ഡാ ശങ്കുണ്ണി ഒളിച്ചോടിപ്പോയ നിന്റെ അച്ഛൻ തിരികെ വന്നിട്ടുണ്ടല്ലോ കുറച്ച് പിടയ്ക്കുന്ന..

അച്ഛൻ
(രചന: ശ്യാം കല്ലുകുഴിയിൽ)

” ഡാ ശങ്കുണ്ണി ഒളിച്ചോടിപ്പോയ നിന്റെ അച്ഛൻ തിരികെ വന്നിട്ടുണ്ടല്ലോ കുറച്ച് പിടയ്ക്കുന്ന മീൻ വാങ്ങിക്കൊണ്ട് പോടാ…”

ജോലി കഴിഞ്ഞ് വൈകുന്നേരം കവലയിൽ വന്നിറങ്ങിയപ്പോൾ ആണ് റോഡരികിൽ മീൻ കച്ചവടം ചെയ്യുന്ന ഉസ്മാനിക്ക അത് പറഞ്ഞത്. അയ്യാളുടെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങിയപ്പോൾ അയാൾക്ക് ചുറ്റും കൂടി നിന്നവർ പൊട്ടി ചിരിച്ചു തുടങ്ങി,

അതൊരു കൂട്ട ചിരി ആകാൻ വല്യ സമയം വേണ്ടി വന്നില്ല, കുറച്ച് നാളായി ഇല്ലാതെ ഇരുന്നത് ആയിരുന്നു ഈ കളിയാക്കൽ, ഇനിയും അവിടെ നിന്നാൽ അവരുടെ കളിയാക്കൽ  കൂടുമെന്നത് കൊണ്ട് ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു…

ഒൻപതിൽ പഠിക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു ദിവസം അച്ഛൻ കൂട്ടുകാരനായ റഷീദിന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടിയെന്ന വാർത്ത കേൾക്കുന്നത്. അന്യമതക്കാരിയോടൊപ്പം ആയത് കൊണ്ട് തന്നെ വർത്ത വളരെ പെട്ടെന്ന് നാട്ടിൽ പടർന്നു.

എങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ല എന്നപോലെ ആയിരുന്നു അമ്മയുടെ ഭാവം. അച്ഛൻ പോയതിന്റെ പേരിൽ ആ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ പൊഴിയുന്നത് ഇതുവരെ കണ്ടിട്ടില്ല…

സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരുടെ ഓരോരോ കളിയാക്കലുകൾ കേൾക്കുമ്പോൾ ആരോടും പരാതി പറയാതെ ഡസ്കിൽ തല ചായച്ച് ഇരുന്ന് കരഞ്ഞു തീർത്ത ദിവസങ്ങൾ, എല്ലാത്തിനും കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് തനിച്ചു നടന്ന ബാല്യം. കൂട്ടുകാരുടെ കളിയാക്കലുകൾ പേടിച്ച് സ്കൂളിൽ പോകാൻ മടിച്ചു കിടന്ന ദിവസങ്ങൾ.

എല്ലാവരും കുത്തികുത്തി പറഞ്ഞ് കളിയാക്കുമ്പോഴും ആരുടെയും മുന്നിൽ തല കുനിക്കാതെ ജീവിവക്കാൻ പഠിപ്പിച്ചത് അമ്മയാണ്, അമ്മയ്ക്ക് ഉണ്ടായിരുന്ന ചെറിയ ജോലി കൊണ്ട് തന്നെയാണ് നമ്മുടെ ജീവിതം മുന്നോട്ട് പോയതും..

വർഷങ്ങൾക്ക് ഇപ്പുറം അച്ഛൻ വന്നിട്ടുണ്ട് എന്ന് കേട്ടപ്പോൾ മനസ്സിൽ ആ ഒൻപതാം ക്ലാസുകാരൻ അനുഭവിച്ച വേദനയും അവഗണനയും ആണ് ആദ്യം തെഹട്ടി വന്നത്. ആ ദുരിത ജീവിതങ്ങൾ ഓർക്കുമ്പോൾ ഉള്ളിൽ നിന്ന് കണ്ണീരിനൊപ്പം നിലയ്ക്കാത്ത ദേഷ്യമാണ് പുറത്തേക്ക് വന്നത്.

