രണ്ടും കല്പ്പിച്ചു അവളോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നു ഞാനാലോചിച്ചു അവളെ..

തട്ടത്തിൻ മറയത്ത്
(രചന: Jainy Tiju)

പതിവുപോലെ വൈറ്റില ജംഗ്ഷനിൽ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴാണ്  ഞാനവളെ കണ്ടത്. ഇളം നീല ചുരിദാറും  സ്വർണനിറമുള്ള തട്ടം ഭംഗിയായി തലയിൽ ചുറ്റി പിൻ ചെയ്ത, വെളുത്തു കൊലുന്നനെ  ഉള്ള അസ്സലൊരു ഉമ്മച്ചിക്കുട്ടിയെ…

ഏതാണ്ട് അഞ്ചരയടി പൊക്കം കാണും. തുടുത്ത മുഖം,തിളങ്ങുന്ന നീല കണ്ണുകൾ… ആരോ പറഞ്ഞപോലെ “ആശാനേ, പിന്നൊന്നും കാണാൻ പറ്റൂല.”

ഈ എറണാകുളത്ത്  ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷം ഏഴായി. ഒരുപാട് പെൺകുട്ടികളെ ദിവസവും കാണുന്നതുമാണ്.ആരും  ഇതുപോലെ ഒറ്റനോട്ടത്തിൽ ആകർഷിച്ചിട്ടില്ല.

” കസവിന്റെ തട്ടമിട്ട്… “ഒരു ബാത്റൂം സിങ്ങർ പോലുമല്ലാത്ത എനിക്കിതെന്താ  ചുമ്മാ പാട്ടൊക്കെ മനസ്സിൽ വരുന്നു.  ഇവളിതെങ്ങോട്ടാണോ ആവോ.

പഠിക്കുന്ന കുട്ടിയാണോ അതോ വല്ലയിടത്തും ജോലിയാണോ? പേരെന്താണാവോ? വീട്? ഒരുപാട് ചോദ്യങ്ങൾ ഒറ്റയടിക്ക് മനസ്സിൽ വരുന്നു.

” അടങ്ങു അലോഷി. നീയിതെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത  പോലെ?”

എന്റെ മനസാക്ഷി ഉള്ളിലിരുന്ന്  എന്നെ കളിയാക്കി. വൈറ്റിലയിൽ ഉള്ള ഒരു ട്രാവൽ ഏജൻസിയിലാണ് എനിക്ക് ജോലി. അത്ര വലിയ സ്ഥാപനം ഒന്നുമല്ല. എങ്കിലും മുതലാളി ഒരു ഗമണ്ടൻ പണക്കാരനാണ്.

മുതലാളിയുടെ പിഎ കം  ഡ്രൈവർ ആണ് ഞാൻ.    ലോങ്ങ്‌ റൂട്ട് ഒക്കെ പോകുമ്പോഴേ ഐസക്ക് സാർ  എന്നേ കൊണ്ടുപോകാറുള്ളു. അല്ലാത്തപ്പോൾ സ്വയം ഡ്രൈവ് ചെയ്യുന്നതാണ് അങ്ങേര്ക്കിഷ്ടം.

പറയുമ്പോൾ എല്ലാം പറയണമല്ലോ അങ്ങേർക്ക് ചില്ലറ ചുറ്റിക്കളികളൊക്കെ ഉണ്ട്. അതുകൊണ്ടാണ് കൂടുതലും യാത്രകളിൽ എന്നെ  കൊണ്ടുപോകാത്തത് എന്നെനിക്കറിയാം. ഞാൻ ഇതൊന്നും പുറത്തു പറയാറില്ല.

അതിനു തക്ക ഒരു തുക ശമ്പളത്തിന് പുറമെ എനിക്ക് കിട്ടാറുമുണ്ട്. നമുക്കിപ്പോ എന്താ, നമ്മുടെ കാര്യം നടക്കണം. കാശുള്ളവൻ പലതും കാണിക്കും. അതുകണ്ടു നമ്മൾ തുള്ളിയിട്ടെന്ത് ഗുണം. നമ്മൾ ഒരു സാദാ തൃശ്ശൂർക്കാരൻ.

