ചിതലരിച്ചമൗനം
(രചന: ഷെർബിൻ ആന്റണി)
തെങ്ങിൻ തോപ്പുകൾക്കിടയിലെ ആ പഴയ ഓടിട്ട ഭവനത്തിനുള്ളിൽ വൃദ്ധയായ ഒരു സ്ത്രീയും അവരുടെ ഒരേ ഒരു മകനും മാത്രമേ വർഷങ്ങളായി താമസമുണ്ടായിരുന്നുള്ളൂ.
പഴയകാല കൃ സ് ത്യൻ തറവാടുകളിൽ പേരുകേട്ട ഒന്നായിരുന്നു ആ കുടുംബവും അവിടെയുള്ളവരും. പക്ഷേ കാലത്തിൻ്റെ കുത്തൊഴുക്കിൽ പെട്ട് നിലയില്ലാ ആഴക്കടലിൽ ചെന്ന് പതിച്ച നൗകയെ പോലെ തോന്നും ആ വീടും പരിസരവും.
അവിടെ നിന്ന് ഒച്ചയും അനക്കവുമൊക്കെ ഇല്ലാതായിട്ട് വർഷങ്ങളായി.
ആ വീട്ടിൽ ആൾത്താമസമുണ്ടെന്ന് പുറമെ നിന്ന് ആർക്കും തോന്നിയിരുന്നില്ല, അത്ര വിജനമായിരുന്നു അവിടം.
ആ ഇടുങ്ങിയ മുറിയിൽ നിന്ന് വരുന്ന പഴയ പുസ്തകങ്ങളുടെ ഗന്ധം അയാളിൽ മത്ത് പിടിപ്പിച്ചിരുന്നു.
വായിച്ച് കൂട്ടിയ പുസ്തകങ്ങളിൽ നിന്ന് തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഇറങ്ങി വരുന്നതും കാത്ത് അർദ്ധരാത്രികളിൽ അയാൾ ഉറക്കമുണർന്ന് കാത്തിരിക്കുമായിരുന്നു പലപ്പോഴും.
തോളൊപ്പമെത്തിയ മുടിയും, അലസമായ് നീട്ടി വളർത്തിയ ദീക്ഷയും ഒറ്റനോട്ടത്തിൽ ഒരു തെരുവ് ഭ്രാന്തനെപ്പോലെ തോന്നുമെങ്കിലും അയാൾ പൊതുവേ ശാന്തനായിരുന്നു.
നഷ്ട്ടപ്പെട്ടൊതൊക്കെ വെറും ഒരു പകൽക്കിനാവായ് കാണാനാണ് അയാൾ ശ്രമിച്ചത്.
പലപ്പോഴും തൻ്റെ ഭാവിയും ഭൂതവും പ്രസൻ്റുമെല്ലാം ഒറ്റ ഫ്രെയിമിൽ അയാളുടെ മനസ്സിൻ്റെ അഭ്രപാളികളിലേക്ക് കടന്നു വന്നിരുന്നു.
ഓരോ രംഗവും മനസ്സിൽ മിന്നി മായുമ്പോൾ നീയന്ത്രിക്കാനാവാതെ, സഹിക്കാനാവാതെ അയാൾ കണ്ണുകൾ ഇറുക്കി അടയ്ക്കും.
ആ സമയത്ത് പോലും അയാളുടെ ഉള്ളിൽ നിന്ന് ഒരു നേരിയ ശബ്ദം പോലും പുറത്തേക്ക് വന്നിരുന്നില്ല.
മൗനത്തെ അയാൾ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നുവോ….??
ജനൽ പാളികളിൽ ഒന്ന് മാത്രം തുറന്ന് പുറത്തേക്ക് സി ഗ ര റ്റി ൻ്റെ പു ക വലിച്ച് വിടുന്നതിനിടയിൽ പതിഞ്ഞ കാലൊച്ച കേട്ട് അയാൾ തിരിഞ്ഞ് നോക്കി.
തനിക്കുള്ള ഭക്ഷണം മേശപ്പുറത്ത് മൂടി വെച്ചിട്ട് അമ്മ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നിരുന്നു.
എത്ര നാളായ് പരസ്പരം ഒന്ന് മിണ്ടിയിട്ട്….? അവസാനമായ് എന്താണ് തമ്മിൽ സംസാരിച്ചത്….??
അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഏതോ ഒരു രാത്രിയിൽ കാലിൽ ഇറ്റ് വീണ കണ്ണീരിൻ്റെ നനവിൽ ഞെട്ടി എഴുന്നേറ്റ താൻ കണ്ടത് വിതുമ്പി കരയുന്ന അമ്മയെയായിരുന്നു.
ഇനിയും എത്ര നാൾ ഞാനുണ്ടാകുമെന്നറിയില്ല. നിന്നെ തനിച്ചാക്കി പോകാനും എനിക്ക് സാധിക്കില്ല. പഴയതൊക്കെ നീ മറക്കണം….
മറുപടി പറയാൻ അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നും തന്നെ പുറത്തേക്ക് വന്നില്ല.
പലപ്പോഴും തൻ്റെ മൗനം അമ്മയെ ഒത്തിരി വേദനിപ്പിച്ചിരുന്നു. പക്ഷേ അതല്ലാതെ തനെന്ത് പറയണമെന്നതിനെ കുറിച്ച് അയാളിതുവരെ ചിന്തിച്ചിരുന്നില്ല.
ഇനിയും ആ മനസ്സ് കണ്ടില്ലെന്ന് നടിക്കുന്നത് താൻ അമ്മയോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്ന് അയാൾക്ക് തോന്നി തുടങ്ങി.
അപ്പൻ മരിച്ചതിന് ശേഷം തന്നെ യാതൊരു അല്ലലും അറിയിക്കാതെയാണ് അമ്മ വളർത്തിയത്.
ചോദിക്കാതെ തന്നെ തൻ്റെ മനസ്സ് അമ്മ അറിഞ്ഞിരുന്നു. വിവാഹ കാര്യമടക്കം എല്ലാത്തിനും അമ്മ തന്നെയാണ് മുൻ കൈയ്യെടുത്ത് നടത്തിയത്.
സുന്ദരിയായ അവൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ താൻ ആദ്യമൊക്കെ അല്പം ആശങ്കപ്പെട്ടിരുന്നു.
പക്ഷേ തന്നെക്കാളേറേ അവളും അമ്മയെ സ്നേഹിച്ചിരുന്നു.
തനിക്കിപ്പോൾ മകനെ കൂടാതെ ഒരു മകളും കൂടി ഉണ്ടെന്ന് മറ്റുള്ളവരോട് അമ്മ പറയുമ്പോൾ തങ്ങൾ രണ്ട് പേരും തന്നെ അതിയായ് സന്തോഷിച്ചിരുന്നു.
അമ്മയെ തനിച്ചാക്കി എങ്ങും പോയിരുന്നില്ല, എന്തിനേറേ അവളുടെ വീട്ടിലേക്ക് വിരുന്ന് പോകുമ്പോൾ കൂടി അമ്മയേയും കൂട്ടുമായിരുന്നു, അതിനും നിർബന്ധം പിടിച്ചത് അവളായിരുന്നു.
ഡെലിവറി അടുത്തപ്പോൾ കൂടി അവൾ സ്വന്തം വീട്ടിലേക്ക് പോകാൻ മടി കാണിച്ചത് അമ്മയോടുള്ള പ്രീയമായിരുന്നു.
അവളുടെ കൂടെ ഒപ്പത്തിനൊപ്പം പ്രായം വകവെയ്ക്കാതെ അമ്മയും ഉണ്ടായിരുന്നു എല്ലാത്തിനും.
ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകാനായ് പച്ച കുപ്പായമണിഞ്ഞ് സ്ട്രെക്ച്ചറിൽ കിടത്തിയിരുന്ന അവളുടെ കവിളിലൂടെ ഒഴുകിയിരുന്ന കണ്ണുനീർ തുടച്ച് തൻ്റെ അമ്മ മുത്തം വെയ്ക്കുമ്പോൾ ഉള്ളം നീറുകയായിരുന്നു.
ഡെലിവറി ക്രിട്ടിക്കലാണെന്നും ആരെയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ കിട്ടുമെന്നും മറ്റും സർജൻ അറിയിച്ചപ്പോൾ അമ്മയാണ് തനിക്ക് ധൈര്യം തന്നത്.
നമ്മുക്ക് അവളെ മതിയെടാ…. എൻ്റെ പൊന്നുമോളില്ലാതെ എനിക്ക് പറ്റില്ലെടാ…. വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും ഇന്നും ആ ഒച്ച തൻ്റെ കാതുകളിൽ മുഴങ്ങുന്നു.
എങ്ങും ഓടി ഒളിക്കാനാവാത്ത വിധം മനസ്സിലെ മൗനം ഓർമ്മകളിലേക്ക് മുങ്ങി താഴ്ന്ന് കൊണ്ടിരുന്നു.
ആശുപത്രി വരാന്തയിലെ കാത്തിരിപ്പിനു ശേഷം ഡോക്ടർ ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. സർജനുമായ് സംസാരിച്ച് കൊണ്ടിരിക്കേ അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് താനോടി അകത്തേക്ക് ചെല്ലുന്നത്.
അവളുടെ നിശ്ചലമായ ശരീരത്ത് വീണ് കിടന്ന് അലറുന്ന അമ്മയെയാണ് കാണാനായത്.
രണ്ട് പേരേയും രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും കഴിഞ്ഞില്ലെന്നുമൊക്കെ ആരൊക്കെയോ വന്ന് പറയുന്നുണ്ടായിരുന്നു.
ഓർമ്മകൾ അയാളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കുറേ ഏറേയായ് അവളുടെ കല്ലറയിൽ പോയിട്ട്.
സമയം അർദ്ധരാത്രി കഴിഞ്ഞെങ്കിലും അയാൾ മേശ വലിപ്പിൽ നിന്ന് മെഴുകുതിരിയും തീപ്പെട്ടിയുമായ് സെമിത്തേരിയിലേക്ക് നടന്നു.
അവളുടെ കല്ലറയിൽ മെഴുകുതിരി കത്തിക്കാൻ തുടങ്ങുമ്പോൾ ശക്തമായ കാറ്റടിച്ച് തീ അണയുന്നത് അയാളിൽ പരിഭ്രാന്തി ഉണർത്തി.
ഒടുവിൽ കാറ്റൊന്ന് ശമിച്ചപ്പോൾ അയാൾ മെഴുകുതിരി കത്തിച്ച് കല്ലറയുടെ മദ്ധ്യഭാഗത്ത് അവളുടെ ഫോട്ടോയ്ക്ക് കീഴെ വെച്ചു.
ആ ചെറിയ തീ നാളങ്ങൾ അവളുടെ കണ്ണുകളിലും അയാൾക്ക് കാണാനായി.
അവളുടെ കണ്ണുകളിൽ എന്നും തിളക്കമുണ്ടായിരുന്നത് അയാൾ ഓർത്തു. ഒരിക്കൽ പോലും ആ മുഖം മങ്ങി കണ്ടിട്ടില്ല. ഓർമ്മകൾ അയാളെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു.
കുറേയേറെ അവളോട് പറയാനുണ്ടായിരുന്നെങ്കിലും അവിടെയും മൗനത്തിനായിരുന്നു മുൻതൂക്കം.
ഏറെ നേരത്തിനു ശേഷം അവളോട് വിട ചൊല്ലി പിരിയാൻ നേരമാണയാൾ അത് ശ്രദ്ധിച്ചത്. അവളുടെ കല്ലറയോട് ചേർന്ന് അതേ പോലെ മറ്റൊരു കല്ലറ, രണ്ടിനും ഒരേ ഡിസൈൻ….
ആകാംക്ഷയോടെ അയാൾ മറ്റേ കല്ലറയുടെ തൊട്ടടുത്തേക്ക് ചെന്നു. തീപ്പെട്ടി ഉരച്ച് നോക്കിയ അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
മരണ തീയ്യതി എന്നെഴുതിയിരിക്കുന്നിടം കൈ കൊണ്ട് തുടച്ചിട്ട് അയാൾ മെഴുകുതിരി അതിലേക്കടുപ്പിച്ചു.
രണ്ടും ഒരേ ദിവസം തന്നെ. വിശ്വസിക്കാനാവാതെ അയാൾ ആ പേര് ഒരിക്കൽ കൂടി വായിച്ചു.
അതേ…അത് തൻ്റെ അമ്മയുടെ പേര് തന്നെയായിരുന്നു…..