എന്നിട്ടിപ്പോ കല്യാണം കഴിഞ്ഞു ഒരാഴ്ച ആയിട്ട് കൂടി അങ്ങനെ ഒരു സ്നേഹത്തോടെ നോക്കിയിട്ടോ മിണ്ടിയിട്ടോ..

എൻ ജീവനെ
(രചന: ശിവാനി കൃഷ്ണ)

“ഉണ്ണിയേട്ടാ…”

“മ്മ്..”

“എന്നോട് എന്താ തീരെ സ്നേഹം ഇല്ലാത്തെ”

“അത്….ഇല്ലാത്തത്കൊണ്ട് “

അവൻ അത് പറഞ്ഞതും സദാ പുഞ്ചിരി നിറഞ്ഞ ആ പെണ്ണിന്റെ മുഖം പിണക്കത്താൽ ഒന്ന് കോടി… പതിയെ കണ്ണ് നിറഞ്ഞുവന്നതും ഒന്നും മിണ്ടാതെ അവൻ കഴിച്ചിട്ട് വെച്ച പാത്രവുമായി അവൾ അകത്തേക്ക് നടന്നു….

പിറ്റേന്നത്തേക്ക് ഉള്ള ദോശയുടെ മാവാട്ടുമ്പോഴും പാത്രം കഴുകുമ്പോഴുമെല്ലാം അവൻ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു ഉള്ളിൽ….

ഇഷ്ടല്ലാന്ന്..തീരെ ഇഷ്ടല്ലാന്ന്… ഇഷ്ടല്ലാതെ ആരേലും കല്യാണം കഴിക്കുവോ… ആരും ഇട്ടേച്ച് പോയിട്ട് ഒന്നും ഇല്ല്യാല്ലോ കഷ്ടപ്പെട്ട് താലി കെട്ടി എന്നേ സഹിക്കാനും വേണ്ടീട്ട്….

വെറുതെ പറയുന്നതാവും… അല്ലേലും ഈ ആണുങ്ങൾക്ക് ഉള്ളതാണല്ലോ വെറുതെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കൽ…. സ്നേഹം ഇല്ലാ പോലും… പിന്നെ എന്നോടതല്ലാതെ ആരോടാ അങ്ങേർക്ക് സ്നേഹം.. ഹും

ഇനി ശരിക്കും ഇണ്ടാവില്ല്യെ…ഞാൻ കൊള്ളാഞ്ഞിട്ടാണോ ഇനി…ജോലി ഒതുക്കി മുറിയിൽ ചെന്ന് നീലകണ്ണാടിക്ക് മുന്നിൽനിന്ന് ഓരോ കണക്ക് കൂട്ടലുകൾ നടത്തുമ്പോഴും അവൾക്ക് താൻ തീരെ കൊള്ളില്ലാത്തതായി തോന്നി….

കയ്യിലെ ചത കണ്ടിട്ട് തന്നെ ദേഷ്യം വരുന്നു… കഴുത്തിലെ കറുപ്പും മുഖത്തെ പാടുകളും… മൂന്നും നാലും ഏഴു മുടി എന്ന പോലെ നിൽക്കുന്ന തലമുടിയും…. തീരെ പീലികൾ ഇല്ലാത്ത കണ്ണും…നിറവും ഇല്ല്യാ….കറുമ്പി..

മ്മ്ഹ്…. കൊള്ളില്ലാല്ലോ….പക്ഷേ ഞാൻ എന്ത്ചെയ്യും ഇതിന്…വേണ്ടാരുന്നു…. ഇങ്ങോട്ട് വന്ന് കല്യാണത്തിന് താല്പര്യം ഉണ്ട്‌ ന്ന് പറഞ്ഞപ്പോ… അതും ഇത്രയും നല്ല തറവാട്ട്കാരെയൊക്കെ കണ്ടപ്പോൾ പുത്തൻ വീട്ടിൽ കൃഷ്ണകുമാർ സ്വന്തം മകളുടെ കുറവുകൾ മറന്നു പോയി…

അല്ലങ്കിലും ഒന്ന് ഓർത്ത് നോക്കിക്കേ… ഞാനും ഉണ്ണിയേട്ടനും കൂടി ഒരുമിച്ച് നിന്നാൽ തന്നെ രാവും പകലും പോലെ വ്യത്യാസമുണ്ട്….. പുള്ളിയെ കണ്ടാൽ മുഖത്തുന്ന്  കണ്ണെടുക്കാൻ തോന്നില്ല…..

കല്യാണത്തിന് വന്നവരുടെ നോട്ടവും കളിയാക്കലുകളുമൊക്കെ കേട്ടിട്ടും കേട്ടതായി ഭാവിക്കാതിരുന്നത് പുള്ളിക്ക് ഇഷ്ടമാകും ന്ന് ഓർത്തിട്ടായിരുന്നു…

എന്നിട്ടിപ്പോ കല്യാണം കഴിഞ്ഞു ഒരാഴ്ച ആയിട്ട് കൂടി അങ്ങനെ ഒരു സ്നേഹത്തോടെ നോക്കിയിട്ടോ മിണ്ടിയിട്ടോ ഇല്ല…ഒന്ന് ചേർത്ത് പിടിക്കുവോ ഉമ്മ വെയ്ക്കുവോ ചെയ്തിട്ടില്ല…

നെറ്റിയിലെ സിന്ദൂരവും മാറിൽ ചേർന്ന് കിടക്കുന്ന താലിയും കാണുമ്പോഴൊക്കെ ആ ഇരുണ്ട കവിളുകൾ ചുവന്ന് തുടുക്കുമെങ്കിലും അവന് അവളോടുള്ള സമീപനം അവളെ തളർത്തിയിരുന്നു….

താലി കെട്ടിയവനല്ലേ…ഒത്തിരിയേറെ സ്നേഹം ഉള്ളിൽ ഉള്ളതല്ലേ… അവനെ ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നതല്ലേ… ഒരു കുഞ്ഞിനെ എന്ന പോലെ നോക്കാൻ ആഗ്രഹിക്കുന്നതല്ലേ… ആ സ്നേഹം ഉള്ളിൽ കിടന്ന് വീർപ്പുമുട്ടാൻ തുടങ്ങി…. കൊടുക്കാതെ പറ്റില്ലെന്ന് ആയി തുടങ്ങി… അവൾക്ക് വേദന തോന്നി തുടങ്ങി….

പക്ഷേ പറയാൻ പേടി ആയിരുന്നു… ഇപ്പോ ആണെങ്കിൽ… എപ്പോഴും കാണാം..പറഞ്ഞാൽ ഒരുപക്ഷെ അതും ഇല്ലാണ്ടായാൽ എങ്ങനെയാണു…

സഹിക്കാൻ പറ്റുവോ തനിക്ക്… മ്മ്ഹ് ഇല്ല… ഉണ്ണിയേട്ടൻ ഇല്ലാതെ ഉണ്ണിയേട്ടനെ കാണാതെ ഇനി എങ്ങനെയാ….ചിലപ്പോഴൊക്കെ അത് ഓർക്കുമ്പോ തന്നെ ശ്വാസം വിലങ്ങി പോകും…

അവസാനത്തെ പാത്രവും കഴുകി ഷെൽഫിൽ വെച്ച് തിരിയുമ്പോഴാണ് കയ്യും കെട്ടി വാതിക്കൽ തന്നെ തന്നെ നോക്കി നില്കുന്നത് കണ്ടത്…

“കഴിഞ്ഞെങ്കിൽ മുകളിലേക്ക് വാ… എനിക്ക് സംസാരിക്കാനുണ്ട് “

എന്തായിരിക്കും പറയാനുള്ളതെന്ന് ഓർത്ത് റൂമിൽ ചെല്ലുമ്പോൾ ആൾ ബാൽകണിയിൽ പുറം തിരിഞ്ഞു നില്കുന്നത് കണ്ടു….

“ആ വന്നോ…”

“മ്മ്…”

“ഇനി ചോദിക്ക്… എന്താ നിനക്ക് അറിയേണ്ടത്…”

“എ… എന്ത്?”

“അതാണ് ചോദിച്ചത്… നിനക്ക് എന്താണ് അറിയേണ്ടത്….”

“നിക്കോ… നിക്ക്… ഒന്നും അറിയണ്ടല്ലോ…നിക്ക് നല്ല ഉറക്കം വരുന്നു.. ഞാൻ കിടക്കാൻ പോട്ടെ..”

“വേണ്ട… പോണ്ട…. പോയിട്ട് വലുതായിട്ട് ഒന്നും ചെയ്യാനൊന്നും ഇല്ലല്ലോ…. അവിടെ കിടന്ന് ശ്വാസം അടക്കി പിടിച്ചു കരയാനല്ലേ…”

ഒരു ഞെട്ടലോടെ മുഖത്തേക്ക് നോക്കിയതും പെട്ടെന്ന് തിരിഞ്ഞു പുറത്തേക്ക് നോക്കി നിന്നു….

“എനിക്ക്… എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു മാളു….”

പെട്ടെന്ന് അത്രയും കേട്ടപ്പോൾ തന്നെ നെഞ്ചിൽ വേദന തോന്നി തുടങ്ങിയിരുന്നു… വേറൊരാളെ പ്രണയിച്ചിരുന്നു എന്ന് കേട്ടപ്പോൾ തന്നെ സഹിക്കാനാവാത്ത വിധം വേദനിക്കാൻ തുടങ്ങിയിരുന്നു….

“നന്ദന… എന്റെ…”

ബാക്കി പറയുന്നതിന് മുൻപേ ഞാൻ അടുത്തേക്ക് ചെന്ന് കയ്യിൽ പിടിച്ചിരുന്നു…

“മ്മ്ഹ്… വേണ്ട… പ്ലീസ്”

“എന്ത്..”

“ഒന്നും പറയണ്ട…നിക്ക് ഒന്നും അറിയണ്ട.. അതോണ്ടാ…..പ്ലീസ് “

“അറിയാതെ എങ്ങനെയാണു…”

“അറിയണ്ട… അത്രന്നെ… അതൊക്കെ കഴിഞ്ഞ കാര്യമല്ലേ…ന്തിനാ പറയുന്നേ…”

“മോളെ… ഞാൻ… ഞങ്ങൾ എല്ലാ വിധത്തിലും ഒന്നായിരുന്നു… അത്.. ഞാൻ…”

“ഉണ്ണിയേട്ടാ…. പ്ലീസ് ഒന്നും പറയല്ലെട്ടോ…. നിക്ക് ഒന്നും അറിയണ്ട… എന്താരുന്നു ന്നോ എങ്ങനെ ആയിരുന്നുന്നോ…. ഒന്നും…ഒന്നും അറിയണ്ട… എന്നേ ഇവിടെ നിർത്തിയാൽ മാത്രം മതി…ഞാൻ ശല്യം ഒന്നും ചെയ്യില്ല… എന്നേ സ്നേഹിക്കണം ന്ന് പറയില്ല… വാശി പിടിക്കില്ല… ഒന്നും വേണ്ട…”

“മാളു..”

“ഞാൻ ഉറങ്ങിക്കോട്ടെ ഉണ്ണിയേട്ടാ… നിക്ക് തല വേനിക്കുന്നു…”

“മ്മ്….”

അവൾ പോയികഴിഞ്ഞും അവൻ അവിടെ തന്നെ നിന്നു…. ഓരോന്നായി ഓർമ്മയിൽ വന്ന് തുടങ്ങിയപ്പോൾ അവനും വേദന തോന്നി…നന്ദന…വെറുമൊരു പ്രണയം ആയിരുന്നില്ല… ജീവനായിരുന്നു…

അത്രയും സ്നേഹം ഉള്ളിൽ തോന്നിയൊരു നിമിഷം അറിയാതെ എല്ലാം തന്റേത് ആണെന്ന തോന്നലിൽ….പക്ഷേ അവൾക്ക് അതൊന്നും ഞാൻ കരുതിയത് പോലെ ആയിരുന്നില്ല ന്ന് അറിഞ്ഞപ്പോൾ…സ്വയം മാറിയതാണ്… ഒന്നും വേണ്ടാന്ന് ഉറപ്പിച്ചതാണ്…

പിന്നീട് എപ്പോഴോ ഉമ്മറത്തു ഇരിക്കുമ്പോൾ “അവളെ കെട്ടാനൊന്നും ഒരുത്തനും വരില്ല… എന്തിന് കൊള്ളാം ആ പെണ്ണ് “എന്ന് അമ്മയോട് ആരെയോ കുറിച്ച് വല്യമ്മ പറയുന്നത് കേട്ടപ്പോൾ വെറുതെ തിരക്കിയതാണ്… ആരെന്നും എന്തെന്നും…

ആ ഇരുണ്ട മുഖത്തെ കണ്ണുകളിലെ തിളക്കം തിരിച്ചറിയാൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി മാത്രം മതിയായിരുന്നു… ഒന്നും ചിന്തിക്കാതെ ചാടി കേറി കല്യാണം നടത്തണം ന്ന് പറഞ്ഞെങ്കിലും പയ്യെ പയ്യെ തനിക്ക് അതിന് അർഹത ഉണ്ടോ എന്ന് തോന്നി പോയി…. ഒരു പാവം പെണ്ണ്… ചതിക്കുന്നത് എങ്ങനെയാണു….

പക്ഷേ പതിയെ ഞാൻ ഒത്തിരി സ്നേഹിക്കാൻ തുടങ്ങിയിരുന്നു… ഇനിയും മനസ്സിൽ വെയ്ക്കൻ പറ്റില്ലാന്ന് തോന്നിയപ്പോഴാണ് പറയാൻ തുടങ്ങിയതും… ഒരു ഇഷ്ടം ഉണ്ടായിരുന്നു ന്ന് പറഞ്ഞപ്പോ തന്നെ ഇത്രയും വേദനിക്കുന്നവളോട് എങ്ങനെ പറയും…

കട്ടിലിൽ ഒരു കൊച്ച് കുഞ്ഞിനെ പോലെ കുമിഞ്ഞു കൂടി കിടക്കുന്നവൾ ഉറങ്ങിയെന്നു കരുതി നെറ്റിയിൽ ഒരു നനുത്ത ഉമ്മ നൽകി എഴുന്നേറ്റതും അവളിൽ നിന്ന് ഉയർന്ന ഏങ്ങലടിയിൽ നിന്നും ഉറങ്ങിയിട്ടില്ലെന്ന് മനസിലായി…

അടുത്തേക്ക് ഇരുന്നതും നിറഞ്ഞ ചുവന്ന കണ്ണുകളോടെ നോക്കുന്നത് കണ്ടപ്പോ ശരിക്കും വേദന തോന്നി… തന്നെ ഓർത്ത് വേദനിക്കുന്നവൾ… തന്നോടുള്ള സ്നേഹത്താൽ വേദനിക്കുന്നവൾ… താലി കെട്ടിയവളാണ്… ഇന്നൊത്തിരി സ്നേഹിക്കുന്നവളാണ്…. എങ്ങനെ വെറുതെ നോക്കിയിരിക്കാനാകും…

“ഉണ്ണിയേട്ടാ…”

“മ്മ്…”

“ശരിക്കും സ്നേഹം ഇല്ലേ….”

എന്ത് പറയണമെന്ന് അറിയാതിരിക്കുമ്പോഴും ആ വിതുമ്പുന്ന ചുണ്ടും വിറയ്ക്കുന്ന കൈകളും ഉള്ളിൽ വേദന നിറച്ചു….

“ഞാനൊരു കാര്യം പറയട്ടെ ഉണ്ണിയേട്ടാ…”

“ഞാൻ കാണാൻ കൊള്ളാഞ്ഞിട്ടാണോ…. എന്നോട് സ്നേഹം തോന്നാത്തെ…”

അവളുടെ ചോദ്യത്തിൽ നിന്ന് ആ പെണ്ണ് ചിന്തിച്ചു കൂട്ടുന്നത് എന്തൊക്കെയാണെന്ന് ഓർത്തപ്പോൾ അതിശയം തോന്നി..

“ആണോ… പറ….”

“ഏയ്‌…”

“മ്മ്…”

“മാളു… ഞാൻ…”

“മ്മ്ഹ്… വേണ്ട…ശരിക്കും നിക്ക് ഒന്നും അറിയണ്ട ഉണ്ണിയേട്ടാ… എന്തോ എങ്ങനെയോ ആയിക്കോട്ടെ… “

“മ്മ്…”

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം നോക്കുമ്പോൾ എന്നേ തന്നെ നോക്കിയിരിക്കുന്നവളെയാണ് കണ്ടത്..

“മാളു… നിനക്ക് എന്നോട് എത്ര സ്നേഹം ഉണ്ട്‌…”

“നിക്കോ… നിക്ക്… മ്മ്ഹ്… അറിയില്ല “

“അതെന്താ…”

“ആവോ…എത്ര ഉണ്ട്‌ ന്ന് ചോദിച്ചാൽ ഒത്തിരി ഉണ്ട്‌… എത്ര ഒത്തിരി ന്ന് ചോദിച്ചാൽ അറിയില്ല..”

“നീ എന്തിനാ പെണ്ണേ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്…”

“അത് നിക്കും അറിയില്ല…. അകന്ന് മാറാൻ നോക്കിയതാ… അർഹത ഇല്ലാന്ന് തോന്നിയപ്പോഴൊക്കെ…. പക്ഷേ കൂടുതൽ അടുത്ത് പോയി…

എങ്കിലും നിക്ക് കുഴപ്പം ഒന്നുല്ല ഉണ്ണിയേട്ടാ….ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് ഓർത്ത് ഉള്ള സഹതാപത്തിൽ നിന്ന് എന്നേ സ്നേഹിക്കണ്ട… ആ സ്നേഹം നിക്ക് വേണ്ട…. ഞാൻ… ഇങ്ങനെ നിന്നോളും… നിക്ക് ഇത്ര മതിയാകും “

അത്രയും പറഞ്ഞു എന്നേ നോക്കി ചിരിക്കുമ്പോഴും കണ്ണ് നിറഞ്ഞു തുളുമ്പാനെന്ന പോലെ നിൽപ്പുണ്ടായിരുന്നു…

“ഞാൻ കിടന്നോട്ടെ ഉണ്ണിയേട്ടാ… തലവേനിക്കുന്നു…”

“മ്മ്… കിടന്നോ..”

ശാന്തമായുറങ്ങുന്ന പെണ്ണിനെ കാണുമ്പോഴൊക്കെ ഉള്ളിലൊരു തരം സന്തോഷം തോന്നുന്നുണ്ടായിരുന്നു…

ഇനിയും ഉള്ളിലെ സ്നേഹം മറച്ചുവെയ്ക്കാനാവില്ലെന്ന് മനസ്സിലായതും നാളെ അവളേറേ ഇഷ്ടപെടുന്ന ആ മൊട്ടകുന്നിൽ കൊണ്ട് പോകണമെന്നും താലി കെട്ടി സ്വന്തമാക്കിയവളോട് പ്രണയം തുറന്ന് പറയണമെന്ന് ഓർക്കുമ്പോഴും ചിരി വന്നു പോയിരുന്നു….

തീരെ പ്രതീക്ഷിക്കാതെ ഉച്ചക്ക് വിളിച്ചു വൈകിട്ട് ഒരുങ്ങിയിരിക്കണം ഒരിടം വരെ പോകണമെന്ന് പറയുമ്പോ എന്തോ ഒരു തരം കൗതുകം ആയിരുന്നു… എവിടെ ആയിരിക്കും… എന്തിനായിരിക്കും എന്നെല്ലാം ഓർത്ത് മനസ്സിൽ ചിന്തകൾ കൂടികുഴഞ്ഞിരുന്നു…

അതും കറുപ്പ് കരയുള്ള സെറ്റ് സാരി ഉടുക്കണം എന്ന് എടുത്തു പറഞ്ഞതു കേട്ടപ്പോൾ തന്നെ പറഞ്ഞറിയിക്കാൻ ആവാത്ത ഒരുതരം വികാരം ഉള്ളിൽ നിറഞ്ഞിരുന്നു….

ഒത്തിരിയേറെ സന്തോഷത്തോടെ മനോഹരമായ ഒരു പുഞ്ചിരിയും ഉള്ളിലൊതുക്കി അവളുടെ മാത്രം ഉണ്ണിയേട്ടനെ അക്ഷമയോടെ കാത്തിരിക്കുമ്പോൾ അവന്റെ ശരീരം ആ വണ്ടിക്കടിയിൽ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു…

രക്തം ഒലിച്ചിറങ്ങിയ കണ്ണുകളിൽ അപ്പോഴും നിറഞ്ഞു നിന്നത് ആ കറുമ്പിപെണ്ണ് ആയിരുന്നു…. അവന് അവളെ നെഞ്ചോടു ചേർത്ത് പിടിക്കാൻ തോന്നി… അവളുടെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടാൻ തോന്നി…. ഒത്തിരിയേറെ സ്നേഹിക്കാൻ തോന്നി….

കൈകളിൽ അപ്പോഴും അവൻ മുറുകെ പിടിച്ചിരുന്ന ആ കരുമണി കൊലുസ്സിന് ഒരു കഥ പറയാനുണ്ടായിരുന്നു… അത്രമേൽ സ്നേഹിച്ചിട്ടും അവൾക്ക് തന്റെ സ്നേഹം നൽകാനാവാത്തത് ഓർത്ത് വേദനിക്കുന്ന ഒരുവന്റെ കഥ…

അതിൽ നിറയെ പ്രണയമായിരുന്നു…. അതിനേക്കാൾ ഉപരി സ്നേഹമായിരുന്നു… അപ്പോഴും അനന്തമായൊരു കടലിൽ അവൾക്ക് വേണ്ടി മാത്രം മറ്റാരും കാണാത്ത വിധം അവനിലെ അവളെ അവൻ  ഒളിപ്പിച്ചു വെച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *