അവൻ്റെ കല്യാണത്തിന് വരാൻ ഒരുപാട് പറഞ്ഞിട്ടും, എന്തുകൊണ്ടോ എൻ്റെ മനസ്..

സൗഹൃദം എന്ന സമ്മാനം
(രചന: Vandana M Jithesh)

എൻ്റെ വീടിൻ്റെ രണ്ടാം നിലയിലുള്ള ബാൽക്കണിയിൽ ഇരുന്നാൽ രാജുവിൻ്റെ വീട് നന്നായി കാണാം.

മറ്റൊരർഥത്തിൽ ഈ ക്വാറൻ്റൈൻ കാലത്ത് എൻ്റെ ഏറെ പ്രിയപ്പെട്ട വിനോദം കൂടിയാണ് അത്.

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് ശരിയല്ലെന്ന് അറിയാമെങ്കിലും, ആ കൊച്ചു വീട്ടിലെ ബഹളങ്ങൾ സദാ എന്നെ ആകർഷിച്ചു കൊണ്ടിരുന്നു.

രാജു എൻ്റെ ചെറുപ്പം തൊട്ടുള്ള സുഹൃത്താണ്. അങ്ങനെ പറയാനുള്ള അർഹത സത്യത്തിൽ എനിക്കില്ല. കാരണം ചെറുപ്പംതൊട്ട് തന്നെ ഞാൻ ആ സൗഹൃദത്തിൽ സത്യസന്ധനായിരുന്നില്ല.

പക്ഷേ രാജു അന്നും ഇന്നും ആ ബന്ധത്തിൽ മായം ചേർത്തിട്ടില്ല . ഇനിയൊട്ട് ചേർക്കുകയുമില്ല.

രാജുവിൻ്റെ അച്ഛനെ പല നിർണായക ഘട്ടങ്ങളിലും സാമ്പത്തികമായി സഹായിച്ചത് എൻ്റെ അച്ഛനാണ്. ആ മനുഷ്യന് അച്ഛനോടും ഞങ്ങളുടെ കുടുംബത്തോടും അളവറ്റ കടപ്പാടുണ്ടായിരുന്നു.

എനിക്ക് രാജുവിനെ പരിചയപ്പെടുത്തിയതും അച്ഛനാണ്. അവൻ്റെ അച്ഛന് എൻ്റെ അച്ഛനോടുള്ള കടപ്പാട് അവന് എന്നോട് കറ കളഞ്ഞ സ്നേഹം ഉണ്ടാക്കിത്തന്നു.

പക്ഷേ, ” ആ ചെക്കൻ്റെ കൂട്ട് കൂടരുത് ” ” ചെക്കനേക്കാളും മാർക്ക് വാങ്ങണം” ” ചെക്കനോട് തോൽക്കരുത്”

എന്നിങ്ങനെയുള്ള നിരന്തരമായ അമ്മയുടേയും അച്ഛമ്മയുടേയും ഉപദേശമായിരുന്നു എൻ്റെ മനസ് നിറയെ.

സ്കൂളിൽ പോകുന്നതും വരുന്നതും കളിയും എല്ലാം ഒന്നിച്ചാണെങ്കിലും ഈ വാക്കുകൾ എൻ്റെയുള്ളിൽ വലിയൊരു മറ സൃഷ്ടിച്ചിരുന്നു.

അവനോടുള്ള കാഴ്ചപ്പാടിൽ, സ്നേഹത്തിൽ, എന്തിന് ചിരിയിൽ പോലും ഞാൻ കള്ളം കാണിച്ചു.

അവനാകട്ടെ, ഞാനെന്നാൽ അത്രയക്കും ഇഷ്ടമായിരുന്നു. അവനെ തോല്പിക്കാൻ ഞാൻ ശ്രമിക്കുന്നതൊന്നും അറിയാതെ അവൻ എന്നെ സ്നേഹിച്ചു കൊണ്ടേയിരുന്നു.

അവൻ്റെ കയ്യിൽ നിന്നും ഒന്നും വാങ്ങിക്കഴിക്കരുത് എന്ന് എനിക്ക് അമ്മയുടെ വിലക്കുണ്ടായിരുന്നു.

എങ്കിലും അവൻ്റെ അമ്മയുണ്ടാക്കുന്ന തേങ്ങാച്ചമ്മന്തിയായിരുന്നു അക്കാലത്ത് എൻ്റെ ഇഷ്ടവിഭവം. അക്കാലത്തെന്നല്ല, അത്രത്തോളം സ്വാദുള്ള ഭക്ഷണം വിരളമായേ കഴിച്ചിട്ടുള്ളു..

എല്ലാത്തിലും അവനെ പിന്നിലാക്കാൻ എനിക്ക് പ്രത്യേകിച്ച് ഒരുത്സാഹമായിരുന്നു. അവൻ പഠിക്കാനത്ര മിടുക്കനായിരുന്നില്ല.

എന്നിട്ടും അവനേക്കാൾ മാർക്ക് വാങ്ങി ഞാൻ അഹങ്കാരത്തോടെ ചിരിക്കുമ്പോൾ എൻ്റെ കണ്ണൻ ഒന്നാമതായെന്ന് അവനും അഹങ്കരിക്കുമായിരുന്നു.

ഓട്ടമത്സരത്തിൽ അവൻ ഓടി ഒന്നാമനാവുമ്പോൾ മനപൂർവ്വം അവനെ അവഗണിച്ചിട്ടുണ്ട്.. അവൻ അറിയാത്ത പാഠഭാഗങ്ങൾ സംശയങ്ങൾ ചോദിക്കുമ്പോൾ ഇല്ലാത്ത തിരക്ക് അഭിനയിച്ചിട്ടുണ്ട്.

പക്ഷേ, എന്നും അവൻ്റെ മനസിൽ എനിക്ക് വലിയൊരു സ്ഥാനമുണ്ടായിരുന്നു. .

എന്നെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയ ഒരുത്തനെ അവൻ വിരട്ടിയോടിച്ചതും, ബസിൽ ചാടിക്കേറി എനിക്കിരിയ്ക്കാൻ സീറ്റ് പിടിക്കാറുള്ളതുമൊക്കെ അതു കൊണ്ടു തന്നെയാവാം.

വെറുമൊരു സൗഹൃദത്തിനപ്പുറം അവനെനിക്ക് അത്രയും കരുതൽ നൽകിയിരുന്നു.. ഞാനോ? ഓർത്താൽ സ്വയം പുച്ഛം തോന്നും.

പന്ത്രണ്ടാം ക്ലാസിനു ശേഷം അവൻ വർക്ക്ഷോപ്പിലും ഞാൻ എഞ്ചിനീയറിംഗിനും പോയതോടെ എൻ്റെ മനസിൽ ആ സൗഹൃദം ഏറെക്കുറെ അവസാനിച്ചു. പുതിയ കൂട്ടുകാരായി.

അവനെ കണ്ടാൽ മാത്രം എന്തെങ്കിലും കുശലം പറയുന്ന തരത്തിലേക്ക് ആ ബന്ധം മാറി .

പിന്നീട് ഞാൻ ജോലിക്കായി വിദേശത്തേയ്ക്ക് പോയതോടെ അതിനുള്ള അവസരങ്ങളും ഇല്ലാതായി.

ഉയർന്ന ബന്ധങ്ങളും സുഹൃത്തുക്കളുമായി ഞാൻ തിരക്കിലായപ്പോൾ, കളിക്കൂട്ടുകാരൻ്റെ വീട്ടിലെ എന്ത് കാര്യത്തിനും ആ ചെക്കൻ ഓടി നടന്നു.

അവൻ്റെ കല്യാണത്തിന് വരാൻ ഒരുപാട് പറഞ്ഞിട്ടും, എന്തുകൊണ്ടോ എൻ്റെ മനസ് അതിനനുവദിച്ചില്ല. നാട്ടിലുണ്ടായിട്ടും മറ്റെന്തോ പറഞ്ഞ് ഞാനൊഴിഞ്ഞു.

പക്ഷേ, അവൻ്റെ ഭാര്യയെ കൂട്ടി വന്ന് ഇതെൻ്റെ കൂട്ടുകാരൻ കണ്ണൻ എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തിയപ്പോൾ എനിക്ക് എവിടെയോ നൊന്തു .

എൻ്റെ വിവാഹ സമയത്ത് അവൻ ഓടിനടന്ന് ഓരോന്ന് ചെയ്യുമ്പോൾ എൻ്റെ മറ്റു പല സുഹൃത്തുക്കളും കാഴ്ചക്കാരായി ഉണ്ടായിരുന്നു.

ലീവിൽ വരുമ്പോൾ അവനായി ഞാനൊന്നും നൽകിയില്ല. അവനെ ഒരിക്കൽ പോലും വിളിച്ചില്ല.

നാട്ടിലെത്തിയാൽ അവൻ്റെ വീട്ടിൽ ചെല്ലാറില്ല എന്നിട്ടും, ഞാൻ വന്നെത്തറിഞ്ഞാൽ നിറചിരിയോടെ അവൻ വരും . മറ്റൊന്നും പ്രതീക്ഷിക്കാതെ… എൻ്റെ സുഖവിവരങ്ങൾ അന്വേഷിക്കും.

എൻ്റെ മകൾക്ക് ഒരു മിഠായിയും കയ്യിൽ കാണും. എന്നിട്ട് പതിയെ, ഒന്നും വാങ്ങാതെ തിരിച്ചു പോകും. എന്നിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ടില്ല എന്ന് പറയാതെ പറയും പോലെ…

എപ്പോഴൊക്കെയോ അവനെ ഒന്നു ചേർത്ത് പിടിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ എന്തോ..

അതിൽ നിന്നുമെന്നെ പിന്തിരിപ്പിച്ചു. അതല്ലെങ്കിൽ, കുറച്ചു യോഗ്യരെ മാത്രം ഞാൻ കൂട്ടുകാരായി കരുതി എന്ന് വേണം പറയാം. ഗൾഫ് കാരനായ എഞ്ചിനീയറുടെ പത്രാസിന് ആ സാധാ മെക്കാനിക്ക് ചേരില്ലായിരുന്നു.

എല്ലാ പുറംമോടിയും തകർന്നത് ഈയിടെയാണ്. കൊറോണക്കാലത്ത് ജോലി പോയ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ജോലി പോയി നാട്ടിൽ വന്നപ്പോഴാണ് പല തിരിച്ചറിവും ഉണ്ടായത്.

ചെറിയ കുട്ടി കൂടെയുള്ളതിനാൽ ഭാര്യയെ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. അമ്മയെ അമ്മാവനും കൊണ്ടുപോയി. ഈ വലിയ വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണ് നിശബ്ദത എത്ര ഭീകരമാണെന്ന് മനസിലായത്.

ചെവിയിലെന്തോ മൂളുന്നത് പോലെ ഒരു വേള ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോഴാണ് ചില കൂട്ടുകാരോട് ഒന്നു വരുമോ എന്ന് ചോദിച്ചത്. ദൂരെ നിന്നെങ്കിലും ആരെയെങ്കിലും കാണാനൊരു കൊതി.

എന്നാൽ ആരും വന്നില്ല. ഭാര്യയുടെ ഫോൺ വിളി മാത്രമായിരുന്നു ആശ്വാസം. എത്രയും പെട്ടെന്ന് ഈ ഏകാന്തവാസം കഴിയാൻ ഞാനേറെ പ്രാർഥിച്ചു.

വന്ന് പിറ്റേന്ന് കോളിംഗ് ബെൽ അടിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. തുറന്നു നോക്കിയപ്പോൾ രാജുവാണ്.

” ഞാൻ ക്വാറൻ്റൈനിലാടാ ” ഞാൻ ജനലിലൂടെ പറഞ്ഞു.

” അറിയാടാ.. ഞാൻ ദൂരെ നിക്കണെള്ളു.. അതിന് കുഴപ്പല്യ”

അവൻ പതിവു ചിരിയോടെ പറഞ്ഞു.
“നിനക്ക് കുഴപ്പൊന്നുല്യല്ലോ.. ഇതിനകത്ത് ഒറ്റയ്ക്ക് ഇരിക്യല്ലേ.. അതാ ഞാൻ വന്നത്! വല്ല തലതിരിച്ചിലോ ക്ഷീണോ വന്നാ എങ്ങനെ അറിയും?”

അവൻ്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് എൻ്റെ ചങ്ക് പിടഞ്ഞു. എനിക്ക് പറയാൻ ഒരു മറുപടി ഇല്ലായിരുന്നു.

” ഇത് നിനക്ക് ഉച്ചയ്ക്കുള്ള ചോറാണ്. ഒറ്റയ്ക്കൊന്നും ഉണ്ടാക്കണ്ട.” ഒരു പൊതിച്ചോറ് ഇറയത്ത് വെച്ച് അവൻ തിരിച്ച് നടന്നു. ഗേറ്റിൽ ചെന്ന് വിളിച്ച് പറഞ്ഞു.

” എന്താവശ്യം വന്നാലും പറഞ്ഞാ മതിട്ടോ” ഞാൻ ആത്മനിന്ദയോടെ തലയാട്ടി.

ഞാനെത്ര പരിഗണിച്ചില്ലെങ്കിലും കുട്ടിക്കാലത്തെ ആ സൗഹൃദം അവൻ ഇന്നും നിലനിർത്തുന്നു. കൂട്ടുകാരനായി എന്നെ ചേർത്ത് നിർത്തുന്നു.

എൻ്റെ എല്ലാ മുഖപടങ്ങളും വലിച്ചെറിഞ്ഞ് അവൻ്റെ കൂട്ടുകാരനാവാൻ മനം തുടിച്ചു.
എന്തെന്നില്ലാത്ത സന്തോഷത്തോടെ ഞാനാ ചോറ് ഉണ്ടു. സ്നേഹത്തിൻ്റെ സ്വാദ്! സൗഹൃദത്തിൻ്റെ സ്വാദ്…

പിന്നെ എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞ് എന്നെ കാണാൻ അവൻ വരും .

എനിക്കുള്ള ഭക്ഷണം അവൻ്റെ ഭാര്യയോ മക്കളോ കൊണ്ടു തരും. അവർക്കും അവൻ്റെ അതേ ചിരിയാണ്. ജോലി പോയ കാര്യം പറഞ്ഞപ്പോൾ അവൻ ആശ്വസിപ്പിച്ചു.

പിടിച്ചു നിൽക്കാൻ ധൈര്യം തന്നു. അവനോട് ആദ്യമായി ഉള്ളുതുറന്ന് സംസാരിച്ചപ്പോൾ ഞാനറിഞ്ഞു. രാജുവെന്ന സുഹൃത്തിനെ മനുഷ്യനെ ഒരു യഥാർഥ സുഹൃത്ത് ആരാണെന്ന് ആ ഇല്ലായ്മയിൽ ഞാൻ തിരിച്ചറിഞ്ഞു.

ഇപ്പോൾ ഞാനെൻ്റെ ബാൽക്കണിയിലിരുന്ന് അവൻ്റെ വീട്ടിൽ നോക്കിയിരിക്കും. അവരുടെ കളി ചിരികൾ കണ്ട് മനസ് നിറയ്ക്കും.

ഞാൻ അവനെ അറിയുകയാണ്. ആരോ പറഞ്ഞത് പോലെ, ഒരാൾക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയൊരു സമ്മാനമാണ് സൗഹൃദം..

അവനത് എനിക്ക് തന്നു. ഇപ്പോൾ ഞാൻ കാത്തിരിക്കുകയാണ് .. അവനൊരു സമ്മാനം കൊടുക്കാൻ വിലമതിക്കാനാവാത്ത ഒരു സമ്മാനം
സൗഹൃദം എന്ന സമ്മാനം…

Leave a Reply

Your email address will not be published. Required fields are marked *