പുതു പെണ്ണ് അല്ലേ അസ്വസ്ഥത ഒക്കെ കാണും എന്നൊക്കെ കേൾക്കുന്നുണ്ട് ബാക്ഗ്രൗണ്ടിൽ..

അമ്മൂമ്മയുടെ മീൻ കറി
(രചന: Sreeja Praveen)

രണ്ടായിരത്തി രണ്ടിൽ കല്യാണം കഴിഞ്ഞ് ചെല്ലുന്ന കാലത്ത് ആ വീട്ടിലെ താരം ആയിരുന്നു അമ്മൂമ്മ. പുള്ളിയുടെ അമ്മയുടെ അമ്മ..

അണൂ കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് എനിക്ക് അമ്മൂമ്മ ഒരു കൗതുക വസ്തു ആയിരുന്നു..

ഒറ്റ മുണ്ടും വലിയ ഒരു ബ്ലൗസും ഒക്കെ ഇട്ട് കുറി ഒക്കെ തൊട്ടു മുറുക്കാൻ പെട്ടിയുമായി സിറ്റൗട്ടിൽ ഒരു കുട്ട കസേരയിൽ ഇരിപ്പാണ് കൂടുതൽ നേരവും ആള്…

ഞാൻ കാണുമ്പോൾ ആള് സച്ചിന്റെ സ്കോർ പോലെ 90 ഒക്കെ കഴിഞ്ഞ കൊണ്ടാവണം സ്ലോ മോഷനിൽ ആണ് നടപ്പ് ഒക്കെ.

നടപ്പ് മാത്രമേ ഉള്ളൂ സ്ലോ. ആളിന്റെ ശ്രദ്ധ വീടിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട് അപ്പോഴും..പഴയ കാലത്തെ പ്രഭാവം നമ്മുക്ക് ഇപ്പോഴത്തെ ഇരിപ്പിലും മട്ടിലും നിന്ന് ഊഹിച്ച് എടുക്കാം.

എന്ത് കാര്യത്തിലും പുള്ളിക്കാരി ശിവകാമി തൻ ശാസന പുറപ്പെടുവിക്കും , ആര് കേട്ടാലും ഇല്ലേലും. എനിക്ക് പക്ഷേ അമ്മൂമ്മയുടെ സഹായം വളരെ അധികം ആവശ്യം ഉണ്ടായിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ഒരു രഹസ്യ അജണ്ട ഉണ്ടായിരുന്നു അതിനു.

പുതു പെണ്ണ് ആയ കൊണ്ട് അടുക്കള പണി അറിയാം എന്നൊരു ഭാവം നമ്മൾ ചുമ്മാ അഭിനയിച്ചു. ചായ , സാമ്പാർ തുടങ്ങിയ അതീവ പ്രാധാന്യം ഉള്ള വിഭവങ്ങൾ മാത്രേ നമ്മൾക്ക് ശെരിക്കും അറിയൂ.

ഒരു ആഴ്ച ഒക്കെ കഴിഞ്ഞപ്പോൾ അവിടത്തെ അച്ഛൻ അമ്മ , എന്റെ ഭർത്താവ് ഇവരൊക്കെ ജോലിക്ക് പോയിതുടങ്ങി.

പണ്ടാരം അടങ്ങാൻ എനിക്ക് ആണേൽ സ്കൂൾ അടപ്പും. അപ്പോ പകൽ ഞാൻ പെട്ടു. അടുക്കള ഭരണം നമ്മുടെ കയ്യിൽ . വല്ലതും അറിയണ്ടേ?ഇൗ അവസരത്തിൽ ആണ് അമ്മൂമ്മ കാവൽ മാലാഖ ആയത്.

സാദാ ഐറ്റംസ് ഒക്കെ ഞാൻ ഒരുവിധം ഒപ്പിച്ചെടുക്കും. പക്ഷേ ഞാൻ തളർന്ന് പോകുന്നത് മീൻ കറി വയ്ക്കാൻ ആണ്.ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ഉള്ള ആളുകള് ആയ കൊണ്ട് അവിടെ മീൻ വറുത്തത് ഇല്ല..

കറി മാത്രമേ പാടുള്ളൂ എന്നാണ് നിയമം. എന്റെ ധർമ്മ സങ്കടം അമ്മൂമ്മ മനസിലാക്കി. അടുക്കളയിൽ വന്നു പണി എടുക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ഞങൾ തമ്മിൽ ഒരു ഡീൽ ഉണ്ടാക്കി…

മൂപ്പത്തി മുൻ വശത്തെ കസേരയിൽ ഇരുന്നു ആഹ്വാനം തരും. ഞാൻ തേങ്ങ ഒക്കെ അരച്ച ശേഷം മൺ ചട്ടിയിൽ എല്ലാം ഇട്ടു മിക്സ് ചെയ്യും..എന്നിട്ട് കൊണ്ട് പോയി കാണിക്കും..അമ്മൂമ്മ അരപ്പ് ചെറിയ ഒരു വിരൽ മുക്കി സ്വാദ് നോക്കും..

