അയാൾ സ്നേഹത്തോടെ അവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ അതിലുപരി സ്നേഹത്തോടെയും സന്തോഷത്തോടെയും..

ഭർത്താവ്
(രചന: ശ്യാം കല്ലുകുഴിയിൽ)

ഹോസ്പിറ്റലിൽ വരാന്തയുടെ അപ്പുറമുള്ള ഒഴിഞ്ഞ സ്ഥലത്ത് നീട്ടി കെട്ടിയ അയയിൽ തന്റെ മുണ്ടിനും ഷർട്ടിനുമൊപ്പം ഭാര്യയുടെ സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും അയാൾ അലക്കി ഇടുന്നത് കണ്ടപ്പോഴാണ് ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്.

കറുത്ത് മെലിഞ്ഞ അയാളുടെ വളർന്ന് കിടക്കുന്ന താടിയും മുടിയും അങ്ങിങ്ങായി നരച്ചിട്ടുണ്ട്, അയാളുടെ മുഖത്ത് നിരാശയും, ദുഃഖവും നിഴലിച്ചു കാണാമായിരുന്നു….

എന്നെ പോലെ പലരും അയാളെ നോക്കുന്നുണ്ടെങ്കിലും അയാൾ ആരെയും ശ്രദ്ധിക്കാതെ തുണികൾ അയയിൽ വിരുച്ചിട്ടു.

ഒഴിഞ്ഞ ബക്കറ്റുമായി അയാൾ എന്റെ മുന്നിലൂടെ നടന്ന് പോകുമ്പോൾ എന്റെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ചിരുന്നു, ഞാൻ അപ്പോഴും ചിരിക്കാൻ മറന്ന് അയാളെ നോക്കി നിൽക്കുകയായിരുന്നു…

” അച്ഛാ,,,, അമ്മ വിളിക്കുന്നു….”

മോള് വന്ന് വിളിച്ചപ്പോൾ അവർക്കൊപ്പം ഭാര്യ കിടക്കുന്ന വാർഡിലേക്ക് നടന്നു. രോഗികളും കൂട്ടിരിപ്പുകരുമായി അവിടെ നിറയെ ബഹളമാണ്. എന്റെ കണ്ണുകൾ അവിടെയാകെ ആ മെലിഞ്ഞ മനുഷ്യനെ തിരയുകയായിരുന്നു…

” ഏട്ടൻ മോളേയും കൂട്ടി വീട്ടിൽ പൊയ്ക്കോ അമ്മയിവിടെ നിന്നോളും…”

ഭാര്യ അത് പറയുമ്പോഴാണ് സത്യത്തിൽ ഞാൻ അവളെ പോലും ശ്രദ്ധിക്കുന്നത്…

” അത് വേണ്ട അമ്മ മോളേയും കൂട്ടി പൊയ്ക്കോ ഞാൻ ഇവിടെ ഇരുന്നോളം…”

ഞാൻ കട്ടിലിൽ ഇരുന്നുകൊണ്ട് പറയുമ്പോഴും എന്റെ കണ്ണുകൾ ആ മനുഷ്യനെ തിരയുകയായിരുന്നു…

” എന്നാൽ മോള് അമ്മമയുടെ കൂടെ പൊയ്ക്കോ, പിന്നെ കുരുത്തക്കേട് ഒന്നും കാണിക്കരുത് കേട്ടോ…”

” എന്നാ അലക്കാൻ ഉള്ള തുണികൾ കൂടി കൊണ്ട് പോകാം….”

അത് പറഞ്ഞ് അമ്മ കട്ടിലിന്റെ അടിയിൽ കവറിൽ ഇട്ടിരുന്ന അവളുടെ മുഷിഞ്ഞ തുണികൾ എടുത്ത് കൊണ്ടുപോകാനുള്ള ബാഗിൽ വച്ച് ഇറങ്ങി, അവരെ യാത്രയാക്കി തിരിച്ച് ഭാര്യയുടെ അരികിൽ വന്നിരുന്നപ്പോൾ രണ്ട് മൂന്ന് ബെഡ്ഡുകൾക്കപ്പുറം ഇരിക്കുന്ന ആ മനുഷ്യനെ ഞാൻ വീണ്ടും കണ്ടു…

” നിങ്ങളിത് ആരെയാ ഈ തിരയുന്നത്…”

എന്റെ നോട്ടം കണ്ട് കൊണ്ടാവും അവൾ അത് ചോദിച്ചത്…

“നില്ല് ഇപ്പോൾ വരാം…”

അവളോട് അത് പറഞ്ഞ് ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് നടന്നു, കട്ടിലിനോട് ചേർത്ത് ഇട്ടിരിക്കുന്ന സ്റ്റൂളിൽ ഇരുന്നുകൊണ്ട് കട്ടിലിൽ കിടക്കുന്ന സ്ത്രീയോട് എന്തോ സംസാരിക്കുകയാണ് അയാൾ.

മുന്നോട്ട് നടക്കുംതോറും കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ മുഖം കണ്ടുതുടങ്ങി….

വെളുത്ത മുഖമുള്ള, മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീരൂപം, ശരീരമാകെ ശോഷിച്ചിരിക്കുന്നു എങ്കിലും മുഖത്ത് എന്തോ വല്ലാത്ത ഐശ്വര്യം ഉള്ളത് പോലെ തോന്നി.

ഞാൻ രണ്ട് മൂന്ന് ബെഡ്ഡ് മുൻപോട്ട് നടന്ന് അൽപ്പം മാറി നിന്ന് അവരെ ശ്രദ്ധിച്ചു…

ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവരുടെ നെഞ്ചിൽ മെല്ലെ തടവി തടവി ഇരിക്കുകയാണ് ആ മനുഷ്യൻ. അവരുടെ മുഖത്തോട് ചേർത്ത് മുഖം വച്ച് അയാൾ എന്തക്കെയോ സംസാരിക്കുന്നുണ്ട്, അത് കേട്ട് അവരുടെ മുഖത്ത് ചിരി മാറി മറിഞ്ഞുവരുന്നുണ്ട്.

ഇടയ്ക്ക് ചിരി കൂടിയപ്പോൾ പെട്ടെന്ന് ചുമയ്ക്കുകയും ശ്വാസമെടുക്കാൻ ഉള്ള ബുദ്ധിമുട്ട് കൂടുകയും ചെയ്തപ്പോൾ അയാൾ എന്തോ ചെവിയിൽ പറഞ്ഞു, അവർ പിന്നെ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു.

അയാൾ അപ്പോഴും അവരുടെ നെഞ്ചിൽ മെല്ലെ തടവി കൊണ്ടേയിരുന്നു. മെല്ലെ മെല്ലെ അയാളും അവരുടെ അടുത്ത് തലവച്ച് ഉറക്കത്തിലേക്ക് വഴുതി വീണു…

അൽപ്പനേരം കൂടി അത് നോക്കി നിന്ന ശേഷമാണ് ഞാൻ ഭാര്യ കിടക്കുന്ന ബെഡിന്റെ അടുക്കലേക്ക് പോയത്. അവൾക്കരികിൽ ഇരുന്ന് ഞാൻ അയാളെ കുറിച്ച് സംസാരിച്ചു…

” അവർക്ക് എന്തൊക്കെയോ അസുഖമുണ്ട്, ഡോക്ടർമാർ ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത് ആണ്, എങ്കിലും അയാളുടെ മനസമാധാനത്തിന് വേണ്ടിയാണ് ഇവിടെ കിടത്തിയിരിക്കുന്നത്..”

ഞാൻ അയാളെ കുറിച്ച് പറഞ്ഞപ്പോഴാണ് ഭാര്യ അത് എന്നോട് പറഞ്ഞത്, അത് കേട്ടപ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി… ഞാൻ വീണ്ടും അയാളെ നോക്കി അയാൾ അപ്പോഴും അവരോട് ചേർത്ത് തലവെച്ച് ഇരിക്കുകയാണ്…

പിന്നെയെപ്പോഴോ കയ്യിൽ ഒരു തൂക്കുപാത്രവുമായി അയാൾ പുറത്തേക്ക് പോകുന്നത് കണ്ടു, ഞാൻ എഴുന്നേറ്റ് ആ ബെഡിലേക്ക് നോക്കുമ്പോൾ ആ സ്ത്രീ ഉറങ്ങുകയാണ്.

കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന അയാളുടെ കയ്യിൽ തൂക്കുപാത്രത്തിനൊപ്പം ഒരു ചെറിയ പൊതിയും ഉണ്ടായിരുന്നു, അത് കണ്ടപ്പോൾ ഞാൻ അറിയാതെതന്നെ എന്റെ നോട്ടം വീണ്ടും അവരിലേക്ക് പോയി…

തൂക്ക് പാത്രത്തിൽ നിന്ന് സ്റ്റീൽ ഗ്ലാസ്സിലേക്ക് ചായ ഒഴിച്ച് അത് മറ്റൊരു ഗ്ലാസ്സിലേക്ക് മാറ്റി ഒഴിച്ച് തണുപ്പിക്കുകയാണ് അയാൾ, കുറച്ച് നേരം അങ്ങനെ മാറ്റി മാറ്റി ഒഴിച്ച ശേഷം അൽപ്പം അയാൾ കുടിച്ച് നോക്കി,

ചായ തണുത്തു എന്ന് തോന്നിയപ്പോൾ അവരെ മെല്ലെ കുലുക്കി വിളിച്ചു. മെല്ലെ കണ്ണ് തുറന്ന അവരുടെ അയാൾ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞപ്പോൾ അവരുടെ മുഖത്തും ചിരി വിടർന്നു…

ഭിത്തിയിലേക്ക് തലയിണ ചാരി വച്ച് അവരെ അതിലേക്ക് ചാരി ഇരുത്തി, കൊണ്ടുവന്ന പൊതി തുറന്ന് അതിൽനിന്ന് ഉഴുന്നുവടയെടുത്ത് കുറച്ച് നുള്ളിയെടുത്ത് അവരുടെ വായിലേക്ക് വച്ചുകൊടുത്തു,

അവരത് ചവച്ച് ഇറക്കുമ്പോഴേക്കും ചായ ഗ്ലാസ് അവരുടെ ചുണ്ടിലേക്ക് അടുപ്പിച്ചു കൊടുത്തു ഒരു കവിൾ ചായ അവർ കുടിച്ച് ഇറക്കിയപ്പോൾ വീണ്ടും കുറച്ച് വട നുള്ളി അവരുടെ വായിൽ വച്ചുകൊടുത്തു…

ഡോക്ടർമാർ കയ്യൊഴിഞ്ഞെങ്കിലും അയാളുടെയോ അവരുടെയോ മുഖത്ത് നിരാശയോ ദുഃഖമോ അപ്പോൾ ഉണ്ടായിരുന്നില്ല.

അയാൾ സ്നേഹത്തോടെ അവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ അതിലുപരി സ്നേഹത്തോടെയും സന്തോഷത്തോടെയും അവർ അത് കഴിക്കുന്നതും കാണുമ്പോൾ മനസ്സിൽ എന്തെന്ന് ഇല്ലാത്ത സന്തോഷമായിരുന്നു,

ഇങ്ങനെയൊക്കെ പരസ്പരം മനുഷ്യർക്ക്  സ്നേഹിക്കാൻ കഴിയുമോ എന്ന് അതിശയത്തോടെ ചിന്തിക്കുകയായിരുന്നു ഞാൻ…

ഞാൻ കട്ടിലിൽ കിടക്കുന്ന ഭാര്യയെ നോക്കി പാവം അവൾ മയക്കത്തിൽ ആണ്, ഞാൻ പുറത്ത് പോയി രാത്രിയിലേക്ക് ദോശ വാങ്ങി തിരികെ വന്നപ്പോൾ അവൾ ഉണർന്ന് കിടക്കുകയായിരുന്നു.

കൊണ്ടുവന്ന ദോശ ഒരു പാത്രത്തിലേക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി, അവൾ അത് കഴിക്കുമ്പോൾ ഞാൻ അവളെയും നോക്കി ഇരുന്നു….

” പാത്രം ഞാൻ കഴുകി വയ്ക്കാം…”

കഴിച്ചു കഴിഞ്ഞ് പാത്രവുമായി എഴുന്നേറ്റ അവളെ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു…

” ഈ മനുഷ്യന് എന്താ എനിക്ക് അതിനു വേണ്ടി അസുഖമൊന്നും ഇല്ല…”

അവൾ എന്റെ കൈ തട്ടിമാറ്റി പാത്രവുമായി കഴുകാൻ പോകുമ്പോൾ ഞാനും അവൾക്കൊപ്പം പോയി. പാത്രം കഴുകി തിരികെ നടക്കുമ്പോൾ ആ സ്ത്രീ കിടക്കുന്ന ബെഡിലേക്ക് നോക്കി,

ആ സ്ത്രീയ്ക്ക് അരുകിൽ ഇരുന്ന് അയാൾ എന്തോ മെല്ലെ പറയുന്നുണ്ട്, ഞാൻ കൈ കൊണ്ട് ഭാര്യയെ മെല്ലെ തട്ടി അത് നോക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒന്ന് നോക്കിയിട്ട് ചിരിച്ചുകൊണ്ട് ബെഡിലേക്ക് നടന്നു…

രാത്രി പതിയെ എല്ലവരും ഉറക്കത്തിലേക്ക് വഴുതി വീണു തുടങ്ങി. വാർഡിലാകെ നിശബ്ദത പടർന്ന് തുടങ്ങി. ഞാൻ വീണ്ടും അയ്യാളെ നോക്കി, അയാൾ പേപ്പർ കൊണ്ട് അവർക്കരുകിൽ ഇരുന്ന് വീശി കൊടുക്കുന്നതോടൊപ്പം ചുറ്റും വട്ടമിട്ട് പറക്കുന്ന കൊതുകിനെയും ഓടിക്കുന്നുണ്ട്….

” നിങ്ങൾ എന്തിനാ മനുഷ്യാ അവരെ നോക്കി ഇരിക്കുന്നത് കിടക്കാൻ നോക്ക്….”

ഭാര്യ അത് പറയുമ്പോൾ അവൾക്ക് എന്ത് മറുപടി കൊടുക്കണം എന്നറിയില്ലായിരുന്നു. അതൊക്കെ കാണുമ്പോൾ സന്തോഷമാണോ,

സങ്കടമാണോ അതോ അതിനമപ്പുറമുള്ള മറ്റെന്തോ വികാരമാണ് മനസ്സിൽ വന്ന് പോകുന്നത് എന്ന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ത് കൊണ്ട് ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ പായ വിരിച്ച് കട്ടിലിന്റെ ചുവട്ടിൽ കിടന്നു….

രാവിലെ എഴുന്നേൽക്കുമ്പോഴേക്കും എന്റെ ആദ്യ നോട്ടം പോയത് ആ ബെഡിലേക്ക് ആയിരുന്നു. അവരുടെ ഡ്രെസ്സ് ഒക്കെ മാറ്റി ആയാളും കുളിച്ച് കഴിഞ്ഞിരുന്നു. അയാൾ കട്ടിലിന്റെ ചുവട്ടിൽ നിന്ന് തൂക്കുപത്രവും എടുത്ത് പുറത്തേക്ക് നടന്നു…

തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും അയാളെ കാണാതയപ്പോൾ വാർഡിൽ ഉള്ളവർ പിറുപിറുത്തു തുടങ്ങി. ഞാൻ ആ ബെഡ്‌ഡിലേക്ക് നോക്കുമ്പോൾ ആ സ്ത്രീ കണ്ണടച്ച് ഉറങ്ങുകയാണ്..

അയാളെ അന്വേക്ഷിക്കാൻ വേണ്ടി തന്നെയാണ് ഞാൻ പെട്ടെന്ന് പുറത്തേക്ക് നടന്നത്. ഹോസ്പിറ്റലിന്റെ മുൻപിലുള്ള  റോഡിലെ ജനക്കൂട്ടം കണ്ടാണ് ഞാൻ അവിടേക്ക് നടന്നത്…

” എന്താ ചേട്ടാ,, എന്തുപറ്റി…”

കൂട്ടത്തിൽ നിന്ന ഒരാളോട് ചോദിച്ചു…

” ഓഹ് എന്ത് പറയാനാണ് രാവിലെ തന്നെ ഒന്ന് ചത്തു…”

അയാൾ അത് പറഞ്ഞു നടക്കുമ്പോൾ ഞാൻ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് കയറി, റോഡിൽ നിറയെ രക്‌തം തളം കെട്ടി കിടക്കുന്നു, ആരൊക്കെയോ അതിലേക്ക് വെള്ളമൊഴിച്ച് വൃത്തിയക്കുന്നുണ്ട്…

” ചവാൻ വേണ്ടി ചാടിയത് ആണ് അല്ലെ തന്നെ ആംബുലൻസിന്റെ മുന്നിൽ ആരേലും ചാടുമോ…”

” അത് ശരിയാ എന്തായാലും ആള് തീർന്നു അമ്മാതിരി ഇടിയല്ലേ ഇടിച്ചത്…”

കൂടി നിൽക്കുന്ന പലരും പല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.. ഞാൻ തിരിഞ്ഞു നടക്കുമ്പോഴാണ് എന്തോ കാലിൽ തട്ടിയത്, അതേ അത് ആ മനുഷ്യന്റെ കയ്യിൽ ഇരുന്ന തൂക്കുപത്രം തന്നെയാണ്,ഞാൻ അത് കുനിഞ്ഞെടുക്കുമ്പോൾ മനസ്സ് നിറയെ കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ രൂപമായിരുന്നു…

ഞാൻ ആ തൂക്കുപത്രവുമായി ആശുപത്രിയിൽ വാർഡിലേക്ക് ഓടുകയായിരുന്നു. വാർഡിലേക്ക് ചെല്ലുമ്പോൾ രണ്ടുപേർ സ്ട്രച്ചറും തള്ളിപോകുകയാണ് അതിൽ കിടക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് നോക്കി അതേ അത് അവർ തന്നെയാണ്,…

” മരിച്ചിട്ട് മൂന്ന് നാല് മണിക്കൂറായി കാണുമെന്നാണ് ഡോക്ടർ പറഞ്ഞത്…..”

വാർഡിലേക്കുള്ള വാതിൽ ചാരി നിൽക്കുന്ന എന്നോട് ഭാര്യ പറയുമ്പോൾ ഞാൻ അവളെ സംശയത്തോടെ നോക്കി…

അവരുടെ മുഖത്ത് കണ്ട പുഞ്ചിരിക്ക് മരണത്തിനു പോലും അവരുടെ സ്നേഹത്തെ തോൽപ്പിക്കാൻ കഴിയില്ലെന്ന്  അഹങ്കാരമായിരുന്നു…..

ആ മരണത്തിൽ പോലും അയാളുടെ നിശബ്ദതമായ സംസാരം കേട്ട് പതിവ്പോലെ പുഞ്ചിരിച്ചുകൊണ്ട് അവർ യാത്രയായി, മരണത്തിനുമപ്പുറമുള്ള മറ്റൊരു സുന്ദരമായ ലോകത്ത് ഇനിയും മതിവരുവോളം പരസ്പ്പരം  സ്നേഹിക്കാൻ അവർക്കൊപ്പം അയാളും…….

Leave a Reply

Your email address will not be published. Required fields are marked *