ഏടത്തീ എന്നും വിളിച്ച് ഓടി വരുന്ന ചിന്നു മോൾ ഇവിടെ എവിടെയൊക്കെയോ ഉള്ളതു..

വിധി
(രചന: Aneesha Sudhish)

” മോള് ഇവിടെ വന്നിരിക്കാണോ ?” അമ്മയുടെ ചോദ്യം കേട്ടപ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ പതിയെ തുടച്ചു കൊണ്ട് എഴുന്നേറ്റു…

തന്റെ കവിളിൽ പതിഞ്ഞ വിരലടയാളത്തിൽ അമ്മ പതിയെ തലോടി.

“സാരമില്ല മോളേ എല്ലാം ശരിയാകും ശ്രീടെ കാര്യം അറിയാലോ നിനക്ക് അവന് പെട്ടെന്ന് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു ചിന്നു മോളെ … ”

അമ്മയ്ക്ക് എന്നോട് ദേഷ്യമില്ലേ? ഒന്ന് വഴക്കെങ്കിലും പറഞ്ഞൂടെ ”

“തെറ്റ് ആർക്കും പറ്റും എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെയാണ്. മകളെന്നോ മരുമകളെന്നോ ഞാൻ വേർത്തിരിച്ചു കണ്ടിട്ടുണ്ടോ ചിന്നു മോൾക്ക് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ”

ഇടറിയ ശബ്ദത്തിൽ അമ്മയുടെ ആ വാക്കുകൾ എന്റെ ഹൃദയത്തെ ചുട്ടുപ്പൊളളിക്കുന്നതായിരുന്നു.

എന്തൊരു മഹാപാപിയാണ് ഞാൻ . ഞാൻ കാരണമാണ് ചിന്നു മോൾക്ക് ഈ ഗതി വന്നത്…

ശ്രീയേട്ടൻ തന്നെ പെണ്ണുകാണാൻ വന്നപ്പോൾ കൂടെ ചിന്നു മോളും ഉണ്ടായിരുന്നു പതിനെട്ടു വയസ്സായെങ്കിലും എട്ടുവയസുകാരിയുടെ പ്രകൃതമാണവൾക്ക് …

വീട്ടുകാർ എല്ലാവരും എതിർത്തിട്ടും ഈ വിവാഹത്തിന് താൻ സമ്മതിച്ചത് തന്നെ ചിന്നു മോളുടെ എട്ടത്തീ എന്നുള്ള നിഷ്കളങ്കമായ ചിരിയോട് കൂടിയ വിളി കണ്ടായിരുന്നു.

പോകാൻ നേരം ഏട്ടത്തിയെ കൂടെ കൂട്ടണില്ലേ എന്നുള്ള ചിന്നു മോളുടെ ചോദ്യത്തിന് മറുപടിയായി ശ്രീയേട്ടൻ തന്നെയാണ് നോക്കിയത്.

ആ മുഖത്ത് പ്രതീക്ഷയുടെ ഒരു വട്ടം പോലും ഇല്ലായിരുന്നു. വീട്ടുകാരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ ഈ വിവാഹവും നടക്കില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായിരുന്നു…

എല്ലാവരും നോക്കി നിൽക്കേ ചിന്നു മോളുടെ നെറുകയിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു.

“ഏട്ടത്തി വരാലോ ചിന്നു മോളുടെ കൂടെ പക്ഷേ ഇപ്പോഴല്ല നിന്റെ ഈ ഏട്ടനോട് പറ ഏട്ടത്തിക്കൊരു താലിമാലയുമായി എത്രയും പെട്ടെന്ന് വരാൻ അന്ന് തീർച്ചയായും ഏട്ടത്തി ചിന്നു മോളുടെ കൂടെ വരാട്ടോ”

അതു പറഞ്ഞപ്പോൾ ചിന്നു മോളുടെ മുഖം പൂത്തിരി കത്തിച്ച പോലെ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള തന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീയേട്ടന് അത്ഭുതമായിരുന്നു…

ചിന്നു മോളുടെ ആഗ്രഹം പോലെ തന്നെ അടുത്ത മുഹൂർത്തത്തിൽ തന്നെ ശ്രീയേട്ടന്റെ ഭാര്യയായി അതിലുപരി ചിന്നു മോളുടെ ഏട്ടത്തിയായി..
പക്ഷേ വിധി അത് എനിക്കായി ഒരുക്കി വെച്ചത് വലിയൊരു ദുരന്തമായിരുന്നു.

ഇന്ന് തെക്കേ തൊടിയിൽ ചിന്നു മോൾ ഉറങ്ങുകയാണ്. തന്റെ അശ്രദ്ധ മൂലമാണ് എല്ലാം സംഭവിച്ചത് സ്വർഗ തുല്യമായ വീടിനെ നരകതുല്യമാക്കി..

ഏടത്തീ എന്നും വിളിച്ച് ഓടി വരുന്ന ചിന്നു മോൾ ഇവിടെ എവിടെയൊക്കെയോ ഉള്ളതു പോലെ തോന്നുന്നു…

അവൾക്ക് സ്നേഹിക്കാനും താലോലിക്കാനും ഒരു കുഞ്ഞാവ കൂടി വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ എന്തു സന്തോഷമായിരുന്നു.

കുഞ്ഞാവ എന്നാ വരാ ആണാണോ പെണ്ണാണോ എന്നും ചോദിച്ച് തന്റെ കൈയിൽ തൂങ്ങി എപ്പോഴും കൂടെയുണ്ടാകും..

ഇന്നു പക്ഷേ തന്റെ ഈ കൈപിടിച്ച് നടക്കാൻ അവൾ ഇല്ലാതായിരിക്കുന്നു. അല്ല ഞാൻ ഇല്ലാതാക്കി.

ചിന്നു മോൾ ഉറങ്ങുകയാണ് ഇനിയൊരിക്കലും ഉണരാതെ..അവളുടെ കുഴിമാടത്തിലെ പൂക്കൾ കരിഞ്ഞു തുടങ്ങി …

കണ്ണുപൊത്തി കളിക്കുന്നതിനിടയിലാണ് തനിക്കൊരു ഫോൺ വന്നത്. പഠിച്ച സ്കൂളിലെ റീ യൂണിയനെ കുറിച്ച് പറയാനായി പഴയൊരു കൂട്ടുകാരി വിളിച്ചതായിരുന്നു..

ഒരു പാട് കാലത്തിനുശേഷം അവൾ വിളിച്ചപ്പോൾ പഴയ സ്കൂൾ കാലത്തിലേക്ക് പോയി ഫോണിൽ സംസാരിച്ചിരുന്നതിനാൽ ചിന്നു മോളെ ശ്രദ്ധിച്ചിരുന്നില്ല… കണ്ണു കെട്ടിയ അവൾ തന്നെ അന്വേഷിച്ച് റോഡിലേക്കിറങ്ങി പോയത് താൻ കണ്ടില്ല.

“ഏട്ടത്തീ ” എന്നുള്ള കരച്ചിൽ കേട്ടപ്പോഴാണ് ഗെയ്റ്റ് തുറന്നു കിടക്കുന്നത് കണ്ടത്.

ഓടി ചെന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിന്നു മോളെയാണ് കണ്ടത് … ചീറി പാഞ്ഞു വന്ന ഒരു ടിപ്പർ അവളെ ഇടിച്ചു തെറിപ്പിച്ചിരുന്നു..

അവളുടെ കണ്ണിൽ കെട്ടിയ തുണി അഴിച്ചു മാറ്റിയപ്പോഴേക്കും ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞിരുന്നു… അവസാനമായി ആ ചുണ്ടുകൾ മന്ത്രിച്ചത് തന്നെ വിളിച്ചായിരുന്നു.

നാട്ടുകാർക്കും വീട്ടുകാർക്കും മുമ്പിൽ താനൊരു കൊലപാതകിയാണ്.. സ്വന്തം സുഖത്തിനു വേണ്ടി ബുദ്ധിയുറയ്ക്കാത്ത അനിയത്തിയെ ഒഴിവാക്കിയവൾ …ആർക്കും സത്യം പറഞ്ഞിട്ട് വിശ്വാസമായില്ല.. ശ്രീയേട്ടനു പോലും..

ജനിക്കാൻ പോകുന്ന കുഞ്ഞിനു വേണ്ടി അവളെ ഒഴിവാക്കിയതാണെന്നും പറഞ്ഞ് തന്നെ തല്ലിയപ്പോൾ ഒന്നു എതിർക്കാൻ പോലും താൻ ശ്രമിച്ചില്ല.. അത്രയ്ക്ക് വലിയ തെറ്റാണ് തന്റെ ശ്രദ്ധ കുറവ് മൂലം സംഭവിച്ചത്…

ഈ ലോകത്ത് ആരെക്കാളും എന്തിനേക്കാളും ശ്രീയേട്ടന് ഇഷ്ടം ചിന്നു മോളെയായിരുന്നു. അവൾ കഴിച്ചിട്ടേ ശ്രീയേട്ടൻ കഴിക്കുമായിരുന്നുള്ളൂ അവൾ ഉറങ്ങിയിട്ടേ ശ്രീയേട്ടൻ ഉറങ്ങുമായിരുന്നുള്ളൂ..

വിവാഹത്തിനു മുമ്പ് ഒന്നേ ശ്രീയേട്ടൻ ആവശ്യപ്പെട്ടിരുന്നുള്ളൂ ചിന്നു മോളുടെ കണ്ണ് നിറയാനിടവരരുത് … അന്ന് കൊടുത്ത വാക്ക് ഒരിക്കൽ പോലും തെറ്റിച്ചിരുന്നില്ല… ശ്രീയേട്ടനേക്കാളധികം അവൾ എന്നെയാണ് സ്നേഹിച്ചത്.

ഈ വീട്ടിലെ അവസാന രാത്രിയാണിന്ന്.. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല… ഈ മുഖം ഇനിയൊരിക്കലും കാണരുതെന്ന് ശ്രീയേട്ടൻ പറഞ്ഞിട്ടുണ്ട്…

എല്ലാത്തിനും മാപ്പു ചോദിച്ച് ആ കാൽക്കൽ വീണതായിരുന്നു പക്ഷേ സ്വന്തം കുഞ്ഞിനെ ചുമക്കുന്നവളാണെന്ന പരിഗണന പോലും നൽകാതെയാണ് ശ്രീയേട്ടന്റെ കൈ ഈ കവിളിൽ പതിഞ്ഞത് …

ശ്രീയേട്ടന്റെ ദുഃഖവും ദേഷ്യവും അങ്ങനെയെങ്കിലും തീരട്ടെ എന്നു കരുതി…

നാളെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകും ഏഴാം മാസത്തിൽ പോകേണ്ടതായിരുന്നു. ചിന്നു മോളെ പിരിയാൻ പറ്റാത്തതു കൊണ്ടാണ് ഒമ്പതാം മാസമാക്കിയത്.. ആഘോഷമായി പോകേണ്ടതാണ് പക്ഷേ …….

നാളെ ഇവിടെ നിന്നും മാത്രമല്ല പടിയിറങ്ങി പോകുന്നത് ശ്രീയേട്ടന്റെ മനസ്സിൽ നിന്നും കൂടിയാണ്..

“മോളെ , അസമയത്ത് ഇവിടെയിങ്ങനെ ഇരിക്കണ്ട വന്ന് കിടക്കാൻ നോക്ക്”
അമ്മ പറഞ്ഞപ്പോൾ ചിന്നു മോൾ ഉറങ്ങുന്നിടത്തേക്ക് ഒന്നുകൂടെ നോക്കി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടത്തീ എന്നു വിളിച്ച് അവിടെയവൾ നിൽക്കുന്നതു പോലെ ….

“ചിന്നു മോളെ എന്നും വിളിച്ച് ഓടിയത് മാത്രം ഓർമ്മയുണ്ട് ” കണ്ണു തുറന്നപ്പോൾ ചിന്നു മോൾ തന്റെ കൈയ്യിൽ പിടിച്ചിട്ടുണ്ട്.

“ഏട്ടത്തീ, എന്തിനാ എന്നെ തനിച്ചാക്കി പോയത് എനിക്ക് എത്ര വേദനിച്ചൂന്നറിയോ ?”

“ഇല്ല ചിന്നു മോളെ ഇനി നിന്നെ ഒരിക്കലും തനിച്ചാക്കില്ല ഏട്ടത്തിടെ ചിന്നു മോൾക്ക് കാവലായി എന്നും ഞാനുണ്ടാകും. മോൾക്ക് കുഞ്ഞാവയെ കാണണ്ടേ ”

ചുറ്റും നോക്കി കുഞ്ഞാവയെ മാത്രം കണ്ടില്ല തന്റെ ഒഴിഞ്ഞ വയർ മാറിൽ നിന്നും കിനിയുന്ന പാൽ പക്ഷേ കുഞ്ഞാവയെ മാത്രം കാണാനില്ല… ഒരു കുഞ്ഞിന്റെ കരച്ചിൽ മാത്രം കേൾക്കുന്നു …

” ഏട്ടത്തീ കുഞ്ഞാവ ഏട്ടന്റെ കൈയ്യിലുണ്ട് ”

ചിന്നു പറഞ്ഞപ്പോഴാണ് അത് കണ്ടത് തന്റെ കുഞ്ഞ് ശ്രീയേട്ടന്റെ കൈയിൽ അവൾ കരയുകയാണ് അവൾ മാത്രമല്ല എല്ലാവരും .. ആ കിടക്കുന്നത് ഞാനല്ലേ ? വെള്ളയിൽ പുതച്ച് ….”

ഒരു നിമിഷം എന്താ സംഭവിക്കുന്നതെന്ന് മനസിലായില്ല. ഓർത്തെടുക്കാൻ നോക്കി ചിന്നു മോളെ വിളിച്ച് ഓടിയപ്പോൾ പടിയിൽ ചവിട്ടി വീണത് മാത്രം ഓർമ്മയുണ്ട്

“ഏട്ടത്തി വിഷമിക്കണ്ട ഏട്ടൻ എന്നെ നോക്കിയപോലെ കുഞ്ഞാവയേയും നോക്കും, നമ്മുക്ക് പോകാം കണ്ണുപൊത്തി കളിക്കണ്ടേ ഇത്തവണ എന്നെ തനിച്ചാക്കല്ലേ ഏട്ടത്തി ചിന്നു മോൾ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്…”

“ഇല്ല മോളേ ഇനിയൊരിക്കലും നിന്നെ ഞാൻ തനിച്ചാക്കില്ല”

നിർവികാരത്തോടെ നെഞ്ചോടടക്കി കുഞ്ഞിനെ പിടിച്ചിരിക്കുന്ന ശ്രീയേട്ടനെ നോക്കി. ചിന്നു മോൾക്ക് പകരമാവില്ലെങ്കിലും തന്റെ തെറ്റിന് പകരമായി ശ്രീയേട്ടനു സ്നേഹിക്കാൻ ഒരു കുഞ്ഞിനെയെങ്കിലും കൊടുക്കാനായല്ലോ …

ചിന്നു മോളോടൊപ്പം തന്റെ യാത്ര തുടരുകയാണ് …..

Leave a Reply

Your email address will not be published. Required fields are marked *