എനിക്കിനിയും ഗർഭിണിയാവണം, വയറ്റിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നറിയുമ്പോൾ സന്തോഷം കൊണ്ടു..

(രചന: അച്ചു വിപിൻ)

എനിക്കിനിയും ഗർഭിണിയാവണം…. വയറ്റിൽ ഒരു ജീവന്റെ തുടിപ്പുണ്ടെന്നറിയുമ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടണം..

ഓരോമാസവും വയറിന്റെ വലുപ്പം കൂടുന്നത് കണ്ണാടിയുടെ മുന്നിൽ പോയി നോക്കിനിന്നു കാണണം…

രാത്രി കിടന്നുറങ്ങുമ്പോഴെന്റെ വീർത്ത വയറിൽ മെല്ലെ കൈ കൊണ്ടു തലോടണം…

ലക്ഷണം കണ്ടിട്ടു മോനാണ് എന്ന് പറഞ്ഞവരോടൊക്കെ അല്ല…ന്റെ വയറ്റിൽ മോളാണ് എന്ന് ചിരിച്ചുകൊണ്ട് തിരിച്ചു പറയണം…

പ്രസവത്തിനായുള്ള ദിവസത്തിനായി കാത്തുകാത്തിരിക്കണം…

അവസാനം പ്രസവ വേദനയെടുത്തുറക്കെ കരയുമ്പോഴും വയറ്റിൽ ഉള്ള കുഞ്ഞിനൊന്നും വരല്ലേയെന്നു മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കണം…

വേദനയുടെ അവസാനത്തെ അലർച്ചയിൽ പുറത്തേക്കു വന്ന കുഞ്ഞിനെ എടുത്തെന്റെ മേത്തേക്കു വെച്ചിട്ട് അതേ നിനക്ക് “മോളാട്ടോ” എന്ന് ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം അടക്കാൻ ആകാതെ കരയണം..

അവളുറങ്ങുമ്പോളെല്ലാം ആ കുഞ്ഞ് മുഖത്തേക്കെനിക്ക് ഇമവെട്ടാതെ നോക്കിക്കിടക്കണം…

കുഞ്ഞിളം കയ്യിലും കവിളിലും കാലിലും നെറ്റിയിലും നോവിക്കാതെ ഉമ്മ വെക്കണം… പൊട്ട് കുത്തി വാലിട്ടു കണ്ണെഴുതി സുന്ദരിയാക്കണം…

പാറുട്ടി എന്നവളെ പേര് ചൊല്ലി വിളിക്കണം . അറിയാൻ പാടില്ലാത്ത പാട്ടൊക്കെ താരാട്ടാക്കി അവളെ ഉറക്കണം..

“മ്മേ”… എന്നവൾ കൊഞ്ചി  വിളിക്കുന്നത് കേട്ടെന്റെ  ഉള്ളം നിറയണം…

ആദ്യമായവളുടെ കാതുകുത്തുമ്പോഴെന്റെ ഇടനെഞ്ച് പിടയണം… പിച്ചവെച്ചവൾ നടക്കുന്നത് കണ്ടെന്റെ മനസ്സ് നിറയണം…

അവളെവിടെ പോയാലും കണ്ടുപിടിക്കാനായി  നിറയെ മണികൾ ഉള്ള പാദസരം വാങ്ങി കാലിലിട്ടു കൊടുക്കണം……

അലമാരയിൽ ഇരിക്കുന്ന സാരിയെടുത്തുടുത്തവളമ്മ കളിക്കുന്നത് കണ്ടെനിക്കു പൊട്ടിച്ചിരിക്കണം..

സ്കൂളിൽ പോകുമ്പോൾ രണ്ടു വശത്തും മുടികെട്ടി അവളെ ഭംഗിയായി ഒരുക്കി വിടണം … ആദ്യമായവൾ ഋതുമതിയാകുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കണം…

അവൾ ഉയർച്ചയുടെ ഓരൊ പടവുകളും കയറുന്നന്നത് അഭിമാനത്തോടെ നോക്കി കാണണം….

മനസ്സിനിഷ്ടമുള്ളയാളുടെ താലി അവളുടെ കഴുത്തിൽ വീഴുന്നതെനിക്കു  സന്തോഷത്തോടെ കണ്ടു നിക്കണം…

അമ്മേ പോയി വരട്ടെ എന്ന് പറഞ്ഞുകൊണ്ടവൾ ഭർത്താവിനൊപ്പം പോകാനിറങ്ങുമ്പോൾ അവൾ കാൺകെ ചിരിച്ച ശേഷം ആരും കാണാതെ ഓടിപ്പോയി അടുക്കളപ്പുറത്തെ ഇരുട്ടിൽ നിന്നു വെറുതെ തേങ്ങി തേങ്ങി കരയണം…

അവളുടെ ഓരൊ വരവിനായും ഉമ്മറ വാതിൽക്കൽ കാത്തുകാത്തിരിക്കണം…

അവൾ എന്നെ തേടി വരുന്ന സമയമെല്ലാം ഇഷ്ടമുള്ളതെല്ലാം വെച്ചുണ്ടാക്കി കൊടുക്കണം…

ഭർത്താവുമായവൾ ചെറിയ കാര്യത്തിന് പിണങ്ങി വീട്ടിലേക്കു വരുമ്പോൾ സ്നേഹത്തോടെ ചെവിയിൽ നുള്ളി ശാസിച്ചു തിരികെ ഓടിക്കണം…

എന്തിനും ഏതിനും അമ്മേ എന്നവൾ വിളിക്കുമ്പോൾ പരിഹാരത്തിനായി കൂടെ നിക്കണം….

അമ്മയൊരമ്മൂമ്മയാകാൻ പോകുന്നമ്മേ  എന്നവൾ നാണത്തോടെ പറയുന്ന കേട്ടെനിക്ക്  കോരിത്തരിക്കണം.. ഏഴാം മാസം കൂട്ടിക്കൊണ്ടു വന്നവളെ പൊന്നുപോലെ നോക്കണം…

ആശുപത്രി  വരാന്തയിൽ അവളുടെ പ്രസവം കാത്ത്‌ ആകാംഷയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കണം… അവൾക്കു സുഖപ്രസവമാകണേ എന്ന് ദൈവത്തോട് നെഞ്ചുരുകി പ്രാർത്ഥിക്കണം..

മോൾക്ക്‌ പെണ്കുഞ്ഞാണെട്ടോ എന്ന് പറഞ്ഞ ശേഷം ആശുപത്രിയിലെ സിസ്റ്റർ അവളുടെ മുത്തിനെ എന്റെ കയ്യിലേക്ക് വെച്ച് തരുമ്പോൾ ഒരു കോടി ലോട്ടറിയടിച്ചവളെ പോലെ അങ്ങ് ചിരിച്ചു കൊണ്ടു നിക്കണം…

അവളുടെ മകൾ “അമ്മുമ്മേ” എന്ന് കൊഞ്ചി വിളിക്കുന്നത് കേട്ട ശേഷം സന്തോഷത്തോടെ എനിക്കു കണ്ണടയണം..

ഒടുവിൽ തെക്കേ അറ്റത്തെ മൂവാണ്ടൻമാവിന്റെയോ വല്ല പ്ലാവിന്റെയോ ചോട്ടിൽ ഞാൻ എരിഞ്ഞു തീരുമ്പോൾ “അമ്മേ” എന്ന് വിളിച്ചുറക്കെ കരയാൻ ഞാൻ നൊന്തു പ്രസവിച്ച  മോളെങ്കിലും ഉണ്ടായല്ലോ എന്നോർത്തെന്റെ ആത്മാവിന് മോക്ഷം കിട്ടണം….

“ഇനിയൊരു ജന്മമുണ്ടെങ്കിൽ വീണ്ടുo പിറക്കുക കുഞ്ഞേ നീയെന്റെ മകളായി”….

Leave a Reply

Your email address will not be published. Required fields are marked *