അന്ന് രാത്രി അവളോട് ചേർന്ന് മുട്ടിയുരുമി കിടക്കുമ്പോൾ ഞാൻ ചോദിച്ചു, കാവ്യ നിന്റെ മനുവേട്ടൻ പോകുന്നതിൽ..

(രചന: Siva)

അവളുടെ കൈപിടിച്ച് എന്റെ ഭാര്യയായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോരുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം ഉള്ളിലുണ്ടായിരുന്നു.

അപ്പോൾ മനസ്സിൽ എന്ത് കഷ്ടപ്പാട് സഹിച്ചും എന്നെ വിശ്വസിച്ചു ഇറങ്ങി വന്ന എന്റെ പെണ്ണിനെ ഒരു കുറവും വരുത്താതെ അവളുടെ കണ്ണ് നിറയാൻ ഇട വരുത്താതെ ഒരുപാട് സ്നേഹം നൽകി അവളെ സന്തോഷത്തോടെ നോക്കണമെന്നേയുണ്ടായിരുന്നുള്ളൂ…

അവളെ കൂടെ കൊണ്ട് വന്നത്‌ കൊണ്ട് കുറച്ചു കൂടെ നല്ല സാലറി ഉള്ള ജോലി അന്വേഷിച്ചു ദൈനംദിനം ഓരോ കമ്പനിയിൽ സർട്ടിഫിക്കറ്റുമായി കയറിയിറങ്ങി മടുത്തു….

ഇന്റർവ്യൂ പാസ്സ് ആയാലും എല്ലാ മുതലാളിമാരും അറിയിക്കാം എന്ന് പറയുന്നത് അല്ലാതെ എവിടുന്നും അപ്പോയിന്റിമെന്റ് ലെറ്റർ വന്നില്ല…. ഇപ്പൊ ഉള്ള പതിനായിരം രൂപ സാലറി ഒന്നിനും തികയില്ല… ജോലി അന്വേഷിച്ചു ഞാൻ മടുത്തു തുടങ്ങി. പിഎസ്സി മുറയ്ക്ക് എഴുതാറുണ്ടെങ്കിലും ഇതുവരെ ലിസ്റ്റിൽ ഒന്നും വന്നില്ല…

എന്നിരുന്നാലും അവളെ ഒരു കുറവും കൂടാതെ ഞാൻ നോക്കുന്നുണ്ടായിരുന്നു…. എന്റെ ബുദ്ധിമുട്ട് അറിഞ്ഞ്‌ അവൾ പെരുമാറി…. ഒരിക്കൽ പോലും ഇങ്ങോട്ട് അവൾ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല…

എങ്കിലും അവളുടെ ആഗ്രഹങ്ങൾ അവൾ പോലും പറയാതെ ഞാൻ സാധിച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പും…എന്നിട്ട് പരിഭവം പറയുകയും ചെയ്യും…

“എന്തിനാ ഏട്ടാ ഇത്ര ചിലവുകൾക്കിടയിലും എനിക്ക് വേണ്ടി കാശ് ചിലവാക്കുന്നത്…”

“നിന്നെ മനസിലാക്കുന്ന നല്ലൊരു ഭർത്താവ് ആയിരിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്… നിന്റെ സന്തോഷം അല്ലെ എന്റയും സന്തോഷം…”

അതു പറയുമ്പോഴേക്കും അവളെന്റെ നെഞ്ചിലേക്ക് ചായയും….

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അച്ഛന്റെ സുഹൃത്ത് വഴി എന്റെ വിദ്യാഭ്യാസത്തിനു യോജിച്ച ഒരു ജോലി ഗൾഫിൽ ശരിയായത്…

അവളെ കൊണ്ട് വന്ന് കഷ്ടിച്ചു ഒരു മാസം തികഞ്ഞതെയുള്ളൂ….അപ്പോഴേക്കും എന്റെ ജോലി തേടിയുള്ള അലച്ചിലിനു വിരാമമിട്ടുകൊണ്ട് നല്ലൊരു ജോലി ശരിയാകുന്നത്…

എല്ലാവരും വന്ന് കേറിയ പെണ്ണിന്റെ ഐശ്വര്യമാണെന്നു പറഞ്ഞു… അതു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നിയെങ്കിലും അവളെ പിരിയുന്നത് ആലോചിച്ചപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അവൾക്കും ഒരുപാട് സങ്കടം ഉണ്ടായിരുന്നെങ്കിലും എനിക്ക് സങ്കടമാകുമെന്ന് കരുതി അവൾ പുറമേ പ്രകടിപ്പിച്ചില്ല….

ഒരു മാസത്തിനുള്ളിൽ തന്നെ പാസ്സ്പോർട്ടും വിസയും റെഡിയായി കിട്ടി…

യാത്ര തിരിക്കാൻ ഇനി രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളൂ…

അന്ന് രാത്രി അവളോട് ചേർന്ന് മുട്ടിയുരുമി കിടക്കുമ്പോൾ ഞാൻ ചോദിച്ചു…

“കാവ്യ….നിന്റെ മനുവേട്ടൻ പോകുന്നതിൽ നിനക്ക് ഒരു വിഷമവും ഇല്ലേ…”

എന്റെ ചോദ്യം കേട്ട് ഒരുനിമിഷം അവൾ നിശ്ശബ്ദയായി.

“എനിക്ക് സങ്കടമില്ലെന്നു മനുവേട്ടനോട് ആരാ പറഞ്ഞത്… വന്നു കയറി ഒരു മാസം തികഞ്ഞില്ല…. അതിനു മുന്നേ എന്നെ തനിച്ചാക്കി നിങ്ങൾ പോകുന്നു… എനിക്കാണെങ്കിൽ ഇവിടെ ആരെയും അറിയില്ല… പരിചയപ്പെട്ടു വരുന്നതല്ലേയുള്ളൂ..

ആകെയുള്ള ആശ്വാസം നിങ്ങളുടെ കൂടെ ഇങ്ങനെ ചേർന്ന് കിടക്കുമ്പോഴാണ്… മനുവേട്ടൻ അടുത്തുള്ളപ്പോൾ നല്ല ഉന്മേഷമാണ്… എല്ലാ വിഷമവും മനുവേട്ടനോടൊത്തുള്ള നിമിഷം ഞാൻ മറന്നു പോകും… ഇവിടെ വന്ന ശേഷം ഒരു ദിവസം പോലും നിങ്ങളില്ലാതെ ഞാൻ ഉറങ്ങിയിട്ടില്ല…

മനുവേട്ടൻ പോയാൽ പിന്നെ എന്നെ തലോടി ഉറക്കാനും സങ്കടം വരുമ്പോൾ സമാധാനിപ്പിക്കാനും ആരുമില്ലാതെ ആകില്ലേ…. ഞാൻ തനിച്ചായി പോവില്ലേ…”

അത്രയും പറഞ്ഞപ്പോഴേക്കും എന്നെ കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞിരുന്നു…

അവളുടെ കരച്ചിൽ കണ്ടപ്പോൾ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിപ്പോയി…

ഒരുവിധം അവളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു…

യാത്ര പറഞ്ഞു പിരിയാൻ നേരം പൊട്ടിക്കരയുന്ന അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നു എനിക്ക് അറിയില്ലായിരുന്നു… കാരണം എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…

ഗൾഫിൽ പോയി ഒരു മാസം തികയും മുന്നേ എന്നെ തേടി ആ സന്തോഷ വാർത്ത എത്തി. കാവ്യ ഒരു മാസം ഗർഭിണിയായി എന്ന്….
ഞാനൊരു അച്ഛൻ ആകാൻ പോകുന്നു…

ആ സന്തോഷത്തിനു ഇടയിലും എന്നെ സങ്കടപ്പെടുത്തിയത് ഈ സമയം അവളോടൊപ്പം ഉണ്ടാവാൻ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു…

അവൾക്കും നല്ല വിഷമം ഉണ്ടായിരുന്നു… ഭർത്താവിന്റെ സാമീപ്യം ഭാര്യമാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയത്ത് അകന്നു കഴിയാൻ ആണല്ലോ വിധി എന്നോർത്ത്…

എന്നിരുന്നാലും എന്നെ കൊണ്ട് ആവും വിധം ഫോണിന്റെ മറുതലയ്ക്കൽ ഇരുന്നുകൊണ്ട് അവളെ ഞാൻ സമാധാനിപ്പിച്ചു. കൊടുക്കാവുന്നിടത്തോളം സ്നേഹം ഞാൻ നൽകി…

ദിവസം ചെല്ലും തോറും അവളുടെ വയർ വീർത്തു വീർത്തു വന്നു…

ഒരു ദിവസം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളെന്നോടൊരു കാര്യം ആവശ്യപ്പെട്ടു…

“മനുവേട്ട…”

“എന്താടി മോളു…”

“ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരോ…”

“എന്താണെങ്കിലും പറഞ്ഞോ… ഈ മനുവേട്ടൻ അത് സാധിച്ചു തന്നിരിക്കും….” ആദ്യമായിട്ടാണ് അവൾ എന്നോട് ഇങ്ങോട്ടൊരു കാര്യം ആവശ്യപ്പെടുന്നത്…

“ഞാൻ പ്രസവിക്കുമ്പോൾ നമ്മുടെ മോനെ നിങ്ങൾ വേണം ആദ്യം എടുക്കാൻ….എന്റെ ആഗ്രഹം ആണത്… എനിക്ക് ഓർമ്മ വരുമ്പോൾ കുഞ്ഞിനെയും ചേർത്ത് പിടിച്ചു എന്റെ അരികിൽ നിങ്ങള് ഉണ്ടാവണം…”

“ആഹാ അപ്പോഴേക്കും മോൻ ആണെന്ന് നീ അങ്ങു ഉറപ്പിച്ചോ…”

“നമ്മുടെ ആഗ്രഹം പോലെ ആദ്യം നമുക്ക് മോൻ ആയിരിക്കും…”

“എന്തായാലും നിന്നെക്കാൾ ആഗ്രഹം ഉണ്ടെനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാൻ… അറബി ലീവ് തരുന്നില്ല….”

“എങ്ങനെയെങ്കിലും മനുവേട്ടൻ എന്റെ അടുത്ത് എത്തണം… നേരിട്ട് ഒന്ന് കാണാൻ അത്ര കൊതിച്ചിട്ടാ… എത്ര നാളായി ആഗ്രഹിക്കുന്നു…”

“ഉം ഞാൻ വരാം…. വന്നിരിക്കും…
സമയം ഒരുപാടായി… എന്റെ മോൾ ഉറങ്ങിക്കോ…”
*************************

കാവ്യയുടെ പ്രസവം അടുത്തു വന്നുക്കൊണ്ടിരുന്നു…
പറഞ്ഞ തീയതിക്ക് നാല്‌ദിവസം മുൻപേ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു…

ഒരു മാസം മുൻപേ ലീവിന് ശ്രമിച്ചിട്ടും മനുവിന് ലീവ്‌ കിട്ടിയിരുന്നില്ല…

അവസാനം കാവ്യയെ അഡ്മിറ്റ് ചെയ്ത ദിവസം മൂന്നു മാസത്തെ ലീവ്‌ ഭാഗ്യം കൊണ്ട് മനുവിന് കിട്ടി…

അതിയായ സന്തോഷത്തോടെ അവളെയും കുഞ്ഞിനെയും കാണാനുള്ള ആഗ്രഹത്തോടെ അവൻ നാട്ടിലേക്ക് പറന്നു…

അവളെ പ്രസവത്തിന് ലേബർ റൂമിലേക്ക് കയറ്റുന്നതിനു തൊട്ടു മുമ്പ് തന്നെ മനു ഹോസ്പിറ്റലിൽ എത്തിച്ചേർന്നു…

കൺകുളിർക്കെ ശരിക്കും കാണാനോ  മിണ്ടാനോ രണ്ടു പേർക്കും സാധിച്ചില്ല….
കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മ നൽകി അവൾക്ക് ധൈര്യം പകർന്നു കൊടുത്തു. അപ്പോഴേക്കും അവളെ  ലേബർ റൂമിലേക്ക് കൊണ്ട്പോയി…

ഒരു നഴ്‌സ് ചൂണ്ടി കാണിച്ച പേപ്പറിലൊക്കെ ഒപ്പിട്ടു കൊടുത്തു.

ആധിയോടെയുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്…

സമയം പിന്നിട്ടു കൊണ്ടിരുന്നു…

പെട്ടെന്നാണ് ഒരു നഴ്‌സ് പുറത്തേക്ക് തലയിട്ടു കാവ്യയുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചത്..

ഞാൻ ഉടനെ ചാടിയെഴുന്നേറ്റു

“ഞാൻ കാവ്യയുടെ ഹസ്ബൻഡ്‌ ആണ്…”

“കാവ്യ പ്രസവിച്ചു ആൺകുട്ടിയാണ്….”

സന്തോഷം കൊണ്ട് എന്റെ മനസ്സ് അപ്പൂപ്പൻ താടി പോലെ പറന്നു…

കാവ്യയ്ക്ക് എങ്ങനെ ഉണ്ടെന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും നഴ്സ് അകത്തേക്ക് പോയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വെള്ള തുണിയിൽ പൊതിഞ്ഞ ഞങ്ങളുടെ കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് വന്നു…

ഇരു കൈകളും നീട്ടി അവനെ സ്വീകരിക്കുമ്പോൾ ഞാനൊരു അച്ഛൻ ആയതിന്റെ സന്തോഷം നെഞ്ചിൽ അലയടിച്ചു… ആ നിമിഷം കാവ്യയെ കാണാൻ അതിയായി ആഗ്രഹിച്ചു…

“കാവ്യ…” ഞാൻ ചോദിച്ചു.

“കുറച്ചു സീരിയസ് ആണ്…ബ്ലീഡിങ് ഓവർ ആണ്… ഒന്നും പറയാറായിട്ടില്ല…”

അത് കേട്ടതും എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി…

കുഞ്ഞിനെ നഴ്‌സ് തിരികെ വാങ്ങി കൊണ്ട് പോയി.

അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു കാവ്യയ്ക്ക് ഒന്നും വരുത്തരുതെയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു ഞാൻ…

കുറച്ചു കഴിഞ്ഞപ്പോൾ ലേബർ റൂമിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു..

ഞാൻ ആകാംക്ഷയോടെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു…

“സോറി മനു….ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു….
but she is no more….
കാണാനുള്ളവർക്ക് കയറി കാണാം…”

അപ്പോഴേക്കും എന്റെ കാതുകൾ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു….
വിറ കാലുകളോടെ ഞാൻ അവൾക്ക് നേരെ നടന്നടുത്തു….

ചേതനയറ്റ അവളുടെ ശരീരത്തിൽ വീണ് കുറ്റബോധത്തോടെ അവൻ പൊട്ടിക്കരഞ്ഞു.

“സ്നേഹിച്ചു കൊതി തീരും മുന്നേ എന്നെ വിട്ട് നീ പോയല്ലോ മോളെ…. നമ്മുടെ മോനെ പോലും കാണാൻ നിനക്ക് കഴിഞ്ഞില്ലല്ലോ…. നിന്നെയും മോനെയും കാണാൻ കൊതിയോടെ ഓടിവന്ന എനിക്ക് വിധിച്ചത് നിന്നെ ഇങ്ങനെ കാണാനായിരുന്നോ…”

ഒരു ഭ്രാന്തനെ പോലെ അവളുടെ ശരീരത്തിൽ വീണ് അവൻ പൊട്ടിക്കരഞ്ഞു…

മോനെയും നെഞ്ചോടു ചേർത്ത് ലേബർ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചു…

“കാവ്യ നമ്മൾ ആഗ്രഹിച്ച പോലെ തന്നെ ഒരു കുറവും കൂടാതെ നമ്മുടെ മോനെ ഞാൻ വളർത്തും. ഒരു വ്യത്യാസം മാത്രം അവന്റെ വളർച്ച കണ്ടു സന്തോഷിക്കാൻ എന്റെ അരികിൽ നീ ഇല്ല…

ഈ നിമിഷം ഞാൻ ഒരുപാട് ആഗ്രഹിച്ചു പോകുവാ അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു… ദൈവം എന്തിനാ നിന്നെ പെട്ടെന്ന് അങ്ങു കൊണ്ട്‌ പോയത്…എങ്കിലും എനിക്കറിയാം കാവ്യ നീ എന്റെ കൂടെ തന്നെയുണ്ടെന്നു….