എന്നെ തൊടണ്ട, പാറു അടുക്കുന്ന ഒരു ലക്ഷണവും ഇല്ല ഇനി ഒറ്റ വഴിയേ ഉള്ളു അറ്റ കൈ പ്രയോഗം..

(രചന: Sreejith Raveendran)

പാറു…നീ ഞാൻ പറയുന്നത് ഒന്നു കേക്ക്…

എനിക്കൊന്നും കേക്കണ്ട…

ചൂടിലാണ്…തണുപ്പിച്ചേ പറ്റു…ഇല്ലേൽ ഇന്നത്തെ ദിവസം പോവും…

എന്റെ പെണ്ണേ ഞാനൊരു തമാശ പറഞ്ഞതല്ലേ…

വേണ്ടാ…

നീ ഇങ്ങു നോക്കിയേ…

എന്നെ തൊടണ്ട…

പാറു അടുക്കുന്ന ഒരു ലക്ഷണവും ഇല്ല… ഇനി ഒറ്റ വഴിയേ ഉള്ളു….അറ്റ കൈ പ്രയോഗം … ഞാനവളെ രണ്ടു കയ്യിലും കോരിയെടുത്തു…

ശ്രീയേട്ടാ…താഴെ നിർത്തു…

ഇല്ല…

ഞാൻ ചാടും…നടുവ് പോയാലും പ്രശ്നമില്ല…

പിന്നെ…ഞാൻ വിട്ടാലല്ലേ നീ ചാടു..

ഞാനവളെയും കൊണ്ട് പുറത്തെ സ്റ്റെയർകേസ് വഴി താഴേക്കു നടന്നു…

നല്ല ചാറ്റൽ മഴയുണ്ട്…

ബുള്ളറ്റിന്റെ സീറ്റിൽ അവളെ ഇരുത്തി ഞാൻ പുറകിലിരുന്നു…നീ ഇതുവരെ ബുള്ളറ്റിന്റെ പുറകിലല്ലെ ഇരുന്നിട്ടുള്ളു..ഇന്നു നീ മുമ്പിലിരുന്നാ മതി…പുറകിൽ ഇരുത്തിയാൽ നീ ചിലപ്പോ ചാടും….അത് വേണ്ട….

മാറിക്കെ…ഞാൻ പോട്ടെ…

അവൾ കുതറി…

ഞാൻ വിട്ടില്ല…വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുമ്പോട്ടെടുത്തു…

മഴത്തുള്ളികൾ അവളുടെ കവിളിലിൽ തലോടി എന്റെ നെഞ്ചിൽ പതിച്ചു…

സോപ്പിടാൻ ഇങ്ങേരെ കഴിഞ്ഞേ വേറെ ആളുള്ളൂ…പക്ഷെ ഞാൻ അതിലൊന്നും വീഴില്ല…ഞാൻ പിണക്കത്തിൽ തന്നെയാ… സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മഴത്തുള്ളികൾ നിറഞ്ഞ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി വിടരുന്നത് ഞാൻ കണ്ടു…

റോഡിന്റെ സൈഡിൽ ഒരു ഐസ്ക്രീം വണ്ടി കിടക്കുന്നു…

വണ്ടി ഒതുക്കി…

മഴയത്തു ഐസ്ക്രീം ബെസ്റ്റാ…

ഞാനിറങ്ങി പോക്കറ്റിൽ നിന്നും നനഞ്ഞൊട്ടിയ നോട്ട് എടുത്തു നീട്ടി…

ചേട്ടാ…രണ്ടു മാങ്കോബാർ…

ഏതോ അത്ഭുതജീവികളെ നോക്കണപോലെ ഐസ്ക്രീം കച്ചവടക്കാരൻ ഞങ്ങളെ നോക്കി…

തിരിച്ചു ചെന്നു ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു… അപ്പോ തിരിച്ചു പോയേക്കാം…നീ കേറിക്കെ…

അതേയ്…

എന്നാടി…

ഏതായാലും ഇറങ്ങി… നനഞ്ഞു… തിരിച്ചുചെല്ലുമ്പോ ഏതായാലും ചീത്ത ഉറപ്പാ…

അതിനു…

എന്നാപ്പിന്നെ നമുക്കൊന്നു റൗണ്ട് അടിച്ചിട്ട് പോയാപ്പോരേ…

അമ്പടി….

ഈ…

എന്നാ പിന്നെ കേറിക്കോ…

പറഞ്ഞുതീരുന്നതിനു മുമ്പ് അവൾ കേറിക്കഴിഞ്ഞു…എന്നെ വട്ടം കെട്ടിപിടിച്ചു പുറത്തു മുഖം ചേർത്തവൾ ഇരുന്നു… രാത്രിയുടെ മനോഹാരിതയിൽ സ്ട്രീറ്റ്‌ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിൽ മഴത്തുള്ളികളാൽ പുതച്ചു ഞങ്ങളാ നഗരത്തിനു വലം വെച്ചു…

വഴിനീളെ അവൾ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു…

പ്രണയിച്ചതും ഒരു വർഷം മുമ്പ് കല്യാണം കഴിച്ചതും എല്ലാം ഒരിക്കൽ കൂടി ഞങ്ങളോർത്തു…

തിരിച്ചു വീട്ടിലെത്താറായി…

ഡി…എന്ത് പറയും അച്ഛനോട്…

ആ എനിക്കറിയില്ല..മര്യാദക്ക് കിടന്നുറങ്ങിയ എന്നെ വിളിച്ചെണീപ്പിച്ചു കൊണ്ടുവന്നതല്ലേ…തന്നെ നിന്നു കേട്ടോ…

ദുഷ്ടേ…

വണ്ടി വീടിന്റെ പോർച്ചിൽ വെച്ചു…

അപ്പഴേക്കും അമ്മ തോർത്തുമായി വന്നു… വന്ന വഴി അകത്തേക്ക് കേറിയ അവളുടെ തല തോർത്തി കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു… ഈ കുരുത്തംകെട്ടവനെകൊണ്ട് ഞാൻ തോറ്റു….ഈ കൊച്ചിനേം കൂടി നശിപ്പിക്കും…

അത് ശെരി…മകൻ മഴനനഞ്ഞു വന്നിട്ട് വെല്ല മൈൻഡും ഉണ്ടോന്നു നോക്കിയേ…മരുമകളുടെ തല തോർത്തി കൊടുക്കാനാ ഉത്സാഹം…

മിണ്ടരുത്…അകത്തേക്കു ചെല്ല്…ഇപ്പൊ കിട്ടും…

ഭഗവാനെ…

രണ്ടും കല്പിച്ചു ഞാൻ ഹാളിലേക്കു ചെന്നു… പുറകെ പാറുവും…

അച്ഛൻ സോഫയിൽ ഇരിപ്പുണ്ട്…

ഓ…വന്നോ…

ഉവ്വ്…

എവിടെപോയതായിരുന്നു…

അത് ഫ്രണ്ട് വിളിച്ചിട്ട്…..അത്യാവശ്യമായി ചെല്ലാൻ പറഞ്ഞപ്പോ…

ഓഹോ…നീ എവിടെങ്കിലും അത്യാവശ്യത്തിനു പോകുമ്പോൾ ഭാര്യയെ ബൈക്കിന്റെ മുമ്പിലാണോ ഇരുത്താറു… പുറകിൽ നിന്നൊരു അടക്കിപിടിച്ചുള്ള ആക്കിയ ചിരി…

തിരിഞ്ഞു നോക്കി…

പാറുവാണ്…

അവൾക്കു അതങ്ങിഷ്ടപെട്ടു…

കുരുത്തക്കേടുകൾ മാറി നന്നാവാനായിട്ടാ ചെക്കനെ ഒരു പെണ്ണ് കെട്ടിച്ചത്… എന്നിട്ടിപ്പോ എന്തായി… അവന്റെ കുരുത്തക്കേടുകൾക്ക് കൂട്ടു നിൽക്കാൻ ഒരാളും കൂടെയായി…

ഞാനവളെ നോക്കി…അവൾ നേരത്തെ ചിരിച്ച അതേ ചിരി ഞാനങ്ങോട്ടു കാച്ചി…

അവളെന്നെ നോക്കി ദഹിപ്പിച്ചു കളഞ്ഞു…

എന്നാ പിന്നെ ഞങ്ങളങ്ങോട്ടു…

ആ ചെല്ല്…

ഒറ്റ ഓട്ടത്തിന് രണ്ടുപേരും റൂമിലെത്തി… പാറു ഡ്രസ്സ്‌ മാറാൻ ബാത്റൂമിലേക്കു പോയി… ഡ്രസ്സ്‌ മാറി ഞാൻ കട്ടിലിൽ കിടന്നപ്പോൾ പുറത്തു നിന്നും അച്ഛന്റേം അമ്മയുടെയും സംസാരം കേട്ടു…

ഈ പിള്ളേരുടെ ഒരു കാര്യം…

അത് പിന്നെ നിങ്ങടെയല്ലേ മോൻ… മോശം വരുവോ…

ഞാനിത്രത്തോളം കുറുമ്പൊന്നും കാണിച്ചിട്ടില്ലലോ… അവരുടെ പ്രായം അതല്ലേ…അവര് ആഘോഷിക്കട്ടെന്നു…

എന്താടി…നിനക്കു പോണോ…ഈ ചാറ്റൽ മഴയത്തു ഒരു ബൈക്ക് സവാരിക്ക്…

ഈ വയസാംകാലത്താ…വന്നു കിടക്കാൻ നോക്ക് മനുഷ്യാ… ഇതുകേട്ട് ചിരിച്ചുകൊണ്ട് ഞാൻ കിടന്നപ്പോൾ പാറു വന്നു നെഞ്ചിൽ കിടന്നു…

സമാധാനായോ കാന്താരിക്ക്…

ആം…

അതേ…ഇതും പ്രതീക്ഷിച്ചു ഈ പിണക്കം ഒരു ശീലമാക്കണ്ട…

ഒരു കള്ളച്ചിരിയോടെ അവളെന്നെ മുറുക്കെ കെട്ടിപ്പിടിക്കുമ്പോൾ പുറത്തപ്പഴും മഴ തകർക്കുന്നുണ്ടായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *