അയാളുമായി വീണ്ടും തന്റെ കല്യാണം അച്ഛൻ ഉറപ്പിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോ അമ്മ..

എന്റെ മാത്രം
(രചന: ശിവാനി കൃഷ്ണ)

“അമ്മുച്ചെ.. അച്ഛ എന്നാ വരാ..മോൾക്ക് കാണാൻ കൊതിയാ..” ഉറങ്ങാൻ കിടന്ന കുഞ്ഞിടെ വാക്കുകൾ കേട്ടപ്പോ എവിടെന്നോ നെഞ്ചിലൊരു വേദനയുണ്ടായി…

“അച്ഛൻ…വരുല്ലോ..അമ്മയേം കുഞ്ഞിയേം കാണാൻ..പെട്ടെന്ന് വരുംട്ടോ..”

“മോൾടെ പിറന്നാളില്ലേ അമ്മുച്ചെ..അന്ന് അച്ഛാ വന്നില്ലേൽ പിന്നെ മോൾ കട്ടീസ് ആണ്..”

“വരുംട്ടോ..അമ്മേടെ കുഞ്ഞി ഇപ്പോ നല്ല കുട്ടി ആയിട്ട് ഉറങ്ങിയേ…”

“മ്മ്…”മൂളിക്കൊണ്ട് എന്നെ ചുറ്റിപിടിച്ചു പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു…കുഞ്ഞി..ഞങ്ങടെ കുഞ്ഞാറ്റ…

ഇടക്ക് ഇടക്ക് വീട്ടിലേക്ക് വരുന്ന കുഞ്ഞേട്ടന്റെ കൂട്ടുകാരന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയമാണെന്ന് മനസിലാക്കാൻ ആ ഇരുപതുകാരിക്ക് ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല..

ഉള്ളിൽ എപ്പോഴോ അറിയാതൊരു ഇഷ്ടം തോന്നിയിരുന്നെങ്കിലും അതിന്റെ അനന്തരഫലം ഓർത്ത് എല്ലാം ഉള്ളിലൊതുക്കി…

കാവിലെ ഉത്സവത്തിന് നേരത്തെ വീട്ടിലേക്ക് പോന്നപ്പോ ഒറ്റക്ക് ആണെന്ന് കണ്ട് ഭോഗിക്കാൻ ശ്രമിച്ച രണ്ട് ചെന്നായ്ക്കളിൽ നിന്ന് പൊതിഞ്ഞു പിടിച്ച ആ കണ്ണുകളിൽ ഞാൻ കണ്ടത് പ്രണയത്തേക്കാൾ ഉപരി കരുതലായിരുന്നു…

ഉള്ളിലെ പ്രണയം ഞാൻ പോലും അറിയാതെ പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു..അത് ആദ്യം തുറന്ന് പറഞ്ഞതും കുഞ്ഞേട്ടനോടായിരുന്നു…

കൂട്ടുകാരനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാവും കുഞ്ഞേട്ടൻ എന്റെ കൂടെ നിന്നു… അങ്ങനെ ഞാൻ എന്റെ പ്രണയം തുറന്ന് പറഞ്ഞു.. രണ്ട് കൊല്ലം കുഞ്ഞേട്ടൻ ഒഴികെ മറ്റാരും അറിയാതെ ഞങ്ങൾ പ്രണയിച്ചു…

വീട്ടിൽ കല്യാണആലോചനകൾ വന്നപ്പോൾ കുഞ്ഞേട്ടൻ തന്നെയാണ് അച്ഛനോട് എല്ലാം പറഞ്ഞത്… പക്ഷേ ജാതിയിലും പണത്തിലും താഴ്ന്ന ഒരുവനുമായി ഒരു ബന്ധത്തിന് അച്ഛന് താല്പര്യം ഇല്ലത്രെ…

കരഞ്ഞു കാൽ പിടിച്ചിട്ടോ പട്ടിണി കിടന്നിട്ടോ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായില്ല…എന്നോട് പോലും ചോയ്ക്കാതെ അച്ഛന്റെ കൂട്ടുകാരന്റെ മകനുമായിട്ട് എന്റെ വിവാഹം ഉറപ്പിച്ചു…

