ഭർത്താവിന്റെ അനുവാദം ചോദിച്ചു സ്വന്തം വീട്ടിലേക്കു പോകാൻ യാത്രയായി നിൽക്കുന്ന സ്ത്രീകളെ..

(രചന: അച്ചു വിപിൻ)

ഭർത്താവിന്റെ അനുവാദം ചോദിച്ചു സ്വന്തം വീട്ടിലേക്കു പോകാൻ യാത്രയായി നിൽക്കുന്ന സ്ത്രീകളെ കണ്ടിട്ടോ?മുൻപില്ലാത്ത അത്ര ഉന്മേഷം ആയിരിക്കും അവരുടെ മുഖത്ത്..

ജോലിയുള്ള കാരണം വീട്ടിൽ കൊണ്ട് വിടാൻ സമയമില്ലാത്ത ഭർത്താവിനോട് നീരസം കാണിക്കാതെ കെട്ടിച്ചു വിട്ട വീട്ടിലെ പണി മുഴുവൻ  ഒരുപ്രകാരത്തിൽ ചെയ്ത ശേഷം

വീർത്ത മുഖവുമായി നിൽക്കുന്ന അമ്മായമ്മയെ കൂടി പ്രീതിപെടുത്തി  കയ്യിൽ കിട്ടിയ സാരിയുമുടുത്തു വീട്ടിലേക്കുള്ള ബസിൽ ഒരുപ്രകാരത്തിൽ വലിഞ്ഞു കയറി

കണ്ണിൽ കണ്ട ഏതെങ്കിലും  സീറ്റിലേക്കമർന്നിരിക്കുമ്പോൾ എങ്ങനെയെങ്കിലും വീടെത്തിയ മതിയെന്ന ചിന്തയായിരിക്കും മനസ്സ് നിറയെ…

ഒടുക്കം ബസിൽ നിന്നുമിറങ്ങി പാടവരമ്പിലൂടെയോ തോടിന്റെ സൈഡിലൂടെയോ തോളും ചെരിച്ചു ലാലേട്ടൻ ഓടുന്ന പോലെ ഒരോട്ടം ഉണ്ട് വീട്ടിലേക്കു അതിനിടക്ക് വഴിയിൽ കാണുന്നവരോടൊക്കെ കുശലം പറയും…

ഒരു പ്രകാരത്തിൽ ഓടിക്കിതച്ചു വീട്ടുപടിക്കൽ എത്തുമ്പോൾ ഒരു പാവം പിടിച്ച അമ്മയും അച്ഛനും മകളുടെ വരവിനായി കണ്ണും നട്ടു കാത്തിരിക്കുന്നുണ്ടാകും…

മകളെ കാണുമ്പോൾ തന്നെ നീയങ്ങു ക്ഷീണിച്ചു കൊരങ്ങു  പോലായല്ലോ എന്ന അമ്മയുടെ ചോദ്യത്തിനുത്തരം ഒരു ചെറു ചിരിയിലൊതുക്കും…

പിന്നെ നേരെ അടുക്കളയിലേക്കാണ് നടത്തം അവിടെ അടുക്കളകോലായിൽ ചെന്നിരുന്നു   അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ തേങ്ങാ ചുട്ടരച്ച ചമ്മന്തിയും,

കാന്താരി മുളകും തേങ്ങയും കുഞ്ഞുള്ളിയും ഇട്ടു ചതച്ചുണ്ടാക്കിയ വേലിച്ചീരയും,നാടൻ തൈരും പപ്പടവും ചൂട് ചോറിൽ കൂട്ടി കുഴച്ചൊരു  തീറ്റയുണ്ട്

അത് കാണുമ്പോൾ നീയെവിടെ പട്ടിണി ആയിരുന്നോ കൊച്ചെ എന്ന അർത്ഥത്തിൽ എളിക്കു കയ്യും കൊടുത്തു നിന്ന് അമ്മയുടെ ഒരു നോട്ടം ഉണ്ട്…അത് കണ്ടില്ല എന്ന് നടിച്ചു ഓരോ ഉരുളയും ആസ്വദിച്ചു കഴിക്കും..

നല്ലോണം കഴിച്ചോണ്ടിരിക്കുന്ന മകളെ അടിമുടി നോക്കി എത്രോസം ഉണ്ടിവിടെ എന്ന് ആകാംഷയോടെ ചോദിക്കുന്ന അമ്മയോട് “അഞ്ചൂസം” അത്രേ കിട്ടിയുള്ളൂ

എന്ന് മറുപടി  പറയുമ്പോളവർ ആ ഒരാഴ്ച തികച്ചില്ലാലെ എന്ന് സങ്കടത്തോടെ തലത്താഴ്ത്തി പറയുന്ന  കാണുമ്പോ അറിയാതെയെങ്കിലും നെഞ്ചൊന്നു വിങ്ങും…

പിന്നെ ഓരോ വിശേഷം പറച്ചിൽ ആണ്  നാട്ടിൽ ആരൊക്കെ കല്യാണം കഴിച്ചു ആരൊക്കെ ഒളിച്ചോടി പോയി,അയലോക്കത്തെ പശുവിന്റെ പേറു കഴിഞ്ഞോ  എന്നൊക്കെയറിയാതെ മനസ്സിന് ഒരു  സമാധാനം ഉണ്ടാകില്ല.

വൈകിട്ട് മകൾക്കിഷ്ടമുള്ള പലഹാരങ്ങളെല്ലാം ചായക്കടയിൽ നിന്നും ന്യൂസ് പേപ്പറിൽ പൊതിഞ്ഞു കൊണ്ടുവന്നു ഒന്നൊന്നായി മേശപ്പുറത്തു കൊണ്ടടുക്കി  വെച്ചശേഷം

ചൂടാറും മുന്നേ ഇഷ്ട്ടോള്ളതൊക്കെ എടുത്തു കഴിച്ചോളുട്ടോ എന്ന് പറഞ്ഞുമ്മറത്തേക്കു പോകുന്ന അച്ഛനെ സ്നേഹത്തോടെ ഒന്ന് നോക്കും പിന്നെ ഗ്രഹിണി പിടിച്ചു കിടക്കുന്ന പിള്ളേര് ചക്കക്കൂട്ടാൻ കണ്ട  പോലെ അതിലേക്കൊരു വീഴ്ചയാണ്..

രാത്രി ഇരുന്നു കുറെയേറെ വർത്തമാനം പറഞ്ഞു കിടന്ന ശേഷം അമ്മയെ കെട്ടിപ്പിടിച്ചു  സുഖമായുറങ്ങും…

കെട്ടിച്ചു വിട്ട വീട്ടിൽ ദിവാകരൻ വരുന്നതിനു മുന്നേ എണീക്കുന്ന പെണ്ണുങ്ങൾ സ്വന്തം വീട്ടിൽ ചെന്നാൽ പിന്നെ  പത്തുമണിയാണല്ലോ കണക്കു ആ പതിവ് മിക്കവരും തെറ്റിക്കാറില്ല…

പിന്നെ രാവിലെ എണീറ്റ്  ഇഡലിയും ചമ്മന്തിയും  ചൂട് കാപ്പിയും  കുടിച്ച ശേഷം ഉമ്മറത്ത് ചെന്ന് മുറ്റത്തു നടക്കുന്ന കോഴികളെ നോക്കിയങ്ങനെ ഇരിക്കും,

അൽപ നേരം ടീവിയിൽ ഇഷ്ടമുള്ള പരിപാടി എന്തെങ്കിലും കണ്ട ശേഷം കുളിക്കാൻ പോകുമ്പോൾ അമ്മയുടെ വക തലയിൽ മുറ്റത്തു നിൽക്കുന്ന ചെമ്പരത്തി ഇലയും പൂവും പറിച്ചു കല്ലിൽ ഇട്ടുരച്ചു

പാത്രത്തിൽ ആക്കി ഒരു താളിതേക്കൽ ഉണ്ട് എന്ത് മാത്രം മുടി ഇണ്ടാരുന്ന കൊച്ച മര്യാദക്ക് നോക്കാതെ ദേ ഇപ്പൊ  എലിവാലു പോലെയായി എന്നൊരടക്കം പറച്ചിലും അതിനൊപ്പം കാണും…

വൈകിട്ട് തൊടിയിലെ ചക്ക പറിച്ചുണ്ടാക്കിയ ചക്കപ്പുഴുക്കും ചൂട് ചായയും നിർബന്ധം ആണ് ചിലർക്ക് അതും കാലിന്മേൽ കാൽകയറ്റി വെച്ച് ടിവിയും കണ്ടു ആസ്വദിച്ചു തന്നെ അങ്ങ് തിന്നും..

അങ്ങനെ തിന്നും കുടിച്ചും അഞ്ചു ദിവസം പോകുന്നത് കെട്യോന്റെ കാറ് വീടിനു  മുന്നിൽ വന്നു നിന്നു നീട്ടി ഹോൺ അടിക്കൊമ്പാഴാണറിയുന്നത്…

അവള് രണ്ടൂസം കൂടി നിക്കട്ടെടാ കൂടെ നീയും നിക്ക് എന്ന് അച്ഛനും അമ്മയും ഒരേ സ്വരത്തിൽ മരുമോന്റെ മുഖത്ത് നോക്കി പറയുമ്പോൾ ഏയ് അതൊക്കെ ഇനിയൊരു ദിവസം ആവാം അവളില്ലാതെ വീടാകെ താറുമാറായികിടക്കുവാ എന്നു പറഞ്ഞ ശേഷം ഭാര്യയുടെ മുഖത്തേക്കൊരു നോട്ടമുണ്ട്.. “വാ പോകാം ബാഗെടുത്തോ” എന്നാണ് അതിനർത്ഥം.

ഒടുക്കം മനസ്സില്ലാ മനസ്സോടെ പോയി റെഡിയാകും… പോകാൻ നേരം പറമ്പിലെ ചക്ക,കറിവേപ്പില,ചേന,ചേമ്പു,ഏത്തക്കായ ഭർത്താവിന്റെ വീട്ടിലെ പറമ്പിൽ നടാൻ ഉള്ള കപ്പക്കോൽ,മാങ്ങാ,കൂർക്ക,ചീര,

പയർ എന്ന് തുടങ്ങി അത്യാവശ്യം പച്ചക്കറികൾ കാറിന്റെ ഡിക്കിയിൽ സ്ഥാനം പിടിക്കും കൂടെ ഇത് വെച്ചോ എന്ന് പറഞ്ഞു അച്ഛൻ കയ്യിൽ വെച്ച് തരുന്ന അന്പതിന്റെ ചില നോട്ടുകളും..

ഒടുക്കം അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ മകളെ കണ്ടു കൊതിതീരാത്ത പോലെ അവരുടെ ഒരു നോട്ടമുണ്ട്..

ഒടുക്കം കണ്ണിൽ നിന്ന് മറയുന്ന വരെ കാറിനു വെളിയിൽ തലയിട്ടു അവരെ നോക്കി കൈ വീശി കാണിച്ചു പോകുമ്പോൾ അറിയാതെ തന്നെ ആ മകളുടെ കണ്ണുകളും നിറഞ്ഞൊഴുകും….

NB:എന്റെ ഭർത്താവ് ഒരു പൊന്നിൻകുടം ആയ കൊണ്ട് ഈ പറഞ്ഞ വിഷമമൊന്നും  ഇത്രേം നാളും എനിക്കനുഭവിക്കേണ്ടി വന്നിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *