ഓ ഈ പണ്ടാരം കൊലുസ് പിന്നേം പൊട്ടി, പാറുവിന്റെ ഒച്ചകേട്ടാണ് ഞാൻ കണ്ണ് തുറന്നത്..

(രചന: Sreejith Raveendran)

ഓ ഈ പണ്ടാരം കൊലുസ് പിന്നേം പൊട്ടി.. പാറുവിന്റെ ഒച്ചകേട്ടാണ് ഞാൻ കണ്ണ് തുറന്നത്..

കട്ടിലിന്റെ താഴെ ഇരുന്നു ഒരുപാടു തവണ കൂട്ടിക്കെട്ടിയ കൊലുസു പൊട്ടിയത് ശെരിയാക്കാൻ നോക്കുകയാണവൾ..

50 രൂപയ്ക്കു ഫാൻസി സ്റ്റോറിൽ നിന്നു വാങ്ങിയതു ഇതിൽ കൂടുതൽ എങ്ങനെ നിൽക്കാനാ..

ഞാൻ കേക്കാനായിട്ടാണ്… പറയുന്നതിനിടക്ക് ഇടംകണ്ണിട്ടു എന്നെ നോക്കുന്നുണ്ട്..

ഞാൻ പുതപ്പൊന്നും കൂടെ തലവഴി ഇട്ടു..

ആരോട് പറയാൻ…അതെങ്ങനാ.. എല്ലാം വേണ്ടാന്നു വെച്ചു ഒരു രാത്രി ഇട്ടിരുന്ന ഡ്രെസ്സിൽ തന്നെ ഇറങ്ങി ഒളിച്ചോടിയപ്പോൾ ഇതൊന്നും ചിന്തിച്ചില്ല.. അവസാനം അകെ ഉണ്ടാരുന്ന സ്വർണകൊലുസും വിറ്റു.. വിൽക്കാതെ ഉള്ളത് അകെ ഈ താലിമാലയും ഒരു ഒടിഞ്ഞ വളയുമാ..

രാവിലെ തന്നെ അവൾ പരാതികളുടെ കെട്ടഴിച്ചു..

ശെരിയാണ്…ഇനിയും താമസിച്ചാൽ അവൾ നഷ്ടപ്പെടുമെന്ന സ്ഥിതിയായപ്പോൾ ഒരു രാത്രി അവളെയും കൊണ്ട് ഇങ് പോന്നു.. അതോടെ ഞങ്ങൾക്ക് എല്ലാവരെയും നഷ്ടപ്പെട്ടു.. എനിക്ക് അവളും അവൾക്കു ഞാനും മാത്രമായി..

അവൾക്കായിരുന്നു നഷ്ടങ്ങൾ കൂടുതൽ.. അത്യാവശ്യം നല്ല സാമ്പത്തികമുള്ള വീട്ടിലെ ഒറ്റമകൾ.. എന്റെ ചെറുപ്പത്തിലേ അമ്മയും കുറച്ചുനാൾ മുമ്പ് അച്ഛനും നഷ്ടപെട്ട ശേഷം ഞാൻ ഒറ്റക്ക് തന്നെയാരുന്നു

ഒരു ജോലി കിട്ടുന്നവരെ പിടിച്ചുനിൽക്കാൻ അവളുടെ കൊലുസും കൈലുണ്ടാരുന്ന രണ്ടു വളയും വിൽക്കേണ്ടി വന്നു..

എന്റെ കഴുത്തിലുള്ള മാല മാത്രം ഊരാൻ അവൾ സമ്മതിച്ചില്ല.. കാരണം അവൾക്കറിയാം അതെന്റെ അച്ഛൻ മരിക്കാൻ നേരം എന്റെ കഴുത്തിൽ ഇട്ടു തന്നതാണെന്നു..

ഏട്ടനിന്നു ഓഫീസിൽ പോണില്ലേ…

പാറുവിന്റെ വിളിയാണ് എന്നെ ഉണർത്തിയത്..

എണീറ്റു റെഡി ആയി കുളിച്ചു വന്നു ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ഞാൻ പറഞ്ഞു.. പാറു ഞാനിത്തിരി ലേറ്റ് ആകും ഇന്നു…നീ അപ്പുറത്തെ ചേച്ചിയെ കൂട്ടിനിരുത്തിക്കോളൂ ട്ടോ..

ശെരി…

ഓഫീസിലേക്കുള്ള യാത്രയിൽ ബസിലിരിക്കുമ്പോൾ മനസ്സിൽ കുറച്ചു തീരുമാനങ്ങൾ എടുത്തിരുന്നു…

നാളെ പാറുവിന്റെ പിറന്നാളാണ്…

അവൾ മനഃപൂർവം പറയാത്തതാണ്… ഞാൻ ഓർക്കുമോ എന്നറിയാൻ… പരീക്ഷണം… അതുകൊണ്ട് തന്നെയാണ് ഇന്നു ലേറ്റ് ആകുമെന്ന് പറഞ്ഞതും… ഒരു സർപ്രൈസ് കൊടുക്കാൻ…

ഒരു കേക്ക് വാങ്ങണം..പിന്നെ അവളുടെ ആഗ്രഹമായ ആ കൊലുസ്…

10000 രൂപ ശമ്പളമുള്ള സെയിൽസ് എക്സിക്യൂട്ടീവ് ജോലികൊണ്ട് എങ്ങനെ അത് വാങ്ങും…

ഒരേ ഒരു വഴിയേ ഉള്ളു..

നെഞ്ചിൽ തടവി..

അച്ഛൻ ഇട്ടുതന്ന മാല..

അവളറിഞ്ഞാൽ സമ്മതിക്കില്ല… അതെന്തെങ്കിലും നുണ പറയാം… തീരുമാനിച്ചുറച്ചു ഞാൻ ഓഫീസിലെത്തി… ഇടക്കുള്ള ബ്രേക്ക്‌ ടൈമിൽ ശ്യാമിനെ വിളിച്ചു.. കൂടെ ജോലി ചെയുന്നവനാണ്.. കുടുംബസുഹൃത്തും..

പണയം വെക്കാൻ മാല ഊരിക്കൊടുക്കുമ്പോൾ ചങ്ക് പിടയുന്നുണ്ടായിരുന്നു…

രാത്രിയിൽ കേക്ക് വാങ്ങി വീട്ടിലേക്കു…

വീടെത്തുന്നതിനു മുമ്പ് ഞാൻ അവളെ വിളിച്ചു..

ഫോൺ എടുത്ത വഴി അവൾ ചോദിച്ചു..

ഏട്ടാ..എത്താറായില്ലേ…

ഞാൻ ദേ ഇപ്പോ എത്തും… സമയമൊരുപാടായില്ലേ…നീ ചേച്ചിയോട് പൊക്കോളാൻ പറ…

ശെരി ഏട്ടാ…

വീട്ടിലെത്തി…ബാഗ് വെച്ചു കസേരയിൽ ഇരുന്നിട്ട് ഞാൻ പറഞ്ഞു…

ഒരു കട്ടൻചായ ഇട്ടേ പാറു… കട്ടൻചായയുമായി അവൾ വന്നപ്പഴേക്കും ടേബിളിൽ ഞാൻ കേക്ക് സെറ്റ് ചെയ്തു കഴിഞ്ഞിരുന്നു..

അന്തം വിട്ടു നിൽക്കുന്ന അവളെ ചേർത്ത് പിടിച്ചു കേക്കിന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തി..

ഹാപ്പി ബർത്ഡേയ് പാറു…

അറിയാതെ ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടു…

കേക്ക് മുറിച്ചു..പരസ്പരം കൊടുത്തു…

അവളെ പിടിച്ചു ചെയറിൽ ഇരുത്തി…

എന്താ ഏട്ടാ… കാര്യം മനസിലാകാതെ അവൾ ചോദിച്ചു…

മറുപടി പറയാതെ അവളുടെ കാലിൽ പിടിച്ചു…പോക്കറ്റിൽ നിന്നും ഒരു ചുവന്ന കടലാസ് പൊതിയെടുത്തു…അതിൽ നിന്നും കൊലുസ് എടുത്തു അവളുടെ കാലിൽ ഇട്ടു കൊടുത്തു…

എഴുന്നേറ്റു അവളുടെ മുഖത്ത് നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… എഴുന്നേറ്റു വന്നവളെന്നെ കെട്ടിപിടിക്കുമ്പോൾ ആ നെറ്റിയിൽ ഞാനൊരു മുത്തം കൊടുത്തു…

സന്തോഷയോ എന്റെ കുട്ടിക്ക്…

ആം…ഒരുപാട്…പക്ഷെ ഇതിനു എവിടുന്നു കിട്ടി പൈസ..

അതൊക്കെ ഒപ്പിച്ചു…

പെട്ടെന്നാണവൾ എന്റെ നെഞ്ചിലേക്ക് ശ്രദ്ധിച്ചത്…

ഏട്ടന്റെ മാലയെവിടെ…

ഭഗവാനെ….പെട്ടു…

അത് നമ്മുടെ ശ്യാമില്ലേ…അവനു ഒരുദിവസത്തേക്കു ഇടാൻ കൊടുത്തതാ… അവന്റെ മാല പണയത്തിലാ… ഭാര്യ അറിഞ്ഞിട്ടില്ല… ഇന്നൊരു ദിവസം അവളെ ഒന്നു കാണിക്കാൻ…

ഉവ്വ…അതൂരണ്ടാന്നു ഞാൻ പറഞ്ഞിരുന്നതല്ലേ….

നാളെ ഇങ് കിട്ടുമല്ലോ…ഒരു ഉപകാരം അല്ലേടി..

ഇങ്ങനെ ഉപകാരം ചെയ്തു ചെയ്താ ഈ അവസ്ഥേൽ ആയതു…

ഞാനാ വാ പൊത്തി..

നല്ലൊരു ദിവസായിട്ട് മുഖം വീർക്കണ്ട… രാവിലെ അമ്പലത്തിൽ പോകാനുള്ളതല്ലേ… ഉറങ്ങാം നമുക്ക്..

ആം…

പാറുവിനെ നെഞ്ചിൽ ചേർത്തു ഉറങ്ങാൻ കിടന്നു… പിറ്റേന്നു അമ്പലത്തിൽ പോയി ഒരുമിച്ചു തേവരെ തൊഴുതു…

തിരിച്ചു വീട്ടിലെത്തി ഞാൻ ഓഫീസിലേക്കിറങ്ങി..വൈകിട്ടു നേരത്തെ എത്താം എന്നു അവൾക്കു വാക്കുകൊടുത്തശേഷം…

അന്നത്തെ ജോലി കഴിഞ്ഞു തിരിച്ചുപോരുന്നവഴിക്കു ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളിൽ നിന്നും എന്റെ മാലയോടു സാമ്യമുള്ള ഒരു ഡിസൈൻ കണ്ടുപിടിക്കാൻ കുറച്ചു പാടുപെട്ടു…

വീട്ടിലെത്തിയപ്പോൾ പാറുവിന്റെ മുഖത്തിനൊരു കടുപ്പം…

ചോദിക്കുന്നതിനൊന്നും മറുപടിയില്ല…

അവസാനം സഹികെട്ടു ഞാൻ ചോദിച്ചു…

പാറു..എന്താ പറ്റിയെ..കാര്യം പറ…

ശ്യാം മാല തന്നോ…

തന്നു…ദാ….

കഴുത്തിൽ കിടക്കുന്ന മാല അവൾക്കു കാണിച്ചു…

അപ്പൊ ഇതോ…

അവൾ കൈക്കുള്ളിൽ ഒരു മാല വെച്ചു നീട്ടി…

ഈശ്വര…ഞാൻ പണയം വെച്ച മാല… ഇതെങ്ങനെ ഇവളുടെ കൈയിൽ…

ഉത്തരം പറയാനില്ലാതെ ഞാൻ തല താഴ്ത്തി നിന്നു…

എന്നെ പറ്റിക്കാൻ എളുപ്പാണല്ലോ… അല്ലേ…

അടുത്തു ചെന്നു അവളെ ചേർത്തു പിടിച്ചു…

നിനക്കെങ്ങനെ മനസിലായി…

അച്ഛൻ കാണിച്ചു തന്നതാ എനിക്ക്… ഇന്നലെ ഇട്ട ഷർട്ട്‌ അലക്കാൻ എടുത്തപ്പോൾ അതിന്റെ പോക്കറ്റിൽ ഈ മാല പണയം വെച്ചതിന്റെ രസീത്…

തലയ്ക്കു കൈയും കൊടുത്തു ഞാൻ കസേരയിൽ ഇരുന്നു..

പാറു എന്റെ അടുത്തു വന്നിരുന്നു..

എന്റെ ഏട്ടാ..ഞാനിങ്ങനെ പരാതി പറയുന്നത് എന്റെ പൊട്ടത്തരം ആണെന്ന് അറിഞ്ഞൂടെ ഏട്ടന്…എന്റെ ഏട്ടന്റെ ഒന്നും നഷ്ടപെടുത്തിക്കൊണ്ട് എനിക്കെന്റെ ഒരാഗ്രഹവും സാധിക്കണ്ട…

അപ്പൊ നീ ആ കൊലുസ് വിറ്റോ…

അത് ഞാൻ വിൽക്കില്ല..ഏട്ടന്റെ സമ്മാനം അല്ലേ അത്…

പിന്നെ ഇതെങ്ങനെ തിരിച്ചെടുത്തു…

ഞാൻ ശ്യാമിനെ വിളിച്ചു.. അവനാ കാര്യം പറഞ്ഞേ..പിന്നെ എന്റെയാ പൊട്ടിയ വള ഇവിടിരുന്നകൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ലാലോ..

പിന്നെ ഒരുകൊല്ലമായി ഞാൻ കുടുക്കയിൽ അഞ്ചും പത്തുമായി ഇട്ടു സൂക്ഷിച്ചിരുന്ന കാശു…രണ്ടും കൂടിയായപ്പോ തികഞ്ഞു…അവനെ വിളിച്ചു അവന്റെ കൈയിൽ കൊടുത്തുവിട്ടു…

നിറഞ്ഞ കണ്ണോടെ അവളെ നെഞ്ചിൽ ചേർത്തപ്പോൾ അവൾ പറഞ്ഞു…

ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ അന്ന് ഏട്ടന്റെ കൂടെ ഇറങ്ങി വന്നത്… ഇടയ്ക്കു എന്റെ പൊട്ടത്തരങ്ങൾ ഞാനിങ്ങനെ വിളിച്ചുപറയുന്നത് ഈ കുശുമ്പനെ ഒന്നു ചൂടാക്കാനാ…

ഏതായാലും എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു പിറന്നാളാ ഇത്…കിന്നാരം പറഞ്ഞോണ്ടിരുന്നാൽ ഭക്ഷണം ആറിപ്പോവും..ഞാൻ നല്ല ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്…വാ കഴിക്കാം…

ഞങ്ങളൊരുമിച്ചു അന്ന് കഴിച്ച ബിരിയാണിയായിരുന്നു ഞാൻ ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും രുചിയുള്ളത്…

Leave a Reply

Your email address will not be published. Required fields are marked *