എന്നിട്ട് പറയും ഉപ്പ് വേണോ മുളക് വേണോ എന്നൊക്കെ.. എനിക്ക് പിന്നെ അത് അടുപ്പിൽ വച്ചു തിളപ്പിച്ചാൽ മാത്രം മതി.അച്ഛനും അമ്മയും ഒക്കെ ഉണ്ണാൻ ഇരിക്കുമ്പോൾ മീൻ കറിയുടെ പ്രശംസ ആർക്ക് കിട്ടും? പുതു പെണ്ണിന് തന്നെ .

സത്യം പറഞ്ഞാല് ആ മീൻ കറിയുടെ സ്വാദ് ഒന്ന് വേറെ തന്നെ ആയിരുന്നു.അത് തന്നെ ആണ് എന്നെ കുഴപ്പത്തിൽ ആക്കിയതും.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഊണ് കഴിഞ്ഞു പാത്രം കഴുകി വക്കാൻ നേരം മീൻ ചട്ടിയുടെ അകത്ത് അല്പം ചാറ് ഇരിക്കുന്ന കണ്ട്. അത് എങ്ങനെ കളയും? ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കറി അല്ലേ?നോക്കിയിട്ട് കോരി കുടിക്കാൻ സ്പൂൺ ഒന്നും കാണുന്നുമില്ല.

നേരിട്ട് അങ്ങ് വായിലേക്ക് കമിഴ്ത്തി. അന്തസ് പാത്രം കഴുകലും തുടർന്നു.. വൈകുന്നേരം ആയപ്പോ മുതല് എന്തോ ഒരു അസ്വസ്ഥത. ചെറിയ തൊണ്ട വേദനയും ഉണ്ട്. ചൂട് വെള്ളം ഒക്കെ കുടിച്ചു നോക്കി..

പക്ഷേ ഒട്ടും കുറഞ്ഞില്ല. പിറ്റേന്ന് രാവിലെ ആയപ്പോൾ ഒന്നും കഴിക്കാനും പറ്റുന്നില്ല വെള്ളം പോലും കുടിക്കാൻ പാട് തന്നെ. വീട്ടിലുള്ള എല്ലാവരും ചോദിച്ചു തുടങ്ങി. എന്താ വയ്യേ? പനി ആണോ? ശർദി ഉണ്ടോ? ഓക്കാനം വരുന്നോ എന്നൊക്കെ.

പുതു പെണ്ണ് അല്ലേ അസ്വസ്ഥത ഒക്കെ കാണും എന്നൊക്കെ കേൾക്കുന്നുണ്ട് ബാക്ഗ്രൗണ്ടിൽ. എന്റെ അമ്മയോട് ഒക്കെ ആരൊക്കെയോ ഫോണിൽ വിളിച്ചു പറയുന്നുണ്ട്.എനിക്കാണേൽ ദേഹം മുഴുവൻ വേദന ഉള്ള പോലെ.

എന്തായാലും സംഗതി പന്തി അല്ല എന്ന് കണ്ട്  കെട്ടിയോൻ എന്നേം കൊണ്ട് ആശുപത്രിയിൽ പോയി. അവിടെ ജനറൽ ഫിസിഷ്യൻ ഗണപതിയെ പോലെ ആണല്ലോ.

എന്തിന് പോയാലും ആദ്യം അവിടെ തേങ്ങ ഉടക്കണം സാമീ എന്നല്ലേ? അകത്ത് കേറുന്ന മുന്നേ കുറെ പരിശോധന നടത്തണം .. ഒരു സംശയം ഉണ്ട്..തൊണ്ട യിൽ വേദന എന്ന് പറഞ്ഞാലും എന്തിനാ വെയിറ്റ് നോക്കുന്നത്. പൊതുവേ എനിക്ക് അത്ര ഇഷ്ടമുള്ള പരിപാടി അല്ല ഇത്.

എന്നിട്ട് വലിയ വെടി ചെറിയ വെടി സ്റ്റൈലിൽ ഒന്ന് വിളിച്ചു കൂടി പറയും . സോറി, കഥ വഴി തിരിഞ്ഞു പോയി.. നമ്മുടെ ഗണപതി ഡോക്ടർ കുറെ ചോദ്യങ്ങൾ ഒക്കെ ചോദിച്ച ശേഷം ജഡ്ജ്മെന്റ് പാസാക്കി.

ടോൺസിലൈറ്റിസ് ആവും.. തൊണ്ടയിലെ ഇൻഫെക്ഷൻ ആണ് ഇൗ തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് ..എന്തായാലും ഒരു എക്സ് റെ എടുക്കാം നേരത്തെ കണ്ട സിസ്റ്റർ ഞങ്ങളെ എക്സ് റേ മുറിയിൽ എത്തിച്ചു..

അവിടെ ഉള്ള യന്ത്രം ഒക്കെ പ്രവർത്തിപ്പിക്കുന്ന മഹാനെ എന്റെ കഥ ഒക്കെ എന്തൊക്കെയോ കോഡ് ഭാഷയിൽ പറഞ്ഞു കേൾപ്പിച്ചു..അതിപ്പോ ആശുപത്രിയിൽ ചെന്നാൽ നിങ്ങള് കേട്ടു കാണും.. ഡോക്ടർ മറ്റൊരു ഡോക്ടറോട് പറയും.. “എക്സാരോ തേർമരോ ഹൈപ്നിയ ” ആണ് എന്ന്..

നമ്മൾ ഗ്രാമ വാസീസ് പറയും പോലെ പനി എന്ന് ഒന്നും അവര് പറയൂല്ല.. അങ്ങനെ അവര് എന്റെ എക്സ് റേ പടം എടുത്തു. ഫിലിം കിട്ടുന്ന വരെ സിസ്റ്റ്ററും ഞങ്ങടെ കൂടെ കാത്തിരുന്നു. വേദന കൊണ്ട് കഷ്ടപ്പെടുന്ന എന്നെ സിസ്റ്റ്ററും ഇടക്കിടെ സഹതാപത്തോടെ നോക്കുന്നുണ്ട്.

സമയം ആയപ്പോൾ സിസ്റ്റർ ആണ് അകത്ത് പോയി റിസൾട്ട് വാങ്ങിയത്. പുറത്തേക്ക് വന്ന ശേഷം ആ കുട്ടി ചിരി അടക്കാൻ പാട് പെടുന്ന പോലെ തോന്നി.ഡോക്ടറിന്റെ മുഖത്തും ചിരി ഉണ്ട് അകത്ത് ചെന്നപ്പോൾ.

ഇരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം ഞങ്ങളെ ഫിലിം കാണിച്ചു. സൂക്ഷിച്ച് നോക്കിയപ്പോൾ അതിൽ ഇംഗ്ലീഷിലെ വൈ എന്ന അക്ഷരം പോലെ വ്യക്തമായി ഞെളിഞ്ഞു നിൽക്കുന്നു മനോഹരമായ ഒരു മീൻ മുള്ള്.

അമ്മൂമ്മയുടെ പ്രശസ്തമായ മീൻ കറി കുടിച്ച സീൻ എന്റെ ഫ്ലാഷ് ബാക്കിൽ കറങ്ങി കൊണ്ടിരുന്നു. ഡോക്ടർ പറഞ്ഞു ” ഇത്രയും വലിയ മീൻ മുള്ള് എങ്ങനെ കുടുങ്ങി. മീൻ വിഴുങ്ങിയോ ? എന്തായാലുംനമുക്ക് ഒരു മിനി ഓപ്പറേഷൻ ചെയ്തു പുറത്തേക്ക് എടുക്കാം.

അതിനുള്ള പൈസ നിങ്ങള് ആ കൗണ്ടറിൽ അടച്ചാൽ മതി ” സ്തബ്ധനായി നിൽക്കുന്ന എന്റെ ഫർത്താവിനേ ഞാൻ ഒന്നെ നോക്കിയുള്ളൂ. അഞ്ഞൂറ് രൂപ അടച്ചു.പ്രൈവറ്റ് സ്കൂളിലെ എന്റെ അന്നത്തെ ശമ്പളം മൂവായിരം ആണ്.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഓപ്പറേഷൻ തീയറ്റർ സജ്ജമായി. ഡോക്ടർ തയ്യാറായി , നഴ്സുമാർ ആയുധങ്ങൾ എടുത്തു, പക്ഷേ ഒരേ ഒരു വ്യത്യാസം മാത്രം..

അവരൊക്കെ മാസ്കുകളുടെ ഉള്ളിൽ കൂടിചിരിക്കുക ആയിരുന്നു. ഞാൻ ആണേൽ ആകെ ചമ്മി നാറി ഉരുകിയ അവസ്ഥയിൽ. അവിടെ നിന്ന് പിന്നെ എങ്ങനെ വീടെത്തി എന്നൊന്നും ഇന്നും എനിക്ക് ഒരു പിടിയും ഇല്ല..

ആകെ ഒരു മൂളൽ മാത്രം തലയിൽ. പക്വത വന്ന അധ്യാപിക , കാര്യ വിവരം ഉള്ള മരുമകൾ തുടങ്ങി പല വിധ മുഖം മൂടികൾ അന്ന് മുതൽ തട്ടും പുറത്ത് കിടപ്പുണ്ട് .

പ്രത്യാഘാതം: ഇൗ സംഭവം കഴിഞ്ഞു എകദേശം ഇരുപത് വർഷം ആയെങ്കിലും ഇപ്പോഴും എനിക്ക് എന്റെ വീട്ടുകാർ മീൻ കറി കോരി എടുത്ത് തരും.. എന്ന് മാത്രമല്ല മീൻ കറി വെയ്ക്കുന്ന ദിവസം എനിക്ക് പാത്രം കഴുകലും ചെയ്യണ്ട. ഇപ്പൊ അഞ്ഞൂറ് രൂപ ഒന്നും അല്ല അത്രെ റേറ്റ്…

Leave a Reply

Your email address will not be published. Required fields are marked *