അപ്പോഴേക്കും പിള്ളേർക്ക് കല്യാണ പ്രായവും ആകും, ഒന്നും ചിന്തിക്കാതെ എടുത്തു ചാടി..

തിരിച്ചറിവ്
(രചന: Nisha L)

“ചുറ്റുമുള്ള വീടുകൾ ഒക്കെ വാർത്ത കെട്ടിടങ്ങൾ ആയിരിക്കുന്നു. നമ്മുടെ വീട് മാത്രം ഓട് മേഞ്ഞത്. നമുക്കും ഒരു ലോൺ എടുത്തു വീട് വാർത്താലോ അരുണേ… “? വിനയൻ അരുണയോട് ചോദിച്ചു.

“നിങ്ങൾക്ക് ഇത് എന്തിന്റെ കേടാ വിനയേട്ടാ.. രണ്ടു പെൺകുട്ടികളാ വളർന്നു വരുന്നത്. പിള്ളേർ ചടെ പടെന്ന് അങ്ങ് വളരും.

പിന്നെ അവരുടെ വിദ്യാഭ്യാസവും വീടിന്റെ ലോണും ഒക്കെ എപ്പോൾ തീർക്കും.??  അപ്പോഴേക്കും പിള്ളേർക്ക് കല്യാണപ്രായവും ആകും. ഒന്നും ചിന്തിക്കാതെ എടുത്തു ചാടി ചെയ്യാൻ നിക്കണ്ട. അല്ലെങ്കിൽ തന്നെ ഈ വീടിന് എന്താ കുഴപ്പം..

മഴയും വെയിലും കൊള്ളാതെ കേറി കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ എത്രയോ പേര് ജീവിക്കുന്നു. അതു വച്ച് നോക്കുമ്പോൾ നമുക്ക് ഇത് സ്വർഗമല്ലേ വിനയേട്ടാ. അതു കൊണ്ട് ആവശ്യമില്ലാത്ത പണിക്ക് നിൽക്കാതെ…

രണ്ടു ദിവസം മഴ പെയ്താൽ ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്ന കൂലി പണിക്കാരൻ ആണ് നിങ്ങൾ. അത് മറക്കരുത്. ” താക്കീതോടെ പറഞ്ഞിട്ട് അരുണ അടുക്കളയിലേക്ക് പോയി.

ദിവസവും പണിക്ക് പോയാൽ കുറേശ്ശേ കുറേശ്ശേ ആയിട്ട് ലോൺ അടക്കാം. വീട് വർത്തിട്ട്  ഒരു പാലുകാച്ചൽ നടത്താം. അപ്പോൾ സംഭാവന ഇനത്തിൽ കുറച്ചു കാശു കിട്ടും.

അതുകൊണ്ട് ആഹാരകാര്യവും മറ്റും നടത്തിയിട്ട്  ബാക്കി കുറച്ചു ബാങ്കിൽ അടക്കാനും കിട്ടുമായിരിക്കും. മനസിൽ കൂട്ടിയും കിഴിച്ചും കണക്കെടുത്തു വീട് വാർക്കാൻ തന്നെ വിനയൻ തീരുമാനിച്ചു.

രണ്ടു ദിവസത്തിന് ശേഷം..

“അരുണേ ഞാൻ ബാങ്കിൽ ഒരു ലോണിന്‌ അപേക്ഷ കൊടുത്തു. ഈടായി നമ്മുടെ ആധാരം ഞാൻ ബാങ്കിൽ കൊടുത്തു. “

“നിങ്ങൾക്ക് ഇത് എന്തിന്റെ കേടാ മനുഷ്യ.. ഉള്ള സമാധാനം കൂടി പോയല്ലോ ദൈവമേ. ” താൻ പറഞ്ഞതൊന്നും അയാളുടെ തലയിൽ കയറിയില്ലല്ലോ എന്നോർത്ത് അരുണക്ക് വേദന തോന്നി.

ബാങ്കിൽ നിന്ന് ലോൺ കിട്ടി വിനയൻ വീട് വാർക്കാൻ തുടക്കമിട്ടു. അപ്പോഴാണ് ആരുടെയോ നിർദേശം വന്നത്. എന്തായാലും രണ്ടു ലക്ഷം രൂപ കിട്ടിയല്ലോ മുന്നിൽ ഇറക്കി ഒരു കൊച്ചു സിറ്റ് ഔട്ട്‌ കൂടി പണിയെടാ വിനയാ..

ഇതിന്റെ കൂടെ ആകുമ്പോൾ അങ്ങ് നടക്കും.. വീടിനു കുറച്ചു കൂടി വൃത്തിയും കിട്ടും. എന്നാൽ പിന്നെ അതും കൂടി നടത്തിയേക്കും എന്ന് വിനയൻ തീരുമാനിച്ചു.

അങ്ങനെ വീട് പണിയും കഴിഞ്ഞു പാലുകാച്ചലും നടന്നു. സംഭാവന ഇനത്തിൽ ഒന്നര ലക്ഷം രൂപ കിട്ടി.

“ഹോ സംഭാവന വിചാരിച്ച പോലെ കിട്ടിയില്ല.. ” വിനയൻ പറഞ്ഞു.

“അങ്ങോട്ട് വല്ലതും കൊടുത്താൽ അല്ലെ ഇങ്ങോട്ട് അതുപോലെ കിട്ടൂ.. ” അരുണ മറുപടി കൊടുത്തു.

നാട്ടുകാരെ എല്ലാം വിളിച്ചു ബിരിയാണി സൽക്കാരം നടത്തി. പാചകവും അതിന്റെ പലചരക്കും എല്ലാം കൂടി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ആയി. ഇനി പന്തലിന് ഇരുപത്തി അയ്യായിരം കൊടുക്കണം.

പാത്രങ്ങളുടെ വാടക,, ഇതെല്ലാം കൂടി തീർക്കാനുള്ള കാശു പോലുമില്ല. പിന്നെ എവിടുന്നു ബാങ്കിൽ അടക്കും. അതു കൂടാതെ വേറെയും അല്ലറ ചില്ലറ കടങ്ങൾ ഉണ്ട്. പാലുകാച്ചൽ കഴിഞ്ഞു തിരിച്ചു കൊടുക്കാം എന്ന ഉറപ്പിൽ വാങ്ങിയത്.

“അരുണേ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ലല്ലോടി. ഇനി എന്തു ചെയ്യും. “??

“എന്ത് ചെയ്യാൻ വാർത്ത വീട്ടിൽ കിടന്നു ആലോചിച്ചു മനസ്സ് നീറ്റിക്കൊ.. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ… അല്ലെങ്കിലും ഞാൻ പറയുന്ന എന്തെങ്കിലും കാര്യം നിങ്ങൾ കേൾക്കാറുണ്ടോ. വരുന്നത് ഒക്കെ അനുഭവിച്ചോ… “

ആറു മാസങ്ങൾക്ക് ശേഷം..

വാടക വീടിന്റെ തിണ്ണയിൽ ഇരുന്നു മധുരം ഇല്ലാത്ത കട്ടൻ ചായ ഊതി കുടിച്ചു കൊണ്ട് വിനയൻ ചിന്തകളിലേക്ക് ഊളിയിട്ടു.

ബാങ്കിൽ ലോൺ ഒരു വട്ടം പോലും  തിരിച്ചടക്കാൻ കഴിഞ്ഞില്ല. പലിശയും കൂട്ടുപലിശയും എല്ലാം കൂടി കൂടി വന്നു. അവസാനം വീട് ജപ്തി ചെയ്യും എന്ന നിലയിൽ എത്തിയപ്പോൾ ആകെ ഉണ്ടായിരുന്ന അഞ്ചു സെന്റിലെ വീട് വിറ്റു ബാങ്കിലെ കടം വീട്ടി.

മറ്റുള്ള ചെറിയ ചെറിയ കടങ്ങളും തീർത്തു. ബാക്കിയുള്ള കുറച്ചു കാശ് സൊസൈറ്റിയിൽ ഇട്ടു.

അതിൽ നിന്ന് കുറച്ചു പൈസ എടുത്ത് വാടക വീടിന്റെ സെക്യൂരിറ്റിയും കൊടുത്ത് ഇപ്പോൾ ഈ വാടക വീടിന്റെ തിണ്ണയിൽ ഇരുന്ന് കട്ടൻ ചായ കുടിക്കുന്നു. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം.അന്ന് അരുണ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു.

അല്ലെങ്കിലും ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കരുത് എന്ന് പറയുന്നത് എന്നെ പോലെയുള്ളവരെ ഉദേശിച്ചായിരിക്കും. വിനയൻ നെടുവീർപ്പോടെ ഓർത്തു.

N b : അവനവന്റെ വരവ് അനുസരിച്ചു ജീവിക്കാൻ പഠിക്കാത്ത ഒരു വിഭാഗം നമുക്ക് ചുറ്റും ഉണ്ട്.അവരിൽ ഒരാളാണ് വിനയൻ

Leave a Reply

Your email address will not be published. Required fields are marked *