തോറ്റുപോയവൻ
(രചന: ശ്യാം കല്ലുംകുഴിയിൽ)
ഇനിയും രണ്ടു ദിവസം കൂടി പണി ഇല്ലാതെ ഇരുന്നാൽ പട്ടിണി കിടക്കേണ്ടി വരുമെന്ന് ഭാര്യ ആരോടെന്ന് ഇല്ലാതെ ഇടയ്ക്ക് പറയുന്നത് ശങ്കർ കേട്ടിരുന്നു.
ചോറിന്റെ കറികൾ കുറയുന്നതും, കട്ടൻ ചായയുടെ മധുരം കുറയുന്നതും വരാൻ പോകുന്ന പട്ടിണിയുടെ മുന്നറിയിപ്പ് ആണെന്ന് ശങ്കർന് മനസ്സിലായി..
ഒരാഴ്ചയി പണി ഇല്ലാതെ ഇരിക്കുന്നത് കൊണ്ട് അയാളിൽ വല്ലാത്ത വിരസത ഉടലെടുത്തു തുടങ്ങിയിരുന്നു, ഒഴിവ് സമയങ്ങളിൽ വീട്ടിൽ മോൾക്കൊപ്പം കളിച്ചും,ചിരിച്ചും സമയം ചിലവിടാറുണ്ടെങ്കിലും ഇന്ന് എന്തോ ആകെ ഒരു വിരസത അയ്യാളെ പിടിമുറുകിയിരുന്നു…
ഉച്ചയ്ക്ക് ഉമ്മറത്ത് കാറ്റും കൊണ്ട് മലർന്ന് കിടക്കുമ്പോൾ ആണ് പതിവില്ലാതെ മൊബൈലിൽ നിലയ്ക്കാതെ നോട്ടിഫിക്കേഷൻ ശബ്ദം വന്നത്.
വീണ്ടും പുതിയ ഏതേലും ഗ്രൂപ്പുകൾ തുടങ്ങിക്കാണും എന്ന് മനസ്സിൽ ഓർത്ത് കൊണ്ടാണ് ശങ്കർ സ്ക്രീൻ പൊട്ടിയ പഴയ മൊബൈൽ എടുത്ത് നോക്കിയത്…
ഒപ്പം പഠിച്ചവരുടെയും, ജോലി ചെയ്യുന്നവരുടെയും രണ്ടോ മൂന്നോ ഗ്രൂപ്പ് നിലവിൽ ഉണ്ട് ഇതിപ്പോ ഏതാ പുതിയ ഒരെണ്ണം എന്ന് മനസ്സിൽ കരുതി നോക്കുമ്പോൾ പ്ലസ് ടുവിന് പഠിച്ച അടുത്ത കൂട്ടുകാരായ കുറച്ച് പേരടങ്ങുന്ന പുതിയ ഗ്രൂപ്പ് കണ്ടത്.
എല്ലാം ഗ്രൂപ്പുകളും ആദ്യം ആക്റ്റീവ് ആണെങ്കിലും ഒരാഴ്ച്ച കൊണ്ട് സൈലന്റ് ആകാറാണ് പതിവ്. അതുകൊണ്ട് തന്നെ അത്യാവശ്യം എന്തേലും മെസ്സേജ്ജ് നോക്കുമെന്ന് അല്ലാതെ ഒന്നിലും അയ്യാൾ ആക്റ്റീവ് അല്ലായിരുന്നു…
വിരസത മാറാൻ ആണ് ശങ്കർ അപ്പോൾ ആ ഗ്രൂപ്പ് മെസ്സേജ് ഓപ്പൻ ആക്കിയത്. പ്ലസ് ടു വിനു പഠിച്ച അടുത്ത സുഹൃത്തുക്കൾ മാത്രം ഉള്ളത് കൊണ്ട് മെസ്സേജ് ഓരോന്ന് നോക്കി വന്നു..
“ശങ്കരാടി അളിയാ നീ എവിടെയാ….”
