വിനോദേട്ടനുമായുള്ള സ്വകാര്യനിമിഷങ്ങൾ ഒട്ടും തൃപ്തി നൽകുന്നതായിരുന്നില്ല എന്ന് മാത്രമല്ല അത് ഒരുപാട് തന്റെ മനസ്സിനെയും..

പുതുവെട്ടം
(രചന: സൃഷ്ടി)

” എന്റെ പൊന്നു മീരേ.. നിനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാവാത്തത്? ”

അമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ മീര തേങ്ങി വന്ന കരച്ചിൽ അടക്കി പിടിക്കാൻ വല്ലാതെ പാടുപെട്ടു..

” ചെറുപ്പം തൊട്ട് നിനക്ക് ഒന്നിലും തൃപ്തി ഇല്ല . അന്നൊക്കെ സ്വന്തം മകളല്ലേ എന്നോർത്ത് ഞാനും നിന്റെ അച്ഛനും എല്ലാം സഹിച്ചു.. ക്ഷമിച്ചു.. ഞങ്ങളെ കൊണ്ട് കഴിയുന്നത് പോലെ ഒരു കുറവും വരുത്താതെ നിന്നെയും നിന്റെ അനിയനെയും നോക്കി ”

മീരയുടെ അമ്മ ലത ഒന്ന് കിതച്ചു.. മീര മറുപടിയില്ലാതെ അമ്മയെ നോക്കി..

” നിനക്ക് അറിയാമല്ലോ.. പൈസ ഉണ്ടായിട്ടല്ല നിന്നെ എഞ്ചിനീയറിംഗിനു വിട്ട് പഠിപ്പിച്ചത്. നിന്റെ ഇഷ്ടത്തിനാണ്. എം ടെക്കിന്‌ പോണം എന്ന് പറഞ്ഞു.. അതും പഠിപ്പിച്ചു. നല്ലൊരു സർക്കാൻ സ്കൂൾ മാഷിന്റെ കയ്യിൽ നിന്നെ പിടിച്ചു ഏൽപ്പിച്ചു..

അതും നിന്റെയൊക്കെ ആഗ്രഹം പോലെ ഹൽദിയും കുന്തവും ഫോട്ടോയും ഒക്കെയായിട്ട് കുറച്ചൊന്നുമല്ല ഞങ്ങൾ ചെലവാക്കിയത്.. എന്തൊക്കെ ആയാലും ഒരു വലിയ കടമ കഴിഞ്ഞല്ലോ എന്നെ ഓർത്തുള്ളൂ.. ഇനി നിന്റെ കാര്യം നോക്കണ്ടല്ലോ എന്നും.. ”

മീര നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു..

” ഇപ്പൊ നിന്റെ ആങ്ങളയ്ക്കും തരക്കേടില്ലാതെ ഒരു ജോലി ശരിയായി.   ഞാനും നിന്റെ അച്ഛനും ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി കഴിയട്ടെ എന്ന് കരുതുമ്പോളാണ് നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു വരുന്നത്.. ഇപ്പൊ വിനോദിന് എന്താണ് പ്രശ്നം എന്നാണ് നീ പറയുന്നത് ..? ”

ലതയുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണം എന്നറിയാതെ മീര മൗനം പാലിച്ചു നിന്നു..

” വിനോദിന് നല്ലൊരു ജോലിയുണ്ട്. നിന്നെയും അമ്മുമോളെയും ഒരു കുറവും വരാതെ അവൻ നോക്കുന്നുണ്ട്.  അവനോ ആ വീട്ടിലെ മറ്റാരെങ്കിലുമൊ നിന്നെ ദേഹോപദ്രവം ഏൽപ്പിക്കുന്നുണ്ടോ.? ”

ലത ചോദിച്ചപ്പോൾ മീര ഇല്ലെന്ന് തലയാട്ടി.

” പിന്നെ നീ ജോലിക്ക് പോകുന്നതിനു അവർക്ക് വിരോധം ഉണ്ടാകാൻ വഴിയില്ല.  അവന്റെ അമ്മ ജോലിക്കാരി ആയിരുന്നില്ലേ…? അനിയൻ ചെറുക്കൻ ആണെങ്കിൽ അവിടെ ഇല്ല താനും.. പിന്നെ അവിടെ നിനക്ക് ഒത്തുപോകാൻ എന്താ കുഴപ്പം എന്ന് പറ ”

പിന്നെയും മീര മൗനമായി നിന്ന് തേങ്ങിയപ്പോൾ നുരഞ്ഞു പൊന്തിയ ദേഷ്യം ലത കടിച്ചമർത്തി.

” മീരേ.. നിനക്ക് അവിടെ ഒരു പ്രശ്നവും ഉണ്ടെന്നു ഞങ്ങൾക്ക് തോന്നുന്നില്ല.. നീയൊന്നും പറയുന്നുമില്ല. പിന്നെ. ഇവിടെ നീ എടുത്തിരുന്ന നിന്റെ വാശിയും ദേഷ്യവും അവിടെ ചിലപ്പോൾ വിലപ്പോവില്ല.. കുറച്ചൊക്കെ സഹിക്കേണ്ടി വരും. അഡ്ജസ്റ്റ് ചെയ്യേണ്ടി വരും..

ഒരു കുടുംബം ആയാൽ അങ്ങനെയാണ്.. പിന്നെ.. കല്യാണം കഴിഞ്ഞു കൊല്ലം രണ്ടു തികയുമ്പോളേക്കും നിന്റെ തോന്ന്യസത്തിനു ഒക്കത്തൊരു കുട്ടിയുമായി പിണങ്ങി വന്നു നിന്നാൽ ഞങ്ങളാരും സപ്പോർട്ട് ചെയ്യുമെന്ന് നീ കരുതണ്ട.. നാളെയോ മറ്റന്നാളോ.. അവിടെ കൊണ്ട് ചെന്നാക്കാം.. ഞാനും കൂടെ വരാം”

സംസാരം അവധാനിപ്പിച്ചത് പോലെ ലത എണീറ്റു..

” പിന്നെ.. നാളെ നിന്റെ ആങ്ങളയ്ക്കൊരു നല്ല ജീവിതത്തിനു നീ വിലങ്ങു തടി ആയി നിൽക്കരുത്.. പറഞ്ഞില്ലാന്നു വേണ്ട ”

ലത പോയതും മീര കട്ടിലിലേക്ക് വീണു പൊട്ടി കരയാൻ തുടങ്ങി..

അമ്മമാരാണ് മക്കളെ എങ്ങനെയുള്ള അവസ്ഥയിലും മനസിലാക്കുക എന്നോർത്താണ് ഇങ്ങോട്ട് വന്നത്.. ശരിയാണ്.. താൻ വാശിക്കാരിയും തന്നിഷ്ടം നോക്കുന്നവളും ഒക്കെ ആയിരുന്നു..

അതുകൊണ്ട് തന്റെ പ്രശ്നങ്ങൾ അങ്ങനെ അല്ലാതെ ആവുമോ.? അവൾ സ്വയം ചോദിച്ചു.. പക്ഷെ അതിനേക്കാൾ അവളെ അലട്ടിയത് തന്റെ പ്രശ്നങ്ങൾ ആരോട് പറയും എങ്ങനെ പറയും എന്നുള്ള ആശങ്കയായിരുന്നു..

അമ്മ പറഞ്ഞതെല്ലാം ശരിയാണ്.. അവർ യാതൊരു കുറവും വരാതെയാണ് വളർത്തിയത്. താനും കൂടെ ഇഷ്ടപ്പെട്ടിട്ടാണ് വിനോദേട്ടനെ വിവാഹം കഴിപ്പിച്ചതും.. അവിടെ എല്ലാവർക്കും തന്നോട് സ്നേഹമാണ് താനും..

പക്ഷെ.. അതു മാത്രം മതിയോ?? ഒരു പെണ്ണിന് അതു പോലെ വലുതല്ലേ ഭർത്താവുമായുള്ള സന്തോഷം നിറഞ്ഞ ജീവിതം? അത് തനിക്കില്ലെന്ന് എങ്ങനെ താൻ എല്ലാവരോടും പറയും?

വിവാഹം കഴിഞ്ഞ നാളുകളിൽ തന്നോട് തുറന്നു സംസാരിക്കാനും ഇടപെടാനും ഒക്കെ വിനോദേട്ടനു മടിയായിരുന്നു. ആദ്യമൊക്കെ പുള്ളിക്കാരാണ് പെങ്കിട്ടികളുമായി ഇടപഴകി പരിചയം ഇല്ലാത്തത് കൊണ്ടാവുമെന്നും മെല്ലെ ശരിയാവുമെന്നും കരുതി താൻ കാത്തിരുന്നു.

വിനോദേട്ടന്റെ അമ്മയും അച്ഛനും സഹോദരനും ഒക്കെ കാണിച്ച കരുതലിലും അടുപ്പത്തിലും ആ കാത്തിരിപ്പ് തനിക്കൊരു വിഷയമല്ലായിരുന്നു. നല്ലൊരു കുടുംബം കിട്ടിയതിന്റെ സംതൃപ്തിയിലായിരുന്നു താൻ..

വളരെ കുറച്ചു മാത്രമുള്ള വിനോദേട്ടന്റെ സംസാരവും, കിടപ്പറയിൽ സൂക്ഷിച്ച അകലവും ക്രമേണ തന്നിലും ചെറിയ അലോസരം ഉണ്ടാക്കി. പക്ഷെ അതേപ്പറ്റി തുറന്നു ചോദിക്കാൻ മടി ആയിരുന്നു. തന്നെപ്പറ്റി ആള് മോശമായി കരുതുമോ എന്നുള്ള ചിന്ത.. ഇക്കാര്യം ആരോടും പങ്കു വെക്കാനും കഴിയില്ലല്ലോ..

നിവർത്തിയില്ലാതെ ഒരിക്കൽ ഉറ്റ കൂട്ടുകാരി പ്രിയയോട് എല്ലാം പറഞ്ഞു. അവളാണ് വിനോദേട്ടനോട് തുറന്നു സംസാരിക്കാൻ പറഞ്ഞത്. അവൾ തന്ന ധൈര്യത്തിൽ താൻ പുള്ളിയോട് കൂടുതൽ സ്വാതന്ത്രത്തോടെ ഇടപഴകാൻ തുടങ്ങി.

ആദ്യമൊക്കെ ആളത്ര അയഞ്ഞില്ല എങ്കിലും പതിയെ തമ്മിലുള്ള സംസാരവും സൗഹൃദവും കൂടി.. ഒരിക്കൽ വിനോദേട്ടൻ തന്നെയാണ് ഒരു യാത്ര പോണമെന്നു പറഞ്ഞതും തങ്ങൾ ഏറെ സന്തോഷത്തോടെ വാഗമണ്ണിൽ പോയതും.

അവിടെ വെച്ചു തന്റെ ശരീരത്തിൽ പുള്ളി എന്തൊക്കെയോ കാട്ടിക്കൂട്ടി. വിനോദേട്ടനുമായുള്ള സ്വകാര്യനിമിഷങ്ങൾ ഒട്ടും തൃപ്തി നൽകുന്നതായിരുന്നില്ല എന്ന് മാത്രമല്ല അത് ഒരുപാട് തന്റെ മനസ്സിനെയും ശരീരത്തെയും നോവിക്കുന്നതും ആയിരുന്നു. പക്ഷെ അക്കാര്യം ആരോടും.. പ്രിയയോട് പോലും പറയാൻ തോന്നിയില്ല.. ഒരു തരം അപകർഷത തന്നെ പൊതിഞ്ഞിരുന്നു.

ടൂർ കഴിഞ്ഞു വന്ന ശേഷം ജീവിതത്തോട് വല്ലാത്ത മടുപ്പു തോന്നിയ സമയമാണ് ഉള്ളിലൊരു ജീവൻ തുടിച്ചു തുടങ്ങിയത് അറിയുന്നത്. കിട്ടിയ ജോലി പോലും കളഞ്ഞു ആ കുഞ്ഞിന് വേണ്ടി കാത്തിരുന്നു.

വിനോദേട്ടനും ആ കാലയളവിൽ വളരെ സ്നേഹമുള്ള ഭർത്താവെന്ന പോലെ നിന്നു. ആ സ്നേഹത്തിൽ അന്ന് തനിക്കാകെ ഒരു സംശയം തോന്നിയെങ്കിലും അതെല്ലാം ഗർഭകാലത്തെ ഓരോ തോന്നലുകളായി തള്ളിക്കളഞ്ഞു..

വിനോദേട്ടന്റെ വീട്ടിൽ നിന്നും താൻ പ്രസവത്തിനു പോരുമ്പോൾ പോലും പുള്ളിക്കാരനിൽ ഭാവവ്യത്യാസം ഒന്നും കണ്ടില്ല. എങ്കിലും വല്ലപ്പോളും കാണാൻ വരാറുണ്ടായിരുന്നു.

ആള് അല്പം ഗൗരവക്കാരൻ ആണെങ്കിലും സ്നേഹമുള്ളവനാണ് എന്ന് അച്ഛൻ ആശ്വസിച്ചപ്പോൾ ആണത്തം ഉള്ള ആണുങ്ങൾ പെണ്ണുങ്ങളോട് വല്ലാതെ കൊഞ്ചി കുഴയില്ലെന്ന് അമ്മയും പറഞ്ഞു. തനിക്കപ്പോൾ ഒരു തരം നിസ്സംഗതയായിരുന്നു. എല്ലാ പ്രതീക്ഷയും കുഞ്ഞിലായിരുന്നു.

അമ്മുമോള് ജനിച്ചതിനു ശേഷം വിനോദേട്ടൻ ഒരുപാട് മാറി. അമ്മുമോളെ വലിയ ഇഷ്ടമായിരുന്നു. കുഞ്ഞിനായി കളിക്കോപ്പുകളും കുഞ്ഞുടുപ്പുകളും വാങ്ങിച്ചു കൂട്ടുന്ന വിനോദേട്ടനിലെ അച്ഛനെ കണ്ട് താൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ അതെല്ലാം ക്ഷണികമായിരുന്നു.

അച്ഛനെന്ന നിലയിൽ വിനോദേട്ടനു നൂറു മാർക്കെങ്കിൽ ഭർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന് പൂജ്യം മാർക്കായിരുന്നു. ഒരു ഭാര്യയോ സുഹൃത്തോ ആയി പോലും തന്നെ കാണാതെ അമ്മുവിന്റെ അമ്മയായി മാത്രമേ തന്നെ പരിഗണിച്ചുള്ളൂ..

വിനോദേട്ടന്റെ ആ അവഗണന തന്നിൽ കടുത്ത വേദനയും വിഷാദവും നിരാശയുമാണ് ഉണ്ടാക്കിയത്. എന്നാൽ അതാരും.. സ്വന്തം വീട്ടുകാർ പോലും തിരിച്ചറിഞ്ഞില്ല. എല്ലാവർക്കും നല്ലൊരു ഭർത്താവും കുഞ്ഞുമുള്ള ഭാഗ്യവതിയായിരുന്നു മീര.

യാന്ത്രികമായി ദിവസങ്ങൾ പോകവേ.. ആ നശിച്ച ദിവസം.. അല്ല.. ആ ഭാഗ്യം ചെയ്ത ദിവസം വിനോദേട്ടൻ ഓഫീസിലേക്ക് പോകുമ്പോൾ ഫോൺ മറന്നു വെച്ചു പോയി. അന്ന് വെറുതെ എന്തൊക്കെയോ ഓർത്തു ഇരുന്നപ്പോളാണ് ആ ഫോൺ ഒന്നെടുത്തു നോക്കാൻ തോന്നിയത്.

പക്ഷെ അത് വലിയൊരു ഭൂകമ്പം തന്നെ ഉണ്ടാക്കുമെന്ന് അപ്പോൾ അറിഞ്ഞില്ല..
Password ലോക്ക് ആയിരുന്ന ഫോൺ അമ്മുമോളുടെ date of birth അടിച്ചു കൊടുത്തപ്പോൾ തുറന്നു. വലിയൊരു സത്യമാണ് തനിക്ക് മുന്നിൽ വെളിപ്പെട്ടത്. തന്റെ കഴുത്തിൽ താലി കെട്ടിയ, തനിക്കൊരു കുഞ്ഞിനെ നൽകിയ അയാൾ ഒരു സ്വവർഗ്ഗനുരാഗിയാണെന്ന സത്യം.

Whats appilum ഫേസ്ബുക്കിലും മറ്റുമായി അതിനുള്ള ധാരാളം തെളിവുകൾ ഉണ്ടായിരുന്നു. ആ സത്യത്തെക്കാൾ അവളെ തകർത്തത് അവരുടെ വിവാഹത്തിന് ശേഷവും അയാൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നുള്ളതായിരുന്നു.

അതൊക്കെ മറയ്ക്കാനും സമൂഹത്തിൽ അയാളുടെ മാന്യത പോകാതിരിക്കാനുമുള്ള ഒരു മുഖംമൂടിയായിരുന്നു തന്റെ ഭർത്താവ് എന്നതും അമ്മുവിന്റെ അച്ഛൻ എന്നുള്ളതും.. അമ്മുവിന്റെ ജനനം പോലും മറ്റാരുടെയോ തീരുമാനം ആയിരുന്നെന്നുള്ള തിരിച്ചറിവ് തന്നിലെ പെണ്ണിനെ.. അമ്മയെ.. കൊല്ലാൻ മാത്രം കെൽപ്പുള്ളതായിരുന്നു..

എല്ലാ തെളിവുകളും നിരത്തി ചോദിച്ചപ്പോൾ കുനിഞ്ഞു പോയ വിനോദിന്റെ മുഖം എല്ലാം പൂർണ്ണമാക്കി. സ്വന്തം വീട്ടിലേയ്ക്ക് പോരുക എന്നതല്ലാതെ മറ്റൊരു മാർഗവും അപ്പോൾ മുന്നിൽ തെളിഞ്ഞില്ല.. അവിടെ ഇനി ഒരു കോമാളിയായി തുടരാൻ പറ്റില്ലായിരുന്നു ..

ആദ്യം ഓർമ്മ വന്നത് പ്രിയയുടെ മുഖമാണ്. അവൾ തന്ന ധൈര്യത്തിലാണ് വീട്ടിലേയ്ക്ക് പോന്നതും.. പക്ഷെ കൂടെ നിൽക്കുമെന്ന് കരുതിയ വീട്ടുകാരുടെ പ്രതികരണം അവളെ തളർത്തി കളഞ്ഞു..

അമ്മയോടു കാര്യം പറഞ്ഞാൽ കൂടെ നിൽക്കുമെന്ന് അവളിൽ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. നേരിട്ട് പറയാനുള്ള പ്രയാസം കൊണ്ട് ആ കാര്യം പ്രിയയെ ഏൽപ്പിച്ചു.. ഏത് നിമിഷവും തന്നെ തേടി വരുന്ന അമ്മയെയും കാത്തു മീര കണ്ണീർ വാർത്തു കിടന്നു..

” മീരേ.. ”

അമ്മയുടെ വിളിയിൽ മീരയുടെ നെഞ്ചിടിപ്പ് ഉയർന്നു..

” പ്രിയ പറഞ്ഞതൊക്കെ സത്യമാണോ? ”

അമ്മയുടെ ചോദ്യത്തിന് മീര കണ്ണുകൾ നിറച്ചു കൊണ്ട് തലയാട്ടി.. പക്ഷെ അവളെ അമ്പരപ്പിക്കുന്നതായിരുന്നു അമ്മയുടെ പ്രതികരണം.. തന്നോടൊപ്പം നിന്ന് ധൈര്യം തരുമെന്ന അമ്മ പറഞ്ഞത് എല്ലാം അവളുടെ തോന്നലാണെന്നും മടങ്ങി പോകാനുമാണ്. ഒരു കുഞ്ഞുണ്ടായ ശേഷം ഇക്കാര്യം പുറത്തറിയുന്നത് തന്റെയും അവരുടെയും അഭിമാനം കളയുമെന്ന്..

അയാൾ അങ്ങനെയുള്ള ആളെങ്കിൽ ഈ കുഞ്ഞിന്റെ ജനനം പോലും തന്നെ കുറ്റക്കാരി ആക്കുമെന്ന്… മീര കൂടുതൽ തകർന്നത് അപ്പോളായിരുന്നു.. അമ്മയുടെ ശാസനകളും ഉപദേശങ്ങളും ഒന്നും അവൾ കേട്ടില്ല..

” ഒരു കുഞ്ഞായ സ്ഥിതിയ്ക്ക് ഇനി ഇവൾക്ക് വേണ്ടി ജീവിക്കുക.. അവന് വേറെ കുഴപ്പം ഒന്നുമില്ലല്ലോ.. ഇതുവരെ കഴിഞ്ഞ പോലെയൊക്കെ ഇനിയും പോയാൽ മതിയല്ലോ.. അല്ലാതെ ഇവിടെ നിന്നിട്ടെന്താ കാര്യം.. ”

അമ്മ അവസാനം പറഞ്ഞു പോയ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി.. അവളുടെ മനസ്സ് പല വഴിയ്ക്കും ചിന്തിച്ചു.. ആത്മഹത്യ പോലും പല തവണ അവളുടെ മനസ്സിൽ വന്നു.. പക്ഷെ ഒന്നുമറിയാത്ത കുഞ്ഞിന്റെ മുഖം അവളെ അശക്തയാക്കി.. ആ രാത്രി പുലരായപ്പോളേക്കും മീര ഉറച്ചൊരു തീരുമാനം എടുത്തിരുന്നു..

പിറ്റേന്ന് നേരം പുലർന്നപ്പോൾ കുഞ്ഞിനേയും എടുത്തു ബാഗുമായി നിൽക്കുന്ന മീരയെയാണ് അവളുടെ അച്ഛനും അമ്മയും കണ്ടത്..

” ഹാ.. തിരിച്ചു പോകുകയാണ്.. അല്ലെ.. നന്നായി.. അല്ലെങ്കിലും പെണ്ണുങ്ങള് കുറേ സഹിക്കണം.. എന്നാലേ കുടുംബം അങ്ങനെ നിൽക്കൂ ”

അവളോട് വാത്സല്യത്തോടെ പറഞ്ഞ അമ്മയെ നോക്കി അവൾ ആത്മനിന്ദയോടെ ചിരിച്ചു.. പ്രിയയുടെ കാർ വന്നു മുറ്റത്തു നിന്നപ്പോൾ മീര അവരേ നോക്കി.

” അങ്ങനെ തോൽക്കാനും സഹിക്കാനും മനസ്സില്ലമ്മേ.. അതുപോലെ എന്നേ ചതിച്ചവരോട് ക്ഷമിക്കാനും വയ്യ. ”

അവരോട് അങ്ങനെ പറഞ്ഞിറങ്ങുമ്പോൾ മീരയുടെ മുഖത്ത് പുതിയ ഒരു ജീവിതത്തിന്റെ പുതുവെട്ടമുണ്ടായിരുന്നു.. പൊരുതാൻ ഉറച്ച ഒരുത്തിയുടെ മനസ്സിന്റെ തിളക്കം..