ജീവിതം
(രചന: സൗമ്യ സാബു)
കൂളറിൽ നിന്നും വരുന്ന കാറ്റ് അസഹനീയം ആയപ്പോൾ പൈലിച്ചായൻ ഒന്ന് കൂടി പുതപ്പിനുള്ളിലേക്കു ചുരുണ്ടു. അരികിൽ ത്രേസ്യ ചേടത്തി നല്ല ഉറക്കമാണ്.
അവക്ക് ഫാൻ പോരാ, ഷുഗറുള്ളോണ്ട് അപ്പിടി ചൂടാത്രെ, അവടെ ചൂട്, മനുഷന് തണുത്തിട്ടു മേലാ, പിറുപിറുത്തോണ്ടു പൈലിച്ചായൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
നേരം പാതിരാ ആയതേയുള്ളൂ, ഉറക്കം വരുന്നില്ല, ഈയിടെയായി ഇങ്ങനെയാണ്. ഒരുറക്കം കഴിഞ്ഞു കണ്ണ് തുറന്നാൽ പിന്നെ ഉറങ്ങാനേ പറ്റില്ല..
ഓരോന്നോർത്തു കിടന്നു നേരം വെളുപ്പിക്കും. ത്രേസ്യാമ്മ മുറിയിൽ കൂളർ വെപ്പിച്ചേ പിന്നെ ഒട്ടും ഉറക്കം ഇല്ല. എന്നാ അപ്പച്ചനും അമ്മച്ചിക്കും വെവ്വേറെ മുറികളിൽ കിടന്നാൽ പോരെന്ന് പിള്ളേര് ചോദിക്കും.
ഹും, പിന്നേ, ഇരുപതാം വയസ്സിൽ കർത്താവ് ജീവിതത്തിലോട്ടു കൂട്ടിചേർത്ത് തന്നതാ എന്റെ ത്രേസ്യമ്മയെ.
ഇനി ഞങ്ങളിൽ ഒരാളുടെ മരണം വരെയും ഞങ്ങൾ ഒരുമിച്ചേ ഉറങ്ങൂ,പൈലിച്ചേട്ടൻ തിരിഞ്ഞു ത്രേസ്യാമ്മ ചേടത്തിയെ നോക്കി.
പാവം, ഇല്ലാത്ത ദീനങ്ങൾ ഒന്നുമില്ല.ഏതാണ്ട് വായി കൊള്ളാത്ത പേരൊക്കെയാ പറയുന്നേ, അയാൾ എഴുന്നേറ്റിരുന്നു .
തനിക്കിപ്പോൾ ചെറിയ തണുപ്പ് പോലും സഹിക്കാൻ പറ്റുന്നില്ലല്ലോ എന്ന് അത്ഭുതം പൂണ്ടു. ഓർമ്മകൾ വീണ്ടും പായാൻ തുടങ്ങിയിരിക്കുന്നു.
ചീറിയടിക്കുന്ന കാറ്റിൽ ചെറ്റപ്പുരയുടെ മേൽഭാഗം പറന്നു പോവുമെന്ന് പൈലിക്കു തോന്നി. മഴ കനക്കുകയാണ്.
അസ്ഥിയിൽ തുളഞ്ഞു കയറുന്ന തണുപ്പിൽ മേരിക്കുഞ്ഞും രാജുവും അമ്മയുടെ ചൂടിലേക്ക് പറ്റിച്ചേർന്നു കിടന്നു.
വീശിയടിക്കുന്ന കാറ്റിൽ മരങ്ങൾ കടപുഴകുന്ന ശബ്ദം കേട്ടു കുട്ടികൾ പേടിച്ചു കരഞ്ഞു. പൈലി എഴുന്നേറ്റ് തീ കൂട്ടി. ചാണകം മെഴുകി ചെറ്റ മേഞ്ഞ ഒറ്റമുറി കൂരയ്ക്കുള്ളിൽ ചെറു ചൂട് നിറഞ്ഞു.
പൈലിയുടെ ഉള്ളിൽ ആധി പെരുകി, മഴക്കാലം തുടങ്ങിയിട്ടേ ഉള്ളൂ, ഈ വട്ടമെങ്കിലും ഓല മാറ്റി ഓട് പാകണം എന്ന് വിചാരിച്ചതാണ്.
കുലച്ചു വെട്ടാറായ എത്തവാഴ മുഴുവനും ആനയിറങ്ങി നശിപ്പിച്ചു. തെങ്ങ് മുഴുവനും പിഴുതെറിഞ്ഞു. കപ്പയിട്ടത് പകുതിയോളം കാട്ടുപന്നി കുത്തി മാന്തി.
ബാക്കി ഉണക്കി, അത് കൊണ്ട് മഴക്കാലം കഴിയുമോ? അറിയില്ല, ഇപ്പോൾ ത്രേസ്യാമ്മയ്ക്കു മൂന്നാമത്തെ വയറ്റിലൊണ്ട്, പ്രസവം ആകുമ്പോഴേക്കും മഴ മാറും. ആ ഒരാശ്വാസം പൈലിക്കു ഉണ്ട്.
നേരം വെളുത്തു കട്ടൻ കാപ്പി ഊതി കുടിക്കുമ്പോഴാണ് ഗോപാലൻ ഓടി കിതച്ചെത്തിയത്.
ടാ പൈലി, ടാ.. മത്തായിച്ചന് തുള്ളപനി.. എന്തോ ചെയ്യും?? കൊടുക്കാവുന്നതൊക്കെ കൊടുത്തു. പൈലി ഓടി മത്തായിച്ചന്റെ കൂരയിലെത്തി.
കരിമ്പടത്തിനുള്ളിൽ തുള്ളി വിറയ്ക്കുന്ന മത്തായി .. ദൃഷ്ടികൾ ഒരിടത്തു ഉറപ്പിക്കാൻ പറ്റുന്നില്ല..
അരികിൽ കണ്ണീരൊലിപ്പിച്ചു അവന്റെ പെണ്ണ് അന്നാമ്മ ദൈന്യതയോടെ പൈലിയെ നോക്കി. നീയിവിടെ നില്ല്, ഞാനാ വൈദ്യനെ കണ്ടേച്ചും വരാം. ഗോപാലനെ അവിടെ നിർത്തി പൈലി തിരിഞ്ഞോടി.
അധികം പോയില്ല, അന്നാമ്മയുടെ ആർത്തനാദം കാലുകളെ നിശ്ചലമാക്കി. മത്തായിച്ചന് പിന്നാലെ എത്രയെത്ര ജീവനുകൾ മലമ്പനിയുടെ താണ്ഡവത്തിൽ പെട്ട് പൊലിഞ്ഞു..
വസൂരിയോടായിരുന്നു പിന്നത്തെ പോരാട്ടം. കുട്ടിയച്ചന്റെ ഏഴു വർഷം കാത്തിരുന്നു കിട്ടിയ ഏക മകളെ മേലാസകലം പൊങ്ങി പൊട്ടിയൊലിച്ചു പായയിൽ പൊതിഞ്ഞു കൊണ്ടുപോയി ഒറ്റയ്ക്ക് കിടത്തീത് ഓർക്കുന്നു.
അപ്പാ… പേടിയാപ്പാ… എന്ന് നിലവിളിച്ചു കരഞ്ഞ പെൺകൊച്ചു മൂന്നാം പക്കം മരിച്ചു. പിറ്റേന്ന് മുറ്റത്തെ മൂവാണ്ടന്റെ കൊമ്പിൽ തൂങ്ങിയാടിയ കുട്ടിയച്ചനേം പെമ്പളേം കെട്ടഴിച്ചിട്ടത് പൈലി ആയിരുന്നു.
പിറ്റേവർഷം കാലവർഷം കരുണ ഇല്ലാതെ പെയ്തു. ഉരുൾപൊട്ടലിലും മലവെള്ള പാച്ചിലിലും ഉള്ളതും ഉണ്ടാക്കിയതും ഒക്കെ മണ്ണെടുത്തു. പിന്നെയും ഒന്നേന്നു മുതൽ തുടങ്ങി.
അത് കൂടാതെ കാട്ടാനയുടെയും കടുവയുടെയും ആക്രമണം. അതിലിപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത് കുന്നിലേത്തെ ദേവസ്യയുടെ ദാരുണ മരണം ആണ്. വാഴയ്ക്ക് തടം എടുക്കാൻ പോകുന്നത് കണ്ടതാണ്.
അലർച്ചയും ആനയുടെ ചിന്നംവിളിയും കേട്ടു പാഞ്ഞു ചെന്നപ്പോൾ കണ്ടത് ഒരു കാലിൽ ചവിട്ടി മറ്റേക്കാലിൽ തുമ്പിക്കൈ ചുറ്റി വലിച്ചു കീറുന്നതാണ്. തീപ്പന്തം കൊളുത്തി എറിഞ്ഞും പാട്ട കൊട്ടിയും ബഹളം വെച്ചും ആനയേ കാട് കയറ്റി.
നെഞ്ചൊപ്പം പിളർന്നു കുടൽമാല പുറത്തു ചാടി കണ്ണും തള്ളി വാ പിളർന്നു കിടക്കുന്ന ദേവസ്യയുടെ നേരെ ഒന്നേ നോക്കിയുള്ളൂ. ഛർദിക്കാൻ വന്നു.പിന്നെയൊരു വാശി ആയിരുന്നു ജയിച്ചേ പറ്റൂ, ജീവിച്ചേ പറ്റൂ,
പൊരുതി ജീവിച്ചു, ജീവിതം ജയിച്ചു .. ഇന്ന് പൈലി എല്ലാവർക്കും പൈലിച്ചായൻ ആണ്. ചെമ്പേരിയിലെ തല മൂത്ത കാരണവർ ആണ്. ജീവിതം തുടങ്ങിയത് എവിടുന്നാണ്??
ത്രേസ്യാമ്മയെ കൂടെ കൂട്ടിയ ശേഷം മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടു നടന്ന നാളുകളിൽ മലബാറിനെ പറ്റി ഏറെ കേട്ടു. പുതുമണ്ണ്, ഭൂമിക്കു വില കുറവ്, ഉള്ള ഭൂമി കൊടുത്താൽ അവിടെ ഏക്കറുകൾ വാങ്ങാമത്രെ.
കൂടാതെ തിരുവിതാംകൂറിലെ സർ സിപിയുടെ ദുഷ്ഭരണവും രണ്ടാം ലോകമഹായുദ്ധം ബാക്കിയാക്കിയ ഭക്ഷ്യക്ഷാമവും.
ഉള്ള ഭൂമി വിറ്റു കിട്ടിയ കാശുമായി മലബാറിലേക്ക് ത്രേസ്യാമ്മയേം കൊണ്ട് മത്തായിച്ചനും ഗോപാലനുമൊപ്പം എത്തിയത് നല്ലൊരു ജീവിതം കരുപ്പിടിക്കാനാണ്.
എതിരേറ്റതോ ഒന്നാന്തരം കാട് . ആനയും കടുവയും പുലിയും ഒക്കെയുള്ള കാട്. പക്ഷെ മുന്നിൽ എത്തും പിടിയുമില്ലാതെ ജീവിതം ഉണ്ടായിരുന്നു.
എന്തും നേരിട്ടേ പറ്റൂ, അധ്വാനിക്കാൻ പൈലിയും കൂട്ടരും തയ്യാറായിരുന്നു. കാട് വെട്ടിത്തെളിച്ചു കൂര നാട്ടി കന്നിമണ്ണിൽ കപ്പയും കാച്ചിലും തെങ്ങും കുരുമുളകും വാഴയും കാപ്പിയും ഏലവും നട്ടു. കുറേ ഒക്കെ കിട്ടി ബാക്കി കാട് എടുത്തു.
കുടിയേറിയ ആളുകൾക്ക് ഒപ്പം കാട് വെട്ടിത്തെളിച്ചു പൊന്നു വിളയിച്ചു.
വഴിയിൽ വീണു പോയവരെ കണ്ടു തളരാതെ വന്യമൃഗങ്ങളോടും മാരകരോഗങ്ങളോടും പട പൊരുതി മുന്നേറി, പള്ളിയും പള്ളിക്കൂടങ്ങളും വന്നു, കുടിയേറി പാർത്ത പ്രദേശങ്ങൾ ചെറു പട്ടണങ്ങൾ ആയി.
സ്വന്തം കൃഷിക്ക് പുറമെ പൈലിയും ഗോപാലനും ചേർന്ന് കച്ചവടം നടത്തി, തെരുവപുല്ലു വെട്ടി വാറ്റി വിറ്റു.
തുച്ഛമായ വിലയ്ക്ക് ഏക്കർ കണക്കിന് ഭൂമി വാങ്ങി. തിരുവിതാം കൂറിനെ അപേക്ഷിച്ചു അന്നത്തെ മലബാറിലെ ഭൂമിയുടെ വിലയില്ലായ്മ പരമാവധി പ്രയോജനപ്പെടുത്തി.
ഇന്ന് എൺപത്തിയഞ്ചിന്റെ പടിവാതിലിൽ ജീവിതസായാഹ്നത്തിൽ എത്തി നിൽക്കുന്നു . പോളിയോ വന്നു മരിച്ച ബേബിച്ചൻ അടക്കം ഒൻപതു മക്കൾ, എല്ലാവരെയും പഠിപ്പിച്ചു.
അവർ നല്ല നിലയിൽ എത്തിയിരിക്കുന്നു. ഇളയ മകൻ സണ്ണിക്കുട്ടിയുടെ ഒപ്പം താമസം. കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി നാല് തലമുറകൾ കണ്ടു.
ഇനി..?
ഓർമ്മകളുടെ തിരതള്ളലിൽ പൈലിച്ചായനിൽ നിന്നും നെടുവീർപ്പുയർന്നു. ഗോപാലൻ കഴിഞ്ഞ വർഷം അങ്ങുപോയി.
മരണം വരെയും പിരിയാത്ത ചങ്ങാത്തം. എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി, ജാതിമരത്തിന്റ ഇലകളിൽ മഴവെള്ളം ഇറ്റു വീഴുന്നു. അതിനിടയ്ക്ക് മഴയും പെയ്തോ??
“ഹാ അതിനിപ്പോ വല്ല കാലോം നേരോം ഒക്കെ ഒണ്ടോ, എല്ലാം കാലം തെറ്റിയല്ലേ ” മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും ത്രേസ്യാമ്മയോടു ചേർന്ന് കിടന്നു. കണ്ണുകളടച്ചു.
“ടാ പൈലിയേ? “
ആഹാ ഗോപാലനോ ?? നീ ഇങ്ങു കേറി വാ, മുറ്റത്ത് നിൽക്കാതെ..
ഓ, അതൊന്നും വേണ്ടടാ.. നീയിങ്ങു വാ.. നമ്മുക്ക് പോകാം, ഗോപാലൻ കൈ നീട്ടി, പൈലിച്ചായൻ ചെറു പുഞ്ചിരിയോടെ ആ കൈ പിടിച്ചു. പുലർ മഞ്ഞിലൂടെ രണ്ടാളും പതുക്കെ നടന്നകന്നു .
ചൂട് പോയി തുടങ്ങിയ പൈലിച്ചായന്റെ ദേഹത്തോട് ചേർന്ന് ത്രേസ്യാമ്മ ചേടത്തി ഒരു സ്വപ്നം കണ്ടു. ആകാശത്തേക്ക് രണ്ടു വെള്ളരി പ്രാവുകൾ പറന്നു പൊങ്ങുന്നു..