ഒടുവിൽ തന്റെ ഉള്ളിലൊരു കുഞ്ഞു ജീവൻ വളരുന്നുണ്ട് എന്നറിഞ്ഞപ്പോൾ സങ്കടമാണോ..

(രചന: Sreejith Raveendran)

മിന്നിതെളിയുന്ന സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിലൂടെ അവൾ നടന്നു… ലക്ഷ്മി…

കാറ്റു വീശുന്നുണ്ടായിരുന്നു… ഇടയ്ക്കിടെ അവൾ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന തന്റെ 2 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു…

മുറിവിന്റെ വേദനയിൽ അവളുടെ കാലുകൾ ഇടറി.. ചോ ര ചെറിയ ചാലുകളായി കാലിലൂടെ ഒലിച്ചിറങ്ങി…

അവളാ വേദന അറിയുന്നേ ഇല്ലായിരുന്നു… പാതിയടഞ്ഞ കണ്ണുകൾ ഇടയ്ക്കിടെ നാലുപാടും നോക്കികൊണ്ടിരുന്നു… ഒടുവിൽ വേച്ചുവീഴുമെന്ന തോന്നൽ വന്നപ്പോൾ അടുത്തുള്ള പോസ്റ്റിൽ കുറച്ചുനേരം ചാരിയിരുന്നു…

എവിടാണ് തനിക്ക് പിഴച്ചത്… എന്തിനാണ് ദൈവം തന്നോടിത്ര ക്രൂരനായത്… എന്ത് മനോഹരമായിരുന്നു തന്റെ ജീവിതം… കോളേജ് കാലം…പ്രേമം…

ഒടുവിൽ അവൻ നമുക്ക് വേണ്ടി പണിയുന്നതെന്നു പറഞ്ഞ പുതിയ വീട് കാണാൻ പോയ ദിവസം…

അതൊരു കെണിയായിരുന്നു എന്ന് മനസിലാക്കാൻ സമയമൊരുപാടെടുത്തു…

അവിടെ വെച്ച്….

എത്ര വാർത്തകൾ കണ്ടാലും പഠിക്കാത്ത താനടക്കമുള്ള പെൺവ ർ ഗ്ഗം… പക്ഷെ ചങ്കുപറിച്ചു സ്നേഹിക്കുന്നവൻ അവരെപോലൊന്നും അല്ല എന്നെ കരുതു… വിശ്വസിക്കൂ… അതാണ്‌ ബലഹീനതയും…

ഒടുവിൽ തന്റെ ഉള്ളിലൊരു കുഞ്ഞു ജീവൻ വളരുന്നുണ്ട് എന്നറിഞ്ഞപ്പോൾ സങ്കടമാണോ സന്തോഷമാണോ തോന്നിയത് എന്ന് ഇപ്പഴും അറിയില്ല… ആദ്യം വിളിച്ചതും അവനെയായിരുന്നു… പക്ഷെ അവിടുന്നുള്ള ഉത്തരം എന്നെ ഞെട്ടിച്ചു…

നമുക്കിത് വേ ണ്ട…ക ള യാം… സമ്മതിച്ചില്ല… കരഞ്ഞു… കാലുപിടിച്ചു…

വീട്ടിലറിഞ്ഞു… ജന്മിത്വം പോയെങ്കിലും ഇപ്പഴും നാട്ടിലെ അറിയപ്പെടുന്ന പ്രമാണിമാർ… നാണക്കേടിൽ തലകുനിച്ചു അച്ഛൻ ആ ത്മ ഹത്തക്കു വരെ ഒരുങ്ങി… ഭാഗ്യംകൊണ്ടാണ് അന്ന് രക്ഷപെട്ടത്….

ഒറ്റ മകൾ…പിഴച്ചു പോയാൽ…ഏത് മാതാപിതാക്കൾക്കാണ് സഹിക്കുക…

ഒടുവിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ അവനെ വിളിച്ചു… എങ്ങോട്ടെങ്കിലും പോവാമെന്നു പറഞ്ഞു… അപ്പോഴും ഒരു താല്പര്യമില്ലായ്മ അവനിൽ ഞാൻ കണ്ടു… ഒടുവിൽ അവൻ സമ്മതിച്ചു…

ഒരു രാത്രി അച്ഛനന്റെയും അമ്മയുടെയും കാലിൽ തൊട്ടു മാപ്പു ചോദിച്ചിട്ട് ആ വീട് വിട്ടിറങ്ങി….

ആ നാട്ടിൽ നിന്നും ഒരുപാട് ദൂരെ ഇവിടെത്തി… ഒരു വാടക വീടെടുത്തു താമസം തുടങ്ങി…

പതിയെ മനസിലായി താൻ കണ്ട ഇഷ്ടപെട്ട ആളെയല്ല അവൻ… പണിക്ക് പോകാതായി…കു ടിച്ചു വന്നു ഉപദ്രവം തുടങ്ങി… പലപ്പോഴും അ ടിയും ച വിട്ടും വയറിൽ കൊള്ളാതിരിക്കാൻ വയറുപൊത്തിപിടിച്ചു കുനിഞ്ഞിരുന്നു…

ഒരു ദിവസം ഇറങ്ങിപ്പോയ അവനെ പിന്നെ ഇതുവരെ കണ്ടിട്ടില്ല… അന്യോഷിച്ചു…പരാതികൊടുത്തു… ഒരു ഫലവുമുണ്ടായില്ല…

വാടകകുടിശിക ഒരുപാടായപ്പോൾ വീട്ടുകാരന്റെ പെരുമാറ്റം മാറി… അയാൾക്ക് വാടക വേണ്ട താൻ മതിയെന്നായി…

ഒടുവിൽ കവിളടച്ചൊരു പെട കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങുമ്പോ അയാൾ പുറകിൽ നിന്നും പറഞ്ഞത് ഇപ്പഴും തന്റെ കാതുകളിലുണ്ട്.. എവിടെയേലും പോയി കിടന്നു കൊടുത്തു വയറ്റിലും ഉണ്ടാക്കിട്ടു അവളൊരു ശീലാവതി…

ഒടുവിൽ നടന്നു തളർന്നു ഒരു രാത്രി കടത്തിണ്ണയിൽ കിടന്നുറങ്ങിയ തന്നെ എഴുന്നേൽപ്പിച്ചു റെയിൽവേ ട്രാക്കിന് അടുത്തുള്ള ഒരു ചാക്കുകെട്ടി മറച്ച കൂരക്കുള്ളിൽ എത്തിച്ചത് കുറച്ചു നാടോടിസ്ത്രീകളാണ്…

അന്നന്നത്തെ അന്നത്തിനു പാട്ടുപാടിയും ഭിക്ഷയെടുത്തും ജീവിക്കുന്നവർ… ഒടുവിൽ രണ്ടു ദിവസം മുമ്പ് പ്രസവവേദന കൊണ്ട് താൻ പുളഞ്ഞപ്പോ…അതിലെ ഒരു പ്രായം ചെന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ പുറത്തെടുത്തതും….

പെൺകുഞ്ഞ്…

ഇനിയും വയ്യ… ഈ സമൂഹത്തിലേക്ക്… ഈ തെരുവുകളിലേക്ക്…ഒരു പെൺകുഞ്ഞുമായി താനൊറ്റക്ക്…

പക്ഷെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോ… പറ്റുന്നില്ലാല്ലോ ഈശ്വരാ…

മുഖത്ത് വീണ മഴത്തുള്ളികളാണ് ലക്ഷ്മിയെ ചിന്തകളിൽ നിന്നുണർത്തിയത്…

മഴ പെയ്തു തുടങ്ങിയിരിക്കുന്നു… തോളിലെ തോർത്തെടുത്തു കുട്ടിയുടെ തലയിൽ ഇട്ടു… നടപ്പിന് വേഗം കൂടി… ചോ ര യുടെ ഒഴുക്കിനും…

പെട്ടെന്നാണ് വലതുവശത്തെ ഒരു വീട് കണ്ണിൽ പെട്ടത്… ഇനിയും മുമ്പോട്ട് പോകാൻ വയ്യ…മഴ കനക്കുന്നു… ഗേറ്റ് പൂട്ടിയിട്ടില്ല… മുമ്പിലെങ്ങും ആരുമില്ല…

ഒരു മരത്തിനു ചുവട്ടിലേക്ക് മാറി അവസാനമായി അവൾ തന്റെ കുഞ്ഞിനെ മുലയൂട്ടി…. പാലുകുടിച്ചുറങ്ങുന്ന ആ മുഖത്തേക്ക് അവൾ നോക്കിയിരുന്നു…

പാടില്ല… മറിച്ചൊരു ചിന്ത പാടില്ല…

എഴുന്നേറ്റു… പതിയെ അവൾ ഗേറ്റ് കടന്നു അകത്തെത്തി… വിശാലമായ വരാന്തയുടെ അടുത്ത് നിന്നു… മുഖത്തെ തുണി മാറ്റി… ചുണ്ടിൽ ചെറിയൊരു ചിരിയോടെ അവളുറങ്ങുകയാണ്… ഇതൊന്നുമറിയാതെ…

ഭാഗ്യമില്ലാതായിപ്പോയല്ലോ മോളെ…നീ വന്നു പെട്ടത് ഈ വയറ്റിലാണല്ലോ… കുഞ്ഞിനെ ചേർത്ത് പിടിച്ചു തുരുതുരാ ഉമ്മവെക്കുമ്പോ കണ്ണുനീർ ആ മുഖത്ത് വീണു അവൾ ഉണരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

അവളെ ആ വരാന്തയിൽ കിടത്തി… ഒരിക്കൽക്കൂടി ആ മുഖത്തേക്ക് നോക്കി… വിട… ഈ അമ്മയ്ക്ക്… ഈ മഹാപാപിക്ക് വിട തരിക…

ദൈവവിശ്വാസം എപ്പഴോ നഷ്ടപ്പെട്ടതാണ്… പക്ഷെ ഇപ്പോ അവസാനമായി എല്ലാ ദൈവങ്ങളോടുമായി പ്രാർത്ഥിക്കുന്നു… എവിടണേലും എങ്ങനാണേലും നന്നായിരിക്കണേ…എന്റെ മോളു…

നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്തശേഷം അവൾ ആ വീടിന്റെ കോളിംഗ്ബെല്ലടിച്ചു….. ധൃതിയിൽ തിരിച്ചു നടന്നു…ഗേറ്റ് കടന്നു… മഴയിൽ കുതിർന്ന കവിളുകളിൽ കണ്ണുനീരിനു ചൂടുണ്ടായിരുന്നില്ല…

ഇനി എന്ത്…ഇനി ആർക്കുവേണ്ടി…

ഈ നശിച്ച ജന്മം ഇന്നവസാനിക്കട്ടെ….. നടന്നു നടന്നു റെയിൽവേ ട്രാക്കിൽ കയറി… ട്രാക്കിലൂടെ നടന്നു..

മഴ അപ്പോഴും ഇടിച്ചുകുത്തി പെയ്യുന്നുണ്ടായിരുന്നു….

മഴനിക്കുന്നു തോന്നണില്ലല്ലോ കുഞ്ഞേട്ടാ…

സിസ്റ്റർ ജൂലി ചോദിച്ചു…

എന്നാ നമുക്കങ്ങ് നടന്നാലോ… വീട്ടുകാരെ ഒരു കുടയും ടോർച്ചും ഇങ്ങെടുത്തേ… അവിടുന്ന് കിട്ടിയ കുടയുമായി അവർ നടന്നു… സിസ്റ്ററിനെ കുട ചൂടിച്ചുകൊണ്ട് കുഞ്ഞേട്ടനും…..

പ്രാർത്ഥനക്കു വന്നപ്പോ ഇത്ര താമസിക്കുന്നു ഓർത്തില്ല… കുഞ്ഞേട്ടാ… പാളം ക്രോസ്സ് ചെയ്യുമ്പോ നോക്കണേ.. മഴയാ…ട്രെയിന്റെ ശബ്ദം കേൾക്കില്ല…

സിസ്റ്റർ പേടിക്കണ്ട…കുഞ്ഞേട്ടനല്ലേ കൂടെയുള്ളെ…അപ്പുറത്തിട്ടിരിക്കുന്ന വണ്ടി വരെ എത്തുന്ന പാടല്ലേ ഉള്ളു… ട്രാക്കിൽ കേറി വെറുതെ ടോർച്ചടിച്ചു നോക്കിയപ്പോഴാണ് കുഞ്ഞേട്ടൻ ആ കാഴ്ച കണ്ടത്…

ട്രാക്കിലാരോ ഇരിക്കുന്നു….

സിസ്റ്ററേ… കുഞ്ഞേട്ടന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു…

ആരാ അത്… കുഞ്ഞേട്ടൻ വിളിച്ചു ചോദിച്ചു…

ഉത്തരമുണ്ടായില്ല… അപ്പോഴാണ് അകലെനിന്ന് ഒരു വെളിച്ചം അടുത്ത് വരുന്നത് കണ്ടത്…

കുഞ്ഞേട്ടാ..ട്രെയിൻ…എന്തേലും വേഗം ചെയ്യൂ…

സിസ്റ്റർ ഈ കുട പിടിക്ക്… കുട കൊടുത്തു കുഞ്ഞേട്ടൻ ട്രാക്കിലൂടെ ഓടി…

ട്രെയിനിന്റെ ശബ്ദം അടുത്തടുത്ത് വന്നു…

ഞാൻ… ഞാനെവിടാ… കണ്ണ് തുറന്ന ലക്ഷ്മി ചുറ്റും നില്കുന്നവരോട് തിരക്കി…

താൻ സുരക്ഷിതയാണ്…ഇത് സ്നേഹാലയം… ഞാൻ സിസ്റ്റർ നിർമല… ഇവിടുത്തെ ഇൻചാർജ് ആണ്…

പഴയതൊക്കെ മനസിലേക്ക് വന്നപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..

ദൈവം തന്ന ജീവൻ തിരിച്ചെടുക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ… എന്താ പറ്റിയെ കുട്ടിക്ക്…

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞുതുടങ്ങി… പറഞ്ഞു നിർത്തിയപ്പോൾ സിസ്റ്റർ ലക്ഷ്മിയുടെ മുടിയിൽ തലോടി…

ദൈവം ഒന്നു തീരുമാനിച്ചിട്ടുണ്ട്.. അങ്ങനെയേ നടക്കു…ഏതായാലും ലക്ഷ്മിക്ക് നഷ്ടമായെന്ന് കരുതുന്നത് നഷ്ടപ്പെട്ടിട്ടില്ല…

സിസ്റ്റർ ജൂലി മുറിയിലേക്ക് കടന്നുവന്നു… കൈയിൽ ഒരു തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞും… കുഞ്ഞിനെ കൊണ്ടുവന്നു ലക്ഷ്മിയുടെ അടുത്ത് കിടത്തി….. താൻ ആ വീട്ടിൽ ഉപേക്ഷിച്ച തന്റെ പൊന്നുമോൾ…

കുഞ്ഞിനെ കണ്ട അവർ ആദ്യം ഇങ്ങോട്ടാണ് വിളിച്ചത്.. ഞങ്ങൾ ചെന്ന് കുട്ടിയെ ഏറ്റെടുത്തു… ഇപ്പോ ദൈവനിശ്ചയം പോലെ ദാ ലക്ഷ്മിയും… നിങ്ങൾ ജീവിക്കാനാണ് ദൈവം തീരുമാനിച്ചിരിക്കുന്നത്.. ഒരുമിച്ചുതന്നെ..

പൊട്ടിക്കരഞ്ഞുകൊണ്ട് അവളാ കുഞ്ഞിനെ ഉമ്മ വെക്കുമ്പോഴും ആ കുഞ്ഞിന്റെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു…

മൂന്ന് വർഷത്തിന് ശേഷം…

ടീച്ചറെ… ടീച്ചറെ കാണാൻ ഒരു വിസിറ്ററുണ്ട്… ക്ലാസെടുത്തു കൊണ്ടിരിക്കുമ്പഴാണ് പ്യൂൺചേച്ചി വന്നു വിളിച്ചത്…

ആരാ…

അറിയില്ല..നിർമല സിസ്റ്ററാ പറഞ്ഞത്…

ആരാണെന്നറിയാനുള്ള വ്യഗ്രതയിൽ ലക്ഷ്മിയുടെ നടപ്പിന് വേഗം കൂടി…വിസിറ്റേഴ്സ് റൂമിലെ ആളെ കണ്ടപ്പോ തലകറങ്ങുന്ന പോലെ തോന്നി…

അച്ഛൻ…

കൂടെ സിസ്റ്ററുണ്ട്…സിസ്റ്ററിന്റെ കൈ പിടിച്ചു തന്റെ മകൾ അഹാനയും…

അമ്മാ…എന്നെ കണ്ടതും അവളോടി വന്നു കെട്ടിപിടിച്ചു…

എന്താ മോളെ…

അമ്മാ സിസ്റ്റർ പറഞ്ഞു ഈ അങ്കിൾ എന്റെ മുത്തച്ഛൻ ആണെന്ന്…ആണോ അമ്മ..

കണ്ണ് തുടച്ചുകൊണ്ട് ലക്ഷ്മി തലയാട്ടി..

മോളെ… അച്ഛൻ അടുത്ത് വന്നു വിളിച്ചു…ആ വിളിയിൽ ലക്ഷ്മിക്ക് പിടിച്ചു നിൽക്കാനായില്ല… അച്ഛന്റെ തോളിലേക്ക് വീണുകിടന്നവൾ കരഞ്ഞു… മൂന്നു വർഷം പിടിച്ചു വെച്ച കണ്ണുനീർ മുഴുവൻ അണപൊട്ടി…

പരസ്പരം കുറെ സംസാരിച്ചു… അപ്പോഴേക്കും അഹാന മുത്തശ്ശനുമായി കൂട്ടായി…

ഇറങ്ങാൻ നേരം അച്ഛൻ ചോദിച്ചു…

വീട്ടിലേക്ക്…എന്നാ….?

ലക്ഷ്മി ഒന്നും പറയാതെ മുഖം താഴ്ത്തി…

നീ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ നിന്നെ കാത്തിരിക്കണ ഒരാളുണ്ട്..നിന്റെ അമ്മ…അവളെ ഒന്നു കാണാനെങ്കിലും… മിണ്ടാതെ നിക്കുന്ന ലക്ഷ്‌മിയെ നോക്കിയിട്ട് അച്ഛൻ ഒന്നുംമിണ്ടാതെ തിരിഞ്ഞു നടന്നു…

ലക്ഷ്മി സിസ്റ്ററേ നോക്കി..സിസ്റ്റർ അച്ഛനോട് സംസാരിക്കാൻ തലയാട്ടി കാണിച്ചു…

അച്ഛാ… ഈ ശനിയാഴ്ച ഞാൻ വരും എന്നമ്മയോട് പറഞ്ഞേക്ക്…അമ്മയുടെ കൊച്ചുമോളും… പറഞ്ഞിട്ട് സിസ്റ്ററെ നോക്കിയപ്പോൾ സിസ്റ്റർ ചിരിച്ചു…

കണ്ണ് നിറഞ്ഞെങ്കിലും ചിരിച്ചുകൊണ്ട് അച്ഛൻ കാറിൽ കയറുമ്പോൾ ലക്ഷ്മിയെ ചേർന്ന് നിന്നു അഹാന കൈ വീശി കാണിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *