ഞാനാ കിച്ചുവേട്ടനോട് ഇത് ഏട്ടനോട് പറയണ്ട എന്നു പറഞ്ഞത്, വീടിപ്പോ കല്യാണം..

(രചന: Sreejith Raveendran)

ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്… ഫോണിന്റെ മറുതലക്കൽ പെങ്ങളൂട്ടീടെ ശബ്ദത്തിനു പതിവില്ലാത്തൊരു കനം… എന്താടി മാളു പതിവില്ലാതെ ഒരു ആമുഖമൊക്കെ…

ഒന്നുല്ല ഏട്ടാ…ഏട്ടനറിയാല്ലോ ഞാൻ എല്ലാ കാര്യങ്ങളും ഏട്ടനോടാ ഷെയർ ചെയ്യാറ്…

ശെരിയാണ്‌…അമ്മാവന്റെ മകളാണെലും എന്റെ സ്വന്തം ചേച്ചിയേക്കാൾ അടുപ്പം അവളോടായിരുന്നു…

അമ്മാവനും അമ്മായിയും ആയിരുന്നു എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ട്…ഇടയ്ക്കു ലീവിന് ചെല്ലുമ്പഴണേലും എന്റെ സ്വന്തം വീട്ടിൽ നിൽക്കുന്നതിലും കൂടുതൽ സമയം ഞാൻ അവരുടെ ഒപ്പമാവും…അവർക്കു ഒറ്റ മകളാണ്…മാളു…

നീ കാര്യം പറ പെണ്ണേ….

ഏട്ടാ…എന്നോടൊരാൾ വന്നു ഇഷ്ടമാണെന്നു പറഞ്ഞു…

അത്രേ ഉള്ളോ…നീ കോളേജിലല്ലേ..ഈ മൂന്നു കൊല്ലത്തിനിടക്ക് ഒരുത്തനെ ഇഷ്ടാന്ന് പറഞ്ഞൊള്ളു…. മോശം…

ഏട്ടാ…തമാശയല്ല…

ശെരി…എന്നിട്ട് നിന്റെ സ്റ്റാന്റ് എങ്ങനാ…

എനിക്കും ഇഷ്ടക്കുറവൊന്നുല്ല…

അടിപൊളി…അപ്പോ സംഗതി സീരിയസ് ആണ്…

ഉം…അവൾ മൂളി…

അമ്മാവനും അമ്മായീം അറിഞ്ഞോ….

പറഞ്ഞു…അവരാ പറഞ്ഞെ ഏട്ടനോട് പറയാൻ…ഇവിടുത്തെ അന്തിമതീരുമാനം എന്നും ഏട്ടന്റെയാണല്ലോ…

ശെരി…ആളാരാ…എന്ത് ചെയ്യുന്നു..

പേര് കിരൺ…കിച്ചുന്നു വിളിക്കും…ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്…

ശെരി…ഞാനൊന്നന്യോഷിക്കട്ടെ…എന്നിട്ട്അമ്മാവനെ വിളിച്ചോളാന്ന് പറ…

ഫോൺ കട്ട്‌ ചെയ്തു ഞാൻ ഫേസ്ബുക്കിൽ ഒന്നു പരതി…ആളെ കിട്ടി…എന്റെ ഒരു ഫ്രണ്ട് അവന്റെം ഫ്രണ്ട് ആണ്…അവനെ ഒന്നു വിളിച്ചു നോക്കി…

അവന്റെ അഭിപ്രായത്തിൽ ആളു കുഴപ്പമില്ല…ദുശീലങ്ങൾ ഒന്നുമില്ല…ഒരേ കാസ്റ്റും….

അമ്മാവനെ വിളിച്ചു…അവിടുന്ന് പിന്നെ മാളു പറയുന്നതിന് എതിരൊന്നും വരില്ല…ഒറ്റ മോളല്ലേ.. കൊഞ്ചിച്ചു തലേൽ കേറ്റി വെച്ചിരിക്കുവാ… ഏതായാലും ഞാൻ അടുത്തമാസം വരുമല്ലോ അപ്പോൾ അവനോടു നേരിട്ട് സംസാരിക്കാം…എന്നിട്ടാവാം ബാക്കി എന്ന തീരുമാനത്തിൽ ഫോൺ വെച്ചു…

നാട്ടിലെത്തി കിച്ചുവിനെ മീറ്റ്‌ ചെയ്തു… സംസാരത്തിൽ നിന്നും ആളെ എനിക്കിഷ്ടപെട്ടു…വീട്ടിൽ ചെന്നപ്പോൾ മാളു പുറകെ നടന്നു ചോദിച്ചു….

എന്തായി ഏട്ടാ…ഏട്ടന് ഇഷ്ട്ടായോ… എന്ത് പറഞ്ഞു…

ആ കുഴപ്പല്യ…നോക്കട്ടെ….

ഏതായാലും അതിനുമുമ്പ് ഒന്നു ജാതകം നോക്കിച്ചേക്കാം…ഇനി എല്ലാം ഒത്തിട്ടു അവസാനം അത് ചേരാണ്ടാകണ്ടാ…നീ അവനോടു ആ ജാതകം ഒന്നെത്തിക്കാൻ പറ…

പിറ്റേദിവസം ജാതകം കിട്ടി.. നോക്കിച്ചു… പത്തിൽ എട്ടു പൊരുത്തം ഉണ്ട്…പക്ഷെ ഒരു വർഷത്തിനുള്ളിൽ മാളൂന്റെ കല്യാണം നടക്കണം…

ഏതായാലും ഈ ആലോചനയുമായി മുമ്പോട്ടു പോകാമെന്നുള്ള തീരുമാനത്തിലായിരുന്നു ഞാൻ തിരിച്ചു പോന്നത്..

ബാകിയുള്ള ബന്ധുക്കളോട് ഇതൊരു പ്രേമവിവാഹം ആണെന്ന് പറയണ്ട എന്നും എന്റെ ഒരു കൂട്ടുകാരനാണ് ചെറുക്കൻ… ഞാൻ വഴി വന്ന ആലോചനയാണെന്നും പറഞ്ഞാ മതി എന്നും അമ്മാവനേം അമ്മായിയേയും ചട്ടം കെട്ടി…

തിരിച്ചെത്തി ഒരു രണ്ടുമാസത്തിന് ശേഷം മാളൂന്റെ കാൾ വന്നു… സാധാരണ മെസ്സേജ് ആണ് പതിവ്… തിരിച്ചു വിളിച്ചു…

എന്താടി…

ഏട്ടാ…ചെറിയൊരു കാര്യമുണ്ട്…

നീ കാര്യം പറ…

ഏട്ടാ…കിച്ചുവേട്ടനൊക്കെ താമസിക്കുന്നത് വാടകവീട്ടിലാ… അവർക്ക് സ്വന്തമായി വീടില്ല…

നന്നായി….എന്റെ പെണ്ണെ നീ ഇതെന്താ ഈ പറയുന്നത്…അമ്മാവനൊക്കെ അറിയോ ഇത്…

അറിയാം…ഏട്ടനോട് പറയാൻ പേടിച്ചിട്ടാ…

എന്നാലും അന്ന് ഞാൻ കിച്ചുനോട് വളരെ ഓപ്പൺ ആയിട്ടാ സംസാരിച്ചേ… അന്നേലും എന്നോട് പറയാരുന്നു അവനീ കാര്യം…

ഞാനാ കിച്ചുവേട്ടനോട് ഇത് ഏട്ടനോട് പറയണ്ട എന്നു പറഞ്ഞത്….വീടിപ്പോ കല്യാണം കഴിഞ്ഞായാലും വെക്കാല്ലോ…

മാളു നീ എന്ത് മണ്ടത്തരാ ഈ പറയണേ.. ഇതറിഞ്ഞാൽ ആരേലും സമ്മതിക്കും എന്ന് തോന്നണുണ്ടോ ഈ ബന്ധത്തിനു… അങ്ങനൊരു വാടകവീട്ടിലേക്ക് എന്റെ പെങ്ങളെ കെട്ടിച്ചുവിടാൻ എനിക്ക് സമ്മതമല്ല… അമ്മാവൻ അടുത്തുണ്ടോ..നീ ഫോൺ സ്‌പീക്കറിൽ ഇടു…

അവൾ ഫോൺ സ്‌പീക്കറിൽ ഇട്ടു…

അമ്മാവാ..ഇതൊക്കെ അമ്മാവനറിയാമോ…

അറിയാടാ…പക്ഷെ…

ഒരു പക്ഷെയുമില്ല….അവന് ഇനിയും 9 മാസം സമയമുണ്ട്….അതിനുമുമ്പ് അവനൊരു വീട് വാങ്ങിയാൽ ഈ കല്യാണം നടക്കും…അല്ലേൽ മാളു നീ അതങ്ങ് മറന്നേക്കു….ഇതുപോലെ തന്നെ സ്ട്രോങ്ങ്‌ ആയിട്ട് അമ്മാവൻ അവനോടു കാര്യം പറഞ്ഞേക്ക്… അമ്മാവനാ സ്പീക്കർ ഓഫ്‌ ചെയ്തിട്ട് ഫോൺ മേടിച്ചേ..

കാര്യം ശെരിയാടാ…പക്ഷെ ഇവിടൊരെണ്ണം ദേ ഇപ്പഴേ കരച്ചിൽ തുടങ്ങി….

ഭാവിയിൽ ഇതിൽ കൂടുതൽ അവൾ കരയാതിരിക്കാനാ ഞാനീ പറയണേ…

ശെരി ഡാ…

ഒന്നുരണ്ട് തവണ കൂടെ അവളെന്നെ വിളിച്ചു അനുനയിപ്പിക്കാൻ ശ്രമിച്ചു… ഞാൻ എന്റെ തീരുമാനത്തിൽ നിന്നും ഒരു തരി പിന്നോട്ടു പോയില്ല… അവളെയോ കിച്ചുവിനെയോ പിന്നെ ഞാൻ വിളിച്ചു സംസാരിക്കാനും പോയില്ല..

മാസങ്ങൾ കടന്നുപോയി

ഒരു ദിവസം അമ്മാവനെ ഞാൻ വിളിച്ചു…

അതേ പറഞ്ഞ സമയം കഴിയാറായി… വീടിന്റെ കാര്യത്തിൽ അവൻ വെല്ല തീരുമാനോം ആയോ…

ഇല്ലടാ…ദേ നീ അവളോട്‌ തന്നെ ചോദിക്ക്…അവൾക്കു ഫോൺ കൊടുക്കാം…

എനിക്ക് സംസാരിക്കാനില്ല…

അവളുടെ ശബ്ദം ഞാൻ കേട്ടു…

സ്വന്തം അനിയത്തിടെ സന്തോഷത്തേക്കാളും വലുത് ഏട്ടന് വേറെന്തൊക്കെയോ അല്ലേ..എനിക്ക് വേണ്ട ഫോൺ….ഞാൻ വേറെ ആരെയും കെട്ടുമെന്ന് ആരും കരുതുകയും വേണ്ട…

കൂടുതൽ കേൾക്കുന്നതിന് മുമ്പ് ഞാൻ ഫോൺ കട്ട്‌ ചെയ്തു…

പിറ്റേ മാസം അമ്മാവന്റെ വിളി വന്നു… അവനൊരു വീട് വാങ്ങിയിരിക്കുന്നു…. മാളു അന്നെന്നോട് സംസാരിച്ചു….എന്നെ തോൽപിച്ച ഒരു ഭാവമായിരുന്നു അവളുടെ വാക്കുകൾക്ക്….

രണ്ടു വീട്ടുകാരും നേരത്തെ സംസാരിച്ചു വെച്ചിരുന്ന കൊണ്ട് പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്നായിരുന്നു…

കല്യാണത്തിന് ഞാനുമുണ്ടായിരുന്നു നാട്ടിൽ…ആഘോഷമായി കല്യാണം നടന്നു…

ചെറുക്കനും പെണ്ണും നാലാംദിവസം വിരുന്നു വന്നിരിക്കുകയാണ് ഇന്നു..

ഞാൻ അടുക്കളയിൽ ചിക്കൻ കറിയുടെ പ്രിപറേഷനിൽ ആണ്..എല്ലാരും ഡൈനിങ്ങ്‌ ടേബിളിന്റെ ചുറ്റും സൊറ പറഞ്ഞിരിക്കുന്നു…

ഇടയ്ക്കു അവരുടെ അടുത്തു പോയിരുന്നപ്പോ കിച്ചു ഒരു ചോദ്യം…

ചേട്ടാ…ചേട്ടന്റെ കാര്യം എന്തായി..ആ കുട്ടിയുടെ പഠിത്തം കഴിഞ്ഞോ..

എന്റെ പ്രണയം വീടുകാരുടെ അറിവോടെയായത്കൊണ്ട് ആർക്കും വല്യ അന്ധാളിപ്പോന്നും ഉണ്ടായില്ല…

ഒന്നുമായില്ലളിയാ…..വീടൊക്കെ ഒന്നു ശെരിയാക്കാനുണ്ട്…പെട്ടെന്ന് നടക്കണതല്ലലോ അതൊക്കെ…പിന്നെ അവളുടെ പഠിത്തം കഴിയണ വരെ സമയമുണ്ടല്ലോ….

ഓ ഏട്ടന്റെ കാര്യം വന്നപ്പോ വീടുപണിയാൻ സമയം വേണമല്ലേ…

പെട്ടെന്നാണ് മാളു പറഞ്ഞത്…

എന്താടി നീ അങ്ങനെ പറഞ്ഞത്…

അല്ല കിച്ചുവേട്ടന്റെ കാര്യത്തിൽ എന്തൊക്കെയായിരുന്നു…. ഇത്ര മാസത്തിനുള്ളിൽ വേണം.. എന്തൊക്കെ നിബന്ധനയാരുന്നു…അതിനുവേണ്ടി ഈ പാവം എന്തോരം കഷ്ടപ്പെട്ടു എന്ന് ഏട്ടനറിയുമോ…എന്നിട്ട് സ്വന്തം കാര്യം വന്നപ്പോ ഇപ്പൊ പറയണ കേട്ടില്ലേ…

മാളു നീ ഒരക്ഷരം ഇനി മിണ്ടരുത്…

കിച്ചു ചാടി എണീറ്റു..

കിച്ചു…വേണ്ടടാ…അവളു പറഞ്ഞോട്ടെ…

പറ്റില്ല…. മാളു നീ ഇപ്പൊ അഹങ്കാരത്തിൽ പറഞ്ഞില്ലേ നിനക്കുവേണ്ടി ഞാൻ കഷ്ടപ്പെട്ടു വീടുവാങ്ങി എന്ന്‌…എന്നാൽ ആ വീട് വാങ്ങാനുള്ള പകുതിപൈസ പോലും എന്റെ കയ്യിൽ ഇല്ലായിരുന്നു അവസാനനിമിഷം വരെ…അപ്പഴാ നിന്റെയീ ചേട്ടൻ എന്നെ വിളിച്ചത്…

നിനക്കറിയുമോ നീ ഇന്നലെ വലതുകാൽ വെച്ചു കേറിയ വീട് വാങ്ങിതു ഞാനല്ല…നിന്റെ ഈ ഏട്ടനാ… നീ ഇതൊരിക്കലും അറിയരുത് എന്ന്‌ പറഞ്ഞിരുന്നു ചേട്ടൻ…പക്ഷെ നീ ഇന്നിത്രേം പറഞ്ഞപ്പോ എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല…

നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി…

ഞാൻ ഒന്നും മിണ്ടാതെ തിരികെ അടുക്കളയിലേക്ക് നടന്നപ്പോൾ അവളെന്നെ പുറകിൽ നിന്നു വന്നു കെട്ടിപിടിച്ചു…

ക്ഷമിക്ക് ഏട്ടാ എന്നോട്… എനിക്കറിയില്ലാരുന്നു…

മാളു.. നീ വിടു…

ഇല്ല.. എന്നോട് ക്ഷമിച്ചുന്നു പറയാതെ ഞാൻ വിടില്ല…

എന്റെ പുറത്തു തല വെച്ചു അവൾ കരഞ്ഞു…

എന്റെ പെണ്ണെ.. ഉച്ചയ്ക്ക് ചിക്കൻ കൂട്ടി ഉണ്ണണമെങ്കിൽ നീ പിടി വിടു…അത് കരിഞ്ഞു പോകൂന്നു…

അവൾ തല ഉയർത്തി നോക്കി…ഞാൻ തിരിഞ്ഞ് നിന്നു അവളെ ചേർത്തു പിടിച്ചു…

എന്റെ പൊട്ടിക്കാളി…അന്ന് ഞാനങ്ങനെ ഒരു നിര്ബന്ധം പിടിച്ചത് കിച്ചൂനെ ഒന്നു ചൂടാക്കാൻ വേണ്ടിയാ..നിന്നെ അവനു വേണന്നു അവൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടേൽ അവൻ വീടുണ്ടാക്കിയിരിക്കും എനിക്കറിയാമായിരുന്നു…

അവൻ ശ്രമിച്ചു… അവനെക്കൊണ്ട് ആകാവുന്നതു അവൻ സമ്പാദിച്ചു…ആ ശ്രമത്തിൽ ആത്മാർഥത ഉണ്ടെന്ന് തോന്നിയകൊണ്ടാ ഞാൻ ആ വീട് വാങ്ങി അവനു നൽകിയത്…

അടുത്തെത്തിയ കിച്ചുനേം മാളൂനേം എന്റെ രണ്ടുസൈഡിലും നിർത്തി ഞാൻ പറഞ്ഞു…

ഇത് സ്ത്രീധനമായൊന്നും കൂട്ടണ്ട… എന്റെ പെങ്ങളൂട്ടിക്ക് ഏട്ടന്റെ വക ഒരു ചെറിയ സമ്മാനം…

കെട്ടിപിടിച്ചെന്റെ കവിളിൽ ഒരു കടി തന്നിട്ട് അവൾ എന്നോട് പറഞ്ഞു…

നീ പോടാ കൊരങ്ങൻ ചേട്ടാ… ചിരിച്ചുകൊണ്ടവളെ ചേർത്ത്പിടിക്കുമ്പോ അമ്മാവനും അമ്മായിയും കണ്ണുതുടക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *