(രചന: ശിവാനി കൃഷ്ണ)
വല്യ പ്രതീക്ഷകൾ ഒന്നും തന്നെയില്ലാതെ ജോലി വീട് ഫ്രണ്ട്സ് എന്ന പോലെ ജീവിച്ചു പോരുമ്പോഴാണ് പിറന്നാൾ വരുന്നത്….
മകന്റെ വയസ്സ് കൂടുന്നതിന്റെ ആശങ്കയിലായിരിക്കണം പെണ്ണാലോചിക്കട്ടെ എന്ന് ചോദിച്ചത്…. പ്രിത്യേകിച്ചു വല്യ ഇഷ്ടങ്ങൾ ഒന്നും ഇല്ലാത്തതിനാൽ നോക്കാനും പറഞ്ഞു…
കേട്ട പാതി കേക്കാത്ത പാതി ബ്രോക്കർ വഴി മൂന്നാലോചന ആ ആഴ്ച്ച തന്നെ വീട്ടിൽ വന്നു… അതിൽ ഒന്നിന് എന്നെ ഇഷ്ടമായില്ല എന്ന് പറഞ്ഞു പ്ലിംഗ് ആയിരിക്കുമ്പോഴാണ് ഒരാൾക്ക് ഇഷ്ടമായി… താല്പര്യമുണ്ടെന്ന് അറിയിച്ചത്…
പെണ്ണിന്റെ വീട്ടുകാർ ഇങ്ങോട്ട് വന്നു എൻഗേജ്മെന്റിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞപ്പോഴാണ് പെണ്ണിനെ നന്നായിട്ട് കാണാൻ പറ്റാഞ്ഞതിന്റെ വിഷമം മനസ്സിലാകുന്നത്…
അങ്ങനെ ലൈഫ് പുതിയൊരു ട്രാക്കിലേക്ക് ഇറങ്ങുന്നതിന്റെ ത്രില്ലിൽ കഴിഞ്ഞു പോയ നാളുകൾ.. ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസിൽ നിൽക്കുമ്പോൾ അവൾ വിളിച് കാണണം ന്ന് പറഞ്ഞപ്പോ മനസ്സിൽ ഒരു തരം സന്തോഷവും വെപ്രാളവുമൊക്കെ ആയിരുന്നു…
അടുത്ത് കാണുന്നതിന്റെ…..മിണ്ടുന്നതിന്റെയെല്ലാം ഓർമ്മയിൽ അവ്യക്തമായി കണ്ട വിടർന്ന കണ്ണുകൾ ഉള്ള ആ പെണ്ണിന്റെ മുഖം ഉള്ളിൽ നിറഞ്ഞു നിന്നു….
ഒറ്റയ്ക്ക് പോകാൻ ഉള്ളിൽ എന്തോ ചമ്മൽ തോന്നിയിട്ട് ഗോപുവിനെയും കൂടെ വിളിച്ചു ബീച് റോഡിൽ എത്തുമ്പോ അവളെയും കൂടെ ഒരു പെൺകുട്ടിയെയും കണ്ടു…
ഇളം മഞ്ഞ സാരിയിൽ അവൾ സുന്ദരിയായിരുന്നു… സംസാരിക്കാനായി അടുത്ത് കണ്ട ഒരു ടീഷോപ്പിൽ കയറി ഇരിക്കുമ്പോഴും അവളെ നോക്കുമ്പോൾ എന്തോ ഒരു വെപ്രാളം നെഞ്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു….
എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു തുടങ്ങുമ്പോഴും എന്താണവൾക്ക് പറയാനുള്ളതെന്ന ആകാംഷയോടെ മുഖത്തേക്ക് നോക്കിയിരുന്ന എന്റെ ചെവിയിൽ പതിച്ച വാക്കുകൾ ചെറുതായാണെങ്കിൽ പോലും വേദനിപ്പിച്ചു..
