുകൂടി നോക്കണം ഇവിടെ ഞാൻ അത് നോക്കിയിരുന്നില്ല അതിന്റെ ഫലമാണ് എനിക്ക് കിട്ടിയത്..
പെങ്ങളായാലും ഭാര്യയായാലും അമ്മയായാലും നിർത്തേണ്ടിടത്ത് നിർത്തണം..
വല്ലാതെ തലയിൽ കേറ്റി വയ്ക്കരുത് അവനവന്റെ കാര്യത്തിനും കുറച്ച് ഇമ്പോർട്ടൻസ് കൊടുക്കണം..
അല്ലേ അത് ഇങ്ങനെയൊക്കെ ആവും…
അതും പറഞ്ഞ് എന്റെ വായിലേക്ക് ഒരു കോരി കഞ്ഞി നീട്ടി….
അവൾക്ക് തിരിച്ചറിയാൻ പറ്റാതെ പോയ വാത്സല്യത്തിന്റെ സ്വാദ് ഞാനപ്പോൾ നുണയുകയായിരുന്നു….