ഐസക്സാറിന്റെ ഭാര്യയെ കാണണം, പൊന്നുപോലൊരു ചേച്ചി. ഇതിനെ കളഞ്ഞിട്ട് വല്ലവളുമാരുടെ പുറകെ പോകുന്ന ഇയാളെ ഒക്കെ മടലുവെട്ടി അടിക്കണം.

“വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്..” തേങ്ങാക്കുല. ദേ വീണ്ടും പാട്ട്.

ഓഫീസിൽ ചെന്ന് കയറിയിട്ടും ജോലിചെയ്യുന്നതിനിടക്കും മനസ്സിൽ ആ പെൺകൊച്ചിന്റെ മുഖം തന്നെ. അതിനെ ഇനി കാണുമോ ആവോ.

എങ്ങനെയെങ്കിലും വളക്കണം. അല്ല, വളച്ചിട്ടിപ്പോ എന്തൂട്ടിനാ. വീട്ടിൽ ചെന്നാൽ അമ്മച്ചി വെട്ടുകത്തി എടുക്കില്ലേ.. ആരപ്പാ ഈ ലോകത്ത് ജാതിയും മതവും കണ്ടുപിടിച്ചത്.

ഒരു ജാതി, ഒരു മതം, ഒരെ ആചാരങ്ങൾ.ആർക്കും ആരെയും വിവാഹം കഴിക്കാം.  ആഹാ അന്തസ്സ്… ഇതിപ്പോ ഒരുമാതിരി വൃത്തികെട്ട ഏർപ്പാട്…. ആഹ്, അങ്ങനെയൊക്കെ പറഞ്ഞു അങ്ങ് സാമധാനിക്കാം.

രണ്ടുദിവസം പിന്നെ അവളെ കണ്ടില്ല. ചെറുതായൊരു നിരാശ തോന്നാതിരുന്നില്ല. അപ്പോൾ ഇവിടത്ത്കാരിയല്ല. അവൾ എന്തെങ്കിലും ആവശ്യത്തിന് വന്നതാവണം. അങ്ങനെ എത്രയോ പേരെ നമ്മൾ ദിവസവും കണ്ടുമുട്ടുന്നു.

അങ്ങനെ ചിന്തിച്ചു ആ ശ്വസിച്ചു. പക്ഷെ, എന്നെ ഞെട്ടിച്ചുകൊണ്ട്  പിറ്റേദിവസം അവൾ ഓഫീസിൽ കയറിവന്നു.  ഞാൻ ചിരിക്കണോ  കരയണോ എന്നറിയാതെ നിന്നു. കുട്ടിക്ക് വിദേശത്ത് പോകാൻ ഒരു ചാൻസ് അന്വേഷിച്ചു വന്നതാണ്.

പത്ത് വരെയേ പഠിച്ചിട്ടുള്ളു. ബ്യൂട്ടീഷ്യൻമാർക്ക് ഗൾഫിൽ നല്ല ചാൻസുണ്ടെന്ന് കേട്ടിട്ട് ഇപ്പോൾ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്നുണ്ട്.  പാസ്സ്പോർട്ടും അത്യാവശ്യം ഡീറ്റൈൽസും കൊണ്ടുവന്നിട്ടുണ്ട്. അതെല്ലാം കാണിച്ചു എന്നോടാണ് വിവരം ചോദിച്ചത്.

“കാണാൻ കാത്തിരുന്ന ക്ടാവിന്റെ അഡ്രസ്സും ഫോൺ നമ്പറും അടക്കം ദാ എന്റെ കയ്യിൽ. കർത്താവേ, നീയിത്രക്ക് വലിയവനോ “.
ചുമ്മാ ഞാനൊന്ന് കുരിശുവരച്ചു.

“റിസ്വാന. മനോഹരമായ പേര്. വേണമെങ്കിൽ ചുരുക്കി “റിസു ” എന്നു വിളിക്കാമല്ലോ. ‘എന്നാലും എന്റെ കുട്ടി, നിനക്ക് വിസ അന്വേഷിച്ചു വരാൻ ഈ  എറണാകുളത്ത് ഈ ട്രാവൽ ഏജൻസി മാത്രമേ കണ്ടുള്ളൂ. കൊള്ളാവുന്ന എത്ര  ഏജൻസികളുള്ള സ്ഥലമാ ഇത്.’

ഞാൻ മനസ്സിൽ ഓർത്തു.. വേറൊന്നും കൊണ്ടല്ലാട്ടോ. എന്റെ മുതലാളി സ്ത്രീ വിഷയത്തിൽ അത്ര ശരിയല്ലാത്തത് കൊണ്ട് തന്നെ. എന്റെ കുട്ടിയെ അങ്ങേരെ പോലൊരാളെ കാണിക്കുക എന്ന് വെച്ചാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

പിന്നെ ഐസക് സാർ ഇവിടെ നിന്നു കേറ്റിവിടുന്ന പലർക്കും അവിടെ പറയുന്ന ജോലിയൊന്നും കിട്ടുന്നില്ല എന്നും  പണത്തിനു വേണ്ടി എന്ത് നെറികെട്ട പണിയും ചെയ്യുന്ന ഒരു പരമദ്രോഹിയാണ് അയാളെന്നും മറ്റാർക്കും അറിയില്ലെങ്കിലും എനിക്കറിയാമല്ലോ.

അങ്ങനെ ചതിക്കപ്പെട്ടവരുടെ, ചോദിക്കാൻ വരുന്ന ബന്ധുക്കളെ  അയാൾ ഒതുക്കുന്ന രീതിയും ഞാൻ കണ്ടിട്ടുള്ളതാണല്ലോ.

പിറ്റേദിവസവും അവൾ വന്നു.

” അതേ, വിസ ശരിയാകാൻ കുറെ പ്രോസസ്സ് ഉണ്ട്. അതിനിങ്ങനെ ദിവസവും വരണമെന്നില്ല. ആവശ്യം ഉള്ളപ്പോൾ ഇവിടെ നിന്നു വിളിക്കും. ” ഞാൻ അത്ര സന്തോഷം ഇല്ലാതെയാണ് അത് പറഞ്ഞത്.

” അത് ചേട്ടാ, സാർ വിളിച്ചിരുന്നു. എന്തൊക്കെയോ കുറച്ചു ഡോക്യൂമെന്റസ് കൂടി ശരിയാക്കാനുണ്ട്  എന്നു പറഞ്ഞു.”

അവൾ നിഷ്കളങ്കമായി ചിരിച്ചു. ഹോ, ഇങ്ങനെ ചിരിക്കാതെ കൊച്ചേ, ചുമ്മാ മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട്. എന്തുട്ട് മാങ്ങാത്തൊലി ഡോക്യുമെന്റ്സ് ആണ് ഇയാൾ ശരിയാക്കുന്നത്.

” അല്ല, റിസ്വാന… അതിപ്പോ കോഴ്സ് കഴിഞ്ഞ വഴി വിദേശത്ത്  ജോലിയെന്നൊക്കെ പറയുമ്പോൾ. കുറച്ചു നാൾ ഇവിടെ ജോലി ചെയ്തു ഒരു എക്സ്പീരിയൻസ് ഒക്കെ ആയിട്ട് നോക്കുന്നതല്ലേ അതിന്റെ ഒരു…. “

” ചേട്ടന് അറിയാഞ്ഞിട്ടാ, ഇവിടെ നല്ലൊരു ജോലി കിട്ടാനുള്ള  ബുദ്ധിമുട്ട്. കുടുംബം ഭയങ്കര കഷ്ടപ്പാടിലാണ് ചേട്ടാ. ഞാൻ എവിടെയെങ്കിലും പോയി രക്ഷപ്പെട്ടാലേ കുടുംബത്തിന് കാര്യമുള്ളൂ..  എത്ര കഷ്ടപ്പാടുള്ള ജോലിയായാലും കുഴപ്പമില്ല. “

“നരസിംഹമന്നാടിയാരുടെ… ഛെ, ഈ അലോഷി എബ്രഹാമിന്റെ ഭാര്യയായിരിക്കാൻ നിനക്ക് സമ്മതമാണോ?”

എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, ധൈര്യം വന്നില്ല.

” ഐസക്ക് സാർ എത്ര നല്ല മനുഷ്യനാ.. എനിക്ക് വിസക്ക് ഇപ്പോൾ പൈസ ഒന്നും വേണ്ടെന്നാ പറഞ്ഞിരിക്കുന്നത്.. ജോലി ചെയ്തു പതുക്കെ വീട്ടിയാൽ മതിയെന്ന്. അദ്ദേഹത്തെപ്പോലെ നല്ല മനുഷ്യർ അധികം ഉണ്ടാവില്ല ചേട്ടാ. “

പറയുമ്പോൾ  അവളുടെ കണ്ണു നിറഞ്ഞു എന്നെനിക്ക് തോന്നി.

അലവലാതി, പണി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.. “കൊച്ചേ, ഇതൊക്കെ അയാളുടെ സ്ഥിരം നമ്പറാ. ഇതിലൊന്നും വീഴല്ലേ. ചതിയനാണ് അയാൾ. വിശ്വസിക്കരുത് “.

ഇത്രയെങ്കിലും പറയെടാ മരപ്പൊട്ടാ എന്നെന്റെ മനസ്സാക്ഷി എന്റെ ഉള്ളിലിരുന്ന് എന്നേത്തന്നെ  ചീത്തവിളിച്ചെങ്കിലും ചുമ്മാ ചിരിച്ചു കാണിച്ചുകൊണ്ടിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

അതിനിടയിൽ അയാൾ ഇറങ്ങി വരുന്നതും അവളെയും വിളിച്ചു കൊണ്ട് അകത്തേക്ക് കേറുന്നതും കണ്ടു. ഇതിനിടയിൽ എന്നേ തുറിച്ചൊന്ന്‌ നോക്കിപ്പേടിപ്പിക്കാനും അയാൾ മറന്നില്ല.

രണ്ടും കല്പ്പിച്ചു അവളോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നു ഞാനാലോചിച്ചു.അവളെ കെട്ടണമെന്നെങ്ങാനും വീട്ടിൽ പറഞ്ഞാൽ അമ്മച്ചി ഒരു സീനുണ്ടാക്കും എന്നത് ഉറപ്പാണ്.

ചുമ്മാ പറഞ്ഞു നോക്കാമെന്നു മാത്രം. നടക്കൂന്നു തോന്നുന്നില്ല.  കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരും കൂടി ഇറങ്ങിപ്പോകുന്നത് കണ്ടു..

” സാർ, ഞാൻ വരണോ? ” ഞാൻ പ്രതീക്ഷയോടെ ചോദിച്ചു.

” വേണ്ട. എനിക്ക് ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്. ഞാനിനി നാളെയെ വരൂ. “

“പിന്നെ, ട്രാവൽ ഏജൻസി എന്നും പറഞ്ഞു ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന ഈ ശവിക്ക് എന്തുട്ട് മീറ്റിങ്ങാണ്.

കഴിഞ്ഞ ആഴ്ചകൂടി ഇയാൾ കേറ്റിവിട്ട ഒരു പെങ്കൊച്ചിന് അവിടെ ജോലിയൊന്നും ആയില്ലെന്നും ചെന്ന സ്ഥലം ശരിയല്ലെന്നും ഇയാൾ ചതിച്ചതാണെന്നും പറഞ്ഞു അവളുടെ ആങ്ങള ഇവിടെ വന്നു വഴക്കുണ്ടാക്കി പോയതേ ഉള്ളു.”

വീണ്ടും എന്റെ മനസ്സാക്ഷിക്ക് ചൊറിഞ്ഞു വന്നു.

പിറ്റേദിവസം വൈകിട്ട് ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ സാർ പതിവിലധികം സന്തോഷത്തിലായിരുന്നു. ഞാൻ സംശയത്തോടെ അദ്ദേഹത്തെ നോക്കി..

മിക്കവാറും ദിവസങ്ങളിൽ വൈകിട്ട് സാറിനെ വീട്ടിലാക്കിയിട്ടാണ് ഞാൻ താമസസ്ഥലത്തേക്ക്  പോരാറുള്ളത്. അന്ന് അദ്ദേഹം എന്നോട് ബസ് സ്റ്റോപ്പിൽ ഇറങ്ങിക്കോളാൻ പറഞ്ഞു.

എനിക്കെന്തോ ആപത്ശങ്ക തോന്നി. അദ്ദേഹം ഇന്ന് എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണെന്ന്. അത്തരം ദിവസങ്ങളിൽ സാറിനോടൊപ്പം ആരെങ്കിലും കാണും എന്നു എനിക്കറിയാം. ഞാൻ അതിൽ ഇടപെടാറില്ല, ആരോടും പറയാറുമില്ല.

റൂമിലെത്തിയിട്ടും ഒരു സമാധാനം കിട്ടുന്നില്ല. ഇനിയിപ്പോ റിസ്വാനയായിരിക്കുമോ ഇന്നത്തെ അയാളുടെ ഇര. അങ്ങനെ ആണെങ്കിൽ അയാളെ ഞാൻ തന്നെ കൊല്ലും. അല്ലെങ്കിൽ ഞാനെന്തിനാ ചുമ്മാ ടെൻഷൻ ആവുന്നത്. അവളാവില്ല. ഇനിയിപ്പോ അവളാണെങ്കിൽ തന്നെ എനിക്കെന്താ..

എന്റെ ആരാ അവൾ? അറിഞ്ഞുകൊണ്ട് തന്നെ അല്ലെ പോകുന്നത്. അപ്പോ പിന്നെ ഞാനതിൽ ഇടപെടേണ്ട കാര്യമില്ലല്ലോ  എന്നു വിചാരിച്ചു സമാധാനിക്കാൻ ശ്രമിച്ചു..പക്ഷെ, കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു.

ഇരുളിന് കനം കൂടി കൂടി വരുന്നു. ഞാൻ പതുക്കെ അദ്ദേഹത്തിന്റെ ഫോൺ നമ്പറിൽ വിളിച്ചു നോക്കി, ആദ്യമൊന്നു റിങ് ചെയ്തു.പിന്നീട് സ്വിച്ച്ഓഫ് ആയി.ഞാൻ പതുക്കെ അവളുടെ നമ്പറും ഡയൽ ചെയ്തു. അവളും എടുക്കുന്നില്ല.

” ഈ ഉമ്മച്ചിക്കുട്ടികൾക്ക് വല്ലാത്തൊരു സൗന്ദര്യം ഉണ്ട് അല്ലെടോ “. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങാൻനേരം  വഷളച്ചിരിയോടെ അയാൾ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിലിരുന്ന് കൊളുത്തിവലിച്ചു.

പോട്ടെ പുല്ല്. എനിക്കിതെന്തിന്റെ കേടാണ്. വലിയവന്മാരുടെ കാര്യങ്ങളിൽ ഇടപെട്ട് എന്തിനാ നമ്മൾ പണി വാങ്ങിക്കുന്നത്…

പെട്ടെന്ന് എന്റെ മൊബൈൽ ബെല്ലടിച്ചു. അവളാണ്. ഞാൻ ചാടിക്കേറി ഫോണെടുത്തു. എന്തൊക്കെയോ ശബ്ദം. ഒന്നും ക്ലിയർ ആകുന്നില്ല. ഞാൻ തിരിച്ചു വിളിച്ചു. വീണ്ടും എടുക്കുന്നില്ല..

എന്തോ പ്രശ്നമുണ്ട്. രക്ഷിക്കാനാവുമോ അവൾ എന്നെ  വിളിച്ചത്?എന്താ ഇപ്പോൾ ചെയ്യുക. സാറിന്റെ ഭാര്യ സാറച്ചേച്ചിയെ വിളിച്ചാലോ. എന്നിട്ടെന്ത് ഫലം. ആ പാവത്തിനെക്കൂടി വിഷമിപ്പിക്കാനോ. അവസാനം രണ്ടും കല്പ്പിച്ചു റൂംമേറ്റിന്റെ ബൈക്ക് എടുത്തു ഞാൻ എസ്റ്റേറ്റിലേക്ക് തിരിച്ചു..

ആ പരിസരത്തൊന്നും ജനവാസമില്ലാത്തതാണ്. ഒന്ന് നിലവിളിച്ചാൽ പോലും ആരും കേൾക്കാനില്ല. ആകെയുള്ളത്  സൂപ്പർവൈസർ  കുമാരേട്ടനാണ്. ഇങ്ങനെയുള്ള ദിവസങ്ങളിൽ സാർ കുമാരേട്ടനെ വീട്ടിൽ പറഞ്ഞു വിടാറാണ് പതിവ്.

എസ്റ്റേറ്റിന്റെ ഗേറ്റും കടന്നു ഏകദേശം ഒരു കിലോമീറ്ററോളം അകത്തേക്ക് പോകണം ബംഗ്ലാവിലേക്ക്. ഏതാണ്ട് അങ്ങോട്ട് എത്താറായപ്പോഴാണ് പരിചയമില്ലാത്ത ഒരു കാർ എതിരെ വന്നത്.

കാർ കണ്ടു ഞാൻ വണ്ടി ഒന്ന് സ്ലോ ചെയ്തു. പരിചയമില്ലാത്ത രണ്ടു തടിമാടന്മാരാണ് മുൻസീറ്റിൽ.. ആരായിരിക്കും ഈ നേരത്ത് ഇവിടെ.

വണ്ടി പാസ്സ് ചെയ്യുന്നതിനിടയിൽ മിന്നായം പോലെ ഞാൻ  കണ്ടു പുറകിലെ സീറ്റിൽ ഒരു പെൺകുട്ടി.  അത് റിസ്വാനയായിരിക്കുമോ. അതേ അവൾ തന്നെ. തലയിൽ ഷാൾ കൊണ്ട് പുതച്ചിട്ടുണ്ട്. കർത്താവേ അവളെ ഇനി ആർക്കെങ്കിലും വിറ്റോ ആ കള്ളപ്പന്നി.

എന്റെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ കടന്നു പോയി. ഞാൻ ഉടനെ വണ്ടി വെട്ടിത്തിരിച്ചു. കുറച്ചു പണിപ്പെട്ടെങ്കിലും വണ്ടി കാറിനു മുന്നിൽ കേറ്റി വട്ടം വെച്ചു.  അവളെ അങ്ങനെ ഉപേക്ഷിച്ചു കളയാൻ മനസ്സ് വന്നില്ലെനിക്ക്.

ബൈക്കിൽ നിന്ന് ചാടിയിറങ്ങി ഞാൻ ഓടിവന്നു ബാക്‌ഡോർ തുറക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ഒരുത്തൻ എന്റെ കോളറിൽ പിടിച്ചു കാറിനോട് ചേർത്തുനിർത്തി.

“അരെ,  കോനെ തും….?” പിന്നെ അവന്റെ വായിൽ നിന്നു വന്നത് ഒരു തെറിയായിരുന്നു.

” റിസ്വാന എവിടെടാ? ഇറക്കി വിടെടാ അവളെ. “

ഞാൻ അവന്റെ കോളറിനും കയറിപ്പിടിച്ചു. അവൻ എന്റെ മുഖത്ത് ഇടിക്കാൻ കൈ ഉയർത്തിയ നേരത്താണ് പുറകിൽ നിന്നു ഉറച്ചൊരു ശബ്ദം കേട്ടത്.

” ആഷിക് ഭായ്, ചോട് ദോ ഉനെ. ” ( ആഷിക് ഭായ്, അയാളെ വിട് ).

ഞാൻ ഞെട്ടിത്തിരിഞ്ഞു. അത് അവളായിരുന്നു. റിസ്വാന. ബ്ലൂ ജീൻസും ബ്ലാക്ക് ടീഷർട്ടും വേഷം. തോളൊപ്പം വെട്ടിയ മുടി വെറുതെ  പാറിപ്പറന്നു ക്കിടക്കുന്നു.

ആ നീലക്കണ്ണുകൾ ഇല്ലായിരുന്നെങ്കിൽ  ഒറ്റനോട്ടത്തിൽ ആർക്കും മനസിലാവില്ല. അയാൾ എന്റെ ദേഹത്ത് നിന്ന് കയ്യെടുത്ത് അനുസരണയോടെ മാറിനിന്നു.

“റിസ്വാന ” എന്റെ ശബ്ദം അവിശ്വസനീയതകൊണ്ട് താഴ്ന്നിരുന്നു.

” താൻ ഇപ്പോൾ ഇങ്ങോട്ട് വരരുതായിരുന്നു അലോഷി. തെറ്റു പറ്റിയല്ലോ തനിക്ക്. “

അവൾ വല്ലാതൊന്നു ചിരിച്ചു.എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

” ഐസക് സാർ എവിടെ? “

എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

“അയാൾ പോയല്ലോ അലോഷി. ചെയ്തുകൂട്ടിയ പാപങ്ങളുടെ കുറ്റബോധവും പേറി അയാൾ ഒരു ആത്മഹത്യാകുറിപ്പും എഴുതിവെച്ചിട്ട് അല്പം മുൻപ് വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.  പാപത്തിന്റെ ശമ്പളം മരണമെന്ന് പഠിച്ചിട്ടില്ലേ അലോഷീ. “

അവൾ വികൃതമായി  ചിരിച്ചു. ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു.

“ആരാ നീ? എന്തിനാ നീയിങ്ങനെയൊക്കെ?”

ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

” ഞാനും നിന്നെപ്പോലെ  വെറുമൊരു തൊഴിലാളിയാണ് അലോഷി. കിട്ടുന്ന പണത്തിനു ജോലി ചെയ്യുന്ന കൂലിത്തൊഴിലാളി. ഇവിടുത്തെ  എന്റെ ജോലി  കഴിഞ്ഞു. ഞാൻ തിരിച്ചു പോകുന്നു..

എന്നെത്തിരഞ്ഞു ആ അഡ്രെസ്സിലൊന്നും പോകണ്ട. അങ്ങനെ ഒരു പെൺകുട്ടി ഇപ്പോൾ  ജീവിച്ചിരുപ്പില്ല. ” അവൾ  വണ്ടിയിൽ കേറാൻ തുടങ്ങിയിട്ട് തിരിഞ്ഞു നിന്നു.

” എന്റെ രൂപവും ഭാവവും പോലീസിനോട് പറഞ്ഞു മുതലാളിയോടുള്ള കൂറ് തെളിയിക്കാനൊന്നും നിൽക്കണ്ട. ഐസക്കിന്റെ ഫോണിലേക്കും എന്റെ ഫോണിലേക്കും അവസാനം വന്ന കോളുകൾ നിന്റെയാണ്. പിന്നെ ഈ നേരത്ത് നീയിവിടെ വന്നതിനും ഉത്തരം പറയേണ്ടിവരും നിനക്ക്.നീയൊന്നും അറിഞ്ഞിട്ടില്ല, കണ്ടിട്ടുമില്ല.”

ഞാൻ ശബ്ദം നഷ്ടപ്പെട്ടു നിന്നു.

“ഭായ്,  ഗാടി ചലോ “.

അവൾ വണ്ടിയിൽ കയറി ഇരുന്നു. വണ്ടി എടുക്കുന്നതിനു മുൻപ് ഗ്ലാസ്‌ താഴ്ത്തി ഒരു റിവോൾവർ എടുത്തു  ചുണ്ടിന് കുറുകെ വെച്ച് മിണ്ടരുത് എന്നു ആംഗ്യം കാണിച്ചു.പിന്നീട് എന്റെ നേരെ ചൂണ്ടി.

അവളുടെ കണ്ണുകളിൽ അപ്പോൾ ഞാൻ കൊതിച്ച നിഷ്കളങ്കതക്ക് പകരം വന്യമായൊരു തിളക്കമായിരുന്നു. അവിടെ  ആരെയും കൊല്ലാൻ മടിയില്ലാത്ത ഒരു വേട്ടക്കാരന്റെ ക്രൗര്യം ഞാൻ കണ്ടു. വണ്ടി അകന്നു പോകുന്നത് കണ്ടിട്ടും പ്രതികരണശേഷിയില്ലാതെ ഞാൻ വിറങ്ങലിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *