വിഷ്ണു ഏട്ടാ രണ്ടു മാസം ആയി ഞാൻ എന്റെ വീട്ടിൽ ഒന്ന് പോയിട്ട്, ഇന്ന് ഞാൻ ഒന്ന് പൊയ്ക്കോട്ടേ..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് അവൾ  പറയുന്നത്  വിഷ്ണു ഏട്ടാ രണ്ടു മാസം ആയി ഞാൻ എന്റെ വീട്ടിൽ ഒന്ന് പോയിട്ട് ഇന്ന് ഞാൻ ഒന്ന് പൊയ്ക്കോട്ടേ അവൾ ചോദിച്ചു ..

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട്
ഞാൻ പറഞ്ഞു ..

എന്നാൽ ഒരു കാര്യം ചെയ്യ് ഇന്ന് വയികിട്ടു
നീ പോയിക്കോ നാളെ നാളെ കഴിഞ്ഞു വയികിട്ടു ഞാൻ നിന്നെ കൂട്ടികൊണ്ട് വരാം എന്നും പറഞ്ഞു പേഴ്സിൽ നിന്ന് ഒരു രണ്ടായിരം രൂപ എടുത്തു ഞാൻ അവളുടെ കയ്യിൽ കൊടുത്തു …

നിന്റെ ആങ്ങളയുടെ കുട്ടികൾ ഇല്ലേ അവിടെ അവർക്ക് എന്തെങ്കിലും മേടിക്കാം ഞാൻ പറഞ്ഞു.. എന്നാൽ പിന്നെ വിഷ്ണു ഏട്ടനും കൂടി
വരാൻ വയ്യേ അവൾ ചോദിച്ചു ..

ഞാൻ ചിരിച്ചു കൊണ്ടു അവളുടെ കവിളിൽ
ഒന്ന് നുള്ളി എന്നിട്ട് പറഞ്ഞു പോയിട്ട് വാ… ഞാൻ ബൈക്ക് ഓഫീസ് ലക്ഷ്യമാക്കി ഓടിച്ചു ..

ഉച്ചക്ക് ഉണ്ണാൻ ഇരുന്നപ്പോൾ ആണ്
അവൾ പോകുന്ന കാര്യം ഞാൻ ഓർത്തത്
സാധാരണ ഉച്ചയാകുമ്പോൾ അവളുടെ ഒരു
ഫോൺ ഇങ്ങോട്ട് വരുന്നതാണ് കണ്ടില്ല വീട്ടിൽ പോകാനുള്ള ഒരുക്കത്തിൽ മറന്നു പോയത്  ആയിരിക്കും .

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു ഫോൺ രണ്ട് റിങ് ചെയ്തശേഷം അവൾ ഫോൺ എടുത്തു ..

കുളിക്കുവാരുന്ന വിഷ്ണുഏട്ടാ അവൾ പറഞ്ഞു .

ഞാൻ ചോദിച്ചു എപ്പോൾ ആണ് ഇറങ്ങുന്നത് ..

ഒരു മൂന്നു മണിയാകും ആങ്ങള കാറുമായി
വരാമെന്നു പറഞ്ഞു …ശരി നീ ഇറങ്ങുമ്പോൾ വിളിക്ക്എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ..എന്താണ് എന്നു അറിയില്ല ഇന്ന് സമയം പെട്ടന്ന് പോയപോലെ വർക്ക്‌ കഴിഞ്ഞു ഓഫീസിൽ നിന്ന് ഇറങ്ങി.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വീട്ടിലോട്ട് വിട്ടു .

വീട്ടിലോട്ട് പോകുന്ന വഴി ആണ് റോഡ് സൈഡിൽ ഒരാൾ  ” റംബൂട്ടാൻ”   പഴം വിൽക്കുന്നത് കണ്ടത് .ബൈക്ക് നിർത്തി അതിൽ ഒരു കിലോ വാങ്ങിച്ചു ഇത് അവൾക്ക് ഭയങ്കര ഇഷ്ടമാണ് .

എപ്പോളും പറയും എവിടെങ്കിലും കിട്ടുവാണേൽ വാങ്ങണമെന്ന് .അതും വാങ്ങിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വീട് ലക്ഷ്യമാക്കി ഓടിച്ചു.
വീട്ടിൽ എത്തി ബൈക്ക് ഉമ്മറത്തു വെച്ചു
ഞാൻ കാളിങ്ബെൽ അടിച്ചു .

അപ്പോൾ ആണ് ഓർത്തത് വിളിച്ചാൽ വിളി
കേൾക്കാൻ ഉള്ള ആ ആൾ ഇന്നുഇവിടെ
ഇല്ല .

ഞാൻ വീടിന്റെ സൈഡിൽ വെച്ചിരിക്കുന്ന
ചെടിച്ചട്ടി ഒന്ന് പൊക്കി നോക്കി .ചാവി
അതിന്റ അടിയിൽ തന്നെ വെച്ചിട്ടുണ്ട് ഞാൻ ചാവി എടുത്തു വാതിൽ തുറന്ന് അകത്തു കയറി .

വന്നപാടെ ഞാൻ സോഫയിൽ കയറി കിടന്നു .അവൾ ഉള്ളപ്പോൾ ഒരു ചായ കിട്ടുന്ന ആയിരുന്നു .നല്ല ക്ഷീണം ഉള്ളത് കൊണ്ട് ചെറുതായ് ഒന്ന് മയങ്ങിപോയി .

എഴുന്നേറ്റപ്പോൾ എട്ടു മണിയായി .വന്നപാടെ കയറി കിടന്നതാ അവൾ ഉണ്ടായുരുന്നങ്കിൽ ഇപ്പോൾ ഉന്തി തള്ളി വിട്ടേനെ കുളിക്കാൻ ..

ഞാൻ എഴുന്നേറ്റ് റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറി കുളിക്കാൻ കയറി

ഷവർ ഓൺ ചെയ്തു നല്ല തണുപ്പ് ഉണ്ടാരുന്നു വെള്ളത്തിനു .കുളിച്ചു ഫ്രഷ് ആയി ..

ഡ്രസ്സ്‌ എടുക്കാൻ വന്നു ഡ്രസ്സ്‌ എല്ലാം അലക്കി അലമാരയിൽ അടുക്കി വെച്ചിരിക്കുന്നു .ഞാൻ ഡ്രസ്സ്‌ എടുത്തു ഇട്ടു .അടുക്കളയിൽ ചെന്നപ്പോൾ ഫുഡ്‌ എല്ലാം ഉണ്ടാക്കി മൂടി വെച്ചിട്ടുണ്ട് .ഞാൻ ഓർത്തു പാവം എല്ലാം ഒറ്റക്ക് തന്നെ ചെയ്യണം എല്ലാ ജോലിയും തീർത്തിട്ട്ആണ്
പോയിരിക്കുന്നതു.

എന്തോ മനസ്സിന് ഭയങ്കര വിഷമം വീടിനുള്ളിൽ ഏകാന്തത നിറഞ്ഞു നില്കുന്നു. അവളെ വിടണ്ടാരുന്നു എനിക്ക് തോന്നി .

അല്ല അവൾക്ക് അവളുടെ വീട്ടുകാരെ കാണണ്ടേ ,എന്നാലും എന്നെ തനിച്ചാക്കി
പോയില്ലേ , അതിന് അവൾ നിന്നോട് ചോതിച്ചിട്ടല്ലേ പോയത് എന്റെ മനസ്സ് എന്നോട് എന്തക്കയോ പുലമ്പുന്നു .. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ..

ഞാൻ ഫോൺ എടുത്ത് നോക്കി മൂന്ന് മിസ്സ്ഡ് കാൾ  കിടക്കുന്നു .ഓഫീസിൽ ഇരുന്നപ്പോൾ അവൾ വിളിച്ചതാണ് .. തിരക്ക് കാരണം എടുക്കാൻ പറ്റിയില്ല . ഞാൻ തിരിച്ചു വിളിച്ചു ..

അവൾ ഫോൺ എടുത്തു   ഞാൻ ചോദിച്ചു
എവിടെ എത്തി ..

വീട്ടിൽ ആണ് ഏട്ടാ  ഏട്ടൻ വീട്ടിൽ എത്തിയോ ഫുഡ്‌ അടുക്കളയിൽ മൂടി വെച്ചിട്ടുണ്ട് കഴിക്കാൻ മറക്കരുത് കേട്ടോ അവൾ പറഞ്ഞു ..

എന്റെ നിശബ്ദത കൊണ്ടരിക്കണം അവൾ ചോദിച്ചു  എന്ത് പറ്റി ഏട്ടാ എന്താണ് മിണ്ടാതെ ഇരിക്കുന്നത് . ഞാൻ പറഞ്ഞു നീ പോകണ്ടാരുന്നു ..

നീ പോയപ്പോൾ എന്തോ എനിക്ക് ..അറിയില്ല എനിക്ക് നീ ഇല്ലാതെ പറ്റില്ല .. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട്‌ വരാം നീ റെഡി ആയി നിൽക്കു നമുക്ക് ഇങ്ങോട്ട് പോരാം ഞാൻ പറഞ്ഞു . .

എന്റെ ഏട്ടാ  ഏട്ടൻ എന്താ പിള്ളേരെ പോലെ ഞാൻ രാവിലെ തന്നെ അങ്ങ് വന്നേക്കാം പോരെ . ഇനി ഇ കാര്യത്തിന് ഫുഡ്‌ കഴിക്കാതെ ഇരിക്കരുത് അവൾ പറഞ്ഞു നിർത്തി .. നീ ഫുഡ്‌ കഴിച്ചോ എന്നാ ചോദ്യത്തിന് കഴിച്ചു എന്ന് മറുപടി തന്നു .

അവൾക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞു ഞാൻ
ഫോൺ കട്ട് ചെയ്തു ..

ഫോൺ കട്ട് ചെയ്തിട്ടും എനിക്ക്  മനസ്സിൽ എന്തോ പോലെ

ഞാൻ അലമാരതുറന്നു അതിൽ നിന്ന് വിസ്കി യുടെ ഒരു ബോട്ടിൽ എടുത്തു ഫ്രിഡ്ജിൽ നിന്നു തണുത്ത വെള്ളവും ..

അവൾക്കും ഞാൻ കുടിക്കുന്ന കൊണ്ടു പ്രശ്നം ഒന്നുമില്ല .രണ്ടെണ്ണം അതിനു അപ്പുറത്ത് അവൾ സമ്മതിക്കില്ല .. അവൾ തന്നെയാണ്  ഒഴിച്ച് തരുന്നതും ..

ഞാൻ ഗ്ലാസ്സിലോട്ട് മദ്യം ഒഴിച്ചു .. കുപ്പിയിൽ നിന്നു വെള്ളവും അത്‌ മുഴുവൻ കുടിച്ചു തീർത്തു .

ഒരു ഗ്ലാസുംകുടി ഒഴിച്ച് അതും ഫിനിഷ് ചെയ്തു . മദ്യം തലയ്ക്കു പിടിക്കാൻ തുടങ്ങി … ഞാൻ കസേരയിലോട്ട് ചാരി ഇരുന്നു . മനസ്സ് പതുക്കെ പുറകോട്ട് സഞ്ചരിച്ചു ..

അവളെ പ്രേമിച്ചു നടന്നതും അതിന്റെ പേരിൽ അവളുടെ ചേട്ടൻ എന്നെ തല്ലിയതും, ഞാൻ തിരിച്ചു തല്ലിയതും .. നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ ശ്രെമിച്ച അവളെ വീട്ടിൽ ചെന്ന് ഇറക്കികൊണ്ട് വന്നതും .ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ..

സ്വന്തം കാലിൽ നിൽക്കാൻ കുറച്ചു ബുദ്ധിമുട്ടി ..
ഒറ്റവശിയെ ഉണ്ടായിരുന്നുള്ളു അവൾക്ക് ഒരു കുറവും വരരുത് .. ഇപ്പോൾ വീട്ടുകാരുമായി പ്രശ്നം ഒന്നും ഇല്ല ,കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ടായി
ആദ്യം ഒന്നും അവളുടെ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല .

ഇപ്പോൾ അവൾ പ്രെഗ്നന്റ് ആണ് ,അത് എങ്ങനെയോ അവളുടെ വീട്ടിൽ അറിഞ്ഞു ,എനിക്ക് എന്റെ കുട്ടിയെ കാണണം എന്ന് അവളുടെ അമ്മയുടെ വാശിക്ക് മുൻപിൽ
അവളുടെ അച്ഛനും ആങ്ങളാക്കും വേറെ വഴിയില്ലാരുന്നു ..

അവളുടെ അമ്മ എന്നോട് സംസാരിക്കും ..
അച്ഛനും ആങ്ങളാക്കും എന്നോട്.. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ.. തോന്നിയിട്ടുണ്ട് ..അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരായാലും ഇങ്ങനെ തന്നെ ആയിരിക്കും ,അവളുടെ അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് അവർക്ക് മോനോട് ഒരു പ്രേശ്നവും ഇല്ലന്ന് ..

ഞാൻ പറഞ്ഞു എനിക്ക് ഒരു പ്രേശ്നവും
ഇല്ല അമ്മേ എല്ലാം പതുക്കെ മാറിക്കോളും..
കാലം മാറ്റാത്ത മുറിവുകൾ ഇല്ലല്ലോ ഞാൻ പറഞ്ഞു .

ഞാൻ അങ്ങനെ അവളുടെ വീട്ടിൽ പോയിട്ടില്ല .ഒന്നോ രണ്ടോ പ്രാവിശ്യം..
പോയാലും ഒരുദിവസത്തിൽ കൂടുതൽ നിൽക്കില്ല .

എന്റെ വീർപ്പുമുട്ടൽ കാണുമ്പോൾ അവൾ തന്നെ പറയും നമുക്ക് പോകാമെന്നു ..കല്യാണം കഴിഞ്ഞിട്ട് ഞാൻ അവളെ പിരിഞ്ഞു ഇരുന്നിട്ടില്ല .

തലയ്ക്കു നല്ല പെരുപ്പ് ആയി .ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു ,ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല സൈലന്റ്  മോഡ്  ആണെന്ന് തോന്നുന്നു .എനിക്ക് പ്രാന്ത് പിടിക്കുന്ന .എനിക്ക് ഇപ്പോൾ അവളെ കാണണം അവളുടെ ശബ്ദം കേൾക്കണം ഇല്ലാണ്ട് പറ്റില്ല എന്ത് ചെയ്യണം അറിയില്ല ..

ഞാൻ ഒരു ഗ്ലാസ്‌ മദ്യംകുടി കഴിച്ചു ..

ഇനി ഒറ്റ വഴിയേ ഉള്ളൂ അവളുടെ വീട്ടിലോട്ട് പോകാം .പക്‌ഷേ സമയം 12 ആയി. പക്‌ഷേ വയറ്റിൽ കിടക്കുന്ന സാത്താൻ എനിക്ക്  ശക്തി തന്നു പോകാൻ തന്നെ തീരുമാനിച്ചു ..

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളുടെ വീട്ടിലോട്ട് ഓടിച്ചു .ഒരു  ഏഴു km ഉണ്ട് അവളുടെ വീട്ടിലോട്ട് . ബൈക്ക് അവളുടെ വീടിന് അടുത്ത എത്തി.

ബൈക്ക് പുറത്തു വെച്ചു. ഗേറ്റ് അടച്ചിരിക്കുന്നു. എന്ത് ചെയ്യും മതിൽ ചാടുക തന്നെ. നേരത്തെ ചാടി ശീലം ഇല്ലങ്കിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു .ഒരു വിധം ആ മതിലും ചാടി . അകത്തു കിടക്കുന്ന കള്ള് കാണിക്കുന്ന ഓരോ വികൃതികൾ .

എന്തക്കെ ആണ് കാണിക്കുന്നത് എനിക്ക് പോലും അറിയില്ല . അവളുടെ മുഖം മാത്രമേ എന്റെ മുൻപിൽ ഉള്ളൂ .ഒരു വിധം അവളുടെ ജനലിന്റെ അടുത്ത എത്തി .

ആദ്യം ഫോണിൽ വിളിക്കാം ഞാൻ ഫോണിൽ വിളിച്ചു എടുക്കുന്നില്ല .ഒരു ഭിത്തിക്ക് അപ്പുറത്തെ അവൾ ഉണ്ട് .. പക്‌ഷേ എങ്ങനെ കാണും .ഓരോന്ന് ആലോചിച്ചു ഇരിക്കുന്നതിന് ഇടയ്ക്കാണ് കാല് തെറ്റി താഴെ വീണത് .

വീണത് തകര ഷീറ്റിന്റെ  മുകളിൽ ആയതു കൊണ്ട് എന്റെ ശബ്ദം കേട്ടില്ല പക്‌ഷേ ഷീറ്റിന്റെ ശബ്ദം അവിടെ മുഴുവൻ നിറഞ്ഞു ..അതോടുകൂടി  എന്റെ  കേട്ട് ഇറങ്ങി ..

വീഴ്ചയിൽ കാര്യമായി ഒന്നും പറ്റിയില്ല
പക്‌ഷേ വീട്ടിലെ ലൈറ്റ് മുഴുവൻ ഓൺ ആയി എന്ത് ചെയ്യും എന്ന് അറിയില്ല വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഓടി. മതിൽ ചാടാൻ നോക്കി പക്‌ഷേ വെപ്രാളം കാരണം പറ്റിയില്ല .വീണ്ടും ചാടാൻ നോക്കിയ എന്റെ പുറത്തു ..

നല്ല ഒരു അടി കിട്ടി  ഞാൻ താഴെ വീണു
നോക്കിയപ്പോൾ അളിയൻ ആണ് അവളുടെ ആങ്ങള .അവനു എന്നെ പിടികിട്ടിയില്ല .വീണ്ടും അടിക്കാൻ വന്നാ അവന്റെ കൈക്ക് പിടിച്ചു കൊണ്ട് പറഞ്ഞു പറഞ്ഞു അളിയാ ഞാൻ ആണ്

വെളിച്ചത്തോട്ട മാറി നിന്നപ്പോൾ ആണ്
അവനു എന്നെ പിടി കിട്ടിയത് .. അപ്പോഴേക്കും അവളുടെ അച്ഛനും വന്നു ..

ആകപ്പാടെ നാണക്കേടായി…..അവളും അമ്മയും വതുക്കലുണ്ട്… അവൻ പറഞ്ഞു സോറി അളിയാ ഇരുട്ട് ആയതു കൊണ്ടു ആളെ കണ്ടില്ല…

എന്ത് പറയണം എന്ന് അറിയാതെ  ചമ്മി
നിൽക്കുന്ന എന്നെ കണ്ടുകൊണ്ട് അവളുടെ അച്ഛൻ വാ മോനെ അകത്തു പോകാം ..

ഒന്നും മനസ്സിലാകാതെ നിൽക്കുന്ന അവളോട്‌ അച്ഛൻ പറഞ്ഞു മോളെ അവനെ റൂമിലോട്ട് കൊണ്ടുപോകു ..

ഞാൻ റൂമിൽ ചെന്ന് കട്ടിലിൽ ഇരുന്നു ..

അവൾ വാതിലിൽ കുറ്റിയിട്ടു എന്റെ അടുത്ത വന്നു ഇരുന്നിട്ട് ചോദിച്ചു എന്ത് പറ്റിയേട്ടാ ..

ഞാൻ പറഞ്ഞു നിന്റ ഫോൺ എന്തിയെ അവൾ പറഞ്ഞു ഫോൺ ഇവിടെ ഉണ്ട് . നീ ആ ഫോൺ എടുത്ത് നോക്കിക്കേ അവൾ നോക്കി .. ഏട്ടൻ വിളിച്ചാരുന്നോ ഫോൺ സൈലന്റ് ആയിപോയി ..

“നന്നായി” നീ ആ ഫോൺ എടുക്കുവാരുന്നങ്കിൽ ഇ കോലാഹലം ഉണ്ടാകില്ലര്ന്നാടി പോത്തേ  ഞാൻ പറഞ്ഞു

“എന്തുണ്ടായി അവൾ  ചോദിച്ചു “

ഇനി എന്തുണ്ടാകാൻ  എല്ലാം പോയില്ലേ .

ഒന്നും മനസ്സിലാകാതെ ഇരുന്ന അവളോട്‌ ഞാൻ എല്ലാം പറഞ്ഞു . ഇരുന്നേടത്തുനിന്ന്  ചാടി എഴുന്നേറ്റു വായ പൊത്തി നിൽക്കുന്ന അവൾ എന്നോട് പറഞ്ഞു ..

“എന്റെ ഏട്ടാ നേരെ വന്നു കാളിങ് ബെൽ
അടിച്ചാൽ പോരാരുന്നോ ഇ പാട് വല്ലോം ഉണ്ടാരുന്നോ എന്തെങ്കിലും സംഭവിച്ചുപോയിരുന്നെങ്കിൽ ..

“അവളുടെ കണ്ണ് ചെറുതായിട്ട്  നിറഞ്ഞു “

ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട്  ഞാൻ പറഞ്ഞു .ശരിയാണ് പക്‌ഷേ നിന്നോടുള്ള സ്നേഹവും അകത്തുകിടക്കുന്ന കള്ളും ആണ് എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് . അവൾ ചിരിച്ചു കൊണ്ടു എന്റെ മാറിൽ ചാഞ്ഞു .

“എന്നാലും അന്നത്തെ ഒറ്റ അടികൊണ്ടു അവളുടെ ആങ്ങള ഇപ്പോൾ എന്റെ ചങ്ക് ബ്രോ ആണ് “

Leave a Reply

Your email address will not be published. Required fields are marked *