കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയാകുന്നു, ഇപ്പഴും അവൾ ഉമ്മയോട് വല്യ കൂട്ടാണ് പകൽ..

ആനന്ദം
(Thaha Mohammed)

കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയാകുന്നു. ഇപ്പഴും അവൾ ഉമ്മയോട് വല്യ കൂട്ടാണ്. പകൽ ഉമ്മയുടെ അടുത്തിന്ന് മാറില്ല. അവളെയും കൊണ്ട് പുറത്ത് പോകണമെന്ന് ആഗ്രഹം ഉണ്ട്.

പക്ഷേ ഉമ്മയെ വിട്ട് പോകാൻ അവൾ തയ്യാറല്ല.
എന്റെ മുന്നിൽ വരുമ്പോൾ ഇപ്പോഴും നാണം കുണുങ്ങിയെ നിക്കൂ.

അന്ന് ഞാൻ സോഫയിലിരുന്ന് ടീവിയും കണ്ടുകൊണ്ടിരിക്കുകയാണ്. വഴുതി വീണ തട്ടവും തലയിൽ കയറ്റി ഒരു പുഞ്ചിരിയും മുഖത്ത് കാണിച്ച്  എന്റെ അടുത്ത് വന്നു നിന്നു. അവൾ ഒന്നും പറയുന്നില്ല.

ഞാൻ അവളോട്‌ ഇവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു.
അവൾ അത് നിരസിച്ചു. ഞാൻ അവളുടെ കൈ പിടിച്ചു വലിച്ച് സോഫയിൽ ഇരുത്തി.

എന്നിട്ട് ചേർത്തു പിടിച്ചു. എന്റെ കയ്യെടുത്ത് അവളുടെ തോളിൽ വെച്ചു. അവളുടെ മുഖം ഞാൻ എന്റെ നേരെ പിടിച്ചു തിരിച്ചു. അവളുടെ ആ കണ്ണിൽ നിന്നും പല വികാരങ്ങളും വായിച്ചെടുക്കാൻ പറ്റും.

ഞാൻ ഒന്നുകൂടി അടുത്തു നിന്നു. എന്റെ മുഖവും അവളുടെ മുഖവും വളരെ അടുത്തു.  അവളുടെ ആ ചുവന്ന ചുണ്ടുകൾ പിടക്കുന്നുണ്ട്. ഒരു ചെറിയ വിറയൽ . എന്റെ കൈ അമർന്നു.

ഞങ്ങളുടെ മുഖങ്ങൾ വളരെ അടുത്തു. അവളുടെ ചുണ്ടുകൾക്ക് അകൽച്ചയുണ്ടായി. പതുക്കെ അവളുടെ വാ തുറന്നു വന്നു.

അപ്പോഴേക്കും പുറത്ത് നിന്ന് ഉപ്പ ചുമക്കുന്ന ശബ്ദം കേട്ടു. അവൾ മാറി.

ഓ പിന്നെ എനിക്കും ഒന്നും തോന്നിയില്ല. ഞാനും കയ്യെടുത്ത് മാറ്റി. അവൾ മുഖത്ത് നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.

ഞാൻ ടീവി ഓഫ്‌ ചെയ്തു. അവൾ കുറച്ച് അടുത്തിരുന്നു. എന്തോ പറയാനുള്ളത് പോലെ തോന്നി. ഞാൻ കാര്യമെന്താണെന്ന് അന്വേഷിച്ചു.
അവൾക്ക് പറയാൻ ചെറിയ മടിയായിരുന്നു.
എന്നാലും പറഞ്ഞു .

“അതേയ്.  നമുക്ക് ഇന്ന് എന്റെ വീട് വരെ പോയാലോ. ഉമ്മ രണ്ടു ദിവസമായി ചോദിക്കുവാ. ഒന്ന് പോയി വരാം”

ഞാൻ ഒന്നും ആലോചിക്കാതെ തുറന്നടിച്ചു പറഞ്ഞു.

“അത് ഇപ്പൊ വേണ്ട. രണ്ടു ദിവസം കഴിഞ്ഞിട്ട് പോവാം. ഇവിടെ കുറച്ച് ജോലി ഉണ്ട് “

അവളുടെ മുഖത്തെ സന്തോഷം മാഞ്ഞുപോയി. പ്രതീക്ഷ കൈ വിട്ട ഒരു പെണ്ണിന്റെ വികാരം അവളുടെ മുഖത്ത് കാണാം. എങ്കിലും അവൾ എന്റെ മുന്നിൽ ചിരിച്ചു കാണിച്ചു.

ആ ചിരി സങ്കടം മറക്കാനുള്ള ഒരു ആയുധമാണെന്ന് കാണുമ്പോൾ മനസ്സിലാകും. അവൾക്ക് എന്തെങ്കിലും സങ്കടം വന്നാൽ എന്നെ അറിയിക്കില്ല. ദുഖങ്ങൾ ഉള്ളിലൊതുക്കി നടക്കും. അവൾ വെറും പാവമാ.. ഒരു മിണ്ടാപൂച്ച.

ഞാനങ്ങനെ പറഞ്ഞതും അവൾ എന്റെ അടുത്തു നിന്ന് എഴുന്നേറ്റു പോയി. മുഖം എന്നെ കാണിച്ചില്ല.

എനിക്ക് പുറത്ത് പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. പോയി തിരിച്ചു വന്ന് ഞാൻ ആദ്യം അവളെ അന്വേഷിച്ചു.

അവൾ അടുക്കളയിൽ ഉണ്ടായിരുന്നു. എന്നും ഉണ്ടാകുന്ന ചിരിയും സന്തോഷമൊന്നും അവളുടെ മുഖത്തില്ലായിരുന്നു. ഇനി ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് കൊണ്ടായിരിക്കുമോ. എനിക്കറിയില്ല.

ഉമ്മ പുറത്ത് തുണി അലക്കുന്നതായിട്ട്  കേൾക്കുന്നുണ്ട്. അതു കൊണ്ട് ഞാൻ ധൈര്യത്തോടെ അവളുടെ അടുത്തു പോയി.

അവൾ ഗ്യാസിൽ നിന്നും കുക്കർ എടുത്തു വെക്കുന്നത് കണ്ടു. ഞാൻ അവളുടെ അടുത്തു പോയി. പിറകീന്ന് കെട്ടിപ്പിടിച്ചു.

അവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി. എന്നെ കണ്ടു. ഞാൻ ചോദിച്ചു.

“എന്താ. മുത്തിന്റെ മുഖം വാടിയത്. പോലെ “

അവൾ ഒരു ചെറു പുഞ്ചിരി മുഖത്ത് കഷ്ടിച്ച് ഉണ്ടാക്കി.

“ഒന്നുല്ല. അത് ഇക്കാന്റെ തോന്നലാ. പിന്നെ….. പോയ കാര്യം എന്തായി.”

“അതൊക്കെ ശരിയായി. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ വിഷമിച്ചിരിക്ക്ന്നെ “

“ഏയ്‌. അത് കുഴപ്പമില്ല. ഇക്കാക്ക് സമയം ഇല്ലതോണ്ടല്ലേ “

ഞാൻ പിടി വിട്ടു.

അവളിങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവൾക്ക് ആ കാര്യത്തിൽ നല്ല വിഷമം ഉണ്ട്.

ഞാൻ റൂമിൽ പോയി കുറച്ച് കിടന്നു. അവൾ ഞാൻ കാരണം വിഷമിക്കാൻ പാടില്ല. അവളുടെ ഉമ്മയെ കാണണം എന്ന മോഹം അവൾക്ക് ഉണ്ടാവില്ലേ. എന്തെങ്കിലും കാര്യം പറയാൻ ഉണ്ടാവും. ഇവിടെ അവൾക്ക് എല്ലാം പുതുമുഖങ്ങൾ ആണല്ലോ.

ഇത്ര വർഷം ഉമ്മയെ ഇങ്ങനെ പിരിഞ്ഞിരുന്നിട്ടുണ്ടാവില്ല. പാവം. പക്ഷേ എനിക്ക് ഇവിടെ നിന്ന് മാറി നിൽക്കാൻ പറ്റില്ല. എന്റെ ജോലിയൊക്കെ……

ഞാൻ വീണ്ടും അവളുടെ അടുത്തു പോയി.

അവൾ അവളുടേതായ ജോലി ചെയ്യുന്നുണ്ട്. കുറച്ചു മുന്നിൽ സ്റ്റോർ റൂമിൽ ഉമ്മയും ഉണ്ട്. ഉമ്മ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കി ഞാൻ പതുക്കെ അവളുടെ അടുത്ത് ചെന്നു. അവൾ പാത്രം കഴുകുകയാണ്. ഞാൻ അവളുടെ അടുത്ത് പതുക്കെ നീങ്ങി.

ഞാൻ അങ്ങെത്തും മുമ്പ് ഉപ്പ വന്നു. ഉപ്പ കാണണ്ടാന്ന്‌ വിചാരിച്ച് ഞാൻ ഒരു മൂലയിലേക്ക്‌ മാറി.

ഉപ്പ അവളുടെ അടുത്താണ് പോകുന്നത്. കുടിക്കാൻ വെള്ളം എടുക്കാനാണ്.
അവളാണെങ്കിൽ അവിടെത്തന്നെ പാത്രം കഴുകുന്നുണ്ട്.

അവൾക്ക് പുറകീന്ന് നടന്നു വരുന്നതായി ശബ്ദം കേട്ടു. അവൾ ഞാനാണെന്ന് വിചാരിച്ചു.
ഉപ്പ അടുതെത്തിയപ്പോൾ അവൾ ഉറക്കെ പറഞ്ഞു.

“വീണ്ടും വന്നുല്ലേ.  കള്ളൻ “

ഇതും പറഞ്ഞ് അവൾ തിരിഞ്ഞ് നോക്കി.
ഉപ്പയെ കണ്ടു. അവൾ പെട്ടെന്ന് “ഹാ” എന്ന ശബ്ദം ഉണ്ടാക്കി വായും പൊത്തി നിന്നു. അവൾ ആകെ ചമ്മി.

അവൾ അവിടെ നിന്ന് തല താഴ്ത്തി ചമ്മിയ മുഖവും കൊണ്ട് പുറകിലോട്ട് മാറി നിന്നു. എന്നെ പുറകിൽ കണ്ടു. ഞാൻ അത്ഭുതത്തോടെ നോക്കി നിക്കുകയായിരുന്നു. അവളുടെ ആ മുഖം കണ്ടപ്പോൾ ശരിക്കും ചിരി വന്നു.

ഉപ്പ വെള്ളം കുടിച്ച് തിരിഞ്ഞ് പോകുമ്പോൾ എന്നെ കണ്ടു. ഉപ്പ അവൾ കേൾക്കേ പറഞ്ഞു.

“നിനക്കിത് തന്നെയാണോടാ പണി “

ഞാൻ തലയും ചൊറിഞ്ഞു പതുക്കെ അവിടെ നിന്ന് മാറി.

അവൾ അവിടെ നിന്ന് റൂമിലേക്ക്‌ പോയി. ഞാനും റൂമിലേക്ക്‌ കയറി. കതകടച്ചു. അവൾ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി. എനിക്ക് ചിരി അടക്കിപ്പിടിക്കാൻ ആയില്ല. ഞാൻ ചിരിച്ചു. പൊട്ടിചിരിച്ചു.

ബെഡിൽ കിടന്നും ചിരിച്ചു. അവൾ എന്നെതന്നെ ദേഷ്യത്തോടെ നോക്കിയിരിക്കുകയാണ്.

അവളുടെ മുഖം കാണുമ്പോൾ എനിക്ക് വിഷമമായി. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ആ ചിരി മുഖത്തിന്ന്‌ കളഞ്ഞു .

ഞാൻ അവളുടെ മുന്നിൽ പോയി നിന്നു.

ഞാൻ പറഞ്ഞു.

“സോറി”

എന്നിട്ടും അവൾ ദേഷ്യത്തോടെ ശ്വാസം വലിച്ചു നിക്കുകയാണ്. അവൾ ബെഡിൽ നിന്നും തലയണ എടുത്തു. എന്നെ തല്ലാൻ തുടങ്ങി.

തലക്കും മുതുകത്തും ഒക്കെ തല്ലുന്നുണ്ട് . എനിക്ക് വീണ്ടും ചിരി വന്നു . അവൾ എന്നെ റൂമിന് ചുറ്റും ഓടിച്ചു. അവളുടെ ചമ്മൽ മാറ്റാൻ……

Leave a Reply

Your email address will not be published. Required fields are marked *