എന്തു രസമായിരുന്നു അന്നത്തെ ആ കാലം, വിലക്കുകളില്ലാതെ പാറിപറന്ന് ഒരു പൂമ്പാറ്റയെ..

കുട്ടിക്കാലം
(രചന: Rajitha Jayan)

രാത്രി  സമയമേറെ  കടന്നു പോയിരിക്കുന്നു… പക്ഷേ ഉറക്കം എന്റ്റെ കണ്ണുകളിലേക്ക് വരുന്നതേ  ഇല്ല…. മനസ്സു മുഴുവൻ അല്പം മുമ്പ് കേട്ട  ആ സിനിമ ഗാനം നിറഞ്ഞ് നിൽക്കുന്നതിനാൽ  ആണോ ആവോ … .

“””കയ്യെത്തും ദൂരേ ഒരു  കുട്ടിക്കാലം…. മഴവെള്ളം  പോലെ ഒരു  കുട്ടിക്കാലം. …”””

എത്ര  മനോഹരമായ വരികൾ. ..ഏകാന്തതകളിൽ  എനിക്കെന്നും കൂട്ട് ഇത്തരം പഴയ പാട്ടുകൾ  ആണ്, ഓരോ പഴയ പാട്ടിനുമുണ്ടാവും  നമ്മുക്ക് സമ്മാനിക്കാൻ ഒരു നൂറ് ഓർമകൾ. ..ഒരിക്കലും മായ്ച്ചു കളയാൻ  പറ്റാത്ത  പ്രിയപ്പെട്ട  ഓർമകൾ. …

ഈ  പാട്ടും അങ്ങനെ ഒന്നല്ലേ  ?  മനസ്സിനെ നൊമ്പരപ്പെടുത്തുന്ന  ഒരു കുഞ്ഞു ബാല്യയത്തിന്റ്റെ നഷ്ടത്തിന്റെ  ഓർമകൾ. ….

എന്തു രസമായിരുന്നു അന്നത്തെ  ആ കാലം. .. വിലക്കുകളില്ലാതെ  പാറിപറന്ന്  ഒരു  പൂമ്പാറ്റയെ പോലെ. ….മനോഹരമായ  ഒരു കുട്ടിക്കാലം. …

സ്ക്കൂളിൽ  പോവുമ്പോൾ ഒപ്പം ഉള്ള കൂട്ടുകാർ എത്തിയില്ലെങ്കിൽ  ഞാനാദ്യം പോയെന്ന് അവരെ അറിയിക്കാൻ വഴിയിൽ ഒരു നിശ്ചിത  സ്ഥലത്ത് ഒടിച്ചിട്ട് പോവുന്ന  കാശിതുമ്പ പൂവിനു പോലും പറയാനുണ്ടാവും ഇപ്പോൾ ഒരു  നഷ്ട ബാല്യത്തിന്റ്റെ കഥ…..

പങ്കുവെച്ച്  കഴിക്കാൻ  കിട്ടുന്ന  പുളിയിലും  മാങ്ങയിലും നെല്ലിക്കയിലും  എല്ലാം  അന്ന് എത്ര പേരുടെ തുപ്പൽ പറ്റിയിരുന്നു…

പക്ഷേ അന്നതൊന്നും  ആർക്കും  പ്രശ്നം ആയിരുന്നില്ല..പങ്കു  വെച്ചപ്പോൾ ഇല്ലാത്തിരുന്ന  കൂട്ടുക്കാരിക്ക്  സ്വന്തം വായിൽ നിന്നെടുത്ത് പങ്ക് നൽകിയിരുന്ന നിഷ്കളങ്കമായ മനസ്സ്……

ശബ്ദമുണ്ടാക്കാതെ തുമ്പിയെ പിടിച്ച് അതിന്റെ വാലിൽ നൂൽകെട്ടി  പറപ്പിച്ചു നടക്കുമ്പോൾ  ഞാനൊരിക്കലും  അറിഞ്ഞിരുന്നില്ല..

ഞാനും  കൂട്ടുക്കാരും പൊടിമണ്ണിനടിയിൽ നിന്ന് തോണ്ടിയെടുത്ത് എണ്ണം  തികച്ച് വലിച്ചെറിയുന്ന കുഴിയാനകൾ  തുമ്പിയുടെ മുട്ട വിരിഞ്ഞ് പുറത്തു വന്ന കുഞ്ഞ്  ആയിരുന്നെന്ന്. …

ചില പ്രത്യേക  സമയത്ത്  പറമ്പിൽ  മുളച്ചു പൊന്തുന്ന കൂൺ കൂട്ടുക്കാരറിയാതെ  ശബ്ദമുണ്ടാക്കാതെ  പറിച്ച് വീട്ടിൽ  കൊടുക്കുന്ന  ശ്രദ്ധ അത് വല്ലാത്തത് ആയിരുന്നു. ..

കാരണം  ശബ്ദം ഉണ്ടാക്കി പറിച്ചാൽഅടുത്ത വർഷം  അത് അവിടെ ഉണ്ടാവില്ല  എന്ന വിശ്വാസം അത്ര വലുതായിരുന്നന്ന്. .

വർഷകാലത്ത്  വയൽ ഉഴുത്  മറിക്കുമ്പോൾ  പാടത്തൂടെ തലങ്ങും വിലങ്ങും പായുന്ന  ഞണ്ടുകളെ  പ്രയാസപ്പെട്ടായിരുന്നു  പിടിച്ചിരുന്നത്…..

ഒരിക്കൽ  അങ്ങനെ പിടിച്ച് കൊടുത്ത ഞണ്ടുകളെ  ആദിവാസികൾ ചുട്ടുതിന്നപ്പോൾ  എത്ര മാത്രം  വേദനിച്ചു  തന്റെ കുഞ്ഞു മനസ്സ്…

പാടത്തിനരികിലൂടെ പതം പറഞ്ഞൊഴുക്കുന്ന തോട്ടിൽ നിന്നും കുഞ്ഞു മീനുകളെ പിടിച്ച് സൂക്ഷിച്ചിരുന്ന  ചില്ലുകുപ്പികൾ ഇപ്പോഴും തന്റ്റെ തറവാട്ടിൽ  അനാഥമായി കിടക്കുന്നുണ്ടാവും. ..

വളർന്ന്  വലുതാവേണ്ടിയിരുന്നില്ല…ആ കുഞ്ഞു  മനസ്സും ശരീരവും  മതിയായിരുന്നു ഇന്നും. ..

കയ്യിൽ  നിന്നു  വീണുടഞ്ഞുപോയ  കുപ്പിവളകൾ പോലെ പലയിടത്തായി ചിതറികിടക്കുന്ന നോവുന്ന ഒരു  കുട്ടിക്കാലം. ..

ഓർമകളിൽ കുട്ടിക്കാലത്തിന്റ്റെ  നിറങ്ങളും രസങ്ങളും ഇനിയൊരു ചെപ്പിലാക്കി  അടച്ചു സൂക്ഷിക്കുമ്പോൾഅത് നിറക്കാനിനി  എനിക്കെന്റ്റെ അച്ഛന്റെ ഓർമ്മകളും ഉണ്ടാവും. ..

ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റ്റെ കുട്ടിക്കാലംപോലെ ഒരു യാത്രയിലൂടെ എന്റ്റെ അച്ഛനും ഇനി എന്റെ  നഷ്ടങ്ങളിലേക്ക്. …

ഈ ഡിസംബർ അവസാനിക്കുമ്പോൾ  നഷ്ടമാവുന്ന ഈ വർഷവും  നമ്മുക്ക്  സമ്മാനിക്കുന്നത്  വരും കാലങ്ങളിൽ  നമ്മുക്ക്  ഓർക്കാനുളള ചില നഷ്ടങ്ങളും നേട്ടങ്ങളും  മാത്രമല്ലേ. ..

ഇനിയും  ഒരു ജന്മം  എനിക്കായ് ഉണ്ടാവില്ല  എങ്കിലും  ഞാൻ  തീവ്രമായി ആഗ്രഹിക്കുന്നു….. ഒരിക്കൽ. …ഒരിക്കൽ മാത്രം എനിക്കെന്റ്റെ  ആ കുട്ടിക്കാലം  ഒന്നു തിരിച്ചു കിട്ടിയിരുന്നെങ്കിൽ…

Leave a Reply

Your email address will not be published.