പക്ഷെ ഇനിയിവിടെ ഒരു കുഞ്ഞ് വന്നാൽ അവൻ പുറത്താകും, സാരമില്ല കല്യാണം കഴിഞ്ഞ് അവനെ..

ഉമ്മ
(രചന: Shanif Shani)

സ്കൂളിലെ വാർഷിക പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോഴാണ് മുറ്റത്ത് രണ്ടു കാർ കണ്ടത്. ഉപ്പ രാവിലെ പറഞ്ഞത് ഓർമ്മയിൽ ഉള്ളതുകൊണ്ട് തന്നെ മുൻവശത്തുകൂടി പോകാതെ നേരെ അടുക്കള ഭാഗത്തേക്ക് നടന്നു.

മുറ്റത്തെ മാവിൽ നിന്നും വീണ മാങ്ങയും പെറുക്കി കൈകൊണ്ടു തുടച്ചു ഒന്നു കടിച്ചുകൊണ്ട് അകത്തേക്ക് കയറിയപ്പോൾ അടുക്കളയിൽ അടുത്ത കുടുംബക്കാർ എല്ലാവരും ഉണ്ട്.

ഉപ്പയുടെ പെങ്ങന്മാരും, വലിയുമ്മയും മറ്റെല്ലാരും.
എന്നെകണ്ടപ്പോൾ എല്ലാവരും എന്റെ അരികിലേക്ക് ഓടി വന്നു.

പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് നന്നായിരുന്നു എന്നു മാത്രം മറുപടി പറഞ്ഞു. നേരെ മുറിയിലേക്ക് വന്നു, യൂണിഫോം മാറ്റി കുളികഴിഞ്ഞു കുറച്ചു നേരം മുറിയിൽ വെറുതെ ഇരുന്നു.

ഈ അവധിക്കാലം എന്താ എന്റെ പ്ലാൻ ഞാൻ എന്നോട് തന്നെ ചോദിച്ചു,  ഡോറിന് ആരോ മുട്ടുന്നത് കേട്ടാണ് ചിന്തയിൽ  നിന്നും ഉണർന്നത്.
ഡോർ തുറന്നു,  അതാ മുന്നിൽ എന്നെ നോക്കി കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ച് എന്റെ മൂന്ന് വയസ്സുകാരൻ അനിയൻകുട്ടൻ ആദിൽ.

“ഇത്തു”ന്ന് വിളിച്ചു എന്റെ കാലുകളിൽ അവൻ വരിഞ്ഞു ചുറ്റി. ചിരിച്ചുകൊണ്ടു അവനെ എടുത്തു നേരെ അടുക്കളയിൽ ചെന്നു.

ചായയ്ക്ക് വേണ്ടി വെള്ളം വെച്ചപ്പോൾ മൂത്തമ്മ പറഞ്ഞു,  നല്ല ബിരിയാണിയുണ്ട് അതു ഒരുപിടി കഴിക്കു മോളെയെന്ന്.

വേണ്ടെന്ന് പറഞ്ഞു ഒരു ഗ്ലാസ്‌ കട്ടൻ ചായയും ബിസ്കറ്റും എടുത്തു ഡൈനിങ്ങ് ടേബിളിന്റെ സൈഡിൽ ഇരുന്നു.  അപ്പോഴും ആദി എന്റെ മടിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു.

ഇപ്പോൾ കുറച്ചു കാലമായി അവൻ എന്റെ കൂടെതന്നെയാണ്. ചായ കുടി കഴിഞ്ഞു അവനെയും എടുത്തു മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് വലിയുമ്മ പിന്നിൽ നിന്നും വിളിച്ചത്.

“അംന”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മൂത്തമ്മയും   കൂടെയുണ്ട്.

“മോളെ,  ഒന്നിങ്ങു വന്നേ” എന്ന് പറഞ്ഞു എന്റെ കയ്യും പിടിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു.  അവിടെ കൂടി നിൽക്കുന്നവരുടെ ഇടയിൽ എന്നെയും കൊണ്ടു നിർത്തിച്ചു.

“മോളെ… ഇങ്ങട് നോക്കിയേ… ഇതു ഫരീദ,  ഇനി മോളുടെയും ആദി മോന്റെയും കാര്യങ്ങൾ ഒക്കെയും നോക്കാൻ ഇവിടെ ഉണ്ടാവും.. ” വല്ലിമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി.

ഉപ്പാന്റെ രണ്ടാം പെണ്ണ്… ന്റെ ഉമ്മാന്റെ സ്ഥാനത്ത്…
ഒരിക്കലും എനിക്കങ്ങനെ കാണാൻ കഴിയില്ല. ഞാനൊന്നും പറയാതെ മുറിയിലേക്ക് നടന്നു. കൂടെ ആദിമോനും.

ഉമ്മ മരിച്ചതിൽ പിന്നെ ആദിമോനും ഞാനും ആ വീട്ടിലൊറ്റക്കായ പോലായിരുന്നു.

രാവിലെ എണീറ്റ് അടുക്കളയിലേക്ക് ചെന്നപ്പോൾ അവരുണ്ടായിരുന്നു. ചായ എടുത്ത് വെച്ചപ്പോൾ ഒന്നും കഴിക്കാൻ തോന്നിയില്ല. കൂട്ടുകാരികൾ പറഞ്ഞ് തന്ന ഓരോന്ന് മനസിലേക്ക് ഓടിക്കയറി.

രണ്ടാനുമ്മമ്മാർ ഒരിക്കലും നല്ലവരാകില്ല. ആദ്യമൊക്കെ നല്ല സ്നേഹം കാണിക്കും പിന്നെ പിന്നെ അവരുടെ യഥാർത്ഥ മുഖം പുറത്ത് ചാടും. അവർക്കൊരു കുട്ടിയുണ്ടായാൽ പിന്നെ പറയേം വേണ്ട. ആദ്യത്തെ മക്കൾക്ക് അവിടെ പിന്നെ ഒരു സ്ഥാനവും ഉണ്ടാകില്ല.

പക്ഷെ ആദിമോൻ അവരുമായിട്ട് പെട്ടെന്നിണങ്ങി. അവരുടെ അടുത്തേക്ക് പോകരുതെന്നെത്ര പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല. ഞാൻ മാത്രം ആ വീട്ടിൽ ഒറ്റപെട്ടു.

ഉമ്മച്ചിയെ കാണാൻ തോന്നിപോയി. ഇപ്പോ മരിച്ചിരുന്നെങ്കിൽ എനിക്കെന്റെ ഉമ്മാന്റെ അടുത്തെത്താമായിരുന്നു. ഞാനൊരുപാട് കരഞ്ഞു..

ഉപ്പയോടും ഇപ്പോ ദേഷ്യം വന്ന് തുടങ്ങി. ഞാനാ ഭാഗത്തേക് തന്നെ പോവാതെയായി. റൂമും മുറ്റത്തെ മാവിൻചോട്ടിലുമായി എന്റെ അവധിക്കാലം ഞാൻ തള്ളി നീക്കി.

ശക്തിയായ വയർ വേദനയോടെയായിരുന്നു അന്നെണീറ്റത്. സഹിക്കാൻ പറ്റുന്നില്ല. ഒന്നുറക്കെ കരയാൻ തോന്നി. പക്ഷെ എന്റെ കരച്ചിൽ കേൾക്കാൻ ആ വീട്ടിൽ ആരുമില്ലല്ലോ. തുടയിലൂടെ ഒലിച്ചിറങ്ങിയ ചോര കണ്ട് ഞാൻ തലകറങ്ങി വീണു.

ഉണർന്നപ്പോൾ ഞാൻ അവരുടെ മടിയിലായിരുന്നു. ആദിമോൻ എന്റെ അരികിൽ തന്നെയുണ്ട്. അവനാകെ പേടിച്ചമട്ടുണ്ട്. ഇപ്പൊ വേദനക്ക് ചെറിയൊരാശ്വാസമുണ്ട്. മെല്ലെ അവിടുന്ന് എണീക്കാൻ ശ്രമിച്ചു.

“വേണ്ട മോളെ കൊറച്ചൂടെ കിടന്നോ.”

അവർ ആദിമോനോട് കളിക്കാനായി പോവാൻ പറഞ്ഞു. ഞാനൊരു പ്രായപൂർത്തിയായ പെണ്ണായെന്നും പേടിക്കൊന്നും വേണ്ടാട്ടോ, എന്നെ തലോടിക്കൊണ്ട് ഓരോന്ന് പറഞ്ഞ് തരാൻ തുടങ്ങി.

എനിക്കന്നാദ്യമായി ഉമ്മച്ചിന്റെ സാമീപ്യം കിട്ടിയപോലെ തോന്നി. പക്ഷെ എനിക്കവരോട് ഒന്നും മിണ്ടാൻ തോന്നിയില്ല. ഞാനെണീറ്റ് റൂമിൽ വാതിലടച്ച് കിടന്നു.

പക്ഷെ എല്ലാമാസവും വയർവേദനയാകുമ്പോ എനിക്കവരുടെ സഹായം വേണ്ടി വന്നു.

പ്ലസ്ടു റിസൾട്ട് വന്ന് ഡിഗ്രിക്ക് അപ്ലിക്കേഷൻ കൊടുത്ത് കാത്തിരിക്കുമ്പോഴാണ് ഉപ്പ കല്യാണാലോചനയുമായി വന്നത്.

നല്ല കുടുംബമാണ് അവർ പഠിപ്പിക്കും എന്നൊക്കെ പറഞ്ഞപ്പോ ഈ വീട്ടിൽ നിന്നൊന്ന് രക്ഷപെട്ടാൽ മതിയെന്നായി.  ഞാനുപ്പയോട് സമ്മതം മൂളി.

ആദിമോന്റെ കാര്യം ആലോചിക്കുമ്പോഴാണ്. ഇപ്പോഴവൻ സന്തോഷത്തിലാണ്.  പക്ഷെ ഇനിയിവിടെ ഒരു കുഞ്ഞ് വന്നാൽ അവൻ പുറത്താകും. സാരമില്ല കല്യാണം കഴിഞ്ഞ് അവനെ കൂടെകൂട്ടാം എന്നൊക്കെ കരുതി ഉറക്കത്തിലേക്ക് വീണു.

ഉപ്പാക്ക് എന്നെ പെട്ടെന്ന് പറഞ്ഞയക്കാൻ  ധൃതിയുള്ളപോലെ പിന്നെയെല്ലാം പെട്ടൊന്നായിരുന്നു.

നിക്കാഹ് കഴിഞ്ഞ് ഭർത്താവിനൊപ്പം പോകാനൊരുങ്ങിയപ്പോൾ ആദിമോനെ നോക്കി, അവൻ നല്ല സന്തോഷത്തിലാണ്. ഉപ്പയും അവിടെയുണ്ട്.

ഞാനവരെ നോക്കി അവിടെയെങ്ങും കണ്ടില്ല.
എന്തോ എനിക്കവരോട് പറയാതെ അവിടുന്നിറങ്ങാൻ തോന്നിയില്ല.

ഞാൻ അവരെ തിരഞ് ഉപ്പാന്റെ റൂമിലെത്തിയപ്പോൾ അവരവിടെ തലതാഴ്ത്തി കരയുന്നതാണ് കണ്ടത്. ഞാൻ മുറിയിലേക്ക് കടന്നു. എന്നെ കണ്ടപ്പോൾ അവർ മുഖമുയർത്തി കണ്ണിൽ നിന്നുതിർന്ന് വീണ കണ്ണുനീർ തുടച്ചു.

“ഇറങ്ങാനായി ലേ മോളെ..  എനിക്കത് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല അതാ ഞാനിങ്ങോട്ട് പോന്നത്.”

അപ്പോഴാണ് ഞാനാ റൂം ശ്രദ്ധിച്ചത്. ഒരാൾക്ക് കിടക്കാൻ പാകത്തിലുള്ള രണ്ട് കട്ടിലുകളായിരുന്നു അവിടെ. അവരിത്രയും കാലം ഒരുമിച്ചല്ല കിടന്നത്.

ഞാനറിയാതെ ഉമ്മാന്ന് വിളിച്ച് അവരെ കെട്ടിപിടിച്ചു. അവരെനിക്ക് നൂറുമ്മകൾ തന്നു കാണും. എന്റെ പൊന്നുമ്മാനെ ശെരിക്കും ഞാനാ കണ്ണുകളിൽ കണ്ടു. ഇത്രയും ദിവസം ഞാനിത് അറിയാതെ പോയല്ലോ..

ഇനി ആദിമോന് കിട്ടുമല്ലോ ഈ ഉമ്മാന്റെ സ്നേഹം. എന്റെ മനസ്സ് നിറഞ്ഞു.

“ഇനി ഞാൻ ഇവിടേക്ക് വിരുന്നിന് വരുമ്പോ ഈ റൂമിൽ ഇത് രണ്ടും ഒരു കട്ടിലായി  എനിക്ക് കാണണം. എന്നിട്ട് ഈ മോൾക്കും ഉമ്മാക്കും  ഒരുമിച്ചിവിടെ പ്രസവിച്ച് കിടക്കണം” എന്ന് പറഞ്ഞപ്പോൾ ഉമ്മ കള്ളച്ചിരിയോടെ എന്നെ കെട്ടിപിടിച്ച് യാത്രയാക്കാൻ കൂടെ വന്നു…

ഇത് കണ്ട് സ്വർഗത്തിലിരുന്ന് എന്റെയുമ്മ ഇപ്പോൾ എത്ര സന്തോഷിക്കുന്നുണ്ടാവും ലേ….

Leave a Reply

Your email address will not be published. Required fields are marked *