ഈയിടെ വല്ലാത്ത ദേഷ്യമാണ് എന്ത് പറഞ്ഞാലും, ഇതെത്ര നാൾ ഇങ്ങനെ മുന്നോട്ട് അറിയില്ല..

യാത്രാമൊഴി
(രചന: Raju Pk)

ഓട്ടോയിൽ നിന്നും വിശ്വേട്ടൻ പുറത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് കണ്ടപ്പോൾത്തന്നെ മനസ്സിലായി കുടിച്ചിട്ടുണ്ട്. ഇന്നും ഉറക്കമില്ലാത്ത രാത്രിയാകും അമ്മുവിനും അച്ചുവിനും എനിക്കും.

മക്കളറിയണ്ട പഠിക്കുവാണ് പതിയെ മുറ്റത്ത് നിന്നും അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും വിളി വന്നു.

താരേ.. അവിടെ നിക്കടീ എങ്ങോട്ടോ നീ പായുന്നത്. നിന്റെ മറ്റവൻ അകത്തിരുപ്പുണ്ടോ…? എന്നെ കണ്ടിട്ടും കാണാത്ത പോലെയുള്ള നിന്റെ പോക്ക്…?

ഏട്ടാ സൂക്ഷിച്ച് സംസാരിക്കണം ഭാര്യയാണെന്ന് കരുതി എന്തും പറയാം എന്ന് കരുതരുത് ..?

ഫ്ഭാ കഴുവേറിമോളേ നീ എന്നെ മര്യാദ പഠിപ്പിക്കുവാണോ…?

അടുത്തേക്ക് വന്നതും തല്ലാൻ ഓങ്ങിയ കയ്യിൽ കയറി പിടിച്ച് അകത്തേക്ക് നടത്തി അപ്പോഴേക്കും മക്കളും സഹായത്തിനെത്തി.

ആദ്യമായി മ ദ്യപിച്ച് വന്നപ്പോൾ പറഞ്ഞത് ഇന്ന് വല്ലാത്ത ശരീരവേദന വേദന മാറാൻ അല്പം കഴിച്ചാൽ മതി എന്ന് രഘു പറഞ്ഞു അതുകൊണ്ടാണ് ഞാൻ. നിനക്കിഷ്ടമല്ലെങ്കിൽ ഇനി കഴിക്കുന്നില്ല അന്നൊന്നും പറഞ്ഞില്ല എനിക്കാണ് തെറ്റ് പറ്റിയത്.

ചെറുതായി തുടങ്ങി ഇപ്പോൾ ഇതില്ലാതെ വയ്യെന്ന് ആയിരിക്കുന്നു. അതും വളരെ കുറച്ച് നാളുകൾ കൊണ്ട് ചില ദിവസങ്ങളിൽ വീട്ടിലോട്ടു പോലും എത്തിപ്പെടാറില്ല മടുത്തു ഈ ജീവിതം.

ഈ മതിൽക്കെട്ടിന് പുറത്ത് ഇറങ്ങുന്നത് തന്നെ അപൂർവ്വമാണ് അല്ലെങ്കിലും കൽക്കട്ട പോലെ ഈ മഹാനഗരത്തിൽ ഉറ്റവരും ഉടയവരും കൂടെ ഇല്ലാതെ എങ്ങോട്ട് പോവാൻ.

ഇത്തവണ ഓണത്തിന് നാട്ടിൽ പോകുന്ന കാര്യം പറഞ്ഞ അന്ന് മുതൽ പരസ്പരം സംസാരിക്കാറില്ല.

ഈയിടെ വല്ലാത്ത ദേഷ്യമാണ് എന്ത് പറഞ്ഞാലും. ഇതെത്ര നാൾ ഇങ്ങനെ മുന്നോട്ട് അറിയില്ല. മ ദ്യപിച്ച് വരുന്ന രാത്രികളിൽ ഹാളിലാണ് ഉറക്കം രാവിലെ ചായയുമായി ചെല്ലുമ്പോൾ മനസ്സിലായി ഉറക്കമുണർന്നിട്ടും ഉറക്കം നടിച്ച് കിടക്കുകയാണ്.

പതിയെ അരികിൽ ഇരുന്നു ആ മാറിലേക്ക് തല ചായ്ച്ചു കൊണ്ട് ചോദിച്ചു ഏട്ടാ എന്തിനാ എന്റെ ഏട്ടൻ ഇങ്ങനെ സ്വയം നശിക്കുന്നത് സ്വർഗ്ഗം പോലെ പോയിരുന്ന വീടല്ലെ നമ്മുടെ മക്കളെപ്പറ്റിയെങ്കിലും ഒന്ന് ഓർക്കണം വല്ലപ്പോഴുമെങ്കിലും അവരെ ഒന്ന് ചേർത്ത് പിടിക്കണം അവർക്ക് മറ്റാരാ ഉള്ളത് ഇവിടെ.

നാളെ നമുക്ക് നാട്ടിലേക്ക് തിരിക്കണം എല്ലാവരേയും ഒന്നു കണ്ടിട്ട് കുറെ ആയില്ലേ എല്ലാ വരോടും ഒപ്പം ഈ ഓണം നമുക്ക് ആഘോഷമാക്കണം.

ഏട്ടന്റെ അമ്മ ഇന്ന് രാവിലേയും വിളിച്ചു എപ്പോഴാണ് പുറപ്പെടുക എന്ന് ചോദിച്ചു പാവം അമ്മ തനിച്ചല്ലേ ഏട്ടാ ഇങ്ങോട്ട് വിളിച്ചാൽ അമ്മ വരാനും തെയ്യാറല്ല.

എന്താ ഒന്നും മിണ്ടാത്തത്..

എനിക്ക് ഇത്രയും ദിവസം അവധി കിട്ടില്ല താരാ.. നിങ്ങൾ ഇന്ന് വൈകിട്ട് യാത്ര തിരിച്ചോളൂ ഞാൻ ഓണത്തിന് മുന്നെ എത്തിയേക്കാം.

വിഷമത്തോടെ ആണെങ്കിലും സമ്മതിക്കേണ്ടി വന്നു. അത്യാവശ്യം സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വൈകിട്ട് മൂന്ന് ടിക്കറ്റുകളുമായി ഏട്ടൻ നേരത്തേ എത്തി ഭാഗ്യം ഇന്ന് എന്തായാലും കുടിച്ചിട്ടില്ല.

അടുത്ത വീട്ടിലെ സരിതയോട് നാട്ടിൽ പോകുന്ന കാര്യം പറഞ്ഞു സ്വന്തം ഒരനുജത്തിയെപ്പോലാണ് അവൾ കൂടെ പിറന്നില്ല എന്ന് മാത്രം ഏട്ടനും സരിതയുടെ ഭർത്താവ് രാജനും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.മക്കളെ ഒരുക്കി ഇറക്കി അകത്തേക്ക് കയറി വന്ന വിശ്വേട്ടൻ എന്നെ പിന്നിൽ നിന്നും കെട്ടിപ്പുണർന്നു.

ഞാൻ ആ നെഞ്ചിലേക്ക് ചേർന്ന് നിന്നു ഒരു പാട് നാളുകളായിരിക്കുന്നു ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചിട്ട്.

രണ്ട് ദിവസത്തിനകം ഞാൻ എത്താൻ നോക്കാം.നീ വിഷമിക്കുകയൊന്നും വേണ്ട.

സരിതയും രാജനും വന്നിരുന്നു ഞങ്ങളെ യാത്രയാക്കാൻ പിരിയുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞ് പോയി ഒരു പാട് സ്നേഹമുണ്ട്  മനസ്സിനകത്ത് ആ സ്നേഹക്കടലിനകത്ത് എത്രയോ നീന്തിക്കുളിച്ചിരിക്കുന്നു.

പാവം എന്റെ ഏട്ടൻ.നാട്ടിൽ പോയി വന്നിട്ട് വേണം വീണ്ടും പഴയപോലെ ഒന്ന് ജീവിക്കാൻ എന്റെ സ്നേഹത്തിന് മുന്നിൽ മാറ്റാൻ കഴിയാത്ത ഒരു ശീലങ്ങളുമില്ല.

ഓരോ ഓർമ്മകളിൽ വീടെത്തിയതറിഞ്ഞില്ല. അച്ഛമ്മേ എന്നുള്ള ഉച്ചത്തിലുള്ള മക്കളുടെ വിളി കേട്ട് തിരിഞ്ഞ് നോക്കിയ അമ്മയുടെ മുഖമൊന്ന് കാണേണ്ടതു തന്നെ ആയിരുന്നു. അവരെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ അമ്മ ഏട്ടനെ നോക്കുന്നുണ്ടായിരുന്നു.

അവനെവിടെ മോളെ തിരക്കാണമ്മേ രണ്ട് ദിവസം കഴിയുമ്പോൾ എത്തും. അമ്മയുടെ മനസ്സിലെ സങ്കടം കണ്ണുകളിൽ നിന്നും അറിയാമായിരുന്നു. എങ്കിലും കുട്ടികളുടെ മുന്നിൽ കാണിച്ചില്ല.

യാത്രയിലും ഇവിടെ എത്തിയതറിയിക്കാനായും പല പ്രാവശ്യം വിളിച്ചിച്ചും ഫോൺ എടുത്തിട്ടില്ല മനസ്സാകെ കൈവിട്ട് പോകുന്നതു പോലെ ഇപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്. വീണ്ടും കുടി തുടങ്ങിയോ എന്തോ..?

സരിതയെ വിളിച്ചപ്പോൾ വിശ്വട്ടൻ അവിടെ ഇല്ലെന്നറിഞ്ഞു.

നിറയെ പ്രതീക്ഷകളുമായി കാത്തിരുന്ന ഓണത്തിനും ഏട്ടൻ എത്തിയില്ല സരിതയോട് തിരക്കിയപ്പോൾ ഇവിടെ നിന്നും കുറെ ദിവസത്തെ അവധിയും സങ്കടിപ്പിച്ചാണ് പോയിരിക്കുകയാണ് എങ്ങോട്ടാണ് എന്നറിയില്ല. അമ്മയും വല്ലാതെ വിഷമിച്ചു. പണിയുടെ തിരക്കാണെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു.

അച്ഛനമ്മമാരോടും സഹോദരനോടും ഏട്ടന്റെ കുടിയെപ്പറ്റിയും മറ്റും എല്ലാം പറഞ്ഞു. അനിയനേയും കുട്ടിയാണ് തിരികെ പോകുന്നത് തിരക്കാൻ കഴിയുന്നിടത്തെല്ലാം തിരക്കി. ഒരറിവും കിട്ടിയില്ല വീണ്ടും തിരികെ നാട്ടിലേക്ക്. ഇനി മുന്നോട്ടുള്ള ജീവിതം ഓർക്കുമ്പോൾ…

ഒരു ദിവസം രാവിലെ  അമ്മയോട് ഓരോ പഴയ കാര്യങ്ങളും പറഞ്ഞിരിക്കുമ്പോൾ കൊറിയറുമായി രണ്ടു പേരെത്തി. താരവിശ്വൻ അല്ലേ

അതേ.

ഇവിടെ ഒരൊപ്പിട്ടോളൂ. ഒപ്പിട്ട് വാങ്ങി. അയച്ചിരിക്കുന്നത് ശാന്തിഗിരി ആശ്രമം നിലമ്പൂർ.

നന്നായി പാക്ക് ചെയ്തിരിക്കുന്ന ഒരു ചെറിയ പെട്ടി തുറന്നപ്പോൾ ആദ്യം കയ്യിൽ കിട്ടിയത് വിശ്വട്ടന്റെ കൈപ്പടയിൽ എഴുതിയ ഒരു കത്ത്. വിറക്കുന്ന കൈവിരലുകളുമായി ഞാനാ കത്തു പൊട്ടിച്ചു.

എന്റെ താരാ.. എന്ത് പറഞ്ഞ് തുടങ്ങണം എന്നെനിക്കറിയില്ല. നിങ്ങളോടൊത്ത് ജീവിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ഇനി ഒരു ജന്മമുണ്ടെങ്കിലും എനിക്ക് നിന്നോടൊപ്പം ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം ജോലിസ്ഥലത്തും അല്ലാതെയും ഇടയ്ക്കിടെ വരുന്ന തലവേദന എന്നെ വല്ലാതെ അലട്ടിയിരുന്നു സഹിക്കാവുന്നതിനും അപ്പുറമായപ്പോളാണ് ഞാൻ ഡോക്ടർ സാജനെ കാണുന്നത്

വിശദമായ പരിശോദനയിൽ ഒരു ട്യൂമർ തലയ്ക്കുള്ളിൽ വളരുന്ന കാര്യം അദ്ദേഹം എന്നോട് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ കഴിയാത്ത വിധമായിരിക്കുന്നു കാര്യങ്ങൾ എന്നും.

വേദനയ്ക്കുള്ള മരുന്നുകൾ മാത്രമാണ് ഇനി കഴിക്കാൻ കഴിയൂ സത്യത്തിൽ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോഴെ ഞാൻ പകുതി മരിച്ചിരുന്നു. പിന്നെ ഒരു സർജറി മാത്രമാണ് പരിഹാരം അതും ഇരുപത് ശതമാനം മാത്രമേ പ്രതീക്ഷിക്കാൻ വഴിയുള്ളൂ.

അതിന് വരുന്ന പണം കണ്ടെത്താൻ നാട്ടിലെ നമ്മുടെ വസ്തുവകകൾ എല്ലാം നമുക്ക് നഷ്ടപ്പെടുത്തേണ്ടി വരും അതും ജീവൻ തിരിച്ച് കിട്ടും എന്ന് ഒരുറപ്പുമില്ലാത്ത കാര്യത്തിന്.

സഹിക്കാൻ കഴിയാത്ത വേദന വരുമ്പോൾ ഞാൻ ആശുപത്രിയിൽ അഭയം തേടി ഇടയ്ക്കിടെ വീട്ടിൽ വരാതായി പതിയെ നിങ്ങളുടെ മനസ്സുകളിൽ ഞാൻ ഒരു മദ്യപാനിയായി നന്നായഭിനയിച്ചു. എന്നോടുള്ള നിന്റെ സമീപനത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ല നീ വീണ്ടും എന്നെ സ്നേഹം കൊണ്ട് മൂടി.

എപ്പോഴെങ്കിലും ഞാൻ എന്റെ പെണ്ണിനോട് സത്യങ്ങൾ തുറന്ന് പറഞ്ഞു പോകും എന്ന് ഞാൻ ഭയപ്പെട്ടു അങ്ങിനെയാണ് നിങ്ങളോടൊപ്പം നിങ്ങളറിയാതെ നിലമ്പൂരിലെ ആശ്രമത്തിൽ എത്തുന്നത് ഈ കത്ത് നിന്റെ കൈകളിൽ എത്തുമ്പോൾ ഞാൻ ഈ ലോകത്തോട് യാത്ര പറഞ്ഞിട്ടുണ്ടാകും.

എന്റെ അസുഖത്തെപ്പറ്റി നിങ്ങൾ അറിഞ്ഞാൽ എല്ലാം നഷ്ടപ്പെടുത്തിയും എന്നെ ചികിത്സിക്കാൻ തയ്യാറാകും. എന്റെ ജീവനുള്ള മുഖമായിരിക്കട്ടെ എല്ലാവരുടേയും മനസ്സുകളിൽ ഓർമ്മകളായിപ്പോലും.

ഈശ്വരാ എന്റെ ഏട്ടൻ….

ബാക്കി ഭാഗം വായിക്കാൻ എനിക്ക് കഴിഞ്ഞില്ല വിറയ്ക്കുന്ന കൈകളുമായി ഞാൻ ആ പാഴ്സൽ തുറന്നു ചെറിയ ഒരു മൺ കുടം അതിന്റെ മുകൾഭാഗം ഒരു ചുവന്ന പട്ടുകൊണ്ട് മൂടിക്കെട്ടിയിരിക്കുന്നു അതിന്റെ മുകളിൽ വിശ്വൻ എന്ന പേരും.

ബോധം വരുമ്പോൾ ഞാൻ അമ്മയുടെ മടിയിലാണ് ആശ്വസിപ്പിക്കാനായി അമ്മ പറയുന്നുണ്ട് ഇനി അവന് വേണ്ടതെല്ലാം നമുക്ക് ചെയ്യണം. ചികിത്സകൊണ്ട് രക്ഷപെടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ അവൻ ഒന്നും പറയാതെ എല്ലാം മറച്ച് വച്ചത് സത്യത്തിൽ അവനാണ് ശരി.

എങ്കിലും ഏട്ടൻ നമ്മൾ ആരും കൂടെ ഇല്ലാതെ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും അമ്മേ.

എല്ലാം വിധിയാണ് മോളേ അങ്ങനെ നമുക്ക് സമാധാനിക്കാം അതാണല്ലോ എന്റെ മോനെക്കൊണ്ട് ഇങ്ങനെ എല്ലാം ചെയ്യാൻ തോന്നിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *