അങ്ങനെ കല്യാണം കഴിഞ്ഞു, പെണ്ണിന്റെ വീട്ടിന്ന് കാശായിട്ട് കിട്ടിയതുകൊണ്ട് ആഡംബരമായി കല്യാണം..

(രചന: Shincy Steny Varanath)

അമ്മേ… പപ്പയാരോടാ സംസാരിക്കുന്നത് ?

അത് ഇന്നലെ നിന്നെ കാണാൻ വന്ന ചെറുക്കൻകൂട്ടരെക്കുറിച്ച് ആരോടൊക്കെയോ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. വർത്തമാനം കേട്ടിട്ട് അവരിലാരോ ആണെന്ന് തോന്നുന്നു. ഇതും നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല…

അവരെന്താ പറഞ്ഞത്? ഫോൺവെച്ച് പപ്പവന്നതേ അമ്മ ചോദിച്ചു.

എന്നാ പറയാൻ, ഞാൻ അപ്പഴേ പറഞ്ഞില്ലെ അവരു പറയുന്നതിൽ പകുതി നുണയാന്ന്. അവരിപ്പോൾ താമസിക്കുന്ന വീട് പോലും ലണ്ടനിലുള്ള മോളുടെയും കെട്ടിയോന്റെയുമാ…

MA യ്ക്ക് 2 മാസം തികച്ച് ക്ലാസിൽപ്പോകാത്ത ചെറുക്കൻ MAക്കാരനായത്. പാർട്ടിക്കാരുടെ കൈയേക്കാലെ പിടിച്ച് ഒരു ജോലിയൊപ്പിച്ചിട്ടുണ്ട്. താത്കാലികമാണ്. ഭരണം മാറുമ്പോൾ അതിന്റെ കാര്യം തീരുമാനമാകും.

എന്ത് നുണയാ വന്നിരുന്ന് പറഞ്ഞത്, ജോലി… രണ്ട് നില വീട്… വഴിയരികിൽ സ്ഥലം… കേട്ടപ്പോഴെ എനിക്ക് പന്തികേട് തോന്നിയതാ… അത് വേണ്ടാന്ന് ഞാൻ പറഞ്ഞു. വേറെ നോക്കാം…

അമ്മയൊരാക്കിയ ചിരി ചിരിച്ചു… അത് കണ്ടതേ പപ്പയെഴുന്നേറ്റ് പോയി…

അമ്മേ… പപ്പയ്ക്ക് ഭയകര കഴിവാണല്ലോ, നുണ പറയുന്നതെല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ…

പിന്നെ… നിന്റെ അപ്പന് ഭയങ്കര കഴിവാ… കണ്ണിൽ നോക്കി കള്ളത്തരം പിടിക്കും… അങ്ങേരുടെ അമ്മായിഅപ്പന് പറ്റിയപറ്റ് പറ്റാതെ നോക്കെണ്ടെ…

പപ്പേടെ അമ്മായിഅപ്പൻ, അമ്മേടെ ചാച്ചനല്ലെ?

അതെ…

അച്ചാച്ചനെന്ത് പറ്റാണ് പറ്റിയത്.

ഞാനൊരു സംഭവ കഥ പറയാം… നീ ശ്രദ്ധിച്ച് കേൾക്കണം… അഭിപ്രായവും പറയണം.

ഞാൻ റെഡി…

(അപ്പൻ കുറച്ചപ്പുറത്ത് പത്രം വിടർത്തിവച്ചിരുപ്പുണ്ട്… ഇരുപ്പുറയ്ക്കുന്നില്ല… ശ്രദ്ധ മുഴുവൻ ഞങ്ങളിലാണ് )

അമ്മ പറ…

24 കൊല്ലം മുൻപ് ഒരു പെണ്ണിന് ഒരു കല്യാണാലോചന വന്നു, ചെക്കന് തിരുവനന്തപുരത്തൊരു കമ്പനിയിൽ ജോലി, കമ്പനിയിലെ എല്ലാമെല്ലാമാണ്…

14 ഏക്കറ് സ്ഥലം, പുതിയത് പണിയാൻ 8 മുറി വീടിന് മണ്ണ് നീക്കി കുറ്റിയടിച്ച് കയറു കെട്ടി തിരിച്ചിരിക്കുന്നു.

കല്യാണം കഴിയുന്നപാടെ വീട് പണി തുടങ്ങും… മുറ്റത്തു നിന്ന് കുറച്ചുമാറി വറ്റാത്ത കിണർ… കാണാൻ തിരക്കേടില്ലാത്ത ചെക്കൻ, സൽഗുണ സമ്പന്നൻ, കുടിയില്ല… വലിയില്ല…

വീടു കാണാൻ പോയവർ നോക്കിയപ്പോൾ ശരിയാണ്. ഇതെല്ലാം ഞങ്ങടെ പറമ്പാണെന്ന് പറഞ്ഞ് ചെക്കന്റെ അപ്പാൻ കൈകൊണ്ടൊന്ന് വീശി കാണിച്ചു. പറഞ്ഞ പോലെ വീട് പണിയാൻ,  കയറു കെട്ടിത്തിരിച്ചിട്ടുമുണ്ട്. ചെറുക്കന്റെ സ്വഭാവത്തേക്കുറിച്ച് ആർക്കും എതിരഭിപ്രായവുമില്ല.

എങ്ങനുണ്ട് കെട്ടിക്കത്തില്ലെ? അമ്മയെന്നോട്.

പിന്നെ എന്താ കുഴപ്പം കെട്ടിക്കാല്ലൊ… ഞാൻ.

അങ്ങനെ കല്യാണം കഴിഞ്ഞു. പെണ്ണിന്റെ വീട്ടിന്ന് കാശായിട്ട് കിട്ടിയതുകൊണ്ട് ആഡംബരമായി കല്യാണം നടന്നു. നാലാം വിരുന്ന് കഴിഞ്ഞ് പെണ്ണും ചെക്കനും വീട്ടിലെത്തിയപ്പോഴാണ്ടെ, അമ്മായിഅമ്മ, പണിയാൻവെച്ച വീടിന്റെ  തിണ്ണയുടെ കയറ് കണ്ടിക്കുന്നു.

ബഹുമാനത്തോടെ മരുമോള്  ‘എന്തിനാണ് അഴിക്കുന്നതെന്ന് ‘ ചോദിച്ചപ്പോൾ, അയകെട്ടാൻ കയറില്ലാഞ്ഞിട്ടാണെന്ന് ഉത്തരവും കിട്ടി. പിന്നെ പലപ്പോഴായി പല ആവശ്യത്തിന്റെ പേരും പറഞ്ഞ് കെട്ടിവെച്ച കയറ് മുഴുവൻ തീർന്നു.

അടിച്ചുറപ്പിച്ച കുറ്റികളെല്ലാം അടുപ്പിലുമെത്തി.
വീടിന്റെ കാര്യം ചോദിച്ചപ്പോൾ, ‘പുതിയ ആശാരിയെക്കാണിച്ചപ്പോൾ സ്ഥാനത്തിനെന്തെക്കെയോ കുഴപ്പമുണ്ടെന്ന്…’, പോരാത്തതിന് വീട് പണിയാൻ നല്ല സമയവുമല്ല പോലും…

പിന്നെ, ചൂണ്ടികാണിച്ചതൊക്കെ സ്ഥലമായിരുന്നു. പക്ഷെ ഉടമസ്ഥർ വേറെയായിരുന്നു. കുറച്ചു മിച്ച ഭൂമിയും. അവസാനം തട്ടിക്കിഴിച്ച് വന്നപ്പോൾ പതിനാല്, നാലേക്കറായി… പിന്നെ കമ്പനിയിലെ എല്ലാമെല്ലാമായ ജോലി…

എല്ലാമെല്ലാം എന്ന് പറഞ്ഞതുമാത്രം ശരിയായിരുന്നു. കോഴിക്കടേലായിരുന്നു ജോലി. കോഴിക്ക് തീറ്റ കൊടുക്കലും, കൊല്ലലും, വൃത്തിയാക്കലും, തൂക്കി കൊടുക്കലും, അവസാനം കാശുമേടിച്ച് പെട്ടിയിലിടലും വരെ അങ്ങേരുടെ പണിയായിരുന്നു.

വേനൽക്കാലത്ത് വെള്ളം കുറഞ്ഞപ്പോൾ അയൽവക്കത്തെ ചേച്ചി തൊട്ടീം കയറും അഴിച്ച് വച്ചപ്പോഴാണ്, കിണറും വല്ലവരുടേതുമാണെന്ന് മനസ്സിലായത്.

അപ്പോഴെക്ക് പെണ്ണിന് ഗർഭം രണ്ട് മാസമായി. കുറേക്കരഞ്ഞു… കുറേ ശപിച്ചു… പിന്നെ വേറെ വഴിയില്ലാത്തതു കൊണ്ട് പൊരുത്തപ്പെട്ട് ജീവിച്ചു പോന്നു.

ഇനി നീ പറ, നീയായിരുന്നെങ്കിൽ ഈ അവസ്ഥയിൽ എന്തു ചെയ്തേനെ?

ഞാനായിരുന്നെങ്കിൽ, അയാളുടെ വായിൽ പന്നിപ്പടക്കം പൊട്ടിച്ചേനെ… അമ്മയ്ക്കും അപ്പനും വിമ്മും കലക്കി കൊടുക്കും… ഡിവോഴ്സു ചെയ്ത് സ്വന്തമായി ജോലി ചെയ്ത് ജീവിച്ചേനെ… ഒരു സംശയവുമില്ലാതെ, വളരെ പെട്ടെന്ന് ഞാനുത്തരം കൊടുത്തു.

ഞാൻ പന്നിപ്പടക്കം വയ്ക്കാത്തതു കൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന ആള് ദാണ്ടെ ഇരിക്കുന്നു.

ആര്?… പപ്പയോ… ഇമ്മാതിരി നുണ പറഞ്ഞാണൊ പപ്പ കെട്ടിയത്?

പപ്പ പത്രം മുഖത്തെന്ന് മാറ്റുന്നേയില്ല.

അമ്മായിഅപ്പന് പറ്റിയ പറ്റെന്ന് അമ്മ പറഞ്ഞതിപ്പോഴാണ് തെളിഞ്ഞ് കത്തിയത്…

പപ്പാ… പപ്പയെന്തിനാ കോഴിപ്പണി നിർത്തിയത്?

sorry…കോഴിപ്പണിയല്ല… കോഴിക്കട?

അതും സ്വന്തമല്ലായിരുന്നു. തിരു…ന്തോരത്താണ് ജോലി എന്ന് പറയാൻ ആരാണ്ടെടെയൊ കടേൽ നിന്നതല്ലേ… എന്നെ ഇട്ടേച്ച് പോകാൻ ഭയങ്കര സങ്കടമാണെന്ന് പറഞ്ഞ് പിന്നെയങ്ങോട്ട് പോയെ ഇല്ല.. അമ്മയാണ് ഉത്തരം പറഞ്ഞത്…

അപ്പനൊരു വളിച്ച ചിരി പാസാക്കി… മിണ്ടാൻ പറ്റുന്നില്ലെന്ന് കണ്ടാലറിയാം… തൊണ്ടയിൽ കിച്ച് കിച്ചാണെന്ന ഭാവമാണ്.

ചുമ്മാതല്ല, ഓരോ ചെക്കൻമാര് വന്ന് അതുണ്ട് ഇതുണ്ടെന്നൊക്കെ പറയുമ്പോൾ, ‘കടുവായെ കിടുവ പിടിക്കുന്നേ… അമ്പമ്പോ… മരയോന്തിന് ചായം പൂശുന്നേ… അയ്യയ്യോ… വവ്വാലിനെ ഊഞ്ഞാലാട്ടുന്നേ… പുഴ മീനിന് നീന്തൽ കോച്ചിങ്ങോ… ‘ എന്നൊക്കെ അമ്മ മൂളിപ്പാട്ടുപാടുന്നത്.

സത്യം കണ്ടുപിടിക്കാനുള്ള പപ്പയുടെ പ്രത്യേക കഴിവ് എങ്ങനെ വന്നുന്ന് പിടികിട്ടി. അന്ന് അമ്മ അനുഭവിച്ചാലും ഇന്ന് എനിക്കിതൊരു മുതൽക്കൂട്ടായി…

‘ഒന്നു ചീഞ്ഞ് മറ്റൊന്നിന് വളമാകുമെന്ന് പറയുന്നതിതിനാകുമെന്ന്, ‘ പഴഞ്ചൊല്ലിലുള്ള എന്റെ പരിമിതമായ അറിവ് വെച്ചങ്ങ് ഉറപ്പിച്ചു.

വൈകിട്ട് ഡബ്സ്മാഷ് ചെയ്യാൻ ഞാൻ തിരഞ്ഞെടുത്തത്, മഹേഷിന്റെ പ്രതികാരത്തിലെ സൂപ്പറൊരു ഡയലോഗാണ്. ഇത്രയ്ക്കും ചീപ്പാണൊ ആർട്ടിസ്റ്റ് ബേബി…

മഹാൻമാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം വീണുടഞ്ഞ് പോകുന്ന പറഞ്ഞാൽ എത്ര സത്യാമാ… ഈ മനസ്സിലെ കുഷ്ഠം വച്ച് എത്ര ദൈവങ്ങളുടെ ഫോട്ടൊ ഫ്രയിം ചെയ്തിട്ടും ഒരു കാര്യവുമില്ല’.

ആക്ഷനൊക്കെക്കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ ബേബിയെന്ന നാമധാരിയായ എന്റെ അപ്പൻ തറഞ്ഞ് നിൽപ്പുണ്ട്…

ആർക്കെങ്കിലും എന്തിനോടെങ്കിലും സാമ്യതതോന്നിയെങ്കിൽ തികച്ചും യാദൃശ്ചികം മാത്രമെന്ന് പറഞ്ഞു ഞാൻ സ്ഥലം കാലിയാക്കിയപ്പോൾ,

‘നിന്റെ അമ്മേടെ വീട്ടുകാര് തരാന്ന് പറഞ്ഞ സ്വർണ്ണമൊന്നും തരാതെ എന്നേയും പറ്റിച്ചെടീന്ന് ‘ അപ്പൻ ദയനീയമായി പുലമ്പുന്നുണ്ടായിരുന്നു.’

അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത്, കുടുംബ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ‘വിശ്വാസം’ എന്ന ഘടകം ആദ്യ ദിവസങ്ങളിൽ തന്നെ നഷ്ടപ്പെട്ട ഇവർക്കെങ്ങനെ ഇത്രയും നാൾ ഒന്നിച്ച് ജീവിക്കാനായി എന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *