ആ പയ്യൻ കനത്ത മഴയിൽ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി യാചിക്കുന്നത് ഉണ്ണിക്കുട്ടൻ..

(രചന: Kannan Saju)

ആ പയ്യൻ കനത്ത മഴയിൽ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി യാചിക്കുന്നത് ഉണ്ണിക്കുട്ടൻ നോക്കി ഇരുന്നു.

കനത്ത ബ്ലോക്…അടുത്തെങ്ങും മാറുന്ന ലക്ഷണം ഇല്ല… തന്റെ കാറിൽ തന്ന ഇരുന്നുകൊണ്ട് ഇരുപത്തെട്ടു കാരനായ ഉണ്ണിക്കുട്ടൻ ബസ് സ്റ്റോപ്പിൽ യാചിക്കുന്ന ആ ടീനേജ് പയ്യനെ നോക്കി തന്നെ ഇരുന്നു.

ആരും അവനു മുഖം കൊടുക്കുന്നു പോലും ഇല്ല… ഒരുപക്ഷെ അവന്റെ സാമാന്യം നല്ല വേഷം തന്നെ ആവും കാരണം.

ഉണ്ണിക്കുട്ടൻ രണ്ട് വര്ഷം മുൻപുള്ള ആ ദിവസം ഓർത്തു..

അന്ന് നേരം സന്ധ്യ മയങ്ങി കാണും… വീട്ടിലേക്കു ബസ്സു കാത്തു മുവാറ്റുപുഴ കാക്കനാട് റൂട്ടിൽ ഒരു ബസ്റ്റോപ്പിൽ നിക്കുമ്പോഴാണ് റോഡിന്റെ എതിർ വശം ഇരിക്കുന്ന തന്റെ അമ്മയുടെ പ്രായം തോന്നുന്ന ആ സ്ത്രീയെ ഉണ്ണിക്കുട്ടൻ ശ്രദ്ധിക്കുന്നത്.

അവർ തീരെ അവശ ആയിരുന്നു… റോഡിൽ മറ്റാരെയും കാണുന്നുമില്ല… ആ റൂട്ടിൽ സന്ധ്യ കഴിഞ്ഞാൽ പൊതുവെ വണ്ടികൾ കുറവാണ്.
കുറെ ദൂരങ്ങളിൽ മാത്രമേ വീടുകളും ഉള്ളൂ.

ഉണ്ണിക്കുട്ടൻ അവരുടെ അടുത്തേക്ക് ചെന്നു.

” അമ്മക്കെന്ന പറ്റ്യേ ???  “

” തീരെ നടക്കാൻ വയ്യ മോനേ… ഇനി ബസ്സില്ലാന്നു പറഞ്ഞോണ്ട് നടന്നതാ.. അനങ്ങാൻ പറ്റുന്നില്ല “

” എവിടുന്ന് മുവാറ്റുപുഴയിൽ നിന്നോ ???  “

” ആം.. ” നടു തിരുമ്മിക്കൊണ്ട് സാമാന്യം താടിയുള്ള അവർ പറഞ്ഞു…

” വീട്ടിലെ ആരുടേ എങ്കിലും നമ്പർ ഉണ്ടോ??  ഞാൻ വിളിച്ചു വരാൻ പറയാം “

” ഇല്ല.. വീട്ടിൽ ഞാൻ മാത്രേ ഉളളൂ.. ആകെ ഒരു മോനുണ്ടായിരുന്നത് മരിച്ചു പോയി ” അവരുടെ കണ്ണുകൾ നിറഞ്ഞു…

” ഇപ്പൊ അവൻ ജീവനോടെ ഉണ്ടങ്കിൽ അമ്മക്കിങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു… “

” അമ്മ കരയണ്ട…  എവിടാ അമ്മേടെ വീട് ??  “

” വലമ്പൂർ… കുറച്ചു ഉള്ളിലേക്ക് പോണം മോനേ “

അവൻ വണ്ടി വല്ലതും വരുന്നുണ്ടോ എന്ന് ചുറ്റിനും നോക്കി…  ഒരു ഓട്ടോ അതുവഴി വന്നു. ഉണ്ണിക്കുട്ടൻ കൈ കാണീച്ചു…

” ഇന്നിനി ഓട്ടം ഇല്ലല്ലോ സാറേ.. വീട്ടിലേക്കു പോണ വഴിയാ.. “

” അയ്യോ അങ്ങനെ പറയരുത് പ്ലീസ്…  വയ്യാത്ത സ്ത്രീ ആണ് ” ഓട്ടോക്കാരൻ അവരെ അടിമുടി നോക്കി

” എങ്ങാട്ടേക്ക?  “

” വലമ്പൂർ “

” ഞാൻ മുവാറ്റുപുഴക്കാ സാറേ.. ഇനി തിരിച്ചോടാൻ വയ്യ… “

” ഞാൻ ഇരട്ടി കൂലി തരം.. ഇവരെ ഒന്ന് കൊണ്ടു വിട് താൻ പ്ലീസ് ” അയ്യാൾ ആലോചിച്ചു

പെട്ടന്ന് ഉണ്ണിക്കുട്ടനും ഒരു ആലോചന തോന്നി.. ഇനി ഇയ്യാളെങ്ങാനും പൈസ വാങ്ങി പോയിട്ട് അടുത്ത സ്റ്റോപ്പിൽ എങ്ങാനും അമ്മയെ ഇറക്കി വിട്ടിട്ടു പോയാലോ ???

” ഞാനും വരാം.. തിരിച്ചു മുവാറ്റുപുഴക്കു ഒരുമിച്ചു പോരാം…  കൂലി താൻ പറഞ്ഞോ “

അങ്ങനെ അവർ വലമ്പൂരിൽ നിന്നും ഉള്ളിലേക്ക് കയറി പാട വരമ്പത്തുള്ള അവരുടെ കുടിലിനു അരികിൽ എത്തി….  ഓട്ടോ മുറ്റത്തു നിർത്തി…

കുടില് കണ്ടതും ഉണ്ണിക്കുട്ടന് സങ്കടം ആയി..അവൻ ഇറങ്ങി അമ്മയെ പിടിച്ചിറക്കാനായി ഒരുങ്ങി..
തികച്ചും പ്രതീക്ഷിക്കാതെ ആ സ്ത്രീയുടെ ആഞ്ഞുള്ള ചവിട്ടു ഉണ്ണിക്കുട്ടന്റെ നെഞ്ചിൽ കൊണ്ടു… അവൻ മലന്നടിച്ചു നിലത്തേക്ക് വീണു.

ചാടി എണീറ്റ ഉണ്ണിക്കുട്ടന് കുറച്ചു നിമിഷത്തേക്ക് എല്ലാം തല കീഴായി തോന്നി. സാരി തുമ്പ് ഇടുപ്പിൽ കുത്തി അടിപ്പാവാട പൊക്കി കുത്തി ആ സ്ത്രീ ഓട്ടോയിൽ നിന്നും ഇറങ്ങി നിന്നു…. ഓട്ടോ ഡ്രൈവർ മുകളിൽ നിന്നും വാൾ വലിച്ചൂരി..

ഉണ്ണിക്കുട്ടന്റെ അഞ്ചു പവന്റെ മാല, ചെയിൻ, പതിനായിരം രൂപ, എടിഎം കാർഡ്, മോതിരം തുടങ്ങി എല്ലാം അവർ കൈക്കലാക്കി.

ശേഷം ഉണ്ണിക്കുട്ടനെ ഷഡി ഇടിച്ചു ഓടിച്ചു… വാള് കണ്ടു ഭയന്ന ഉണ്ണിക്കുട്ടൻ ഓടി.. അന്ന് രാത്രി വണ്ടിയുടെ വെളിച്ചം വരുമ്പോ ഓടി ഒളിച്ചും പാത്തും പതുങ്ങിയും ഉണ്ണിക്കുട്ടൻ പതിനാറു കിലോമീറ്റർ നടന്നു വീട്ടിൽ എത്തി…

ബ്ലോക്ക്‌ നീങ്ങി.. ഉണ്ണിക്കുട്ടൻ ഓർമകളിൽ നിന്നും തിരിച്ചു വന്നു…

അതിൽ പിന്നെ ഉണ്ണിക്കുട്ടൻ ആരെയും സഹായിച്ചിട്ടില്ല…  എന്തിനു.. തനിക്കു ജീവിതത്തിൽ എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ .

ഓർമ വെക്കും മുന്നേ അച്ഛൻ പോയി.. അമ്മ മരിച്ചു..  ചേട്ടൻ ഒരെണ്ണം ഉണ്ടായിരുന്നത് പകുതി മെന്റൽ ആയിരുന്നു…

ഏട്ടന് കല്ല്യാണം ആലോചിച്ചപ്പോ ബ്രോക്കറോട് പറഞ്ഞതാണ് പെണ്ണിന്റെ വീട്ടുകാരോട് എല്ലാം പറയണം എന്ന്.. അവിടെയും തനിക്കു തെറ്റി… പെണ്ണിനോട് പറയണം എന്ന് പറഞ്ഞാൽ മതിയായിരുന്നു…

പെണ്ണിന്റെ വീട്ടുകാർ സ്വത്തു കണ്ടു പെണ്ണിനോട് തന്നെ ഏട്ടൻ പാതി മെന്റൽ ആണെന്ന് മറച്ചു വെച്ചു..

എടതിക്കു ഇടയ്ക്കിടെ സംശയം തോന്നിയ പോലെ എന്നോട് സംസാരിച്ചപ്പോൾ ആണ് എടതിക്കു ഒന്നും അറിയില്ലെന്ന് തന്നെ താൻ അറിയുന്നത്.. അപ്പോഴേക്കും ഏടത്തി ഗർഭിണിയും ആയി..

പിന്നെ ഏട്ടൻ വലിയ വിപ്ലവം ഒന്നും ഉണ്ടാക്കാത്ത കാരണം എല്ലാം കുഴപ്പില്ലാതെ പോയി…. പ്രസവം കഴിഞ്ഞു തിരിച്ചു വന്നതോടെ ആണ് എല്ലാം താറു മാറായതു…

കുഞ്ഞിന് കളറ് കുറവാണെന്നും പറഞ്ഞു ഏട്ടൻ വെല്ല പെയിന്റ് മേടിച്ചു കുഞ്ഞിന്റെ മേത്തടിച്ചു… അതായിരുന്നു തുടക്കം…

പിന്നീടങ്ങോടു എല്ലാം തകിടം മറിഞ്ഞു.. കുഞ്ഞിന് വെച്ച കുറുക്കു കട്ട് തിന്നുക തുടങ്ങി ഏട്ടൻ ഒരു വട്ടനാണെന്നു എടതിക്കു മനസ്സിലായി.. അതോടെ ഏടത്തി വീട് വിട്ടു പോയി…

പക്ഷെ ആരൊക്കെ ഉപേക്ഷിച്ചാലും കൂടപ്പിറപ്പല്ലേ… എനിക്ക് പറ്റുമായിരുന്നില്ല.. ഒടുവിൽ ഇടതിയെയും കുഞ്ഞിനേയും കാണാതെ ഏട്ടൻ മുഴു വട്ടനായി.. ആശുപത്രിയിൽ ആക്കി.. അവിടെ നിന്നും ചാടി പോയി…

ഇപ്പൊ ഒരു വിവരവും ഇല്ല.. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ.. ഒന്നും അറിയില്ല…..  സത്യത്തിൽ നല്ല മനസ്സുള്ള തനിക്കു സന്തോഷിക്കാൻ ഒന്നും ഇല്ല… അതുകൊണ്ട് ഇനി താൻ ആരെയും സഹായിക്കില്ല ….

പക്ഷെ മുന്നോട്ടു പോവും തോറും ആ പയ്യന്റെ മുഖം അവന്റെ ഉള്ളിൽ മിന്നിക്കൊണ്ടിരുന്നു…

” വേണ്ട ഉണ്ണിക്കുട്ടാ….  ഇനിയും ഷഡി പുറത്തു ഓടേണ്ടി വരും.. കിട്ടിയത് പോരെ നിനക്ക്?  “

ഉണ്ണിക്കുട്ടന്റെ മനസ്സ് അവനെ ഓർമ്മപ്പെടുത്തി…  എന്നാലും അവൻ തിരിച്ചു പോവാൻ തന്നെ തീരുമാനിച്ചു.. നേരം സന്ധ്യ മയങ്ങി..

റോഡ് കാലിയായി.. മഴ ആർത്തലച്ചു പെയ്യുന്നു… ആ പയ്യൻ താടക്കു കയ്യും കൊടുത്തു നിരാശനായി ബസ്റ്റോപ്പിൽ ഇരിക്കുന്നു…  ഉണ്ണിക്കുട്ടൻ കാറൊതുക്കി അവനെ അടുത്തേക്ക് വിളിച്ചു…

” നിനക്ക് എത്ര രൂപയാ വേണ്ടത്? “

” എനിക്കിനി പണം വേണ്ട സാർ “

” അതെന്ന.. ?  “

” ഇനി അങ്ങോടു ബസ്സില്ല “

” വണ്ടിക്കൂലിക്കു വേണ്ടിയാണോ നീ കൈ നീട്ടിയത് ആളുകളുടെ മുന്നിൽ “

” അതെ “

” നിന്റെ കയ്യിൽ ഉണ്ടായിരുന്ന പണം എന്ത്യേ ?  “

” അമ്മക്കുള്ള മാറുന്നു മേടിച്ചപ്പോൾ തീർന്നു പോയി”

” ഫോണുണ്ടോ കയ്യിൽ?  “

” ഇല്ല “

” വണ്ടിയിൽ കയറ്.. വീട്ടിൽ കൊണ്ടു വിടാം ” അവൻ മിണ്ടാതെ നിന്നു

” കയറാൻ “

” നിങ്ങളെന്നെ എന്തിനാ സഹായിക്കുന്നത്?  “

” അത് ശരി ആരാന്നു പോലും അറിയാത്തവരുടെ മുന്നിൽ കൈ നീട്ടുന്നതിന് നിനക്ക് കുഴപ്പമില്ല… സഹായിക്കാം എന്ന് പറഞ്ഞപ്പോ എന്തിനാന്നറിയണം അല്ലേ?  “

” നിങ്ങളെന്നെ ഉപദ്രവിക്കുമോ? ” അവന്റെ ചോദ്യം നിഷ്കളങ്കമായി ഉണ്ണിക്കുട്ടന് തോന്നി

” എന്തെ മോനേ ആരെങ്കിലും മുന്നേ ഉപദ്രവിച്ചോ?  ” അവൻ തല താഴ്ത്തി….

” പേടിക്കണ്ട.. ചേട്ടൻ മോനേ ഒന്നും ചെയ്യില്ല.. എവിടാ പോവണ്ടേ അവിടെ കൊണ്ടു വിടാം… വണ്ടിയുടെ പിന്നിൽ കയറിക്കോ “

അവൻ പിന്നിൽ കയറി.. അപ്പോഴും അമ്മക്കുള്ള മാരുന്നു നനയാതെ അവൻ ഒരു കവറിൽ മടക്കി കയ്യിൽ പിടിച്ചിരുന്നു…  ഗ്രാമ പ്രദേശത്തെ പുഴയുടെ അരികിലെ ഓട് വെച്ച ഒരു പഴയ വീടിനു മുന്നിൽ അവരെത്തി…

” ഷഡി ഇട്ടു ഓടാൻ തയ്യാറായിക്കോ ഉണ്ണിക്കുട്ടാ, ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന്… ” ഉണ്ണിക്കുട്ടന്റെ മനസ്സ് അവനെ കുറ്റം പറഞ്ഞു…

” താൻ പോടോ ” ഉണ്ണിക്കുട്ടൻ മറുപടി പറഞ്ഞു .. .

” സാർ ഇറങ്ങുന്നോ?  അമ്മയെ ഒന്ന് കണ്ടിട്ട് പോവാം ” കാറിൽ നിന്നും ഇറങ്ങിയ പയ്യൻ പറഞ്ഞു

” ചെല്ല് ചെല്ല്.. ചെന്നു കേറിക്കോട്… ” മനസ്സ് വീണ്ടും ഉണ്ണിക്കുട്ടനെ പേടിപ്പിച്ചു…

” മിണ്ടാതിരി “

ഉണ്ണിക്കുട്ടൻ മനസ്സിനെ നിശ്ശബ്ദനാക്കി… പുരയുടെ അരുകിൽ എത്തിയതും പിന്നിൽ നിന്നും അവന്റെ അമ്മയുടെ ശബ്ദം ഉയർന്നു

” എന്റെ കൊച്ചെ പാമ്പാണ് അത് കടിക്കും.. കള അതിനെ “

ഉണ്ണിക്കുട്ടനും പയ്യനും പുരയുടെ പിന്നിൽ എത്തി. ആ കാഴ്ച്ച കണ്ടു ഉണ്ണിക്കുട്ടൻ ഞെട്ടി. അവിടെ തന്റെ ചേട്ടൻ ഒരു പാമ്പിനെയും കളിപ്പിച്ചോണ്ടിരിക്കുന്നു

” ഏട്ടാ ” സന്തോഷം അടക്കാനാവാതെ ഉണ്ണിക്കുട്ടൻ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. അനിയനെ കണ്ട സന്തോഷത്തിൽ അവൻ പാമ്പും കുഞ്ഞിനേ ഒറ്റ ഏറു കൊടുത്തു

” അനിയൻ കുട്ടാ… ” ഏട്ടൻ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു…

” മനസിന്റെ ചാപല്യങ്ങളെ മറികടക്കാൻ മനുഷ്യന് കഴിയുന്നിടത്താണ് അവനു നിധി കണ്ടെത്താൻ സാധിക്കുന്നത് ” സന്തോഷം കൊണ്ടു ഉണ്ണിക്കുട്ടൻ മതി മറന്നു…

Leave a Reply

Your email address will not be published. Required fields are marked *