അതയാളുടെ മകൾ അല്ലെ, മനോജേ ആലോചന വേണ്ടന്ന് വെച്ചത് നന്നായി ജോമോൻ അടുത്ത..

പവിത്രബന്ധങ്ങൾ
(രചന: Sebin Boss J)

”അപശകുനം ആണല്ലോ മനോജേ “‘ ഗേറ്റ് കടന്നു കല്ലുപാകിയ നീണ്ട വഴിയിലൂടെ അൻപത് മീറ്ററോളം മുന്നോട്ട് പോയതും വഴിയിൽ തടസമായി കിടക്കുന്ന മാവിന്റെ ശിഖരം കണ്ട് ജോമോൻ പറഞ്ഞു .

“” ഹലോ … ചേട്ടോ പൂയ് “‘ അങ്ങകലെ കാണുന്ന ഇരുനിലയുള്ള പഴയ വീടിന്റെ മുന്നിൽ ആളനക്കം കണ്ടതും ജോമോൻ ഉറക്കെ കൂവി .

“‘ വിളിക്കണ്ട ജോമോനെ. നമുക്ക് നടന്നു പോകാം , ഇത്രയല്ലേ ഉള്ളൂ “” ശിഖരത്തിൽ നിന്നും പൊഴിഞ്ഞു കിടക്കുന്ന കണ്ണിമാങ്ങാ എടുത്തു കടിച്ചു തിന്നുകൊണ്ട് മനോജ് ചുറ്റിനും നോക്കി . ആ ഭാഗത്തെങ്ങും ഒറ്റ മാവ് പോലും കണ്ടെത്താനവനായില്ല .

“‘എന്നാലും പെണ്ണ് കാണാൻ ചെല്ലുമ്പോൾ മുറ്റത്ത് കാറിൽ തന്നെ ചെന്നിറങ്ങുകയാണ് അതിൻേറതായ ഒരു സ്റ്റൈൽ “‘ ജോമോൻ മാവിന്റെ ശിഖരം മാറ്റാൻ നോക്കി .

“‘ ഓയ് … ഇങ്ങോട്ട് വരാൻ “” ആ വീടിന്റെ മുറ്റത്തു നിന്നയാൾ വിളിച്ചു കൂവിയപ്പോൾ മനോജ് അങ്ങോട്ട് നടന്നു , പുറകെ ജോമോനും .

“‘ വല്യ തറവാടാണല്ലോ മനോജേ . നീ കോളടിച്ചു . പെണ്ണിനിഷ്ടപ്പെട്ടാൽ മതിയാരുന്നു .അല്ലാ ഇഷ്ടപ്പെടാതിരിക്കാൻ നിനക്കെന്നാ കുറവ് ?

സുന്ദരൻ, ഗൾഫിൽ ജോലി , അമ്മയും മരിച്ചു ഇപ്പൊ ബാധ്യതകളൊന്നുമില്ല . പുതിയൊരു വീടും പുരയിടവും “‘ നടക്കുന്നതിനിടെ ജോമോൻ പറഞ്ഞപ്പോൾ മനോജ് മിണ്ടാതെ നടന്നതേയുള്ളൂ .

ഇരുവശത്തും നിറയെ ചെടികൾ വളർന്നു നിൽക്കുന്ന കല്ലുകൾ പാകിയ വഴി , ചില ചെടികൾ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു .

“‘ ആരാത് … ഇന്നലെ വിളിച്ച കൂട്ടരാണോ ?”’ മുറ്റത്തേക്ക് കയറിയപ്പോൾ വിശാലമായ ഉമ്മറത്തെ ചാര് കസേരയിൽ നിന്ന് മെലിഞ്ഞ ഒരു കാരണവർ എണീറ്റു . ആഢ്യത്വം തുളുമ്പുന്ന മുഖം അദ്ദേഹം പഴയൊരു പ്രമാണി ആണെന്ന് വിളിച്ചോതി .

“‘അതേ അമ്മാവാ “‘

” അതെ ..ഞാനിന്നലെ സാറിനെ വിളിച്ചിരുന്നു “‘ മറുപടി പറയാൻ തുടങ്ങിയ ജോമോന്റെ കയ്യിൽ തട്ടിയിട്ട് മനോജ് ഇടക്ക് കേറി പറഞ്ഞു

“” കേറി വരൂ “‘ അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നതും മനോജ് അനുഗമിച്ചു , ജോമോനും

“” നമുക്ക് പുറകോട്ടിരിക്കാം “‘ ഉമ്മറം കടന്നതും വലിയ ഹാളാണ് . അത് കടന്നതും നടുമുറ്റമായി. നടുമുറ്റത്തിനിരുവശത്തും അനേകം മുറികളുണ്ടെന്ന് ജനാലകളും വാതിലുകളും വിളിച്ചോതുന്നു . നടുമുറ്റത്തിന് നടുവിലായി തുളസിത്തറ