എന്റെയും അനിയത്തിയുടെയും ബാല്യത്തിലെ സന്തോഷം തകർത്ത, ജീവിതത്തിൽ ദുരിതദിവസങ്ങൾ സമ്മാനിച്ച അച്ഛനെന്ന ആ മനുഷ്യനോട് എന്നും ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു….

ആ ദുരിത ജീവിതങ്ങൾ ആലോചിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കാലുകളുടെ വേഗത കൂടി, ദേഷ്യം കൊണ്ടാകും ശരീരം പതിവില്ലാതെ വിയർത്തിരുന്നു.

മുറ്റത്ത് എത്തുമ്പോഴേ കണ്ടിരുന്നു തിണ്ണയിൽ ഒതുക്കി ഇട്ടേക്കുന്നെ തേഞ്ഞു തീരാറായ പരാഗന്റെ സ്ലിപ്പർ ചെരുപ്പ്. ഒരു നിമിഷം അതിൽ നോക്കി നിന്ന് ശേഷമാണ് വീട്ടിലേക്ക് കയറിയത്..

പാതി അടഞ്ഞുകിടക്കുന്ന അമ്മയുടെ മുറിയിൽ നിന്ന് പെങ്ങളുടെ നിർത്തതെയുള്ള സംസാരവും ഇടയ്ക്ക് അച്ഛന്റെ ചിരിയും കേൾക്കുന്നുണ്ട്, അത് കേട്ടപ്പോൾ വീണ്ടും ഉള്ളിലെ ദേഷ്യം ഇരച്ചുകയറി. അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മ അടുക്കളയിൽ ധൃതി പിടിച്ച് ജോലിയെടുക്കുകയാണ്..

” ആഹാ പതിവില്ലാതെ ഇന്ന് ചിക്കനോക്കെ ഉണ്ടല്ലോ…”

ഉള്ളിലെ ദേഷ്യം മറച്ച് വച്ച് ഒന്നും അറിയാതെ പോലെ അമ്മയോട് ചോദിച്ചു..

” ഉം… അദ്ദേഹം വന്നിട്ടുണ്ട്…” സവാള അരിഞ്ഞുകൊണ്ട് അമ്മ പറയുമ്പോൾ, ആ മനുഷ്യൻ ഇത്രയും കഷ്ടപ്പെടുത്തിയിട്ടും അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു. എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി…

” ഏത് അദ്ദേഹം…” എന്റെ ചോദ്യത്തിന് അമ്മ അൽപ്പനേരം ഒന്നും മിണ്ടിയില്ല..

” നിങ്ങടെ അച്ഛൻ അല്ലാതെ ആരാ..” അത് പറഞ്ഞമ്മ കണ്ണുനീർ തുടയ്ക്കുമ്പോൾ അത് സവാള അരിഞ്ഞു കണ്ണീർ വന്നതാണോ അതോ ഉള്ളിൽ നിന്ന് വന്നത് ആണോ എന്നെനിക്ക് മനസ്സിലായിരുന്നില്ല…

” അച്ഛനോ ഏത് അച്ഛൻ, എന്റെ അച്ഛൻ പണ്ടേ ആരുടെയോ ഒപ്പം നാടുവിട്ട് പോയി, അച്ഛനായില്ലാതെ തന്നെയാണ് ഞാൻ വളർന്നത് ഇനിയങ്ങോട്ടും അച്ഛൻ വേണമെന്നില്ല…”

അച്ഛനോടുള്ള ദേഷ്യം മൊത്തം പുറത്ത് കാണിച്ച് അച്ഛൻ കേൾക്കാൻ വണ്ടി ഉച്ചത്തിലാണ് ഞാൻ പറഞ്ഞത്. അത് കേട്ടിട്ട് ആകും ആകാതെ മുറിയിൽ നിന്ന് പെങ്ങളിടെയും അച്ഛന്റെയും ശബ്ദം നിന്ന് പോയത്…

” എടാ നിനക്ക് അവിടെ ചായ ചൂടാക്കി വച്ചുട്ടുണ്ട് എടുത്ത് കുടിക്ക്…” അമ്മയുടെ ആ വാക്കുകളിൽ എന്നോടുള്ള നീരസം ഉണ്ടായിരുന്നു…

” ഓഹ് എനിക്കൊന്നും വേണ്ട…”

അത് പറഞ്ഞ് മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ച് കട്ടിലിൽ കയറി കിടക്കുമ്പോഴും എന്റെ ഉള്ളിലെ ദേഷ്യം ഒട്ടും ശമിച്ചിരുന്നില്ല…

അൽപ്പം സമയം കഴിഞ്ഞ് ആരോ വാതിൽ തുറന്ന് വന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നത് ഞാൻ അറിഞ്ഞു…

” മോനെ ശങ്കു….” കമഴ്ന്ന് കിടക്കുന്ന എന്റെ തലമുടിയിൽ തടവിക്കൊണ്ട് അച്ഛൻ വിളിക്കുമ്പോൾ ഞാൻ മിണ്ടാതെ തന്നെ കിടന്നു..

” മോനേ…” അച്ഛൻ ഒന്നുകൂടി എന്നെ തട്ടി വിളിക്കുമ്പോൾ ആ കൈകളെ ഞാൻ ശക്തമായി തള്ളി മാറ്റി…

” അച്ഛനോ ഏത് അച്ഛൻ എനിക്ക് ഇങ്ങനെ ഒരു അച്ഛൻ ഇല്ല എനിക്ക് നിങ്ങളെ കാണുകയും വേണ്ട….”

എന്റെ ശബ്ദം ആ വീട്ടിൽ ഉച്ചത്തിൽ മുഴങ്ങി. അരുകിൽ ഇരിക്കുന്ന അച്ഛന്റെ മുഖത്ത് പോലും നോക്കാതെ ഞാൻ തലയിണയിൽ മുഖം താഴ്ത്തി കമഴ്ന്ന് തന്നെ കിടന്നു…

അൽപ്പസമയം കൂടി നിശബ്ദനായി എന്റെ അരികിൽ ഇരുന്ന ശേഷം അച്ഛൻ എഴുന്നേറ്റ് പോകുന്നത് ഞാൻ അറിഞ്ഞു..

” ശങ്കു എഴുന്നേൽക്ക് ഭക്ഷണം കഴിക്കാം..”

ഇടയ്ക്ക് അമ്മ വന്ന് വിളിച്ചപ്പോഴും ഞാൻ എഴുന്നേൽക്കാതെ തന്നെ കിടന്നു. ഇനി വിളിച്ചിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാകും പിന്നെ അമ്മ വിളിച്ചില്ല,

അന്ന് രാത്രി തീരെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ഏറെ അത്ഭുതപെടുത്തിയത് അച്ഛനോടുള്ള അമ്മയുടെ സമീപനം ആയിരുന്നു. ഒരു പരാതിയും ദേഷ്യവും ഇല്ലാതെ അമ്മ ഇടപെഴകുന്നത് കണ്ടപ്പോൾ എന്നിലെ ദേഷ്യം കൂടിയതെ ഉള്ളു…

പിറ്റേന്ന് രാവിലെ അമ്മയ്ക്കും മുൻപേ ഞാൻ എഴുന്നേറ്റു. മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ മേശപ്പുറത്ത് തലേന്ന് രാത്രി അടച്ച് വച്ചിരിക്കുന്ന എന്റെ ആഹാരം ഞാൻ കണ്ടിരുന്നു.

പല്ലുതേപ്പും കുളിയും കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ എഴുന്നേൽക്കുന്ന സമയം ആകുന്നതെ ഉണ്ടായിരുന്നുള്ളു. മുറ്റത്തേക്ക് ഇറങ്ങുമ്പോൾ തിണ്ണയിൽ കിടന്ന തേഞ്ഞു തീരാറായ ചെരുപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചിട്ടാണ് മുറ്റത്തേക്ക് ഇറങ്ങിയത്…

കവലയിലെ കടകൾ  തുറക്കും മുമ്പേയുള്ള ആദ്യ ബസ്സിൽ തന്നെ ഞാൻ ജോലി സ്ഥലത്തേക്ക് പോയി.

അവിടെ ഉള്ളവരും അറിഞ്ഞിരുന്നു ഒളിച്ചോടിപ്പോയ അച്ഛൻ തിരിച്ചുവന്ന കഥ. ഒന്നും ചോദിക്കാതെയുള്ള ചിലരുടെ ചിരിയും, കുത്തി കുത്തിയുള്ള  സംസാരവും വർഷങ്ങൾക്ക് ഇപ്പുറം ഞാൻ വീണ്ടും അനുഭവിച്ചു.

ആ പഴയ ഒൻപതാം ക്ലാസുകാരനെ പോലെ ഒരു മൂലയിൽ പോയിരുന്നു കാരഞ്ഞുപോകുമോ എന്നെന്റെ മനസ്സ് ഭയന്നിരുന്നു…

അന്ന് ഉച്ച കഴിഞ്ഞ് ലീവും പറഞ്ഞു ജോലി സ്ഥലത്ത് നിന്നിറങ്ങി.വീട്ടിലേക്ക് പോകാൻ മടിയായിരുന്നു, കവലയിൽ ചെല്ലുമ്പോൾ ആൾക്കാരുടെ നോട്ടവും കളിയാക്കലും അത് നേരിടാൻ കഴിയാത്തത് കൊണ്ട് തന്നെ രാത്രി വരെ പലയിടങ്ങളിലായി കറങ്ങി നടന്നു.

അവസാന ബസ്സിൽ ആണ് അന്ന് വീട്ടിലേക്ക് പോയത്, കവലയിൽ ഇറങ്ങുമ്പോൾ ഒട്ടുമിക്ക കടകളും അടച്ചിരുന്നു, ആരുടെയും കണ്ണിൽ പെടാതെ വേഗം വീട്ടിലേക്ക് നടക്കുകയായിരുന്നു …

തുറന്ന് കിടന്ന ഉമ്മറവാതിലിലൂടെ അകത്തേക്ക് കയറുന്നതിന് മുൻപ് ആദ്യം നോക്കിയത് ആ തേഞ്ഞു തീർന്ന ചെരുപ്പ്‌ ഉണ്ടോ എന്നാണ് അത് തിണ്ണയിൽ കാണാതെ വന്നപ്പോൾ

ആള് വീണ്ടും നാടുവിട്ടൊ എന്ന സംശയത്തിലാണ് വീട്ടിലേക്ക് കയറിയത് ഉള്ളിൽ ഒച്ചയും ബഹളവും ഒന്നും ഇല്ലായിരുന്നു.നേരെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അടുക്കള വാതിൽ പടിയിൽ അമ്മ ഇരിപ്പുണ്ട് അരികിലായി അനിയത്തിയും…

അടുക്കളയിലെ ബക്കറ്റിൽ നിന്ന് ഒരു ഗ്ലാസ് പച്ചവെള്ളം എടുത്ത് കുടിക്കുന്ന ഒച്ച കേട്ടാണ് അനിയത്തി തിരിഞ്ഞു നോക്കിയത്…

” ചേട്ടാ അച്ഛൻ തിരികെ പോയി…”

അനിയത്തി എഴുന്നേറ്റ് അടുത്ത് വന്ന് പറയുമ്പോൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു..

” ആ പോട്ടെ അതിനെന്താ…”

ഞാൻ അത് പറയുമ്പോൾ അവൾ വീണ്ടും കരഞ്ഞു തുടങ്ങി…

” നീ എന്തിനാ കിടന്ന് മോങ്ങുന്നത്, ഇത്രയും നാൾ അച്ഛൻ ഇല്ലാതെയല്ലേ നമ്മൾ ജീവിച്ചത്, ഇനിയും അങ്ങനെ മതി…”

എന്റെ ശബ്ദം മുഴങ്ങിയപ്പോൾ അവൾ കരച്ചിൽ അടക്കി വയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.  എന്റെ സംസാരം കേട്ടിട്ടാണ് അമ്മ എഴുന്നേറ്റത്.

എഴുന്നേറ്റ് വന്നയുടനെ എന്റെ കയ്യും പിടിച്ച്  വലിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു. മുറിയിൽ ചെന്നയുടനെ കട്ടിലിന്റെ അടിയിൽ ഇരുന്ന പഴയ ഇരുമ്പ് പെട്ടി പുറത്തേക്ക് വലിച്ചിട്ടു.

അതിലിരുന്ന അച്ഛന്റെ പഴയ തുണികൾക്കിടയിൽ നിന്ന് കുറെ ലേറ്ററുകൾ വാരി എന്റെ കയ്യിലേക്ക് അമ്മ വച്ചു തന്നു..

” വായിക്കേടാ വായിക്ക്, ഇതെല്ലാം വായിക്ക് നിന്റെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് എനിക്ക് അയച്ചുതന്ന കത്തുകൾ ആണിത്, നീയും നാട്ടുകാരും വിചാരിക്കുന്നത് പോലെ റഷീദിന്റെ ഭാര്യയ്ക്ക് ഒപ്പം ഒളിച്ചോടി പോയതല്ല നിന്റെ അച്ഛൻ..

കോയമ്പത്തൂർ ജോലിക്ക് പോയ റഷീദിന് എന്തോ അപകടം പറ്റിയെന്ന് അവന്റെ കെട്ടിയോളെ ആരോ അറിയിച്ചപ്പോൾ ആ രാത്രി കരഞ്ഞുകൊണ്ട് അവൾ ആദ്യം ഓടി വന്നത് ഇവിടേക്കാണ്..

എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന അവളെയും ആ പൊടികുഞ്ഞിനെയും കണ്ടപ്പോൾ ഞാൻ പറഞ്ഞിട്ട് തന്നെയാണ് നിന്റെ അച്ഛൻ ആ രാത്രി അവർക്കൊപ്പം പോയത്.

ഒന്നും അറിയാതെ ഉറങ്ങിയ ആ കുഞ്ഞിനെയും തോളിലിട്ട് ആ മനുഷ്യൻ ഈ പടി ഇറങ്ങി പോകുമ്പോൾ റഷീദിന് ഒരു ആപത്തും വരുത്തല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന…

അവസാന ബസ്സിൽ അവളെയും കുഞ്ഞിനെയും കൊണ്ട് ഓടി കയറുന്നത് കണ്ട ആരോ പറഞ്ഞു പരത്തി നിന്റെ അച്ഛൻ കൂട്ടുകാരന്റെ ഭാര്യയുമായി രാത്രി നടുവിട്ടെന്ന്. അന്യ നാട്ടിൽ നിന്ന് വന്ന് താമസിക്കുന്ന അവർക്ക് പിന്നെ ഇവിടെ ബന്ധുക്കൾ ആരും ഇല്ലാത്തത് കൊണ്ട് ആരോടും തിരക്കാതെ ആ കഥ എല്ലാവരും വിശ്വസിച്ചു….

നിന്റെ അച്ഛൻ പോയതിന്റെ പേരിൽ ഒരിക്കലെങ്കിലും ഞാൻ കണ്ണീർ ഒഴുക്കുന്നത് മക്കൾ കണ്ടിട്ടുണ്ടോ, ഞാൻ ഒഴുക്കില്ല കാരണം എനിക്ക് അറിയാം ആ മനുഷ്യനെ.. പോയതിന്റെ രണ്ടാമത്തെ ആഴ്ചയാണ് എനിക്ക് അദ്ദേഹത്തിന്റെ ആദ്യ കത്ത് വരുന്നത്,

റഷീദിന് അപകടം പറ്റിയത് അൽപ്പം സീരിയസ് ആണെന്നും അവളെയും കൊച്ചിനെയും തനിച്ചാക്കി വരാൻ കഴിയാത്തത് കൊണ്ട് അൽപ്പ ദിവസം കൂടി അവിടെ നിൽക്കേണ്ടി വരുമെന്നായിരുന്നു കത്തിൽ, ആ  കത്തിനൊപ്പം തിരിച്ച് മറുപടി അയക്കാനുള്ള മേൽവിലാസം കൂടി ഉണ്ടായിരുന്നു…

ഉടനെ നാട്ടിലേക്ക് വരേണ്ടെന്നു ഞാൻ അദ്ദേഹത്തിന് മറുപടി എഴുതി ഒപ്പം ഇവിടത്തെ അവസ്ഥയും എഴുതി.

പിന്നെ പലപ്പോഴും ഇവിടെക്ക് മടങ്ങി വരാൻ തയ്യാറായ അദ്ദേഹത്തെ ഞാൻ തന്നെയാണ് എതിർത്തത്, ഇവിടെ വന്ന് നാട്ടുകാർക്ക് മുൻപിൽ തലകുനിച്ച് നടക്കേണ്ടി വരുന്ന അദ്ദേഹത്തെ കാണാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് തന്നെയാണ് അന്ന് ഞാൻ വരേണ്ടന്ന് പറഞ്ഞതും..

നിങ്ങൾ അറിയാതെ നിങ്ങളെ ഒരു നോക്ക് കാണാൻ ആരുടെയും കണ്ണിൽ പെടാതെ എത്രയോ രാത്രികളിൽ കള്ളനെ പോലെ ഈ പടി കടന്ന് അദ്ദേഹം വന്നിട്ടുണ്ട്. നിങ്ങളുടെ അരികിൽ ഇരുന്ന് എത്രയോ രാത്രിയിൽ അദ്ദേഹം പൊട്ടി കരഞ്ഞിട്ടുണ്ട്..

ഇന്ന് നീ വളർന്നു ചെറുതാണെങ്കിലും ഒരു ജോലിയും ആയി,ഇനി എന്ത് സാഹചര്യം വന്നാലും നി ധൈര്യത്തോടെ അഭിമുഖീകരിക്കും എന്ന് ഞാൻ കരുതി… പക്ഷെ മോനെ ശങ്കു നിന്റെ മനസ്സിൽ അച്ഛനോട് ഇത്ര ദേഷ്യം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു,,

പണ്ടൊക്കെ രാത്രി ജോലിയും കഴിഞ്ഞ് വരുന്ന അച്ഛനെ കാത്തിരിക്കുന്ന പഴയ ശങ്കുവിൽ നിന്ന് മോൻ ഒരുപാട് വളർന്നിരിക്കുന്നു,

അതറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ അദ്ദേഹത്തോട് തിരികെ വരാൻ നിർബന്ധിക്കില്ലായിരുന്നു, ആര് തള്ളി പറഞ്ഞാലും മക്കളുണ്ടല്ലോ നമുക്ക് എന്ന വിശ്വാസം ആണ് മോനെ നി തകർത്തത്….”

അത് പറഞ്ഞു മുഴവിക്കും  മുൻപേ അമ്മ ജന്നൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു പോയി, അമ്മയിൽ ചേർന്ന് നിന്ന് അനിയത്തിയും കരഞ്ഞപ്പോൾ എന്ത് പറയണം എന്നറിയാതെ കയ്യിൽ ഇരുന്ന കത്തുകളും നോക്കി ഞാൻ അൽപ്പനേരം നിന്ന് പോയി…

” അമ്മയ്ക്ക് ഇതൊക്കെ മുൻപേ ഒന്ന് പറയാരുന്നില്ലേ.. കുഞ്ഞുനാളുമുതൽ കേൾക്കുന്നത് ആണ് ഒളിച്ചോടി പോയവന്റെ മോനെന്ന്,