അവൾ മറ്റൊരാളെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെന്നും അയാളുടെ മുന്നിൽ അല്ലാതെ മറ്റൊരാളുടെ മുൻപിലും താലിക്കായി തല കുനിയ്ക്കില്ലെന്നും പറഞ്ഞപ്പോൾ എന്തോ ഒരു തരം നിസംഗതയാണ് തോന്നിയത്…
അ ന്യജാ തിക്കാരനുമായി മകൾ ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും അതിനൊരു പരിഹാരം കണ്ടെത്താതെ മറ്റൊരുളുമായി വിവാഹം കഴിപ്പിക്കാൻ നോക്കുന്ന മനുഷ്യരുടെ ചിന്താഗതിയ്ക്കൊന്നും ഒരിക്കലും മാറ്റം വരില്ലെന്ന് തോന്നി….
ഇതിൽ നിന്ന് എങ്ങനെയും ഒഴിഞ്ഞു തരണം എന്ന് അപേക്ഷ പോലെ പറഞ്ഞപ്പോൾ ഉറപ്പ് നൽകിയാണ് അവിടെ നിന്ന് ഇറങ്ങിയതും…. വീട്ടിലെത്തി കല്യാണത്തിന് ഇഷ്ടമില്ല…
താല്പര്യമില്ലെന്ന് അവരോട് വിളിച്ചു പറഞ്ഞേക്ക് എന്ന് പറഞ്ഞു റൂമിൽ കയറി കതകടച്ചതും അമ്മയ്ക്ക് മുന്നിൽ ഒളിച്ചുവെയ്ക്കാനായില്ലെങ്കിലോ എന്ന് ഓർത്താണ്….
എന്റെ തീരുമാനത്തിൽ ആ മനസ്സ് വേദനിയ്ക്കുന്നുണ്ടാകും എന്നോർത്തപ്പോഴും എല്ലാം ശരിയാകും എന്ന ചിന്തയായിരുന്നു…
മനഃപൂർവം ഒരു കാരണവും ഇല്ലാതെ തന്നെ ആ ബന്ധം മുടക്കിയതിനാൽ പിന്നെ ആലോചന ഒന്നും നോക്കാൻ അമ്മ മുതിർന്നില്ല… വൈകാതെ ആ ചെക്കന്റെ കൂടെ അവൾ ഇറങ്ങിപോയി എന്നറിയാൻ കഴിഞ്ഞു…
എങ്ങനെയോ അത് വീട്ടിൽ അറിഞ്ഞപ്പോ നാളുകൾക്ക് ശേഷം ഒത്തിരി സ്നേഹത്തോടെ അമ്മ എന്നെ ചേർത്ത് പിടിച്ചു….എനിക്ക് വേണ്ടി നിറയുന്ന ആ കണ്ണുകൾ കാണുന്തോറും നെഞ്ചിൽ ഒരു വേദന തോന്നി….
വിവാഹകമ്പോളത്തിൽ ഡിമാൻഡ് കുറഞ്ഞെന്നറിയിക്കാനെന്ന പോലെ മുപ്പത്താം വയസ്സ് വന്നെത്തിയതും ആ തിരിച്ചറിവിൽ മാട്രിമോണി സൈറ്റുകളിലായി പിന്നെ തിരച്ചിൽ…
അങ്ങനെ ഒരു സൈറ്റിൽ ഒരു പെൺകുട്ടി അവളുടെ ടാർജറ്റ് തികയ്ക്കൻ മകനെ പെണ്ണ് കെട്ടിച്ചിട്ടേ പോകു എന്ന പോലെയിരിക്കുന്ന പാവം എന്റെ അമ്മയെ വലയിട്ട് പിടിച്ചു…
ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്തു അവർ തമ്മിൽ ചെറിയൊരു പരിചയം ഉടലെടുത്തെങ്കിലും എനിക്ക് അവൾ അയച്ച മെസ്സേജിനൊന്നും ഞാൻ റിപ്ലൈ കൊടുത്തില്ല… എന്ത് കൊണ്ടോ കൊടുക്കാൻ തോന്നിയില്ല എന്ന് പറയാം…
പിന്നെയും ദിവസങ്ങൾക്കു ശേഷം കൂട്ടുകാരോടോത്ത് അരമതിലിൽ ഇരിക്കുമ്പോ വാട്സാപ്പിൽ ഒരു കാൾ വന്നത്…. പക്ഷേ അത് ആ പെൺകുട്ടി ആയിരിക്കുമെന്ന് ഓർത്തില്ല….
സംസാരിച്ചപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി… മുഖം പോലും കാണാത്തതിനാൽ ഫോട്ടോ കാണാൻ പറ്റുവോ എന്ന് തുറന്ന് ചോദിച്ചപ്പോൾ ഗുഡ്നൈറ്റ് പറഞ്ഞു പോയത് കണ്ടപ്പോൾ ജാഡ ആണെന്ന് തോന്നി അപ്പോ തന്നെ ബ്ലോക്ക് ചെയ്തു ഇട്ടു….
പിന്നീട് ലോക്ക് ഡൌൺ കാലത്ത് ഓരോരുത്തർക്കും മെസ്സേജ് അയച്ചൊക്കെ ഇരിക്കുമ്പോഴാണ് അവൾടെ നമ്പർ കാണുന്നതും മെസ്സേജ് അയക്കുന്നതും….
ഒത്തിരി സന്തോഷത്തോടെ മറുപടി പറഞ്ഞത് കണ്ടപ്പോ സംസാരം വീണ്ടും നീണ്ട് പോയി…
വയറിനെന്തോ പ്രശ്നം വന്നു ജോലി നിർത്തേണ്ടി വന്നെന്നും ചെവിക്ക് പ്രശ്നം ഉണ്ടെന്നുമൊക്കെ അറിഞ്ഞപ്പോ സഹതാപം ആണ് തോന്നിയതെങ്കിലും പയ്യെ പയ്യെ ഞാൻ അറിയാതെ തന്നെ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു…
പ്രണയമെന്തെന്ന് അറിഞ്ഞ നാളുകൾ…വീട് പണി കഴിയുന്ന സമയത്തോടെ കല്യാണം നടത്തണം എന്ന് വീട്ടിൽ പറഞ്ഞ കാര്യം അവളോട് പറഞ്ഞപ്പോ ചേച്ചി വന്നിട്ട് എല്ലാം പറയാമെന്നു പറഞ്ഞപ്പോ സമ്മതിച്ചു…. ഇഷ്ടമായിരുന്നു… വിശ്വാസമായിരുന്നു….
പയ്യെ പയ്യെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു വഴക്കിട്ടവൾ ഉള്ളിലെന്തെങ്കിലും വിഷമം ഉണ്ടായിട്ടാകും എന്ന് ഓർത്ത് പിണക്കങ്ങൾ ഒക്കെ മാറ്റി അവൾ വീട്ടിൽ കാര്യം അവതിരിപ്പിക്കുന്നതിനായി ഞാൻ കാത്തിരുന്നു… ഞാൻ മാത്രല്ല…
അച്ഛന് അമ്മ എല്ലാവരും… അവളെ എത്രയും പെട്ടെന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചിച്ചിരുന്നു…
ഏറെ ആഗ്രഹത്തോടെ കിട്ടിയ ജോലി ചില കാരണങ്ങളാൽ ഇല്ലാതായതിന്റെ കാര്യത്തിന് ഓഫീസിൽ പോയിട്ട് വരുമ്പോഴാണ് അവളുടെ മെസ്സേജ് വരുന്നത്….
ഇനി നമ്മൾ കാണില്ലെന്ന്…ആ ഒരു വാക്കിൽ ഒതുക്കി എന്നെ ബ്ലോക്കിലിസ്റ്റ് ഇട്ടവൾ പോകുമ്പോൾ തകർന്നു പോയി ഞാൻ… പാതിവഴിയിൽ എത്തിനിൽക്കുന്ന വീട് പണിയും ആകെ ഉണ്ടായിരുന്ന ജോലി പോയതിനെയും എല്ലാത്തിനേക്കാളും വേദനിപ്പിച്ചത് അവളായിരുന്നു…
എത്ര എളുപ്പത്തിൽ ഞാൻ ഇല്ലങ്കിലും അവൾക്ക് പറ്റുമെന്ന് പറയാതെ പറഞ്ഞു പോയത് ഹൃദയത്തെ അത്രമേൽ തകർത്തിരുന്നു….
ഒരിക്കൽ പോലും ഇത്രയും തകർന്ന ഒരു അവസ്ഥയിൽ എന്നെ കണ്ടിട്ടില്ലാത്തത് കൊണ്ടാവണം ഗോപു എന്താണെന്ന് ചോദിച്ചപ്പോൾ ഉള്ള് തുറന്ന് പോയി…. നിനക്ക് അവളെ കാണണോ എന്ന് ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവന്റെ കൂടെ പുറപ്പെട്ടു….
ഒന്ന് കണ്ടാൽ…അവൾക്ക് എന്നെ മനസ്സിലാകുമായിരിക്കും എന്നൊരു പ്രതീക്ഷ മനസ്സിലുണ്ടായിരുന്നു …
ഏറെ നേരത്തെ യാത്രക്കിടയിൽ അവളുടെ വീടിനു മുന്നിൽ എത്തിനിൽകുമ്പോൾ ഞാൻ വന്നെന്നറിഞ്ഞു ചേച്ചിയുടെ കുഞ്ഞുമായി വന്നവൾ എനിക്കായ് നൽകിയ ഒരു പുഞ്ചിരിയിൽ അവൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നി…
ആ വിശ്വാസത്തിൽ വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴും വീടെത്തുന്നതുവരെ കാളിലൂടെയും മെസ്സേജിലൂടെയും കൂടെ നിന്നവൾ കുറച്ച് നാളുകൾ കൊണ്ട് തന്നെ അകന്ന് മാറിയിരുന്നു…ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ലന്ന് പറഞ്ഞു എന്നിൽ നിന്ന് പറന്നകന്നവൾ…
വീട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ ഒരു കോമാളിവേഷം കെട്ടിയാടുന്നത് പോലെ നിൽക്കുമ്പോഴും വിവാഹം കഴിഞ്ഞ കൂട്ടുകാർ മക്കളെയും കൊണ്ട് വീട്ടിൽ വരുമ്പോൾ അമ്മയുടെ നിറഞ്ഞ കണ്ണുകൾ എന്നെ വേദനിപ്പിച്ചിരുന്നു…
ജീവിതത്തിൽ ഇന്ന് വരെ എനിക്ക് വേണ്ടി അത്രയും സ്നേഹത്തോടെ നിറയുന്ന കണ്ണുകൾ… അമ്മ…
അനിയന്റെ വിവാഹത്തിന് താൻ ഒരു തടസം ആണെന്ന് അറിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് വീട് വെച്ച് അവന് താൻ ഒരു ബാധ്യത ആവാതിരിക്കണമെന്ന് തോന്നി….
ഈ ഒറ്റമുറി വീട്ടിൽ ഭ്രാന്തൻ ചിന്തകളുമായി ഉയറി നടക്കുമ്പോൾ തല ചായ്ക്കാൻ അമ്മയുടെ മടിത്തട്ടു ഇന്നും ഭദ്രമാണ്….
പ്രണയമെന്ന വാക്കിന്റെ പൊരുൾ ഇനിയും മനസ്സിലാക്കാൻ വയ്യാതെ മടുത്തു പോയതിനാലാണോ അവളെ ഇനിയും ഹൃദയത്തിൽ നിന്ന് പറിച്ചു മാറ്റാൻ കഴിയാഞ്ഞിട്ടാണോ…. ഇനിയൊരു ജീവിതം സ്വപ്നങ്ങളിൽ അവശേഷിക്കുന്നില്ല…
അപ്പോഴും അമ്മ പറയുന്നുണ്ട്… “നിന്റെ രാജകുമാരി വരും കുഞ്ഞാ…. വൈകാതെ തന്നെ വരും…”