(രചന: Anandhu Raghavan)
” ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം, നമുക്കങ്ങോട്ട് മാറി നിൽക്കാം അല്ലെ പ്രഭാകരാ…
” അതെ ശ്രീനിയേട്ടാ.. ” പ്രഭാകരൻ ചിരിയോടെ പറഞ്ഞു.. ദീപ്തിയുടെ അച്ഛൻ ശ്രീനിവാസനും അമ്മ ശ്രീലതക്കും ഒപ്പം ബ്രോക്കർ പ്രഭാകരനും ഉമ്മറത്തേക്ക് നടന്നു…
“ദീപ്തിയുടെ മുഖത്ത് എന്താ ഒരു സന്തോഷമില്ലായ്മ, എന്നെ ഇഷ്ടമായില്ലെ..? ”
മൗനമായി നിന്ന ദീപ്തിയെ നോക്കി അരവിന്ദ് തുടർന്നു..
പ്രഭാകരേട്ടൻ തന്നെപ്പറ്റി പറഞ്ഞതെ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ തന്നെപ്പോലൊരാൾ ആയിരിക്കണം ജീവിത സഖിയെന്ന്…
തന്നെ ആദ്യമായ് കാണുന്നത് നേരിട്ട് തന്നെ ആകണമെന്ന് ആഗ്രഹമുള്ളത്കൊണ്ടാണ് പ്രഭാകരേട്ടന്റെ കയ്യിലുള്ള ആ ഫോട്ടോ പോലും നോക്കാതിരുന്നത്…
അതെ ഞാൻ മനസ്സിൽ കണ്ട അതേ മുഖം ഇഷ്ടമായി ആദ്യകാഴ്ചയിൽ തന്നെ…
എന്തു പറയണമെന്നറിയാതെ ഒരു ശില പോലെ നിൽക്കുകയായിരുന്നു ദീപ്തി…
” എനിക്ക്.., എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല പക്ഷെ ഈ വിവാഹം നടക്കില്ല… ദീപ്തിയുടെ ജീവിതത്തിൽ ഒരു വിവാഹമേ ഉണ്ടാകില്ല..
” എന്താ താൻ കളിപറയുകയാണോ…? ” ഞെട്ടലോടെ ഞാൻ ദീപ്തിയെ നോക്കി..
” കളങ്കപ്പെട്ട ഒരു പെണ്ണിനെ സ്വന്തമാക്കാൻ ഒരു പുരുഷനും ആഗ്രഹിക്കില്ല..”
വിശ്വാസം വരാതെ ഞാൻ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ അത് നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു…
എന്തു പറയണമെന്നറിയാതെ ആധികയറിയ മനസ്സുമായി ഞാൻ ദീപ്തിയെ തന്നെ നോക്കിയിരുന്നു…
” അസൗകര്യമില്ലെങ്കിൽ നാളെ രാവിലെ പാർക്ക് വരെ വരുമോ..? എന്റെ ജീവിതം അതെന്താണെന്ന് ഞാൻ നിശ്ചയിച്ചിട്ടുണ്ട്, അതിനു മുൻപ് ഒരാൾ എങ്കിലും സത്യം എന്താണെന്ന് അറിഞ്ഞിരിക്കണം.
എന്റെ അച്ഛനോടും അമ്മയോടും എനിക്കിത് പറയാനാവില്ല.. ഒരിക്കലും അവർക്കത് താങ്ങാനാവില്ലെന്ന് എനിക്കറിയാം..
ഞാൻ മെല്ലെ തലയാട്ടിക്കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി..
പ്രഭാകരേട്ടന്റെയും ദീപ്തിയുടെ അച്ഛന്റെയും അമ്മയുടെയും മുൻപിൽ ചിരി തൂകുന്ന മുഖവുമായി നിൽക്കാൻ ഞാൻ നന്നെ പാട് പെട്ടു…
പ്രഭാകരേട്ടനോട് പോകാം എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചിട്ട് ഞാൻ യാത്ര പറഞ്ഞ് മുൻപേ ഇറങ്ങി….
ഫോൺ വിളിച്ച് അറിയിക്കാം എന്നും പറഞ്ഞ് പ്രഭാകരേട്ടനും ഇറങ്ങി…
കാറിൽ കയറാൻ നേരം നിറഞ്ഞ മിഴികളോടെ ദീപ്തി നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…
പിറ്റേന്ന് പാർക്കിൽ എത്തുമ്പോൾ പറഞ്ഞതിലും നേരത്തെ തന്നെ ദീപ്തി എത്തിയിട്ടുണ്ടായിരുന്നു…
ദീപ്തിയുടെ അടുത്തായി ഇരുന്നിട്ട് ഞാൻ മെല്ലെ ആ മുഖത്തേക്ക് നോക്കി…
” അവിടെ വച്ച് പറയുവാൻ ആകുമായിരുന്നില്ലെനിക്ക്..” ദീപ്തി പറഞ്ഞു തുടങ്ങി.
” എന്റെ കൂടെ ഓഫിസിൽ വർക്ക് ചെയ്തിരുന്ന ആളായിരുന്നു കിരൺ..
ഒരു ദിവസം എന്റെ അമ്മക്ക് വയ്യാതായെന്നും അച്ഛൻ എന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലായെന്നും അയാൾ ഒരു കഥയുണ്ടാക്കി..
ഹോസ്പിറ്റലിൽ കൊണ്ടെ വിടാം എന്നും പറഞ്ഞാണ് അയാളുടെ കാറിൽ കയറ്റി എന്നെ കൊണ്ടു പോയത്…
പെട്ടെന്ന് അമ്മക്ക് വയ്യാതായെന്ന് കേട്ടപ്പോൾ ഞാൻ അപ്പോഴത്തെ ടെൻഷൻ കാരണം ആരോടും ഒരു വാക്ക് പോലും മിണ്ടാൻ പറ്റാതെയാണ് കാറിൽ കയറിയത്…
ആ മനുഷ്യനെ തിരിച്ചറിയുവാൻ എനിക്ക് കഴിയാതെ പോയി…. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു…
സ്വന്തം സഹപ്രവർത്തകയായ പെണ്ണിന്റെ മാനത്തിന് പുല്ല് വില കല്പിച്ച ആണെന്ന് വിളിക്കാൻ അറക്കുന്ന ആ വേട്ട മൃഗത്തിനു മുൻപിൽ തോറ്റു പോയ ഒരു പെണ്ണിന്റെ അവസ്ഥ…
ഇത് പുറത്തറിഞ്ഞാൽ പിന്നെ സമൂഹം എന്നെ കാണുന്നത് പിഴച്ചവൾ ആയിട്ടാകും…
പെണ്ണിന്റെ അവകാശം, നീതി എന്ന പേരിൽ സോഷ്യൽ മീഡിയകളും മാധ്യമവും കോടതിയും ഒരു പെണ്ണെന്നുള്ള കാര്യം പോലും മറന്ന് പച്ചയോടെ കത്തിക്കും…
അങ്ങനെ ഒരപമാനവും പേറി ഒരു സ്ത്രീ ജീവിക്കുന്നതിലും നല്ലത് മരണം തന്നെ അല്ലെ..??
ഏതോ ഒരു വേട്ടമൃഗം ചെയ്ത ക്രൂരതയ്ക്ക് അപമാനവും പേറി ജീവിക്കുന്നതിലും നല്ലത് അവൾ ശാന്തമായി സമാധാനമായി ഭൂമിയിൽ അദ്ധ്യ വിശ്രമം കൊള്ളട്ടെ… അല്ലാതെ ഒരു പെണ്ണിന് എന്ത് ചെയ്യാൻ കഴിയും..?
” ദീപ്തി… എന്തായീ പറയണേ..
മരിക്കുകയല്ല വേണ്ടത്.. ജീവിക്കണം … ജീവിച്ചു കാണിച്ചുകൊടുക്കണം.
ഞാനുണ്ടാകും തന്റെയൊപ്പം എന്നും… ഇതൊരു സഹതാപ വാക്കല്ല..
എന്റെയൊരു സഹോദരിക്കാ ഇത് സംഭവിച്ചതെങ്കിൽ എനിക്കവളെ തെരുവിൽ വലിച്ചെറിയാൻ കഴിയുമോ..? മരണത്തിന് വിട്ടു കൊടുക്കാൻ കഴിയുമോ..? ഒരിക്കലുമില്ല..!
കാമാർത്തി പൂണ്ട് ഒരു പെണ്ണിനെ സ്വന്തമാക്കുന്നവൻ ഒന്നും നേടുന്നില്ല… പെണ്ണിന്റെ മനസ്സ് അത് അവളുടെ സ്നേഹത്തോടെ സ്വന്തമാക്കുന്നവൻ ആണ് അവളുടെ കണ്ണിൽ എന്നും പുരുഷൻ…
തനിക്ക് ഒന്നും പറ്റിയിട്ടില്ല.. ഒന്നും.. കഴിഞ്ഞതെല്ലാം ഒരു ദുർ സ്വപ്നം പോലെ മറന്നേക്കുക…
എനിക്ക് അവനെ ഒന്നു കാണണം ഇനി..”
നിർത്താതെ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് കിരൺ വാതിൽ തുറന്നത്…
മുറ്റത്ത് ദീപ്തിയെ കണ്ടതും അവൻ ഒന്ന് ഞെട്ടി, മുഖത്തെ ഭാവം മറക്കാൻ പാട് പെടുമ്പോൾ അരവിന്ദ് പറഞ്ഞു ” ഒന്ന് പുറത്തേക്ക് വരൂ.. ദീപ്തിക്കെന്തോ പറയുവാൻ ഉണ്ട്… ”
” ഇല്ല .. എനിക്കൊന്നും കേൾക്കേണ്ട.. ” വാതിൽ അടച്ചു അകത്തേക്ക് പോകാൻ തുടങ്ങുന്ന കിരണിനോട് അരവിന്ദ് വീണ്ടും പറഞ്ഞു..
” കഴിഞ്ഞതെല്ലാം അവൾ മറക്കാൻ ശ്രമിക്കുവാ നീ വാ കിരണേ… ” കിരണിന്റെ തോളിൽ ബലമായി പിടിച്ച് അരവിന്ദ് അവനെ പുറത്തേക്ക് കൊണ്ടു പോയി..
തന്റെ മുന്നിൽ നിൽക്കുന്ന കിരണിനെ ദീപ്തി പകയോടെ നോക്കി…
” ദീപതീ.. അതങ്ങു കൊടുത്തേരെ.. ” അരവിന്ദ് അവളോട് പറഞ്ഞു തീരുന്നതിന് മുൻപേ ദീപ്തിയുടെ കൈകൾ കിരണിന്റെ കവിളിൽ പതിഞ്ഞിരുന്നു…
ഒരു വശത്തേക്ക് അടിപ്പോയ മുഖം നേരെ ആക്കി കിരൺ നോക്കുമ്പോൾ മുട്ടുകാൽ മടക്കി അടിവയറ്റിൽ ആഞ്ഞു തൊഴിച്ചിരുന്നു അരവിന്ദ്…
” ഇത് ഈ നാട്ടിലെ ഓരോ പെൺകുട്ടിക്ക് വേണ്ടിയും കാണാമറയത്തുള്ള ഒരാങ്ങള നൽകുന്ന സമ്മാനമായി കരുതിയാൽ മതി.. ”
നിലത്തു നിന്നും കിരൺ എഴുന്നേൽക്കാൻ പാട് പെടുമ്പോൾ ദീപ്തിയുടെ കയ്യും പിടിച്ച് അരവിന്ദ് നടന്നകന്നിരുന്നു, പുതിയൊരു ജീവിതത്തിലേക്ക്…