എനിക്ക് തനിച്ച് സംസാരിക്കാനുള്ളത് ചെറുക്കൻ്റെ അമ്മയോടും അനിയത്തിയോടുമാണ്..

ഒരു പെണ്ണുകാണൽ കഥ
(രചന: Vandana M Jithesh)

” എനിക്ക് തനിച്ച് സംസാരിക്കാനുള്ളത് ചെറുക്കൻ്റെ അമ്മയോടും അനിയത്തിയോടുമാണ് .. ”

അവളുടെ ശബ്ദം ഉയർന്നതും ഒരു മാത്ര മറ്റെല്ലാവരും നിശ്ശബ്ദരായി .. ചുറ്റിലും സംശയത്തോടെയുള്ള നോട്ടങ്ങൾ…

” അഹങ്കാരി.. ”

ചെറിയമ്മ പിറുപിറുക്കുന്നത് അവൾ കേൾക്കാത്ത പോലെ നിന്നു.. ചെറുക്കൻ്റെ അമ്മ എന്ത് വേണമെന്ന് ചുറ്റിലും നോക്കി..

” അതിനെന്താ വാ അമ്മേ.. ”

ഏട്ടൻ്റെ മൗനാനുവാദം കിട്ടിയ മാത്രയിൽ അനിയത്തി ചാടിയെണീറ്റു.. അവൾക്ക് എന്തുകൊണ്ടോ ഈ കല്യണാലോചന ആദ്യം തൊട്ടേ ഇഷ്ടപ്പെട്ടിരുന്നു..

അകത്തേയ്ക്ക് നടക്കുന്നതിനിടെ അമ്മ മകനെ തിരിഞ്ഞു നോക്കി.. അവൻ്റെ മുഖത്ത് എപ്പോളും കാണാറുള്ള ചിരിയ്ക്ക് മാറ്റമില്ലെന്ന് കണ്ട് സമാധാനിച്ചു..

” എൻ്റെ പേര് അറിയാമായിരിക്കും.. അനു. ഞാൻ അമ്മയോടും അനിയത്തിയോടും സംസാരിക്കണമെന്ന് പറഞ്ഞത് എന്താണെന്നാൽ …… ”

അവളൊന്ന് നിർത്തി അവരെ നോക്കി.. കൗതുകത്തോടെ അതിലേറെ സ്നേഹത്തോടെ നാലു കണ്ണുകൾ.. അവൾ ശാന്തമായി തുടർന്നു ..

“ഞാനറിഞ്ഞ വിവരങ്ങൾ വെച്ച് ഈ വിവാഹം നടക്കുകയാണെങ്കിൽ ദിവസത്തിൻ്റെ മുക്കാൽ ഭാഗവും നമ്മളാണ് ഒന്നിച്ച് ഉണ്ടാവേണ്ടത് .. അപ്പോൾ എന്നെപ്പറ്റി നിങ്ങളോട് പറയണം എന്ന് തോന്നി.. ”

അവൾ പറഞ്ഞു തുടങ്ങി…

” എൻ്റെ അമ്മ എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് മരിക്കുന്നത് .. പിന്നെ നേരത്തെ കണ്ട ചെറിയമ്മയെ അച്ഛൻ വിവാഹം ചെയ്തു..

പതിവ് പോലെ തന്നെ അവർക്ക് സ്വപ്ന ജനിച്ചതിൽ പിന്നെ എൻ്റെ കാര്യം പരുങ്ങലിലായി.

അന്ന് എനിക്ക് പന്ത്രണ്ട് വയസാണ് .. പതിയെ ഇവിടെ എൻ്റെ സ്ഥാനം കുറയുന്നതു എനിക്ക് മനസ്സിലായപ്പോൾ ഞാൻ പ്രതികരിച്ചു.. എനിക്ക് തോൽക്കാൻ മനസ്സില്ലായിരുന്നു…

അങ്ങനെ പതിനാലാം വയസിൽ ഞാൻ അഹങ്കാരിയായി.. അച്ഛനും കൂടി മരിച്ചതോടെ പത്താം ക്ലാസിൽ പഠിത്തം നിർത്താൻ ചെറിയമ്മ തീരുമാനിച്ചു..

ഞാൻ സ്കൂളിലെ ഹെഡ്മാസ്റ്റർ വഴി നാട്ടുകാരെ ഇടപെടുത്തി പഠിത്തം തുടർന്നു .. അങ്ങനെ ഞാൻ കുടുംബത്തെ നാണം കെടുത്തിയവൾ ആയി..

കോളേജിൽ ചേരാൻ സമ്മതിക്കില്ലെന്ന് അവർ വാശി പിടിച്ചു.. അതിന് ചിലവാക്കാൻ പണമില്ലെന്ന് പറഞ്ഞു ..

ഒടുക്കം പഠിത്തം തുടരാൻ സമ്മതിച്ചാൽ ഈ വീട്ടിലുള്ള അവകാശങ്ങൾ നിയമപരമായി സ്വപ്നയ്ക്ക് എഴുതിക്കൊടുക്കാം എന്ന വ്യവസ്ഥയിൽ പഠിപ്പ് തുടർന്നു .. ”

അവൾ പറഞ്ഞു നിർത്തി കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കി..

അവരുടേയും കണ്ണുകൾ നിറഞ്ഞു കണ്ടു.. അവൾ അമ്മയ്ക്കരികിൽ ചെന്ന് പറഞ്ഞു ..

” എനിക്കിവിടെ ഒന്നും സ്വന്തമല്ല.. എനിക്കായി ഒന്നുമില്ല.. ഞാൻ നേടിയെടുത്ത വിദ്യഭ്യാസവും എൻ്റെ ആത്മാഭിമാനവും മാത്രമേ എനിയ്ക്ക് സ്വത്തായിട്ടുള്ളു… അത്കൊണ്ട് ഒന്നും പ്രതീക്ഷിച്ച് ഈ ആലോചന മുന്നോട്ട് കൊണ്ടു പോകേണ്ട.. ”

അവർ മാനമായി നിന്നു…. മകൾ അമ്മയെ തന്നെ ഉറ്റുനോക്കി.. അവരുടെ മനസ്സിലെന്താണെന്ന് അവൾക്ക് മനസ്സിലായില്ല

” നിനക്ക് സ്വന്തമായി ഒരിടം ഞാൻ തരട്ടെ? ”

അനുവിൻ്റെ കവിളിൽ കൈ ചേർത്ത് അവർ ചോദിച്ചു.. അവൾ ഒരു പിടച്ചിലോടെ അവരെ നോക്കി..

” അങ്ങനെ ഒരിടം തന്നാൽ പകരമായി തരാൻ ഒരമ്മയ്ക്ക് കൊടുക്കാൻ വെച്ച മുഴുവൻ സ്നേഹവും പകരം തരാം .. ”

അവൾ അവരെ ചേർത്തണച്ച് വിതുമ്പിക്കരഞ്ഞു.. തൻ്റേടിയുടെ മൂടുപടം ഊരിവച്ച് അമ്മയുടെ കുട്ടിയായി മാറി..

” ഞങ്ങൾക്കും തരേണ്ടി വരും.”

അനിയത്തി കുറുമ്പോടെ ഇരുവരേയും ചേർത്തു പിടിച്ചു. മൂന്നു പേരിലും പുഞ്ചിരി വിരിഞ്ഞു ..

” ഇത്ര തൻ്റേടി നമ്മുടെ തറവാട്ടിൽ വേണ്ട എന്താ അഹങ്കാരം .. ”

മുൻ സീറ്റിലിരുന്ന അമ്മാവൻ പുറത്തേയ്ക്ക് നീട്ടിത്തുപ്പി. അനിയത്തിയുടെ മുഖം ചുളിഞ്ഞു..

” എനിക്കൊരു മരുമകൾ ഉണ്ടെങ്കിൽ അവൾ മാത്രം മതി.. ”

അമ്മ പറഞ്ഞു.. അതൊരു തീരുമാനമായിരുന്നു .. ഉറച്ച തീരുമാനം..
അവർ മകനെ നോക്കി..
അവൻ പുഞ്ചിരിയോടെ കണ്ണിറുക്കിക്കാണിച്ചു ..

അമ്മ പുഞ്ചിരിയോടെ ഓർത്തു .. ” അവൻ്റെ selection ഒരിക്കലും മോശമാവാറില്ല.. “

Leave a Reply

Your email address will not be published. Required fields are marked *