നിങ്ങളെ എനിക്ക് വെറുപ്പാണെന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു നിന്ന എന്റെ പൊന്നിച്ചായൻ..

എന്റിച്ചായൻ
(രചന: ശിവാനി കൃഷ്ണ)

ഒരിക്കൽ ദേവിന്റെ കൂടെ ഫുഡ് കഴിക്കാൻ പുറത്ത് പോയപ്പോഴാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്..

ഒരു ടേബിളിൽ അപ്പുറവും ഇപ്പുറവുമായിട്ടിരുന്ന് അവൻ പറഞ്ഞ എന്തോ ഒരു തമാശക്ക് പൊട്ടിചിരിക്കുന്ന എന്നെതന്നെ വീക്ഷിക്കുന്ന അയാളുടെ കണ്ണുകൾ എന്നെ അസ്വസ്ഥയാക്കി…

ഞാൻ കണ്ടെന്നു മനസ്സിലായിട്ടും രൂക്ഷമായിട്ട് നോക്കുന്ന അയാളോട് എനിക്ക് ഉള്ളിൽ എന്തോ ഒരു ദേഷ്യം കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു..

അന്ന് അവിടന്ന് ഇറങ്ങുന്നത് വരെ അയാളുടെ കണ്ണുകൾ എന്റെ പിറകേയായിരുന്നു എന്ന് തോന്നി…ഒരു രാത്രി വെളുത്തപ്പോൾ ആ മുഖം ഓർമയായെങ്കിലും വീണ്ടും അയാൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു…

അതൊരു തുടക്കമായിരുന്നു എന്ന് പതിയെ ആണ് ഞാൻ മനസിലാക്കിയത്…എവിടെ പോയാലും പിറകേ അയാൾ ഉണ്ടോ എന്ന് തിരയുമായിരുന്നു…

ചുറ്റും നോക്കി അവസാനം എന്റെ കണ്ണുകൾ ആ കണ്ണുകളിൽ ചെന്ന് ഉടക്കുമായിരുന്നു…വെറുപ്പോ പേടിയോ തിരിച്ചറിയാൻ വയ്യാത്ത ഒരു വികാരം പിന്നീടങ്ങോട്ട് എന്നെ എങ്ങും പോകാതിരിക്കാൻ പ്രേരിപ്പിച്ചു…

വല്യപ്പച്ചന്റെ ഓർമദിവസം സെമിത്തേരിയിൽ പൂ വെച്ച് തിരിയുമ്പോഴാണ് എന്റെ പിറകിൽ കണ്ണടച്ച് നിൽക്കുന്ന അയാളെ കാണുന്നത്..ദേഷ്യം പെരുവിരൽ മുതൽ ഇരച്ചു കയറി…ഇനിയും ഇത് തുടർന്നാൽ ഭ്രാന്ത്‌ ആയി പോകുമെന്ന് തോന്നി…

ദേഷ്യത്തിൽ അടുത്തേക്ക് ചെന്ന് ഷർട്ടിന് കുത്തി പിടിക്കുമ്പോഴും ഒരു ഞെട്ടലോടെ എന്നെ നോക്കിയ ആ കണ്ണുകൾ നിറയാൻ തുടങ്ങി… നിറഞ്ഞൊഴുകുന്ന കണ്ണുകൾ അസ്വസ്ഥതപ്പെടുത്തിയപ്പോഴാണ് കൈ വിട്ട് നടന്ന് പോകാൻ ഒരുങ്ങിയത്..

“മോളെ…”

“താനാരാ…എന്തിനാ എന്നെ എപ്പോഴും ഫോളോ ചെയ്യുന്നത് “ഉള്ളിലെ ദേഷ്യം വാക്കുകളായിട്ട് പുറത്തേക്ക് വന്നു…

“എന്നെ നിനക്ക് ഇനിയും ഓർമ വന്നില്ലേ മോളെ… എന്റെ ആനിമോൾടെ ഇച്ചായനല്ലേ ഞാൻ”

“ഏത് ഇച്ചായൻ…എനിക്ക് ഒരു ഇച്ചായനുമില്ല… കാവുംകാട്ടെ സേവ്യറിന്റെ ഒറ്റമോളാണ് ഞാൻ..ഇനി എന്റെ പിറകേ നിങ്ങളെ കണ്ടാൽ പപ്പയോടു പറയും ഞാൻ.നിങ്ങളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു”

അത്രയും പറഞ്ഞ് അവിടം വിട്ട് കാർ കിടക്കുന്നിടത്തോട്ട് നടക്കുമ്പോഴേക്കും വേഗത്തിൽ വന്ന ഒരു ജീപ്പ് എന്നെ ഇടിച്ചു തെറിപ്പിച്ചിരുന്നു… ജീവൻ പോകുന്ന വേദനയിൽ രക്തം വാർന്നു കിടക്കുമ്പോഴും ആനിമോളെ എന്ന് വിളിച്ചു ഓടിവരുന്ന അയാളെ ആണ് ഞാൻ അവസാനമായി കണ്ടത് ..

കണ്ണ് തുറക്കുമ്പോൾ കറങ്ങുന്ന ഫാൻ ആണ് കണ്ടത്… തലയിലെ വേദനയും മരുന്നിന്റെ ഗന്ധവും…. പെട്ടെന്നാണ് മിന്നൽപിണർ പോലെ ഇച്ചായന്റെ മുഖം ഓർമ്മയിൽ വന്നത്… ആനിമോളുടെ ഇച്ചായന്‌ അപ്പോൾ അയാളുടെ മുഖം ആയിരുന്നു…

അമ്മച്ചിയും അപ്പച്ചനും ഇല്ലാത്ത തന്നെ പൊന്ന് പോലെ നോക്കാൻ പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു കൂലിവേലക്ക് പോയ ഒരു പതിനെട്ടുകാരന്റെ മുഖം,

ജോലി കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന പൊതിയിലെ പലഹാരത്തിലെ പങ്ക് വെച്ച് നീട്ടുമ്പോൾ എന്റെ ആനിമോൾ കഴിച്ചോ ഇതൊന്നും എനിക്ക് ഇഷ്ടല്ലന്ന് പറയുന്ന എന്റിച്ചായൻ…

പെരുന്നാളിന് പറമ്പിൽ കൊണ്ട് പോയി ഇഷ്ടമുള്ളതൊക്കെ വാങ്ങിതരുന്ന എന്റെ ഇച്ചായൻ…ഓരോ ഓർമകളിലും എന്റെ ഇച്ചായൻ മാത്രം നിറഞ്ഞു നിന്നു..

നിങ്ങളെ എനിക്ക് വെറുപ്പാണെന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു നിന്ന എന്റെ പൊന്നിച്ചായൻ… അവസാനമായി രക്തത്തിൽ കുളിച്ചു കിടന്ന എന്നെ പരിഭ്രാന്തിയോടെ കോരി എടുത്ത് കരഞ്ഞുകൊണ്ട് ഓടിയ എന്റെ ഇച്ചായൻ….

കാവുംകാട്ടെ സേവ്യർടെ മകൾന്ന് അഹങ്കരിച്ച ഞാൻ ഇച്ചായന്റെ ആനിമോൾ ആയിരുന്നു എന്ന് അറിയാതെ പോയല്ലോ ഇച്ചായാ…പുറത്തേക്ക് വന്ന ഏങ്ങലടികൾക്ക് ശബ്ദം കൂടിയപ്പോളാണ് നേഴ്സ് ഓടി അടുത്തേക്ക് വന്നത്…

“വേദന ഉണ്ടോടാ”എന്ന് ചോദിച്ചു കൈ പിടിച്ച് അരുമയോട് ചോദിക്കുന്ന ആ പെൺകുട്ടി ഒരു മാലാഖ ആണെന്ന് തോന്നി…

ഇല്ലെന്ന് തലയാട്ടുമ്പോഴും ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടിട്ടാകണം എന്തെന്ന് കാര്യം തിരക്കിയത്…

“ഇച്ചായൻ..”

“ആഹാ അതിനാണോ കരയുന്നെ…നിങ്ങൾ ഇച്ചായനും മോളും ഇങ്ങനെ കരയാൻ തുടങ്ങിയാൽ എങ്ങനാ…ഇവിടെ ഇത്രേം നേരം എന്റെ ആനിമോൾ എന്ന് വിളിച്ചു വിളിച്ചു കരച്ചിലായിരുന്നു തന്റെ ഇച്ചായൻ…”

അത്രയും പറഞ്ഞു നിർത്തി വലത്തേ കൈ എന്റെ കവിളിൽ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു…

“തന്റെ ഭാഗ്യം ആടോ തന്റെ ഇച്ചായൻ..”

അത് കേട്ടതും പൊട്ടിക്കരഞ്ഞു പോയി…

“അയ്യോ…കരയല്ലേ…സ്റ്റിച്ച് പൊട്ടും ട്ടോ…ഇച്ചായനെ കണ്ടാൽ പോരെ…ഇപ്പോ കൊണ്ട് വരാം ട്ടോ “ന്ന് പറഞ്ഞു ആ കുട്ടി പുറത്തേക്ക് പോയി…

ഇച്ചായനെ കാത്ത് അക്ഷമയായി കിടന്ന എന്റെ അടുത്തേക്ക് വന്നത് പപ്പയായിരുന്നു..മുഖത്തെ പരിഭ്രാന്തിയും ചുവന്ന കണ്ണുകളും ആ മനസ്സിലെ വേദന വിളിച്ചോതുന്നുണ്ടായിരുന്നു…

“മോളെ…ആനി…പപ്പയെ പേടിപ്പിച്ചു കളഞ്ഞല്ലോടീ നീ..വേദനിക്കുന്നുണ്ടോ പപ്പേടെ ആനിക്ക്”

“ഇല്ല പപ്പാ…”

“അമ്മച്ചി പുറത്തുണ്ട്…മോളെ കാണണംന്ന് പറഞ്ഞു കയർ പൊട്ടിക്കുന്നുണ്ടായിരുന്നു…എന്റെ ആനികൊച്ച് ഇപ്പോ പുറത്തേക്ക് വരും അപ്പോ കണ്ടാ മതിന്ന് പറഞ്ഞാ ഞാൻ ഇങ് വന്നേ “

“പപ്പേ…”

“എന്താടാ”

“ഇച്ചായൻ”

ചിരിച്ചു നിന്ന പപ്പേടെ മുഖം പെട്ടെന്ന് മാറുന്നത് പോലെ തോന്നി..

“ഏതിച്ചായൻ…മോൾ ഇതെന്തൊക്കെയാ പറയുന്നേ”

“എന്നെ ഇവിടെ എത്തിച്ച എന്റിച്ചായൻ”

“മോൾ ഇപ്പോ റസ്റ്റ്‌ എടുക്ക്”ന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ പപ്പ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി..

“പറഞ്ഞിട്ട് പോ പപ്പാ..എന്റെ ഇച്ചായനെ ഞാൻ എങ്ങനെ മറന്നു പോയെന്ന്..എവിടെ ആയിരുന്നു എന്റെ ഇച്ചായൻന്ന്…ഇപ്പൊ എവിടെയാണെന്ന്.. ഞാൻ നിങ്ങടെ ആനി ആയത് എങ്ങനെയെന്നു… പറ പപ്പാ…ഇല്ലങ്കി ഞാൻ ചിലപ്പോ ഹൃദയം പൊട്ടി മരിച്ചു പോകും”

“മോളെ….”

“പറ പപ്പാ…ഒന്ന് പറ”

“മോളെ ആനി…പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഞാനും നിന്റെ അമ്മച്ചിയുംന്ന് നിനക്ക് അറിയാല്ലോ.. കല്യാണം കഴിഞ്ഞ് അഞ്ചു വർഷങ്ങളായിട്ടും കുട്ടികൾ ഇല്ല എന്ന കാരണത്തിന് പരിഹാരം കാണാൻ ഡോക്ടറിനെ കണ്ടിട്ട് വരുമ്പോഴാണ് ഞങ്ങൾ വന്ന കാർ ഒരു സ്കൂട്ടിയിൽ ഇടിച്ചത്…

ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് കാത്ത് നിന്നപ്പോഴാണ് തലക്കേറ്റ പ്രഹരത്തിൽ പെൺകുട്ടി എല്ലാം മറന്നുപോയെന്ന് ഡോക്ടർ പറഞ്ഞറിഞ്ഞത്…

അപ്പോ ത്രേസ്യ ആണ് അവളെ നമുക്ക് നമ്മടെ കുഞ്ഞായിട്ട് വളർത്താന്ന് പറഞ്ഞത്…അവൻ വിലങ്ങു തടിയായിട്ട് വരും എന്ന് ഓർത്താണ് മയക്കം വിടുന്നതിനു മുൻപേ മോളെ ഞങ്ങടെ നാട്ടിലെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയുന്നത്…മോൾക് ബോധം വന്നപ്പോൾ ഞങ്ങൾ നിന്റെ പപ്പയും മമ്മിയും ആയി കഴിഞ്ഞിരുന്നു…”

“എന്നിട്ട്…എന്നിട്ട് എന്റെ ഇച്ചായൻ എന്നെ അന്വേഷിച്ചു വന്നില്ലേ…”

“വന്നു…കുറച്ച് നാളുകൾ മുൻപാണ് അവൻ വീട്ടിൽ വന്നത്..മോൾ അന്ന് കോളജിൽ പോയാരുന്നു.. വിട്ട് കൊടുക്കണം എന്ന് പറഞ്ഞപ്പോ തലകറങ്ങി വീണ ത്രേസ്യയെ കണ്ട് അവൻ തന്നെ പിന്മാറി…”

കുറ്റബോധത്തോടെ ഉള്ള പപ്പയുടെ പറച്ചിൽ എന്നെ ഒരുപാട് വേദനിപ്പിച്ചു…

“എന്റെ ഇച്ചായനെ കൂടി നിങ്ങൾക്ക് മോനായിട്ട് കണ്ടൂടാരുന്നോ പപ്പാ…പാവം അല്ലാരുന്നോ എന്റിച്ചായൻ”

“മോളെ…ആനി…തെറ്റ് പറ്റിപ്പോയി ഞങ്ങക്ക്…”

ഒന്നും പറയാൻ തോന്നിയില്ല…നിറഞ്ഞു വരുന്ന കണ്ണുകൾ അടച്ചുപിടിച്ചു എനിക്ക് എന്റിച്ചായനെ കാണണംന്ന് മാത്രം പറഞ്ഞു…അപ്പോഴും എന്നെ വേദനയോടെ നോക്കികൊണ്ടിരിക്കുന്ന പപ്പയുടെ മുഖവും അതുപോലെ തന്നെ എന്നെ വേദനിപ്പിച്ചു..

പപ്പാ പോയെന്ന് മനസ്സിലായതും കണ്ണ് തുറന്ന എന്റെ അടുക്കലേക്ക് വീണ്ടും ആ മാലാഖ വന്നു.. എന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിപ്പിക്കുമ്പോഴാണ് ഇച്ചായൻ അങ്ങോട്ട് വന്നത്… കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വന്ന ഇച്ചായന്റെ ദൈന്യത ഏറിയ മുഖം എന്നിലെ ഇച്ചായന്റെ ആനിമോളെ ഉണർത്തി…എന്റെ കയ്യിലൊരു സൂചികൊണ്ടാൽ കണ്ണ് നിറയുന്ന എന്റെ ഇച്ചായൻ…

സ്നേഹത്തോടെ ഓടി അടുക്കുമെന്ന് പ്രതീക്ഷിച്ച ഇച്ചായൻ ഒരു വീർപ്പുമുട്ടലോടെ വാതിക്കൽ നിക്കുന്നത് കണ്ടപ്പോൾ ഞാൻ ദേഷ്യപ്പെടുമോ എന്ന് പേടിച്ചിട്ട് ആണെന്ന് തോന്നി…

“ഇ…ഇച്ചായാ…”

ഒരു ഞെട്ടലോടെ ആ വിളി കേട്ട് എന്റടുക്കലേക്ക് ഓടി എത്തിയ ഇച്ചായൻ എന്നെ ഒരു വിങ്ങലോടെ ചേർത്ത് പിടിച്ചു…

“ആനിമോളെ…”

“ഇച്ചായാ….ഞാൻ മറന്നു പോയല്ലോ ഇച്ചായാ…എനിക്ക് മനസിലായില്ലല്ലോ…വെറുപ്പ് ആണെന്ന് വരെ പറഞ്ഞു പോയല്ലോ ഇച്ചായാ..എന്നോട് പൊറുക്ക് ഇച്ചായാ…”

“ആനിമോളെ…കരയല്ലേടാ…ഇച്ചായന്‌ മോളോട് എന്ത് ദേഷ്യം…ഇതെന്റെ ആനിമോൾ അല്ലേ..ഒന്നും മോൾ കാരണം അല്ലല്ലോ..പിന്നെന്തിനാ കരയുന്നെ..”

“എന്നാലും ഇച്ചായാ…”

“ആനിമോളെ വേണ്ടാട്ടോ…”എന്ന് പറഞ്ഞു സ്നേഹത്തോടെ തഴുകുന്ന ഇച്ചായന്റെ മുഖത്തെ സന്തോഷം പുതുജീവൻ നൽകുന്നത് പോലെ തോന്നി…

കുറച്ച് നേരം കഴിഞ്ഞാണ് ഞങ്ങളെ തന്നെ നോക്കി നിറഞ്ഞ കണ്ണുമായി നിൽക്കുന്ന പപ്പയെമ് മമ്മിയെമ് കണ്ടത്..എനിക്ക് മുന്നേ തന്നെ ഇച്ചായൻ അവരെ അടുത്തേക്ക് വിളിച്ചു…

കരഞ്ഞുകൊണ്ട് അമ്മച്ചി ഇച്ചായന്റെ കാലിൽ വീഴാൻ തുടങ്ങിയപ്പോഴാണ് എന്നെ മാറ്റി മമ്മിയെ ചേർത്ത് പിടിച്ചത്…

“അയ്യേ ഇതെന്ന അമ്മച്ചി…ഇനി അങ്ങോട്ട് ഒരു മോനെകൂടി കാവുംകാട്ടെ സേവ്യർ ദത്തെടുത്ത കാര്യം അമ്മച്ചി അറിഞ്ഞില്ലേ” കേട്ടത് വിശ്വസിക്കാൻ ആവാതെ പപ്പയുടെ മുഖത്തു നോക്കിയപ്പോൾ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അത് സത്യമാണെന്നു വിളിച്ചു പറഞ്ഞു…

ഇച്ചായനെ സ്നേഹത്തോടെ പുൽകുന്ന അമ്മച്ചിയുടെ മുഖം എന്നിലെ വേദന എല്ലാം മായ്ച്ചു കളഞ്ഞു…

“അമ്മച്ചിയോടു ക്ഷമിക്കെടാ മോനെ…”

“കുറച്ച് മുൻപ് ഞാൻ അമ്മച്ചി ന്ന് വിളിച്ചപ്പോ തീർന്നതല്ലേ എല്ലാ പരിഭവങ്ങളും…ഇനി ന്തിനാ കരയുന്നെ…ദേ എന്നെ മാത്രം ശ്രദ്ധിക്കുന്നുന്ന് ഓർത്ത് അമ്മച്ചിടെ കാന്താരി ഇവിടെ പിണങ്ങി ഇരിക്കുന്നുണ്ട്”

ഇച്ചായനെ വിട്ട് നിറഞ്ഞ പുഞ്ചിരിയോടെ എന്റെ അരികിലേക്ക് അമ്മച്ചി വന്നപ്പോ പപ്പ ഇച്ചായനെ ചേർത്ത് പിടിച്ചു…

പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്നാണ് വീട്ടിലേക്ക് പോകുന്നത്…കാപ്പി കുടിച്ചിട്ട് കിടക്കുമ്പോഴാണ് മാലാഖ കൊച്ചു അങ്ങോട്ട് വന്നത്..പതിവിൽ നിന്ന് വിപരീതമായി ആ വെള്ളകുപ്പായത്തിൽ നിന്ന് മാറി നീല നിറത്തിലെ ഒരു സാരി ചുറ്റിയ സുന്ദരി മാലാഖ…

“ആഹാ…ആനികൊച്ചങ് ഉഷാറായല്ലോ…”

“പിന്നില്ലേ…”

“ഇന്ന് പോകുവല്ലേ…ഇന്നലെ നൈറ്റ്‌ ആരുന്നു..അതാണ് ഇപ്പോ കണ്ടിട്ട് പോകാം എന്ന് കരുതിയത്…ഇനി ചിലപ്പോ കണ്ടില്ലങ്കിലോ..” അത് കേൾക്കേ ന്തിനോ ഉള്ളിൽ ഒരു വിഷമം വന്നു..എന്റെ മുഖത്തേക്ക് തന്നെ നോക്കുന്ന ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട് എന്ന് തോന്നി…

“മാലാഖകൊച്ചേ…നീയും കൂടെ വരുന്നോ എന്റെ ഇച്ചായന്റെ മാലാഖ ആയിട്ട് ഞങ്ങടെ വീട്ടിലേക്ക്.. “

കൊതിച്ചത് എന്തോ കേട്ടത് പോലെ വിടർന്ന ആ കണ്ണുകളിലെ തിളക്കം എന്റെ ഇച്ചായന്‌ വേണ്ടിയായിരുന്നു… എന്റിച്ചായന്‌ വേണ്ടി മാത്രം….

Leave a Reply

Your email address will not be published. Required fields are marked *