വീണ്ടും ഒരു തിരിഞ്ഞുനോട്ടം
(രചന: Sreejith Raveendran)
തൊടരുത് എന്നെ… പാറു ശബ്ദമുയർത്തി…
എടീ പെണ്ണേ ഞാനൊരു തമാശ പറഞ്ഞതല്ലേ…
വേണ്ട… എന്നോട് സംസാരിക്കേണ്ട..
എന്റെ പാറു.. ഞാൻ പറയട്ടെ…
എനിക്ക് കേക്കണ്ട എന്നു പറഞ്ഞില്ലേ…
ആഹാ…ഇത്രേം നേരം മര്യാദക്ക് പറഞ്ഞപ്പോ നിനക്ക് ജാഡ അല്ലേ…. അതും പറഞ്ഞു ആ വയറിന്റെ സൈഡിൽ ഒരു നുള്ളും ആ കൈയിൽ ആ കൈയിൽ ഒരു കടിയും വെച്ചു കൊടുത്തു….
ആ…അവൾ ചിണുങ്ങി…
കട്ടിലിൽ കിടക്കണ അവളുടെ മുകളിൽ മുട്ടു കുത്തി ഞാൻ നിന്നു…
മാറങ്ങോട്ടു… ഒറ്റ തള്ളിനു അവളെന്നെ കട്ടിലിന്റെ താഴേക്കിട്ടു…
എന്നെ തള്ളി താഴെയിടാറായോ… ബെഡിൽ കിടക്കണ അവളുടെ കാലിൽ പിടിച്ചു വലിച്ചു ഞാൻ താഴെയിട്ടു…
ഇയ്യോ…ഈ മനുഷ്യൻ ഇന്നെന്നെ കൊല്ലും…
ആ കൊല്ലും…പിണക്കം തീർക്കാൻ പുറകെ വന്നപ്പോ നിനക്ക് ഒടുക്കത്തെ ജാഡ..
ആ ജാടയെടുക്കും…എന്റെ അച്ഛനെ വിളിച്ചിട്ടല്ലേ…
എപ്പോ വിളിച്ചു…ഞാൻ എന്റെ അമ്മായിഅച്ചൻ എന്നല്ലേ പറഞ്ഞേ..
അതിനുത്തരം വയറിനിട്ടു ഒരിടിയാരുന്നു… നിങ്ങടെ അമ്മായിയച്ഛൻ എന്റെ അച്ഛനല്ലാണ്ട് വേറെ ആരാ മനുഷ്യാ…
ഞാൻ പോവാ.. ഇവിടെ ഒറ്റക്ക് കിടന്നോ..
ഇതെവിടെ പോവാ…
ഞാൻ അമ്മേടെ കുടെ കിടക്കാൻ പോവാ..
ആ ബെസ്റ്റ്…തുള്ളിച്ചാടി പോവാതെ വന്നു കിടക്കു പെണ്ണേ…
ഇല്ല… ഞാനിന്നു അമ്മേടെ കുടെ കിടക്കാനുള്ളു… ഈ സ്നേഹമില്ലാത്ത കെട്ടിയോൻ ഇവിടെ ഒറ്റക്ക് കിടന്നോ..
ഒറ്റക്ക് കിടന്നോളാൻ ഒക്കെ പറഞ്ഞു നീ ചുമ്മാ കൊതിപ്പിക്കല്ലേ… കള്ളച്ചിരിയോടെ കണ്ണടച്ചപ്പോൾ അവളെന്നെ ഒരു നോട്ടം നോക്കി…
എനിക്കറിയാം അതിനാ ആഗ്രഹമെന്ന്.. ഞാനവിടെ പോയി കിടന്നാൽ ഇവിടെ സൗകര്യമായല്ലോ…ഫേസ്ബുക്കിലും വാട്സാപ്പിലും കണ്ടവളുമ്മാരോട് സൊള്ളാല്ലോ…
ഗൊച്ചു ഗള്ളി… കണ്ടുപിടിച്ചു.. ഈശ്വരാ.. ഉറങ്ങികാണുവോ ആവോ…
പട്ടി…കാണിച്ചു തരാം ഞാൻ… അവൾ ചാടിത്തുള്ളി അമ്മേടേം അച്ഛന്റേം റൂമിലേക്ക് പോയി…
ഒച്ച കേട്ടപ്പഴേ ഞാൻ പറഞ്ഞു ഇപ്പൊ വരും ഒരാളെന്ന്…എന്നാ പറ്റി താമസിച്ചേ… അച്ഛന്റെ ശബ്ദമാണ്..
പറ്റിയ അവസരം…ഞാൻ പയ്യെ എഴുന്നേറ്റു അവരുടെ മുറിയിൽ ചെന്നു…
എന്നെ കണ്ടതും പാറു തിരിഞ്ഞു അമ്മയെ കെട്ടിപിടിച്ചു കിടന്നു…
എന്തോന്നാടാ…വയസിത്രേം ആയി… ഇപ്പഴും കൊച്ചുകളിയാ..
അമ്മയാണ്…
ഈ കൊച്ചിനെ എന്തിനാ ഇങ്ങനെ പിണക്കുന്നേ…
കാര്യം എന്നതാണെന്ന് അമ്മ മോളോട് തന്നെ ചോദിക്ക്…
എന്നതാടി കൊച്ചേ കാര്യം…
എന്റെ അച്ഛന് വിളിച്ചമ്മാ…
എന്തിനാടാ മോൾടെ അച്ഛന് വിളിച്ചേ…
ഇത്രേം പറഞ്ഞതല്ലേ…അതും മോളോട് തന്നെ ചോദിക്ക്…
എന്തിനാടി…
അത് പിന്നെ ദേഷ്യം വന്നപ്പോപോടാ കുരങ്ങാ എന്നു പറഞ്ഞു…അപ്പൊ എന്നോട് പറഞ്ഞു കുരങ്ങൻ നിന്റച്ഛനാണെന്നു…
ആ അടിപൊളി…
അച്ഛന്റെ കമെന്റ്…
ഞാൻ അങ്ങനെ പറഞ്ഞില്ല..ഞാൻ പറഞ്ഞത് കുരങ്ങൻ എന്റെ അമ്മായിയച്ഛൻ ആണെന്നാ..
ഏട്ടന്റെ അമ്മായിഅച്ചൻ എന്റെ അച്ഛനല്ലേ അമ്മേ…
അതെന്റെ തെറ്റല്ല..
അത് മാത്രല്ലമ്മേ…എന്നെ ഉപദ്രവിച്ചു…
എന്നെ കാലിൽ പിടിച്ചു വലിച്ചു നിലത്തിട്ടു… പിന്നെ നുള്ളി…
നുള്ളിയതെവിടാണെന്നും കൂടെ പറഞ്ഞു കൊടുക്കൂ ഭാര്യേ… അവള് തലേൽ കൈ വെച്ചു മിണ്ടരുതെന്നു എനിക്ക് ആംഗ്യം കാണിച്ചു…
അപ്പുറത്തുനിന്നും അച്ഛൻ ഒരുമാതിരി ആക്കിയൊരു ചുമ ചുമച്ചു..
അപ്പൊ നീ വരുന്നില്ല അല്ലേ…
ഇല്ല.. ഞാൻ അമ്മേടെ കൂടെയാ ഇന്നു…
അച്ഛാ ദേ അവളിവിടാ കിടക്കുന്നെന്നു…
അതിവിടെങ്ങാനും കിടന്നോട്ടെടാ.. നീ പോയി കിടന്നുറങ്ങാൻ നോക്ക്… ഇത് കേട്ടതും അവൾ കൈകൊട്ടി… ഇപ്പോ എങ്ങനുണ്ട് എന്ന രീതിയിൽ എന്നെ നോക്കി നാക്ക് നീട്ടി കാണിച്ചു…
പിതാമഹോ…എന്നേലും ഇവള് വീട്ടിൽ പോവും.. അപ്പോ ഞാൻ വന്നു നിങ്ങടെ നടുക്ക് കിടക്കും.. നോക്കിക്കോ…
അമ്മ അടക്കിപിടിച്ചൊരു ചിരി ചിരിച്ചു…
ഓ ഇനിയിപ്പോ നീ കിടന്നാലും കിടന്നില്ലേലും ഒക്കെ കണക്കാടാവ്വേ… ദീർഘനിശ്വാസത്തോടെ അച്ഛൻ പറഞ്ഞുതീർന്നപ്പോൾ അമ്മ അച്ഛന്റെ കൈക്കിട്ടൊരു അടി കൊടുത്തു..
പിള്ളേരിരിക്കുന്നു മനുഷ്യാ…
അല്ല പാറു…നീ വരുന്നില്ലെന്ന് ഉറപ്പിച്ചാണോ…
അതെ…
എന്നാ ഞാൻ പോവാ…
പൊക്കോ…
വാതിൽ കുറ്റി ഇടും…
ഇട്ടോ..
അപ്പോ ശുഭരാത്രി…
ആ ശെരി…
റൂമിൽ കിടന്നു അവൾ കേൾക്കത്തക്ക വിധത്തിൽ പറഞ്ഞു… എന്റെ കിടക്ക.. എന്റെ കട്ടിൽ…എന്ത് സുഖം എന്ത് രസം…ആഹാ…
അതേയ്…മൈ ബോസ്സ് സിനിമ ഞാനും കണ്ടിട്ടുള്ളതാ… അപ്പുറത്ത് നിന്നും അവളുടെ ശബ്ദം…
പാട്ടും വെച്ചു കിടന്നു എപ്പഴാ ഉറങ്ങിയേ എന്നെനിക്കറിയില്ല… വയറ്റിൽ ഒരു നുള്ള് കൊണ്ടാണ് ചാടി എണീറ്റത്… അമ്മേടെ കുടെ കിടക്കാൻ പോയ സഹധർമിണി ദേ ഇരിക്കുന്നു..
ഞാനോർത്തു ഞാനില്ലാത്തോണ്ട് ഇവിടെ ഉറങ്ങാതിരിക്കുവാരിക്കും എന്നു… എന്നിട്ട് കണ്ടില്ലേ… പോത്തുപോലെ കിടന്നുറങ്ങുന്നു…
അതിനു ആരുറങ്ങി…ഞാൻ പാട്ടു കേൾക്കുവല്ലാരുന്നോ…
ഉവ്വ…
സാധാരണ 12 മണി വരെ പിടിച്ചു നിക്കാറുണ്ടല്ലോ…ഇന്നെന്നാ നേരത്തെ എണീച്ചു പോയേ..
അപ്പുറത്തുനിന്നു അച്ഛന്റെ ശബ്ദം…കൂടെ അമ്മേടെ ചിരിയും… ഒരു കള്ളച്ചിരിയോടെ മുഖം പൊത്തിയ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു…
നിക്ക് മനുഷ്യാ..വാതിലടക്കട്ടെ…
വാതിലടച്ചു തിരിച്ചു വന്നവൾ നെഞ്ചിൽ കിടന്നു. നെഞ്ചിലൂടെ വിരലോടിച്ചു അവൾ ചോദിച്ചു…
വാതിൽ കുറ്റിയിടും എന്നു പറഞ്ഞിട്ടെന്താ ഇടാത്തത്…
ആദ്യമായിട്ടല്ലല്ലോ പാറു പിണങ്ങി അപ്പുറത്ത് പോയി കിടക്കുന്നത്.. ഈ നെഞ്ചിൽ കിടക്കാതെ നിനക്കുറക്കം വരില്ലെന്ന് എനിക്കറിഞ്ഞൂടെ…
കള്ള ചിരിയോടെ അവളെന്റെ ചെവിയിൽ പറഞ്ഞു..
പോടാ കൊരങ്ങാ…
കൊരങ്ങൻ എന്റെ അമ്മായിയച്ഛൻ അല്ല…
ആ അങ്ങനെ വഴിക്ക് വാ…പിന്നെ ആരാ…
നിന്റച്ഛൻ…
നീ പോടാ എന്നും പറഞ്ഞു വയറ്റിൽ നുള്ളിയ അവളെ ചേർത്തു പിടിച്ചു കിടന്നു…
എന്റെ നെഞ്ചിൽ പതിക്കുന്ന ചൂടുള്ള നിശ്വാസത്തിന്റെ തീവ്രതയിൽ ഞാനറിയുകയായിരുന്നു. പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന്റെ സുഖം…