ശലഭങ്ങൾ ചിറകുവിടർത്തുന്നു
(രചന: Shanif Shani)
ഈ നശൂലത്തെ കണി കണ്ടിറങ്ങിയപ്പോഴേ വിചാരിച്ചതാ ഇന്നെന്തെങ്കിലും പണി കിട്ടുമെന്ന് .. നാശം,,
പിറുപിറുത്തുകൊണ്ടാണ് രമേശൻ വീട്ടിലേക്ക് കയറി വന്നത്. കൂടെ മുറ്റത്തേക്കൊരു കാർക്കിച്ച് തുപ്പും.
മുറ്റത്ത് ചെടികൾക്ക് വെള്ളം നനക്കുകയായിരുന്ന പാറു വീൽചെയറിലിരുന്ന് സ്വാധീനമില്ലാത്ത അവളുടെ കാലുകളെ നോക്കി കണ്ണുനീർ പൊഴിച്ചു. ചെടികളത് ഒപ്പിയെടുത്തു.
അച്ഛ്നുണ്ടായിരുന്നപ്പോൾ ഒരു കുറവും വരുത്താതെയാണവളെ നോക്കിയത്. ഒരു സർജറി ചെയ്താൽ പാറുവിന് നടക്കാനാകുമെന്ന് ഡോക്ടേഴ്സ് വിധിയെഴുതിയതാണ്.
പക്ഷെ ഭീമമായ തുകക്ക് മുന്നിൽ അചച്ഛൻ നിസ്സഹായനായിരുന്നു. അച്ഛന്റെ മരണവും മൂത്ത മകൻ രമേശന്റെ വളർച്ചയും പെട്ടെന്നായിരുന്നു.
ആദ്യമൊക്കെ അവന് കുഞ്ഞനുജത്തിയോട് നല്ല സ്നേഹമായിരുന്നു. ഇപ്പോൾ കുറച്ച് കാശ് വന്ന് ചേർന്ന് നാലാളറിയുന്ന ഒരു ബിസിനസ്സ്കാരനായപ്പോൾ അവനവളൊരുകുറച്ചിലായി .
സുഹൃത്തുക്കളൊക്കെ വരുമ്പോൾ അവൻ പാറുമോളെ മുറിയിലിട്ട് പൂട്ടും. മകന്റെ ദേഷ്യത്തിന് മുന്നിൽ ആ അമ്മയും തോറ്റു പോയി.
സാരമില്ല, തന്റെ ഏട്ടനല്ലേ.. അവരൊക്കെ വലിയ ആൾക്കാരല്ലേ, തന്റെ ഈ കുറവുകൾ ഏട്ടനൊരു കുറച്ചിലാവും എന്നവൾ സ്വയം സമാധാനിച്ചു.
അവൾക്കവിടെ കൂട്ടായുണ്ടായിരുന്നത് അച്ഛൻ വാങ്ങി തന്ന കുറേ പുസ്തകങ്ങളും പെയിന്റിംഗുമായിരുന്നു.
അവരോടൊക്കെ കൂട്ടുകൂടി അവൾ പുറം ലോകത്തെ അവളുടെ കാൻവാസിലാക്കി. ആ വർണ്ണ ലോകം അവൾക്ക് മാത്രം സ്വന്തമായിരുന്നു. അവളവിടെ ഒരു ചിത്രശലഭത്തെപോലെ പാറിപ്പറന്നു.
“ഇന്ന് രാവിലെ കാറിന്റെ ടയർ പഞ്ചറായി തലനാരിഴക്കാണ് ഞാൻ രക്ഷപ്പെട്ടത്. സമയം വൈകിയ കാരണത്താൽ ഇന്ന് നടക്കേണ്ടിയിരുന്ന ലക്ഷങ്ങളുടെ ഒരു കോൺട്രാക്‌ടും നഷ്ടമായി,
എല്ലാം ഈ നാശം പിടിച്ചവൾ കാരണമാണ്. ഇവളിപ്പോ എനിക്കൊരു ദുശകുനമാണെന്നും.
അമ്മേ, നമുക്കിവളെ വല്ല അഗതിമന്ദിരത്തിലും കൊണ്ടാക്കാം.”
അവനൊന്ന് മനസ്സുവെച്ചാൽ പാറു വിന് നടക്കാൻ സാധിക്കും.പക്ഷെ അവൻ പണം വാരിക്കൂട്ടുന്ന തിരക്കിലാണ്. ഒടുവിൽ രമേശന്റെ നിർബന്ധപ്രകാരം അമ്മക്ക് മോളെ അഗതിമന്ദിരത്തിലാക്കേണ്ടി വന്നു.
“സാരമില്ലമ്മേ, ഏട്ടന്റെ നല്ലതിന് വേണ്ടിയല്ലേ.. ഞാനിവിടെ സന്തോഷമായിട്ട് കഴിഞ്ഞോളാം. അമ്മക്ക് മക്കളെല്ലാം ഒരു പോലെയല്ലേ, ഏട്ടനെ നല്ലപോലെ നോക്കിയാ മതി എന്നും പറഞ്ഞവൾ അമ്മയെ യാത്രയാക്കി.
രമേശന്റെ നാശത്തിലേക്കുള്ള തുടക്കമായിരുന്നത്. ബിസിനസെല്ലാം നഷ്ടത്തിലായി. കൂടെ ഉണ്ടായിരുന്നവരെല്ലാം അവനെ കയ്യൊഴിഞ്ഞു. ഉണ്ടായിരുന്നതെല്ലാം വിറ്റിട്ടും കടം തീർക്കാൻ കഴിഞ്ഞില്ല. പണമവനെ തെരുവിലേക്കിറക്കി.
എല്ലാം നഷ്ടപ്പെട്ട് അഗതിമന്ദിരത്തിന്റെ പടി കയറി അവൻ ചെന്നു. പാറുവിനെ അന്വേഷിച്ചപ്പോൾ അവൾ ടൗണിലുള്ള എക്സിബിഷനിലാണെന്നറിഞ്ഞു.
അവനവിടെയെത്തിയപ്പോൾ വലിയൊരു സദസ്സിനെ സാക്ഷിയാക്കി പാറുവിനെ ആദരിച്ച് പൊന്നാടയണിയിക്കുന്ന കാഴ്ചയാണവൻ കണ്ടത്.
എക്സിബിഷനിൽ പാറുവിന്റെ ചിത്രങ്ങളാണ് വലിയ വിലക്ക് വിറ്റഴിക്കപ്പെട്ടത്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവൾ നേടിയ വിജയം കാണാൻ ഏട്ടനവിടെയെത്തിയപ്പോ അവൾക്കത് വിശ്വസിക്കാനായില്ല.
ചെക്ക് ഏറ്റ് വാങ്ങി അവളതേട്ടന്റെ കയ്യിലേൽപ്പിക്കുമ്പോൾ രമേശന്റെ മനസ് അവളുടെ കാൽക്കൽ വീണ് ഒരായിരം തവണ മാപ്പ് പറയുന്നുണ്ടായിരുന്നു.
ഇന്ന് പാറുവിന്റെ സർജറിയാണ്. പ്രാർത്ഥനയോടെ രമേശനും അമ്മയും ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ കാത്തിരിപ്പാണ്. ഇനിയുള്ള കാലം പാറുവിന്റെ ഏട്ടനായി അവന് കഴിയണം, അത് മാത്രമാണവന്റെ മനസ്സിലിപ്പോൾ….