പൂട്ടി ഇട്ടിരുന്ന മുറിയിൽ നിന്ന് രക്ഷപെടുത്തി എന്നെ ഹരിയേട്ടന്റെ അടുത്തേക്ക് പറഞ്ഞു വിട്ടതും എന്റെ കുഞ്ഞേട്ടൻ തന്നെയായിരുന്നു…അച്ഛനോടും അമ്മയോടും ഉള്ള് കൊണ്ട് ഒരു നൂറുവട്ടം എങ്കിലും മാപ്പ് പറഞ്ഞാണ് ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്..

അന്ന് തന്നെ ഞങ്ങൾ പോയി… മാനന്തവാടിയിലേക്ക്… അവിടെയുള്ള ഹരിയേട്ടന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ…രണ്ട് ദിവസങ്ങൾക്കു ശേഷം കുഞ്ഞേട്ടൻ വിളിക്കുമ്പോഴാണ് ഞാൻ പോയതറിഞ്ഞു തളർന്നു വീണ അമ്മയെ കുറിച്ച് അറിയുന്നത്..

എന്നെ നൊന്ത് പെറ്റ,എന്റെ ഓരോ വളർച്ചയിലും കൂടെ നിന്ന എന്റെ അമ്മ ഞാൻ കാരണം…മനസ്സും ശരീരവും തളർന്ന് പോകുന്നത് പോലെ തോന്നി…

ഹരിയേട്ടൻ തന്നെയാണ് തിരിച്ചു പോകാൻ മുൻകൈ എടുത്തത്..അമ്മയെ കാണാൻ അകത്തേക്ക് കയറാൻ നിന്ന എന്നെ അച്ഛന്റെ കൈകൾ തടഞ്ഞു നിർത്തി…

നെഞ്ചിലൊട്ടി കിടക്കുന്ന ആ ഒരു തരി പൊന്ന് ഹരിയേട്ടന് ഊരികൊടുത്ത് എല്ലാ ബന്ധവും ഉപേക്ഷിച്ചു വന്നാൽ മാത്രേ അമ്മയെ കാണാൻ അനുവദിക്കു അത്രേ…

എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതിയെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല..എല്ലാ വേദനകളിലും കൂടെ നിൽക്കുന്ന ആ ഒരു മുഖം മാത്രേ അപ്പോൾ മനസിൽ ഉണ്ടായിരുന്നുള്ളു..

എന്നെ കാത്ത് പുറത്ത് നിന്ന ഹരിയേട്ടന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു…എല്ലാം ഇവിടെ അവസാനിപ്പിക്കാം ന്ന്…എന്നെ മറന്നേക്കാൻ… നിറഞ്ഞ കണ്ണുകളുമായി നിസ്സഹായനായി എന്നെ നോക്കി നിൽക്കുന്ന ആ മുഖത്തേക്ക് ഒന്ന് നോക്കി ഹൃദയം നുറുങ്ങുന്ന വേദനയിൽ ഞാൻ തിരിഞ്ഞു നടന്നു…

കരഞ്ഞു തളർന്നു അമ്മയെ കാണാൻ അകത്തേക്ക് ചെന്ന ഞാൻ കാണുന്നത് അച്ഛന് ആഹാരം വിളമ്പുന്ന അമ്മയെ ആണ്…

നുണ പറഞ്ഞിരിക്കുന്നു…തന്നോട്…എല്ലാരുംകൂടി പറ്റിച്ചു..എന്റെ ഹരിയേട്ടൻ…തിരിഞ്ഞോടാൻ തുടങ്ങിയതും അച്ഛന്റെ കൈകരുത്തിനു മുൻപിൽ ഞാൻ തോറ്റുപോയി…

പത്തായപുരയിൽ ഇട്ട് പൂട്ടുമ്പോഴും കേൾക്കില്ല  എന്ന് ഉറപ്പുണ്ടായിട്ടും വാതിക്കൽ തന്നെയും പ്രതീക്ഷിച്ചു തളർന്ന് നില്കുന്നവനെ നോക്കി ഉറക്കെ നിലവിളിച്ചു…വായിൽ തിരുകിയ തുണി എന്റെ അലമുറകളെ കൊന്നൊടുക്കി…

ഉച്ചക്ക് ഭക്ഷണവുമായി എത്തിയ കുഞ്ഞേട്ടനെ കണ്ടപ്പോ ദേഷ്യം കുമിഞ്പൊങ്ങി…തന്നിലേക്ക് ദയയോടെ എത്തിയ ആ മിഴികളിൽ നിന്ന് ദേഷ്യത്തോടെ മുഖം തിരിച്ചു…

അങ്ങനെ പറഞ്ഞില്ലെങ്കിൽ അമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞതുകൊണ്ടാണ് മോളെ…പെറ്റമ്മയല്ലേ എന്ന് പറഞ്ഞു എന്റെ കാലിൽ പിടിച്ചു മാപ്പ് പറയുമ്പോഴേക്കും എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി തുടങ്ങിയിരുന്നു.. ഞാൻ കാരണം ആണല്ലോ ഇതെല്ലാം എന്ന ചിന്ത മനസ്സ് അസ്വസ്ഥമാക്കി…

ദിവസങ്ങൾ കൊഴിഞ്ഞു വീണു…ഹരിയേട്ടന്റെ അവസ്ഥ ഓർത്ത് ഹൃദയം വെന്തുനീറി…രണ്ട് മാസമായിട്ട് വിരുന്നെത്താത്ത ആർത്തവദിനങ്ങൾ എന്നെ ഭയപ്പെടുത്തി..

ഇടക്കെങ്കിലും തന്നെ നിറഞ്ഞ മിഴികളുമായി നോക്കുന്ന അമ്മയോട് പറഞ്ഞപ്പോ അമ്മ തന്നെയാ കാർഡ് വാങ്ങി തന്നത്..അതിൽ  തെളിഞ്ഞ രണ്ട് വരകൾ കണ്ടപ്പോൾ പേടിയാണോ സന്തോഷമാണോ തോന്നിയതെന്ന് അറിയില്ല…

എന്റെ ഹരിയേട്ടന്റെ കുഞ്ഞ്…ഹരിയേട്ടനെ എനിക്കൊന്ന് കാണാൻ തോന്നി…ആ നെഞ്ചിൽ ചേർന്ന് ഒന്ന് ഇരിക്കാൻ തോന്നി….

അയാളുമായി വീണ്ടും തന്റെ കല്യാണം അച്ഛൻ ഉറപ്പിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോ അമ്മ തന്നെയാണ് എന്നോട് പോകാൻ പറഞ്ഞത്… കയ്യിലേക്ക് കുറച്ച് പൈസയും വെച്ച് അച്ഛൻ വീട്ടിലില്ലാത്ത സമയം എന്നെ കുഞ്ഞേട്ടന്റെ കൂടെ പറഞ്ഞയച്ചപ്പോ ആ നിറഞ്ഞ കണ്ണുകൾ നിറയെ എന്നോടുള്ള സ്നേഹം ആയിരുന്നു…

ഹരിയേട്ടന്റെ വീട്ടിലേക്ക് പോയെങ്കിലും കൂടികിടക്കുന്ന കരിയിലയും മറ്റും കുറെ നാളായി അവിടെ ആൾതാമസം ഇല്ലെന്ന് വിളിച്ചോതി…

ഇനി എവിടെ പോയി കണ്ട് പിടിക്കും ഞാൻ…ഞാൻ മറന്നുന്ന് കരുതീട്ടുണ്ടാവോ…ചതിച്ചു ന്ന് കരുതികാണുവോ…ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു…

ശരീരം തളർന്ന് അവിടെ വീഴുമ്പോഴേക്കും തന്നെയും എടുത്ത് കുഞ്ഞേട്ടൻ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു…ആരോഗ്യം പഴയ നിലയിലേക്ക് വന്നെങ്കിലും മനസ്സപ്പോഴും ആ ഓർമകളിൽ കുടുങ്ങി കിടന്നു…കൂടെ ഞങ്ങടെ വാവ ഉണ്ടല്ലോ എന്ന ഓർമ്മ തന്നെയാണ് പിടിച്ചു നിർത്തിയതും..

കുഞ്ഞേട്ടൻ ആണ് ബാംഗ്ലൂർ ഒരു ഫ്ലാറ്റ് ശരിയാക്കി തന്നത്…ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് ജോലി കിട്ടാൻ ബുദ്ധിമുട്ടിയില്ല…തന്റെ കൂടെ നിൽക്കാൻ കുഞ്ഞേട്ടൻ വാശി പിടിച്ചെങ്കിലും അമ്മ ഒറ്റക്കാണെന്ന് പറഞ്ഞു ഞാൻ തിരികെ അയച്ചു…

ഇന്നിപ്പോ അഞ്ചു വർഷമായി ഞാൻ കാത്തിരിക്കുന്നു… ഒരുപാട് അന്വേഷിച്ചെങ്കിലും കിട്ടിയില്ല…പ്രതീക്ഷകൾ ഒക്കെ ഒരുവിധം അസ്തമിച്ചു.. എങ്കിലും ഉള്ളിൽ എവിടെയോ ഹരിയേട്ടൻ വരും എന്നൊരു വിശ്വാസം മായാതെ കിടക്കുന്നു…

“അമ്മുച്ചേ…അച്ഛ എന്താ വരാത്തെ..എപ്പളെ കുഞ്ഞി നോക്കുന്നു…”

ഉച്ച കഴിഞ്ഞിട്ടും പിറന്നാൾ ആഘോഷിക്കാൻ വരാത്ത അച്ഛനെ ഓർത്ത് ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…

“അയ്യേ…അമ്മേടെ കുഞ്ഞി കരയുവാണോ…എന്റെ കുഞ്ഞൻ സ്ട്രോങ്ങ്‌ ഗേൾ അല്ലേ…”

“മ്മ്…”

“അങ്ങനെ…അപ്പോ നമുക്ക് രണ്ട് പേർക്കൂടി പുറത്ത് പോയാലോ..”

“ചുമ്മാ..ന്നെ പറ്റിച്ചാൻ അല്ലേ…”

“അമ്മ പറ്റിക്കില്ലാട്ടോ…നമുക്ക് ഇപ്പോ തന്നെ പോവാല്ലോ..വായൊ അമ്മേടെ കുഞ്ഞിപെണ്ണ്”

കുറച്ച് നേരത്തേക്കെങ്കിലും ആ വേദന മറക്കാനാണ് കുഞ്ഞിയേം കൊണ്ട് പുറത്ത് പോയത്… മറ്റു കുട്ടികളുടെ കൂടെ പാർക്കിൽ നിന്ന് കളിക്കുന്ന കുഞ്ഞിയെ നോക്കി ഇരിക്കുമ്പോഴാണ്  മറുവശത്തു പുറം തിരിഞ്ഞു നിക്കുന്ന ആളിൽ കണ്ണ് പതിച്ചത്..

ആ മുഖം കണ്ടതും ഉള്ളിലൂടെ ഒരു മിന്നൽപിണർ കടന്നു പോയി…ഹരിയേട്ടൻ..തന്റെ ഹരിയേട്ടൻ… ഒന്നും ചിന്തിക്കാതെ പെട്ടെന്ന് അങ്ങോട്ടേക്ക് ഓടി.. എന്നെ കണ്ടതും ഞാൻ പ്രതീക്ഷിച്ച ഞെട്ടൽ ആ മുഖത്ത് കണ്ടില്ല…

“ഹരിയേട്ടാ…ഹരിയേട്ടൻ എങ്ങനെ..എന്താ…എന്താ ഇവിടെ? “

“അതിന് ഇയാൾ ആരാ? ” ആ ചോദ്യം എന്റെ ചെവിയിലേക്ക് തുളച്ചിറങ്ങിപോയി…

“ഹരിയേട്ടാ…ഞാനാ ഏട്ടന്റെ അമ്മുട്ടി… മറന്നോ… എന്നെ മറന്നോ ഏട്ടാ…അങ്ങനെ മറക്കാൻ പറ്റുവോ..ഞാനല്ലേ…”

“കുട്ടിക്ക് ആള് മാറിയെന്നു തോന്നുന്നു..ഞാൻ ഇയാൾ ഉദ്ദേശിക്കുന്ന ആളല്ല…”

“അല്ല…മാറിയില്ല.. നിക്ക് അറിയാല്ലോ എന്റെ ഹരിയേട്ടനെ…നമ്മടെ കല്യാണം..ഏട്ടന് ഒന്നും ഓർമയില്ലേ…ദേ ഹരിയേട്ടൻ കെട്ടിയ താലി അല്ലേ ഇത്…നോക്ക് ഹരിയേട്ടാ” ഞാൻ എന്റെ സാരിക്കിടയിൽ നിന്ന് ആ താലി പുറത്തേക്ക് വലിച്ചിട്ടു…

“ഹഹ…കുട്ടി എന്തൊക്കെയാ ഈ പറയുന്നേ… ഞാൻ കുട്ടിയെ കല്യാണം കഴിച്ചെന്നോ.. നല്ല കഥയായി…ദേവു ഇങ് വന്നെ “എന്ന് പറഞ്ഞു അടുത്ത് കടയിൽ നിൽക്കുന്ന പെൺകുട്ടിയെ കൈ കാണിച്ചു വിളിച്ചു…

ഒരു നേർത്ത ചിരിയോടെ ഞങ്ങടെ അടുത്തേക്ക് നടന്നു വന്ന ആ പെൺകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് “ഇതെന്റെ വൈഫ്‌ ആണെന്ന് പറയുമ്പോ ഭൂമി പിളർന്നു താഴേക്ക് പോകാൻ തോന്നി…

ആ പെൺകുട്ടിയുടെ കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും എന്നെ വേദനിപ്പിച്ചു… അവർക്ക് ഒരു ചിരി നൽകി കുഞ്ഞിക്ക് അടുത്തേക്ക് ഓടുകയായിരുന്നു…ഒന്നുറക്കെ കരയാൻ മനസ്സ് വെമ്പൽ കൊണ്ടു…കളിച്ചു നിന്ന കുഞ്ഞി വരാൻ മടിച്ചപ്പോ രണ്ട് അടി കൊടുക്കേണ്ടി വന്നു..

റൂമിൽ വന്ന് കണ്ണടച്ച് കിടന്നപ്പോ കുഞ്ഞി പുറത്തേക്ക് ചാടി കയറി.

“അമ്മുച്ചെ കരയല്ലേ..നാൻ ഇനി പാഞ്ഞാ കേട്ടോളം…ചോറി”

ചെന്നിയിലേക്ക് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് കരയാൻ ഒരുങ്ങി ചുണ്ട് പിളർത്തി നിക്കുന്ന കുഞ്ഞിയെ കണ്ടപ്പോ സങ്കടം കഴിക്കാൻ കഴിഞ്ഞില്ല…

“അമ്മക്ക് ഒന്നുല്ലാട്ടോ…കുഞ്ഞിക്ക് നൊന്തോ അമ്മ അടിച്ചപ്പോ… പോട്ടെടാ… അമ്മ അറിയാതെ അടിച്ചു പോയതാ “

“കുഞ്ഞിക്ക് നൊന്തില്ല അമ്മുച്ചേ… അമ്മു കരഞ്ഞാ കുഞ്ഞിക്ക് വിച്ഛമാവും..”

“ഇല്ലടാ…അമ്മ കരയില്ലാട്ടോ…” കുഞ്ഞിയെ നെഞ്ചിൽ കിടത്തി അറിയാതെ ഉറങ്ങിപോയി…

ഇടക്ക് ശബ്ദം കേട്ടപ്പോ കുഞ്ഞേട്ടൻ ആണെന്ന് തോന്നി…ഇന്ന് വരും ന്ന് പറഞ്ഞിരുന്നു…കുഞ്ഞിടെ പിറനാൾ അല്ലേ..സ്പെയർ കീ കുഞ്ഞേട്ടന്റെ കയ്യിൽ ഉണ്ട്…എഴുനേൽക്കാൻ വയ്യാരുന്നു…

കുറച്ച് കഴിഞ്ഞു കണ്ണ് തുറന്നപ്പോ കുഞ്ഞി അടുത്തില്ലാരുന്നു…കുഞ്ഞേട്ടന്റെ അടുക്കൽ പോയി കാണും..വാതിൽ തുറന്ന് നോക്കിയപ്പോ സെറ്റിയിൽ ഇരുന്നു കുഞ്ഞിയെ കളിപ്പിക്കുന്ന ഏട്ടനെ കണ്ടു…

ഇപ്പോ അങ്ങോട്ട് ചെന്നാൽ ഇനി അതുമതി… ഇപ്പോഴും കരഞ്ഞിരിക്കുന്നത് ന്തിനാ ന്ന് ചോയ്ച്ചു വഴക്ക് പറയും..

അതുകൊണ്ട് കുളിക്കാൻ കയറി…കുറച്ച് നേരം അതിന്റെ കീഴിൽ നിന്നപ്പോൾ ശരീരവും മനസ്സും ഒരുപോലെ തണുത്തു…കുളിച്ചിറങ്ങി സിന്ദൂരം ഇടാൻ കണ്ണാടിക്ക് മുൻപിൽ പോയപ്പോ ആരോ പിറകിൽ ഉള്ളത് പോലെ തോന്നി..

മുഖം ഉയർത്തിയപ്പോ കണ്ണാടിയിലൂടെ വീണ്ടും ഞാൻ ആ മുഖം കണ്ടു…എന്നെ നോക്കി ചിരിച്ചു നിക്കുന്ന ഹരിയേട്ടൻ…ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കാൻ പോയതും പിറകിലൂടെ വന്നെന്നെ ചേർത്ത് പിടിച്ചിരുന്നു…

എന്തുകൊണ്ടോ ആ കൈകൾ എന്നെ അസ്വസ്ഥമാക്കി…വിട്ട് മാറാൻ ശ്രമിച്ചപ്പോഴേക്കും മുറുക്കി പിടിച്ചിരുന്നു…

“അടങ്ങി നിക്ക് പെണ്ണേ…കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഞാനൊന്ന് പിടിക്കുമ്പോഴുള്ള നിന്റെ ഈ വിറയലിനു ഒരു മാറ്റവും ഇല്ലല്ലേ..” ആ വാക്കുകൾ കേട്ടതും കണ്ണ് നിറഞ്ഞുവന്നു… വിശ്വാസം വരാതെ ഞാൻ ആ മുഖത്തേക്ക് നോക്കി നിന്നു..

“ഞാനാടീ..നിന്റെ ഹരിയേട്ടൻ..” കുറച്ച് മുൻപ് നടന്നത് പെട്ടെന്ന് ഓർമവന്നു..

“അല്ല…എന്നെ പറ്റിക്കുവാ “

“അല്ല പെണ്ണേ…ഞാനാ എന്റെ അമ്മുക്കുട്ടീടെ മാത്രം ഹരിയേട്ടൻ…”

“അപ്പോ നേരത്തെ…”

“അത് നിന്നെ ഞാൻ ഒന്ന് പറ്റിച്ചതല്ലേ…”

ന്തിനോ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു… ആ കൈകൾ അകത്തി ഒരു തളർച്ചയുടെ ബെഡിലേക്ക് ഇരുന്നു… മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന എന്റെ താഴെയായി ഇരുന്നു കൊണ്ട് എന്റെ കാലിൽ കൈവച്ചു…

“മോളെ…അമ്മൂട്ടി…ക്ഷമിക്കില്ലേടീ നീ ഏട്ടനോട്…”

ഒന്നും പറയാൻ തോന്നിയില്ല..കാലിലേക്ക് പതിച്ച കണ്ണുനീർ തുള്ളികൾ ചുട്ട് പൊള്ളിച്ചു…

“നിനക്ക്…നിനക്കെന്നെ വെറുപ്പാണോ അമ്മൂട്ടിയെ…” ഒരു ഞെട്ടലോടെ ഞാൻ ആ വാ പൊത്തി…

“എന്താ ഹരിയേട്ടാ ഇത്… ന്താ ഈ പറയണെ…വെറുപ്പോ…നിക്ക്..നിക്ക് വെറുക്കാൻ പറ്റുവോ…ന്റെ ഹരിയേട്ടനല്ലേ…”

“മോളെ…”

“നിക്ക് പിണക്കം ഒന്നുല്ലാല്ലോ ഹരിയേട്ടാ…നിക്ക് പിണങ്ങി ഇരിക്കാൻ പറ്റും ന്ന് തോന്നുന്നുണ്ടോ… പക്ഷേ ഒരു കുന്നോളം പരാതി പറയാനുണ്ട് നിക്ക്…” നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ആ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു…

“എവിടെയാരുന്നു ഇതുവരെ…..ഒന്ന് കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ…”

“അമ്മൂട്ടി….നീ മരിച്ചെന്നു നിന്റെ അച്ഛൻ പറഞ്ഞപ്പോ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.. ജീവിക്കാൻ പോലും തോന്നിയില്ല..പക്ഷേ എന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അച്ഛനെയും അമ്മയേം എങ്ങനെ ഒറ്റക്ക് ആക്കാനാടാ…

രണ്ട് മാസം മുൻപ് നിന്റെ അമ്മയിൽ നിന്നാണ് ഞാൻ സത്യങ്ങൾ ഒക്കെ അറിഞ്ഞത്..അപ്പോ തന്നെ ഇങ്ങോട്ട് വണ്ടി കേറിയെങ്കിലും ഇവിടെ എവിടെ ആണ് എന്നൊന്നും അറിയില്ലാരുന്നു… കുറച്ച് ദിവസം മുൻപ് കുഞ്ഞനെ കണ്ടിരുന്നു… അവനാണ് നിന്റെ വിവരങ്ങൾ എല്ലാം തന്നത്..”

“അച്ഛൻ…അച്ഛന് എന്നോട് ഒട്ടും സ്നേഹം ഇല്ലാരുന്നോ ഹരിയേട്ടാ അപ്പോ..ഇത്രയൊക്കെ വേദനിപ്പിക്കാൻ കഴിയോ…”

“പോട്ടെടാ…കഴിഞ്ഞില്ലേ അതൊക്കെ.. “

“മ്മ്…ദേവു? “

“ഇവിടെയുള്ള ഒരു ഫ്രണ്ടിന്റെ വൈഫ്‌ ആണ്..അവരുടെ കൂടെ ആയിരുന്നു ഞാൻ..”

“മ്മ്…”

“അമ്മൂട്ടി…”

“മ്മ്…”

“ഒത്തിരി വിഷമിപ്പിച്ചല്ലേ ഞാൻ…”

“മ്മ്ഹ്…നിക്ക് അറിയാരുന്നു…ന്നെ മറക്കില്ലന്ന്… വരുംന്ന് അറിയാരുന്നു നിക്ക്…”

അത്രയും പറഞ്ഞു ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു….മനസ്സിലെ ഭാരമൊക്കെ ഇറക്കിവച്ച് ആ മടിയിൽ കിടക്കുമ്പോഴേക്കും കതക് തുറന്ന് ഒരു കുഞ്ഞിതല അകത്തേക്ക് എത്തിനോക്കുന്നുണ്ടാരുന്നു…

“അച്ചേടെ കുഞ്ഞിപ്പെണ്ണേ…ഇങ് വാ…”

അത് കേട്ടതും പറന്നു വന്ന് അവൾടെ അച്ചേടെ മടിയിൽ ഇരുപ്പ് ഉറപ്പിച്ചു…

“അച്ഛേ…അതില്ലേ…ഈ അമ്മൂട്ടിയെ ഇന്നെന്നെ അച്ചു… ദേ ന്റെ ഈ കയ്യിൽ അച്ചു…”

“ആണോ…അമ്മൂട്ടി നീ എന്റെ കുഞ്ഞിനെ അടിച്ചോ…അമ്പടി നീ കൊള്ളാല്ലോ…നമുക്ക് ഇന്ന് അമ്മൂട്ടിക്ക് പാപ്പം കൊടുക്കണ്ട കുഞ്ഞാ…”

“അചോ..അപ്പോ അമ്മുന് വിചകൂലെ “

“അത് ശരിയാണല്ലോ…അപ്പോ എന്ത്ചെയ്യും… മ്മ്??”

“മ്മ്….നമുക്ക് അമ്മുന്റോടെ ചെമിക്കാം അച്ഛേ..ഇനി കുത്തക്കേട് കാണിച്ചാ അടി കൊക്കാം “

“ഓക്കേ…ന്നാ നമുക്ക് ഇപ്പോ കുഞ്ഞന്റെ കേക്ക് മുറിക്കാൻ പോവാം..”

“ഹൈ…ബാ…എപ്പഴേ മോൾ കാത്തിരിച്ചുവാ…”

“ആഹാ.. വാ എഴുന്നേക്ക്…”

“അച്ഛേ.. എക്കുവോ…”

“അച്ഛാ എടുക്കാല്ലോ അച്ഛന്റെ കുഞ്ഞിപ്പെണ്ണിനെ..”

“എന്നേം അമ്മുനേം എക്കണം “

കേക്കേണ്ട താമസം ഹരിയേട്ടൻ എന്നെ കൈകളിൽ കോരി എടുത്തു…ബെഡിൽ നിന്ന് കുഞ്ഞി അത് കണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു…എന്റെ മടിയിലായിട്ട് കുഞ്ഞിയേം എടുത്തു പുറത്തേക്ക് നടന്നു…

ഹാളിൽ ഇരിക്കുന്ന അമ്മയേം അച്ഛനെയും കുഞ്ഞേട്ടനെയും കണ്ട് ഞാൻ ഞെട്ടി…ഒരു പിടച്ചിലോടെ താഴേക്കു ഇറങ്ങുമ്പോ അച്ഛന്റെ രൂപം എന്നെ തളർത്തി…..

ഒരുപാട് ക്ഷീണിച്ചു പോയിരിക്കുന്നു…നിറഞ്ഞ കണ്ണുമായി എന്നെ നോക്കി കൈ കൂപ്പി മാപ്പ് അപേക്ഷിക്കുമ്പോഴേക്കും അച്ഛാ ന്ന് വിളിച്ചു ഞാൻ കെട്ടിപിടിച്ചിരുന്നു…

“അമ്മു…മോളെ അച്ഛനോട് ക്ഷമിക്കടീ…”

“വേണ്ടച്ചാ…നിക്ക് വിഷമം ഒന്നുല്ലല്ലോ …ന്റെ അച്ഛാ അല്ലേ…നിക്ക് അറിയാം… പോട്ടെ… കരയല്ലേ… ഞാനും ഒത്തിരി വിഷമിപ്പിച്ചില്ലേ” കുസൃതി കാട്ടുമ്പോ അടി തന്നിട്ട് എന്റെ കണ്ണുനീർ കണ്ട് നിറഞ്ഞ കണ്ണുമായി എന്നെ ചേർ്ത്ത് പിടിച്ചിരുന്ന എന്റെ അച്ഛൻ അല്ലേ…

അഛയേം അമ്മമ്മയേം അപ്പൂപ്പനെയും എല്ലാം കണ്ട് കുഞ്ഞി ഒത്തിരി സന്തോഷത്തിലായിരുന്നു… എന്തൊക്കെയോ വെട്ടിപിടിച്ചതു പോലെയൊരു സന്തോഷം തോന്നി..

അച്ഛന്റെയും അമ്മയുടേം കൈ പിടിച്ചു കേക്ക് മുറിക്കുന്ന കുഞ്ഞിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…

സ്നേഹത്തോടെ ചേർത്തുപിടിച്ച് കരയരുതെന്ന് പറഞ്ഞ ഹരിയേട്ടന്റെ മിഴികളിൽ എന്നോടുള്ള പ്രണയമായിരുന്നു…ആ ഇരുപത്തിരണ്ട് കാരനിൽ ഞാൻ അന്ന് കണ്ട അതേ പ്രണയം…എന്റെ മാത്രം…

Leave a Reply

Your email address will not be published. Required fields are marked *