ഒരു അമ്മയുടെ ജനനം
(രചന: Vandana M Jithesh)
വലിയ നിലക്കണ്ണാടിയിൽ അനാവൃതമായ തൻ്റെ ആകാരഭംഗിയിലേക്ക് മീര ഉറ്റുനോക്കി..
ഒതുക്കമുള്ള മാ റി ടങ്ങളും, ഭംഗിയുള്ള അ ര ക്കെട്ടും മനോഹരമായ മുടിയിഴകളും… മുപ്പതാം വയസ്സിലും ഉടഞ്ഞു പോകാത്ത സൗന്ദര്യമോർത്ത് അവൾ ഒന്നുകൂടി തലയുയർത്തിപ്പിടിച്ചു.
“എങ്ങനെയുണ്ട്.. ഞാൻ സുന്ദരിയായില്ലേ ? ” അലസമായി ബെഡിൽ ഫോൺ നോക്കിക്കിടന്ന രാജീവ് അവളെ നോക്കി.. എട്ടുവർഷങ്ങൾക്ക് മുൻപ് തൻ്റെ കൈ പിടിച്ച അതേ മീര തന്നെ…
“നീ ഞാനറിയാതെ വല്ല മ രു ന്നും കഴിക്കുന്നുണ്ടോ”
മീര സംശയത്തോടെ നോക്കി..
“അല്ലാ.. ഈ പുരാണത്തിലൊക്കെ പറയുന്ന പോലെ .. വയസും പ്രായവും ആവാതിരിക്കാൻ”
ആ തമാശ ആസ്വദിച്ച് മീര മനോഹരമായി പുഞ്ചിരിച്ച് കണ്ണാടിയിലേയ്ക്ക് തിരിഞ്ഞു .. രാജീവ് ഒരു കുസൃതിച്ചിരിയോടെ എണീറ്റു.. പിന്നെ അവളുടെ കാതോരം പറഞ്ഞു..
“പക്ഷേ നീ കൂടുതൽ സുന്ദരിയാവുന്നത് ഇങ്ങനെ ആവുമ്പോഴാണ് … ”
കണ്ണാടിയിൽ തൻ്റെ പ്രതിരൂപം കണ്ട മീരയുടെ ചിരി മാഞ്ഞു .. അവൾ അയാൾ തൻ്റെ സാരിക്കിടയിലേയ്ക്ക് വച്ച തലയണ വലിച്ചെടുത്ത് തിരിച്ചേൽപ്പിച്ചു.. രാജീവിൻ്റെ മുഖം മങ്ങി ..
“രാജീവ്.. ഞാൻ പല തവണ പറഞ്ഞു.. ഇനിയും പറയുന്നു .. എനിക്ക് ഇതൊന്നും പറ്റില്ല.. എൻ്റെ ശരീരം ..ആരോഗ്യം.. സൗന്ദര്യം .. കരിയർ.. ഇതൊക്കെ ബലി ക ഴിച്ച് കു ഞ്ഞ്.. കു ട്ടി.. എന്നൊക്കെ പറഞ്ഞിരിയ്ക്കാൻ പറ്റില്ല.. I h a te that .. ഞാൻ ആദ്യമേ പറഞ്ഞതല്ലേ.. s till …. ”
അവൾ കണ്ണുകൾ നിറച്ചു.. കിതച്ചു .. മുഖം ചുവന്നു .. അയാളും വല്ലതായി…
“cool മീര … just leave that.. Am sorry” തല കുനിച്ചു നിന്ന അയാളുടെ കവിളിൽ ചുംബിച്ച ശേഷം അവൾ ഇറങ്ങിപ്പോയി..
അയാൾ നിർവികാരനായി ബെഡിലിരുന്നു..
“ശരിയാണ്.. അവൾ ആദ്യമേ പറഞ്ഞതാണ്.. അവൾക്ക് അമ്മ യാവാൻ വയ്യെന്ന്.. അന്ന് താനത് ചെവിക്കൊണ്ടില്ല .. ആദ്യകാഴ്ചയിൽ തന്നെ അത്രമേൽ ഇഷ്ടപ്പെട്ടു പോയി ..
തൻ്റെ ആദ്യ പ്രണയം… വിട്ടു കളയാൻ തോന്നിയില്ല .. കൊച്ചു പെൺകുട്ടിയുടെ ചാപല്യങ്ങൾ ആണെന്ന് കരുതി.. പുതിയ ജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ എല്ലാം മാറുമെന്ന് കരുതി..
പക്ഷേ, അവൾ മാറിയില്ല .. എന്തുകൊണ്ടാണെന്നറിയില്ല .. അവൾക്ക് കു ഞ്ഞുങ്ങളെ ഇഷ്ടമല്ല..
ഒരു കു ഞ്ഞുങ്ങളേയും അവൾ എടുത്ത് കൊഞ്ചിക്കുകയോ കളിപ്പിക്കുകയോ ചെയ്യാറില്ല .. അവൾക്ക് അതൊക്കെ ദേ ഷ്യ മാണ്.. കാരണം താൻ തിരക്കിയിട്ടില്ല .. ഈ വിഷയമേ അവൾക്കിഷ്ടമല്ല.. പക്ഷേ താൻ അവളെ പ്രണയിച്ചു ..
അവൾ അതിലും ഭ്രാന്തമായി തന്നെ പ്രണയിച്ചു .. പ്രണയിച്ചു കൊണ്ടേയിരിക്കുന്നു…. പലരും പലവട്ടം പറഞ്ഞു.. പ്ര സ വിക്കാൻ വയ്യാത്തവളെ ക ളയാൻ.. പക്ഷേ വയ്യ ഇക്കാരണത്താൽ തീരെ വയ്യ…
അകലാനാവാത്ത വിധം അവൾ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്നു .. അവളില്ലാതെ വയ്യാ. പക്ഷേ, ചില നിമിഷങ്ങളിൽ മനസ് കൈവിട്ടു പോവുന്നു.. ഒരു കുഞ്ഞിളം കൈകളെ പൊതിയാൻ..
കുഞ്ഞിച്ചുണ്ടിൻ്റെ ചൂടേൽക്കാൻ .. അച്ഛാ എന്നൊരു വിളിയൊച്ച കേൾക്കാൻ .. കുഞ്ഞിക്കാലടികൾക്ക് പിറകെ ഓടാൻ .. മനസ് വല്ലാതെ വെമ്പൽ കൊള്ളുന്നു .. ”
അയാൾ ദീർഘമായി നിശ്വസിച്ചു..
അസ്വസ്ഥമായ മനസ്സോടെ മീര കാബിനിൽ ഇരുന്നു .. പ്രശസ്തമായ ഒരു കമ്പനിയിലെ സീനിയർ പ്രോഗ്രാം മാനേജർ ആണവൾ..
“രാജീവ് ഇപ്പോളും അങ്ങനെ ആഗ്രഹിക്കുന്നുണ്ടോ? താനാദ്യമേ പറഞ്ഞതല്ലേ തനിയ്ക്ക് പറ്റില്ല.. ഒരു കുഞ്ഞിനെ വളർത്താൻ പറ്റില്ല.. തനിക്കറിയില്ല..”
മീരയുടെ മുന്നിൽ സ്വന്തം മമ്മിയുടെ മുഖമായിരുന്നു.. “ഇത് കാരണം എൻ്റെ ജീവിതം തൊ ല ഞ്ഞു ” എന്ന് കുഞ്ഞു മീരയെ കൈ ചൂണ്ടിപ്പറയുന്ന മമ്മി.
കുഞ്ഞിനെ നോക്കാനായി ജോലിയ്ക്കു പോവേണ്ടെന്ന് പറഞ്ഞ പപ്പയോടും വീട്ടുകാരോടും ഉള്ള സകല ദേ ഷ്യവും കുഞ്ഞുമീരയിൽ തീർക്കുന്ന മമ്മി .. കഥകൾ പറഞ്ഞും അമ്പിളിമാമനെ കാണിച്ചും മാമൂട്ടാത്ത .. താരാട്ടുപാടിയും ഉമ്മകൾ തന്നും ഉറക്കാത്ത ..
നെഞ്ചോട് ചേർത്ത് കൊഞ്ചിക്കാത്ത മമ്മി .. തൻ്റെ കുഞ്ഞുകുഞ്ഞു വാശികൾക്കും മോഹങ്ങൾക്കും മീതെ , ശകാരത്തിൻ്റെയും ശിക്ഷകളുടേയും കറുത്ത കരിമ്പടമിട്ട മമ്മി .. മമ്മിയെ ഇഷ്ടമല്ലായിരുന്നു .. ദേഷ്യമായിരുന്നു ..
വളർന്നു വരുന്തോറും താൻ മമ്മിയെപ്പോലെയാണെന്ന് എല്ലാവരും പറയുമ്പോൾ ദേഷ്യം കൂടുമായിരുന്നു.. വേണ്ട തനിക്ക് മമ്മിയാവണ്ടാ.. വിവാഹം കഴിക്കാനും പ്ര സ വിക്കാനുമെല്ലാം തനിക്ക് ഭയമായിരുന്നു ..
മമ്മിയെപ്പോലെയാവുമോ എന്ന ഭയം.. ചിലപ്പോഴെങ്കിലും രാജീവിനോട് പൊട്ടിത്തെറിക്കുമ്പോൾ തോന്നാറുണ്ട്.. താൻ മമ്മി തന്നെയാണെന്ന്.. ആ ചിന്ത പോലും തന്നെ തളർത്തും..
പക്ഷേ.. രാജീവിൻ്റെ സ്നേഹം… അത് തന്നെ ദുർബലയാക്കുന്നു ..അയാളുടെ മോഹങ്ങൾ മനസിനെ ചഞ്ചലപ്പെടുത്തുന്നു.. പക്ഷേ ഒരു കുഞ്ഞ് അത് വേണ്ടാ. താൻ മമ്മിയെപ്പോലെ ആയാൽ ..
വേണ്ട ആ പരീക്ഷണത്തിന് മാത്രം മീര തയ്യാറല്ല… മീരയ്ക്ക് നല്ല ഒരമ്മ എങ്ങനെ വേണമെന്നറിയില്ല.. മീര നല്ല അമ്മയാവില്ല .. വേറൊരു മീര വേണ്ട…
നിറഞ്ഞു വന്ന മിഴികൾ അവൾ വാശിയോടെ തുടച്ചു ..
“മീരേ….” ആ വിളി കേട്ട് മീരയും രാജീവും തിരിഞ്ഞു നോക്കി.. ഒരു സായഹ്നസവാരിക്കായി ഇറങ്ങിയ അവർ ഭക്ഷണം കഴിക്കാനായി കയറിയതായിരുന്നു.
കൈക്കുഞ്ഞുമായി വരുന്ന ചെറുപ്പക്കാരിയെ മീര ഓടിച്ചെന്ന് വാരിപ്പുണർന്നു.
“പ്രിയേ…” മീരയുടെ പ്രിയ സുഹൃത്ത് പ്രിയംവദ ആയിരുന്നു അത്..
മീര രാജീവിനേയും പ്രിയയേയും പരിചയപ്പെടുത്തിയപ്പോഴേക്കും രണ്ടു കയ്യിലും ഓരോ കുസൃതിക്കുട്ടന്മാരെ പിടിച്ച് ഒരു ചെറുപ്പക്കാരൻ നിറഞ്ഞ ചിരിയോടെ വന്നു നിന്നു..
പ്രിയയുടെ ഭർത്താവ് .. പിന്നെ മക്കൾ .. പരസ്പരം പരിചയപ്പെടലിനും സൗഹൃദം പുതുക്കലിനും ശേഷം അവർ കുട്ടികളുമായി പാർക്കിലെത്തി.
സംസാരത്തിനിടയിലും കരുതലോടെ കുഞ്ഞിനെ പിടിക്കുന്ന, കളിക്കുന്ന മൂത്ത കുട്ടികളിലേയ്ക്ക് ശ്രദ്ധയോടെ നോട്ടമെറിയുന്ന പ്രിയയെ മീര സാകൂതം നോക്കി.. പ്രിയയുടെ മക്കളുമായി പാർക്കിൽ കളിച്ചു ചിരിക്കുന്ന രാജീവിൽ അവളുടെ കണ്ണുകളുടക്കി..
അയാൾ ഇളയ കുഞ്ഞിനെ വാരിയെടുത്തുയർത്തുന്നു .. മൂത്തവൻ തൻ്റെ ഊഴം കാത്ത് അക്ഷമനായി നിൽക്കുന്നു .. പൊട്ടിച്ചിരിക്കുന്ന കുട്ടികൾ.. പൊട്ടിച്ചിരിക്കുന്ന രാജീവ്..
അയാൾ എത്ര ഉത്സാഹവാനാണ് എത്ര സന്തോഷവാനാണ് രാജീവിൻ്റെ മുഖത്തെ തെളിച്ചം കണ്ട് എന്തിനെന്നറിയാതെ മീരയുടെ മിഴികൾ നിറഞ്ഞു .. രാജീവ് ഒരു കുഞ്ഞിനായി ഇത്രമേൽ ആശിച്ചിരുന്നോ…
അന്നാദ്യമായി മീരയുടെ കണ്ണുകൾ പ്രിയയുടെ കയ്യിലിരുന്ന കുഞ്ഞിനു നേർക്ക് നീണ്ടു .. ആ പാൽപ്പുഞ്ചിരി മീരയിലും പ്രതിഫലിച്ചു.. കൈകൾ യാന്ത്രികമായി നീണ്ടു..
ആ കുഞ്ഞിളം മേനി തൻ്റെ ദേഹത്ത് അമർന്നപ്പോൾ അനിർവചനീയമായ ഒരു അനുഭൂതി അവളെ തഴുകി ..
കുഞ്ഞുകൈകൾ അവളുടെ കവിളിലും കാതിലും ഓടി നടന്നു. അവളുടെ മാറിൽ കുഞ്ഞിക്കൈകൾ പതിച്ച നിമിഷം പേരറിയാത്ത ഒരു പരവശം മീരയെ മൂടി..
നീണ്ട കമ്മലിൽ പിടിച്ച് വലിച്ചും മുടികൾ വലിച്ചും കുഞ്ഞു വിരലുകൾ കുസൃതി കാട്ടി.. മീരയ്ക്ക് ദേഷ്യം വന്നില്ല .. കുഞ്ഞു നഖങ്ങൾ മീരയുടെ കവിളിൽ പോറി .. കുഞ്ഞരിപ്പല്ലുകൾ ക്ഷതങ്ങൾ ഉണ്ടാക്കി ..
മീരയ്ക്ക് ദേഷ്യം വന്നില്ല .. കുഞ്ഞിൻ്റെ കരച്ചിലും വാശിയും അവൾക്ക് അരോചകമായില്ല… തീർത്തും സ്വാഭാവികമായി മീര കുഞ്ഞുമായി നടന്നു നീങ്ങി.. പൂവിനേയും പൂമ്പാറ്റയേയും കാണിച്ച് ..
വായിൽ വന്ന കഥകൾ പറഞ്ഞ്.. എതോ പാട്ടുകൾ പാടി മീര കുഞ്ഞിനെ കളിപ്പിച്ചു .. വയറ്റിൽ മുഖമുരസി ഇക്കിളിയിട്ട് ചിരിപ്പിച്ചു .. സാരിയിൽ വീഴുന്ന ചുളിവുകളോ .. അലങ്കോലമാവുന്ന മുടിയോ അവൾ ശ്രദ്ധിച്ചില്ല..
ആ സമയം മീര സ്വയമറിയാതെ ഒരമ്മയായി മാറിയിരുന്നു .. കുഞ്ഞിനെയെടുത്ത് നിൽക്കുന്ന മീരയെ രാജീവ് കണ്ണിമയ്ക്കാതെ നോക്കി.. അവളുടെ ചിരിയ്ക്ക് ഏറ്റവും മനോഹാരിത അന്നാണെന്ന് അയാൾക്ക് തോന്നി..
പ്രിയയോടും കുടുംബത്തോടും യാത്ര പറയുമ്പോൾ മീരയ്ക്കും രാജീവിനും വല്ലായ്മ തോന്നി…
കുഞ്ഞിനെ തിരികെ ഏൽപ്പിച്ച നിമിഷം അത്രമേൽ വിലപ്പെട്ട, പ്രിയപ്പെട്ട എന്നോ കൈമോശം വന്നതു പോലെ മീരയ്ക്ക് തോന്നി.. മടക്കയാത്രയിൽ ഇരുവരും നിശ്ശബ്ദരായിരുന്നു ..
ഇത്രയേറെ സന്തോഷം തരാൻ.. സ്വാധീനിക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയുമോ? മീര ചിന്തിതയായിരുന്നു ..
ചിരി വറ്റിയ രാജീവിൻ്റെ മുഖം കാണവേ നെഞ്ചിൽ സൂചി തുളയും പോലെ മീരയ്ക്ക് വേദനിച്ചു.. തൻ്റെ മനസിൽ ആഴത്തിൽ പതിഞ്ഞ പല മൂഢസങ്കൽപ്പങ്ങളുടേയും തായ് വേര് ഇളകുന്നതായി അവൾ തിരിച്ചറിഞ്ഞു..
തൻ്റെ മനസിൻ്റെ ഇരുളുമൂടിക്കിടന്ന അമ്മ എന്ന സങ്കൽപ്പത്തിന് മേൽ പ്രകാശം പരക്കുന്നത് അവളറിഞ്ഞു.. താനെന്ന പെണ്ണ് മുഖം മൂടികൾ വലിച്ചെറിയുന്നത്.. തൻ്റെ മാറിടങ്ങൾ ചുരത്താനായി വിങ്ങുന്നത് ..
തൻ്റെ ഉദരം ഒരു ജീവനെ പേറാൻ തുടിക്കുന്നത് ഉൾപ്പുളകത്തോടെ അവളറിഞ്ഞു…
മീരയുടെ കൈകൾ അവൾ പോലുമറിയാതെ അടിവയറ്റിലേക്ക് നീണ്ടു .. നനുത്ത ഒരു പുഞ്ചിരി അവളുടെ ചൊടികളിൽ വിരിഞ്ഞു.
രാത്രി…
നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം നോക്കി മീര പുഞ്ചിരിച്ചു..
“രാജീവ് ….” നനുത്ത ആ വിളി വായിക്കുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്താതെ അവൻ മൂളിക്കേട്ടു ..
“എനിക്ക് ഇനിയും കൂടുതൽ സുന്ദരിയാവണം… ഇതു പോലെ ”
മറുപടിയെന്തോ പറയാനായി മുഖമുയർത്തിയ അയാൾ ഒരു മാത്ര നിശ്ചലനായി .. അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ടോപ്പിനടിയിൽ തലയണ വെച്ച്, വീർപ്പിച്ച വയറും താങ്ങി.. കണ്ണിൽ കുസൃതിച്ചിരിയുമായി മീര ..
അയാൾ അവൾക്കരികിലെത്തിയതും അവൾ നാണത്തോടെ മുഖം താഴ്ത്തി ..
രാജീവിന് യാതൊന്നും പറയാൻ സാധിച്ചില്ല.. തൻ്റെ പരിഭവവും നന്ദിയും സ്നേഹവും പ്രണയവും മൃദുലമായ ചുംബനങ്ങളായി അയാൾ പകർന്നു നൽകി.. ഇളംകാറ്റായി വീശിയ പ്രണയം കൊടുങ്കാറ്റായി, പേമാരിയായി പെയ്തൊഴിഞ്ഞു .
അയാളുടെ മാറിൽ തല ചായ്ച്ച് മീര അവളുടെ സങ്കടങ്ങളും ആശങ്കകളും പറഞ്ഞു.. അയാൾ മറുപടിയൊന്നും പറയാതെ തന്നെ ഉറ്റുനോക്കുന്നവളുടെ കണ്ണുകളിൽ ചുംബിച്ചു.
“എൻ്റെ മീര എറ്റവും നല്ല ഒരമ്മയാവും .. അങ്ങനെ ആവാൻ ഈ രാജീവ് നിൻ്റെ കൂടെ ഉണ്ടാവും..” മീര നന്ദിയോടെ അയാളെ അമർത്തി പുണർന്നു ..
“ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ അഞ്ചെട്ട് കൊല്ലം കളയണ്ടാരുന്നു..” രാജീവ് കുറുമ്പോടെ പറഞ്ഞു..
“ചോദിക്കാഞ്ഞിട്ടല്ലേ?” അവളും തിരിച്ചു പറഞ്ഞു .. അവരുടെ ലോകത്ത് പൊട്ടിച്ചിരികൾ ഉയർന്നു.. ഇനി കാത്തിരിപ്പാണ്.. ഒരു കുഞ്ഞു വിളിയൊച്ചയ്ക്കായി ..