ആരോടും പറയാതെ
(രചന: ശ്യാം കല്ലുംകുഴിയിൽ)
മോളെ സ്കൂളിലാക്കി തിരിഞ്ഞു നടക്കുമ്പോൾ പതിവുപോലെ കാറിൽ തന്നെയും നോക്കി ഇരിക്കുന്ന അയാളെ അനിത ശ്രദ്ധിച്ചു.
അവളുടെ നോട്ടം ഒന്ന് അയാളിലേക്ക് പാളിയെങ്കിലും പെട്ടെന്ന് അവൾ നോട്ടം പിൻവലിച്ച് തല കുമ്പിട്ട് നടന്നു..
ഇതിപ്പോ കുറെ ദിവസായി ഇയാൾ ഇങ്ങനെ രാവിലെയും വൈകുന്നേരവും ആയിയുള്ള നോക്കി നിൽക്കൽ, ഇതിനൊന്നും വേറെ പണിയില്ലേ അവൾ മനസ്സിൽ ഓർത്തു കൊണ്ട് വീട്ടിലേക്ക് നടന്നു…
അനിത കണ്ണിൽ നിന്ന് മറയുന്നത് വരെ അവളെയും നോക്കി നിന്ന ശേഷമാണ് അന്നും ജെറി അവിടെ നിന്ന് പോയത്. അവളെ കണ്ടത് മുതൽ ജെറിയുടെ മനസ്സ് നിറയെ ആ പഴയ പത്താം ക്ലാസ്സുകരി ആയിരുന്നു.
അവൾ അറിയാതെ അവളുടെ വഴികളിൽ അവളെ മറഞ്ഞു നിന്ന് നോക്കി നിന്നിരുന്ന, ഇന്റർവെൽ സമയങ്ങളിൽ അവളുടെ ക്ലാസിന് മുന്നിൽ കൂടി നടന്നിരുന്ന ആ സ്കൂൾ കാലം,അതൊക്കെ ആയിരിന്നു ജെറിയുടെ മനസ്സ് നിറയെ…
തിരികെ വീട്ടിൽ എത്തിയ ശേഷവും അനിത അയാളെ കുറിച്ച് ചിന്തിച്ചു നോക്കി, അയാളെ മുൻപ് എങ്ങും കണ്ടതായി അവൾക്ക് ഓർക്കാൻ കഴിഞ്ഞില്ല,
ഇനിയും അയാൾ നോക്കി നിന്നാൽ തീർച്ചയായും അയാളോട് ചെന്ന് ചോദിക്കാൻ തന്നെ അനിത തീരുമാനിച്ചുറപ്പിച്ചു…
അന്ന് വൈകുന്നേരം മോളെ വിളിക്കാൻ പോകുമ്പോൾ സ്കൂൾ ഗേറ്റിന്റെ പുറത്ത് അയാളെയും വണ്ടിയെയും അനിത ശ്രദ്ധിച്ചു.
അയാളോട് ചോദിക്കാൻ വേണ്ടി തിരിഞ്ഞതും കൂട്ട ബെൽ അടിച്ച് കുട്ടികൾ പുറത്തേക്ക് ഓടി തുടങ്ങി.. പിന്നെ അനിത അങ്ങോട്ട് പോകാതെ ഓടി വരുന്ന മോളുടെ ബാഗും വാങ്ങി അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു…
പിറ്റേ ദിവസം മുതൽ ആ വണ്ടിയെയും അയാളെയും അവൾ കണ്ടില്ല.
കാണാതെ ഇരുന്നപ്പോൾ അനിതയുടെ മനസ്സിൽ ആശ്വാസം ഉണ്ടായിരുന്നു എങ്കിലും ഇടയ്ക്ക് ഇടയ്ക്ക് അനിത അറിയാതെ അവളുടെ നോട്ടം ആ വണ്ടി കിടന്നിരുന്ന സ്ഥലത്തേക്ക് പാളിയിരുന്നു..
പിന്നീടുള്ള ദിവസങ്ങളിലും അയാളെ കാണാതെ ആയപ്പോൾ അനിതയുടെ ചിന്ത അയാളെ കുറിച്ച് ആയിരുന്നു.. ആരായിരുന്നു അയാൾ, എന്തിനാകും എന്നും തന്നെ നോക്കി നിൽക്കുന്നത്,,അങ്ങനെ കുറെ ചിന്തകൾ അവളുടെ മനസ്സിൽ ഉടലെടുത്തു…
പിന്നെ ഒരു ദിവസം മോളെ സ്കൂളിൽ അവൾക്ക് റ്റാറ്റയും നൽകി തിരിയുമ്പോൾ അനിത വീണ്ടും കണ്ടു ആ വണ്ടിയെയും അയാളെയും.
അനിത അയാളിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി എങ്കിലും വീണ്ടും അവളുടെ കണ്ണുകൾ അയാളുടെ നേർക്ക് പതിഞ്ഞു. ഇന്നിനി എന്തായാലും അയാളോട് നേരിട്ട് ചോദിക്കാൻ തീരുമാനിച്ച് കൊണ്ട് അനിത ജെറിയുടെ അടുത്തേക്ക് നടന്നു..
അനിത ജെറിയുടെ അടുത്ത് എത്തുമ്പോഴേക്കും ഒരു പുഞ്ചിരിയോടെ ജെറി ഡോർ തുറന്നിറങ്ങി കാറിൽ ചാരി നിന്നു.
അയാളുടെ നോട്ടം കണ്ടപ്പോൾ അയാൾക്ക് തന്നെ മുൻപ് പരിചയം ഉണ്ടാകും എന്ന് അനിത ഉറപ്പിച്ചു,പക്ഷെ എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മകളിൽ നിന്ന് പുറത്തെടുക്കാൻ ആനിതയ്ക്ക് കഴിഞ്ഞില്ല…
“അനിതയല്ലേ….” അവൾ എന്തേലും ചോദിക്കും മുൻപേ ജെറിയുടെ ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു…
” അതെ… പക്ഷേ എനിക്ക്……” അവൾ മുഴുവിപ്പിക്കാതെ സംശയത്തോടെ പറഞ്ഞു നിർത്തി..
” താൻ ഈ സ്കൂളിൽ തന്നെയല്ലേ പത്താം ക്ലാസ് വരെ പഠിച്ചത്…” അവൾ അതേ എന്ന് തലയാട്ടിയപ്പോഴും അനിതയുടെ മുഖത്ത് സംശയം നിഴലിച്ചിരുന്നു..
“10-E യിലെ രണ്ടാമത്തെ ബഞ്ചിൽ മൂന്നാമത് ഇരുന്നിരുന്ന ചുരുളൻ മുടിക്കാരി…”
ജെറി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അനിതയ്ക്ക് അത്ഭുതമാണ് തോന്നിയത്,തന്നേ ഇത്രയും ഓർമ്മയുള്ള അയാൾ ആരാണെന്ന് അറിയാൻ അവൾക്കും കൗതുകം തോന്നി…
” ചുരുളൻ മുടിയൊക്കെ താൻ സ്ട്രൈറ്റ് ചെയ്ത് എടുത്തല്ലോ,, എങ്കിലും ഭംഗി ആ ചുരുളൻ മുടിക്ക് ആയിരുന്നു…”
തനിക്ക് ഇഷ്ട്ടം അല്ലാഞ്ഞിരുന്ന ചുരുളൻ മുടിയെ ഇഷ്ടപെട്ടവരും ഉണ്ടായിരുന്നു എന്നവൾ അപ്പോഴാണ് അറിഞ്ഞത്.
” എന്റെ കൂടെ പഠിച്ചത് ആണെന്ന് മനസ്സിലായി പക്ഷേ ആളിനെ……”
” എന്നെ ഒരിക്കലും മനസ്സിലാകാൻ വഴിയില്ല, നമ്മൾ പര്സപരം സംസാരിച്ചിട്ടില്ല,യദൃച്ഛികമായി അല്ലാതെ താൻ എന്നെ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയം ആണ്…”
ആപ്പോഴേക്കും അയാളുടെ മൊബൈൽ പോക്കറ്റിൽ നിന്ന് ശബ്ദിച്ചു തുടങ്ങി…
” ഓക്കെ അനിതാ പിന്നേ കാണാം അല്പ്പം തിരക്കുണ്ട്…”
അത് പറഞ്ഞ് അനിതയുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ, ഫോണിൽ സംസാരിച്ചു കൊണ്ട് ജെറി കാറിൽ കയറി പോയി.
അനിത വീട്ടിലേക്ക് നടക്കുമ്പോൾ അയാളെ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അന്നൊക്കെ ആൺകുട്ടികളും പെൺകുട്ടികളും വേറെ വേറെ ക്ലാസ്സിൽ ആയത് കൊണ്ട് ആൺ സുഹൃത്തുക്കൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല,
അതുമല്ല ആൺ കുട്ടികളോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു…എന്നിട്ടും വർഷങ്ങൾക്ക് ഇപ്പുറവും ഓർത്ത് ഇരിക്കുന്ന അയാൾ ആരാണെന്ന് അനിതയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല…
അന്ന് വൈകുന്നേരം മോളെ വിളിക്കാൻ ചെന്നപ്പോൾ അയാളെ കണ്ടെങ്കിലും ആളിനെ മനസ്സിലാകാത്തത് കൊണ്ട് അയാൾക്ക് അരികിലേക്ക് പോകാൻ അനിത മടിച്ചു.
അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് മോളേയും കൂട്ടി പോകുമ്പോൾ ജെറിയും പകരം ഒരു പുഞ്ചിരി നൽകി അനിത കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു….
പതിവുപോലെ പിറ്റേന്ന് മോളെ സ്കൂളിൽ ആക്കി അനിത തിരികെ കാറിൽ ചാരി തന്നെയും നോക്കി നിൽക്കുന്ന ജെറിയുടെ അടുക്കലേക്ക് നടന്നു…
” ഇന്നലെ ഫുൾ ഞാൻ സ്കൂൾ ജീവിതം ഓർത്തു നോക്കി ഇങ്ങനെ ഒരു മുഖം മാത്രം എങ്ങും കടന്ന് വന്നില്ല…” അനിത പരിഭവം കലർന്ന ശബ്ദത്തോടെ പറഞ്ഞപ്പോൾ ജെറി ചിരിച്ചു പോയി…
” ഞാൻ പറഞ്ഞില്ലേ താൻ എന്നെ യദൃച്ഛികമായി പോലും കണ്ടിരിക്കാൻ വഴിയില്ല, പിന്നെ എങ്ങനെ ഓർമ്മ കിട്ടും…”
” എന്നാൽ പറ ആരാ..”
” എന്റെ പേര് ജെറി, നമ്മൾ ഒരേ വർഷം പത്താംക്ലാസ് എഴുതിയവർ ആണ്..” അനിത താടിക്ക് വിരൽ വച്ച് ഒന്നുകൂടി ചന്തിചെടുക്കൻ ശ്രമിച്ചു നോക്കി…
” സോറി എനിക് ഓർമ്മ കിട്ടുന്നില്ല…” അനിത പരിഭാവത്തോടെ പറഞ്ഞു…
” എനിക്ക് നല്ല ഓർമ്മയുണ്ട് ഇരു വശങ്ങളിലും മുടി തെന്നി കെട്ടി ചുവപ്പ് റിബൻ കെട്ടിയ, നെറ്റിയിൽ ചെറിയ ചന്ദനകുറി ഇട്ട,
എപ്പോഴും ചുരുളൻ മുടിയിൽ വിരലുകൾ കറക്കി വലിച്ചു നടക്കുന്ന, രാവിലെ സ്‌കൂളിൽ ഈശ്വര പ്രാർത്ഥന പാടാൻ നിൽക്കുന്ന ആ പവടക്കാരിയുടെ മുഖം ഇപ്പോഴും കൺമുൻപിൽ തന്നെയുണ്ട്….”
ജെറി അത് പറയുമ്പോൾ അനിതയുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു. തന്നെ കുറിച്ച് ഇത്രയധികം നല്ല ഓർമ്മകൾ സൂക്ഷിക്കുന്ന ഒരാൾ..
” താൻ അന്ന് ആദ്യമായി മൂക്കുകുത്തി ഇട്ടുകൊണ്ടു വന്ന ദിവസം. അത് കാണാൻ കൂട്ടുകാരികൾ ഇന്റർവെൽ സമയങ്ങളിൽ തന്റെ അരികിൽ കൂട്ടം കൂടി നിൽക്കുമ്പോൾ അവർക്കിടയിൽ കൂടി ആ കറുത്ത കല്ല് വച്ച മൂക്കുത്തി ഒരു മിന്നായം പോലെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്….”
അത് പറഞ്ഞു തീരും മുൻപേ ജെറി ഉച്ചത്തിൽ ചിരിച്ചുപോയി..അത് കേട്ടപ്പോൾ എന്തെന്നില്ലാതെ അനിതയുടെ കണ്ണുകൾ ഈറനണിഞ്ഞു…
” ഇനിയും ഉണ്ട് ഒരുപാട് കഥകൾ. താൻ അറിയാതെ തന്നെ പിന്തുടർന്ന ഒരുപാട് കഥകൾ…” അത് പറയുമ്പോൾ ജെറിയുടെ വാക്കുകളിൽ അൽപ്പം നിരാശ കലർന്നിരുന്നു….
” അല്ല ജെറി എന്താ ചെയ്യുന്നേ…” അയാളുടെ മുഖത്തെ നിരാശ കണ്ടപ്പോൾ വിഷയം മാറ്റാൻ വേണ്ടിയാണ് അനിത അത് ചോദിച്ചത്…
” ഞാൻ ചെറിയ ബിസിനസ്സും കാര്യങ്ങളുമായിയൊക്കെ പോകുന്നു… അല്ല എന്നാ ഹസ് ദുബായിൽ നിന്ന് ലാന്റ് ചെയ്യുന്നത്..”
” എന്റെ എല്ലാ കാര്യവും ഫുൾ അപ്ഡേറ്റഡ് ആണല്ലോ…” അനിത ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ജെറിയും ചിരിച്ചുപോയി….
” പുള്ളി അവിടെ ബിസിനസ്സും തിരക്കും അല്ലെ നാട്ടിൽ വരാൻ എവിടാ ടൈം, അതുകൊണ്ട് ഞാനും മോളും ഈ വെക്കേഷനിൽ ദുബായിക്ക് പറക്കും…ബാക്കിയുള്ള ജീവിതം ഇനി അവിടെ…”
അനിത മുഖത്ത് ചിരി വരുത്തി പറയുമ്പോഴും ഉള്ളിലെ വേദന ജെറിക്ക് മനസ്സിലായി…
” ജെറിയുടെ ഭാര്യ കുട്ടികൾ അതൊന്നും പറഞ്ഞില്ലല്ലോ..”
” വിവാഹം കഴിഞ്ഞു കുട്ടികൾ ആയിട്ടില്ല….” ജെറിക്ക് അങ്ങനെ ഒരു കള്ളം പറയാനാണ് അപ്പോൾ തോന്നിയത്…
” എന്നാൽ ശരി, ഞാൻ പൊയ്ക്കോട്ടെ സമയം പോകുന്നു…”
അനിത അത് പറഞ്ഞ് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ അവളെയും നോക്കി ജെറി കാറിൽ ചാരി നിന്നു…
” അതേ നാളെമുതൽ ഇവിടെ നിൽക്കണ്ട ട്ടോ, അടുത്ത ആഴ്ച്ച മോളുടെ എക്സ്സം തുടങ്ങുകയാണ്,അതുവരെ അവൾക്ക് അവധിയാണ്,അതുകൊണ്ട് ഇനി അടുത്ത ആഴ്ചയെ ഇവിടേക്ക് ഉള്ളു….”
ചിരിച്ചുകൊണ്ട് അതും പറഞ്ഞ് അനിത വീട്ടിലേക്ക് നടന്നു. അന്ന് വൈകുന്നേരം മോളെ കൊണ്ടു പോകാൻ എത്തിയപ്പോൾ ജെറി നിൽക്കാറുള്ള സ്ഥലത്തേക്ക് നോക്കിക്കിയെങ്കിലും അയാൾ അവിടെ എത്തിയില്ലായിരുന്നു..
അന്ന് നിരാശയോടെ ആണ് അനിത തിരികെ പോയത്… പിന്നീടുള്ള ഒരാഴ്ച്ച അവളുടെ ചിന്തകളിൽ ജെറി മാത്രം ആയിരുന്നു…
അടുത്ത ആഴ്ച്ച മോളുടെ എക്സാം തുടങ്ങുന്ന ദിവസം അനിതയ്ക്ക് സ്കൂളിലേക്ക് പോകാൻ പ്രത്യേക ഉത്സാഹം ആയിരുന്നു. കുറച്ച് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതും ജെറിയെ കാണാൻ വേണ്ടിയായിരുന്നു, പക്ഷെ അന്നും നിരാശമാത്രമായിരുന്നു ഫലം..
എക്സാം തീരുന്ന ദിവസമെങ്കിലും ജെറിയെ ഒന്ന് കാണാൻ പറ്റണെ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി.
അവസാനം ദിവസം മോളേയും കൊണ്ട് വന്നപ്പോൾ അവൾ കണ്ടു ആ വണ്ടിയും അതിൽ ഇരിക്കുന്ന ജെറിയേയും,മോളെ വേഗം സ്കൂളിലേക്ക് ആക്കി അനിത പെട്ടെന്ന് ജെറിയുടെ അടുക്കലേക്ക് നടന്നു…
” എവിടെ ആയിരുന്നു, കുറച്ച് ദിവസമായല്ലോ കണ്ടിട്ട്…..” അനിതയുടെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു..
” കുറച്ച് ബിസിനസ്സ് തിരക്ക് ആയിപ്പോയി…”
അനിതയുടെ മുഖത്തെ പരിഭവം അവൻ ആസ്വദിച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ ജെറി പറഞ്ഞു..
” അടുത്ത ആഴ്ച്ച ഞാനും മോളും പോകും… അതിന് മുന്നേ ഒന്ന് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു, ഇനി ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ…”
” വിധി ഉണ്ടേൽ ജീവിത യാത്രയിൽ വീണ്ടും നമ്മൾ യദൃച്ഛികമായി കണ്ടുമുട്ടും…” ജെറി അത് പറയുമ്പോൾ അനിത അതെയെന്ന അർത്ഥത്തിൽ തലയാട്ടി…
” ജെറി ആ ഫോൺ നമ്പർ തരുമോ, ഇനിയിപ്പോ കണ്ടെന്ന് വരില്ല വല്ലപ്പോഴും ഒന്ന് സൗഹൃദം പുതുക്കാല്ലോ….”
” അത് വേണ്ട അനിത, ചില സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ബാധ്യത ആണ്, ജീവിതത്തിൽ ഉള്ള സന്തോഷവും സമാധാനവും കളയാൻ അത് മതി, അത് കൊണ്ട് തന്നെ അത് അകന്ന് ഇരിക്കുന്നത് ആകും നല്ലത്….”
ജെറിയുടെ ആ വാക്കുകൾക്ക് മറുപടി നൽകാൻ അനിതയ്ക്ക് വാക്കുകൾ ഇല്ലായിരുന്നു…
” ആ പഴയ പത്താം ക്ലാസ്സുകരിയോട് തോന്നിയ ആ ഇഷ്ടം അതുപോലെ തന്നെ എനിക്ക് ഇപ്പോഴും ഉണ്ട്, അതുകൊണ്ട് തന്നെ നമ്മൾ കാണാതെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് എന്റെ മനസ്സിൽ നിന്ന് താൻ മാഞ്ഞു പോകില്ല….”
” ജെറി അതും ഓർത്ത് നടക്കുക ആണോ ഇപ്പോഴും, അതൊക്കെ സ്കൂൾ ജീവിതത്തിൽ എല്ലാവർക്കും തോന്നുന്ന ഒരു അട്രാക്ഷനല്ലേ അതൊക്കെ ഇത്ര സീരിയസ് അക്കണോ….”
” ഹ… ഹ … അതൊന്നും അറിയില്ല എന്നാലും എനിക് ഇപ്പോഴും ആ ഇഷ്ട്ടം ഉണ്ട്.. അതുകൊണ്ട് ആണല്ലോ പലപ്പോഴും താൻ പോലും അറിയാതെ തന്നെ പിന്തുടർന്നിട്ടുള്ളത്..
ഇനിയും താൻ അറിയാതെ ആ പിന്തുടരൽ തുടർന്ന് കൊണ്ടേയിരിക്കും….”
” ഇത് ശരിക്കും ഭ്രാന്ത് തന്നെ…”
അനിത ചിരിച്ചുകൊണ്ട് പറയുമ്പോൾ ജെറിയും ആ ചിരിയിൽ പങ്കുചേർന്നു.. അവർ പിന്നെയും ഒരുപാട് നേരം സംസാരിച്ചിരുന്നു, സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുറത്തേക്ക് വന്നപ്പോൾ ആണ് സമയം പോയത് തന്നെ അവർ അറിയുന്നത്…
” എന്നാൽ ഞാൻ പൊയ്ക്കോട്ടെ, ജെറി പറയുന്നത് പോലെ ജീവിതയാത്രയിൽ യാദൃച്ഛികമായി ഇനിയും നമുക്ക് കണ്ടുമുട്ടാം…..”
അനിത ചിരിച്ചു കൊണ്ട് അത് പറയുമ്പോൾ ജെറി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു.. മോളേയും കൂട്ടി നടക്കുമ്പോൾ അനിത ഇടയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കി അപ്പോഴും ജെറി കാറും ചാരി നിൽക്കുക ആയിരുന്നു..
അനിത കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ആണ് ജെറി പേഴ്സിൽ നിന്ന് നാലയി മടക്കി വച്ചിരുന്ന പേപ്പർ എടുത്തത്,
അന്ന് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അനിതയ്ക്ക് കൊടുക്കാൻ എഴുതിയ ആ പ്രേമലേഖനം അവൻ ഒന്ന് കൂടി വായിച്ചപ്പോൾ അവൻ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിർടന്നു…
വർഷങ്ങൾക്ക് ഇപ്പുറവും ജെറിക്ക് അനിതയോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല.
ആ പഴയ പത്താം ക്ലാസുകാരനെ പോലെ അനിത അറിയാതെ അവളുടെ വഴികളിൽ അവളുടെ ഒരു നോട്ടം കൊതിച്ച് ജെറി ഇനിയും ഉണ്ടാകും…… അനിത പറഞ്ഞത് പോലെ ഒരു തരം ഭ്രാന്ത് തന്നെയാണ് ചില ഇഷ്ടങ്ങൾ…..