ഗ്രൂപ്പിൽ കയറ്റിയപ്പോൾ തന്നെ കൂടെ പഠിച്ച അനീഷിന്റെ മെസ്സേജ് കണ്ടു. ശങ്കരാടി എന്ന പേര് വായിച്ചപ്പോൾ തന്നെ ശങ്കർന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.ശങ്കർ എന്നാണ് പേര് എങ്കിലും കൂട്ടുകാർക്ക് ഇടയിൽ അയ്യാൾ ശങ്കരനും ,ശങ്കരാടിയുമൊക്കെ ആയിരുന്നു..
” അളിയാ ഞാൻ ഇവിടെ ഉണ്ട്..ആദ്യം ഈ മെസ്സേജ്‌ജുകൾ എല്ലാം ഒന്ന് നോക്കട്ടെ എന്നിട്ട് വരാം…”
ശങ്കർ റിപ്ലൈ കൊടുത്തുകൊണ്ട് ആദ്യം മുതൽക്ക് ഉള്ള മെസ്സേജ്‌ജുകൾ വായിച്ചു തുടങ്ങി.ഓരോന്ന് വായിക്കുമ്പോഴും അയ്യാളുടെ മനസ്സ് ആ പ്ലസ് ടു ക്ലാസ് മുറിയിലേക്ക് പോയി…
എല്ലാ ക്ലാസ്സിലും കാണും വല്യ പഠിപ്പിസ്റ്റുമല്ല എന്നാൽ വല്യ ഉഴപ്പരുമല്ലാത്ത കുറച്ച് പേർ, എന്നാൽ എല്ലാ അലമ്പ് പരിപാടിക്കും അവർ കാണുകയും ചെയ്യും..ശങ്കറും കൂട്ടരും ആ ഗണത്തിൽ പെട്ടവർ ആയിരുന്നു..
ക്ലാസ് മുറിയിൽ ഇരുന്ന് ചീട്ട് കളിച്ചതും,ക്ലാസ്സിലെ പെൺകുട്ടികളുടെ ബഞ്ചും ടസ്‌ക്കും മാറ്റി ഇടുന്നതും,സമരത്തിന് ചാടി ഇറങ്ങി ജയ് വിളിച്ചതും, ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടന്നതും കൂട്ടുകാർ ഓർമിപ്പിച്ചപ്പോൾ അത് വായിച്ച് ഒറ്റയ്ക്ക് ഇരുന്നു ചിരിച്ചുപോയി ശങ്കർ..
ചോരത്തിളപ്പ് കൂടിയ ആ പ്രായത്തിൽ പെൺകുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ നിർത്താതെ പോകുന്ന ബസ്സിന്റെ മുന്നിൽ കയറി നിന്ന് ബസ്സ് നിർത്തിപ്പിച്ച് ഹീറോ ആയതും, ബസ്സിൽ സ്ഥലം ഉണ്ടേലും ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യുന്നതും ഒക്കെ കൂട്ടുകാർ ഓർമിപ്പിച്ചപ്പോൾ ആ നല്ല ഓർമ്മകളിലേക്ക് ശങ്കറിന്റെ മനസ്സും പോയി…
” എന്തൊക്കെ ആയാലും ശങ്കരടിയുടെ അമ്മയുടെ കൈപുണ്യം ഒരിക്കലും മറക്കില്ല അല്ലെ ആളിയന്മാരെ…”
സിയാദിന്റെ ആ മെസ്സേജ്ജ് വായിച്ചപ്പോൾ ശങ്കറിന്റെ മനസ്സിൽ എവിടെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നൊമ്പരം ഉടലെടുത്തു…
സ്കൂൾ വിട്ട് വന്നാൽ അന്ന് നടന്ന സംഭവങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ അമ്മയോട് പറയുന്ന ശീലമുണ്ടായിരുന്നു ശങ്കർന്,
അങ്ങനെ പതിവ് പോലെ സ്കൂളിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ആണ് പ്ലസ് ടു വിനു കിട്ടിയ പുതിയ കൂട്ടുകാരെ കുറിച്ച് പറയുന്നത്, അവർ അഞ്ചുപേർ ആയിരുന്നു ഉറ്റ സുഹൃത്തുക്കൾ, കൊണ്ടുവരുന്ന ചോർ ഉച്ചയ്ക്ക് വട്ടം കൂടി ഇരുന്ന് ഒരുമിച്ചാണ് അവർ കഴിക്കുന്നത്…
ആ അഞ്ചു കൂട്ടുകാരിൽ സ്ഥിരം ചോറ് കൊണ്ട് വരുന്നത് ശങ്കറും അനീഷും ആകും ബാക്കി ഉള്ളവർ കൊണ്ട് വന്നാൽ വന്നു അത്ര തന്നെ,എന്നാലും ഉള്ളത് അവർ അഞ്ച് പേരും ഒരുമിച്ച് പങ്കിട്ട് കഴിക്കും….
അമ്മയോട് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഉച്ചയ്ക്ക് അവർ അഞ്ചുപേരും കൂടി ഭക്ഷണം പങ്കിട്ട് കഴിക്കുന്ന കാര്യങ്ങളും പറഞ്ഞിരുന്നു.
പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണപൊതി തുറന്നപ്പോൾ പതിവിലും അതികം ചോറും കറികളും ഉണ്ടായിരുന്നു. പതിവ്പോലെ തന്നെ എല്ലാവരും വട്ടംകൂടി ഇരുന്ന് കഴിച്ചപ്പോൾ കൂട്ടുകാർ പറഞ്ഞു ശങ്കർ ഉള്ളത് ഭാഗ്യമായി അല്ലെ നമ്മൾ ഉച്ചയ്ക്ക് പട്ടിണി ആയേനെ എന്ന്..
വൈകുന്നേരം അമ്മയോട് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഉച്ചയ്ക്ക് ചോറ് അതികം ഉണ്ടായിരുന്ന കാര്യം അമ്മയോട് പറഞ്ഞെങ്കിലും അലക്കുകല്ലിൽ തുണി അടിച്ചു കഴുകുമ്പോൾ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിയുടെ അർത്ഥം അന്ന് ശങ്കർന് മനസ്സിലായിരുന്നില്ല..
പിന്നീടുള്ള ആ രണ്ട് വർഷവും അമ്മ തന്നിരുന്ന ചോറിന്റെ അളവ് കുറഞ്ഞിരുന്നതും ഇല്ല..
പതിയെ സ്കൂളിലെ ഓർമ്മകളിൽ നിന്ന് മാറി എല്ലാവരും അവരവരുടെ ജീവിതത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. പലരും വിദേശത്തും നാട്ടിലും ആയി ഓരോ മെച്ചപ്പെട്ട ജോലികളിലാണ്,
പുതിയ വീട് വച്ചതും, വണ്ടി വാങ്ങിയതും, കല്യാണം കഴിച്ചതും അങ്ങനെ അവരവരുടെ ജീവിതത്തിലെ ഉയർച്ചകളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. കൂട്ടുകാർ അവരുടെ നേട്ടങ്ങൾ വായ് തോരാതെ പറഞ്ഞപ്പോൾ ആണ് താൻ ജീവിതത്തിൽ എന്ത് നേടി എന്ന് ശങ്കർ സ്വയം ചിന്തിച്ചു തുടങ്ങിയത്…
ശങ്കർ മൊബൈൽ താഴ്ത്തി വച്ച് തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ഇനിയും പണികൾ തീരാത്ത ഒരു വീട്, മറ്റുളള കൂട്ടുകാരെ പോലെ പറയത്തക്ക നല്ല ജോലി ഒന്നുമില്ല,
നാട്ടിൽ എന്ത് ജോലി ചെയ്യാനും ശങ്കർന് മടിയില്ല എങ്കിലും ഒരാഴ്ച പണി ഇല്ലാതെ വന്നാൽ പിന്നെ പട്ടിണി കിടക്കേണ്ട അവസ്‌ഥ, നാളത്തേക്ക് എന്ന് പറഞ്ഞു മാറ്റിവയ്ക്കാൻ ഒന്നും തന്നെയില്ല, ഇനി മുൻപോട്ടുള്ള ജീവിതം എങ്ങനെ ആണെന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഉള്ള പോക്ക് ആണ്,
തന്നെക്കാൾ ദാരിദ്ര്യം അലട്ടിയ പെണ്ണിനെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി എന്നത് ഒഴിച്ചാൽ മറ്റുള്ള തന്റെ കൂട്ടുകാരുടെ മുൻപിൽ തോറ്റുപോയവൻ ആണ് താൻ, ശങ്കർ അത് മനസ്സിൽ ആലോചിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു…
” ഈ ശങ്കരൻ എന്താ മിണ്ടാതെ..”
” ഓ അവനൊക്കെ തിരക്ക് ആകും…”
” അതേ അതേ വല്യ ആളായിപ്പോയി…”
ശങ്കർനെ കുറിച്ച് ഒരുപാട് മെസ്സേജുകൾ വന്നുകൊണ്ടിരുന്നു എങ്കിലും, ശങ്കർ അതൊന്നും നോക്കിയില്ല,അയാളുടെ മനസ്സിൽ അപ്പോഴും കൂട്ടുകാരുടെ മുന്നിൽ പറയത്തക്ക ജീവിത വിജയം ഒന്നും ഇല്ലാത്ത ജീവിതത്തിൽ തോറ്റുപോയവന്റെ ഒറ്റപ്പെടൽ ആയിരുന്നു..
ആന്ന് വൈകുന്നേരം കൂടെ ജോലി ചെയ്യുന്ന ഖദറിക്ക നാളെ മുതൽ ജോലി ഉണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ ആണ് ശങ്കർന്റെ മനസ്സിന് അൽപ്പം ആശ്വാസം ആയത്,
നാളെ മുതൽ മോള് പട്ടിണി ആകുമോ എന്നായിരുന്നു ശങ്കർന്റെ പേടി, എന്തായാലും ദൈവം കാത്തു കാര്യം അറിഞ്ഞപ്പോൾ ശങ്കർ ന്റെ ഭാര്യ നെഞ്ചിൽ കൈ വച്ചുകൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞു..
പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് കവല വരെ ഖാദറിക്കയുടെ ബൈക്കിന്റെ പുറകിൽ വന്നു ശങ്കർ, ഇനി അങ്ങോട്ട് ഒരു കിലോമീറ്റർ നടക്കണം വീട്ടിലേക്ക്.
അത്യാവശ്യം വീട്ടിലേക്ക് വേണ്ട സാധങ്ങളും വാങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കവലയിലെ തിരക്കിൽ നിന്ന് അൽപ്പം മാറി തറയിൽ ചാക്ക് വിരിച്ച് കുറച്ച് ചീരയും, പച്ചമുളകും, മൂന്നു നാല് തേങ്ങയും, കുറച്ച് ഇഞ്ചിയും വിൽക്കാൻ നിരത്തി വചിരിക്കുന്ന വൃദ്ധയെ ശങ്കർ കണ്ടു…
” മോനെ ചീര കൊണ്ട് പോ മോനെ…നല്ല നാടൻ ചീര…”
റോഡിലൂടെ പോകുന്ന ഓരോരുത്തരോടും ആ വൃദ്ധ അത് പറഞ്ഞുകൊണ്ടേ ഇരുന്നു…അവരുടെ കയ്യിൽ ഇരിക്കുന്ന ചീരയെ പോലെ അവരുടെ മുഖവും വാടി തളർന്ന് ഇരിക്കുന്നത് ശങ്കർ ശ്രദ്ധിച്ചിരുന്നു…ശങ്കർ അവരുടെ അടുത്ത് എത്തിയപ്പോഴേക്കും വൃദ്ധ അയാൾക്ക് നേരെ ചീര നീട്ടി പിടിച്ചു….
” എത്രയാ ചീരയ്ക്ക്….”
” ഇരുപത്തിയഞ്ച് രൂപ,, ദാ മോനെ കൊണ്ട് പൊയ്ക്കോ…”
അവർ ഒരുപിടി ചീരയ്ക്കൊപ്പം ചരുവത്തിൽ ഇരുന്ന വാടിയ കുറച്ച് ചീരയും എടുത്ത് ശങ്കർ ന്റെ നേർക്ക് നീട്ടി. ശങ്കർ തന്റെ കയ്യിൽ ഇരുന്ന സഞ്ചി അവർക്ക് നേരെ നീട്ടിയപ്പോൾ അവർ അതിലേക്ക് ചീര ഇട്ടുകൊടുത്തു.. ശങ്കർ പോക്കറ്റിൽ നിന്ന് നൂറിന്റെ നോട്ട് അവർക്ക് നേരെ നീട്ടി, ആ വൃദ്ധ അത് കണ്ടിട്ട് നിസ്സഹായതയോടെ ശങ്കർനെ നോക്കി …
” ചില്ലറ ഒന്നുമില്ല മോനെ…. മോനാണ് ആദ്യമായി സാധനം വാങ്ങുന്നത്…” നിസ്സഹായതയോടെ പറയുന്ന ആ വൃദ്ധയെ കണ്ടപ്പോൾ ശങ്കർന് തന്റെ അമ്മയെ ആണ് ഓർമ്മ വന്നത്…
” അമ്മ ഇത് വച്ചോ ബാക്കി നാളെ വാങ്ങിക്കോളാം…”
” എന്നാൽ മോൻ രണ്ടു തേങ്ങ കൂടി കൊണ്ട് പൊയ്ക്കോ…”
ബാക്കി പൈസ കൊടുക്കാൻ കഴിയാത്ത വിഷമത്തിൽ ആ വൃദ്ധ പറഞ്ഞു…
” വേണ്ട അമ്മേ ഞാൻ ബാക്കി പൈസ നാളെ വാങ്ങിക്കോളാം..”
ശങ്കർ അത് പറഞ്ഞ് വീട്ടിലേക്ക് നടന്നു. വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന മോൾക്ക് സഞ്ചിയിൽ നിന്ന് പലഹാര പൊതി കൊടുത്ത് മോളേയും കൂട്ടി ശങ്കർ വീട്ടിലേക്ക് കയറുമ്പോൾ ഭാര്യ വന്ന് അയ്യാളുടെ കയ്യിൽ നിന്ന് സഞ്ചി വാങ്ങി അടുക്കളയിലേക്ക് നടന്നു..
“ഈ വാടിയ ചീരയൊക്കെ എവിടുന്ന കിട്ടിയത്….”
സഞ്ചിയിൽ നിന്ന് ചീര പൊക്കി പിടിച്ചു കൊണ്ട് ഭാര്യ ചോദിച്ചപ്പോൾ ശങ്കർ അടുക്കളയിലേക്ക് ചെന്നു… വൃദ്ധയെ കണ്ട കാര്യം പറഞ്ഞപ്പോൾ, ശങ്കർന്റെ ഭാര്യ നടുവിന് കയ്യും കൊടുത്ത് അയാളെ നോക്കി നിന്നു..
“എന്നിട്ട് ഇതിന് എത്ര രൂപ കൊടുത്തു..”
” നൂറു രൂപ…”
ശങ്കർ ഭാര്യയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“എന്നിട്ട് ബാക്കി വാങ്ങിയില്ലല്ലോ അല്ലേ…”
” ഞാൻ ചീര വാങ്ങുന്നത് വരെ അവർക്ക് കച്ചവടം ഒന്നും നടന്നില്ല പാവം… പട്ടിണി കിടന്നവന് അല്ലെ വിശപ്പിന്റെ വില അറിയുള്ളൂ…”
ശങ്കർ അത് പറയുമ്പോൾ അയാളുടെ ഭാര്യയുടെ കണ്ണുകളും നിറഞ്ഞു…
അപ്പോഴും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വഴിയരികിൽ കച്ചവടം ചെയ്‌യുന്ന സ്ത്രീയുടെ കയ്യിൽ നിന്ന് നൂറ് രൂപയുടെ സാധനം വിലപേശി അൻപത് രൂപയ്ക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കിടുക ആയിരുന്നു ജീവിതവിജയം നേടിയ ശങ്കർ ന്റെ കൂട്ടുകാർ….