ഞാൻ അന്നേ അമ്മയോട് പറഞ്ഞതല്ലേ നമുക്കൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ മതിയെന്ന്, അപ്പോൾ..

കാണാമറയത്ത്
(രചന: Raju Pk)

ഇനി നിങ്ങളോടൊത്തൊരുമിച്ചൊരു ജീവിതം എനിക്ക് വേണ്ട നമ്മൾ പിരിയുകയാണ് അനുമോളേയും എടുത്ത് വിളിച്ചു വരുത്തിയ ഓട്ടോയിലേക്ക് അവൾ കയറുമ്പോൾ മകളെയോർത്ത് മനസ്സ് വേദനിച്ചെങ്കിലും അവളെ തടയാൻ മനസ്സനുവദിച്ചില്ല.

മോനേ അവളോട് പോകണ്ടെന്ന് പറയ് മോനേ… ഞാൻ അവളോട് മാപ്പ് പറയാം അവളെ തിരികെ വിളിക്ക്.

വേണ്ടമ്മേ അവൾ പൊയ്ക്കോട്ടെ അവൾ വലിയ വീട്ടിലെ കുട്ടിയല്ലേ… പോരാത്തതിന് എന്നേക്കാൾ ശമ്പളം വാങ്ങുന്ന സർക്കാർ ജോലിയുണ്ടെന്നുള്ള അഹങ്കാരവും.

കാലം കുറെ ആയി ഞാൻ ക്ഷമിക്കുന്നു. ഇന്ന് അമ്മയെ പിടിച്ച് തള്ളുന്നിടം വരെ എത്തി കാര്യങ്ങൾ…

എങ്കിലും അവളെ മോൻ തല്ലിയത് ശരിയായില്ല..

ശരിയാണമ്മേ ഇന്ന് തല്ലേണ്ടി വരില്ലായിരുന്നു.ഇത് കുറച്ച് നേരത്തേ വേണ്ടതായിരുന്നു. എങ്കിൽ അവൾ പണ്ടേ നന്നായേനേ….

ഞാൻ അന്നേ അമ്മയോട് പറഞ്ഞതല്ലേ നമുക്കൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ മതിയെന്ന്. അപ്പോൾ അമ്മയാണ് പറഞ്ഞ് നിർബന്ധിച്ചത് സർക്കാർ ജോലിയുള്ള കുട്ടിയാണ് എൻ്റെ മോനൊരു സഹായമാകും.

അതുവരെ സ്നേഹത്തോടെ പോയിരുന്ന നമ്മുടെ വീടിനെ അവളൊരു ശവപ്പറമ്പ് പോലാക്കി അമ്മയെ ഇവിടത്തെ ഒരു വേലക്കാരി ആയല്ലേ അവൾ കണ്ടിരുന്നത്. ഇനി അവളെ വേണ്ടമ്മേ എനിക്ക് അത്രക്ക് മടുത്തു.

കരഞ്ഞ് തളർന്ന അമ്മയുടെ മുന്നിലൂടെ എൻ്റെ സങ്കടം അല്പം പോലും പുറത്ത് കാട്ടാതെ ഞാൻ മുന്നോട്ട് നടന്നു.

ഇന്നിനി ജോലിക്ക് പോകാൻ വയ്യ നേരെ പ്രസാദിനെ വിളിച്ചു ചെറുപ്പം മുതൽ ഒരുമിച്ച് പഠിച്ച് കളിച്ച് വളർന്നവർ.എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസമായി.

അവനാണ് പറഞ്ഞത് നാട്ടിൽ നിന്നും കുറച്ച് കാലം മാറി നിൽക്കുന്നതിനെപ്പറ്റി ആലോചിക്കാൻ. ചിന്തിച്ചപ്പോൾ അവൻ പറയുന്നത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് ഒരിക്കലും ഇഷ്ടപ്പെട്ടാതിരുന്ന പ്രവാസ ജീവിതത്തിലേക്ക് ഇറങ്ങുന്നത്.

തെറ്റില്ലാത്ത വരുമാനം വിശ്വേട്ടൻ്റെ കമ്പനിയിൽ നിന്നും കിട്ടുന്നുണ്ട്.ശ്രീയുടെ വരുമാനം കൂടിയാകുമ്പോൾ സുഖമായി ജീവിക്കാം ഒരാളുടെ ശമ്പളം നീക്കിയിരിപ്പും ഉണ്ടാവും.ആഗ്രഹിക്കാനല്ലേ കഴിയൂ…

മുന്നിലിരിക്കുന്ന വെള്ളക്കാരൻ്റെ മുന്നിലേക്ക് കൈയിലെ എൻജിനീയറിങ് ബരുദം എടുത്ത് വയ്ക്കുന്നത് വലിയ പ്രതീക്ഷയോടെ ആയിരുന്നു. കൂടെയിരുന്ന മധ്യവയസ്ക്കനായ മലയാളി എന്നോട് പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ജോലി ചെയ്ത പരിചയം ഉള്ളവരെ യാണ് കമ്പനി എടുക്കുന്നത്.

എൻ്റെ മനസ്സിലെ പ്രതീക്ഷകൾ അണഞ്ഞു. ഞാൻ ആ മുഖത്തേക്ക് ഉറ്റു നോക്കി. പക്ഷെ ഇത്രയും നല്ല മാർക്കിൽ പാസായതുകൊണ്ട് നിങ്ങളെ കമ്പനി ഫോർമാൻ ആയി എടുക്കുകയാണ്. വളരെ സന്തോഷത്തോടെ ഞാൻ കമ്പനിയുമായുള്ള എഗ്രിമെൻ്റിൽ ഒപ്പുവച്ചു.

പോകുന്നതിൻ്റെ തലേ ദിവസം അനുമോളെ ഒരിക്കൽക്കൂടി ഒന്ന് കാണുന്നതിനായി അവളുടെ വീട്ടിലെത്തി. കുഞ്ഞിനോട് ഒന്ന് യാത്ര പറയാൻ പോലും ശ്രീ എന്നെ അനുവദിച്ചില്ല.

അവൾക്ക് യോജിക്കാത്ത ഒരു ഭർത്താവാണ് പോലും ഞാൻ വിവാഹമോചനം നേടാൻ പോകുന്നു എന്ന് പറഞ്ഞു ഇനി മേലിൽ കാണാൻ ചെല്ലരുതെന്നും. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്കിടയിൽ പോകുന്ന കാര്യം പറഞ്ഞതുമില്ല.

തിരികെ ഇറങ്ങുമ്പോൾ വലിയ വിഷമം ഒന്നും തോന്നിയില്ല ഇതൊക്കെത്തന്നെയാണ് പ്രതീക്ഷിച്ചതും ശ്രീ എന്നും അവളുടെ ശരികളിലൂടെ മാത്രമാണ് നടക്കാൻ ഇഷ്ടപ്പെട്ടിരുന്നത് അപ്പോൾ മറ്റുള്ളവർ അനുഭവിക്കുന്ന വേദനകളെപ്പറ്റി ചിന്തിക്കാറില്ല.

തിരികെ വീട്ടിൽ എത്തി അമ്മയോട് പറഞ്ഞു ഇനി അവളെ നമുക്ക് മറക്കാം എൻ്റെ ജീവിതത്തിൽ ശ്രീ ഇല്ല.

എല്ലാം ശരിയാവും മോനേ വിഷമിക്കാതെ അമ്മയുടെ സ്വാന്ത്വനത്തിനൊനും മനസ്സിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. പിറ്റേന്ന് നിറകണ്ണുകളോടെ അമ്മയോട് യാത്ര പറഞ്ഞു ആദ്യമായാണ് വീട് വിട്ട് നിൽക്കുന്നത്.

മദീനാ ഗ്രൂപ്പ് ഇരുപതിനായിരത്തോളം പേർ ജോലി ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനി അധികവും ഇന്ത്യാക്കാർ.

പതിയെ പ്രവാസം ഇഷ്ടപ്പെടാൻ തുടങ്ങി ഒരു പാട് ചങ്ങാതിമാർ പലരേയും അടുത്തറിഞ്ഞപ്പോൾ എൻ്റെ മനസ്സിലെ വിഷമങ്ങൾ വളരെ നിസ്സാരമായി തോന്നി.ദിവസങ്ങളും മാസങ്ങളും കടന്ന് പോയതറിഞ്ഞില്ല.

നാട്ടിൽ ജോലി ചെയ്ത പരിചയം കൊണ്ടാവാം ജോലിയിൽ ഒരു വിഷമവും തോന്നിയില്ല.

ഒരു ദിവസം രാവിലെ ഡ്യൂട്ടിക്കെത്തുമ്പോൾ നോട്ടീസ് ബോർഡിനു മുന്നിൽ വലിയ ആൾക്കൂട്ടം എല്ലാവരും എൻ്റെ പേരും പറയുന്നുണ്ട് എനിക്കൊന്നും മനസ്സിലായില്ല.

കൂടെ ജോലി ചെയ്യുന്ന ഷിഹാബ് ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു. ഭായി നിങ്ങളാണ് കമ്പനിയുടെ ഈ വർഷത്തെ എറ്റവും നല്ല തൊഴിലാളി എൻ്റെ എല്ലാ വിധ ആശംസകളും പിന്നെ ചിലവുണ്ട് ട്ടോ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് പുതുതായി വന്ന ഒരാൾക്ക് ഇങ്ങനെ ഒരു പുരസ്ക്കാരം.

സംഭവിക്കുന്നത് സത്യമോ സ്വപ്നമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത പോലെ.

പിറ്റേന്ന്  ഹെഡ് ഓഫീസിൽ നിന്നും ആളുകൾ എത്തി എല്ലാവരുടേയും മുന്നിലൂടെ അവാർഡ് ഏറ്റുവാങ്ങാൻ എച്ച് ആർ മാനേജരുടെ മുന്നിലെത്തി.അവാർഡ് ഏറ്റുവാങ്ങി ആ മുഖത്തേക്ക് നോക്കിയ ഞാൻ ഒന്നനങ്ങാൻ പോലും കഴിയാതെ വല്ലാത്ത ഒരവസ്ഥയിൽ എത്തി.

സുധീർ ബാബു കോളേജ് പഠനകാലത്ത് അഞ്ച് വർഷം ഒരു മുറിയിൽ ഉണ്ടായിരുന്ന എൻ്റെ സ്നേഹിതൻ.

പക്ഷെ ഒരു പരിചയം പോലും ആ മുഖത്ത് നിന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. അതെനിക്ക് വല്ലാത്തൊരു നൊമ്പരമാണ് സമ്മാനിച്ചത്.

കൈയ്യിലിരുന്ന സർട്ടിഫിക്കറ്റും ചെക്കും എൻ്റെ കണ്ണുനീരിൽ കുതിർന്നു സന്തോഷവും സങ്കടവും ഇടകലർന്ന നിമിഷം. പതിയെ ഞാൻ എന്നെ പറഞ്ഞ് മനസ്സിലാക്കി പണ്ടത്തെ സ്നേഹിതൻ ഇന്നൊരുപാട് ഉയരങ്ങളിലാണ് ഇടയിൽ അവനെ കണ്ടിട്ടുമില്ല.

പതിയെ ഞാനത് മറക്കാൻ ശ്രമിച്ചു.അധികം താമസിയാതെ ഫോർമാനിൽ നിന്നും എൻജിനീയർ ആയി ഒരു മാറ്റവും ലഭിച്ചു.

ഒരു ദിവസം രാവിലെ ഓഫീസിലേക്ക് വിളിപ്പിച്ച എന്നെ കമ്പനി ഇവിടെ നിന്നും അമേരിക്കയിലുള്ള പുതിയ പണിയിലേക്ക് എന്നെ മാനേജർ ആയി നിയമിച്ചുകൊണ്ടുള്ള പേപ്പർ നൽകി പ്രതീക്ഷിക്കാൻ പോലും കഴിയാത്ത ശമ്പളവും.

തിരക്കേറിയ അമേരിക്കയിലെ അഞ്ച് വർഷം എന്നെ കമ്പനിയിലെ അമരക്കാരിൽ ഒരാളാക്കി മാറ്റി…

വഷങ്ങൾക്ക് ശേഷം നേരിൽ കണ്ടിട്ട് ഒരു പുഞ്ചിരി പോലും നൽകാതിരുന്ന സ്നേഹിതൻ സുധീർ ബാബുവിനെ ഞാൻ ഇന്നലെ ഇങ്ങോട്ട് വരുത്തി. ഓഫിസിൽ എൻ്റെ മുന്നിൽ എത്തിയ അവനെ ഞാൻ എഴുന്നേറ്റ് ചെന്ന് എൻ്റെ നെഞ്ചോട് ചേർത്തു.

സാറിൻ്റെ ഈ വളർച്ച ഞാൻ പ്രതീക്ഷിച്ചിരുന്നു. വന്ന് ഒരുവർഷത്തിനുള്ളിൽ ഏറ്റവും നല്ല തൊഴിലാളി കുറഞ്ഞ വർഷം കൊണ്ട് അമരക്കാരിൽ ഒരാൾ.

ചിരിച്ചു കൊണ്ട് ഞാൻ അവനോട് ചോദിച്ചു.

എന്നിട്ടും നീ എന്നോട് അന്ന് ഒരു വാക്കു പോലും മിണ്ടിയില്ല ഒരു പുഞ്ചിരി പോലും….?

അതെനിക്ക് കഴിയില്ലായിരുന്നു സർ ഇന്ന് ഞാനിവിടെ വരുമ്പോൾ അതിൻ്റെ ഒരു മധുര പ്രതികാരം ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷെ….?

അന്ന് ഞാൻ പരിചയം പുതുക്കിയാൽ മറ്റുള്ളവർ കരുതും എന്നിലൂടെയാണ് എൻ്റെ സ്നേഹിതൻ്റെ വളർച്ചയെന്ന്. അതാരും പരയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സാറിൻ്റെ കഴിവുകളാണ് ഇവിടെ വരെ എത്തിച്ചത്.

വൈകിട്ട് ഒത്തുകൂടിയപ്പോൾ ഞങ്ങൾ പഴയ സ്നേഹിതന്മാരായി.ഒരു പാട് കാര്യങ്ങളുണ്ടായിരുന്നു പറഞ്ഞ് തീർക്കാൻ.

ഇന്ന് തിരികെ നാട്ടിലേക്ക് യാത്രയാവുകയാണ് കൂടെ സുധീറുമുണ്ടായിരുന്നു യാത്രയാക്കാൻ വരുന്ന കാര്യം അമ്മയോട് മാത്രം പറഞ്ഞിട്ടുണ്ട്. ആവശ്യം പോലെ അവധി കോടികൾ ബാങ്ക് ബാലൻസ് ചെറിയ ഒരു ഹാൻ്റ് ബാഗുമായി വീട്ടിലേക്ക് കയറുമ്പോൾ ഞാനാകെ വല്ലാതായി നാടും നഗരവും ആകെ മാറിയിരിക്കുന്നു.

അമ്മയുണ്ടായിരുന്നു മുറ്റത്ത് എന്നെയും കാത്ത്.
ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു. ഒരു പാട് വർഷങ്ങൾക്ക് ശേഷം കാണുന്നത് കൊണ്ടാണോ എന്നറിയില്ല അമ്മ വല്ലാതെ ക്ഷീണിച്ചതു പോലെ തോന്നി.

രാവിലെ എഴുന്നേൽക്കാൻ ഒരു പാട് വൈകി അമ്മയോട് ഓരോന്ന് പറഞ്ഞിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് പോലും ഓർമ്മയില്ല.

ചൂടു ചായയും കുടിച്ച് ഉമ്മറത്തിരിക്കുമ്പോൾ അമ്മ അടുത്ത് വന്നിരുന്നു ആ മടിയിലേക്ക് പതിയെ തലചായ്ച്ച് കിടന്നു. മുടിയിഴകളിലൂടെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു. മോനേ അനുമോളെ കാണാൻ പോകുന്നില്ലേ..

വേണ്ടമ്മേ ചെന്നാലും കാണാൻ കഴിയും എന്ന് എന്താണ് ഉറപ്പ്. ഇനി ശ്രീയോടൊത്ത് ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.

അവൾ അന്ന് ആവശ്യപ്പെട്ടതു പോലെ വിവാഹമോചനം കൊടുക്കണം.ആവശ്യപ്പെടുന്ന എന്തും കൊടുക്കാം. അവളുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു ഭർത്താവിനെ അവൾ കണ്ടെത്തട്ടെ.

അപ്പോൾ നിനക്കൊരു ജീവിതം വേണ്ടേ മോനേ.

ഇനി ഒരു വിവാഹം ഞാൻ ആഗ്രഹിക്കുന്നില്ല ഇനി എന്നെങ്കിലും തോന്നിയാൽ അതൊരനാഥ പെൺകുട്ടിയെ ആയിരിക്കും.

പിന്നെ നമുക്കൊരു പുതിയ വീടു വേണം അമ്മേ ഈ വീട് നിലനിർത്തിക്കൊണ്ട്. പിന്നീട് എല്ലാംപെട്ടന്നായിരുന്നു. പഴയ നാലുകെട്ടിൻ്റെ രീതിയിൽ ഒരു വീടിൻ്റെ പ്ളാൻ തെയ്യാറാക്കി. വീടിൻ്റെ കല്ലിടുന്ന ദിവസം രാവിലെ അമ്മ പറഞ്ഞു.

മോനേ നമുക്ക് ചടങ്ങിന് ശ്രീയേയും അനുമേളേയും കൂട്ടണം.

അമ്മേ…

അമ്മയെന്താ ചെറിയ കുട്ടികളേപ്പോലെ ചിന്തിക്കുന്നത്.

എല്ലാം ഉപേക്ഷിച്ചിറങ്ങിയതല്ലേ അവൾ ഇവിടെ നിന്നും ഇനി അവളെ വിളിക്കാൻ ഞാനില്ല ഞാൻ പോയിട്ട് വർഷങ്ങൾ എത്രയായെന്ന് അമ്മക്കറിയാമോ അമ്മയേപ്പോലും ഒന്ന് തിരക്കിയിട്ടുണ്ടോ നാളിതുവരെ…?

അവിടെയാണ് എൻ്റെ മോന് തെറ്റുപറ്റിയത് നീ യാത്ര പറഞ്ഞിറങ്ങി അല്പം കഴിഞ്ഞപ്പോൾ ശ്രീ ഇവിടെ എത്തി നീ പോയ കാര്യം പറഞ്ഞപ്പോൾ ഒത്തിരി കരഞ്ഞു.

മനസ്സിനുള്ളിൽ ഒരു പാട് സ്നേഹമുണ്ടായിരുന്നു അവൾക്ക് നിന്നോട്. നീ അവളിൽ നിന്നും അകന്നപ്പോഴാണ് അവർക്കത് മനസ്സിലായത്.

നിന്നോടുള്ള അടക്കി നിർത്തിയ സ്നേഹമാണ് അവിടെ ചെന്നപ്പോൾ വലിയ പൊട്ടിത്തെറിയിൽ അവസാനിച്ചത്.അവളും കുഞ്ഞും ഇവിടെ ഉള്ള കാര്യം ഒരിക്കലും നീ അറിയരുതെന്ന് ശ്രീ എന്നോട് പറഞ്ഞു.

ഞാനത് പ്രസാദിനോടും പറഞ്ഞിരുന്നു.മോൻ വരുന്ന കാര്യം അറിഞ്ഞപ്പോൾ വീണ്ടും വീട്ടിലേക്ക് തിരികെ ഇറങ്ങി. ഇടയിൽ ഒരിക്കൽപ്പോലും സ്വന്തം വീട്ടിലവൾ പോയിട്ടില്ല വല്ലപ്പോഴും അച്ഛനും അമ്മയും അനിയനും ഇവിടെ വന്ന് പോകുമായിരുന്നു.

ഒരിക്കലും ഇതൊന്നും ഞാൻ മോനോട് പറയില്ലെന്ന് ശ്രീകലക്ക് ഞാൻ വാക്കു കൊടുത്തതാണ് ഞാനിത് നിന്നോട് ഇനിയും പറയാതിരുന്നാൽ അത് ചിലപ്പോൾ വലിയ ചതിയായിപ്പോകും. മനസ്സാകെ വല്ലാത്ത നൊമ്പരമായി വർഷങ്ങൾ എത്രയാണ് ജീവിതത്തിൽ നഷ്ടപ്പെട്ടത്.

പെട്ടന്ന് തന്നെ അമ്മയേയും കൂട്ടി യാത്ര തിരിച്ചു പാവം ശ്രീ ഒരു പാട് സങ്കടങ്ങളാണ് നൽകിയത്.
വീടിന് മുന്നിൽ ഞാൻ ഇറങ്ങുമ്പോൾ അമ്മ കാറിൽത്തന്നെ ഇരുന്നു.

ബെല്ലിൽ വിരലമർത്തി നിൽക്കുമ്പോൾ ശരീരമാസകലം തളരുന്നതുപോലെ തോന്നി. പെട്ടെന്ന് വാതിൽ തുറന്ന് ശ്രീ പുറത്തേക്ക് വന്നു
മുഖത്ത് വല്ലാത്ത ഒരു ഗൗരവവും വരുത്തി.

ആ മുഖം കണ്ടതും ഉള്ളിൽ ചിരി പൊട്ടി പതിയെ ചിരിച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു നമുക്ക് പണ്ട് എന്നോട് പറഞ്ഞ കാര്യമങ്ങ് നടത്തിയേക്കാം. എന്ത് എന്ന രീതിയിൽ അവൾ കലിച്ച് നോക്കുന്നുണ്ട്.

”വിവാഹമോചനം”

അതുവരെ പിടിച്ച് നിന്ന അവൾ പെട്ടന്ന് പൊട്ടിക്കരഞ്ഞു കൊച്ചു കുട്ടിയേപ്പോലെ. മെല്ലെ ഞാനവളെ എൻ്റെ മാറോട് ചേർത്തു ആമുഖമാകെ ചുബനങ്ങൾ കൊണ്ട് മൂടി

എന്നെയും കുട്ടി ശ്രീ അകത്തേക്ക് നടന്നു.

ശ്രീയേയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറുമ്പോൾ അമ്മയുടെ കൈകളിൽ തൂങ്ങി അനുമോളുണ്ടായിരുന്നു മോളേയും ഞാൻ എന്നോട് ചേർത്ത് പിടിച്ചു.

എല്ലാവരേയും കുട്ടി പുതിയ വീടിൻ്റെ കല്ലിടൽ ചടങ്ങ് നടത്തി. ബാക്കി പണികൾ പ്രസാദിനെ ഏൽപ്പിച്ചു.

ഇന്ന് ശ്രീയുടെ നാട്ടിലെ ജോലിയും ഉപേക്ഷിച്ച് ഞങ്ങൾ അമ്മയേയും കൂട്ടി തിരികെ പോവുകയാണ് അമേരിക്കയിലേക്ക് ശ്രീ ആകെ മാറിയിരിക്കുന്നു.

ജീവിതം അങ്ങനെയാണ് ചിലപ്പോൾ ഒരു പാട് സങ്കടങ്ങൾ മാത്രമാവും തരിക മറ്റു ചിലപ്പോൾ എന്നും ഓർത്ത് വയ്ക്കാൻ കഴിയുന്ന മനോഹര നിമിഷങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *