അന്ന് രാത്രിയിൽ നെഞ്ച് പൊട്ടി കരഞ്ഞ അമ്മയുടെ മുഖം അതേ തെളിമയോടെ തന്നെ ഇന്നും..

എന്റെ മാത്രം അമ്മ
(രചന: ശിവാനി കൃഷ്ണ)

“എത്ര കിട്ടിയാലും അമ്മ പഠിക്കില്ലന്ന് വല്ല ശപഥവും എടുത്തിട്ടുണ്ടോ? “

“അതിനിപ്പോ എന്തുണ്ടായെന്നാ? “

“അവർക്ക് എന്തിനാ അമ്മ മെസ്സേജ് അയക്കുന്നെ?”

“ആർക്ക് അയച്ചെന്നാ? “

“അശ്വതിക്ക്…തങ്കക്കുടമായ എന്റെ മാമിക്ക്…”

“അവൾ ഇങ്ങോട്ട് അയക്കുമ്പോ റിപ്ലൈ കൊടുക്കത്തേ ഉള്ളു…അല്ലാതെ ഒന്നുമില്ല” പറയുന്ന കേക്കുമ്പോ തന്നെ അറിയാം കള്ളം ആണെന്ന്….

“അമ്മ ആരെടുത്താണ് ഇങ്ങനെ കള്ളം പറയുന്നത്.. എന്നോടും എന്തിനാണ് ഇങ്ങനെ എല്ലാം മറച്ചു വെയ്ക്കുന്നെ…

അയക്കുന്ന മെസ്സേജ് എല്ലാം ഡിലീറ്റ് ആക്കി കളഞ്ഞാൽ മനസ്സിലാക്കാൻ ഉള്ള ബുദ്ധി എനിക്ക് ഇല്ലന്ന് ആണോ…എത്ര പറഞ്ഞാലും മനസിലാവില്ലേ.. അവരോടൊന്നും കൂടുതൽ കൂട്ട് വേണ്ടന്ന് ഞാൻ പറഞ്ഞതല്ലേ ..”

“നീ പറയുന്ന പോലെ ഉള്ള കൂട്ട് ഒന്നുമില്ല ദേവു…”

“ഓ…എനിക്ക് അറിയില്ലല്ലോ…മാമൻ ന്തിനാ അമ്മയെ അമ്മേ ന്ന് വിളിക്കുന്നത്…ഇഷ്ടല്ല നിക്ക് അത്..ഒന്നും ഇഷ്ടല്ല…അനിയനും ഭാര്യയും…അത്ര മതി..

കൂടുതൽ ഒന്നും വേണ്ട…മുൻപത്തെ പോലെ ഇനിയും ഉണ്ടാവില്ല ന്ന് എന്താണ് ഉറപ്പ് ..എല്ലാർക്കും എല്ലാരും ഉണ്ട്…നിക്ക് അമ്മ മാത്രല്ലേ ഉള്ളു.. അതെന്താ മനസ്സിലാക്കാത്തെ…ഞാനില്ലേ അമ്മക്ക്… ഞാൻ തരുന്ന സ്നേഹം പോരാതെ വന്നിട്ടാണോ ..”

“മോളെ…അമ്മ അറിയാതെ…വേണ്ട…ആരും വേണ്ട…നിക്ക് ന്റെ കുട്ടി ഉണ്ടല്ലോ… അത് മതി ..കരയല്ലേ…വാ…അമ്മേടെ കൂടെ കിടക്ക്…”

പിണക്കം തോന്നിയെങ്കിലും അമ്മേടെ കയ്യിൽ കിടക്കാൻ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് പോയി കിടന്നു… ചേർത്ത് പിടിച്ചെങ്കിലും വല്ലാത്ത വിഷമം തോന്നി…സഹതാപം തോന്നി…

രാത്രി വെറുതെ അമ്മേടെ ഫോൺ എടുത്തു വാട്സാപ്പിൽ കുത്തുമ്പോഴാണ് ഒരു മെസ്സേജ് വന്നത്… അച്ചു….ഒരു അശ്വതി അച്ചു വന്നേക്കുന്നു… കണ്ടപ്പോ തന്നെ പെരുവിരലിന്ന് വിറച്ചു വന്നു…. മിണ്ടൂല പോ എന്ന് പറഞ്ഞു കിടന്ന് കൊഞ്ചുന്നു…. ഇതൊക്കെ കാണുമ്പോ അവളെ കൊന്ന് കീറി ഉപ്പിലിടാൻ തോന്നാറുണ്ട്….

നാല് ആങ്ങളമാരിൽ ഏറ്റവും ഇളയവൻ…സ്വന്തം മകനായി കൊണ്ട് നടന്നവൻ…കല്യാണം കഴിഞ്ഞപ്പോ അമ്മ മാമന്റെന്ന് എല്ലാം പിടിച്ചെടുത്തുന്ന് രണ്ട് പേരും കൂടി പറഞ്ഞപ്പോ പിണക്കം മാത്രമേ തോന്നിയിരുന്നുള്ളു…

പക്ഷേ അമ്മയായി കാണേണ്ടവൻ കൂടെ കിടക്കുമോ എന്ന് ചോദിച്ചെന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ തോന്നിയ വികാരം എന്താണെന്ന് ഇന്നും അറിയില്ല…ഉള്ളിൽ ഉണ്ടായിരുന്ന സ്നേഹം മുഴുവൻ ഒലിച്ചു പോയിരുന്നു…

അന്ന് രാത്രിയിൽ നെഞ്ച് പൊട്ടി കരഞ്ഞ അമ്മയുടെ മുഖം അതേ തെളിമയോടെ തന്നെ ഇന്നും ഓർമയുണ്ട്…എങ്ങനെ മറക്കും ഞാൻ… ആരൊക്കെ എന്തൊക്കെ ചെയ്താലും അമ്മയെ വേദനിപ്പിക്കുന്നത് അന്നും ഇന്നും എനിക്ക് ഇഷ്ടമല്ല…

മാമിയോട് അമ്മയ്ക്ക് എന്ത് സ്നേഹം ആയിരുന്നെന്നോ.. അത് കാണുമ്പോൾ ഉള്ളിൽ നിറയെ കുശുമ്പ് തോന്നിയിട്ടുണ്ട്…

അത്രയും സ്നേഹിച്ചിട്ടും അമ്മയ്ക്ക് മേൽ അത്രയും വല്യ കുറ്റം അടിച്ചമർത്തിയപ്പോ നൊന്ത ആ ഹൃദയം താങ്ങാൻ ഞാൻ മാത്രേ ഉണ്ടാരുന്നുള്ളു..ഞാനെ ഉണ്ടാവു…എന്റെ അമ്മ അല്ലേ…

മാപ്പ് പറഞ്ഞു അവർ വീണ്ടും വന്നു…പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെന്ന് പറഞ്ഞു ഒത്തിരി വട്ടം മാപ്പ് പറഞ്ഞു..മാപ്പ് കൊടുത്തതിലൊന്നും ഒരു പരാതിയും ഞാൻ പറഞ്ഞിട്ടില്ല…

പക്ഷേ ഇപ്പോ ഇത്…ഒരു നിമിഷത്തേക്ക് എങ്കിലും അങ്ങനെ ചിന്തിച്ചവൻ എന്തിനാണ് അമ്മേ ന്ന് വിളിക്കുന്നത്.. ആ വാക്കിന്റെ പരിശുദ്ധി കളയാനോ… ഇനിയും വേദനിപ്പിക്കാനോ… താങ്ങില്ല… പാവമാണ്… ഒരുപാട് ഒന്നും താങ്ങില്ല…

പെറ്റിട്ട് മൂന്നാം മാസത്തിൽ അച്ഛൻ ഉപേക്ഷിച്ചു പോയി…

ആറാം വയസ്സിൽ അച്ഛനെ കാണണം എന്ന് വാശി പിടിച്ചു അകന്ന ബന്ധത്തിൽ ഉള്ള ഒരു മാമൻ കണ്ട് പിടിച്ചു ആ വീടിന്റെ മുന്നിൽ കൊണ്ട് നിർത്തുമ്പോൾ ഇതെന്റെ മകൾ അല്ലന്ന് പറഞ്ഞു പുതിയ ഭാര്യയേയും നാല് ആണ്മക്കളെയും ചേർത്ത് പിടിച്ചു മുഖത്തേക്ക് പോലും നോക്കാതെ നടന്നു പോയ അച്ഛൻ…

പൈസ ഇല്ലാഞ്ഞിട്ട് പത്താം ക്ലാസ്സിൽ പഠിത്തം നിർത്തി ടൈപ്പ് റൈറ്റിങിന് പോയിട്ടുണ്ട്…പല കടകളിൽ ജോലിക്ക് നിന്നിട്ടുണ്ട്…ജീവിക്കാൻ വേണ്ടി ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്…

ആ ജീവിതത്തിലേക്ക് സ്നേഹം നീട്ടി വന്ന നാല് ആങ്ങളമാരെയും ചേർത്ത് പിടിക്കുമ്പോഴും വാങ്ങാനുള്ളതെല്ലാം വാങ്ങി പോകുമെന്ന് അറിഞ്ഞില്ല… പൊയ്ക്കോട്ടേ… വെറുതെ പൊയ്ക്കോട്ടേ… പക്ഷേ ഹൃദയം നോവിച്ചിട്ട് പോകുന്നത് എന്തിനാണ്…

ഇപ്പോ പോയിട്ട് വീണ്ടും…മാറ്റി നിർത്താൻ അറിയില്ല.. അത് തന്നെയാണ് അമ്മയുടെ കുഴപ്പവും… സ്നേഹം വെച്ച് നീട്ടുമ്പോ വാങ്ങി പോകുന്നു… കപടമാണെന്ന് ഓർക്കുന്നില്ല… പേടിയാണ് എനിക്ക്…

പയ്യെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ഒരു ബോംബ് തന്നെ പൊട്ടിതെറിക്കാൻ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല…ആരുടെയോ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് പിന്നീട് എഴുന്നേക്കുന്നത്…അടുത്ത് കിടന്ന അമ്മയെ കാണുന്നില്ല…ഓടി പിടച്ചു പുറത്ത് ചെന്ന് നോക്കുമ്പോ മാമിയും മാമനും മാമിയുടെ അമ്മയും എല്ലാം ഉണ്ട്…

“എന്താ….എന്താ പ്രശ്നം? “

“ഒന്നുല്ല ദേവു…മോൾ അകത്തു പോ..”

“ഇല്ല…എന്താന്ന് പറ “

“ഞാൻ പറയാടീ “എന്ന് പറഞ്ഞു കലി തുള്ളി മാമി എന്റെ അടുത്തേക്ക് വന്നു…

“നിന്റെ അമ്മ ഞങ്ങളെ പറ്റിച്ചു…കള്ളി…വാങ്ങി തന്ന സ്ഥലത്തിന് പൈസ കൂട്ടി പറഞ്ഞു വാങ്ങി….ആ പൈസക്ക് അല്ലേ നീയും ഇപ്പോ തിന്നുന്നത്…”

അവർക്ക് സ്ഥലം വേണമെന്ന് പറഞ്ഞിട്ട് അമ്മ ഇടപെട്ട് ഒരു സ്ഥലം വാങ്ങി കൊടുത്തിരുന്നു… പക്ഷേ അതിൽ ഒരു രൂപ പോലും അമ്മ മോഹിച്ചിട്ടില്ല ന്ന് നിക്ക് അറിയാം…

“കമ്മീഷൻ വേണമെങ്കിൽ പറഞ്ഞാ പോരെ… ഇങ്ങനെ ഒക്കെ ചെയ്യണോ…നാണം ഇല്ലാത്ത തള്ള….”

ദേഷ്യം വന്നിട്ട് മാമി ആണെന്ന് പോലും ഓർത്തില്ല… ഒന്ന് കൊടുത്തു… കവിൾ പൊത്തി നിക്കുമ്പോഴും അവരുടെ കണ്ണിലെ ദേഷ്യം മനസ്സിലായിരുന്നു…

“ഇനിയും നിന്റെ ഈ പുഴുത്ത നാവ് വെച്ച് എന്റെ അമ്മയെ വല്ലോം പറഞ്ഞാ നീയും ഒരു അമ്മ ആണെന്ന് ഓർക്കില്ല ഞാൻ…കൊല്ലാനും മടിക്കില്ല…”

അതിന്റെ ബാക്കി ആയിട്ട് അവരുടെ അമ്മ തുടങ്ങി… നാട്ടുകാർ കൂടി…ഇതൊക്കെ കേട്ട് മിണ്ടാതെ നിക്കുന്ന മാമനെ കണ്ടപ്പോ പുച്ഛം ആണ് തോന്നിയത്…അമ്മ ആണ് പോലും…

കേട്ടാൽ അറയ്ക്കുന്നത് പറഞ്ഞു തുടങ്ങിയപ്പോ അകത്തു ചെന്ന് അടുപ്പിൽ വെയ്ക്കാൻ വെച്ചിരുന്നതിന്ന് ഒരു വിറക് എടുത്തിട്ട് വന്നു…

“ദേ….മര്യാദക്ക് നിന്നില്ലെങ്കി ഈ തിന്ന് കൂട്ടി ഉണ്ടാക്കിയ ഈ പൊണ്ണത്തടിയൊക്കെ അടിച്ചിളക്കും ഞാൻ… ഇപ്പോ ഈ നിമിഷം ഇവിടെന്ന് ഇറങ്ങിക്കോണം… പ്രായം ചെന്നതാണെന്ന് ഒന്നും ഓർക്കില്ല ഞാൻ… വിളിച്ചോണ്ട് പോടോ രണ്ടിനേം…”

മാമനെ നോക്കി രൂക്ഷമായിട്ട് പറഞ്ഞിട്ട് വിറക് അവിടെ ഇട്ട് അമ്മയെ വിളിച്ചു അകത്തേക്ക് വന്നു… കുറച്ച് നേരം മിണ്ടാതിരുന്നു… കരയട്ടെ… കരഞ്ഞു തീർക്കട്ടെ…ഭ്രാന്ത്‌ പിടിച്ചിട്ട് സെറ്റിയിൽ ചാഞ്ഞു  കിടന്നു….

എത്ര കിട്ടിയാലും പഠിക്കില്ല…ആദ്യമേ പറഞ്ഞതാണ്… കൂടുതൽ ഒന്നും വേണ്ട…ഒന്നിനും പോണ്ട ന്ന്… ഇപ്പോ കണ്ടില്ലേ…ഈ അമ്മ ന്താ ഞാൻ പറഞ്ഞാൽ കേൾക്കാത്തത്…

കുറച്ച് കഴിഞ്ഞു കാലിൽ സ്പർശനം അറിഞ്ഞിട്ടാണ് നൂന്നു നോക്കിയത്… കാലിൽ പിടിച്ചിരുന്നു കരയുന്ന അമ്മയെ കണ്ടപ്പോ നെഞ്ചിന്ന് രക്തം പൊടിയുന്ന വേദന ആയിരുന്നു…

“അമ്മ…..എന്താ ഈ കാണിക്കുന്നേ…”താഴേക്ക് ഇറങ്ങി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചപ്പോ ഏങ്ങി ഏങ്ങി കരയുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞൊഴുകി… ആ നിമിഷം ഞാൻ അമ്മയും അമ്മ എന്റെ കുഞ്ഞും ആണെന്ന് തോന്നി…

“അമ്മൂസെ…ന്തിനാ ഇങ്ങനെ കരയുന്നെ… കഴിഞ്ഞല്ലോ.. പോട്ടെ..ഞാൻ വഴക്ക് പറയില്ല..”

“മോളെ…നാട്ടുകാർ എന്ത് വിചാരിക്കും…നിന്റെ കല്യാണം ഒക്കെ…നാട്ടുകാർ എന്തെല്ലാം പറഞ്ഞുണ്ടാക്കും…”

“അയ്യടി…അതിനിപ്പോ ആര് കല്യാണം കഴിക്കുന്നു…എനിക്ക് ന്റെ അമ്മൂസ് ഉണ്ടല്ലോ”

“എന്നാലും ഇതൊക്കെ പ്രശ്നം ആകും…”

“അതിനിപ്പോ ഞാൻ ഇന്ന് കെട്ടാൻ ഒന്നും പോണില്ലല്ലോ ന്റെ അമ്മപെണ്ണേ…സമയം ഉണ്ടല്ലോ… നമുക്ക് ഒരു കൊരങ്ങനെ കൊണ്ട് വരാം….അമ്മേ ന്ന് വിളിച്ചു പിറകേ നടക്കുന്ന അമ്മേടെ ഉണ്ണിക്കുട്ടനെ…”

“മ്മ്…”

“ഇങ്ങോട്ട് നോക്കിയേ…”

“മ്മ്…”

“നമുക്കില്ലേ അമ്മൂസെ…ആരും വേണ്ട…നമ്മൾ മാത്രം മതി…ഇന്ന് നടന്നതെല്ലാം നമുക്ക് മറന്ന് കളയാം…”

“മ്മ്…”

“എങ്കിലേ…പോയി എനിക്ക് ഒരു ഇലയട ഉണ്ടാക്കി താ “

“ആം…ഉണ്ടാക്കട്ടെ ഞാൻ…”

“പോണെന് മുൻപ് ഉമ്മ തന്നിട്ട് പോ..ഹും…ഈ അമ്മൂസിനു ഒരു സ്നേഹോമില്ല “

“അമ്മേടെ മോൾ അല്ലേ..മ്മ്.. ഉമ്മ”

നെറ്റിയിൽ ചേർത്ത് പിടിച്ചു ഉമ്മ തന്നിട്ട് കണ്ണ് തുടച്ചു അടുക്കളയിലേക്ക് നടക്കുന്ന അമ്മയെ കണ്ടപ്പോ ഒത്തിരി സ്നേഹം തോന്നി…ഒരു മകൾക്ക് അമ്മയോട് തോന്നുന്ന സ്നേഹം…അമ്മയോട് മാത്രം തോന്നുന്ന സ്നേഹം…എന്റെ അമ്മ…എന്റെ മാത്രം അമ്മ…

Leave a Reply

Your email address will not be published. Required fields are marked *