സൗഹൃദം നഷ്ടമാകുമോ എന്ന പേടി, ഉള്ളിലെ സ്നേഹം ഉള്ളിൽ തന്നെ കുഴിച്ചുമൂടി രണ്ടു പേരും..

പ്രണയം പൂക്കുമ്പോൾ
(രചന: Sarath Lourd Mount)

കോളേജ് മുഴുവൻ വല്ലാത്തൊരു ആവേശത്തിലായിരുന്നു ആ ദിവസം. അത്രമേൽ  പ്രണയം നിറഞ്ഞ വരികളിലൂടെ ഓരോ മനസ്സുകളിലേക്കും ഇടിച്ചു കയറിയ എഴുത്തുകാരനെ നേരിട്ട് കാണാനുള്ള ആകാംഷ ഓരോ മുഖങ്ങളിലും നിറഞ്ഞു നിൽക്കുന്നു.
ചോദിക്കാൻ ഓരോ മനസ്സിലും ഒരുപാട് ചോദ്യങ്ങൾ.?

കോളേജ് ഗേറ്റ് മുതൽ  നീണ്ട് കിടക്കുന്ന തോരണങ്ങളും മറ്റും താണ്ടി അനിരുദ്ധിന്റെ വണ്ടി  ഉള്ളിലേക്ക് വന്നു. വണ്ടിയിൽ നിന്നിറങ്ങി കുട്ടികൾക്ക് നടുവിലൂടെ സ്റ്റേജിലേക്ക് നടക്കവേ  കുട്ടികൾ ആർപ്പ് വിളികളോടെ അദ്ദേഹത്തെ വരവേറ്റു.

ഇനി അനിരുദ്ധിനെ കുറിച്ച് രണ്ട് വാക്ക് പറയാം അല്ലെ???

നേരത്തെ പറഞ്ഞപോലെ പുള്ളി നല്ലൊരു എഴുത്തുകാരനാണ്. നല്ലൊരു ഏഴുത്തുകാരൻ എന്ന് പറയുമ്പോൾ തൂലികയിലാകെ പ്രണയമെന്ന അത്ഭുത മന്ത്രം ചാലിച്ച  എഴുത്തുകാരൻ.
30 നോടടുത്ത് പ്രായം.

കാണാൻ   ഏത് പെണ്ണും നോക്കി നിന്നു പോകുന്ന അത്രയും  സുന്ദരൻ… ഇപ്പോ എന്തായാലും നമ്മുടെ നായകനെക്കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടിയല്ലോ അല്ലെ ?? അപ്പോ ഇനി കഥയിലേക്ക് കടക്കാം.

സ്റ്റേജിൽ നിന്ന്  തന്നെ കാത്തിരുന്ന  ഓരോരുത്തർക്കും നേരെ ഒന്ന് പുഞ്ചിരിച്ച ശേഷം അയാൾ തനിക്കായി ഒരുക്കിയിരുന്ന സീറ്റിലേക്ക് ഇരുന്നു. ഓരോരുത്തരുടെ സ്വാഗതപ്രസംഗവും മറ്റും കഴിഞ്ഞ് അനിരുദ്ധിന്റെ ഊഴം വന്നതും കുട്ടികൾ വീണ്ടും ആവേശഭരിതരായി.

സീറ്റിൽ നിന്നെഴുനേറ്റ അയാൾ മൈക്കിനരികിലേക്ക് നടന്നു.

നിങ്ങളിൽ എത്ര പേർ പ്രണയിക്കുന്നുണ്ട്?????

അദ്ദേഹത്തിന്റെ ചോദ്യം  കേട്ട പാടെ    നിറഞ്ഞു നിന്ന  കൂട്ടത്തിൽ ഭൂരിഭാഗത്തിനും മുകളിൽ കൈകൾ മേലേക്ക്  ഉയർന്നു. പലരും ഉച്ചത്തിൽ എന്തൊക്കെയോ  വിളിച്ചു കൂകി.

കൈ താഴ്ത്തിക്കോളു.

ഞാൻ നിങ്ങളോട് ഒരു കഥ പറയാം . ആ കഥക്കൊടുവിൽ ഈ ചോദ്യം ഞാൻ വീണ്ടും നിങ്ങളോട് ചോദിക്കും.

പറയൂ… പറയൂ….. കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.

ശരി… പക്ഷെ ഞാൻ പറഞ്ഞു തുടങ്ങിയാൽ ഇവിടെ എന്റെ ശബ്ദം മാത്രമേ ഉണ്ടാകാൻ പാടുള്ളു.  മറ്റൊരാളും ശബ്ദമുണ്ടാക്കരുത്.
സമ്മതമാണോ????

അതേ സമ്മതമാണ്. കുട്ടികൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു.

അൽപ്പം നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അനിരുദ്ധ് സംസാരിച്ചു തുടങ്ങി…

ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്   കാലങ്ങളോളം പ്രണയിച്ച്  പ്രണയിച്ച് പ്രണയത്തിന്റെ അനന്ദസാഗരത്തിൽ മുങ്ങിത്തപ്പുന്ന പ്രണയിതാക്കളുടെ കഥയല്ല.

വെറും 7 ദിവസങ്ങളുടെ കഥയാണ്. 7 ദിവസങ്ങൾ…. വെറും ഒരാഴ്ച്ച… ഈ ഒരാഴ്ച കൊണ്ട് എന്ത് പ്രണയം ഉണ്ടാവാനാണ് അല്ലെ????

ചുണ്ടുകളുടെ മധുരം നുകരാതെ, ശരീരം ചൂടുപിടിപ്പിക്കുന്ന കാമത്തിന്റെ  ലാഞ്ചന പോലുമില്ലാതെ ഞാൻ പ്രണയിച്ചു.
എന്റെ ശ്രീക്കുട്ടിയെ. ചുംബനങ്ങളും ഇല്ലാതെ എന്ത് പ്രണയം എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.

നിങ്ങളൊക്കെ കേട്ടിട്ടുണ്ടാകും നമ്മൾ പ്രണയിക്കുന്ന ഒരുവളെ ഏറ്റവും കൂടുതൽ നമ്മൾ സ്നേഹിക്കുന്നത് ഒരിക്കലും സ്വന്തമാകില്ല  എന്ന് അറിയുമ്പോൾ ആണെന്ന്. നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ??? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം.

ഒരുപാട് പേർ എന്റെ പിന്നാലെ നടന്നിട്ടുണ്ട്.
എന്നെ പ്രണയിക്കുന്നു എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അവരോടെല്ലാം  നോ എന്നൊരു മറുപടി ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി അവളാണ്  എന്റെ ശ്രീ……..

അല്ല ഈ പേര് മാത്രം പറഞ്ഞാൽ നിങ്ങൾക്ക് എന്ത് മനസ്സിലാകാനാണ് അല്ലെ??

ശ്രീ അവളെന്റെ കളിക്കൂട്ടുകാരി ആയിരുന്നു.  അച്ഛനും അമ്മയും കൂട്ടിനില്ലാതെ അനാഥാലയത്തിന്റെ    ഇരുണ്ട ഓർമകളിൽ
ഒരുമിച്ച് കളിച്ചു വളർന്നവർ. സൗഹൃദത്തിന്റെ  അകമ്പടിയിൽ കൈവിരലുകൾ കോർത്ത് നടന്നവർ. കൗമാരത്തിൽ എപ്പോളോ ആ  സൗഹൃദം പ്രണയമായി. എന്നിട്ടും തുറന്ന് പറഞ്ഞില്ല  .

സൗഹൃദം നഷ്ടമാകുമോ എന്ന പേടി ,   ഉള്ളിലെ സ്നേഹം ഉള്ളിൽ തന്നെ കുഴിച്ചുമൂടി രണ്ടു പേരും  കാലങ്ങളോളം .എന്നാൽ ആ ഇഷ്ടം അതികകാലം  ഒളിച്ചുവയ്ക്കാൻ ദൈവം ഇഷ്ടപ്പെട്ടുകാണില്ല  അതുകൊണ്ടാകും അന്ന് അതൊക്കെ സംഭവിച്ചത്.

അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. കോളേജ് ഉച്ചക്ക് വിട്ടത് കൊണ്ട് ഒരുമിച്ച് വീട്ടിലേക്ക് നടന്ന  ആ ദിവസം.

യാത്ര മുഴുവിക്കാതെ  പാതിവഴിയിൽ അവളെന്റെ കൈകളിലേക്ക് തളർന്ന് വീണു. പുസ്തകങ്ങൾ  നിലത്ത് വീണ് ചിതറി.

ആദ്യമായി പ്രണയത്തോടെ  അവളെ നെഞ്ചിൽ ചേർത്ത് ഞാൻ ഓടി.  അവളിൽ നിന്ന് എന്റെ ശരീരത്തിലേക്ക്  പടർന്ന രക്തക്കറ എന്റെ ഹൃദയത്തെ കൊത്തിവലിക്കുന്നുണ്ടായിരുന്നു ആ നിമിഷം.

ആശുപത്രി മുറിയിൽ  ബോധമില്ലാതെ കിടക്കുന്ന അവളെ നിറകണ്ണുകളോടെ നോക്കി നിൽക്കുമ്പോൾ ആണ് ഡോക്ടർ എന്നോട് അത് പറഞ്ഞത്.  ശരീരത്തെ ഏറെക്കുറെ കാർന്നു തിന്ന   രോഗം എന്റെ ശ്രീകുട്ടിക്ക് ഇനി ബാക്കി വച്ചിരിക്കുന്നത് വെറും 7 ദിവസങ്ങൾ മാത്രമാണെന്ന്. വെറും 7ദിവസങ്ങൾ ….

ആശുപത്രി മുറി വിട്ട് പോകുമ്പോളും ഞാൻ അവളോട് ഒന്നും പറഞ്ഞില്ല. പറയാൻ എനിക്ക് കഴിയുമായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഞാൻ പറയാതെ തന്നെ നിറഞ്ഞ എന്റെ കണ്ണുകൾ  അവർക്കെല്ലാം കാട്ടിക്കൊടുത്തു.

അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

എന്നാൽ അവൾ പുഞ്ചിരിച്ചപ്പോൾ അവൾക്ക് മുന്നിൽ  എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അയ്യേ എന്താടാ ഇത്??? നീ എന്താ കൊച്ചു കുട്ടി ആണോ???  അങ്ങോട്ട് ചിരിക്കെടാ ചെക്കാ . ഒന്നൂല്ലേലും കൂടെയുള്ള  ഏഴു ദിവസങ്ങൾ   നിന്റെ കണ്ണീര് കാണിക്കാൻ ആണോ ഉദ്ദേശം??? അതും പറഞ്ഞ് അവൾ ഉറക്കെ ചിരിക്കുമ്പോൾ   ശരിക്കും അവൾ എനിക്കൊരു അത്ഭുതം ആവുകയായിരുന്നു.

7 ദിവസങ്ങൾ…. വെറും 7 ദിവസം മാത്രമേ അവൾ എനിക്കൊപ്പം ഉള്ളു. എന്റെ ഇഷ്ടം അത് അവളോട് പറയണോ???

വേണ്ട… ഈ 7 ദിവസങ്ങൾ അവളുടെ കണ്ണുകൾ ഞാൻ കാരണം ഇനി നിറയില്ല . അങ്ങനെ വീണ്ടും എന്റെ ഇഷ്ടം ഞാൻ എന്റെ ഉള്ളിൽ കുഴിച്ചുമൂടി.
പിന്നീടുള്ള എഴുദിവസങ്ങൾ അവൾക്ക് ഇഷ്ടമുള്ളിടത്തെല്ലാം ഞാൻ അവളെ കൊണ്ടുപോയി.

ആളും ആരവവും ഇല്ലാത്ത കടൽത്തീരങ്ങളിൽ അവൾക്കൊപ്പം കൈകോർത്ത് ഞാൻ  നടന്നു.   കടൽക്കാറ്റിന്റെ  നനുത്ത സ്പർശം ഏറ്റുവാങ്ങി എന്റെ മടിയിൽ തലചായ്ച്ചവൾ ഉറങ്ങി. സത്യം പറഞ്ഞാൽ ഒരു ചുംബനം അത് ഞാൻ കൊതിച്ചിരുന്നു എന്നതാണ് സത്യം.

എന്നാൽ അവളോടത് ചോദിക്കാൻ എനിക്ക് ആകില്ലായിരുന്നു. കാരണം നിങ്ങൾക്ക് ഇപ്പോൾ  അറിയാമല്ലോ അല്ലെ??

പുഞ്ചിരിയോടെ സദസിനെ നോക്കിയ അനിരുദ്ധ് കണ്ടത് നിറകണ്ണുകളോടെ തന്നെ നോക്കിയിരിക്കുന്ന വിദ്യാർത്ഥികളെയാണ്.

അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

അങ്ങനെ  7 ദിവസങ്ങൾ എന്റെ ജീവിതത്തിലെ 7 യുഗങ്ങൾ പോലെ കടന്നുപോയി. ഒരിക്കലും വരരുതെന്ന് ആഗ്രഹിച്ച ആ ദിവസവും വന്ന് ചേർന്നു.

ടാ എനിക്ക് കടൽത്തീരത്ത് പോണം. നമ്മൾ സ്ഥിരം ഇരിക്കുന്ന ആ ബെഞ്ചിൽ നിന്റെ മടിയിൽ തലചായ്ച്ചു വേണം എനിക്ക് മരിക്കാൻ.. സങ്കടങ്ങളേതുമില്ലാതെ  പുഞ്ചിരിയോടെ അവളത്  പറയുമ്പോളും ആ നെഞ്ച് പിടയുന്നതെനിക്ക് കേൾക്കാമായിരുന്നു.

അവളെയും കൂട്ടി ഞാൻ പോയി.
അവസാന യാത്രക്ക് മുൻപ് അവൾ കൊതിച്ച മറ്റൊരു യാത്ര.

ആ ബെഞ്ചിൽ അവളുടെ മുടിയിഴകൾ തഴുകി അവളെ എന്റെ മടിയിൽ കിടത്തുമ്പോൾ അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി.
എന്നാൽ അവൾ കാണാതെ ഞാനത് തുടച്ചു.
ഞാൻ  കരയുന്നത് എന്റെ ശ്രീ കാണാൻ പാടില്ല.  ഞാൻ സ്വയം പറഞ്ഞു.

അനിരുദ്ധ്…. ടാ…. എനിക്ക് .. എനിക്ക് എന്തോ പോലെ തോന്നുന്നു ടാ..  നെഞ്ചോക്കെ വല്ലാതെ വേദനിക്കുന്നു. എന്റെ ഹൃദയം വല്ലാതെ നോവുന്നു…
ടാ….    ഞാൻ .. ഞാനൊന്ന് ചോദിച്ചാൽ നീ സത്യം പറയുവോ…..

നീ….. നീ എന്നെ പ്രണയിച്ചിരുന്നോ?????  എന്നെ .. നിനക്ക് ഇഷ്ടമായിരുന്നോ???……..  ഞാൻ… എനിക്ക് … എനിക്ക് നിന്നെ………. വാക്കുകൾ മുഴുവിക്കാതെ അവളുടെ ശബ്ദം നിലച്ചു.   കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീരിനൊപ്പം  അവളുടെ രക്തവും ചേർന്നെന്റെ ശരീരം  നനച്ചു…..

ശ്രീ………  നിന്നെ …. നിന്നെ എനിക്ക് ഇഷ്ടമാണ് ശ്രീ…. നീ എന്റെ ജീവനായിരുന്നു ശ്രീ… .. ശ്രീ ടാ എഴുന്നേൽക്കെടാ. ശ്രീക്കുട്ടി എന്നെ വിട്ട് പോകല്ലേടാ……  ടാ എഴുന്നേൽക്കെടാ .. ഒന്നെന്നെ നോക്കേടാ….

ഒരു ഭ്രാന്തനെപ്പോലെ അവളെ നെഞ്ചിൽ ചേർത്ത് ഞാൻ  അലറിക്കരഞ്ഞു. വാക്കുകൾ മുഴുവിക്കാൻ കഴിയാതെ അനിരുദ്ധ്  ആ സ്റ്റേജിൽ നിന്ന് വിങ്ങി  കണ്ണുകൾ നിറഞ്ഞൊഴുകി…….

കേട്ടിരുന്ന വിദ്യാർഥികളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

കുറച്ചു സമയങ്ങൾക്ക്  ശേഷം  ഹൃദയം പൊട്ടി ഒഴുകിയ  കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി  അവൻ വീണ്ടും സംസാരിച്ചു തുടങ്ങി.

അവൾ എന്റ ശ്രീക്കുട്ടി അവളെന്നെ വിട്ട് പോയിട്ട്  7വർഷങ്ങൾ ആയിരിക്കുന്നു. പലരും എന്നോട് ചോദിച്ചു  എന്ത് കൊണ്ടാണ് വിവാഹം ചെയ്യാത്തത് എന്ന്. ഇത് വരെ ആരോടും പറയാത്ത ഉത്തരം .
അത് നിങ്ങളോട് ഞാൻ പറയാം .

ഞാൻ ഒരുവളെയെ പ്രണയിച്ചിട്ടുള്ളൂ. എന്റെ ശ്രീക്കുട്ടി അവൾ പോയി .. അവൾ പോയി എങ്കിലും എന്റെ പ്രണയം അവസാനിക്കുന്നില്ലല്ലോ?? ഒരുവളെ പ്രണയിക്കുമ്പോൾ മറ്റൊരുവളെ ഞാൻ എങ്ങനെയാണ് വിവാഹം ചെയ്യുക???? ഇനി നിങ്ങളോട് ഞാൻ വീണ്ടും ചോദിക്കട്ടെ …
നിങ്ങളിൽ എത്രപേർ പ്രണയിക്കുന്നുണ്ട്?????

ഇത്തവണ  ശബ്ദങ്ങൾ അതികം ഉയർന്നില്ല. ആദ്യം പൊങ്ങിയ കൈകളിൽ പാതി പോലും ഉയർന്നില്ല.
അത് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.

കുട്ടികളെ… പ്രണയം… അത് ഒരിക്കലെ ഉണ്ടാകു.
ഒരാൾ പോയാൽ ഉടനെ അടുത്തൊരാളെ കണ്ടെത്തുക എന്നതിൽ പ്രണയമില്ല.
എന്റ ഈ   വാക്കുകൾ നിങ്ങൾ എത്രപേർ സ്വീകരിക്കും എന്നെനിക്കറിയില്ല.

നിങ്ങളിൽ ഒരാളെങ്കിലും  ഇത് സ്വീകരിച്ചാൽ  .  പ്രണയം എന്ന വാക്കിന്റെ വിശുദ്ധി അറിഞ്ഞ്  നിങ്ങൾ പ്രണയിച്ചാൽ എന്റെ ശ്രീക്കുട്ടിക്ക് ഞാൻ കൊടുക്കുന്ന ഏറ്റവും വലിയ പ്രണയോപഹാരം അതായിരിക്കും…

അത്രയും പറഞ്ഞ് മൈക്ക് താഴെ വച്ച്  തിരികെ നടക്കുമ്പോൾ ആരവങ്ങൾ ഉയർന്നില്ല. പകരം പ്രണയത്തിന്റെ  കണ്ണുനീർക്കണങ്ങൾ  പൊഴിഞ്ഞുതുടങ്ങിയിരുന്നു പലരിലും…….

Leave a Reply

Your email address will not be published. Required fields are marked *