എന്തായാലും ഓളെ പൂതിയല്ലേ, ഒക്കെ വാങ്ങി റൂമിലെത്തിയപ്പോ ഞമ്മളെ കുഞ്ഞിപ്പാത്തു.

(രചന: Shanif Shani)

ഓഫീസിലിരിക്കുമ്പോളാ ഞമ്മളെ ബീവി മുത്തൂസിന്റ വിളി .

“ഇക്കാ, ഇങ്ങള് വരുമ്പോ ചിക്കൻ കൊണ്ടോരണ്ടിട്ടോ “

” നാളെ ചിക്കനോണ്ടാണോ അന്റെ പരീക്ഷണം “

“അതൊന്നും അല്ല ഇക്കാ ,നാളെ കോഴി ബിരിയാണിയാ…”

” പടച്ചോനേ, അത് വേണോ മുത്തേ, ഒന്ന് രണ്ട് വട്ടം കൂടി കണ്ടിട്ട് പോരെ ബിരിയാണി വെക്കൽ”

” അത്രൊക്കെ മതി, ഞാൻ പഠിച്ചീണ്, ഇങ്ങൾ വരുമ്പോ കൊണ്ടോരണ്ടീ, ആ  പിന്നേ നെയ്ച്ചോറരിണ്ട്, ബാക്കി അതിൽക്ക് എന്താ മാണ്ട്യേച്ചാ ഇങ്ങള് വാങ്ങിക്കോളീ “

പണ്ട് ബാച്ച്ലർ റൂമിലായിരുന്നപ്പോ വെള്ളിയാഴ്ച ആയാ ഒരു സന്തോഷാ,, നല്ല ബിരിയാണി കഴിക്കാ,,
ഞമ്മളെ ബീവി വന്നാരെ അത് നിന്ന്. ഒന്നുംണ്ടായിട്ടില്ല, ബിരിയാണി മാത്രം ഓൾക്കറീല.(ബാക്കിയൊക്കെ അറിയും എന്നല്ലട്ടോ പറഞ്ഞത്, ഏതായാലും ഞമ്മളിത് വരെ പട്ടിണി ആയിട്ടില്ല)

എന്തായാലും ഓളെ പൂതിയല്ലേ , ഒക്കെ വാങ്ങി.
റൂമിലെത്തിയപ്പോ ഞമ്മളെ കുഞ്ഞിപ്പാത്തു ജിമിക്കി കമ്മലിന്റെ സ്റ്റെപ്പ് എട്ക്കാണ്. ഞമ്മളെ കണ്ടതും മണ്ടി വന്ന് ഓള് ഒക്കത്ത് കേറി, കീശേന്ന് ഐ ഫോൺ കയ്യിലാക്കി. വേറെ മൈന്റൊന്നും ഓൾക്കില്ല. പുറത്ത്‌ കോണ്ടോവാത്തതിന്റെ ഈറേണ്. ഓള് ഞമ്മളെ ഖൽബാണ്…

‘അല്ല മുത്തൂസേ, ഞമ്മക്ക് നാളെ നെയ്ച്ചോറാക്കിയാ പോരേ ?’

” ഇങ്ങളിന്നെ അങ്ങനെ കൊച്ചാക്കണ്ടട്ടോ , നാളെ ഇങ്ങള് കണ്ടോണ്ടീ,,,  ചിക്കൻ മസാല പുരട്ടി വെക്കട്ടെ ഇപ്പളേ,  ന്നാലെ നാളേക്ക് ടേസ്റ്റ്ണ്ടാവൊള്ളൂ, പൊരിച്ചിട്ടാ വെക്ക്ണത് “

‘ പടച്ചോനേ, ഇങ്ങള് കാത്തോളീ. നാളെ ഇന്നേം പാത്തൂനേം പട്ടിണിക്കിടര്ത്.

” ഞാൻ വന്നാരെ ഇങ്ങളിത് വരെ പട്ടിണി കിടന്നീല്ലല്ലോ, ങ്ങള് നാളെ പള്ളീ പോയി വരുമ്പോത്തിന് കണ്ടോളീ,,,,, “

‘ഹാ, ഇഞ്ഞിപ്പം അതൂടി സഹിക്കെന്നെ ‘

വെള്ളിയഴ്ച 12 മണി വരെ ഉറങ്ങ്ണ ഞമ്മളെ ബീവി അലാറൊക്കെ വെച്ച് നേരത്തേ എണീച്ചീണ്.
കിച്ചണീന്ന് തട്ടും മുട്ടൊക്കെ കേൾക്ക്ണ്ട്.’

“മുത്തോ, ഞമ്മള് ഇടപെടണോ “

“മാണ്ട ഇക്കൂ, ഇങ്ങളവടെ കുഞ്ഞിപ്പാത്തൂനേം കെട്ടിപിടിച്ച് കിടന്നോളീ, ഇത്പ്പം ശരിയാക്കിത്തരാ,, “

ഞമ്മൾ പാത്തൂനേം കെട്ടിപിടിച്ച് പിന്നേം ഉറങ്ങി.

പിന്നെ മുത്തൂസ് തോണ്ടി വിളിക്കുമ്പോളാണ് എണീക്കണത്. ഓളെ തോണ്ടി വിളിക്ക് ഒരു പ്രത്യേക സുഖാ, ഞമ്മളെ ഇറച്ചി ഓളെ കയ്യിൽ പോരും, അതെന്നെ .

“അല്ല , ഇന്ന് പള്ളീലൊന്നും പോണില്ലേ, വേഗം പോയി വെരി , എന്നിട്ട്മാണം ഞമ്മളെ ബിരിയാണിന്റെ ദമ്മ് പൊട്ടിക്കാൻ ”

കിച്ചണിൽ പോയി നോക്കിയപ്പോ ഒരു കോഴി ബിരിയാണിന്റെ മണമൊക്കെ വര്ണ്ട്, അട്പ്പത്ത് പാത്രത്തിന്റെ മോളിൽ ഇഷ്ടികൊക്കെ വെച്ച് നല്ല സെറ്റപ്പായിട്ട് ദമിട്ട് വെച്ചീണ്. ഒരു കട്ടനും കുടിച്ച് കുളിച്ച് മാറ്റി പള്ളീ പോയി.

പള്ളീന്നൊക്കെ ഞമ്മളെ ചിന്ത മുത്തൂന്റെ ബിരിയാണിമ്മേലാ. പടച്ചോനേ , അതെങ്ങാനും ഉസാറായീണേ പിന്നവിടെ നിക്കണ്ടി വരൂല, ഹാ, എന്തായാലും വേണ്ടില ഒരു നല്ല ബിരിയാണി തിന്നാലോ ഇന്ന് .

പള്ളി കഴിഞ്ഞ് റൂമിലെത്തിയപ്പോ മുത്തൂസിന്റെ മോന്ത ഇഞ്ചി കടിച്ച പോലെണ്ട് ,

” എന്തേ, കുഞ്ഞിപ്പാത്തു ബെഡിൽ പാത്തിയോ?

“അതല്ലിക്കാ ,  ങ്ങള് ദേശ്യം പിടിക്കോ?

ഇല്ലെടി പെണ്ണേ, ജ്ജ് പറ..

“അതേ, ബിരിയാണി കുറച്ച് അടീ പിടിച്ചീണ് ”

അത് സാരല്ല, ഞമ്മക്ക് മുകളിൽത്തെ തിന്നാ,

“കുറച്ച് ഉപ്പും കൂടീണോന്നൊരു സംശയം “

അട്പത്തുള്ള ബിരിയാണി ലേശം എട്ത്ത് വായിൽ വെച്ചിട്ടൊള്ളൂ,

“ത്ഫൂ,  ഇതെന്താ സാദനേ, കൈപ്പബിരിയാണിയോ, ഞാനന്നോട് അപ്പളേ പറഞ്ഞതാ വേണ്ടാന്ന് “

“അയ്ന്ങ്ങളിന്നോട് ചൂടാവണോ, ഞാൻ ആദ്യായിട്ടല്ലേ, ഇങ്ങനൊക്കെന്നാ എല്ലാരും പഠിക്കണേ.”

“അന്നെ പറഞ്ഞിട്ട് കാര്യല്ല, ബിരിയാണി തിന്നാൻ പൂതി വെച്ച ഇന്നെ പറഞ്ഞാ മതി , ഇജിപ്പം തൽക്കാലം അതെട്ത്ത് ഫ്രിഡ്ജിൽ വെക്ക് “

” അതെന്തിനാ ഇക്കാ, ഫ്രിഡ്ജിൽ വെച്ചാ ഗുണം കൂടോ ന്റെ ബിരിയാണി “

” ഹാ, അയ്നിത് കോഴിക്കാട്ടല്ലേ ഗുണം കൂടാൻ ,
ബുദ്ദൂസേ , ഇന്ന്പ്പം ഇതിവിടെ നിക്കട്ടെ , നാളെ ഉമ്മിനെ വിളിച്ച് ചോയ്ക്ക് കയ്പ്പ് മാറ്റാൻ എന്തേലും പൊടിക്കൈണ്ടോന്ന് “

ഇങ്ങള് ചൂടാവല്ലി, അടുത്തത് ഞമ്മക്ക് ഉഷാറാക്കാ, ഇപ്പം ഇങ്ങള് പോയി കബ്സ മാങ്ങി കോണ്ടോരീ, ഇൻക്ക് പള്ളേ പയ്ച്ച്ണ്ട്, ന്റെ പുന്നാര ഇക്കല്ലേ ,
എന്നും പറഞ്ഞ് കവിളിൽ ഒരു നുള്ളും നുള്ളി ഓള് കയ്ച്ചിലായി .

ആ കൊഞ്ചൽ കണ്ടപ്പോ ഞമ്മക്കും ചിരി വന്ന്. അതിലാണല്ലോ ഞമ്മള് പണ്ടേ വീണത്. സ്നേഹള്ളോളാ, ഓളെ ഈ കുറുമ്പും തമാശേം കളീം ഒക്കെയാണ് ഞമ്മൾക്കിഷ്ടം. പടച്ചോൻ ഈ സ്നേഹം എന്നും നിലനിർത്തട്ടെ .

ദാമ്പത്യം, ആസ്വദിക്കാൻ കഴിവുണ്ടെങ്കിൽ ഈ ഭൂമിയിൽ ഇത്രേം സുന്ദരമായ പ്രണയം വേറെയില്ല.

Leave a Reply

Your email address will not be published. Required fields are marked *