(രചന: Anandhu Raghavan)
“നമ്മുടെ വാവ മോൻ ആയിരിക്കും ല്ലേ??” മാനസിയുടെ മടിയിൽ തല ചായ്ച് കിടന്നുകൊണ്ട് കാർത്തിക് ചോദിച്ചു.
“അയ്യോടെ മുത്തേ ഒരു മോൻ വന്നേക്കണു അത് മോൾ ആണ് കേട്ടോ , ന്റെ ശിവാനി മോൾ”
“ആണോ ഞാൻ നോക്കട്ടെ” അവൻ മെല്ലെ അവളുടെ വയറിൽ മുഖം ചേർത്തു. നാണത്താൽ ചുവന്ന അവളുടെ മുഖത്തിന് അപ്പോൾ ഒരു പ്രത്യേക ഭംഗി ആയിരുന്നു…
തന്റെ മുഖത്തേക്ക് ഇറ്റു വീഴുന്ന കണ്ണീർത്തുള്ളികൾ കണ്ടപ്പോഴാണ് അവൾ കാരയുകയാണെന്ന് കാർത്തിക്കിന് മനസിലായെ .
“എല്ലാം കഴിഞ്ഞതല്ലേ മറക്കെടോ”
തന്റെ ജീവിതം മാറ്റിയെഴുതിയ ആ ദിവസം അവളുടെ ഓർമയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു…
എന്നും മ ദ്യ പി ച്ച് എത്തുന്ന അച്ഛന്റെ പീഡനം സഹിക്കവയ്യാതായപ്പോൾ ആകാം ഒരുമുഴം കയറിൽ അമ്മ ജീവൻ അവസാനിപ്പിച്ചത്… എവിടെപ്പോയാലും ഒപ്പം കൂട്ടുന്ന അമ്മ അന്ന് എന്നെ തനിച്ചാക്കി പോയി…
“എടീ.. ഒരു മൊന്തയിൽ വെള്ളം കൊണ്ടുവാ..” അച്ഛന്റെ പരുക്കൻ സ്വരം സവളുടെ കാതുകളിൽ എത്തി.
ഒരു മൊന്ത വെള്ളവുമായി ഉമ്മറത്തുവരുമ്പോൾ സുഹൃത്തുക്കളുമൊത്ത് മ ദ്യ പിക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു അച്ഛൻ.
അച്ഛന്റെ സുഹൃത്തുക്കളുടെ കണ്ണുകൾ എന്റെ മേൽ വീണതും ഞാൻ അകത്തേക്ക് ഉൾവലിഞ്ഞു… രാവേറെ ചെന്നിട്ടും അവർ പോകാതായപ്പോൾ എന്നിൽ നേരിയ ഭയം നിഴലിച്ചുതുടങ്ങിയിരുന്നു..
“മോളെ.. അച്ഛന്റെ മുറിയേതാ ഇന്ന് അല്പം കൂടിപ്പോയി”
ഒരാൾ അച്ഛനേയും തോളിൽ താങ്ങി അകത്ത് വന്നു. വിറക്കുന്ന എന്റെ കൈകൊണ്ട് തുറന്നിട്ട ഒരു മുറിയുടെ നേരെ ചൂണ്ടി. അയാൾ അച്ഛനെ അകത്തു കിടത്തി പുറത്തേക്കു വന്നു
പേടിനിറഞ്ഞ എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു
“മോൾക്ക് പേടിയുണ്ടോ?? ഞാൻ ഇല്ലേ ഇവിടെ”
അയാൾ എന്റെ തോളുകളിൽ കൈകൾ വച് അശ്ലീലച്ചുവയോടെ നോക്കി.
ആ നേരം ദൈവം തോന്നിപ്പിച്ചതാകാം , ഏതോ ഒരു ഉൾവിളി പോലെ ഞാൻ പിന്നാമ്പുറത്തെ വാതിൽ വഴി ഓടി റോഡിൽ ഇറങ്ങിയതും ഒരു കാർ ബ്രേക്ക് അമർത്തിയതും ഒരുമിച്ചായിരുന്നു.
വീണുകിടക്കുന്ന അവളെ കാറിൽ നിന്നും ഇറങ്ങിയ അയാൾ പിടിച്ചെഴുന്നേല്പിച്ചു. ” കുട്ടി എന്തായീ കാണിച്ചേ?? ഒരു നിമിഷം വൈകിയെങ്കിലോ?? അടക്കിപ്പിടിച്ചിരുന്ന അവളുടെ കരച്ചിൽ നിയന്ത്രിക്കാൻ പറ്റിയില്ല..
എന്തു ചെയ്യണമെന്നറിയാതെ അയാൾ ഒരു നിമിഷം ആലോചിച്ച ശേഷം ചോദിച്ചു
“പോരുന്നോ എന്റെ കൂടെ”
ആരാണെന്നോ എങ്ങോടാണെന്നോ അറിയില്ല. ഇപ്പോൾ ആകെയുള്ള സഹായം ഇതു മാത്രം ആണ്. മരിക്കാനായി ഓടിവന്ന എനിക്ക് ജീവിതത്തിൽ ഇനി എന്തു സംഭവിച്ചാലും ഒന്നുമില്ല…
ഓട്ട വീണ വള്ളം പോൽ ജീവിതം മുങ്ങിപ്പോകുന്നത് അവൾ അറിഞ്ഞു തുടങ്ങിയിരുന്നു.
ആ യാത്രയിൽ അവൾ എല്ലാം അയാളോട് പറഞ്ഞു.. ഒരു പെണ് കുട്ടിയെ മനസിലാക്കാൻ ഒരു നിമിഷം മതിയെന്നു അയാൾക്ക് മനസിലായി. അത് സഹൃദമാകാം പ്രണയമാകാം. ജീവിതത്തിലേക്കുള്ള പുതിയൊരു യാത്രയുടെ തുടക്കം ആയിരുന്നു അത്..
കാർത്തിക് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു ,
“ഏട്ടാ എനിക്ക് ഈ ജന്മം കിട്ടിയ ഭാഗ്യം ആണ് ഏട്ടൻ”
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞുകൊണ്ടേയിരുന്നു…
ഓപ്പറേഷൻ തീയേറ്ററിന്റെ ഫ്രണ്ടിലൂടെ ഇരുപ്പുറക്കാതെ നടന്നുകൊണ്ടിരിക്കുകയായിരുന്നു കാർത്തിക്..
“ടാ അവിടെയിരിക്ക്”
കാർത്തിക്കിന്റെ അമ്മ ശ്രീദേവി അവനെ ശകാരിച്ചു..
“ഇങ്ങനെയും ഒരു പെടപ്പുണ്ടോ??”
ഡോർ തുറന്ന് പുറത്തു വന്ന സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു..
“മാനസിക്ക് പെണ്കുട്ടി..”
റൂമിലെ ബെഡിൽ കണ്ണുകളടച്ചു കിടക്കുകയായിരുന്നു മാനസി. തന്റെ കൈയിലെ സ്പർശനം തിരിച്ചറിഞ്ഞു നോക്കിയ മാനസിയിൽ ഞെട്ടലോടൊപ്പം സ്നേഹത്തിന്റെ ഒരു കുളിർ കാറ്റെത്തി.. അവളുടെ ചുണ്ടുകൾ വിറച്ചു. “അച്ഛൻ”
പിന്നിൽ പുഞ്ചിരിച്ചുകൊണ്ട് കാർത്തിക് പറഞ്ഞു “അച്ഛൻ ഇനി കുടിക്കില്ല”
“മോൾ ഈ അച്ഛനോട് പൊറുക്കണം” അയാൾ നെഞ്ചു പിളർന്നു പോകുന്ന വേദനയോടെ കരഞ്ഞു…
മാനസി അച്ഛന്റെ കൈകളിൽ കുഞ്ഞിനെയെടുത്ത് കൊടുത്തു… കുഞ്ഞിന്റെ നിറുകയിൽ മൃദുവായി
ചുംബിക്കുന്ന അച്ഛനെ അവൾ സ്നേഹത്തോടെ നോക്കി നിന്നു… അവളുടെ മനസിന്റെ എല്ലാ വേദനകളും മായ്ക്കാൻ അതു മാത്രം മതിയായിരുന്നു..