“” ഇങ്ങോട്ട് പോരെ ..നമുക്കങ്ങോട്ട് ഇരിക്കാം “‘നടുമുറ്റത്തിന്റെ പുറകിലുള്ള വാതിൽ തുറന്ന് പുറകിലെ നീണ്ട വരാന്തയിലൂടെ കാരണവർ അവരെ വഴി കാണിച്ചു

പുറകിലും വലിയ മുറ്റം . അടുക്കി വെച്ചിരിക്കുന്ന മരത്തടികൾ . ആഞ്ഞിലിയും തേക്കും പ്ലാവും മാവും എല്ലാം വെട്ടി കൊണ്ടുവന്നു മുറ്റത്ത് അടുക്കിയിരിക്കുന്നു .

അത് ശെരി , ചെറിയ വണ്ടിക്ക് ഇവിടുന്ന് തടിയോ വിറകോ മെയിൻ റോഡിലേക്ക് അടിച്ചപ്പോൾ വഴിയിൽ ചാടിയതാവും ആ ശിഖരം .അതാണവിടെ മാവൊന്നും കാണാത്തത്

“‘ ഇതെന്നതാടാ മനോജേ , കൊട്ടാരമോ നടന്നിട്ടും നടന്നിട്ടും തീരുന്നില്ലല്ലോ “‘ നീളൻ വരാന്തയിലൂടെ നടക്കുമ്പോൾ ജോമോന്റെ ആത്മഗതം

“”’ രാധികേ ….”‘ വരാന്തയുടെ അങ്ങേയറ്റത്തുള്ള വാതിൽ തള്ളിത്തുറന്നു ചെറിയൊരു ഹാളിൽ കയറി അതിനകത്തുള്ള മറ്റൊരു വാതിലിൽ തട്ടി വിളിച്ചിട്ട് കാരണവർ അവർക്ക് നേരെ തിരിഞ്ഞു .

“‘ നിങ്ങളിരിക്ക് കേട്ടോ . “‘

“‘മോളെ രാധികേ ..”‘വീണ്ടും കാരണവർ കതകിൽ തട്ടിയപ്പോൾ വാതിൽ തുറന്നൊരു പെണ്ണ് ഇറങ്ങി വന്നു . ഹാളിലിരിക്കുന്നവരെ കണ്ടപ്പോൾ അവളുടെ ശ്രീത്വം തുളുമ്പുന്ന മുഖം പെട്ടന്നിരുണ്ടു

“‘ ഇത് മോളെ കാണാൻ വന്നതാ . നിങ്ങൾ സംസാരിക്ക് . ഞാൻ ശാരദയോട് ചായ എടുക്കാൻ പറയാം ”

“‘ഞാൻ പോയി കൊണ്ടുവരാം അച്ഛാ “‘ അവൾ കാരണവരോട് പറഞ്ഞിട്ട് ഹാളിൽ നിന്നും പുറത്തേക്കിറങ്ങാൻ നോക്കിയതും കാരണവരവളെ തടഞ്ഞു .

”അതല്ല .. മോളിവരോട് സംസാരിക്ക് . ഞാൻ ഇപ്പൊ വരാം “”

“‘ഇതെന്നാടാ ഇത് ?ഇങ്ങനെയാണോ പെണ്ണ് കാണൽ ചടങ്ങ് ? ഇവിടെ വേറെയാരുമില്ലേ ?”’ ജോമോൻ പിറുപിറുത്തു .

“‘എൻറെ പേര് മനോജ് . പേര് രാധിക എന്നറിയാം . ഏത് വരെ പഠിച്ചു ?”

“‘ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടില്ല . “‘ അവൾ ഭിത്തിയിൽ ചാരിനിന്നവരെ നോക്കി. മുഖത്ത് നിസ്സംഗതാ ഭാവം.

“” ഇവിടെ മറ്റാരുമില്ലേ ? അമ്മയും ആങ്ങളമാരുമൊന്നും? .എന്താ രാധികേ ചൊവ്വ ദോഷം മാത്രമേ ഉള്ളോ , അതോ വേറെ എന്തേലും ?.. അല്ലാ .. മുന്നിൽ എവിടെയുമിരുത്താതെ ഈ വല്യ വീടിന്റെ പുറകിലെ മുറിയിൽ … “”

“‘ ശാരദേ ..ഇങ്ങു വെച്ചോളൂ “‘ പുറകിൽ കാരണവരുടെ ശബ്ദം കേട്ടതും ജോമോൻ ചോദ്യം പാതിയിൽ നിർത്തി

“” ഞാൻ കൃഷ്ണമേനോൻ . അദ്ധ്യാപകൻ ആയിരുന്നു . എന്റെ ഭാര്യ ലീലാമണി മരിച്ചിട്ടിന്ന് ഏഴാ . ചെറിയ ചടങ്ങുകൾ ഒക്കെ അപ്പുറത്തു നടക്കുന്നു. . ശുഭ കാര്യം നടക്കുമ്പോൾ മരണാനന്തര ചടങ്ങുകൾ , അതൊരു മോശമല്ലെന്ന് കരുതിയാണ് നിങ്ങളെ ഇങ്ങോട്ടിരുത്തിയത് കേട്ടോ . വിഷമമൊന്നും വിചാരിക്കരുത് .”” കൃഷ്ണമേനോൻ സാർ ഹാളിലെ സോഫയിലിരുന്നു

“‘ഹേ ..അത് കുഴപ്പമില്ല സാറെ “”‘ മനോജ് ചിരിച്ചു .

“” നമ്മുടെ സ്ഥലത്തിന്റെ തെക്ക് അരയേക്കർ പറമ്പുണ്ട് . അതിൽ കൂടുതൽ മാവും തെങ്ങുമാണ് . അത് രാധികേടെ പേരിൽ എഴുതീട്ടുണ്ട് . അത് മാത്രമേ എന്റെ കയ്യിൽ ഉള്ളൂ കേട്ടോ . പണമായിട്ട് വേണോന്നുണ്ടേൽ അത് നിങ്ങക്ക് വിൽക്കാം “” കൃഷ്ണമേനോൻ സാർ പൂവിട്ടലങ്കരിച്ചു ,

തിരി കത്തിച്ചുവെച്ച ഒരു സ്ത്രീയുടെ ഫോട്ടോയുടെ പുറകിൽ നിന്നൊരു ചുരുൾ എടുത്തു മനോജിന്റെ നേരെ നീട്ടി .അപ്പോഴാണ് മനോജ് ആ ഫോട്ടോയും അതിനടുത്തു വെച്ചിരിക്കുന്ന ചിതാഭസ്മം അടങ്ങിയ കുടവും കണ്ടത്

“‘അതെന്തു വർത്തനമാണ് സാറെ പറയുന്നേ .ഇക്കാണുന്ന മാളികയും സ്ഥലവുമൊക്കെ ഉണ്ടായിട്ടും അരയേക്കറ്? സ്ഥലത്തിനൊന്നും ഇപ്പൊ വിലയുമില്ല താനും . പുറമ്പോക്ക് വല്ലോമാണോ ? ആധാരമുള്ളതല്ലേ “”‘
ജോമോൻ ഇടപെട്ടു

“‘നീ മിണ്ടാതിരി “” ജോമോന്റെ നേരെ കണ്ണടച്ചിട്ട് മനോജ് കൃഷ്ണമേനോന്റെ നേരെ തിരിഞ്ഞു

“‘ സ്ത്രീധനമായി എനിക്ക് പണമോ സ്ഥലമോ ഒന്നും വേണ്ട സാറെ . രാധികയെ എനിക്കിഷ്ടമായി . രാധികക്കും സാറിനും ഇഷ്ടമാണെങ്കിൽ അമ്മാവനോട് പറഞ്ഞാൽ മതി . എനിക്ക് അമ്മാവനോടല്ലാതെ ആരോടും പറയാനും ചോദിക്കാനുമില്ല . പിന്നെയുള്ളത് ഇവനാ “‘ മനോജ് ജോമോന്റെ തോളിൽ കൈ വെച്ചു

“” ശിവൻ ..മനോജിന്റെ അമ്മാവൻ , എന്റെ സ്‌കൂളിൽ പീയൂൺ ആയിരുന്നു . ഞങ്ങള് തമ്മിൽ ഒരാത്മബന്ധമുണ്ട് .അവൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട് തന്നെ പറ്റി . “”’ കൃഷ്ണമേനോൻ പുഞ്ചിരിച്ചു.

”ഡാ ..എടുത്തുചാടി ഒന്നും വേണ്ടന്ന് പറയണ്ട . കാശിന് കാശുവേണം . ഇപ്പോളങ്ങനെയൊക്കെ തോന്നും . ഒരു കുഞ്ഞും കുംടുംബോമൊക്കെ ഒക്കെയാകുമ്പോ കയ്യിൽ പണം വേണം “‘ ജോമോൻ പിറുപിറുത്തു .

“‘ സാറെ …സാറെ “”‘ പുറത്തുനിന്നൊരു വിളി കേട്ടപ്പോൾ മനോജ് ജനാലയിലൂടെ നോക്കി . വന്നപ്പോൾ മുറ്റത്തു കണ്ട പണിക്കാരനാണ് .

“”എന്നാ ശശീ “”‘ കൃഷ്ണമേനോൻ വരാന്തയിലേക്കിറങ്ങി .

“”’ അവരെല്ലാം എത്തി . ആ വക്കീലുമുണ്ട് . ഒച്ചപ്പാടും ബഹളോം ആകുന്നേന്നു മുന്നേ സാറങ്ങോട്ടൊന്ന് വന്നേ “”

“‘ഞാൻ വന്നിട്ടെന്ത് ചെയ്യാനാ ശശി . പോത്തിനോട് വേദമരുതെന്നാ “‘ കൃഷ്ണമേനോൻ മുണ്ട് മുറുക്കിയുടുത്തു വേഗത്തിൽ നടന്നു .

“‘എനിക്കിഷ്ട്ടല്ല ഈ കല്യാണത്തിന് “‘

“‘ഏഹ് …”’ രാധികയുടെ ശബ്ദം കേട്ട് മനോജ് ഞെട്ടിത്തിരിഞ്ഞു നോക്കി .

അവന്റെ കണ്ണുകളെ നേരിടാനാവാതെ രാധിക മുഖം കുനിച്ചു

“‘ആലോചിച്ചു പറഞ്ഞാൽ മതി . ഞാൻ പിന്നെ വിളിച്ചോളാം സാറിനെ “”

“”‘ ഇനി എന്താലോചിക്കാൻ ..ആ പെണ്ണ് തന്നെ പറഞ്ഞില്ലേ ..ഇനീം നാണം കെടണോ ..വാടാ ഇങ്ങോട്ട് “‘ ജോമോൻ ദേഷ്യത്തോടെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ മനോജ് പുറത്തേക്കിറങ്ങി .

“‘എന്തോന്നാടാ നോക്കുന്നെ ?”’ പുറത്തുകൂടെ മുൻവശത്തെത്തിയപ്പോൾ മനോജ് ഉള്ളിലേക്ക് നോക്കുന്നത് കണ്ടപ്പോൾ ജോമോൻ ഒച്ചയിട്ടു .

“‘ സാറിനോട് ഒന്ന് പറഞ്ഞിട്ട് പോകാടാ “”

വിശാലമായ മുറ്റത്ത് ധാരാളം ആഡംബര വാഹനങ്ങൾ കിടപ്പുണ്ട് . അവയിൽ മിക്കതിലും ഡ്രൈവർമാരും . രണ്ട്മൂന്ന് സർക്കാർ വാഹനങ്ങളും കിടപ്പുണ്ട് .

“‘ മകൾക്ക് പുറകിലെ കുടുസ് മുറിയിൽ വെച്ച് കല്യാണാലോചന ..എന്നാൽ പിന്നെ കല്യാണം വല്ല തൊഴുത്തിലും ആരിക്കും നടത്തുക . ഇവളങ്ങേരുടെ രണ്ടാം കുടീലെ മകൾ ആണോ ? .

ഇക്കാണുന്ന സ്വത്തൊക്കെയുണ്ട് . എല്ലാം കൂടെ കെട്ടിപ്പൂട്ടി വെച്ചിട്ടെന്തിനാ . ചാകുമ്പോ കൊണ്ടോകുന്നുണ്ടോ ?”’ ജോമോന് ദേഷ്യം അടക്കാനാകുന്നില്ല

“‘ അച്ഛനെയിവിടെ തന്നെ നിൽക്കാൻ സമ്മതിക്കില്ല . ഇത്രേം വല്യ വീട്ടിൽ അച്ഛൻ തന്നെ . ഞങ്ങടെ മാറി മാറി നിന്നോ . ഇപ്പോഴാണേൽ പൊന്നും വിലക്കെടുക്കാൻ ഒരു കൂട്ടരുണ്ട് . ആ പെണ്ണിന്റെ കാര്യമോർത്താണേൽ പത്തോ അമ്പതായിരമോ കൊടുത്തേക്കാം . “”

മനോജ് കൃഷ്ണമേനോനോട് യാത്ര പറയാനായി ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ അകത്തുനിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടു

“‘ എന്റെ കൂടെ അച്ഛനെ നിർത്താൻ പറ്റത്തില്ല. “”

“‘എന്താടോ ?”” മനോജ് ഉമ്മറത്തേക്ക് കയറിയപ്പോൾ ഒരാൾ ദേഷ്യത്തോടെ ചോദിച്ചു .

“‘ സാറിനോട് പോകുവാണെന്ന് പറയാൻ കേറിയതാ ….സാറെ “”

അകത്തെ മൂലയിലെ കസേരയിൽ ഇരുന്ന കൃഷ്ണമേനോൻ സാർ അത് കേട്ടില്ലെന്ന് തോന്നി . അച്ഛനെ ഏറ്റെടുക്കാനുള്ള നറുക്കെടുപ്പ് ബഹളത്തിൽ മനോജിന്റെ സ്വരം മുങ്ങിപോയിരുന്നു .

“” വല്ലോം കഴിച്ചിട്ട് പോകാം .വെളുപ്പിന് ഇറങ്ങിയതല്ലേ . “‘ ഗേറ്റ് കടന്ന് അല്പം മുന്നോട്ട് ചെന്നതേ കണ്ട ചായക്കടയിൽ നിർത്തിയിട്ട് ജോമോൻ പറഞ്ഞു

“”‘ ചേട്ടാ ..കഴിക്കാനെന്തുണ്ട് ?”

“‘അപ്പവും മുട്ടക്കറിയും പുട്ടും പയറും “‘ ചായക്കടക്കാരൻ പറഞ്ഞു .

“‘പുട്ട് താ .. നിനക്കോട മനോജേ “‘ ജോമോൻ കൈ കഴുകി തിരിഞ്ഞു

പഴയ ഒരു ചായക്കടയായിരുന്നു അത് . ചില്ലലമാരയിൽ പുട്ടും അപ്പവും പപ്പടവടയും ഒക്കെ വെച്ചിരിക്കുന്നു . രണ്ട് കുല ചെറുപഴവും തൂക്കിയിട്ടുണ്ട് .

“” പൊറോട്ട ഒന്നുമില്ലേ ചേട്ടാ “”

“‘ വഴിയൊക്കെ ബൈപ്പാസ് ആക്കിയില്ലേ മക്കളെ . ഇതിലെ അധികമാരും വരാറില്ല . കുറച്ചു നാട്ടുകാരല്ലാതെ . “‘

“‘ ചേട്ടനും ബൈപ്പാസിലേക്ക് മാറ്റാൻ മേലായിരുന്നോ ? നാടോടുമ്പോൾ നടുവേ ഓടണം “”

”അതിനൊക്കെ പൈസ വേണ്ടേ മക്കളെ . ആരും സഹായിക്കാനൊന്നുമില്ല . ഞാനും ഭാര്യേം മാത്രമേയുള്ളൂ . കണ്ണടയും വരെ ആരുടേം ആശ്രയമില്ലാതെ കഴിഞ്ഞു കൂടണം . ഒരു കണക്കിന് മക്കൾ ഇല്ലാത്ത നന്നായി . മേനോൻ സാറിനെ പോലെ ദുരിതമനുഭവിക്കണ്ടല്ലോ “”

“‘ഏത് മേനോൻ സാർ ?”’ ജോമോൻ പുട്ടിനൊപ്പം പപ്പടം കുഴക്കുന്നത് നിർത്തിയിട്ട് നോക്കി

“‘ ഇതിന്റെ പുറകിലെ ആ വല്യ വീടില്ലേ അവിടുത്തെ മേനോൻ സാർ . പ്രമാണിയായിരുന്നു , ഇക്കാണുന്ന ഭൂമിവകകളൊക്കെ സാറിന്റെ ആയിരുന്നു .

കുറച്ചൊക്കെ റോഡ് വികസനത്തിനായിട്ടും സ്‌കൂളിനായിട്ടുമൊക്കെ കൊടുത്തു . ഒക്കെയും അങ്ങേരായിട്ടുണ്ടാക്കിയതാ .നല്ല മനുഷ്യനാ .

ഈ ചായക്കടയിരിക്കുന്നതും പുറകിൽ ഞങ്ങൾ താമസിക്കുന്ന വീടുമെല്ലാം അങ്ങേരുടെ കാരുണ്യമാ . ഏഴു മക്കൾ . എല്ലാം വല്യ നിലയിലാ .

“‘പിന്നെയെന്നാ കുഴപ്പം ?”” ജോമോൻ ആകാംഷയോടെ ഒരു പഴം കൂടി പുട്ടിൽ ചേർത്തുകുഴച്ചുകൊണ്ടയാളെ നോക്കി

””മൂപ്പർക്കൊരു അബദ്ധം പറ്റി . സ്വത്തൊക്കെ ഭാര്യേടെ പേർക്കായിരുന്നു . മക്കളത് അദ്ദേഹമറിയാതെ എല്ലാം പേരിലാക്കി .

തറവാട് അമ്മേടെ മരണശേഷം മാത്രമേ അനുഭവിക്കാൻ പാടുള്ളു എന്ന് വിൽപത്രത്തിൽ ഉള്ളത് കൊണ്ട് അവരെ ഇറക്കി വിട്ടില്ല . ദേ ഇന്ന് ആയമ്മേടെ ഏഴാ . ഇന്ന് തന്നെ തറവാടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണമെന്നു പറഞ്ഞു ബഹളമാ “”

“‘അപ്പൊ ഇളയ മോൾക്കല്ലേ തറവാട് ?”’ ജോമോന്റെ സംശയം

“” ഓ … ഉള്ളതെല്ലാം കണക്കാ .പഴേ തറവാടിന് നല്ല ഡിമാൻഡ് ആണ് , ഒരു റിസോർട്ടുകാർ വന്നു ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു ആയമ്മ മരിച്ചു ചിതയൊടുങ്ങും മുൻപ് തുടങ്ങിയ ബഹളമാ . മരണത്തിന് എത്താത്തവർ വരെ ഇന്നെത്തിയിട്ടുണ്ട് . തറവാടിന്റെ വീതം പറ്റാൻ “‘

“‘ ഹേയ് .. ആ കൊച്ചൊരു പാവം ആണെന്ന് തോന്നുന്നല്ലോ . ഇളയ മോൾ . “”ജോമോൻ ന്യൂസ് അറിയാനുള്ള ആവേശത്തിൽ പരിചയം കാണിക്കാതെ ചോദിച്ചു

”’ ഇളയ മോളോ ? ആ ….നിങ്ങള് പറയുന്നത് മേനോൻ സാറിന്റെ കൂടെയുള്ള കുട്ടിയെ ആണോ ? അത് ആയമ്മേടെ അകന്ന ബന്ധത്തിലുള്ള കുട്ടിയാ , അച്ഛനും അമ്മയും മരിച്ചപ്പോൾ അവരിങ്ങോട്ട് കൊണ്ട് വന്നതാ . ആ കൊച്ചിന്റെ പേർക്കിച്ചിരി സ്ഥലം എഴുതി വെച്ചിട്ടുണ്ട് ആയമ്മ . അതും കൂടി കിട്ടണോന്നും പറഞ്ഞുമവർ വഴക്കിട്ടു . .

അതിനുവേണ്ടി മേനോൻ സാറിനേം ആ പാവം കൊച്ചിനേം ചേർത്തുവരെ കഥകൾ മെനഞ്ഞു മക്കൾ. പരിസ്ഥിതി പ്രവർത്തകരും മനുഷ്യരക്ഷകരുമൊക്കെയാ മക്കൾ . ടീവീല് വല്യ ചർച്ചേലൊക്കെ കാണാറുണ്ടവരെ .

നാട് രക്ഷിക്കാനെന്ന പേരിൽ പേരും പെരുമയുമുണ്ടാക്കാനാ ഒക്കെയും . മേനോൻ സാറിനും ആയമ്മക്കും അവസാന കാലത്ത് ഒരു സഹായത്തിന് ആ കുട്ടിയെ ഉണ്ടായിരുന്നുള്ളൂ.”’ ചായക്കടക്കാരൻ വിഷമത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു

“‘ അതയാളുടെ മകൾ അല്ലെ? മനോജേ ആലോചന വേണ്ടന്ന് വെച്ചത് നന്നായി “‘ ജോമോൻ അടുത്ത പപ്പടവും കൂടി പൊടിച്ചു

”’നീ എന്താടീ ഇങ്ങോട് വന്നേ ?”’ ചായക്കടക്കാരൻ അടുക്കളപുറകിലേക്ക് നോക്കി ചോദിച്ചപ്പോൾ മനോജ് എത്തി നോക്കി .

“‘ അവരുടെ സങ്കടം കാണാൻ എനിക്കെങ്ങും വയ്യ . “” ഒരു സ്ത്രീ ശബ്ദം

“‘ എന്നും പറഞ്ഞു നീയിങ്ങോട്ട് പോന്നോ . എടി നീയും കൂടെ പോന്നാൽ ആ കൊച്ചിന്റെ അടുത്താരാ നീ അങ്ങോട്ട് ചെല്ല് . ഞാനും കട അടച്ചങ്ങോട്ട് വരുവാ “”

“‘ ഇന്ന് വന്ന ഒരാലോചനയും ആ കുട്ടി വേണ്ടന്ന് പറഞ്ഞു . ഇതിപ്പോ എത്രാമത്തെയാ തള്ളി കളയുന്നെ . അച്ഛനെയിട്ടിട്ട് എങ്ങോട്ടുമില്ലന്ന് മോളും കണ്ണടയുന്നെന് മുന്നേ മോളെ ആരെയേലും ഏൽപ്പിക്കാൻ അച്ഛനും “”

മനോജ് കൈ കഴുകിയപ്പോൾ ആ സ്ത്രീയെ കണ്ടു . തറവാട്ടിൽ വെച്ച് കണ്ട അടുക്കളക്കാരി

“‘ എല്ലാ മരങ്ങളും വെട്ടി ചേട്ടാ . റിസോർട്ട് വരുമ്പോ ഫോറിൻ മരങ്ങളൊക്കെ ഒരു രാത്രി കൊണ്ട് പിടിപ്പിക്കൂന്ന് . തെക്ക് വശത്തു നിക്കുന്ന മാവ് വെട്ടാൻ ചെന്നപ്പോ മേനോൻ സാറ് തടഞ്ഞു . ആയമ്മ നട്ട മാവാണത്രേ . അതിന്റെ തടികൊണ്ട് ചിത ഒരുക്കണമെന്ന് . “”

“‘ ഓരോ കുഞ്ഞു ജനിക്കുമ്പോഴും മേനോൻ സാറും ആയമ്മേം മരങ്ങൾ നട്ടു . മരങ്ങൾ നിറയെ കായ്ഫലം തന്നു മക്കൾക്ക് മണ്ഡരീം . കണ്ടില്ലേ മാവൊക്കെ നിറച്ചു പൂത്തുകായ്ച്ചു നിൽക്കുന്നെ . .ആഹ്”’

” ഇന്നൊരാലോചന വന്നെന്ന് പറഞ്ഞില്ലേ നീയ്‌ . നല്ല പയ്യനാരുന്നേൽ ആലോചിക്കായിരുന്നല്ലോ ശാരദേ . ഇനിയാ തറവാട് കൂടിയേ ഉള്ളൂ . അതുകൂടി മക്കൾക്ക് കൊടുത്തിട്ട് മേനോൻ സാറിന് സ്വസ്ഥമാകാല്ലോ . ഞാൻ പറഞ്ഞതാ നമ്മുടെ വീട്ടിൽതാമസിച്ചോളാൻ . നമുക്കീ ചായക്കട തന്നെ ധാരാളം “‘

“” ഈ ജന്മത്തിൽ തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും മുജ്ജന്മത്തിൽ ചെയ്തിട്ടുണ്ടാകും , അത് തന്റെ കൊച്ചുമക്കൾക്ക് ബുദ്ധിമുട്ടാവരുതെന്നും പറഞ്ഞു രാധികമോളുടെ കാര്യം കഴിഞ്ഞാൽ , കാശിയും രാമേശ്വരവുമൊക്കെ ഒക്കെ പോകാനിരിക്കയാ മേനോൻ സാറ് ?”’

“‘എന്ത് മുജ്ജന്മം ? ഈ ജന്മത്തിൽ ചെയ്ത തെറ്റുകളൊക്കെ ഈ ജന്മത്തിൽ തന്നെ അനുഭവിക്ക… അത്ര തന്നെ . അതിന് മേനോൻ സാറെന്ത് തെറ്റുചെയ്തു .

മക്കൾക്ക് , താൻ കുട്ടിക്കാലത്തനുഭവിച്ച വിഷമങ്ങളൊക്കെ പിള്ളേർക്കുണ്ടാവരുതെന്ന് പറഞ്ഞു, നല്ല വിദ്യാഭ്യാസവും മറ്റും കൊടുത്തു , ഇഷ്ടങ്ങളൊക്കെ സാധിച്ചു കൊടുത്തു .

പക്ഷെ , ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിപ്പിച്ചില്ല . തന്റെ താഴെയുള്ളവരോട് പെരുമാറാൻ പഠിപ്പിച്ചില്ല .താനുയർന്നു വന്ന സാഹചര്യം പറഞ്ഞു കൊടുത്തില്ല . ആ …എന്ന പറയാനാ ഇനി .നീ അങ്ങോട്ട് ചെല്ല് ..എടി അവര് വല്ലോം കഴിച്ചോ .. അപ്പോം കടലക്കറിയും എടുക്കാം “‘

“‘അല്ല ചേട്ടാ ..അങ്ങേർക്ക് പെൻഷനൊന്നും കിട്ടില്ലേ ?”” ജോമോന്റെ സംശയം വീണ്ടും

“‘വരുമാനം ഒക്കെ ഉള്ളത് കൊണ്ട് മേനോൻ സാറിന്റെ പെൻഷനൊക്കെ ഒരനാഥാലയത്തിന്റെ അകൗണ്ടിലേക്ക് ഇടനെങ്ങാണ്ടാണ് ഏർപ്പാടാക്കിയെ .”‘

”’ കാര്യം പറഞ്ഞാൽ ചെറിയൊരു സിമ്പതി ഒക്കെ തോന്നുന്നുണ്ട് അല്ലെ മനോജേ , എന്നാലും നമ്മൾക്കീ ആലോചന വേണ്ട .

ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് ഇപ്പോഴാ ഒരു വീടൊക്കെ ആയത് . ഇനീം ബാധ്യത ഒന്നും എടുത്തു വെക്കേണ്ട . ആ അല്ലേലും അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലന്ന് പറഞ്ഞല്ലോ “” ജോമോൻ പറഞ്ഞിട്ട് കൈ കഴുകാനായി നടന്നു .

“‘ഏഹ് ..കാറൊക്കെ പോകുന്നുണ്ടല്ലോ എന്നാ പറ്റിയെ ? എല്ലാരും പെട്ടന്ന് പോകാൻ :””‘ തറവാട്ടിൽ നിന്നും മൂന്നാലു കാറുകൾ ചീറിപ്പാഞ്ഞു പോകുന്നത് കണ്ട ചായക്കടക്കാരൻ ഓടി പുറത്തേക്കിറങ്ങി . പുറകെ ജോമോനും മനോജുമുണ്ടായിരുന്നു .

“” മേനോൻ സാറ് ..മേനോൻ സാറ് ബോധം കെട്ട് വീണു . തെക്കുവശത്തെ മാവ് വെട്ടാൻ തുടങ്ങിയപ്പോ തടസം പറയാൻ ചെന്നതാ .

കാശ് കൊടുത്തിട്ടുണ്ടേൽ മരം വെട്ടാൻ അറിയാമെന്നും പറഞ്ഞു കച്ചോടക്കാരൻ മേനോൻ സാറിനെ തള്ളി . തള്ളിയപ്പോ വീണു ബോധം പോയതാണെന്നും അല്ല , അറ്റാക്കാണെന്നുമൊക്കെ ഒക്കെ അവിടെ പറയുന്നു .”‘ ശാരദ വിവരം പറയാനായി ഓടി അവരുടെ അടുത്തേക്ക് വന്നു .

“‘ ആ കൊച്ചെന്തിയെ ..നീ അങ്ങോട്ട് ചെല്ല് . കടയടച്ചിട്ട് ഞാനിതാ വരുന്നു . “‘

”’കൃഷ്ണാ ..മേനോൻ സാറിനൊന്നും വരുത്തല്ലേ ..ആ കൊച്ചിന്റെ ഗതിയിനി എന്താകുമോ ..””ചായക്കടക്കാരൻ കടയിലേക്ക് തിരിഞ്ഞോടി

“‘മനോജേ … അങ്ങോട്ട് പോകണ്ടടാ . ഇനിയെന്തിന് പോകുന്നതാ . ഗതിയില്ലാത്ത ആ പെണ്ണിനെ ഏൽക്കാനോ ?”” ,

ശാരദയുടെ പുറകെ തറവാട്ടിലേക്ക് നീങ്ങിയ മനോജിന്റെ കയ്യിൽ ജോമോൻ പിടിച്ചിട്ട് വിലക്കി .

“‘ രക്തബന്ധം കൊണ്ടാരും മക്കളും മാതാപിതാക്കളുമാകുന്നില്ലടാ ജോമോനെ . വിശക്കുന്നവനെ ഊട്ടുമ്പോൾ , അബലർക്ക് താങ്ങാകുമ്പോൾ അങ്ങനെയൊക്കെയുള്ള കർമഫലം കൊണ്ടാണ് ആളുകൾ മനുഷ്യരാകുന്നത് ,

മാതാപിതാക്കളാകുന്നത് , മക്കളാകുന്നത് . നിനക്കറിയില്ലേ പ്രായമായ അമ്മ ഉണ്ടെന്ന് പറഞ്ഞെത്ര ആലോചനയാണ് മുടങ്ങിയത് . അമ്മ മരിച്ചെന്ന് അറിഞ്ഞപ്പോൾ അതിൽ പല ആലോചനയും വീണ്ടും വരികയും ചെയ്തു . “”

ജോമോൻ മറുപടിയൊന്നും പറഞ്ഞില്ല

അന്ന് രാത്രി വൈകി , ചിതക്കായി വെട്ടിയിട്ട മാവിൽ നിന്ന് വീണ കണ്ണിമാങ്ങകൾ ചതച്ചരഞ്ഞുകൊണ്ട് കാറുകൾ ഓരോന്നായി ഗേറ്റ് കടന്നപ്പോൾ, ശാരദ കൊടുത്ത ഡ്രെസ് അടങ്ങിയ ബാഗുമായി,

കൃഷ്ണമേനോന്റെ ചിത കത്തിത്തീരുന്നതും നോക്കി നിൽക്കുന്ന രാധികയെ വിളിക്കുവാൻ നടന്ന മനോജിന്റെ മറുകയ്യിൽ ഒരു ഒട്ടുമാവിൻ തൈ ഉണ്ടായിരുന്നു .അടുത്ത തലമുറക്ക് ഫലമേകുവാൻ.

Leave a Reply

Your email address will not be published. Required fields are marked *