ആദ്യമൊക്കെ  സങ്കടം ആയിരുന്നെങ്കിലും പിന്നെ അത് കേൾക്കുംതോറും അച്ഛനോടുള്ള ദേഷ്യം കൂടി കൂടി വരുകയായിരുന്നു…”

” എല്ലാം നിങ്ങളോട് മുൻകൂട്ടി പറയാതെ ഇരുന്നത് എന്റെ തെറ്റ് തന്നെയാണ് മോനെ.. പക്ഷെ മോന്റെ ഉള്ളിൽ ഇത്ര ദേഷ്യം ഉണ്ടെന്ന് അമ്മ  അറിഞ്ഞിരുന്നില്ല, അച്ഛനെ കാണുമ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാനുള്ള മനസ്സെങ്കിലും കാണിക്കുമെന്ന് കരുതി…,”

അത് പറഞ്ഞമ്മ വീണ്ടും കരച്ചിൽ തുടങ്ങി, അമ്മയെ എങ്ങനെ സമദാനിപ്പിക്കണം എന്നറിയാതെ അൽപ്പനേരം കൂടി ഇരുന്ന ശേഷം ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

അന്ന് രാത്രി എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,കഴിഞ്ഞ ദിവസം അച്ഛനോടുള്ള ദേഷ്യം കൊണ്ടാണ് ഉറങ്ങാൻ കഴിയതിരുന്നതെങ്കിൽ ഇന്ന് അച്ഛനോട് ചെയ്ത അവഗണനയുടെ കുറ്റബോധം കൊണ്ടാണ് ഉറങ്ങാൻ കഴിയാതിരുന്നത്…

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് റെഡിയായി ഫസ്റ്റ് ബസ്സ് പിടിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങി. അച്ഛനെ തിരക്കി പോകുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് ആ പഴയ കത്തിലെ അഡ്രസ്സ് മാത്രമായിരുന്നു..

കോയമ്പത്തൂർ ചെന്നിറങ്ങി ആരോടൊക്കെയോ അന്വേക്ഷിച്ച് ആ അഡ്രെസ്സിലെ സ്ഥലം കണ്ടുപിടിച്ച് അവിടെ ചെല്ലുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. മണ്ണ് കൊണ്ട് വെച്ച വീട്ടിൽ വെള്ള കുമ്മായം അടിച്ചിട്ടുണ്ട്, ചാണകം മെഴുകിയ മുറ്റത്തിന്റെ ഒരു മൂലയിൽ പഴയ ഒരു കട്ടിലും കിടപ്പുണ്ട്…

മുറ്റത്തേക്ക് കയറി ആ വാതിലിൽ മെല്ലെ തട്ടിയപ്പോൾ അകത്ത് നിന്ന് ആരോ വരുന്ന ശബ്ദം കേട്ടു. തലയിൽ ഷാൾ ഇട്ടുകൊണ്ടു പുറത്തേക്ക് തലയിട്ട് നോക്കിയ സ്ത്രീയെ കണ്ടപ്പോൾ മനസ്സിലായി അത് അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യ ആണെന്ന്…

” മധു……” ഞാൻ ആ വാക്ക് മുഴുവിപ്പിക്കാതെ പാതി വഴിയിൽ നിർത്തി. ഞാൻ അത് പറഞ്ഞു കഴിയുമ്പോഴേക്കും ആ സ്‌ത്രീയുടെ പുറകിൽ അച്ഛന്റെ തല ഞാൻ കണ്ടു. കുറ്റബോധം കൊണ്ട് ആ മുഖത്ത് നോക്കനുള്ള ശക്തി എനിക്ക് ഇല്ലായിരുന്നു…

” മോനെ ശങ്കു നീ എന്താ…. ഇവിടെ…. കയറി വാടാ…..”

അച്ഛൻ സന്തോഷത്തോടെ വിളിച്ചപ്പോൾ ഓടിച്ചെന്ന് ആ നെഞ്ചിൽ തലവെച്ച് കരഞ്ഞുപോയി…” അയ്യേ,  ഇത്ര മുതുക്കനായിട്ടും കരയുകയാണോ നി..”

അത് പറഞ്ഞച്ഛൻ ആ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ കുട്ടിക്കാലത്ത് എവിടെയോ നഷ്ടമായ ആ  സ്നേഹം അനുഭവിച്ചറിയുക ആയിരുന്നു…

” തീർന്നില്ലേ അച്ഛന്റെയും മോന്റെയും സ്നേഹം പ്രകടനം…”

ഭാര്യയുടെ തോളിൽ കയ്യും തങ്ങി ഒറ്റ കാലിൽ നിന്ന് കൊണ്ട് ചോദിക്കുന്ന റഷീദിക്കയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്…

” എന്റെ ഒരു കാൽ നഷ്ടമായപ്പോൾ നിങ്ങൾ നഷ്ടമായത് ഈ മനുഷ്യന്റെ സ്നേഹം ആണ്. ഇന്നലെ ഇങ്ങേര്‌ നാട്ടിൽ നിന്ന് വന്നപ്പോഴാണ് ഞങ്ങൾ കാര്യങ്ങൾ അറിയുന്നത്, അല്ലായിരുന്നെങ്കിൽ നാട്ടുകാരെ സത്യം ബോധിപ്പിക്കാൻ ഞങ്ങളും കൂടെ വന്നേനെ…”

റഷീദിക്ക ഒറ്റക്കലിൽ നടന്ന് വന്ന് എന്റെ തോളിൽ താങ്ങി നിന്ന് പറയുമ്പോൾ അനുസരണ ഇല്ലാതെ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി…

അന്ന് അത്താഴം കഴിച്ചു കഴിഞ്ഞ് പുറത്ത് കിടക്കുന്ന കട്ടിലിൽ അച്ഛനൊപ്പം ആണ് കിടന്ന്, വർഷങ്ങൾക്ക് ശേഷം അച്ഛന്റെ ചൂടും പറ്റി മനസ്സമദനത്തോടെ അന്ന് രാത്രി ഉറങ്ങി…

പിറ്റേന്ന് അച്ഛനെയും കൂട്ടി വീട്ടിലേക്ക് യാത്ര ആകുമ്പോൾ കൂടെ റഷീദിക്കയും ഭാര്യയും അവരുടെ രണ്ട് മക്കളും ഉണ്ടായിരുന്നു കൂടെ. കവലയിൽ വന്ന് ബസ്സ് ഇറങ്ങുമ്പോൾ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന് ആദ്യമായി ജീവിതത്തിൽ എല്ലാവരുടെയും മുൻപിൽ കൂടി തല ഉയർത്തി നടന്നു…

അച്ഛനൊപ്പം അച്ഛന്റെ പഴയ കൂട്ടുകാരനെയും ഭാര്യയെയും കൂടി കണ്ടപ്പോൾ പലരും മൂക്കിൽ കയ്യും വച്ച് വായും തുറന്ന് ഇരുന്നു. എല്ലാവർക്കും മുൻപിലൂടെ അച്ഛനും ഞാനും തല ഉയർത്തി തന്നെ മുന്നോട്ട് നടന്നു…

” ഉസ്മാനിക്ക് വല്യ രണ്ട് ചൂര എടുത്ത് തൂക്കിയെ, നാടുവിട്ട് പോയ അച്ഛനും കൂട്ടുകാരന്റെ ഭാര്യയും വന്നിട്ടുണ്ട്…”

അല്പം ഉച്ചത്തിലാണ് ഞാൻ പറഞ്ഞത്, അത് കേട്ടതും അച്ഛനും റഷീദ് ഇക്കയും ചിരിച്ചു. അപ്പോഴേക്കും ഉസ്മാനിക്ക ഒന്നും മിണ്ടാതെ ചൂര തൂക്കി കവറിൽ ഇട്ട് തന്നു,

പൈസ കൊടുത്ത് അതും വാങ്ങി അച്ഛന്റെയൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ അത് വരെ അനുഭവിചിട്ടില്ലാത്ത സന്തോഷവും അഭിമാനവും അനുഭവിച്ചറിയുക ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *