എനിക്കറിയില്ല ശ്യാം, നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി..

(രചന: Kannan Saju)

” എനിക്കറിയില്ല ശ്യാം… നാളെ എന്തായാലും അയ്യാളുടെ മുന്നിൽ ഒരുങ്ങി കെട്ടി ചായയുമായി ഞാൻ പോയി നിക്കില്ല…ഒന്നിനും പറ്റിയില്ലെങ്കിൽ ചത്തു കളയും ഞാൻ “

തന്റെ ബെസ്റ്റ് ഫ്രണ്ടായ ശ്യാമിനോട് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു..

ശ്യാം …. ശ്യാമിനെ അവൾ പരിചയ പെടുന്നത് തന്നെ മിലാൻ വഴിയാണ്….  പക്ഷെ ഒരു നാൾ മിലാൻ തന്നെ വേണ്ടെന്നു വെക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല… അതുപോലെ തന്നെ ശ്യാമും..

അതിനിടയ്ക്കാണ് ജോലിക്കു കയറും മുന്നേ കെട്ടിക്കണം എന്ന് അച്ഛൻ വാശി പിടിക്കാൻ തുടങ്ങിയത്… പെണ്ണുങ്ങൾ സ്വയം അദ്ധ്വാനിച്ചു തുടങ്ങിയാൽ പിന്നെ ആണുങ്ങളുടെ വാക്കിന് വില തരില്ലത്രേ…. ഇതാണ് അച്ഛന്റെ നിലപാട്…

മിലൻ വേണ്ടെന്നു വെച്ചപ്പോഴേ മരിക്കേണ്ടതായിരുന്നു… പക്ഷെ ശ്യാം സമ്മതിച്ചില്ല.. ഒരു കൊച്ച് കുഞ്ഞിനെ കൊണ്ട് നടക്കുന്ന പോലെ അവൻ തന്നെ കൊണ്ട് നടന്നത്…

അത്രക്കും കെയർ… കൂട്ടുകാരന്റെ പെണ്ണിനെ ഒരാൾക്ക് ഇത്രയും കെയർ ചെയ്യാൻ പറ്റുമോ.. അത്ഭുദം തോന്നിയിട്ടുണ്ട്…

ഓരോന്ന് ചിന്തിച്ചു അവൾ ടെറസ്സിൽ എത്തി…. അവൾ ലിനി.. കാണാൻ ഭംഗിയുള്ള തടിച്ച ശരീരം ഉള്ള പെൺകുട്ടി ആയിരുന്നു… വീട്ടിൽ ഇടുന്ന ഒരു ലൂസ് പാന്റും ടോപ്പും ധരിച്ചു കയ്യിൽ മൊബൈലും പിടിച്ചു അവൾ തലങ്ങും വിലങ്ങും നടന്നു..

അപ്പോഴാണ് താഴെ റോഡിൽ ഒരു ബൈക്കിന്റെ വെളിച്ചം കാണുന്നത്… ഉടനെ അവളുടെ ഫോൺ റിങ് ചെയ്തു…  ശ്യാം കാളിങ്…

” ഇറങ്ങി വാടി പെണ്ണെ വേഗം റോഡിലേക്ക് ” ലിനി നടുങ്ങി.

” എന്തിനു… ??  എങ്ങോട്ടേക്കു ???  “

” നിനക്ക് ചാവാൻ പറ്റിയ സ്ഥലം ഞാൻ കണ്ടിട്ടുണ്ട്… “

” ദേ ശ്യാമേ… തമാശ കളയാതെ പോവാൻ നോക്ക്യേ… “

” നീ ഇറങ്ങി വരുന്നോ അതോ ഞാൻ വന്നു വീടിന്റ ബെല്ലടിക്കണോ “

” ഡാ എവിടേക്കാടാ… നിനക്കെന്താ വട്ടായോ ??. “

” വാ നമുക്ക് ഒളിച്ചോടാം “

” ശ്യാമേ കളിക്കല്ലേ “

” ഏയ്‌ ഇതൊരു നടക്ക് പോവൂലാ ” അവൻ ബൈക്ക് ഓഫ് ചെയ്തു ഇറങ്ങാൻ തുടങ്ങി…

” ഏയ്‌… ഏയ്‌.. ഏയ്‌… നീ എന്നാ ചെയ്യാൻ പോവാ ???  “

” ബെല്ലടിക്കാണോ… ???  “

‘ വേണ്ട.. ഞാൻ വരാം… ഇങ്ങനൊരു പ്രാന്തൻ “

അവൾ മുറ്റത്തിറങ്ങി… ആരും കാണാതെ പമ്മി പമ്മി മതിലിനരികിൽ എത്തി… ഏന്തി വലിഞ്ഞു റോഡിലേക്ക് ചാടി…

” നിനക്കെന്തിന്റെ സൂക്കേടാഡാ ഈ പാതി രാത്രി ???  ” അവൾ കലിയോടെ ചോദിച്ചു…

” നീ ചാവണ കാണാൻ ഒരു കൊതി “

” ശവത്തിൽ കുത്തെടാ പട്ടി ” അവൾ കലിയോടെ താഴേക്കും നോക്കി നിന്നു.

” നീയല്ലേ പറഞ്ഞെ മരിക്കുന്നെന് മുന്നേ നമുക്കു ബൈക്കിൽ ഒരു റൈഡ് പോണൊന്നു… നേരം വെളുക്കാൻ ഇനിയും മണിക്കൂറുകൾ ഉണ്ട് .. ചുമ്മാ ഒന്നു കറങ്ങണം എന്നുണ്ട്.. പോരുന്നോ ???  “

അവളുടെ മുഖത്ത് സന്തോഷം വന്നെങ്കിലും പെട്ടന്ന് തന്നെ

” ഏയ്‌… അത് ശരിയാവില്ല.. “

” അതെന്ന…??  “

” അത്.. ഞാൻ ഉള്ളിലൊന്നും ഇട്ടിട്ടില്ല…  “

” ഓ പിന്നെ… ഈ രാത്രി ഇനി അതാര് പൊക്കി നോക്കാൻ പോണുന്നു അറിഞ്ഞില്ല.. നീ കേറ് പെണ്ണെ വണ്ടീല് ” അവൻ ബൈക് സ്റ്റാർട്ട് ചെയ്തു… അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു

” കേറടി ഇങ്ങോട്…  “

” ആരേലും കണ്ടാൽ പ്രശ്‌നാവില്ലെ ??? “

” കണ്ണടച്ച് ഇരുന്ന മതി.. ആരും കാണൂലാ .. “

” ഓ നട്ടപ്പാതിരക്കു അവന്റെ ഓരോ നട്ടപ്പിരാന്തു ”
അവൾ പിന്നിൽ കയറി….

” പിടിക്കുന്നില്ലേ?  ” അവൻ ചോദിച്ചു…

” ഗ്യാപ്പിട്ട് ഇരുന്ന മതി.. ഇല്ലേൽ ശരിയാവത്തില്ല “

” ഇത് നിന്റെ അപ്പന്റെ പ്ലാറ്റിന അല്ല ഗ്യാപ്പിട്ട് ഇരിക്കാൻ … വണ്ടി എടുക്കുമ്പോ തന്നെ മോളും അമ്മിഞ്ഞയും എന്റെ പുറത്തിരിക്കും ‘”

” ഇഹ്… മെനകെട്ടവൻ… ” അവൾ രണ്ട് കയ്യും അവന്റെ തോളത്തു പിടിച്ചു.

” ഡാ.. ഞാനാദ്യായിട്ടാണ് ഈ സമയത്തു റോഡിൽ ഇറങ്ങുന്നത് “

അവൻ ചിരിച്ചു.. ബൈക്ക് മുന്നോട്ടെടുത്തു… വളവ് തിരിഞ്ഞപ്പോ നൈറ്റ് പെട്രോളിങ്ങിന് പോലീസ് നിക്കുന്നു…

” എടാ എന്റെ ചങ്കു കത്തുന്നു… ഞാനാണേൽ “

” ഒന്ന് മിണ്ടാതിരി പെണ്ണെ.. അവര് വണ്ടീടെ ബുക്കും പേപ്പറും ചോദിക്കു.. അല്ലാതെ….  “

” ഉം എങ്ങോടാ രണ്ടും കൂടെ പാതി രാത്രി??  “

” ഹോസ്പിറ്റലിൽ പോയിട്ടു വരുവാണു സർ ” അവന്റെ വാക്ക് കേട്ടു si ഇരുവരെയും മാറി മാറി നോക്കി…

” എന്ത് പറ്റിയതാ  ??  “

” ഇവക്കു ബ്ലീഡിങ് ആയിരുന്നു… ” ലിനി ഞെട്ടലോടെ അവനെ നോക്കി…

” തന്റെ ഭാര്യ ആണോ “

” അതെ സർ ….  “

” എവിടാ വീട്?  “

” ഇവിടെ അടുത്താ കോട്ടപ്പടി “

” ഉം.. അവരുടെ കയ്യില് അഡ്രസ്സും കൊടുത്തിട്ടു പൊക്കോ.. ” അഡ്രെസ്സ് കൊടുത്തു അവർ വീണ്ടും വണ്ടി എടുത്തു…

” നീ ആരുടെ അഡ്രെസ്സ കൊടുത്തേ?? “

” ചേട്ടന്റെ “

” ദൈവമേ പാവം “

” ബൈക്കും അവന്റെ അല്ലേ ” അവൻ ചിരിച്ചു..

” ബ്ലീഡിങ് ആണ് പോലും… എന്ന് മുതലാട തെണ്ടി ഞാൻ നിന്റെ ഭാര്യ ആയതു?? “

” അങ്ങനെ പറഞ്ഞില്ലേൽ കാണായിരുന്നു “

അവിടെ കണ്ട തട്ട് കടക്കരുകിൽ അവൻ ബൈക്ക് നിർത്തി…. അവിടെ നിന്നും കട്ടൻ കാപ്പിയും ഓംലെറ്റും വാങ്ങി ബൈക്കിൽ അവൾക്കരുകിലേക്കു വന്നു.

” ഇതൊക്കെ എനിക്കൊരു സ്വപ്നം പോലെ തോന്നുന്നെടാ ” ബൈക്കിൽ ഇരുന്നു ചൂട് മുട്ടയുടെ കഷ്ണം വായിൽ വെച്ചു കൊണ്ട് അവൾ പറഞ്ഞു

” എന്നത് ഓംലറ്റ് കഴിക്കുന്നതോ ???  “

” അല്ലെന്നേ ഈ സമയത്തു കഴിക്കുന്നത് “

” ഓ വല്യ കാര്യായിപ്പോയി “

” അല്ലേലും ഇരുപത്തി നാല് മണിക്കൂറും തെണ്ടി നടക്കുന്ന നിങ്ങൾ ആമ്പിള്ളേർക്കു വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുന്ന പെണ്ണിന്റെ വിഷമം മനസ്സിലാവില്ല ”
അവൻ അവളെ സൂക്ഷിച്ചൊന്നു നോക്കി….

” സത്യം… എത്ര കൊതിച്ചിട്ടുണ്ടന്നറിയോ ഈ സമയത്തൊക്കെ ഒന്ന് പുറത്തിറങ്ങി നടക്കാൻ “

” നമുക്ക് എവിടാ പോയി ഇരിക്കണ്ടേ.  തന്നോട് കുറച്ചധികം സംസാരിക്കണം “

” ഉം….  ചെക്ക് ഡാം ?  “

” ഓക്കേ ഡീൽ “

പുഴയോരം. വെള്ളത്തിലേക്കും നോക്കി അടുത്തടുത്തു ഇരിക്കുന്ന ശ്യാമും ലിനിയും….

” നീ വന്നപ്പോ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു… “

” നാളെ ആരാ പെണ്ണ് കാണാൻ വരുന്നത് ??  “

” അറിയില്ല..”

” ഒന്നും ചോദിച്ചില്ലേ നീ??  “

” ഇല്ലെടാ “

” ഇപ്പോഴും മനസ്സിൽ മിലൻ തന്നെയാ ??  “

” ഏയ്‌…  അവനു വേണ്ടത് എന്റെ ശരീരം അല്ലായിരുന്നോ ???  പൂർണ്ണമായും ഞാൻ വഴങ്ങി കൊടുക്കില്ലെന്ന് മനസ്സിലായതോടെ ആശാൻ സ്ക്കിപ്പായതല്ലേ … “

അവൾ തന്റെ കാലുകൾ വെള്ളത്തിൽ മുക്കി പൊക്കിക്കൊണ്ട് പറഞ്ഞു..

” ഇപ്പൊ മനസ്സിൽ വേറാരെലും ഉണ്ടോ ???  “

” അല്ല… എന്താണ് മോനേ ഒരു ചുറ്റിക്കളി..  നിനക്കെന്നോട് പ്രേമാ ???  “

” ആണെങ്കിൽ ???  “

” അത് വേണ്ടടാ…  ഇപ്പൊ നമ്മൾ ബെസ്റ്റ് ഫ്രണ്ട്സാ.. ഇപ്പൊ നമുക്കിടയിൽ കിട്ടുന്ന ഈ ഫ്രീഡം പ്രണയം ആയാൽ കിട്ടില്ല… ഇപ്പൊ നിനക്ക് എന്നോടും എനിക്ക് നിന്നോടും എന്തും പറയാം….

മാത്രല്ല ബെസ്റ്റ് ഫ്രണ്ട്…  അതൊരു വികാരമാണ്…  പ്രത്യേകിച്ച് ഒന്നും കിട്ടാൻ ഇല്ലാഞ്ഞിട്ടും പരസ്പരം താങ്ങി നിർത്തുന്ന ഒരു ബന്ധം.. നമുക്കതു മതി “

” ഞാൻ വെറുതെ ചോദിച്ചെന്നെ ഉളളൂ “

” ഉരുളണ്ട.. ഉരുളണ്ട….  മനസ്സിലായി “

” അത് വിട് .. നാളെ എന്നാ ചെയ്യാൻ പോണേ ??  ”
അവളുടെ മുഖം വാടി…

” ഞാൻ പറയുവാണേൽ നിന്റെ അച്ഛന്റെ സുഹൃത്തിന്റെ മോനല്ലേ…  അയ്യാൾ എന്ത് തെറ്റ് ചെയ്തു…  നീ ഒന്ന് അഭിനയിച്ചു കൊടുക്ക്.. എന്നിട്ടു ചെറുക്കനോട് തുറന്നു സംസാരിക്കു… അവനു കാര്യങ്ങൾ മനസ്സിലായാൽ പ്രശ്നം തീർന്നില്ലേ  “

” നടക്കുവോ?  “

” പിന്നില്ലാതെ.. ശ്രമിക്കാഡോ… അതാവുമ്പോ വീട്ടുകാരേം വെറുപ്പിക്കണ്ട നമ്മുടെ കാര്യവും നടക്കും.. ” അവൾ വെള്ളത്തിലേക്കും നോക്കി ഒന്നും മിണ്ടാതെ ഇരുന്നു

” ഞാൻ കാത്തിരിക്കണോ??  എന്നെങ്കിലും തന്റെ മനസ്സ് മാറിയാലോ ?  “

” ഇല്ല ശ്യാം…  നിന്നെ എനിക്ക് ഒരിക്കലും മറ്റൊരു രീതിയിൽ കാണാൻ കഴിയില്ല.. നീ മനസ്സിലാക്കണം.  “

” ഉം ” ശ്യാം തല കുനിച്ചിരുന്നു..

” വിഷമായോ എന്റെ കുട്ടിക്ക് ???  “

” ഏയ്‌…  നമുക്ക് പോവാം.. നാല് മണി ആയി ” അവൻ അവളെ വീടിനു മുന്നിൽ ഇറക്കി…

” അപ്പൊ അഭിനയം തകർക്കട്ടെ… എല്ലാം കഴിഞ്ഞെന്നേ വിളിച്ച മതി..  ഇനി വരുന്ന കോന്തനെ എങ്ങാനും നിനക്ക് ഇഷ്ട്ടപെട്ടാലോ..  “

” ഏയ്‌…  ഒറ്റ നോട്ടത്തിലോ വാക്കിലോ എന്നെ വീഴ്ത്താൻ പറ്റിയ കോന്തന്മാരൊന്നും ഇല്ല… ” അത് കേട്ടു ശ്യാം ചിരിച്ചു…

നേരം വെളുത്തു…  ചായയുമായി അണിഞ്ഞൊരുങ്ങി നിറ പുഞ്ചിരിയോടെ അവൾ ഹാളിലേക്ക് വന്നു..

തല പൊക്കി നോക്കാതെ തകർത്തഭിനയിച്ചുകൊണ്ടു അവൾ അച്ഛനും അമ്മയ്ക്കും ചെറുക്കനും ചായ കൊടുത്തു..

” അവളെങ്ങനാ.. വലിയ നാണക്കാരിയാ.. ആമ്പിള്ളേരുടെ മുഖത്ത് പോലും നോക്കത്തില്ല “

” ഇത്രയും നാണിക്കാതെ ചെറുക്കന്റെ മോത്തേക്കു ഒന്ന് നോക്ക് മോളേ “

കളിയാക്കിക്കൊണ്ടു അവന്റെ അമ്മ പറഞ്ഞു. അവൾ നാണം അഭിനയിച്ചു തല ഉയർത്തി നോക്കി..  ശ്യാമും അച്ഛനും അമ്മയും

” അയ്യേ ഈ ഊളയാണോ ചെറുക്കൻ ! “

എല്ലാവരും പൊട്ടി ചിരിച്ചു.. ശ്യാം ഒന്ന് ചമ്മി

” ആ ഊളയല്ല ഈ കോന്തനാണ് ചെറുക്കൻ.. ” അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി

ശ്യാമിന്റെ ചേട്ടൻ ഫോൺ കട്ട് ചെയ്തു ഹാളിലേക്ക് കയറി വന്നു…  കണ്ടാൽ പൃത്വിരാജിന്റെ ലുക്കുള്ള അയ്യാളെ കണ്ടു അവൾ അറിയാതെ വാ പൊളിച്ച് പോയി

” എന്താ വയോക്കെ പൊളിക്കുന്നെ ??  രാത്രിയിലത്തെ കറക്കത്തിന്റെ ക്ഷീണം ആണോ ??  ” ചേട്ടന്റെ ചോദ്യം കേട്ടു അവൾ ഞെട്ടലോടെ ശ്യാമിനെ നോക്കി

” അവനെ നോക്കി പേടിപ്പിക്കേണ്ട…  വധു താനാണെന്ന് അറിഞ്ഞപ്പോ ഒന്ന് ടെസ്റ്റ്‌ അടിക്കാൻ ഞാനാ അവനെ ഇന്നലെ വിട്ടത്.. ” അവൾക്കു നാണം വന്നു

” അല്ല രാത്രി എന്ത് കറക്കം?  “

ലിനിയുടെ പപ്പ ചോദിച്ചു….

” ഏയ്‌ ഒന്നുല്ല… എനിക്കൊന്നു അവളോട് ഒറ്റയ്ക്ക് സംസാരിക്കണം “

പറമ്പ്.

എന്ത് പറയണം എന്നറിയാതെ നിക്കുന്ന ലിനി.

തന്റെ സ്വഭാവം പരീക്ഷിച്ചതൊന്നും അല്ലടോ.. ഇനി അഥവാ അവനോടു എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്നറിയണ്ടേ.. അങ്ങനെ ഇഷ്ടമാണേൽ അത് നടത്തം എന്ന് അമ്മ പറഞ്ഞു..

അവനു പ്രേമം ഒന്നും ഇല്ലന്ന് അവൻ നേരത്തെ പറഞ്ഞിരുന്നു. എന്നാലും തന്റെ മനസ്സറിയണ്ടേ.. ഞാൻ എല്ലാം കേട്ടുകൊണ്ടാ ഇരുന്നേ.. മറ്റൊരു ഫോണിൽ ഞാൻ കോളിൽ ഉണ്ടായിരുന്നു..

അത് തന്നെയല്ല എന്റെ പ്രൊഫഷൻ . ഈ കപ്പലിൽ ഒക്കെ അല്ലേ.. ആറു മാസം ജോലി ആറു മാസം ലീവ്.. അങ്ങനെ ഒക്കെ ഉള്ളപ്പോ കുറച്ചു വകതിരിവ് ഉള്ള പെണ്ണ് തന്നെ വേണം..

പ്രത്യേകിച്ചും എന്റെ ബ്രദറുമായി ഒരു അണ്ടർസ്റ്റാന്ഡിങ് ഉണ്ടാവണം.. അവനെ സഹോദരനായി നിനക്കും നിന്നെ സഹോദരി ആയി അവനും കാണാൻ പറ്റണം.

മാര്യേജ് കഴിഞ്ഞാൽ അച്ഛനും അമ്മേം തിരിച്ചു ക്യാനഡ പോവും.. പിന്നെ തനിക്കൊരു ആവശ്യം വന്നാൽ അവന് മാത്രേ ഉണ്ടാവു.

അങ്ങനെ കുറെ കാര്യങ്ങൾ… അതിനിപ്പോ തന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല.. തനിക്കും ഇഷ്ടമാണെങ്കിൽ നമുക്കു

” എനിക്കിഷ്ടമാണ്..  ”
പറഞ്ഞു തീരും മുന്നേ ലിനി അറിയാതെ പറഞ്ഞു പോയി. അവൻ ചിരിച്ചു.. അവൾ അറിയാതെ കണ്ണ് പൊത്തി…

” ലക്ഷണം കണ്ടിട്ട് ഇപ്പൊ തന്നെ വീട്ടിലേക്കു വിളിച്ചോണ്ട് പോവേണ്ടി വരൂന്നു തോന്നണല്ലോ ”
ശ്യാം കളിയാക്കി പറഞ്ഞു….

ലിനിയും ചേട്ടനും ചിരിച്ചുകൊണ്ട് അവനെ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *